Sunday, 2 May 2021

തൃത്താലയിൽ എം.ബി രാജേഷിന് അട്ടിമറി വിജയം: പതിറ്റാണ്ടിനു ശേഷം മണ്ഡലം തിരിച്ചുപിടിച്ച് ഇടതുപക്ഷം. 


പുരാവൃത്തമുറങ്ങുന്ന താലത്തിലപ്പൻ്റെ നാട്ടിൽ നടന്ന നക്ഷത്ര യുദ്ധത്തിൽ മികച്ച പാർലിമെൻ്റെറിയനായ  എം.ബി രാജേഷിന് അട്ടിമറി ജയം. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ കേരളം ഉറ്റുനോക്കിയ മണ്ഡലത്തിൽ ഫോട്ടോ ഫിനിഷിങ്ങിലാണ് രാജേഷ് ശ്രദ്ധേയ വിജയം നേടിയത്. 

എൽ.ഡി.എഫിലെ എം.ബി.രാജേഷ് 69890, യു.ഡി.എഫിലെ വി.ടി.ബൽറാം 66717, ബി.ജെ.പിയിലെ ശങ്കു ടി.ദാസ് 12874, ലീഡ് 3173 എന്നിങ്ങനെയാണ് വോട്ടിങ് നില.

സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമായിരുന്നു തൃ​ത്താ​ല മണ്ഡലം. മൂന്നാമൂഴം തേടുന്ന സിറ്റിങ്ങ് എം.എൽ.എ വി.ടി.ബൽറാമിനെ നേരിടാൻ മികച്ച പാർലിമെൻ്റേറിയനായ എം.ബി രാജേഷ് എത്തിയതോടെയാണ് കേരളം തൃത്താലയെ ഉറ്റുനോക്കിയത്. 

തൃത്താല മണ്ഡലത്തിൽ അപരന്മാരും സ്വതന്ത്രന്മാരും ഉൾപ്പെടെ  ആകെ 11 പേരാണ് മത്സര രംഗത്തുണ്ടായത്. പ്രമുഖ മുന്നണികൾക്ക് പുറമെ BSP യിലെ രാജഗോപാല്‍ തൃത്താല, 

SDPI യിലെ എം.കെ.അബ്ദുല്‍ നാസര്‍, സ്വതന്ത്ര സ്ഥാനാർത്ഥികളായ ഇ.വി നൂറുദ്ധീന്‍, കെ.ബലരാമന്‍, ടി.ടി.ബാലരാമന്‍, രാജേഷ്, ശ്രീനിവാസ് കുറുപ്പത്ത്, ഹുസൈന്‍ തട്ടത്താഴത്ത് എന്നിവരും ജനവിധി തേടിയിരുന്നു. 

വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ മേൽക്കൈ നേടി മുന്നേറിയ വി.ടി.ബൽറാമിനെ തളച്ചത് ചെങ്കോട്ടയായി നിലകൊള്ളുന്ന നാഗലശ്ശേരിയും തിരുമിറ്റക്കോടുമായിരുന്നു. 3173 വോട്ടിൻ്റെ ഭൂരിപക്ഷമാണ് എം.ബി രാജേഷിന് ലഭിച്ചത്. 

രണ്ടു പതിറ്റാണ്ട് കാലം തുടർച്ചയായി ചെമ്പട്ടണിഞ്ഞു നിന്ന തൃത്താല 2011ലാണ് UDF നൊപ്പം നിന്നത്. അന്ന് കന്നിയങ്കം കുറിച്ച വി.ടി.ബൽറാം 3438 വോട്ടുകൾക്ക് CPM ലെ 

പി.മമ്മിക്കുട്ടിയേയും, 2016ൽ സുബൈദ ഇസ്ഹാഖിനെ 10,547 വോട്ടുകൾക്കും തോൽപ്പിച്ചു. തൃത്താല, പൊന്നാനി ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായതോടെ മുസ്ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന് 8404 വോട്ട് ലീഡ് നൽകി തൃത്താല UDF നൊപ്പം നിന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആനക്കര, ചാലിശ്ശേരി, പരുതൂർ, പട്ടിത്തറ പഞ്ചായത്തുകൾ യു.ഡി.എഫിനെ തുണച്ചു. നാഗലശ്ശേരി, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പം നിന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ UDF ന് ലഭിച്ച മേൽക്കൈ വി.ടി.ബൽറാമിനെ തുണച്ചില്ല. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ എ.​കെ.​ജി​ക്കെ​തി​രെ വി.ടി.ബ​ല്‍റാം ന​ട​ത്തി​യ മോശം പ​രാ​മ​ര്‍ശ​മാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തത്. 

രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി മ​ണ്ഡ​ല​ത്തി​ൽഉട​നീ​ളം വ്യ​ക്തി​ബ​ന്ധ​മുണ്ടായിട്ടും ബ​ല്‍റാ​മി​ന് ഹാട്രിക് നേടാനായില്ല.തൃത്താലയിലെ തന്റെ വിജയം മഹാനായ എ.കെ.ജിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന്  എം.ബി രാജേഷ് പ്രതികരിച്ചു.

No comments: