Sunday, 2 May 2021

പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിന് രണ്ടാമൂഴത്തിൽ റിക്കാർഡ് ലീഡ്.


തുടർ ഭരണത്തിന് ജനസമ്മതി നേടിയ തെരഞ്ഞെടുപ്പിൽ പട്ടാമ്പി വീണ്ടും ഇടതുപക്ഷത്ത് നങ്കൂരമിട്ടു. രണ്ടാം അങ്കം കുറിച്ച മുഹമ്മദ് മുഹ്സിൻ നിലവിലെ ഭൂരിപക്ഷം ഭേദിച്ചു കൊണ്ടാണ് വിജയഭേരി മുഴക്കിയത്.  

പിടിച്ചടക്കും പട്ടാമ്പി എന്ന് ആരവം മുഴക്കിയെത്തിയ കൊണ്ടോട്ടി സ്വദേശി റിയാസ് മുക്കോളിയെയാണ് മുഹമ്മദ് മുഹ്സിൻ 17974 വോട്ടുകൾക്ക് കെട്ടുകെട്ടിച്ചത്. 

എൽ.ഡി.എഫിലെ മുഹമ്മദ് മുഹ്സിന് 75311, യു.ഡി.എഫിലെ റിയാസ് മുക്കോളിക്ക് 57337, ബി.ജെ.പിയിലെ കെ.എം.ഹരിദാസിന് 14578 വോട്ടുകൾ ലഭിച്ചു.  യു.ഡി.എഫിൻ്റെ ശക്തി കേന്ദ്രമായ തിരുവേഗപ്പുറയിൽ 26 വോട്ടിൻ്റെ ലീഡ് മാത്രം നേടിയ റിയാസ് മുക്കോളിക്ക് മറ്റൊരു പഞ്ചായത്തിലും മേൽക്കൈ ലഭിച്ചില്ല. വിളയൂർ 2288, കുലുക്കല്ലൂർ 2250, കൊപ്പം 2140, മുതുതല 3021, പട്ടാമ്പി 1781, ഓങ്ങല്ലൂർ 3764, വല്ലപ്പുഴ 2255 എന്നിങ്ങനെയാണ് മുഹമ്മദ് മുഹ്സിൻ്റെ ലീഡ്.

അഞ്ച് വർഷം മണ്ഡലത്തിൽ നടത്തിയ വികസനമാണ് മുഹമ്മദ് മുഹ്സിന് രണ്ടാമങ്കത്തിൽ ലീഡ് ഇരട്ടിയിലേറെ ഉയർത്താനിടയാക്കിയത്. 2011ൽ സി.പി.മുഹമ്മദ് 12475 വോട്ടിൻ്റെ ഭൂരിപക്ഷം നേടി വിജയിച്ചപ്പോൾ, 2016ൽ മുഹമ്മദ് മുഹ്സിൻ 7404 വോട്ടിനാണ് കന്നിയങ്കം കടന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ UDF ലെ വി.കെ.ശ്രീകണ്ഠന് പട്ടാമ്പി നൽകിയത് 17179 വോട്ടിൻ്റെ ലീഡാണ്. ആ ലീഡും മറികടന്നാണ് മുഹമ്മദ് മുഹ്സിൻ രണ്ടാമങ്കത്തിൽ വെന്നിക്കൊടി പാറിച്ചത്. 


കഴിഞ്ഞ വർഷമൊടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭയും, തിരുവേഗപ്പുറ ഒഴികെയുള്ള ഗ്രാമ പഞ്ചായത്തുകളും LDF നേടുകയും UDFനേക്കാൾ 5237 വോട്ടുകളുടെ മേൽക്കൈ സ്ഥാപിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിൻ്റെ മൂന്നിരട്ടി ലീഡാണ് ഇപ്പോൾ മുഹ്സിൻ ഉറപ്പിച്ചത്.

പട്ടാമ്പി മണ്ഡലത്തിൽ ആറ് പേരാണ് മത്സരിച്ചത്. പ്രമുഖരെ കൂടാതെ  BSPയിലെ ടി.പി.നാരായണന്‍, SDPI യിലെ എസ്.പി.അമീര്‍ അലി, വെൽഫെയർ പാർടിയിലെ എസ്.മുജീബ്റഹ്മാന്‍ എന്നിവരാണ് ജനവിധി തേടിയത്.

ആകെ വോട്ട് 1,52,201.

മൂല്യമുള്ള വോട്ടുകൾ 1,51,519. എൽ.ഡി.എഫിൻ്റെ ഭൂരിപക്ഷം 17,974.

മുഹമ്മദ് മുഹസിൻ 75,311 ( LDF), റിയാസ് മുക്കോളി 57,337 (UDF), 

കെ.എം.ഹരിദാസ് 14,578 (NDA), ടി.പി.നാരായണൻ  517 (BSP),

അമീർ അലി 2,975 (SDPI), 

മുജീബ് റഹ്മാൻ 801(വെൽഫയർ പാർട്ടി), നോട്ട 390, 

അസാധു വോട്ട്  292.

No comments: