സഖാവ് ഇ.പി ഗോപാലൻ സ്മൃതി
………..ടി.വി.എം അലി……...
വള്ളുവനാട്ടിലെ സ്വാതന്ത്ര്യ സമര പോരാളിയും നിയമസഭ സാമാജികനുമായിരുന്ന സഖാവ് ഇ.പി.ഗോപാലൻ ഇരുപത് വർഷം മുമ്പാണ് നമ്മെ വിട്ടുപിരിഞ്ഞത്.
1980കൾ തൊട്ട് ഇ.പിയുമായി അടുത്തിടപഴകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. മണ്ണേങ്ങോട് 'അരുണ'യിൽ പലവട്ടം ഞാൻ പോയിട്ടുണ്ട്. അരുണയുടെ മുറ്റത്ത് പടർന്ന് പന്തലിച്ച് നിന്നിരുന്ന തേന്മാവിൻ്റെ മാമ്പഴ രുചി ഇന്നും നാവിൻ തുമ്പത്തുണ്ട്. സ്വർണ്ണവർണ്ണമുള്ള വലിയ മാങ്ങയുടെ തൊലി ചെത്തി ചെറിയ പൂളുകളാക്കി പ്ലേറ്റിൽ വെച്ച് സൽക്കരിക്കലായിരുന്നു ഇ.പിയുടെ പ്രധാന ഹോബി.
അരുണയിൽ ചെല്ലുന്നവർക്കെല്ലാം ആ മാമ്പഴ രുചി നുണയാതെ തിരികെ പോരാനാവില്ല. ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ യോഗങ്ങളിലും സെമിനാറുകളിലും മറ്റു പരിപാടികളിലും ഇ.പിയോടൊപ്പം ചേർന്നു നടക്കാൻ അവസരം ലഭിച്ചിരുന്നു. 1990കളിൽ ഞാങ്ങാട്ടിരി ഗ്രാമ വിചാരവേദിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിക്കാനും സാധിച്ചു.
1994ലും 1996ലും തൃശൂർ എക്സ്പ്രസ്സ് പത്രത്തിനുവേണ്ടി ഇ.പിയെ ഇൻ്റർവ്യൂ ചെയ്യാനുള്ള ചുമതലയും എന്നിലർപ്പിതമായിരുന്നു. അന്നത്തെ രണ്ടു പത്രങ്ങളും ഇന്നും എൻ്റെ ഫയൽ ശേഖരത്തിലുണ്ട്.
കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.പി. ഗോപാലൻ 1912ലാണ് ജനിച്ചത്.
ഒന്നും അഞ്ചും നിയമസഭകളിൽ ഇ.പി പട്ടാമ്പി നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തെയാണ് ഇ.പി. ഗോപാലൻ പ്രതിനിധീകരിച്ചത്.
1930കളിൽ വള്ളുവനാട്ടിൽ നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിലംഗമാവുകയും
യുദ്ധത്തിനെതിരെ തീപ്പൊരി പ്രസംഗം നടത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ഇ.പി 21മാസത്തോളം ജയിൽ വാസം അനുഭവിച്ചു. വള്ളുവനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും കർഷക സമരങ്ങളിലും ഇ.പി സജീവമായി പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലത്തും ഒളിവിലും തെളിവിലും പ്രവർത്തിക്കേണ്ടി വന്നു. നിയമസഭാംഗം, മലബാർ ജില്ലാ ബോർഡംഗം, പാലക്കാട് ജില്ലാ കർഷക സംഘം പ്രസിഡന്റ്, അഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷ്യൽ ചെയർമാൻ എന്നീ നിലകളിലും ഇ.പി പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ1ന് കേരള പിറവി ദിനത്തിലാണ് സഖാവ് ഇ.പി. ഗോപാലൻ മരണപ്പെട്ടത്.
1994ൽ 'തീക്കതിരിൻ്റെ തിളക്കം' എന്ന പേരിൽ എക്സ്പ്രസ് പത്രത്തിൽ എഴുതിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗം ഇ.പിയെ അറിയാത്തവർക്ക് വേണ്ടി സ്മൃതിദിനത്തിൽ പുനരാവിഷ്ക്കരിക്കുകയാണ്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളർന്നു പന്തലിക്കാൻ മണ്ണ് ഒരുക്കിയവരിൽ പ്രധാനിയാണ് മണ്ണേങ്കോടിൻ്റെ വീരപുത്രനായ ഇ.പി ഗോപാലൻ. 1912ൽ മുല്ലപ്പള്ളി പുത്തൻ വീട്ടിൽ ചാത്തുണ്ണി നായരുടെയും ഇറശ്ശേരി പടിഞ്ഞാറേതിൽ കുഞ്ഞു അമ്മയുടെയും മകനായി ജനനം. പ്രതികരണശേഷി നഷ്ടപ്പെടലാണ് മരണം എന്ന് കരുതിയിരുന്ന ഇ.പി മരണം വരെയും ജനകീയ പ്രശ്നങ്ങളിൽ മുന്നിലുണ്ടായിരുന്നു.
വാക്കും പ്രവൃത്തിയും കൂട്ടിയിണക്കാൻ ഇ.പി എന്നും ശ്രദ്ധാലുവായിരുന്നു. മെലിഞ്ഞ ശരീരത്തിനുള്ളിൽ പൊലിയാത്ത നിശ്ചയ ദാർഢ്യമുണ്ടായിരുന്നു. ഇ.പിയുടെ പ്രസംഗം ഇമ്പമുള്ളതായിരുന്നു. അതിനാൽ അദ്ദേഹത്തെ ശ്രവിക്കാൻ ധാരാളം പേർ എത്തുമായിരുന്നു. ഹാസ്യരസത്തോടെയും ഭാവാഭിനയത്തോടെയും നാടൻ ശീലുകൾ കോർത്തിണക്കിയുള്ള പ്രസംഗം അനർഗള പ്രവാഹം തന്നെയാണ്. മൈക്ക് കണ്ടാൽ എല്ലാ ക്ഷീണവും മറക്കുന്ന അദ്ദേഹം എത്രനേരം വേണമെങ്കിലും പ്രസംഗിക്കും.
''ഇന്ന് പ്രസ്ഥാനങ്ങൾ കുറവാണ്.പാർട്ടികളാണ് കൂടുതൽ. മൗലികമായ പ്രശ്നം അധികാരത്തിൻ്റെതാണ്. പെട്ടെന്ന് ഭിന്നിക്കാനും പിന്നീട് യോജിക്കാനും കഴിയുന്നത് അധികാരത്തിൽ പങ്കു കിട്ടാനുള്ള ആർത്തി കൊണ്ടാണ്. പണ്ട് അധികാരം അകലെയായിരുന്നു. ആദർശം ജീവനേക്കാൾ വലുതായിരുന്നു.ഇന്നാകട്ടെ അധികാരത്തിൻ്റെ അപ്പക്കഷ്ണത്തിന് ഒരാദർശവും തടസ്സമാകുന്നില്ല. ജനസേവകരായ കമ്മ്യൂണിസ്റ്റുകാർ പോലും അധികാരത്തിൻ്റെ പിറകെയാണ് പായുന്നത്.'' 'എക്സ്പ്രസ്സി'ന് അനുവദിച്ച അഭിമുഖത്തിൽ അഗ്നി സ്ഫുരിക്കുന്ന വാക്കുകളോടെയാണ് ഇ.പി സംസാരം തുടങ്ങിയത്. ഇന്നും അതോർമ്മയുണ്ട്.
1955ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച ഇ.പി അന്നത്തെ കാര്യത്തിലേക്ക് കടന്നു. അന്ന് കെട്ടിവയ്ക്കാൻ 50 രൂപ പോലും ഇല്ലായിരുന്നു. ഒരാൾ സഹായിച്ചത് കൊണ്ടാണ് തുക കെട്ടിവച്ചത്. ബോർഡിൻ്റെ ഭരണനേട്ടം 1957ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥിയായിരിക്കെയാണ് ഇ.പി രാഷ്ട്രീയത്തിൽ ആകൃഷ്ടനായത്. 1930 ആഗസ്റ്റിൽ കല്ലായി എട്ടാം നമ്പർ കള്ളുഷാപ്പ് പിക്കറ്റ് ചെയ്തതിന് നാലരമാസം തടവിലായി. അന്ന് കോൺഗ്രസിൻ്റെ വള്ളുവനാട് താലൂക്ക് സെക്രട്ടറിയായിരുന്നു.
1939ൽ ചെർപ്ലശ്ശേരിയിൽ വെച്ച് യുദ്ധവിരുദ്ധ പ്രസംഗം നടത്തിയതിന് വീണ്ടും തടവിലായി. കണ്ണൂർ ജയിലിൽ രണ്ടു വർഷം കിടന്നു. തടവു കാലത്ത് നിരാഹാര സമരവും നടത്തിയിട്ടുണ്ട്. പഴയ മദിരാശി സംസ്ഥാനത്തിലെ രാജമന്ധ്രി, വെല്ലൂർ, ബെല്ലാരി, മദ്രാസ്, കടലൂർ, അലിപ്പുരം, കണ്ണൂർ, കോയമ്പത്തൂർ തുടങ്ങിയ എല്ലാ ജയിലുകളിലും ഇ.പി തടവുകാരനായിട്ടുണ്ട്. ജയിലുകളിൽ കടുത്ത പീഡനമായിരുന്നു. ഭക്ഷണമാണെങ്കിൽ മഹാമോശം. പുഴുക്കളും കല്ലും നിറഞ്ഞ കട്ടചോറും നാറുന്ന പരിപ്പ് കൂട്ടാനും ആണ് കിട്ടിയിരുന്നത്.
1941ൽ വിചാരണ കൂടാതെയുള്ള തടവുകാരനായി നാലുവർഷം രാജമന്ധ്രി ജയിലിൽ കിടന്നപ്പോൾ സ്ഥിതിയിൽ അൽപം മാറ്റം വന്നു. ഭക്ഷണത്തിന് മൂന്നര രൂപ ഉണ്ടായിരുന്നു. അതിനും പുറമേ വീട്ടിലേക്ക് 50 രൂപ അലവൻസായി അയക്കുകയും ചെയ്തിരുന്നുവെന്ന് ഇ.പി പറഞ്ഞു.
രാജമന്ധ്രി ജയിൽ വിടുമ്പോൾ, ജയിലിൽ അവശേഷിച്ചിരുന്നത് മറ്റൊരു ഗോപാലൻ മാത്രമായിരുന്നു. സാക്ഷാൽ കെ.പി.ആർ ഗോപാലൻ. സ്വാതന്ത്ര്യം നേടിയത് അർദ്ധരാത്രിയിൽ ആണെങ്കിൽ, ഇ.പിയുടെ സൂര്യൻ ഉദിച്ചത് അതേ ദിവസം തന്നെ. ആഗസ്റ്റ് 14ന് വെല്ലൂർ ജയിൽ വിട്ടിറങ്ങിയ ഇ.പി പിറ്റേന്ന് സ്വതന്ത്ര ഭാരത പൗരൻ ആയി ഷൊർണൂരിലാണ് വണ്ടിയിറങ്ങിയത്. മനസ്സുനിറയെ ആഹ്ലാദമായിരുന്നു. പക്ഷേ ജനങ്ങൾ അത്ര ആവേശം കാട്ടിയില്ല. സ്വാതന്ത്ര്യം ആഘോഷിക്കാൻ ചേർന്ന യോഗത്തിൽ ആള് കുറവായിരുന്നു. പ്രസ്തുത യോഗത്തിൽ ഇ.പി പ്രസംഗിക്കുകയും ചെയ്തു.
സ്വാതന്ത്ര്യലബ്ധിയും കാർഷിക പരിഷ്കാരവുമാണ് തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമാനകരമായ നേട്ടം ആയി ഇ.പി കരുതിയത്. പത്തായവും പാട്ടപ്പറയും തല്ലിപ്പൊളിക്കാനും നാടുവാഴി പ്രഭുത്വത്തിൻ്റെ നട്ടെല്ല് ഒടിക്കാനും സാധിച്ചത് ചെറിയ കാര്യമല്ല എന്ന് അദ്ദേഹം പറയുന്നു. പുതിയ തലമുറയ്ക്ക് ഇതിൻ്റെ ഗൗരവം അറിഞ്ഞുകൂടാ. അന്ന് മലയാളം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. അടിയൻ, റാൻ തുടങ്ങിയ പദങ്ങൾ ആയിരുന്നു മണ്ണിൻ്റെ മക്കളുടെ വാമൊഴി. ഇന്ന് എല്ലാവരും മലയാളം സംസാരിക്കുന്നത് അന്നത്തെ പോരാട്ടത്തിൻ്റെ നേട്ടമാണെന്ന് ഇ.പി സമർത്ഥിക്കുന്നു.
1969-70ൽ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ ആയിരുന്നു ഇ.പി. അക്കാലത്ത് അദ്ദേഹം കർഷകർക്ക് പമ്പ് സെറ്റുകൾ വിതരണം ചെയ്യാനുള്ള നടപടികളെടുത്തു. ഏത്തം തേവുന്ന സമ്പ്രദായം ഇല്ലാതാക്കാനായിരുന്നു ഈ നടപടി. കാർഷിക രംഗത്ത് യന്ത്രവൽക്കരണത്തിൻ്റെ അനിവാര്യത ബോധ്യപ്പെട്ടതിനെ തുടർന്ന് ദീർഘവീക്ഷണത്തോടെ അതിനുള്ള നടപടികൾക്ക് ഇ.പി തൻ്റെതായ പങ്കു വഹിക്കുകയുണ്ടായി. അന്ന് പലരും ഈ നടപടികളെ എതിർത്തിരുന്നു.എന്നാൽ ഇന്നത് സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് ഇ.പി ചൂണ്ടിക്കാട്ടി.
ഒരു ദശാബ്ദത്തിലേറെ കാലം ജയിലിലായിരുന്ന ഇ.പി അത്രയും കാലം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1957ൽ പട്ടാമ്പിയിൽ നിന്നും, 1960ൽ പെരിന്തൽമണ്ണയിൽ നിന്നും നിയമസഭയിലെത്തിയ ഇ.പി, 1965ലും 1970ലും 1982ലും പരാജയപ്പെട്ടു.
1964 വരെ ഇ.പിയും ഇ.എം.എസും തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് ഇ.എം.എസിനെക്കാൾ പ്രവർത്തന പരിചയം ഇ.പിക്കായിരുന്നു. പാർട്ടി യോഗങ്ങളിൽ ഇരുവരും മുഖ്യ പ്രാസംഗികരുമായിരുന്നു. 1964ൽ പാർട്ടി ഭിന്നിച്ചതിനെ തുടർന്ന് ഇരുവരും രണ്ടു ധ്രുവങ്ങളിലായി. 1965ൽ ശ്രീകൃഷ്ണപുരത്ത് എതിരിടേണ്ടി വന്നത് സി.പി.എം സ്ഥാനാർത്ഥിയെയായിരുന്നു.
1970ൽ പട്ടാമ്പിയിൽ ഏറ്റുമുട്ടിയത് ഇ.എം.എസിനോടായിരുന്നു എന്നത് വിധിവൈപരീത്യമാവാം. അന്ന് മൂവായിരത്തോളം വോട്ടുകൾക്കാണ് ഇ.പി തോറ്റത്. പട്ടാമ്പി മേഖലയിൽ ഇ.പി ആയിരുന്നു മുന്നിൽ. എന്നാൽ ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് ഇ.എം.എസ് ഭൂരിപക്ഷം നേടിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് കടുത്ത ആഘാതമായിരുന്നുവെന്ന് ഇ.പി എപ്പോഴും പറയാറുണ്ട്. പാർട്ടി കെട്ടിപ്പടുത്ത കാലത്ത് നേതാവും അനുയായിയും തമ്മിൽ വ്യത്യാസം ഇല്ലായിരുന്നു. ജാഥയ്ക്ക് മുന്നിലും പിന്നിലും എല്ലാം നേതാക്കൾ നിന്നിരുന്നു. ഇ.പി ഗോപാലൻ സിന്ദാബാദ് എന്ന് വിളിക്കുന്നത് പോലും ഇ.പി വിലക്കിയിരുന്നു. ഇന്ന് എല്ലായിടത്തും നേതൃബിംബങ്ങളാണ് കാണുന്നത്. നേതാവും അനുയായിയും തമ്മിൽ ദൂരമാണിന്ന്. പാർട്ടികളിലെ നേതൃത്വബിംബവൽക്കരണം അപകടമാണ്.
സോഷ്യലിസത്തിൻ്റെ തകർച്ചയെക്കുറിച്ച് ചോദിച്ചപ്പോൾ ഇ.പി പറഞ്ഞത്, അവിടങ്ങളിലുള്ളവരുടെ അതൃപ്തിയാണ് മാറ്റത്തിന് ഇടയാക്കിയതെന്നാണ്. പുറമെ നിന്ന് ഇടപെടൽ ഉണ്ടായി എന്ന് ഇ.പി കരുതുന്നില്ല. ഇന്നവർ ദുഃഖിതരാണ്. സോഷ്യലിസത്തിൻ്റെ തകർച്ചയിൽ അവർ തികച്ചും അസംതൃപ്തരാണ്.
1972ൽ നാലുമാസത്തോളം ഇ.പി മോസ്കോയിൽ താമസിച്ചിട്ടുണ്ട്. അന്നത്തെ അനുഭവം അയവിറക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, സോഷ്യലിസത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ ഇനിയും അംഗീകരിക്കപ്പെടും എന്നാണ്. ഏറ്റവുമൊടുവിൽ ഹംഗറി നൽകുന്ന പാഠം അതാണ്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യത്തെ കുറിച്ച് ആരാഞ്ഞപ്പോൾ ഇ.പി പറഞ്ഞത്, കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നത് നേതാക്കളുടെ ഐക്യമല്ല. പ്രവർത്തനത്തിനുള്ള ഐക്യമാണ്. പൊതുവിഷയങ്ങളിൽ ഐക്യമുണ്ട്. അടിത്തട്ടിലും അണികൾക്കിടയിലും ഐക്യം വളരുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് ലയനത്തെപ്പറ്റി പറയുന്നത് കേൾക്കുക: അടിസ്ഥാന പ്രശ്നങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നാണ് ചിലർ പറയുന്നത്. അഭിപ്രായ വ്യത്യാസം തെറ്റല്ല. അതില്ലാതായാൽ പാർട്ടിതന്നെ നശിച്ചെന്നാണ് അർത്ഥം.
ജാതി, മത, വർഗീയതയെ കുറിച്ച് ഉൽക്കണ്ഠ പുലർത്തിയ ഇ.പി പറയുന്നു: സ്വാതന്ത്ര്യ സമര കാലത്ത് ദേശീയബോധം ഉണ്ടായിരുന്നു. ഇന്നത് ഇല്ലാതായി. അധികാരത്തിലേക്കുള്ള കുറുക്കു വഴികൾ തേടുന്നവരാണ് ജാതി വർഗീയതയും മത വർഗീയതയും വളർത്തുന്നത്. മതബോധത്തേക്കാൾ ശക്തി ജാതി ബോധത്തിനായതിനാൽ ഇന്നതിൻ്റെ പിറകെയാണ് ചിലർ. ഭരണകൂടത്തിൻ്റെ കഴിവില്ലായ്മയാണ് ഇവിടെ വലിയ പ്രശ്നം. നിലനിൽപ്പിനു വേണ്ടി അവർ വിട്ടുവീഴ്ച നടത്തുകയാണ്. ഇടതുപക്ഷവും ഇതിന് അപവാദമല്ല. വർഗീയതയുമായി കൂട്ടുകൂടാൻ പാടില്ലെന്ന ചിന്താഗതി വളർന്നു വരുന്നുണ്ട്.
പുത്തൻ സാമ്പത്തിക നയത്തെ കുറിച്ച് ഇ.പി പറയുന്നു: പണ്ട് സാമ്രാജ്യത്വം ശാരീരികമായിട്ടാണ് ഇടപെട്ടിരുന്നത്. ഇന്ന് സാമ്പത്തികമായി ഇടപെടുകയാണ്. അടിമ വാഴ്ചക്കെതിരെ പോരാടിയ ഇന്ത്യൻ ജനത അമേരിക്കയ്ക്ക് ദാസ്യവേല ചെയ്യാൻ വിധിക്കപ്പെടുകയാണ്.
പുതിയ അടിമ വാഴ്ചക്കെതിരെ ഒരു ജനമുന്നേറ്റം ഉണ്ടാകാൻ വൈകുന്നതിൻ്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ, ദേശീയ ബോധത്തിൻ്റെ അഭാവമാണ് ക്രിയാത്മകമായ മുന്നേറ്റം ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ അന്ധകാരത്തിൽ നിലനിർത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്. എങ്കില അവർക്ക് രക്ഷയുള്ളൂ. ഇത്തരത്തിലുള്ള ജനാധിപത്യം ജനങ്ങൾക്ക് സ്വീകാര്യമല്ല. അദ്ദേഹം പറഞ്ഞു:
വ്യവസായമില്ലായ്മയാണ് നമ്മുടെ ശാപം. ഒരു രാഷ്ട്രം അധ:പതിക്കുന്നതിൻ്റെ ചൂടും വേവും നാം അറിയുന്നില്ല. എല്ലായിടത്തും ജീർണതയാണ്. രാഷ്ട്രവും ജന്മഭൂമിയും ജീർണിക്കുന്നു. മൂല്യങ്ങൾ നശിക്കുന്നു. സത്യം, സ്നേഹം, മര്യാദ തുടങ്ങിയവയും മരിക്കുകയാണ്. രാഷ്ട്രീയ സദാചാരത്തിൻ്റെ കപട വേഷത്തിലേക്ക് ഇ.പി വിരൽചൂണ്ടി.
ഒരു എം.എൽ.എക്ക് പ്രതിമാസം 20,000 രൂപ എങ്കിലും സർക്കാർ ചെലവഴിക്കുന്നുണ്ട്. ജനപ്രതിനിധികൾ ഇന്ന് ജനങ്ങളുടെ മേധാവിയായി മാറിയിരിക്കുന്നു. സ്വന്തം ശമ്പളവും അലവൻസും ഇഷ്ടം പോലെ വർധിപ്പിക്കുന്നത് അവർ തന്നെയാണ്. ഈ രീതി മാറ്റണം. ജനപ്രതിനിധികൾ ജനങ്ങൾക്ക് ഭാരമാവരുത്. ഖജനാവ് ചോർത്തുന്നവർ ആവരുത്.
വർധിപ്പിച്ച എം.എൽ.എ പെൻഷൻ നിരസിച്ചുകൊണ്ട് ഇ.പി എഴുതിയിട്ടുണ്ട്. ഇപ്പോൾ 1200 രൂപ എം.എൽ.എ പെൻഷൻ ലഭിക്കുന്ന ഇ.പിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷനും നൽകുന്നുണ്ട്.
പരിസ്ഥിതിയെകുറിച്ച് ചോദിച്ചപ്പോൾ ഭാരതപ്പുഴ സംരക്ഷണ സമിതി ചെയർമാൻ കൂടിയായ ഇ.പി പറഞ്ഞു: പുഴ വെറും മണലും വെള്ളവും അല്ല. ജീവിതവുമായി അഭേദ്യ ബന്ധമുള്ളതാണ്. പരിസ്ഥിതി പ്രശ്നം രാഷ്ട്രീയക്കാർ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല.
നാലുവർഷം മുമ്പ് പറളിയിൽ തടയണ കെട്ടിയപ്പോൾ അത് പൊളിക്കാൻ മുമ്പിൽ ഇറങ്ങിയത് മാർക്സിസ്റ്റുകാർ ആയിരുന്നു. ഇപ്പോൾ അവർ തൃത്താലയിൽ തടയണ കെട്ടിയ വാർത്ത പത്രത്തിൽ കണ്ടു. അധികം കഴിയും മുമ്പ് തന്നെ പരിസ്ഥിതി വലിയൊരു വിഷയം ആയി തീരും എന്ന് ഉറപ്പാണ്.
കഴിഞ്ഞ വർഷം (1993) ഇ.പിയുടെ വീട്ടുമുറ്റത്താണ് പരിസ്ഥിതി പ്രേമികൾ ഒത്തുകൂടിയത്. പട്ടാമ്പി വില്ലേജ് ഓഫീസിന് കെട്ടിടം പണിയുമ്പോൾ കോമ്പൗണ്ടിൽ ഉള്ള മരങ്ങൾ മുറിക്കുന്നത് തടഞ്ഞത് ഇ.പിയാണ്. ഇന്നും അവിടെ പാലമരം ശിരസ്സുയർത്തി നിൽക്കുന്നത് ഇ.പിയുടെ വൃക്ഷ സ്നേഹം മൂലമാണ്. പട്ടാമ്പി മണ്ഡലത്തിൻ്റെ വികസനത്തിനുവേണ്ടി ഇ.പി എന്നും മുമ്പിലുണ്ടായിരുന്നു. പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജ്, പട്ടാമ്പി ഗവൺമെൻറ് ഹൈസ്കൂൾ, കോസ്'വെ കം ബ്രിഡ്ജ് എം.എം കോർട്, ആശുപത്രി, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ എണ്ണമറ്റ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ഇ.പി തൻ്റെതായ പങ്കുവഹിച്ചിട്ടുണ്ട്.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, പട്ടാമ്പി വികസനസമിതി പ്രസിഡൻറ് എന്നീ നിലകളിലും ഇ.പിയുടെ സജീവമായിരുന്നു.
മഹാവിപത്തായി തീർന്നു കൊണ്ടിരിക്കുന്ന അഴിമതി, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ അചഞ്ചലമായ പോരാട്ടം നടത്താൻ ആഗ്രഹിക്കുന്ന ഇ.പി, ചങ്കൂറ്റമുള്ള കുറച്ച് ചെറുപ്പക്കാർ എൻ്റെ കൂടെ വരുമെങ്കിൽ ഒരു കൈ നോക്കാൻ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു. യുവാക്കളുടെ നിഷ്ക്രിയത്വം പേടിപ്പെടുത്തുന്നതാണെന്ന് ഇ.പി പറയാറുണ്ട്. സമൂഹത്തിൻ്റെ ജീർണത ബോധ്യപ്പെടുകയും അതിനെതിരെ ശക്തമായ പ്രസ്ഥാനങ്ങൾ വളർന്നുവരികയും വേണം. എങ്കിലേ രക്ഷയുള്ളൂ. ബ്രിട്ടൻ്റെ കീഴിലെ പ്രജ, സ്വതന്ത്ര ഭാരതത്തിലെ പൗരനായി വളർന്നത് നാം അറിഞ്ഞിട്ടില്ല. ഇന്നും പഴയ പ്രജാബോധമാണുള്ളത്. പൗരബോധമില്ല.
ധാരാളം ഫലവൃക്ഷങ്ങളും കേരകല്പാദികളും ശിരസ്സുയർത്തി നിൽക്കുന്ന വീട്ടുപറമ്പിലെ കാനന ഛായയിലേക്ക് പടിയിറങ്ങുമ്പോൾ സ്നേഹത്തോടെ ഉപദേശം കേട്ടു: ''വിവാദങ്ങളൊന്നും എഴുതരുത്. ഭയം കൊണ്ടല്ല... ഭയമില്ലതാനും. പ്രധാന വിഷയങ്ങളെ മൂടിവയ്ക്കാനെ വിവാദങ്ങൾ സഹായിക്കുകയുള്ളൂ''.
ഇ.പിയുടെ നിരീക്ഷണങ്ങൾക്കും ചിന്തകൾക്കും ഇന്നും പ്രസക്തിയുണ്ട് എന്ന് കാൽ നൂറ്റാണ്ടിനു ശേഷവും നമ്മെ ബോധ്യപ്പെടുത്തുന്നു.
(തീക്കതിരിൻ്റെ തിളക്കം -1994 ജൂൺ 12 എക്സ്പ്രസ് വാരാന്ത പതിപ്പ്.
സൂര്യനാളത്തിന് ആയിരം ചന്ദ്രകാന്തി. 1996 ആഗസ്റ്റ് 23 എക്സ്പ്രസ്സ്)
www.kathalayam.blogspot.com