Wednesday, 17 October 2012

പട്ടാമ്പി  വാര്‍ത്ത 

Wednesday, 3 October 2012

madhyamam news - 3 - 10 -12

3 10 12  ന്‍റെ  മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച  വാര്‍ത്ത 

Friday, 21 September 2012

ടി വി എം അലി - ജീവിതരേഖ

1959-ല്‍ പട്ടാമ്പിയ്ക്കടുത്തുളള ഞാങ്ങാട്ടിരിയില്‍ ജനനം.ഞാങ്ങാട്ടിരി യു പി സ്കുള്‍, വട്ടേനാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കോയമ്പത്തൂര്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം.1982 മുതല്‍ തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ മേലെ പട്ടാന്വി തപാല്‍ ഓഫീസില്‍ ഗ്രാമീണ്‍ ഡാക്സേവക് വിഭാഗത്തില്‍ മെയില്‍പാക്കര്‍ ആണ്.സ്കൂള്‍പഠനകാലം മുതലേ സാഹിത്യം കൂടെയുണ്ട്.1985-ല്‍ പി ആന്‍ഠ് ടി റിക്രിയേഷന്‍ ക്ളബ്ബിന്റെ സംസ്ഥാനകഥാ മത്സരത്തില്‍ അവാര്‍ഡ് നേടി.
    1987 മുതല്‍ പത്രപ്രവര്‍ത്തനരംഗത്ത് സജീവമാണ്.തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച എക്സ്പ്രസ്സ് ദിനപത്രത്തിലാണ് അരങ്ങേറ്റം. കേരളകൌമുദി,മാധ്യമം പത്രങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു.മാധ്യമം ലേഖകനായിരിക്കെ, മികച്ച പ്രാദേശികപത്രപ്രവര്‍ത്തകനുള്ള ഇ എ വഹാബ് മെമ്മോറിയല്‍ അവാര്‍ഡ് രണ്ടു തവണ നേടി(1997,2002).1999 മുതല്‍ ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. പട്ടാമ്പി കേബിള്‍ വിഷന്റെ ന്യൂസ് എഡിറ്ററായി തുടരുന്നു.2009 -ല പട്ടാമ്പി റോട്ടറി ക്ളബ്ബിന്റെ എക്സലന്‍സ് അവാര്‍ഡ് നേടി. പാലക്കാട് നെഹ്രു യുവകേന്ദ്രയുടെ ‘യൂത്ത് ലൈന്‍ ’,  ‘ലൈഫ്’(തൃശ്ശൂര്‍), ‘ദര്‍ശനഭൂമി’(ഗുരുവായൂര്‍) മാസികകളില്‍ സഹപത്രാധിപരായി ജോലി ചെയ്തു.

    ആനുകാലികങ്ങളില്‍ നിരവധി കഥകളും ലേഖനങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്. ചിരി മറന്ന കോമാളി’ (കഥാസമാഹാരം),   ‘ഈസന്‍മൂസ’ (ബാലസാഹിത്യം), ‘ സൂര്യശയനം’ (നോവല്‍- രണ്ടു പതിപ്പുകള്‍ ),  ‘ മുള്‍ദളങ്ങള്‍’  ഇവയാണ്  കൃതികള്‍. എഴുത്തിന്റെ മൂന്നു ദശാബ്ദങ്ങള്‍ പിന്നിട്ട ടിവിഎം അലി ഇപ്പോള്‍ ബ്ളോഗുലകത്തിലും ഇടം നേടിയിട്ടുണ്ട്. കവിതയിലും തിരക്കഥയിലും പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പിതാവ് : പരേതനായ ടി വി ചേക്കുണ്ണി, മാതാവ് : പി. കൌസുമ്മ, ഭാര്യ : ഇയ്യാത്തുകുട്ടി, മക്കള്‍ : സബിദ, ഉബൈദ്, മരുമകന്‍ : അബ്ദുള്‍ നാസര്‍.

Wednesday, 19 September 2012

പീഡിതസ്ത്രീത്വങ്ങള്‍ക്ക് സ്മരണാഞ്ജലിയോടെ

 
പത്രവാര്‍ത്തയുടെ ചതുരക്കോളത്തിലൊതുങ്ങാത്ത സ്ത്രീവിഹ്വലതകളില്‍ നിന്ന് കഥകള്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ടി വി എം അലിയുടെ കഥാസമാഹാരം - ‘മുള്‍ദളങ്ങള്‍’- ആസ്വാദകരുടെ മനസ്സിലേക്ക്  ഒരേ സമയം ദളങ്ങളുടെ മാര്‍ദ്ദവവും മുള്ളുകളുടെ മുറിവും സമ്മാനിച്ചു. ഒറ്റയിരുപ്പിലുള്ള വായനയ്ക്കൊടുവില്‍ നല്ലൊരു പുസ്തകം വായിച്ചതിന്റെ സന്തോഷത്തോടൊപ്പം നമ്മുടെ  സഹജീവികളായ സ്ത്രീജന്മങ്ങളുടെ ദുരന്തങ്ങളോര്‍ത്തുള്ള ഒരിറ്റു കണ്ണീരും തീര്‍ച്ചയാണ്.
   
    കുടുംബഭദ്രതയ്ക്കായി  വീട്ടുജോലിക്ക് പുറമെ നിരവധി സഹനങ്ങള്‍ കൂടി പേറുന്ന സ്ത്രീ വീട്ടിനകത്തു തന്നെ ഏറെ പീഡനങ്ങള്‍ക്കിരയാവൂന്നു. തൊഴിലിടങ്ങളിലും യാത്രാവേളകളിലും അവളെ കാത്തിരിക്കുന്നത് കാപാലികരുടെ നഖമുനകളാണ്. ചതിക്കപ്പെടുമ്പോഴും സമൂഹത്തിന്റെ സദാചാരപ്പോലീസ് അവളെ പ്രതിക്കൂട്ടിലാക്കുന്നു.
   
    ക്ഷമിച്ചും സഹിച്ചും ഭയന്നും ആക്രമിക്കപ്പെട്ടും കഴിയാന്‍ വിധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ ഭിന്നമുഖങ്ങളാണ്   സമാഹാരത്തിലെ 17 കഥകളിലൂടെ കഥാകൃത്ത് വരച്ചിടുന്നത്.അറിഞ്ഞും അറിയാതെയും തെറ്റുകളിലെത്തിപ്പെടുന്ന ഈ സ്ത്രീകഥാപാത്രങ്ങള്‍, തന്റെ പത്രപ്രവര്‍ത്തനവഴികളില്‍ ടിവിഎം അലിയെന്ന മാധ്യമപ്രവര്‍ത്തകന്‍ മുഖാമുഖം ദര്‍ശിച്ചവരാണ്. തന്റെ പ്രവര്‍ത്തനകേന്ദ്രമായ , പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ജീവിക്കുന്ന (മരിച്ചുജീവിക്കുന്ന) ഈ സ്ത്രീകളുടെ , ഒരു വാര്‍ത്തയെഴുത്തു കൊണ്ടുമാത്രം സാന്ത്വനപ്പെടുത്താനാവാത്ത, ജീവിതവ്യഥകളെ  ചൂരും ചൂടും നഷ്ടപ്പെടുത്താതെ  കഥകളിലേക്ക് ആവാഹീക്കുകയാണ് ചെയ്തിട്ടുള്ളത്.
   
    തമ്പ്രാന്മാരുടെ ‘ഔദാര്യ’ത്തില്‍  ഉഷ്ണപ്പുണ്ണ് സമ്പാദിച്ച ദളിത് യുവതിയായ കാളിയും , നാട്ടുനടപ്പനുസരിച്ച് രണ്ടു സഹോദരന്മാരുടെ ഭാര്യയായി ജീവിച്ച് , ഒടുവില്‍ താന്‍ കാരണം അവര്‍ തല തല്ലിക്കീറുന്നതിന് സാക്ഷിയാകേണ്ടി വന്ന യശോദയും, നിശ്ചയിച്ച കല്യാണം മുടങ്ങിയപ്പോള്‍ രക്ഷകനായെത്തി, സ്വന്തം ശിങ്കിടിയെ തന്നെ പുതുമാരനായി അറേഞ്ച് ചെയ്തു കൊടുത്ത  കുഞ്ഞാലിമുസല്യാരെന്ന പ്രമാണി നടത്തിയ ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി  വന്ന റാബിയയും , പരപുരുഷബന്ധം സംശയിച്ച് ഭര്‍ത്താവ് ചെയ്ത ക്രൂരമായ ആഭിചാരക്രിയകള്‍ക്ക് വിധേയയാകേണ്ടി വന്ന ശോഭനയുമെല്ലാം  നമ്മുടെ മനസ്സുകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
   
    തീവണ്ടിയാത്രയ്ക്കിടെ നരാധമന്റെ കൊടുംക്രൂരതയാല്‍ കൊല്ലപ്പെട്ട സൌമ്യയ്ക്കാണ് പുസ്ത കം സമര്‍പ്പിച്ചിട്ടുള്ളത്.‘ചിരി മറന്ന കോമാളി’ (കഥാസമാഹാരം),  ‘ സൂര്യശയനം’ (നോവല്‍),  ‘ഈസന്‍മൂസ’ (ബാലസാഹിത്യം) ഇവയാണ് ഇതരകൃതികള്‍.എഴുത്തിന്റെ മൂന്നു ദശാബ്ദങ്ങള്‍ പിന്നിട്ട ടിവിഎം അലി , പാലക്കാട് ജില്ലയിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള ഇ എ വഹാബ് സ്മാരക അവാര്‍ഡ് രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് നെഹ്രു യുവകേന്ദ്രയുടെ ‘യൂത്ത് ലൈന്‍ ’,  ‘ലൈഫ്’(തൃശ്ശൂര്‍), ‘ദര്‍ശനഭൂമി’(ഗുരുവായൂര്‍) മാസികകളില്‍ സഹപത്രാധിപരായി ജോലി ചെയ്തു.മേലെ പട്ടാമ്പി തപാലോഫീസില്‍ ഗ്രാമീണ്‍ സഡക്ക് ഡാക്ക് വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ്. പ്രാദേശികചാനലായ പട്ടാമ്പി കേബിള്‍ വിഷന്റെ ന്യൂസ് എഡിറ്ററായും സേവനം ചെയ്യുന്നു. ഭാര്യ : ഇയ്യാത്തുകുട്ടി, മക്കള്‍ : സബിദ, ഉബൈദ്.                    എം ഗോപിനാഥന്‍ പട്ടാമ്പി.

madhyamam news


Thursday, 13 September 2012

പ്രതിമയുടെ മകന്‍

പ്രതിമയുടെ മകന്‍
കഥ                                                    
 ടി.വി.എം. അലി
   
അവള്‍ പറഞ്ഞു : “എന്നെക്കൊണ്ട് വയ്യാ...... ഞാന്‍ വരുന്നില്ലാ...... നിങ്ങള്‍ തനിച്ച് പോയാ മതി......’’
    അവന്‍ പറഞ്ഞു : “എന്താ നിനക്ക് പറ്റിയത് ? ഇങ്ങിനെ വാശി പിടിച്ചാലോ ? അച്ഛന് വയ്യാത്തതുകൊണ്ടല്ലേ ഞാനീ പണി ഏറ്റെടുത്തത്. നീ കൂടെ വന്നാല്‍ വല്ലതും സംസാരിച്ച് സമയം നീക്കാമല്ലോ’’
    അവള്‍ മുഷിഞ്ഞു : “ ഓ...... അവിടെ ചെന്നാല്‍ എന്റെ കാര്യം നിങ്ങളങ്ങ് മറന്നുപോകും. ആ നശിച്ച പ്രതിമയോട് സംസാരിക്കാനേ നിങ്ങള്‍ക്ക് താല്പര്യമുള്ളു’’
    അവന്‍ കേണു : “ശരിയാണ് ...... നിനക്കത് വെറുമൊരു പ്രതിമ മാത്രമാണ് ...... എനിക്കറിയാം ...... എന്നാല്‍ എന്റെ കാര്യം അങ്ങിനെയല്ലാ ...... നീ വാ ...... പ്ളീസ് ......’’
    അകത്ത് മരക്കട്ടിലില്‍ കിടന്നിരുന്ന അച്ഛന്‍ തര്‍ക്കത്തില്‍ ഇടപെട്ടു. മോളേ ...... നിന്നോട് സ്നേഹമുള്ളതുകൊണ്ടല്ലേ അവന്‍ വിളിക്കുന്നത്. അവന്റെ അമ്മ എന്നും എന്റെ കൂടെ വരുമായിരുന്നു. ങ്ഹാ...... എന്തു ചെയ്യാം ...... അവള്‍ നേരത്തെ പോയി ...... അതോടെ എന്റെ കാര്യവും അധോഗതിയായി......’’
    ഒടുവില്‍ അവള്‍ കനിഞ്ഞു. “അച്ഛാ...... ഞാന്‍ ചെല്ലാം...... പക്ഷേ അവിടെ ചെന്നാല്‍ എന്നെ ഓര്‍ക്കാന്‍ മോനോട് പറഞ്ഞേക്കണം......’’
    അച്ഛന്‍ ചിരിച്ചു : “മോളേ...... നിന്നെ ഓര്‍ക്കാതിരിക്കാന്‍ അവന് കഴിയ്വോ ? നിന്റെ സാന്നിധ്യം അവന്‍ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്...... അവന്‍ എന്റെ മോന്‍ തന്നെയാണ്......’’
    അവന്റെ മനസ്സില്‍ അല്പം ഈര്‍ഷ്യ കിനിഞ്ഞു. തറപ്പിച്ചൊരു നോട്ടത്തില്‍ അവള്‍ ചൂളി. ഒന്നും മിണ്ടാതെ അവള്‍ അവന്റെ കൂടെ നടന്നു. ചുണ്ടില്‍ ഒരു കള്ളച്ചിരി വിരിഞ്ഞെങ്കിലും, അവന്‍ കാണാതിരിക്കാന്‍, അവള്‍ തല താഴ്ത്തി.
    “ഒന്ന് വേഗം നടന്നൂടെ നിനക്ക്......’’ കുറ്റപ്പെടുത്തും മട്ടില്‍ അവന്‍ ചോദിച്ചു. അതു കേട്ടപ്പോള്‍ നിരുത്സാഹത്തിന് കനം കൂടി വന്നു.
    “എന്നെ കൊണ്ട് വയ്യെന്ന് ഞാന്‍ പറഞ്ഞതല്ലേ ? ’’
    പിന്നെന്തിന് കെട്ടിയെടുത്തു ? അവന്റെ മുഖം വല്ലാതെ ചുവന്നു.
    “നിങ്ങള്‍ടെ കിറുക്ക് കാണാന്‍ തന്നെ ......’’
    അവള്‍ തിരിച്ചടിച്ചു.
    “അതെ...... എനിക്ക് കിറുക്കാണ്...... ഞാന്‍ ഇനിയും കിറുക്കനായിത്തന്നെ ജീവിക്കും.....’’
    അവനത് പല തവണ ഉരുവിട്ടു. അവള്‍ക്കത് അസഹ്യമായി തോന്നി.
    “നിങ്ങള്‍ടെ കിറുക്കു കാരണം ഞാന്‍ കഷ്ടത്തിലായി...... ഞാനെങ്ങിനെ സഹിക്കും ?..’’
അവള്‍ നിരാശയോടെ പുലമ്പി. അയാള്‍ക്ക് ദേഷ്യം വരുമെന്നാണ് അവള്‍ വിചാരിച്ചത്. എന്നാല്‍ ദയനീയമായ ഒരു നോട്ടത്തോടെ അവന്‍ അവളുടെ കൈ കവര്‍ന്നെടുക്കുകയാണ് ചെയ്തത്.
അവള്‍ വല്ലാതെ അലിഞ്ഞു. അവന്റെ ഉള്ളംകൈയില്‍ അവള്‍ കൂര്‍ത്ത നഖം താഴ്ത്തി. അവനത് നന്നെ രസിച്ച മട്ടില്‍ ചിരിച്ചു. ചിരി തീരും മുമ്പ് അവളെ കവര്‍ന്ന് ഓടാന്‍ തുടങ്ങി. അവനോടൊപ്പമെത്താന്‍ അവള്‍ക്ക് സാഹസപ്പെടേണ്ടി വന്നു. കൈപ്പിടിയില്‍നിന്ന് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വല്ലാതെ കിതയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തപ്പോള്‍ അവന്‍ പിടിവിട്ടു. അവള്‍ മണല്‍മെത്തയില്‍ കാലിടറി വീഴുകയും ചെയ്തു.
ദൂരെ തെയ്യം തുള്ളുന്ന കടല്‍. കടല്‍ക്കരയില്‍ നിത്യഹരിതപൂങ്കാവനം. കടല്‍ത്തീരത്തുള്ള ഈ പൂന്തോപ്പ് അവനെന്നും ലഹരിയായിരുന്നു. എത്ര കണ്ടാലും മതിവരാത്ത വിസ്മയഭാവം അവനിലുണ്ടായിരുന്നു.
അവള്‍ക്കാണെങ്കില്‍ എത്രയോ തവണ കണ്ടുമടുത്ത വിരസതയാണ് കണ്ണുകളില്‍. എന്നും ഒരേ കാഴ്ച... മടുപ്പുളവാക്കുന്ന  ചിത്രങ്ങള്‍...

അലമുറയിടുന്ന കടല്‍...... കമിഴ്ന്നു കിടക്കുന്ന ആകാശം...... തോണിക്കാരുടെ ആരവം...... കടലിലേക്ക് ഞാന്നു കിടക്കുന്ന പഞ്ഞിത്തുണ്ടുകള്‍ പോലെ വെണ്‍മേഘങ്ങള്‍...... തിരകളുടെ തുഞ്ചത്തേറി കളിക്കുന്ന കുട്ടികള്‍...... കടല കൊറിച്ചു തിന്നുന്ന ദമ്പതികള്‍...... ചീട്ടു കളിക്കുന്ന പുരുഷാരങ്ങള്‍...... കടലോരത്ത്, ഭീമാകാരമായ ബോര്‍ഡില്‍ നിറം മങ്ങിയ അക്ഷരങ്ങള്‍ക്കു കീഴെ നിത്യഹരിതപൂങ്കാവനം. എല്ലാം പതിവുപോലെ തന്നെ......

    ഹരിതവന മദ്ധ്യത്തില്‍, പ്രകൃതിയുടെ ഋതുഭേദങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്, ഒരപ്പൂപ്പന്‍പ്രതിമ തല ഉയര്‍ത്തി നിലകൊള്ളുന്നു. അലറി മരങ്ങളില്‍ നിന്ന് കൊഴിഞ്ഞു വീഴുന്ന പൂക്കള്‍ പ്രതിമയില്‍ ചെമ്പട്ടുപോലെ കിടക്കുന്നു.
    ആദ്യം ഇവിടെ വന്നപ്പോള്‍ അവള്‍ ഈ പ്രതിമയെ നോക്കി നിശ്ചലയായി നിന്നിട്ടുണ്ട്. നിറം മങ്ങിയതെങ്കിലും ചൈതന്യം സ്ഫുരിക്കുന്ന രൂപമായിരുന്നു. മൊട്ടത്തലയില്‍ സൂര്യതേജസ്സ് പതിച്ചിരുന്നു. നീണ്ട നാസിക ...... വട്ടക്കണ്ണട...... കുഴിഞ്ഞ കവിള്‍...... മുട്ടോളം പോന്ന ഒറ്റമുണ്ട്...... പോര്‍ത്താന്‍ മേല്‍മുണ്ട്...... വലതുപാദം ഉയര്‍ന്നാണ്  നില്‍പ്...... വലതുകയ്യില്‍ ഊന്നുവടി......അതിവേഗം നടന്നു നീങ്ങുന്ന ഒരപ്പൂപ്പനെ പിടിച്ചു നിര്‍ത്തിയതു പോലെയാണ് പ്രതിമയുടെ നില്പ് !

    അന്ന് ആശ്ചര്യകരമായ കാഴ്ചയായിരുന്നു അവള്‍ക്ക്. പലതവണ കണ്ടപ്പോള്‍ മടുപ്പായി-കാക്കകള്‍ക്ക് കാഷ്ഠിക്കാനുള്ള ഒരു കക്കൂസാണ് അപ്പൂപ്പന്‍പ്രതിമയെന്ന് അവള്‍ക്കിപ്പോള്‍ തോന്നുന്നു. അതോര്‍ക്കുമ്പോള്‍ തന്നെ അവള്‍ക്ക് ഓക്കാനം വരുന്നുണ്ട്.
    വൃദ്ധിക്ഷയബാധയേറ്റ പ്രതിമക്കു കീഴെ അവള്‍ ഓരോന്ന് ഓര്‍ത്തങ്ങിനെയിരിക്കെ അവന്‍ പറഞ്ഞു.
    “നീ ഇങ്ങനെ ഇരുന്നാലെന്തു ചെയ്യും ? എന്റെ കൂടെ വന്ന് സഹായിക്കാന്‍ പാടില്ലേ ?’’
    അവന്‍ സസ്യങ്ങള്‍ക്ക് വെള്ളം പകരുയായിരുന്നു. അവന്റെ മുണ്ടും ഷര്‍ട്ടും നനഞ്ഞു കഴിഞ്ഞിരുന്നു. നനഞ്ഞ ഷര്‍ട്ടില്‍ മണ്ണു പുരണ്ടിരുന്നു.
    അവള്‍ക്കൊട്ടും താല്പര്യം തോന്നിയില്ല.
    “ഞാന്‍ നിങ്ങളെ പോലെയല്ലാ...... എനിക്ക് കിറുക്കില്ല......’’ അതുകേട്ടപ്പോള്‍ അവന് ദേഷ്യം ഇരട്ടിച്ചു.
    “തോട്ടം നനക്കുന്നത് കിറുക്കാണോ? ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നത് കിറുക്കാണോ ?’’
    അവള്‍ പറഞ്ഞു : “അതെ ......തീര്‍ച്ചയായും കിറുക്കു തന്നെ. ഈ പൂന്തോട്ടമുണ്ടായതുകൊണ്ട് നമുക്കെന്താണ് ഗുണം ? ഇത് നശിച്ചു കഴിഞ്ഞു. ഒരു മനുഷ്യനും ഇങ്ങോട്ട് വരുന്നില്ല...... ആര്‍ക്കും ഇതിനെ വേണ്ടാതായി. ഇത് ഉടനെ അടച്ചുപൂട്ടുമെന്നാണ് എല്ലാവരും പറയുന്നത്...... നോക്കിക്കൊ...... ഇത്  ഒരു കുപ്പത്തൊട്ടിയായ്  മാറും...... അന്ന് നിങ്ങളുടെ കിറുക്ക് എനിക്കൊന്ന് കാണണം.....
    അവന്‍ ശരിക്കും ഞെട്ടിപ്പോയി.
    അത്ഭുതത്തോടെ അവന്‍ അവളുടെ മുഖത്തേക്ക് നോക്കി, അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.
    “അല്ലാ...... നീ കരയുന്നതെന്തിന് ? നിന്നോടാരു പറഞ്ഞു ഇതെല്ലാം......’’ അവന്‍ അവളെ ചേര്‍ത്തുപിടിച്ചു.
    “എനിക്കറിയാം...... എല്ലാം എനിക്കറിയാം. നമ്മളൊക്കെ വിഡ്ഢികളാണ്...... കിറുക്കള്ളവരാണ്. അച്ഛന്‍ റിട്ടയറായി മാസമെത്ര കഴിഞ്ഞു... പുതിയ തോട്ടക്കാരനെ നിയമിക്കാത്തതെന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? ഇല്ലാ...... ഇനി ഇവിടെ തോട്ടക്കാരന്റെ ആവശ്യമില്ലാ.. അവരിത് നശിപ്പിക്കും...... എന്നിട്ട് ഇവിടെ പ്ളാസ്റിക്ക് പൂക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി പണിയും. അതോടെ ഈ കടല്‍ തീരം കുപ്പത്തൊട്ടിയാവും...... നോക്കിക്കോ......’’
    പക്ഷികള്‍ക്കു നേരെ മണല്‍ വാരിയെറിഞ്ഞു. കത്രിക ചുണ്ടുകള്‍ വിടര്‍ത്തി കടല്‍പ്പക്ഷികള്‍ അവനെ വളഞ്ഞു. അവന്‍ ഭയന്ന് നിലവിളിച്ചു.
     ദൂരെയായിരുന്നുവെങ്കിലും അവന്റെ ആര്‍ത്തനാദം അവള്‍ കേട്ടു. ദിക്കെങ്ങും കുലുങ്ങുമാറ് അവള്‍ അലറിക്കൊണ്ട് ഓടി വന്നു. അപ്പോള്‍ കണ്ട കാഴ്ച അവളെ നിശ്ചേതനയാക്കി. അവള്‍ ബോധമറ്റ് വീണു.
    അവന് അനങ്ങാന്‍ കഴിഞ്ഞില്ല. കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചിറക് വിരിച്ച് കെട്ടിയ ഭിത്തിക്കുള്ളിലായിരുന്നു അവന്‍. പക്ഷികളുടെ കലമ്പല്‍ കടലിരമ്പം പോലെ അവന്റെ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു.
    അവന്‍ ദയനീയമായി കൈകള്‍ വീശി. അപ്പോഴെല്ലാം അവന്റെ ഓരോ വിരലുകളും മുറിഞ്ഞു വീണുകൊണ്ടിരുന്നു. എന്നിട്ടും അവന്‍ കൈപ്പടം കൊണ്ട് പൊരുതി.

    പൊടുന്നനെ സൂര്യന്റെ കണ്ണുതുറക്കപ്പെട്ടു. ഒരു തീക്കാറ്റ് പൂങ്കാവനത്തില്‍ വന്നലച്ചു. കണ്ണുകളില്‍ മണല്‍ വന്നടിച്ചു.
    പിന്നെ ഒറ്റപ്പെട്ട ചിറകടി മാത്രം കേട്ടു. അത് കഴുകനായിരിക്കുമെന്ന് അവന്‍ നിനച്ചു. അവന്‍ പതുക്കെ കണ്ണ് തുറന്നു നോക്കി.
    പ്രതിമയുടെ ശിരസ്സില്‍ ഒറ്റക്കണ്ണനായ കഴുകന്‍ നൃത്തം ചെയ്യുകയാണ്. കൂര്‍ത്ത കൊക്കുകൊണ്ട് അപ്പൂപ്പന്റെ ശിരസ്സില്‍ ഉരസുകയാണ്. ഉരസി, ഉരസി ലഹരി കയറിയ കൊക്കുകള്‍ ശിരസ്സില്‍ താഴ്ത്തുകയാണ്.
    ശിരസ്സില്‍ നിന്ന് ചോരകിനിഞ്ഞിറങ്ങുന്നുണ്ട്. തലപൊളിഞ്ഞ്, ഉടല്‍ പിളര്‍ന്ന്, മേല്‍മുണ്ടും ഒറ്റമുണ്ടും കുതിര്‍ത്ത് ചോര ചാടിയിറങ്ങുകയാണ്. ചോരയില്‍ പൂക്കളുടെ ഗന്ധം...... സ്വപ്നങ്ങളുടെ ഗന്ധം...... കടലിന്റെ മക്കളുടെ വിയര്‍പ്പുഗന്ധം......
    അടര്‍ന്നു വീഴുന്ന അപ്പൂപ്പനെ ഓടിച്ചെന്നവന്‍ താങ്ങിയെടുത്തു. പ്രതിമയുടെ ചുണ്ടുകള്‍ പതുക്കെ വിടര്‍ന്നു.
    “എന്നെ നശിപ്പിക്കാന്‍ ഒരു കഴുകന് കഴിഞ്ഞാലും എന്റെ സ്വപ്നങ്ങള്‍ ഇവിടെ ഉണ്ടാകും ...... അത് ഉഴുതുമറിക്കാന്‍ ഒരു കഴുകനും കഴിയില്ല......’’

അവന്‍ ആ പ്രതിമയെ മാറോട് ചേര്‍ത്തു. “അങ്ങ് അനശ്വരനാണ്...... അങ്ങയെ ഞാന്‍ പുനര്‍ജ്ജനിപ്പിക്കും...... ഇത് സത്യമാണപ്പൂപ്പാ...... സത്യമാണ്.’’
    അടര്‍ന്നു വീഴുന്ന പ്രതിമയുടെ അധരങ്ങള്‍ അവന്‍ ചേര്‍ത്തു വെച്ചു. അപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു.
    “മകനെ നിനക്ക് തെറ്റു പറ്റരുത്...... നിന്റെ മുന്‍ഗാമികള്‍ ചെയ്ത തെറ്റ് നീ ആവര്‍ത്തിക്കരുത്. ഞാന്‍ പറയുന്നത് നീ കേള്‍ക്കണം...... സ്വപ്നങ്ങളെ പ്രതിമകളാക്കി മാറ്റിയതാണ് അവര്‍ ചെയ്ത തെറ്റ്...... എനിക്കും തെറ്റു പറ്റിയിട്ടുണ്ട്. ഞാനൊരു പ്രതിമയായ് നിന്നു കൊടുത്തതാണ് എന്റെ തെറ്റ്.. സ്വപ്നം സ്വപ്നമായിരിക്കണം. ജീവനും ആത്മാവും വികാരങ്ങളും വിവേകങ്ങളും ഉള്ള ഒരു സ്വപ്നത്തേയും പ്രതിമയാക്കാന്‍ പാടില്ലാ...... എല്ലാ പ്രതിമകളേയും വീണ്ടും സ്വപ്നമാക്കി മാറ്റണം...... ആര്‍ക്കും നശിപ്പിക്കാനാവാത്ത ഒരു സ്വപ്നം നീ കണ്ടെത്തണം. അത് സാക്ഷാത്കരിക്കണം...... അത് പടര്‍ന്നു പന്തലിച്ച് സര്‍വ്വലോകവും കീഴടക്കണം......പ്രപഞ്ചത്തെ മുഴുവന്‍ പൂങ്കാവനമാക്കുന്ന ആ സ്വപ്നത്തിലേക്ക്...... മകനെ നീ യാത്രയാവുക...... മഹായത്നം വിജയിക്കുക തന്നെ ചെയ്യും......’’
    എല്ലാം കേട്ട് അയാള്‍ കിതച്ചു. പിന്നെ ഒറ്റക്കുതിപ്പിന് എണീറ്റു. ബോധമറ്റു കിടന്നിരുന്ന അവളെ എഴുന്നേല്പിച്ചു. അവര്‍ കിതപ്പോടെ നടന്നു. ആകാശച്ചെരുവിലെ കടലും കിതച്ചു കൊണ്ടിരുന്നു. !

ടി.വി.എം.അലി
‘കഥാലയം’
ഞാങ്ങാട്ടിരി (പി.ഒ)
പിന്‍കോഡ് - 679306
ഫോണ്‍ - 9447531641

Tuesday, 11 September 2012

ഉത്തമന്‍

കഥ
ഉത്തമന്‍
- ടി. വി. എം. അലി

    പുറത്തേക്കിറങ്ങുമ്പോള്‍ ഭാര്യയെ വിളിച്ച് ഉത്തമന്‍ പറഞ്ഞു. ഞാന്‍ ടൌണ്‍ വരെ പൂവ്വാണ്. വരാനിത്തിരി വൈകും...‘
    മുറ്റമടിച്ചുകൊണ്ടിരുന്ന മാതു തലയുയര്‍ത്തി അവിശ്വസനീയ ഭാവത്തോടെ  ഭര്‍ത്താവിനെ നോക്കി. ‘ഇത്രനേരത്തെ പോണോ? നല്ല മഞ്ഞ് വീഴ്ണ്ണ്ട് .....‘ അവള്‍ ഓര്‍മിപ്പിച്ചു.
‘    ഓ........... അതുസാരം ല്ല്യാ....ഇപ്പോപ്പോയാ ആദ്യത്തെ  ബസ്സ് കിട്ടും.....ങാ... ഇന്നലെ വന്ന കത്തെടുക്കാന്‍ മറന്നു. അതിലാ വിലാസം .... ‘ ഉത്തമന്‍ തിരിച്ചുകയറാന്‍ തുടങ്ങും മുമ്പ് മാതു തടഞ്ഞു.
‘    ഒരു വഴിക്കെറങ്ങ്യാ തിരിച്ചുകേറണ്ടാ....കത്ത് ഞാനെടുക്കാം....‘
‘    അലമാരയില്‍ കാണും ഒരു നീല കവറ് ...‘ ഉത്തമന്‍ വിളിച്ചറിയിച്ചു.
‘    ഞാറ് നടാന്‍  പണിക്കാര് വരുംന്നല്ലെ പറഞ്ഞത് ...കൂലി കൊടുക്കാന്‍ കാശ് വെച്ചിട്ടുണ്ടോ?‘കത്തുമായി  പുറത്തുവന്ന മാതു ചോദിച്ചു
‘    ഓ....അപ്പോഴേക്കും ഞാനിങ്ങെത്തും. എന്റെ കുടയും മഫ്ളറും  കൂടി എടുത്തോളൂ....‘ അയാള്‍ ഉണര്‍ത്തിച്ചു
‘    ഇന്നെന്താ ഉത്തമേട്ടന് പറ്റ്യേത്.? ഭയങ്കര മറവിയാണല്ലോ.....‘ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ മാതു അഭിപ്രായപ്പെട്ടു.
‘    പ്രായം കൂടി വര്വല്ലെ? ചിലതു ഓര്‍ക്കുമ്പോള്‍ വേറെ ചിലത് മറന്നു പോകും. ..‘ .ഉത്തമന്റെ വര്‍ത്തമാനം മാതുവിനെ  നന്നായി രസിപ്പിച്ചു.
‘    അതു നല്ല കഥ...പ്രായം കൂടുന്തോറും മേക്കപ്പും കൂടുന്നുണ്ടല്ലോ......പെണ്ണ് കാണാന്‍ പോണ ചെക്കന്റെ  മട്ടിലല്ലേ ഒരുങ്ങി പുറപ്പെട്ടിട്ടുള്ളത്.... ഇങ്ങനെ പോയാല്‍ എന്നേം മക്കളേം കൂടി മറന്നുപോവില്ലേ?‘
    മാതുവിനെ ചൊടിപ്പിക്കാന്‍ നില്ക്കാതെ ഉത്തമന്‍ മഞ്ഞിലേക്കിറങ്ങി നടന്നു. ഇടവഴി വെളിച്ചം വീണിട്ടില്ല. മുളയിലകളില്‍ നിന്നിറ്റിറ്റു വീഴുന്ന മഞ്ഞുകണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഉത്തമന്റെ മനസ്സില്‍ എന്തെന്നില്ലാത്ത ചൂട് അനുഭവപ്പെട്ടു.
    റോഡിലെത്തിയതും  ബസ്സ് വന്നു. സീറ്റില്‍ ഇടംപിടിച്ചപ്പോഴും ശരീരം വിയര്‍ക്കുകയായിരുന്നു.
    മഞ്ഞു പാളികള്‍ വകഞ്ഞ് ബസ്സ് പാഞ്ഞുകൊണ്ടിരുന്നപ്പോള്‍, വെള്ളിനൂലുകള്‍ ഞാത്തിയ ശീതക്കാറ്റ് ഉത്തമനെ പൊതിഞ്ഞു. നല്ല് തണുപ്പ് തോന്നി ഉത്തമന്. മഫ്ളര്‍ എടുത്ത് ചെവിയടക്കം തലമറച്ചപ്പോഴാണ് കുളിര്‍ വിട്ടകന്നത്.
    ഹൃദയത്തിന്റെ ചൂടേറ്റുറങ്ങുന്ന കത്ത് പോക്കറ്റില്‍ നിന്നെടുത്ത് ഉത്തമന്‍ ഒരാവര്‍ത്തികൂടി  വായിച്ചു.
‘    പ്രിയപ്പെട്ട ഉത്തമേട്ടന്.........., എന്നെ ഓര്‍മ്മയുണ്ടോ? ഞാന്‍ ഷബാന. നിങ്ങളുടെ നാട്ടിലെ ആ പഴയ കൃഷി ഡമോണ്‍സ്ട്രേറ്റര്‍ തന്നെ. എനിക്ക് അത്യാവശ്യമായി  ഉത്തമേട്ടനെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. താഴെ കാണുന്ന വിലാസത്തില്‍ ഒഴിവുകിട്ടുമ്പോള്‍ ഒന്നുവരണം. വിശ്വാസത്തോടെ ഷബാനു.‘
    ഷബാനു എന്ന ഷഹര്‍ബാന്‍ മൂടല്‍മഞ്ഞുപോലെ ഉത്തമന്റെ കണ്ണില്‍ നിറഞ്ഞു. കൃഷി ഭവനിലെ മിടുക്കിയായ ഉദ്യോഗസ്ഥ, പ്രകൃതികൃഷിയുടെ ആരാധിക, മനസ്സില്‍ കൃഷിയും കവിതയും വിതച്ച്, തേന്‍മൊഴി തൂകി, പൂത്തുമ്പിയെപോലെ പാറിപ്പറക്കുന്ന വെളുത്ത മെലിഞ്ഞ പെണ്‍കുട്ടി: ഷബാനു.
  
    രണ്ടോ മൂന്നോ വര്‍ഷം മുമ്പ്, തെളിഞ്ഞൊരു പ്രഭാതത്തിലാണ് ഷബാനു ഉത്തമനെ തേടിയെത്തിയത്. കഴനിപ്പാടത്ത് ഉത്തമന് പത്തുപറ പഴമണ്ണുണ്ടായിരുന്നു. കുറച്ചുകാലമായി  അതു തരിശൂനിലമാണ്. സൌദി അറേബ്യയിലെ അല്‍കത്തിഫില്‍, വിശാലമായ ഈന്തപ്പനത്തോട്ടത്തില്‍ രാപ്പകല്‍  പണിയെടുത്ത്  മടുത്ത ഉത്തമന്‍ വിസ റദ്ദാക്കി നാട്ടില്‍ വന്ന സമയമായിരുന്നു. ഇനിയെന്തു ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ലാതെ  നാളുന്തുകയായിരുന്നു. നാട്ടില്‍ അന്തസ്സുള്ളൊരു ബിസിനസ്സ് തുടങ്ങണമെന്നായിരുന്നു മാതുവിന്റെ നിര്‍ദ്ദേശം. പക്ഷെ അതിനുള്ള ധൈര്യമൊന്നും ഉത്തമനുണ്ടായിരുന്നില്ല.
    ഷബാനു സ്വയം പരിചയപ്പെടുത്തിയാണ് കയറിവന്നത്. കഴനിപ്പാടം തരിശിടുന്നതിനെ പറ്റിയാണ് അവള്‍ അന്വേഷിച്ചത്.  എല്ലാ കൃഷിക്കാരും പറയുന്നത്പോലെ കൃഷി  ലാഭകരമല്ലെന്ന് ഉത്തമന്‍ തട്ടിവിട്ടു.
    അതുകേട്ട് ഷഹര്‍ബാന്‍ ചിരിച്ചു. സാരിത്തലപ്പ് ശിരസ്സിലിട്ട് അവള്‍ കസേരയില്‍ ഇരുന്നു. വിദ്യാര്‍ത്ഥിക്ക് ട്യൂഷനെടുക്കുന്ന ലാഘവത്തില്‍ ഷബാനു പറയാന്‍ തുടങ്ങി.
‘    ഉത്തമേട്ടാ.. കൃഷിയെന്നുപറഞ്ഞാല്‍ കാളയും കലപ്പയും വിത്തും കൈക്കോട്ടും മാത്രമല്ല. കൃഷി ഒരു ജീവിതരീതിയാണ്. അതൊരു ദര്‍ശനമാണ്. പ്രകൃതിയെ കാമിക്കുന്നവനാണ് യഥാര്‍ത്ഥ കര്‍ഷകന്‍. രാസവളവും കീടനാശിനിയും ഒന്നുമില്ലാതെതന്നെ പാരമ്പര്യകൃഷിരീതി സ്വീകരിക്കാം. അത് തികച്ചും ലാഭകരമാണ്.‘
    ഷഹര്‍ബാന്‍ ചിങ്ങമഴപോലെ പെയ്തിറങ്ങുകയായിരുന്നു. പ്രവാഹം നിലയ്ക്കാത്ത കാട്ടുചോലകണക്കിന് അവളൊഴുകി.
    പുരയിടത്തില്‍ ഒരേക്ര  തരിശായിക്കിടന്നിരുന്നു. അതും ഷഹര്‍ബാന്റെ കണ്ണില്‍പെട്ടു.
‘    ഇവിടെ ആരണ്യകം  ഉണ്ടാക്കണം.....അതിലൊരു  പര്‍ണ്ണാശ്രമം തീര്‍ക്കണം .....മനുഷ്യന്‍ പ്രകൃതിയുടെ മടിയില്‍ കിടന്നുറങ്ങണം.‘
    ഷബാനുവിന്റെ നിര്‍ദ്ദേശം കേട്ടപ്പോള്‍ തന്നെ മാതു പുച്ഛിച്ചുതള്ളി. ഷബാനുവിന് അരക്കിറുക്കാണെന്നായിരുന്നു മാതുവിന്റെ കണ്ടെത്തല്‍.
    പക്ഷെ ഉത്തമന്റെ  മനസ്സ് ചതുപ്പുനിലമായി മാറുകയായിരുന്നു. ഈ മണ്ണില്‍ ഒരു പരീക്ഷണമാവാം എന്നുത്തമന്‍ ഉറപ്പിക്കുകയും ചെയ്തു. പിറ്റേന്നു തന്നെ ടൌണില്‍ ചെന്ന് കൈക്കോട്ടും പിക്കാസും അരിവാളും മഴുവും കൊട്ടയും വട്ടിയുമെല്ലാം വാങ്ങിവന്നപ്പോള്‍ അമ്പരന്നത് മാതുവായിരുന്നു. അമ്മയുടെ അമ്പരപ്പ് ഏറ്റു വാങ്ങിക്കൊണ്ട് രണ്ടുമക്കളും  മാതുവിന്റെ കോന്തലയില്‍ തൂങ്ങിനിന്നു.
    എടവപ്പാതിയിലെ തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ മഴപെയ്തുകൊണ്ടിരുന്ന പുലരിയില്‍ ഉത്തമന്‍ കൈലിമുണ്ട് അരയില്‍ ഉറപ്പിച്ച്, തലയില്‍ തൊപ്പിക്കുട ചൂടി, കൈക്കോട്ട് തോളിലേറ്റി പറമ്പിലിറങ്ങി.
    ഞാറ്റുവേലയുടെ മഹാത്മ്യത്തെപ്പറ്റി ഷബാനു പറഞ്ഞിരുന്നതെല്ലാം ഉത്തമന്‍ മന:പാഠമാക്കിയിരുന്നു.
    ഞായര്‍ എന്നാല്‍ സൂര്യനാണെന്നും, വേലയെന്നാല്‍ കാലമാണെന്നും, ഒരിക്കല്‍കൂടി ഉത്തമന്‍ മനസ്സിലുരുവിട്ടു.
    തിരുവാതിര ഞാറ്റുവേലയില്‍  ഉലക്ക നട്ടാല്‍ അതിനും വേര് വരും എന്ന് കേട്ടപ്പോള്‍ ഉത്തമന്‍ ശരിക്കും ഉന്മത്തനായി മാറി.
    ഒരേക്ര പറമ്പിനെ അയാള്‍ നാല് കണ്ടമാക്കിതിരിച്ചു. ഒരു കണ്ടത്തില്‍ മരുതും, മാവും, പ്ളാവും, ആഞ്ഞിലിയും, വേപ്പും, കാഞ്ഞിരവും വളര്‍ത്താനായിരുന്നു നിശ്ചയിച്ചത്. ഇവയെല്ലാം ജൈവസമ്പത്ത് പുഷ്ടിപ്പെടുത്തുമെന്ന് ഉത്തമന്‍ ഓര്‍ത്തു. മറ്റൊരു കണ്ടത്തില്‍ നാണ്യവിളകള്‍ നട്ടു. ഔഷധസസ്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ബാക്കിഭാഗങ്ങള്‍ നീക്കിവെച്ചു.
    മഴവെള്ളം ചാലുകീറി പാഞ്ഞു. മണ്ണില്‍ ഉര്‍വ്വരതയുടെ നീരണിഞ്ഞ് ഞാഞ്ഞൂളുകളും കീടങ്ങളും പുളഞ്ഞു.
പ്രകൃതിയെ ഹിംസിക്കാത്ത തരത്തിലായിരുന്നു ഉത്തമന്റെ കൃഷി. പരിമിതമായ സ്വന്തം  മണ്ണില്‍ നിന്ന് ആഹാരം കണ്ടെത്തണമെന്ന് അയാള്‍ക്ക് വാശിയുണ്ടായിരുന്നു.
  
    മണ്ണിളക്കാതെയും, കീടനാശിനിയും രാസവളങ്ങളും ഇടാതെയും, കളപറിക്കാതെയും ഉത്തമന്‍ കൃഷിചെയ്യുന്നതു കണ്ടപ്പോള്‍, പരമ്പരാഗത കര്‍ഷകപ്രമാണിമാരും കൃഷി വകുപ്പുദ്യോഗസ്ഥരും നെറ്റിചുളിച്ചു.
    പാടശേഖരകമ്മറ്റിമാരും കൂട്ടുകൃഷിക്കാരുമെല്ലാം ഉത്തമനെ ബഹുദൂരം അകറ്റിനിര്‍ത്തി. അതുകൊണ്ടു തന്നെ പമ്പുസെറ്റ്, കിണര്‍, ട്രാക്റ്റര്‍ സബ്സിഡികളൊന്നും ഉത്തമനെ  തേടിയെത്തിയില്ല. കൃഷിയുമായി പുലബന്ധമില്ലാത്തവര്‍ക്കുപോലും കര്‍ഷകോത്തമന്‍ ബഹുമതി നല്‍കി ആദരിച്ചപ്പോഴും അവര്‍ ഉത്തമനെ കണ്ടില്ലെന്ന് നടിച്ചു.
    അതിനിടയില്‍ ചില കരുനീക്കങ്ങളും നടന്നു. ഉത്തമനെ പരീക്ഷണമൃഗമാക്കി മാറ്റിയത് ഷഹര്‍ബാനാണെന്ന് ആക്ഷേപം ഉയര്‍ന്നു. കൃഷി വികസന ഓഫീസര്‍ക്കു ഇതു സംബന്ധിച്ച് ചിലര്‍ രഹസ്യ റിപ്പോര്‍ട്ട് നല്‍കി. പ്രകൃതികൃഷിയും  ജൈവകൃഷിയും പരിപോഷിപ്പിക്കേണ്ടത് ഷബര്‍ബാന്റെ ജോലിയില്‍പ്പെട്ട കാര്യമല്ലെന്ന് ഓഫീസര്‍ താക്കീത് നല്‍കി. രാസവസ്തു-കീടനാശിനിക്കമ്പനിക്കാരും  മോട്ടോര്‍ കമ്പനിക്കാരും മാസാമാസം നല്‍കുന്ന പാരിതോഷികം നഷ്ടപ്പെടുന്ന കാര്യം സങ്കല്പിക്കാന്‍തന്നെ ചില കൃഷിവകുപ്പുദ്യോഗസ്ഥര്‍ ഭയപ്പെട്ടു.
    കുറ്റകരമായ അനാസ്ഥ ആരോപിച്ച്, അധികൃതര്‍ ഷഹര്‍ബാനെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് പ്രതികാരം തീര്‍ത്തത്.
    ട്രാന്‍സ്ഫര്‍ ഓര്‍ഡറുമായി ഷബാനു ഉത്തമന്റെ വീട്ടില്‍ വന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
‘    ഉത്തമേട്ടാ നാളെ ......... ഞാന്‍ സ്ഥലം വിടും. അട്ടപ്പാടി ലോകത്തിന്റെ അങ്ങേയറ്റത്തൊന്നുമല്ലല്ലോ....അവിടെ എനിക്ക് പറ്റിയ മണ്ണ് ഞാനൊരുക്കും. എന്റെ സ്വപ്നം ഞാനവിടെ മുളപ്പിച്ചെടുക്കും. അതില്‍ കനകം വിളയുന്നത് കാണാന്‍ ഉത്തമേട്ടന്‍ തീര്‍ച്ചയായും വരണം . കളങ്കമറിയാത്ത കാടിന്റെ മക്കളുണ്ടവിടെ.......അവര്‍ എന്നെ സഹായിക്കും. സമയം കിട്ടുമ്പൊ നിങ്ങളെല്ലാവരും കൂടി എന്റെ ആരണ്യകത്തില്‍ വരണം......‘
    അവളുടെ കണ്ണുകളില്‍ മഞ്ഞുണ്ടായിരുന്നു. നെഞ്ച് ക്രമാതീതമായി കിതക്കുന്നുണ്ടായിരുന്നു.
    സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച്, ഷബാനു യാത്ര പറയുമ്പോള്‍ ഉത്തമന്റെ മനസ്സില്‍ കാടിളകിയതുപോലെ തോന്നി. കാറ്റില്‍ കാടിന് കലിയിളകി. വളരെ പണിപ്പെട്ടാണ് ഉത്തമന്‍ കാറ്റിനെ തളച്ചത്.
പടി ഇറങ്ങും മുമ്പ് പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ  അവള്‍ തിരിഞ്ഞു നിന്നു. യാചനാഭാവത്തില്‍ ഉത്തമനെ നോക്കി: ‘ആരണ്യകത്തോട് യാത്ര പറയാന്‍ മറന്നു...നോക്കീട്ടുവരാം.....‘
    ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ ഉത്തമന്റെ ആരണ്യകത്തിലേക്ക് ഓടിപ്പോയി.
    തഴച്ചു വളര്‍ന്ന ഹരിതനിബിഡതയിലേക്ക് ഉത്തമനും പിന്‍തുടര്‍ന്നു. വേലി ഇറമ്പില്‍ തഴവര്‍ഗത്തില്‍പ്പെട്ട ചെടികളും വള്ളികളും പൂക്കളും നിറഞ്ഞ കാനനഭംഗിയില്‍ അവള്‍ സ്വയം മറന്നു നിന്നു.
    പൂത്തുമ്പികള്‍ അവളെ തിരിച്ചറിഞ്ഞു. കരിവണ്ടുകള്‍ അവളെ വലം വെച്ചു. അണ്ണാറക്കണ്ണന്‍മാരും ഓലേഞ്ഞാലിക്കുരുവികളും അവളോട് സംസാരിക്കാന്‍ വെമ്പല്‍ കൂട്ടി. ഏറെ നേരം മൌനം പൂണ്ടുനിന്ന അവള്‍ തിരിച്ചുനടന്നു. അപ്പോള്‍ അവളുടെ കണ്ണുകളില്‍ കാട്ടാറൊഴുകുന്നുണ്ടായിരുന്നു.
‘    ഷബാന,  എന്തായിത്?
    കൊച്ചുകുട്ടിയെപ്പോലെ കരയാണ്വാ?.‘
    ദൈന്യതയോടെ അവള്‍ ഉത്തമനെ നോക്കി. അയാളുടെ  ഹൃദയത്തില്‍ കടന്നലുകള്‍ ഇളകി.
‘    ഈ കാടിനെ ഞാന്‍ വല്ലാതെ സ്നേഹിച്ചെന്ന് തോന്നുന്നു. .....
    സ്നേഹിക്കുന്നവര്‍ക്കല്ലെ ദു:ഖമുണ്ടാകൂ...
    ഒരു തരത്തില്‍ ഞാന്‍ ഭാഗ്യവതിയാണ് ഉത്തമേട്ടാ.... കുറച്ചു കാലം ഇവിടെ ജോലി ചെയ്യാനും കുറെ നല്ല മനുഷ്യരെ പരിചയപ്പെടാനും സാധിച്ചല്ലോ. അതുമാത്രം മതി എന്നെന്നും ഓര്‍ക്കാന്‍‘
    അത്രയും പറഞ്ഞ് ആരണ്യകത്തില്‍ നിന്ന് കാലുകള്‍ പറിച്ചെടുത്ത് അവള്‍ നടന്നു.
  
    കാലിനടിയില്‍ നിന്ന് വേരുകള്‍ പിഴുതുമാറ്റുമ്പോള്‍, വേദന അവള്‍ കടിച്ചമര്‍ത്തി.
    അവള്‍ യാത്ര പറഞ്ഞതും , പെയ്തു തോരാത്ത കണ്ണുകള്‍ തമ്മില്‍ കോര്‍ത്ത് വലിച്ചതും ഉത്തമന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്.
    കഴിഞ്ഞ വര്‍ഷം ഷബാനുവിന്റെ വിവാഹമായിരുന്നു ക്ഷണക്കത്തുകിട്ടിയെങ്കിലും ഉത്തമനു പോകാനായില്ല.
    പിന്നീട് ഞാറ്റുവേലകള്‍ പലതും കടന്നുപോയി. ഓണവും വിഷുവും തിരുവാതിരയും ബക്രീദും ക്രിസ്തുമസ്സും കടന്നുപോയി.
    കത്ത് മടക്കി പോക്കറ്റിലിട്ട് ഉത്തമന്‍ ഓര്‍മ്മവിട്ടിറങ്ങി.
    മണ്ണാത്തിപ്പുഴയോരത്താണ് ഷബാനുവിന്റെ കൃഷിഭവന്‍. ബസ്സിറങ്ങി ജീപ്പില്‍ കയറി. പിന്നെ രണ്ടു നാഴിക നടക്കാനുണ്ടെന്ന് അവള്‍ എഴുതിയത് ഓര്‍മ്മയുണ്ട്.
    ഉത്തമന്‍ നടന്നു. അക്കേഷ്യ പൂത്തുനില്‍ക്കുന്ന കാടിനുള്ളിലൂടെ  നടക്കുമ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ ഉത്തമനുതോന്നി.
    ദൂരെ അട്ടപ്പാടി ഗിരിനിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
    ദൂരെയുള്ള മലഞ്ചെരുവില്‍ എത്താന്‍ തിടുക്കപ്പെട്ട് ഉത്തമന്‍ ഓട്ടം പിടിച്ചു.
    മലയടിവാരത്തില്‍ തൊട്ടാവാടിപ്പൂക്കളുടെ  കാട്. ആ പൂങ്കാടിനു നടുവില്‍ ഒരൊറ്റയാന്‍ നില്‍ക്കുന്നതുപോലെ  കനത്ത പച്ചപ്പ്. അതിനു മുന്നില്‍ കൃഷിഭവന്റെ ബോര്‍ഡ് കണ്ടപ്പോള്‍ ഉത്തമന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു.
    കാട്ടരുവിയുടെ  തെളിനീരില്‍ മുഖവും കാലും കഴുകി നിവര്‍ന്നപ്പോള്‍ ക്ഷീണം വിട്ടകന്നു. അപ്പോള്‍ കാടിന്റെ ആരവം കാതില്‍ മുഴങ്ങി. കാറ്റില്‍ മുല്ലപ്പൂക്കളുടെ മാദക ഗന്ധം. ബോര്‍ഡിനുമുമ്പില്‍ നോക്കുകുത്തി പോലെ ഒരാദിവാസി പയ്യന്‍. ഉത്തമനെ കണ്ടതും അവന്‍ പച്ചപ്പിനുള്ളിലേക്കു ഓടി. അവ്യക്തമായ ഒരു ഈണത്തില്‍ അവന്‍ ആരെയോ വിളിക്കുന്നു. അകത്ത് ഹാഫ് ഡോറിന്റെ തുരുമ്പിച്ച വിജാഗിരി കരയുന്നതു കേട്ടു. പിറകെ കോട്ടണ്‍ സാരിയുടെ  ഞൊറിവുകള്‍ ഉതിര്‍ക്കുന്ന മര്‍മ്മരം.
    മുന്നില്‍ നിലാവ് പോലെ ഷബാനു.. കണ്ണില്‍ വിസ്മയവും ചുണ്ടില്‍ അണപൊട്ടിയ പുഞ്ചിരിയും.
‘    വരൂ.......ക്വാര്‍ട്ടേഴ്സിലിരിക്കാം.....‘
    അവള്‍ മുമ്പേ നടന്നു. അനുസരണയോടെ പിറകെ ഉത്തമനും.
    മുല്ലവള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞ് തൊട്ടാവാടികളെ തൊട്ടുരുമ്മി അവര്‍ കെട്ടിടത്തിന്റെ പിന്‍വശത്തെത്തി. ശരിക്കും ഒരു പര്‍ണ്ണാശ്രമം തന്നെ. ചുമരില്‍ ‘ആരണ്യകം‘ എന്ന നെയിംബോര്‍ഡ് തൂങ്ങുന്നു. ‘
    ഇരിക്കൂ....‘ അവള്‍ ചൂരല്‍കസേര ചൂണ്ടി. അയാള്‍ കസേരയില്‍ അമര്‍ന്നു. മുറ്റത്ത് മുല്ലപ്പൂങ്കാട്. വെയിലത്ത് അവയെല്ലാം നക്ഷത്രങ്ങളായി മാറുന്നതായി തോന്നി. മുല്ലപ്പൂക്കളില്‍ നിന്ന് തേന്‍ നുകരുന്ന ശലഭങ്ങള്‍. പുക്കളുടെ ജീവിതം  ഇവിടെ സുരഭിലമാണെന്ന് ഉത്തമന്‍ ഓര്‍ത്തു.
‘    ഉത്തമേട്ടാ.....ചായ.‘
‘    ഇത്ര പെട്ടെന്നോ?‘
‘    ഫ്ളാസ്കില്‍ വെച്ചിരുന്നു.‘
‘    ഫ്ളാസ്ക്കെല്ലാം പ്രകൃതിവിരുദ്ധമല്ലേ? മണ്‍കുടത്തില്‍ വെച്ച മല്ലിക്കാപ്പി തരുമെന്നാ കരുതിയത്.‘
    ഉത്തമന്റെ വിമര്‍ശനത്തിന് ചുട്ട മറുപടിയാണ് അയാള്‍ പ്രതീക്ഷിച്ചത്. പക്ഷെ അവളുടെ ചുണ്ടില്‍ ചതഞ്ഞ ഈന്തപ്പഴത്തിന്റെ ശോണിമയും മൌനവും മാത്രം. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവള്‍ വീട്ടുവിശേഷങ്ങളിലേക്ക് കടന്നു. ‘
    ചേച്ച്യേം കുട്ട്യേളേം കൂടി കൊണ്ടുവരാര്‍ന്നു ഉത്തമേട്ടന്.‘

    കഴനിപ്പാടത്ത് പണിക്കാരുണ്ട്. എല്ലാവരും കൂടി പോന്നാല്‍ ശരിയാവൂല്ലാ....ഞാന്‍ ചെന്നിട്ട്  വേണം കൂലികൊടുക്കാന്‍‘  ഉത്തമന്‍ തന്റെ തിരക്കറിയിച്ചു.
‘    അപ്പോ ഉത്തമേട്ടന് ഇപ്പോ തന്നെ പോണെന്നാണോ പറേണത്. ‘
‘    അതെ ....ആട്ടെ എവിടെ നിന്റെ കെട്ടിയോന്‍?‘
‘    പുള്ളിക്കാരന്‍ നാട്ടിലാ... മൂപ്പര്‍ക്ക് ഈ കാടൊന്നും അത്ര പിടിക്കിണില്ല്യാ..... ഇവിടെ നിക്കാനും  പുള്ളിക്ക് താല്പര്യംല്ല്യാ...‘
    ഉത്തമന്‍ അവളെ വായിച്ചു. അവള്‍ പഴയ ഷബാനുവല്ലാ...മേഘപാളിയില്‍ മറഞ്ഞുപോയ പൂര്‍ണ്ണനിലാവിന്റെ നിഴല്‍ മാത്രമാണിത്.
‘    ഷബാനു..ഒന്നും പറഞ്ഞില്ലല്ലോ... എന്തിനാ എന്നോട് വരാന്‍ എഴുത്യേത്.?‘ ഉത്തമന്‍ ചോദിച്ചു.
‘    ഒരുപാട് പറയാനുണ്ടായിരുന്നു. ഇപ്പൊ ഒന്നും ഓര്‍മ്മ വര്ണില്ലാ.. ഒന്ന് കാണണംന്ന് തോന്നിയതോണ്ടാ എഴുത്യേത്. ഇത്രേം ദുരം പ്രയാസപ്പെട്ട് യാത്ര ചെയ്ത് ഉത്തമേട്ടന്‍ വന്നല്ലൊ.. അതുമതി.... എനിക്ക് സന്തോഷംണ്ട്. ഇനി കാണാന്‍ സാധിച്ചില്ലെങ്കിലോ എന്നായിരുന്നു എന്റെ പേടി....മനുഷ്യാവസ്ഥയല്ലെ? ഒന്നും പറയാന്‍ പറ്റില്ലല്ലൊ...‘
    അവളുടെ കണ്ണുകള്‍ കാട്ടാറായി. കവിളിലൂടെ കുതിച്ചുചാടി. അവള്‍ വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു.
‘    എന്താ    കുട്ടീ..... ഇങ്ങനെയൊക്കെ..... കരഞ്ഞു തീര്‍ക്കാനുള്ളതല്ലല്ലൊ ജീവിതം. ഒരു പാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെയൊക്കെ ഈ ഭൂമിയിലേക്ക് പടച്ചുവിട്ടത്. നമ്മളതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയാണോ? ഷബാനു എനിക്കൊരു വഴി കാട്ടിതന്നു. ഞാനാ വഴിയിലൂടെ  ഏറെ ദൂരം നടന്നു. ഇപ്പഴും അതുതന്നെയാണ് എന്റെ വഴി. കുട്ടിക്കും അതുപോലെ ഒരു വഴിയുണ്ട്. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം, ഉദ്യോഗം ഇതെല്ലാം ചേര്‍ന്നതാണ് മോളെ നിന്റെ വഴി.‘
    ഒറ്റശ്വാസത്തിലാണ് ഉത്തമന്‍ പറഞ്ഞുതീര്‍ത്തത്. ശരീരം വല്ലാതെ തണുക്കുന്നതായി ഉത്തമനറിഞ്ഞു.
‘    എന്റെ ഭര്‍ത്താവ് ഒരു പാവമാണ് ഉത്തമേട്ടാ.....ഞാനദ്ദേഹത്തിന്റെ ഭാവി തുലച്ചൂന്നാ പറയ്ണത്. എനിക്ക് എന്റെ സമ്പ്രദായത്തില്‍ നിന്ന് ഒരിഞ്ച് വിട്ടുമാറാന്‍ കഴിയിണില്ല്യാ... പിന്നെ ഞാനെന്താ ചെയ്യ്യാ....‘
    ഷഹര്‍ബാന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ ഉത്തമന്‍ വിഷണ്ണനായി. ഏറെ നേരം അയാള്‍ മൌനിയായി. ഒടുവില്‍ ഇങ്ങനെ പറഞ്ഞു. 
‘    മണ്ണറിഞ്ഞ് വിത്തിടാന്‍ എളുപ്പം സാധിച്ചെന്ന് വരാം. പക്ഷെ മനസ്സറിഞ്ഞ് ജീവിക്കാനാണ് പ്രയാസം. എങ്കിലും അന്യോന്യം ആശയങ്ങള്‍ കൈമാറിയും പൊരുത്തപ്പെട്ടും ജീവിക്കാന്‍ ശീലിക്കണം.‘
    ദാമ്പത്യമെന്നത് കൃഷിയെപ്പോലെ തന്നെ ഒരു ദര്‍ശനമാണ്. അതൊരു ജീവിതരീതിയാണ്. വിട്ടു വീഴ്ച വേണ്ടിവരും. ഇതൊക്കെ ഞാന്‍ പറയാതെ തന്നെ കുട്ടിക്കറിവുള്ളതല്ലേ.....
    ഉത്തമന്റെ വാക്കുകള്‍ കേട്ട് ഷബാനു ചിരിച്ചു. പരിഹാസത്തിന്റെ മുള്ളുകള്‍ ചിരിയില്‍ തൂങ്ങിനിന്നിരുന്നു.
‘    രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നത് പോലെയുള്ള വിട്ടുവീഴ്ച ദാമ്പത്യജീവിതത്തിന്  പറ്റുമോ ഉത്തമേട്ടാ....?‘
    മുഖമടച്ച് അടിയേറ്റതുപോലെ ഉത്തമന്‍ പുളഞ്ഞു. മനസ്സില്‍ ഒരായിരം വിഷക്കൂണുകള്‍ പൊട്ടിവിടര്‍ന്നതുപോലെ അയാള്‍ പിടഞ്ഞു. എന്ത് പറയണമെന്നറിയാതെ ഉത്തമന്‍ ഉഴറി.
‘    ഷബാനു.... എനിക്ക് തര്‍ക്കിക്കാന്‍ നേരമില്ലാ..ഇപ്പൊ പുറപ്പെട്ടില്ലെങ്കില്‍ വീട്ടിലെത്താന്‍ വൈകും. ....അവിടെ മാതുവും കുട്ട്യോളും ഒറ്റക്കല്ലേയുള്ളൂ...‘
    അയാള്‍ പര്‍ണാശ്രമത്തിന്റെ പടിയിറങ്ങി. പെട്ടെന്ന് വീട്ടില്‍ എത്താന്‍ അയാള്‍ ആഗ്രഹിച്ചു. അയാള്‍ നടവഴിയിലെത്തി.      കഴനിപ്പാടത്ത് പണിക്കാരുണ്ട്. എല്ലാവരും കൂടി പോന്നാല്‍ ശരിയാവൂല്ലാ....ഞാന്‍ ചെന്നിട്ട്  വേണം കൂലികൊടുക്കാന്‍‘  ഉത്തമന്‍ തന്റെ തിരക്കറിയിച്ചു.
‘    അപ്പോ ഉത്തമേട്ടന് ഇപ്പോ തന്നെ പോണെന്നാണോ പറേണത്. ‘
‘    അതെ ....ആട്ടെ എവിടെ നിന്റെ കെട്ടിയോന്‍?‘
‘    പുള്ളിക്കാരന്‍ നാട്ടിലാ... മൂപ്പര്‍ക്ക് ഈ കാടൊന്നും അത്ര പിടിക്കിണില്ല്യാ..... ഇവിടെ നിക്കാനും  പുള്ളിക്ക് താല്പര്യംല്ല്യാ...‘
    ഉത്തമന്‍ അവളെ വായിച്ചു. അവള്‍ പഴയ ഷബാനുവല്ലാ...മേഘപാളിയില്‍ മറഞ്ഞുപോയ പൂര്‍ണ്ണനിലാവിന്റെ നിഴല്‍ മാത്രമാണിത്.
‘    ഷബാനു..ഒന്നും പറഞ്ഞില്ലല്ലോ... എന്തിനാ എന്നോട് വരാന്‍ എഴുത്യേത്.?‘ ഉത്തമന്‍ ചോദിച്ചു.
‘    ഒരുപാട് പറയാനുണ്ടായിരുന്നു. ഇപ്പൊ ഒന്നും ഓര്‍മ്മ വര്ണില്ലാ.. ഒന്ന് കാണണംന്ന് തോന്നിയതോണ്ടാ എഴുത്യേത്. ഇത്രേം ദുരം പ്രയാസപ്പെട്ട് യാത്ര ചെയ്ത് ഉത്തമേട്ടന്‍ വന്നല്ലൊ.. അതുമതി.... എനിക്ക് സന്തോഷംണ്ട്. ഇനി കാണാന്‍ സാധിച്ചില്ലെങ്കിലോ എന്നായിരുന്നു എന്റെ പേടി....മനുഷ്യാവസ്ഥയല്ലെ? ഒന്നും പറയാന്‍ പറ്റില്ലല്ലൊ...‘
    അവളുടെ കണ്ണുകള്‍ കാട്ടാറായി. കവിളിലൂടെ കുതിച്ചുചാടി. അവള്‍ വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു.
‘    എന്താ    കുട്ടീ..... ഇങ്ങനെയൊക്കെ..... കരഞ്ഞു തീര്‍ക്കാനുള്ളതല്ലല്ലൊ ജീവിതം. ഒരു പാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെയൊക്കെ ഈ ഭൂമിയിലേക്ക് പടച്ചുവിട്ടത്. നമ്മളതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയാണോ? ഷബാനു എനിക്കൊരു വഴി കാട്ടിതന്നു. ഞാനാ വഴിയിലൂടെ  ഏറെ ദൂരം നടന്നു. ഇപ്പഴും അതുതന്നെയാണ് എന്റെ വഴി. കുട്ടിക്കും അതുപോലെ ഒരു വഴിയുണ്ട്. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം, ഉദ്യോഗം ഇതെല്ലാം ചേര്‍ന്നതാണ് മോളെ നിന്റെ വഴി.‘
    ഒറ്റശ്വാസത്തിലാണ് ഉത്തമന്‍ പറഞ്ഞുതീര്‍ത്തത്. ശരീരം വല്ലാതെ തണുക്കുന്നതായി ഉത്തമനറിഞ്ഞു.
‘    എന്റെ ഭര്‍ത്താവ് ഒരു പാവമാണ് ഉത്തമേട്ടാ.....ഞാനദ്ദേഹത്തിന്റെ ഭാവി തുലച്ചൂന്നാ പറയ്ണത്. എനിക്ക് എന്റെ സമ്പ്രദായത്തില്‍ നിന്ന് ഒരിഞ്ച് വിട്ടുമാറാന്‍ കഴിയിണില്ല്യാ... പിന്നെ ഞാനെന്താ ചെയ്യ്യാ....‘
    ഷഹര്‍ബാന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ ഉത്തമന്‍ വിഷണ്ണനായി. ഏറെ നേരം അയാള്‍ മൌനിയായി. ഒടുവില്‍ ഇങ്ങനെ പറഞ്ഞു. 
‘    മണ്ണറിഞ്ഞ് വിത്തിടാന്‍ എളുപ്പം സാധിച്ചെന്ന് വരാം. പക്ഷെ മനസ്സറിഞ്ഞ് ജീവിക്കാനാണ് പ്രയാസം. എങ്കിലും അന്യോന്യം ആശയങ്ങള്‍ കൈമാറിയും പൊരുത്തപ്പെട്ടും ജീവിക്കാന്‍ ശീലിക്കണം.‘
    ദാമ്പത്യമെന്നത് കൃഷിയെപ്പോലെ തന്നെ ഒരു ദര്‍ശനമാണ്. അതൊരു ജീവിതരീതിയാണ്. വിട്ടു വീഴ്ച വേണ്ടിവരും. ഇതൊക്കെ ഞാന്‍ പറയാതെ തന്നെ കുട്ടിക്കറിവുള്ളതല്ലേ.....
    ഉത്തമന്റെ വാക്കുകള്‍ കേട്ട് ഷബാനു ചിരിച്ചു. പരിഹാസത്തിന്റെ മുള്ളുകള്‍ ചിരിയില്‍ തൂങ്ങിനിന്നിരുന്നു.
‘    രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നത് പോലെയുള്ള വിട്ടുവീഴ്ച ദാമ്പത്യജീവിതത്തിന്  പറ്റുമോ ഉത്തമേട്ടാ....?‘
    മുഖമടച്ച് അടിയേറ്റതുപോലെ ഉത്തമന്‍ പുളഞ്ഞു. മനസ്സില്‍ ഒരായിരം വിഷക്കൂണുകള്‍ പൊട്ടിവിടര്‍ന്നതുപോലെ അയാള്‍ പിടഞ്ഞു. എന്ത് പറയണമെന്നറിയാതെ ഉത്തമന്‍ ഉഴറി.
‘    ഷബാനു.... എനിക്ക് തര്‍ക്കിക്കാന്‍ നേരമില്ലാ..ഇപ്പൊ പുറപ്പെട്ടില്ലെങ്കില്‍ വീട്ടിലെത്താന്‍ വൈകും. ....അവിടെ മാതുവും കുട്ട്യോളും ഒറ്റക്കല്ലേയുള്ളൂ...‘
    അയാള്‍ പര്‍ണാശ്രമത്തിന്റെ പടിയിറങ്ങി. പെട്ടെന്ന് വീട്ടില്‍ എത്താന്‍ അയാള്‍ ആഗ്രഹിച്ചു. അയാള്‍ നടവഴിയിലെത്തി.

ഉത്തമേട്ടാ....ഒന്ന് നിക്കണെ...‘ പിറകില്‍ നിന്നു ഷബാനു വിളിക്കുന്നത് കേട്ടു.
    അയാള്‍ കാത്തുനിന്നു. ചിറകൊടിഞ്ഞ പൂത്തുമ്പിയായി അവള്‍ മുന്നിലെത്തി.
‘    എന്തേ?‘ അയാള്‍ തിരക്കി.
    തീക്ഷ്ണമായ ഒരു നോട്ടം അവളുടെ കണ്ണുകളില്‍ നിന്ന് പ്രവഹിച്ചു. പിന്നെ നിര്‍ന്നിമേഷയായി അവള്‍ തലതാഴ്ത്തി.
‘    ഇല്ല്യാ.....ഒന്നുല്ല്യാ....‘ ഉത്തമേട്ടന്‍ പൊയ്ക്കൊളൂ...
    സഹതാപത്തിന്റെ ഒരു സമുദ്രം അയാളില്‍ അപ്പോള്‍ തിരയടിച്ചു. ഷബാനുവിനെ ഒന്നാശ്വസിപ്പിക്കാന്‍ പോലും തനിക്കായില്ലല്ലോ എന്ന കുറ്റബോധത്തിന്റെ തിരത്തള്ളലില്‍ അയാളുടെ കാലിടറി. അശാന്തമായ മനസ്സോടെ ഒന്നു തിരിഞ്ഞുനോക്കാന്‍ പോലുമാവാതെ ഉത്തമന്‍ മണ്ണാത്തിപ്പുഴയിലെത്തി.
    മണ്ണാത്തിപ്പുഴയുടെ  ഓളങ്ങളില്‍ അയാള്‍ മുഖം പൂഴ്ത്തി. കണ്ണുകളിലെ കാട്ടാറ് തെളിനീരില്‍ കലരുന്നതും  ഉപ്പുരസം സ്രവിക്കുന്നതും ഉത്തമന്‍ അറിഞ്ഞു.
    മനസ്സില്‍ പെരുങ്കാടിന്റെ പെരുമ്പറയായിരുന്നു. കാട്ടില്‍ തീക്കാറ്റിന്റെ സീല്‍ക്കാരം.
    ബസ്സിലിരിക്കുമ്പോള്‍ ഉത്തമന്റെ മനസ്സ് ചോദിച്ചു.
    ഈശ്വരാ ഷഹര്‍ബാന്‍ എനിക്കാരാണ്? അവള്‍ക്ക് ഞാനാരാണ്?.....‘


ടി.വി. എം. അലി
കഥാലയം
ഞാങ്ങാട്ടിരി പി. ഒ.

ഇ - കവിതകള്‍- പൂവാലശലഭങ്ങള്‍



ഒന്ന്


പ്രാണന്റെ ചരടില്‍
കോര്‍ത്തതുകൊണ്ടാവാം
പ്രണയമണി തൂവല്‍
കൊഴിയാത്തത്.
കരളിന്റെ  ഉള്ളില്‍
കലര്‍ന്നതു കൊണ്ടാവാം
മധുരനൊമ്പരം
പൊഴിയാത്തത്.

രണ്ട്


പുഴയായിരുന്നെങ്കില്‍
ജലവളയം കൊണ്ട്
പാദസരം
അണിയിച്ചേനെ....
പൂവായിരുന്നെങ്കില്‍
നിന്‍മുടിത്തുമ്പില്‍
നറുമണമായേനെ...
കാറ്റായിരുന്നെങ്കില്‍
രാമച്ചവിശറിയായേനെ...


മൂന്ന്


പകലിന് രാവിനോട് മോഹം.
പൂവിന് തേനുണ്ണാന്‍ മോഹം.
സൂര്യന് വെണ്ണിലാവാവാന്‍ മോഹം.
മോഹത്തിന് എത്രയെത്ര മോഹം.

Saturday, 8 September 2012

മാധ്യമം ദിനപത്രത്തില്‍ 7 9 12  ന് പ്രസിദ് ധീകരിച്ച  വാര്‍ത്ത 




Thursday, 6 September 2012

അലി മണിക്ഫാന്‍ സൌഹൃദസന്ദര്‍ശനത്തിന് പട്ടാമ്പിയിലെത്തി

അലി മണിക്ഫാന്‍ 
പട്ടാമ്പി: ബഹുമുഖപ്രതിഭയായി അറിയപ്പെടുന്ന മിനിക്കോയി സ്വദേശി അലി മണിക്ഫാന്‍ സൌഹൃദസന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം പട്ടാമ്പിയിലെത്തി. അമേച്വര്‍ ആസ്ട്രോണമര്‍ ആയ കൊഴിക്കോട്ടിരി അബ്ദുല്‍ ഗഫൂര്‍ തോട്ടിങ്ങലിന്റെ വീട്ടിലാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തിയത്. ഒന്നര  പതിറ്റാണ്ടു മുമ്പ് പരിചയപ്പെട്ടവരാണ് ഇരുവരും. ഏകീകൃതഹിജ്റ കലണ്ടറിന് രൂപം നല്‍കിയ ഗോളശാസ്ത്രജ്ഞന്‍ കൂടിയാണ് അലി മണിക്ഫാന്‍. നാം ഇപ്പോള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ അശാസ്ത്രീയമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.
   
    ഗ്രിഗോറിയന്‍ കലണ്ടര്‍ ആദ്യമായി റോമില്‍ പ്രചരിച്ചത് ബിസി 46-ല്‍ ജൂലിയസ് സീസര്‍ എന്ന ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു. അക്കാലത്ത് ജൂതപുരോഹിതന്മാര്‍ അവരുടെ ഇച്ഛയ്ക്കൊത്ത് കലണ്ടറില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതില്‍ തൃപ്തിയില്ലാത്ത ചക്രവര്‍ത്തി സൂര്യനെ അടിസ്ഥാനമാക്കി കാലഗണന നടത്തുന്ന മാതൃക പിന്തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് ചന്ദ്രമാസക്കലണ്ടര്‍ നിരോധിക്കപ്പെട്ടു. ജൂലിയസ് സീസറുടെ കാലശേഷം ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നു. പിന്നീട് 1582 - ല്‍ പോപ്പ് ഗ്രിഗറി 13 - ാമന്റെ കാലത്ത് ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപം കൊണ്ടു. ഇവയെല്ലാം പല തവണ  തിരുത്തപ്പെട്ട കലണ്ടറുകളായിരുന്നുവെന്ന് അലി മണിക്ഫാന്‍ വിവരിച്ചു.
   
മണിക് ഫാന്‍ അബ്ദുല്‍ഗഫൂറിനൊപ്പം                   
    1960 - കളിലാണ് മണിക്ഫാന്‍ ആഗോളകലണ്ടറിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.സൂര്യചന്ദ്രന്മാരും ഭൂമിയും ഒരേ തലത്തില്‍ വരുന്ന ദിവസമാണ് വാവ് എന്നറിയപ്പടുന്നത്. അടുത്ത ദിവസം ചന്ദ്രമാസത്തിലെ ഒന്നാം ദിവസമാണ്. ശാസ്ത്രലോകം ചന്ദ്രമാസനിര്‍ണയം നടത്തുന്നത് ഈ ഗണിതമനുസരിച്ചാണ്. ചന്ദ്രസഞ്ചാരഗതി കൃത്യമായതിനാല്‍ ലോകം മുഴുവന്‍ ബാധകമായ ഒരു ഏകീകൃതഹിജ്റ കലണ്ടറിനാണ് അലി മണിക്ഫാന്‍ രൂപം നല്‍കിയത്.എന്നാല്‍ ഏകീകൃത ഹിജ്റ കലണ്ടറിനെ അംഗീകരിക്കാന്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന പണ്ഡിതന്മാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ മിനിക്കോയിയില്‍ മൂസ മണിക്ഫാന്‍ - ഫാത്തിമാ മണിക്ക ദമ്പതികളുടെ രണ്ടാമത്തെ  മകനായി പിറന്ന അലി മണിക്ഫാന്‍ സമുദ്രജീവശാസ്ത്രം , സമുദഗവേഷണം , ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, സാമൂഹ്യശാസ്ത്രം, പരിസ്ഥിതിവിജ്ഞാനശാസ്ത്രം, പാരമ്പര്യ കപ്പല്‍നിര്‍മാണശാസ്ത്രം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ വിജ്ഞാനശാഖകളില്‍ അതിനിപുണനാണ്. അലി മണിക് ഫാന്‍ സമുദ്രഗവേഷണം നടത്തുന്ന കാലത്ത് കണ്ടെത്തിയ അപൂര്‍വമത്സ്യത്തിന് ശാസ്ത്രലോകം നല്‍കിയത് അബൂഡെഫ്- ഡഫ് മണിക്ഫാനി എന്ന നാമമാണ്. കടലിനേയും അ തിലെ ജീവികളെയും സംബന്ധിച്ച് അദ്ദേഹത്തിന്റെ അറിവ് ശാസ്ത്രലോകം അത്ഭുതത്തോടെയാണ് കാണുന്നത്.

    1981-ല്‍ മണിക് ഫാനിന്റെ നേതൃത്വത്തില്‍ ഒമാനിലെ സുറില്‍ നിര്‍മിച്ച സോഹര്‍ എന്ന കപ്പലും ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.വിവിധ മേഖലകളില്‍ തനതായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയ ഈ മനുഷ്യന്‍ ഇന്നും സാധാരണക്കാരനായാണ് ജീവിക്കുന്നത്. എളിമയും വിനയവും കൈവിടാതെ സുഹൃദ്ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിക്കുന്ന മണിക്ഫാന്‍ പട്ടാമ്പിയില്‍ നിന്ന് യാത്ര തിരിച്ചത് മണ്ണാര്‍ക്കാട്ടേക്കാണ്.ഓരോ സുഹൃദ്സന്ദര്‍ശനവും അദ്ദേഹത്തിന് പുതിയ അനുഭവവും അറിവുവുമാണ് സമ്മാനിക്കുന്നത്.

Sunday, 2 September 2012

സ്വകാര്യം

പുതുകാലത്തോട് സംവദിക്കാന്‍
കൊതിക്കുന്ന നവ ബ്ളോഗര്‍
എന്ന നിലയില്‍ ബൂലോഗത്തേക്ക്
പ്രവേശിക്കുകയാണ്.
ഐ.ടി.യില്‍ നിരക്ഷരനാണെങ്കിലും
എഴുത്തിന്റെ വഴിയില്‍ മുപ്പതാണ്ടിന്റെ
കൈത്തഴന്വുണ്ട്.

    ആദ്യമായി ചന്ദ്രനില്‍ കാല്‍കുത്തിയ
നീല്‍ ആംസ്ട്രോങ്ങും , ചൊവ്വയില്‍
പറന്നിറങ്ങിയ ക്യൂരിയോസിറ്റിയും
അനുഭവിച്ച അപരിചിതത്വവും ,
അമ്പരമ്പും, അണുവികരണഭീതിയും
ഇപ്പോള്‍ എന്നിലുമുണ്ട്.

    കൊടുമുണ്ട ഗവ.ഹൈസ്കൂളില്‍
അധ്യാപകനും, മനസ്സില്‍ എപ്പോഴും 
പ്രതികരണത്തിന്റെ ഓലച്ചൂട്ട് സൂക്ഷിക്കുന്ന
മനുഷ്യസ്നേഹിയുമായ എം ഗോപിനാഥനാണ്
എന്നെ ബൂലോഗത്തേക്ക് നയിച്ചത്.
യുവസുഹൃത്തും എഴുത്തുകാരനുമായ കെ.ജയാനന്ദും
പിന്തുണക്കുന്നു. ഇരുവര്‍ക്കും നന്ദി.
ബൂലോഗത്തിന് നമസ്കാരം.