Thursday, 13 September 2012

പ്രതിമയുടെ മകന്‍

പ്രതിമയുടെ മകന്‍
കഥ                                                    
 ടി.വി.എം. അലി
   
അവള്‍ പറഞ്ഞു : “എന്നെക്കൊണ്ട് വയ്യാ...... ഞാന്‍ വരുന്നില്ലാ...... നിങ്ങള്‍ തനിച്ച് പോയാ മതി......’’
    അവന്‍ പറഞ്ഞു : “എന്താ നിനക്ക് പറ്റിയത് ? ഇങ്ങിനെ വാശി പിടിച്ചാലോ ? അച്ഛന് വയ്യാത്തതുകൊണ്ടല്ലേ ഞാനീ പണി ഏറ്റെടുത്തത്. നീ കൂടെ വന്നാല്‍ വല്ലതും സംസാരിച്ച് സമയം നീക്കാമല്ലോ’’
    അവള്‍ മുഷിഞ്ഞു : “ ഓ...... അവിടെ ചെന്നാല്‍ എന്റെ കാര്യം നിങ്ങളങ്ങ് മറന്നുപോകും. ആ നശിച്ച പ്രതിമയോട് സംസാരിക്കാനേ നിങ്ങള്‍ക്ക് താല്പര്യമുള്ളു’’
    അവന്‍ കേണു : “ശരിയാണ് ...... നിനക്കത് വെറുമൊരു പ്രതിമ മാത്രമാണ് ...... എനിക്കറിയാം ...... എന്നാല്‍ എന്റെ കാര്യം അങ്ങിനെയല്ലാ ...... നീ വാ ...... പ്ളീസ് ......’’
    അകത്ത് മരക്കട്ടിലില്‍ കിടന്നിരുന്ന അച്ഛന്‍ തര്‍ക്കത്തില്‍ ഇടപെട്ടു. മോളേ ...... നിന്നോട് സ്നേഹമുള്ളതുകൊണ്ടല്ലേ അവന്‍ വിളിക്കുന്നത്. അവന്റെ അമ്മ എന്നും എന്റെ കൂടെ വരുമായിരുന്നു. ങ്ഹാ...... എന്തു ചെയ്യാം ...... അവള്‍ നേരത്തെ പോയി ...... അതോടെ എന്റെ കാര്യവും അധോഗതിയായി......’’
    ഒടുവില്‍ അവള്‍ കനിഞ്ഞു. “അച്ഛാ...... ഞാന്‍ ചെല്ലാം...... പക്ഷേ അവിടെ ചെന്നാല്‍ എന്നെ ഓര്‍ക്കാന്‍ മോനോട് പറഞ്ഞേക്കണം......’’
    അച്ഛന്‍ ചിരിച്ചു : “മോളേ...... നിന്നെ ഓര്‍ക്കാതിരിക്കാന്‍ അവന് കഴിയ്വോ ? നിന്റെ സാന്നിധ്യം അവന്‍ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്...... അവന്‍ എന്റെ മോന്‍ തന്നെയാണ്......’’
    അവന്റെ മനസ്സില്‍ അല്പം ഈര്‍ഷ്യ കിനിഞ്ഞു. തറപ്പിച്ചൊരു നോട്ടത്തില്‍ അവള്‍ ചൂളി. ഒന്നും മിണ്ടാതെ അവള്‍ അവന്റെ കൂടെ നടന്നു. ചുണ്ടില്‍ ഒരു കള്ളച്ചിരി വിരിഞ്ഞെങ്കിലും, അവന്‍ കാണാതിരിക്കാന്‍, അവള്‍ തല താഴ്ത്തി.
    “ഒന്ന് വേഗം നടന്നൂടെ നിനക്ക്......’’ കുറ്റപ്പെടുത്തും മട്ടില്‍ അവന്‍ ചോദിച്ചു. അതു കേട്ടപ്പോള്‍ നിരുത്സാഹത്തിന് കനം കൂടി വന്നു.
    “എന്നെ കൊണ്ട് വയ്യെന്ന് ഞാന്‍ പറഞ്ഞതല്ലേ ? ’’
    പിന്നെന്തിന് കെട്ടിയെടുത്തു ? അവന്റെ മുഖം വല്ലാതെ ചുവന്നു.
    “നിങ്ങള്‍ടെ കിറുക്ക് കാണാന്‍ തന്നെ ......’’
    അവള്‍ തിരിച്ചടിച്ചു.
    “അതെ...... എനിക്ക് കിറുക്കാണ്...... ഞാന്‍ ഇനിയും കിറുക്കനായിത്തന്നെ ജീവിക്കും.....’’
    അവനത് പല തവണ ഉരുവിട്ടു. അവള്‍ക്കത് അസഹ്യമായി തോന്നി.
    “നിങ്ങള്‍ടെ കിറുക്കു കാരണം ഞാന്‍ കഷ്ടത്തിലായി...... ഞാനെങ്ങിനെ സഹിക്കും ?..’’
അവള്‍ നിരാശയോടെ പുലമ്പി. അയാള്‍ക്ക് ദേഷ്യം വരുമെന്നാണ് അവള്‍ വിചാരിച്ചത്. എന്നാല്‍ ദയനീയമായ ഒരു നോട്ടത്തോടെ അവന്‍ അവളുടെ കൈ കവര്‍ന്നെടുക്കുകയാണ് ചെയ്തത്.
അവള്‍ വല്ലാതെ അലിഞ്ഞു. അവന്റെ ഉള്ളംകൈയില്‍ അവള്‍ കൂര്‍ത്ത നഖം താഴ്ത്തി. അവനത് നന്നെ രസിച്ച മട്ടില്‍ ചിരിച്ചു. ചിരി തീരും മുമ്പ് അവളെ കവര്‍ന്ന് ഓടാന്‍ തുടങ്ങി. അവനോടൊപ്പമെത്താന്‍ അവള്‍ക്ക് സാഹസപ്പെടേണ്ടി വന്നു. കൈപ്പിടിയില്‍നിന്ന് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വല്ലാതെ കിതയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തപ്പോള്‍ അവന്‍ പിടിവിട്ടു. അവള്‍ മണല്‍മെത്തയില്‍ കാലിടറി വീഴുകയും ചെയ്തു.
ദൂരെ തെയ്യം തുള്ളുന്ന കടല്‍. കടല്‍ക്കരയില്‍ നിത്യഹരിതപൂങ്കാവനം. കടല്‍ത്തീരത്തുള്ള ഈ പൂന്തോപ്പ് അവനെന്നും ലഹരിയായിരുന്നു. എത്ര കണ്ടാലും മതിവരാത്ത വിസ്മയഭാവം അവനിലുണ്ടായിരുന്നു.
അവള്‍ക്കാണെങ്കില്‍ എത്രയോ തവണ കണ്ടുമടുത്ത വിരസതയാണ് കണ്ണുകളില്‍. എന്നും ഒരേ കാഴ്ച... മടുപ്പുളവാക്കുന്ന  ചിത്രങ്ങള്‍...

അലമുറയിടുന്ന കടല്‍...... കമിഴ്ന്നു കിടക്കുന്ന ആകാശം...... തോണിക്കാരുടെ ആരവം...... കടലിലേക്ക് ഞാന്നു കിടക്കുന്ന പഞ്ഞിത്തുണ്ടുകള്‍ പോലെ വെണ്‍മേഘങ്ങള്‍...... തിരകളുടെ തുഞ്ചത്തേറി കളിക്കുന്ന കുട്ടികള്‍...... കടല കൊറിച്ചു തിന്നുന്ന ദമ്പതികള്‍...... ചീട്ടു കളിക്കുന്ന പുരുഷാരങ്ങള്‍...... കടലോരത്ത്, ഭീമാകാരമായ ബോര്‍ഡില്‍ നിറം മങ്ങിയ അക്ഷരങ്ങള്‍ക്കു കീഴെ നിത്യഹരിതപൂങ്കാവനം. എല്ലാം പതിവുപോലെ തന്നെ......

    ഹരിതവന മദ്ധ്യത്തില്‍, പ്രകൃതിയുടെ ഋതുഭേദങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്, ഒരപ്പൂപ്പന്‍പ്രതിമ തല ഉയര്‍ത്തി നിലകൊള്ളുന്നു. അലറി മരങ്ങളില്‍ നിന്ന് കൊഴിഞ്ഞു വീഴുന്ന പൂക്കള്‍ പ്രതിമയില്‍ ചെമ്പട്ടുപോലെ കിടക്കുന്നു.
    ആദ്യം ഇവിടെ വന്നപ്പോള്‍ അവള്‍ ഈ പ്രതിമയെ നോക്കി നിശ്ചലയായി നിന്നിട്ടുണ്ട്. നിറം മങ്ങിയതെങ്കിലും ചൈതന്യം സ്ഫുരിക്കുന്ന രൂപമായിരുന്നു. മൊട്ടത്തലയില്‍ സൂര്യതേജസ്സ് പതിച്ചിരുന്നു. നീണ്ട നാസിക ...... വട്ടക്കണ്ണട...... കുഴിഞ്ഞ കവിള്‍...... മുട്ടോളം പോന്ന ഒറ്റമുണ്ട്...... പോര്‍ത്താന്‍ മേല്‍മുണ്ട്...... വലതുപാദം ഉയര്‍ന്നാണ്  നില്‍പ്...... വലതുകയ്യില്‍ ഊന്നുവടി......അതിവേഗം നടന്നു നീങ്ങുന്ന ഒരപ്പൂപ്പനെ പിടിച്ചു നിര്‍ത്തിയതു പോലെയാണ് പ്രതിമയുടെ നില്പ് !

    അന്ന് ആശ്ചര്യകരമായ കാഴ്ചയായിരുന്നു അവള്‍ക്ക്. പലതവണ കണ്ടപ്പോള്‍ മടുപ്പായി-കാക്കകള്‍ക്ക് കാഷ്ഠിക്കാനുള്ള ഒരു കക്കൂസാണ് അപ്പൂപ്പന്‍പ്രതിമയെന്ന് അവള്‍ക്കിപ്പോള്‍ തോന്നുന്നു. അതോര്‍ക്കുമ്പോള്‍ തന്നെ അവള്‍ക്ക് ഓക്കാനം വരുന്നുണ്ട്.
    വൃദ്ധിക്ഷയബാധയേറ്റ പ്രതിമക്കു കീഴെ അവള്‍ ഓരോന്ന് ഓര്‍ത്തങ്ങിനെയിരിക്കെ അവന്‍ പറഞ്ഞു.
    “നീ ഇങ്ങനെ ഇരുന്നാലെന്തു ചെയ്യും ? എന്റെ കൂടെ വന്ന് സഹായിക്കാന്‍ പാടില്ലേ ?’’
    അവന്‍ സസ്യങ്ങള്‍ക്ക് വെള്ളം പകരുയായിരുന്നു. അവന്റെ മുണ്ടും ഷര്‍ട്ടും നനഞ്ഞു കഴിഞ്ഞിരുന്നു. നനഞ്ഞ ഷര്‍ട്ടില്‍ മണ്ണു പുരണ്ടിരുന്നു.
    അവള്‍ക്കൊട്ടും താല്പര്യം തോന്നിയില്ല.
    “ഞാന്‍ നിങ്ങളെ പോലെയല്ലാ...... എനിക്ക് കിറുക്കില്ല......’’ അതുകേട്ടപ്പോള്‍ അവന് ദേഷ്യം ഇരട്ടിച്ചു.
    “തോട്ടം നനക്കുന്നത് കിറുക്കാണോ? ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നത് കിറുക്കാണോ ?’’
    അവള്‍ പറഞ്ഞു : “അതെ ......തീര്‍ച്ചയായും കിറുക്കു തന്നെ. ഈ പൂന്തോട്ടമുണ്ടായതുകൊണ്ട് നമുക്കെന്താണ് ഗുണം ? ഇത് നശിച്ചു കഴിഞ്ഞു. ഒരു മനുഷ്യനും ഇങ്ങോട്ട് വരുന്നില്ല...... ആര്‍ക്കും ഇതിനെ വേണ്ടാതായി. ഇത് ഉടനെ അടച്ചുപൂട്ടുമെന്നാണ് എല്ലാവരും പറയുന്നത്...... നോക്കിക്കൊ...... ഇത്  ഒരു കുപ്പത്തൊട്ടിയായ്  മാറും...... അന്ന് നിങ്ങളുടെ കിറുക്ക് എനിക്കൊന്ന് കാണണം.....
    അവന്‍ ശരിക്കും ഞെട്ടിപ്പോയി.
    അത്ഭുതത്തോടെ അവന്‍ അവളുടെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.
    “അല്ലാ...... നീ കരയുന്നതെന്തിന് ? നിന്നോടാരു പറഞ്ഞു ഇതെല്ലാം......’’ അവന്‍ അവളെ ചേര്‍ത്തുപിടിച്ചു.
    “എനിക്കറിയാം...... എല്ലാം എനിക്കറിയാം. നമ്മളൊക്കെ വിഡ്ഢികളാണ്...... കിറുക്കള്ളവരാണ്. അച്ഛന്‍ റിട്ടയറായി മാസമെത്ര കഴിഞ്ഞു... പുതിയ തോട്ടക്കാരനെ നിയമിക്കാത്തതെന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? ഇല്ലാ...... ഇനി ഇവിടെ തോട്ടക്കാരന്റെ ആവശ്യമില്ലാ.. അവരിത് നശിപ്പിക്കും...... എന്നിട്ട് ഇവിടെ പ്ളാസ്റിക്ക് പൂക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി പണിയും. അതോടെ ഈ കടല്‍ തീരം കുപ്പത്തൊട്ടിയാവും...... നോക്കിക്കോ......’’
    പക്ഷികള്‍ക്കു നേരെ മണല്‍ വാരിയെറിഞ്ഞു. കത്രിക ചുണ്ടുകള്‍ വിടര്‍ത്തി കടല്‍പ്പക്ഷികള്‍ അവനെ വളഞ്ഞു. അവന്‍ ഭയന്ന് നിലവിളിച്ചു.
     ദൂരെയായിരുന്നുവെങ്കിലും അവന്റെ ആര്‍ത്തനാദം അവള്‍ കേട്ടു. ദിക്കെങ്ങും കുലുങ്ങുമാറ് അവള്‍ അലറിക്കൊണ്ട് ഓടി വന്നു. അപ്പോള്‍ കണ്ട കാഴ്ച അവളെ നിശ്ചേതനയാക്കി. അവള്‍ ബോധമറ്റ് വീണു.
    അവന് അനങ്ങാന്‍ കഴിഞ്ഞില്ല. കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചിറക് വിരിച്ച് കെട്ടിയ ഭിത്തിക്കുള്ളിലായിരുന്നു അവന്‍. പക്ഷികളുടെ കലമ്പല്‍ കടലിരമ്പം പോലെ അവന്റെ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു.
    അവന്‍ ദയനീയമായി കൈകള്‍ വീശി. അപ്പോഴെല്ലാം അവന്റെ ഓരോ വിരലുകളും മുറിഞ്ഞു വീണുകൊണ്ടിരുന്നു. എന്നിട്ടും അവന്‍ കൈപ്പടം കൊണ്ട് പൊരുതി.

    പൊടുന്നനെ സൂര്യന്റെ കണ്ണുതുറക്കപ്പെട്ടു. ഒരു തീക്കാറ്റ് പൂങ്കാവനത്തില്‍ വന്നലച്ചു. കണ്ണുകളില്‍ മണല്‍ വന്നടിച്ചു.
    പിന്നെ ഒറ്റപ്പെട്ട ചിറകടി മാത്രം കേട്ടു. അത് കഴുകനായിരിക്കുമെന്ന് അവന്‍ നിനച്ചു. അവന്‍ പതുക്കെ കണ്ണ് തുറന്നു നോക്കി.
    പ്രതിമയുടെ ശിരസ്സില്‍ ഒറ്റക്കണ്ണനായ കഴുകന്‍ നൃത്തം ചെയ്യുകയാണ്. കൂര്‍ത്ത കൊക്കുകൊണ്ട് അപ്പൂപ്പന്റെ ശിരസ്സില്‍ ഉരസുകയാണ്. ഉരസി, ഉരസി ലഹരി കയറിയ കൊക്കുകള്‍ ശിരസ്സില്‍ താഴ്ത്തുകയാണ്.
    ശിരസ്സില്‍ നിന്ന് ചോരകിനിഞ്ഞിറങ്ങുന്നുണ്ട്. തലപൊളിഞ്ഞ്, ഉടല്‍ പിളര്‍ന്ന്, മേല്‍മുണ്ടും ഒറ്റമുണ്ടും കുതിര്‍ത്ത് ചോര ചാടിയിറങ്ങുകയാണ്. ചോരയില്‍ പൂക്കളുടെ ഗന്ധം...... സ്വപ്നങ്ങളുടെ ഗന്ധം...... കടലിന്റെ മക്കളുടെ വിയര്‍പ്പുഗന്ധം......
    അടര്‍ന്നു വീഴുന്ന അപ്പൂപ്പനെ ഓടിച്ചെന്നവന്‍ താങ്ങിയെടുത്തു. പ്രതിമയുടെ ചുണ്ടുകള്‍ പതുക്കെ വിടര്‍ന്നു.
    “എന്നെ നശിപ്പിക്കാന്‍ ഒരു കഴുകന് കഴിഞ്ഞാലും എന്റെ സ്വപ്നങ്ങള്‍ ഇവിടെ ഉണ്ടാകും ...... അത് ഉഴുതുമറിക്കാന്‍ ഒരു കഴുകനും കഴിയില്ല......’’

അവന്‍ ആ പ്രതിമയെ മാറോട് ചേര്‍ത്തു. “അങ്ങ് അനശ്വരനാണ്...... അങ്ങയെ ഞാന്‍ പുനര്‍ജ്ജനിപ്പിക്കും...... ഇത് സത്യമാണപ്പൂപ്പാ...... സത്യമാണ്.’’
    അടര്‍ന്നു വീഴുന്ന പ്രതിമയുടെ അധരങ്ങള്‍ അവന്‍ ചേര്‍ത്തു വെച്ചു. അപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു.
    “മകനെ നിനക്ക് തെറ്റു പറ്റരുത്...... നിന്റെ മുന്‍ഗാമികള്‍ ചെയ്ത തെറ്റ് നീ ആവര്‍ത്തിക്കരുത്. ഞാന്‍ പറയുന്നത് നീ കേള്‍ക്കണം...... സ്വപ്നങ്ങളെ പ്രതിമകളാക്കി മാറ്റിയതാണ് അവര്‍ ചെയ്ത തെറ്റ്...... എനിക്കും തെറ്റു പറ്റിയിട്ടുണ്ട്. ഞാനൊരു പ്രതിമയായ് നിന്നു കൊടുത്തതാണ് എന്റെ തെറ്റ്.. സ്വപ്നം സ്വപ്നമായിരിക്കണം. ജീവനും ആത്മാവും വികാരങ്ങളും വിവേകങ്ങളും ഉള്ള ഒരു സ്വപ്നത്തേയും പ്രതിമയാക്കാന്‍ പാടില്ലാ...... എല്ലാ പ്രതിമകളേയും വീണ്ടും സ്വപ്നമാക്കി മാറ്റണം...... ആര്‍ക്കും നശിപ്പിക്കാനാവാത്ത ഒരു സ്വപ്നം നീ കണ്ടെത്തണം. അത് സാക്ഷാത്കരിക്കണം...... അത് പടര്‍ന്നു പന്തലിച്ച് സര്‍വ്വലോകവും കീഴടക്കണം......പ്രപഞ്ചത്തെ മുഴുവന്‍ പൂങ്കാവനമാക്കുന്ന ആ സ്വപ്നത്തിലേക്ക്...... മകനെ നീ യാത്രയാവുക...... മഹായത്നം വിജയിക്കുക തന്നെ ചെയ്യും......’’
    എല്ലാം കേട്ട് അയാള്‍ കിതച്ചു. പിന്നെ ഒറ്റക്കുതിപ്പിന് എണീറ്റു. ബോധമറ്റു കിടന്നിരുന്ന അവളെ എഴുന്നേല്പിച്ചു. അവര്‍ കിതപ്പോടെ നടന്നു. ആകാശച്ചെരുവിലെ കടലും കിതച്ചു കൊണ്ടിരുന്നു. !

ടി.വി.എം.അലി
‘കഥാലയം’
ഞാങ്ങാട്ടിരി (പി.ഒ)
പിന്‍കോഡ് - 679306
ഫോണ്‍ - 9447531641

No comments: