~(എം.വി.മനോജ് കുമരനല്ലൂർ)~
അടച്ചു പൂട്ടലിൻ്റെ വിരസതയിലാണ് കാളീശ്വരം ദേശകഥ എന്ന നോവൽ വായനക്കെടുത്തത്. കുമരനല്ലൂർ സ്വദേശിയായ എം.വി.മനോജിൻ്റെ പ്രഥമ നോവലാണിത്. കർമ്മം കൊണ്ട് ചിത്രകാരനായ മനോജ് ഗ്ലാസ് ഡിസൈനറാണ്. തൃശൂർ ഗവ.ഫൈൻ ആർട്സ് കോളേജിൽ നിന്ന് പെയിൻ്റിങിൽ ഡിപ്ലോമ നേടിയ മനോജ് സോഷ്യൽ മീഡിയയിൽ സ്ഥിരമായി വരക്കുകയും കുറിക്കുകയും ചെയ്യുന്നുണ്ട്. മനോജിൻ്റെ നൂറിൽ പരം ചെറുകഥകളും അമ്പതിലേറെ കവിതകളും നാലഞ്ച് നോവലുകളും നിരവധി പെയിൻ്റിങ്ങുകളും സോഷ്യൽ മീഡിയയുടെ വെള്ളിവെളിച്ചത്തിൽ ചിതറികിടക്കുന്നുണ്ട്.
ദുരൂഹതയും ഭ്രമാത്മകതയും ചിത്രങ്ങളിൽ മനോഹരമായി സന്നിവേശിപ്പിക്കുന്നതു പോലെ നോവലിലും അത് പ്രയോഗിക്കാൻ മനോജ് ശ്രമിച്ചതായി ഇതിൽ കാണാം.
പരിചിതമായ പ്രതലത്തിൽ നിന്ന് അപരിചിതമായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന കഥാപാത്രങ്ങൾക്കൊപ്പം വായനക്കാർക്കും സഞ്ചരിക്കാൻ കഴിയുന്നുണ്ട് എന്ന് പറയാതെ വയ്യ. അതാണ് രചനയുടെ മിടുക്ക്. ഒരു തീവണ്ടിയുടെ രൂപത്തിലാണ് കാളിശ്വരം ദേശം തൻ്റെ മനസ്സിൽ പടർന്ന് പന്തലിച്ചതെന്ന് ആമുഖത്തിൽ മനോജ് മനോഗതം ചെയ്യുന്നുണ്ട്. കറുത്ത പുകമറക്കുള്ളിലൂടെ വരുന്ന തീവണ്ടിയാണ് വിചിത്രമായ യാത്രയുടെ ചിത്രങ്ങളും വരികളും കോറിയിട്ടതെന്ന് മനോജ് പറയുന്നു. പിന്നീട് ആ വരകളും വരികളും കുറിച്ചിട്ടു. ഒരു നോവൽ എഴുതാനിരുന്നപ്പോൾ ഇതെല്ലാം കൂടി ഇറങ്ങി വന്ന് കാളീശ്വരം ദേശകഥയായി മാറുകയായിരുന്നു. ഭ്രമാത്മക ലോകം എന്നും മനോജിൻ്റെ മനസിലുണ്ട്. നിയമങ്ങളെ കുറിച്ച് ചിന്തിക്കാതെ യഥേഷ്ടം സഞ്ചരിക്കാൻ കഴിയുക ഭ്രമാത്മക ലോകത്തായതിനാൽ എഴുത്തുകാരന് അതാണ് പ്രിയം.
എഴുത്തുകാരിയായ സുജമാനുവലും ജഗദീഷ് ചന്ദ്രനും ചേർന്ന് നമുക്ക് പരിചിതമായ ചിറങ്കര സ്റ്റേഷനിൽ നിന്ന് അപരിചിതമായ കാളീശ്വരത്തേക്ക് കൽക്കരി വണ്ടി കയറുന്നതോടെയാണ് കഥ തുടങ്ങുന്നത്. ജഗദീഷ് ചന്ദ്രൻ്റെ രണ്ടാമത്തെ യാത്രയാണിത്. സുജ മാനുവൽ എന്ന എഴുത്തുകാരിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ യാത്ര. ഭ്രാന്തമായ ചില ചിന്തകളുള്ള സുജയോടൊപ്പം ഭ്രമാത്മക സ്വപ്നങ്ങൾ ഇഷ്ടപ്പെടുന്ന ജഗദീഷ് ചന്ദ്രനും തീവണ്ടി കയറുന്നത് മായകാഴ്ചകളുടെ പ്രാചീന പ്രദേശമായ ഒരു ലോകത്തേക്കാണ്. മലകളും വനങ്ങളും ഉൾപ്പെട്ട ആ ദേശത്ത് പ്രാചീന ജനങ്ങളുടെ ചിന്തകളുടെ അവശിഷ്ടങ്ങൾ കാണാം. മറ്റൊരു ദേശത്തും ഇതുവരെ കാണാൻ കഴിയാത്ത രീതിയിലുള്ള വീടുകൾ, പൂവുകൾ, ഉരുകിയൊലിക്കുന്ന സൂര്യനു പോലും ഭയം തോന്നിപ്പിക്കുന്ന തരത്തിൽ വീശി പരക്കുന്ന കാറ്റ് തുടങ്ങിയ പ്രത്യേകതകളുള്ള ഭൂപ്രദേശമാണിത്.
കാളീശ്വരത്തെ കാഴ്ചകൾ പൂർണ്ണമായും വിശ്വസിക്കരുത്. ചിലത് മായാജാല കാഴ്ചകളാവും. ശരിക്ക് പറഞ്ഞാൽ നവരസ ഭാവങ്ങളാണ് കാളീശ്വരത്തിൻ്റെ മുഖമുദ്രയെന്ന് ജഗദീഷ് ചന്ദ്രൻ സുജയോട് ഒരിക്കൽ പറയുന്നുണ്ട്. മലയടിവാരത്തുള്ള കറുപ്പെന്ന സ്റ്റേഷൻ കഴിഞ്ഞാൽ റെയിൽപ്പാത മറ്റൊരു ഭാഗത്തേക്ക് തിരിയുകയാണ്. തുടർന്നുള്ള യാത്ര ചമ്പമല തുളച്ചു പോകുന്ന തുരങ്ക പാതയിലൂടെയാണ്. തുരങ്കത്തിലേക്ക് കയറി കഴിഞ്ഞാൽ തന്നെ വിചിത്രമായ രീതികളും കാഴ്ചകളും കാണാം. നിറയെ മയിലുകൾ മേഞ്ഞു നടക്കുന്ന കാളീശ്വരം സ്റ്റേഷനിൽ ഇറങ്ങുന്നതോടെ വിചിത്രമായ സംഭവങ്ങൾ തുടങ്ങുകയായി. നോവൽ അവസാനിക്കുന്നതു വരെ
മായകാഴ്ചകളുടെ സമ്മോഹന വിവരണമാണ്. രവിയച്ചൻ, അധികാരി, ദേവൻ, കർണിക, അംബാലിക തുടങ്ങിയ കഥാപാത്രങ്ങൾ വായനക്കാരുടെ മനസിൻ്റെ കാൻവാസിൽ ഒരു ജലച്ഛായ ചിത്രം പോലെ ഏറെ നാൾ തങ്ങിനിൽക്കുമെന്നുറപ്പാണ്.
ചിത്രകാരൻ്റെ തൂലികയിൽ നിന്ന് വാർന്നു വീണ നോവലിന് ചാരുത പകർന്നു കൊണ്ട് അദ്ദേഹത്തിൻ്റെ രേഖാചിത്രങ്ങളുമുണ്ട്. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന നോവലാണിത്.
ഭ്രമകല്പനകളെ സുതാര്യമായ ഭാഷയിൽ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമാണെന്ന് അവതാരികയിൽ കവി രാമകൃഷ്ണൻ കുമരനല്ലൂർ സാക്ഷ്യപ്പെടുത്തുന്നു.
എം.വി.മനോജിൻ്റെ ഫോൺ നമ്പർ:
7907 379 169.
~~~~~ ടി.വി.എം അലി ~~~~~
No comments:
Post a Comment