രണ്ടാം കോവിഡ് കാലത്തെ
മേയ്ദിന ചിന്തകൾ
കോവിഡ് രണ്ടാം തരംഗം തീവ്രമായ ഘട്ടത്തിലാണ് ലോക തൊഴിലാളികളുടെ ഉയിർപ്പു ദിനമായ മേയ് ദിനം ഇത്തവണ എത്തിയത്. ലോക്ഡൗണിൽ ലോകം അടച്ചിട്ട പ്രതിസന്ധി ഘട്ടത്തിലാണ് കഴിഞ്ഞ വർഷം മെയ്ദിന സൂര്യനുണർന്നത്. ആഗോളീകരണത്തിൻ്റെ ആഘോഷ തിമിർപ്പിലായിരുന്ന വൻകിട കുത്തക സ്ഥാപനങ്ങളും അതിനെ പിന്തുണക്കുന്ന ഭരണകൂടങ്ങളും തൊഴിലാളികളുടെ വിലപേശൽ ശക്തി തകർക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണല്ലൊ കൊറോണ വൈറസ് എന്ന മഹാമാരി മരണമാരിയായി രണ്ടാമതും പെയ്തിറങ്ങിയത്. എല്ലാം അടച്ചിടേണ്ടി വരുന്ന ആപത്ത് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട കോടാനുകോടി തൊഴിലാളികളുടെ വിലാപങ്ങളാണ് ഇക്കുറിയും മെയ് ദിന ചിന്തകളായി ഉയരുന്നത്.
അതാത് ദിവസം പണിയെടുത്ത് അന്നത്തിന് വക തേടുന്ന കൂലി തൊഴിലാളികളുടെ അവസ്ഥ എന്താണ്?
പാടത്തും പറമ്പിലും തോട്ടങ്ങളിലും പണിയെടുക്കുന്നവർ, ചുമട്ടുതൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ, പീടികതൊഴിലാളികൾ, പരമ്പരാഗത തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ, ലോട്ടറി ഏജൻ്റുമാർ, പുറം കരാർ തൊഴിലാളികൾ, സ്വകാര്യ ബസ് ജീവനക്കാർ, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയ മേഖലയിലുള്ള ലക്ഷകണക്കിന് മനുഷ്യർ തൊഴിൽ നഷ്ടം നേരിട്ട് വരുമാനമൊന്നുമില്ലാതെ നട്ടം തിരിയുകയാണ്. കേരളത്തിൽ സൗജന്യ റേഷനും പല വ്യഞ്ജന കിറ്റും കിട്ടുന്നതു കൊണ്ട് പട്ടിണിയിലായിട്ടില്ലെന്ന് സമാധാനിക്കാം.
മുതലാളിത്തം കൊടിയ ചൂഷണത്തിന് കച്ചകെട്ടിയ കാലത്ത് തൊഴിലാളി വർഗ്ഗത്തിൻ്റെ സംഘശക്തിയിൽ വിള്ളലുണ്ടാക്കാനും അവകാശങ്ങൾ കവർന്നെടുക്കാനും തൊഴിൽ മേഖലയിൽ കരാർവൽക്കരണം ത്വരിതപ്പെടുത്താനും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. രണ്ടു നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന തൊഴിൽ സാഹചര്യങ്ങൾ തിരിച്ചു കൊണ്ടുവരാൻ അവർ നീക്കം നടത്തുകയും ചെയ്തു കൊണ്ടിരുന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾ സംഹാര താണ്ഡവമാടിയപ്പോൾ സ്ഥിരം തൊഴിലാളികൾ പോലും അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളിലും ഇതിൻ്റെ അലയൊലികളുണ്ടായി. താഴെ തട്ടിലുള്ള തൊഴിലാളികളുടെ ജോലി ഭാരം വർധിപ്പിക്കുകയും ആനുകൂല്യങ്ങൾ വെട്ടി കുറക്കുകയും ചെയ്തു.
ഒരേ സമയം ഇരട്ടപ്രഹരമാണ് വിവിധ മേഖലകളിൽ തൊഴിലാളികൾ അനുഭവിച്ചത്.
ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ കെടുകാര്യസ്ഥത മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അതേ സമയം സ്വകാര്യ കമ്പനികൾ വൻതോതിൽ ലാഭം കൊയ്തു.
അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത് 1886 ലായിരുന്നു. അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നാരംഭിച്ച തൊഴിലാളി വർഗ്ഗ പോരാട്ടം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും ഇനിയും തുടരേണ്ട സാഹചര്യമാണ് കോവിഡാനന്തര കാലത്ത് കാത്തിരിക്കുന്നത്.
1904ൽ ആംസ്റ്റർഡാമിൽ നടന്ന ഇൻറർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസിന്റെ വാർഷിക യോഗത്തിലാണ് മെയ്ദിനം ആചരിക്കാൻ ആദ്യമായി തീരുമാനിച്ചത്. 1923 ലാണ് ഇന്ത്യയിൽ മെയ് ദിനാചരണം തുടങ്ങിയത്. ലേബർ കിസാൻ പാർടി ഓഫ് ഹിന്ദുസ്ഥാൻ എന്ന ട്രേഡ് യൂനിയനാണ് മെയ്ദിനത്തിൽ ചെങ്കൊടി ഉയർത്തിയത്.
മദിരാശി ഹൈക്കോടതിയുടെ മുന്നിൽ നടന്ന മെയ്ദിന സമ്മേളനത്തിലാണ് ദേശീയ അവധി വേണമെന്ന ആവശ്യം പ്രമേയത്തിലൂടെ ഉന്നയിക്കപ്പെട്ടത്. എന്നാൽ വി.പി.സിങ്ങ് പ്രധാനമന്ത്രി പദവിയേറ്റ ശേഷമാണ് മെയ്ദിനം ദേശീയ അവധി ദിനമായി അംഗീകരിച്ചത്. എൺപതോളം രാജ്യങ്ങളിൽ പോരാട്ട സ്മരണകൾ ഉണർത്തിക്കൊണ്ട് തൊഴിലാളികൾ മെയ്ദിന റാലികൾ നടത്താറുണ്ട്. ആ രാജ്യങ്ങളെല്ലാം മെയ്ദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്ര ഗവ.വകുപ്പുകളിൽ മാത്രം ഇപ്പോഴും മെയ്ദിന അവധി യാഥാർത്ഥ്യമായിട്ടില്ല. ഇന്ത്യാ മഹാരാജ്യത്ത് അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ് ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു പണിയെടുക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ.
കോവിഡ് തീവ്രവ്യാപന കാലത്ത് ലോകമെങ്ങുമുള്ള തൊഴിലാളി വർഗ്ഗത്തിന്റെ വസന്തകാലം അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള ഭീമന്മാരുടെ ചിറകിന്നടിയിൽ തൊഴിൽ സുരക്ഷിതത്വം മരീചികയാണ്. അധ്വാനിക്കുന്നവരുടെ വില പേശൽ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. കിട്ടിക്കൊണ്ടിരുന്ന വേതനം തന്നെ തുടർന്നും കിട്ടുമോ എന്ന ആശങ്കയാണ് എങ്ങും കാണപ്പെടുന്നത്. ഒന്നര വർഷമായി ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നു. കോവിഡിനെ മുൻനിർത്തി പുതിയ നിയമനിർമാണങ്ങൾ കൊണ്ടുവരുന്ന ഭരണകൂടങ്ങൾ ലക്ഷ്യമിടുന്നത് രോഗശമനം മാത്രമല്ലാ, തൊഴിലാളി വർഗ്ഗത്തിൻ്റെ സംഘബലം തകർക്കുക എന്നതുകൂടിയാണ്.
നിലവിൽ നിയമന വ്യവസ്ഥ പോലും കടുത്ത വെല്ലുവിളി നേരിടുന്നു. സർക്കാർ സർവീസിൽ വ്യാപകമായ തോതിൽ കരാർ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആഗോളവൽക്കരണത്തിന്റെ നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.
നവ ലിബറൽ നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. അതിനു പുറമെ തൊഴിലാളികളുടെ ജീവിത സുരക്ഷ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള നിയമ നിർമാണവുമായി കേന്ദ്ര ഗവ.മുന്നോട്ടു പോവുന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾ ചെറുത്തു തോൽപ്പിക്കാൻ സംഘടിത ശക്തിയെന്ന് പറയുന്ന ട്രേഡ് യൂനിയനുകൾക്ക് കഴിയുന്നുമില്ല.
കോവിഡാനന്തര കാലത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് തൊഴിലാളി കുടുംബങ്ങളെ കാത്തിരിക്കുന്നത്.
കേരളത്തിലെ ഇന്നത്തെ തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്? വിദ്യാസമ്പന്നരായ ലക്ഷോപലക്ഷം യുവാക്കളുടെ അവസ്ഥ
പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എഞ്ചിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് പതിനായിരം രൂപ പോലും പ്രതിമാസം ശമ്പളം ലഭിക്കുന്നില്ല. രാപകൽ സേവനം നടത്തുന്ന നഴ്സുമാർക്ക് അയ്യായിരം രൂപ പോലും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നൽകുന്നില്ല. അവരുടെ ഐക്യ പ്രക്ഷോഭങ്ങളെ തുടർന്ന് അവർക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടും ആശുപത്രി മുതലാളിമാർ വർധിപ്പിച്ച ശമ്പളം നൽകാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയാണ്. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല. അനീതിക്കെതിരെ തൂലിക ഏന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടുന്നില്ല. കോവിഡ് കാലത്ത് വ്യാപകമായ പിരിച്ചുവിടൽ ഭീഷണിയും അവർ നേരിടുന്നു.
അതുപോലെ കേന്ദ്ര ഗവ.നു കീഴിലുള്ള തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക്, തുല്യ ജോലിക്ക് തുല്യവേതനമോ റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളോ അനുവദിക്കുന്നില്ല.
മുപ്പതും നാൽപ്പതും വർഷം സേവനം നടത്തി വിരമിച്ചു കഴിഞ്ഞാൽ ശിഷ്ടകാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. നാല്പത് വർഷം മുമ്പ് 150 രൂപ പ്രതിമാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർക്ക് ഏതാനും മാസം മുമ്പു മാത്രമാണ് അടിസ്ഥാന വേതനം പതിനായിരം രൂപയാക്കി ഉയർത്തിയത്. സിവിൽ സർവന്റ് പദവി നൽകണമെന്ന 1977ലെ സുപ്രീം കോടതി വിധി നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും നടപ്പാക്കപ്പെട്ടില്ല.
ഏഴാം ശമ്പളകമീഷന്റെ പരിധിയിൽ പോലും അവരെ ഉൾപ്പെടുത്തിയില്ല. അനുകൂല ശുപാർശകൾ നൽകിയ ജസ്റ്റിസ് തൽവാർ കമ്മിറ്റി റിപ്പോർട് അട്ടിമറിക്കപ്പെട്ടതു പോലെ, കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോർട്ടും വെള്ളം ചേർത്തു അഴകുഴമ്പ് പരുവത്തിലാക്കി. ശിപാർശകൾ എല്ലാം അംഗീകരിച്ചുവെന്ന് പറഞ്ഞ് പാർലിമെന്റിനെ പോലും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. സമയബന്ധിത വേതനം എന്ന പേരിൽ നാല് മണിക്കൂറിന്റെ അലവൻസ് നൽകി എട്ടു മണിക്കൂറിലേറെ പണിയെടുക്കാൻ നിർബന്ധിപ്പിക്കപ്പെടുന്ന കാട്ടുനീതിയാണ് തപാൽ മേധാവികൾ കൈക്കൊള്ളുന്നത്. ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിൽ നിയമിക്കപ്പെടുന്ന സമയത്ത് വ്യവസ്ഥകളൊന്നും തന്നെ ബോധ്യപ്പെടുത്താതെയാണ് ചൂഷണം ചെയ്യുന്നത്. ഉപജീവനത്തിന് മറ്റു വരുമാന മാർഗ്ഗങ്ങൾ വേണമെന്നും തപാൽ വകുപ്പിലെ ജോലി തികച്ചും സേവനമാണെന്നും ജീവിക്കാനുള്ള വരുമാനമാർഗ്ഗമെന്ന നിലയിൽ ആരും തന്നെ ഈ തസ്തികയിൽ പ്രവേശിച്ചിട്ടില്ലെന്നുമാണ് തപാൽ മേധാവികൾ ഈയിടെ കോടതിയിൽ ബോധിപ്പിച്ചത്.
കോവിഡിൻ്റെ സമൂഹ വ്യാപനം തടയാൻ എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്ന് കർശനമായി നിർദ്ദേശിക്കുന്ന സർക്കാർ തന്നെ, തപാൽ വകുപ്പിലെ ജീവനക്കാരെ വീട്ടിലിരുത്തിയില്ല. അവശ്യ സർവീസ് എന്ന പേരിൽ മുഴുവൻ ജീവനക്കാരേയും രംഗത്തിറക്കി. പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ പത്തും പതിനഞ്ചും കി.മീറ്റർ ദൂരെ താമസിക്കുന്ന ജീവനക്കാർ വല്ലാതെ കഷ്ടപ്പെട്ടുകൊണ്ടാണ് ഓഫീസിലെത്തിയത്. വാണിജ്യ ബാങ്കുകാർ ചെയ്യേണ്ടതായ ജോലി പോലും തപാൽ ജീവനക്കാരുടെ മേൽ അടിച്ചേല്പിക്കപ്പെട്ടു.
ജീവന് രോഗ ഭീഷണി നേരിടുന്ന ഘട്ടത്തിലും തൻ്റെതല്ലാത്ത ജോലി കൂടി തപാൽ ജീവനക്കാർക്ക് ചെയ്യേണ്ടി വന്നു. ഇന്ത്യാ പോസ്റ്റ് പേമെൻ്റ് ബാങ്കിനു വേണ്ടി ചെയ്യുന്ന അധിക ജോലിക്ക് തുച്ഛമായ ഇൻസെൻ്റീവ് മാത്രമാണ് വാഗ്ദാനം ചെയ്തത്.
ഹോട്ട് സ്പോട്ട് മേഖലകളിലും, ക്വാറണ്ടൈയ്നിൽ കഴിയുന്നവരുടെ വീടുകളിലും ജീവനക്കാർ കയറി ഇറങ്ങി ബയോമെട്രിക് സംവിധാനത്തിലൂടെ പെൻഷൻ തുക വിതരണം ചെയ്തു. കോവിഡ് കാലത്ത് ജനങ്ങളെ സേവിക്കാൻ രംഗത്തിറങ്ങിയ ജീവനക്കാരുടെ മേൽ ദിനേന അധിക ജോലികൾ അടിച്ചേൽപ്പിക്കുന്ന സമീപനമാണ് പിന്നീടും തുടരുന്നത്.
കോവിഡ് കാലത്ത് കൊണ്ടുവരുന്ന മാരക പ്രഹര ശേഷിയുള്ള തൊഴിൽ നിയമങ്ങൾ സ്ഥിരം സംവിധാനമായി മാറും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പതിനായിരം രൂപ വേതനം പറ്റുന്ന ഗ്രാമീൺ ഡാക് സേവകന്മാരുടെ പതിനെട്ടു മാസത്തെ ക്ഷാമബത്തയും ഇൻക്രിമെൻറും ബോണസും വെട്ടുന്നതിനു പുറമെ പന്ത്രണ്ട് ദിവസത്തെ വേതനം കൂടി പി.എം.കെയർ ഫണ്ടിലേക്ക് നൽകണമെന്ന് അധികൃതർ നിഷ്കർഷിക്കുന്നു. സംസ്ഥാന സർക്കാരാവട്ടെ ഇരുപതിനായിരത്തിൻ്റെ താഴെ ശമ്പളം വാങ്ങുന്നവരെ ഇത്തരം നടപടികളിൽ നിന്ന് ഒഴിവാക്കിയത് മാതൃകയാണ്.
ഓരോ പൗരന്റേയും ജീവിത ഭദ്രത ഉറപ്പുവരുത്താൻ ബാധ്യതയുള്ള കേന്ദ്ര സർക്കാരിന്റെ കീഴിലെ തപാൽ വകുപ്പാണ് അടിമവ്യവസ്ഥിതി ഇപ്പോഴും തുടരുന്നത്. ഈ മേഖലയിലെ ചില ട്രേഡ് യൂനിയനുകളാവട്ടെ തപാൽ വകുപ്പിന്റെ ചൂഷണത്തിന് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. മേയ് ദിനത്തിന് പൊതു അവധി വേണമെന്ന് ആവശ്യപ്പെടാൻ പോലും അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
കുത്തക കൊറിയർ കമ്പനികൾ തപാലിനെ വിഴുങ്ങുന്നതിനും തക്കം പാർത്തിരിക്കുകയാണ്. പോസ്റ്റൽ പേമെന്റ് ബാങ്കിലൂടെ കയറിക്കൂടാനാണ് അവരുടെ ശ്രമം.
ഇന്ത്യൻ റെയിൽവേയും ബഹുരാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലേക്ക് നീങ്ങി തുടങ്ങി. ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്. ആയിരകണക്കിന് ജീവനക്കാർ സ്വയം വിരമിച്ച് വീട്ടിലിരിക്കുന്നു.
കിട്ടാനുള്ള ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയിലാണവർ.
ഈ സ്ഥിതി മറ്റു പൊതുമേഖലാ സ്ഥാപന
ങ്ങളെയും കാത്തിരിക്കുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ പൊതുമേഖലയും സ്വകാര്യ മേഖലയും കൊടിയ ചൂഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.
താൽക്കാലിക ജീവനക്കാർ, പുറംകരാർ ജീവനക്കാർ, ദിവസ വേതനക്കാർ എന്നിങ്ങനെയുള്ള നിയമനങ്ങളാണ് ഇപ്പോൾ മിക്ക വകുപ്പിലും നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും പബ്ലിക് സർവീസ് കമ്മീഷനും ഇനി ആവശ്യമുണ്ടോ എന്ന ചോദ്യം തന്നെ ഇതിനകം ഉയർന്നു കഴിഞ്ഞു.
മറ്റൊരു കാര്യം സുരക്ഷിതരെന്ന് നാം കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ്.ബി.ഐ.യെ പോലെയുള്ള വലിയ പൊതുമേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. ബാങ്കുകളുടെ ലയനത്തെ തുടർന്ന് നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറച്ചു. നിർബന്ധിത വിരമിക്കൽ ഭീഷണി ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നു. ആധാർ എനേബിൾ പേമെൻ്റ് സിസ്റ്റത്തിലൂടെ ബാങ്കിൻ്റെ സേവനങ്ങൾ മറ്റു ഏജൻസികൾ അപഹരിക്കുന്നു. പൊതുമേഖലയെ വിഴുങ്ങാൻ റിലയൻസ് മണി എന്ന കുത്തക കമ്പനി വല വിരിച്ചു കഴിഞ്ഞു. മറ്റു ബാങ്കുകളിലും കുത്തക കമ്പനികളുടെ നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം. കോവിഡ് നിയന്ത്രണങ്ങൾ പോലും ജലരേഖയായി മാറ്റുന്ന തരത്തിൽ ബാങ്ക് ജീവനക്കാരെ ബിസിനസ് കാൻവാസിങിന് നിയോഗിക്കപ്പെടുന്നു. തൊഴിൽ സമ്മർദ്ദം താങ്ങാനാവാതെ ഒരു വനിതാ മാനേജർക്ക് ബാങ്കിനുള്ളിൽ തന്നെ ഈയിടെ ജീവനൊടുക്കേണ്ടി വന്നു.
ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതിവിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയാണ്.
ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്കോ തൊഴിലാളി വർഗ്ഗ രാഷ്ടീയം കൈകാര്യം ചെയ്യുന്നവർക്കോ സാധിച്ചിട്ടില്ല.
അതിനിടയിലാണ് മഹാമാരിയുടെ താണ്ഡവമുണ്ടായത്. കോവിഡ് പ്രതിരോധ വാക്സിൻ പോലും കുത്തകകളുടെ ലാഭകൊയ്ത്തിനുള്ള ഉപാധിയായി മാറിക്കഴിഞ്ഞു. വിദേശ മലയാളികളുടെ വരുമാനം കുറഞ്ഞതോടെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും ഇതിൻ്റെ നിഴലാട്ടം തുടങ്ങിക്കഴിഞ്ഞു. ഇനിയുമേറെപ്പേർ പ്രവാസം ഉപേക്ഷിക്കപ്പെട്ട് നാട്ടിലെത്തുമ്പോൾ പ്രതിസന്ധി കൂടുതൽ മൂർച്ഛിക്കും. തൊഴിൽ മേഖലയിൽ പ്രവചിക്കാൻ കഴിയാത്ത വിധം അസ്വാരസ്യങ്ങൾ ഉയരും. തൊഴിൽ മേഖലയിൽ ചൂഷണം വർധിക്കും. മിനിമം വേതനം എന്നത് മരീചികയാവും. കടുത്ത മത്സരങ്ങൾക്കിടയിൽ കാർഷിക മേഖലയിൽ പുതിയ ഉണർവ്വുണ്ടാവും. ഉല്പാദനം വർധിക്കും. പക്ഷേ ക്രയശേഷി കുറയും. അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ ഉരുണ്ടുകൂടും.
സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന മുദ്രാവാക്യത്തിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. മാറ്റം കൊണ്ടുവരാൻ തൊഴിലാളിക്കാണ് കഴിയുക. ആരോഗ്യ പ്രവർത്തകരും നിയമപാലകരും അഗ്നി സുരക്ഷാ ജീവനക്കാരും, റെയിൽവേ അധികൃതരും, തപാൽ ജീവനക്കാരും വളണ്ടിയർമാരും മറ്റും അവസരത്തിനൊത്ത് ഉയർന്ന് കോവിഡിനെ നേരിടുന്നത് കാണുക. അതുപോലെ പ്രതിസന്ധി ഘട്ടത്തിൽ അപ്രതീക്ഷിതമായ മുന്നേറ്റങ്ങൾ ഉണ്ടാവണം. ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ നേതൃത്വം മുന്നോട്ടു വരണം.
പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ് ഇനി അഭികാമ്യം. ജനങ്ങളുടെ സ്വൈര ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതി രൂപപ്പെടുത്തിയാൽ മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ.
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം
അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി കൂടുതൽ
ഇരുളടഞ്ഞതാവും.
© ടി.വി.എം.അലി ©