,,,,,,,,,,,,,,, പ്രമദ്വര ,,,,,,,,,,,
- ടി.വി.എം.അലി -
മൂടൽമഞ്ഞിൻ്റെ പുറംതോട് പിളർന്ന് നഗരം പതുക്കെ കൺമിഴിക്കുയാണ്.
കോൺക്രീറ്റ് കാടുകൾക്കിടയിൽ മഞ്ഞുപാളികൾ തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു.
നിരത്ത് ഏറെക്കുറെ വിജനമായിരുന്നു. തണുത്തുവിറച്ച്, വേച്ചുവേച്ച് നടക്കുന്ന കുറെ കഴുതകൾ അങ്ങിങ്ങ് കാണപ്പെട്ടു.
ഉദയസൂര്യൻ്റെ ചെങ്കതിരുകൾ
കെട്ടിടങ്ങൾക്കിടയിലൂടെ ചിതറി വീഴുന്നു. മഞ്ഞിൽ നനഞ്ഞു നിന്നിരുന്നു
മരങ്ങളിൽനിന്ന് ബാഷ്പങ്ങൾ ഉണങ്ങാൻ തുടങ്ങി.
നിരത്തിൻ്റെ അങ്ങേത്തലക്കൽ
നിന്ന് പാൽക്കാരൻ പയ്യൻ്റെയും, പത്രക്കാരൻ കഴിവൻ്റെയും, പച്ചക്കറി വിൽക്കുന്ന വൃദ്ധയുടെയും വായ്ത്താരി കേട്ടു തുടങ്ങി.
ഇപ്പോഴും നഗരം തണുപ്പിൻ്റെ കൂർത്ത കൊക്കുകൾക്കിടയിൽ കിടന്ന് കൈകാലിട്ടടിക്കുകയാണ്.
വീടുകളിൽനിന്ന് വാതിൽ തുറക്കുന്നതിൻ്റെയും
പാത്രങ്ങൾ കൂട്ടിമുട്ടുന്നതിൻ്റെയും ശബ്ദങ്ങൾ കേൾക്കാം.
റേഡിയോ, ടെലിവിഷൻ തുടങ്ങിയവ ചിലക്കാൻ ആരംഭിച്ചു.
നഗരം തിരക്കിലേക്കും ബഹളത്തിലേക്കും ഉടുത്തൊരുങ്ങുകയാണ്.
റോഡുകളിലൂടെ വണ്ടികൾ ഇരമ്പിപ്പായുന്നുണ്ട്. കുതിര വണ്ടികൾ ശബ്ദമുണ്ടാക്കിക്കൊണ്ട് തലങ്ങും വിലങ്ങും ഓടുന്നുണ്ട്. കമ്പിളിക്കുപ്പായമിട്ടുകൊണ്ട് കുറെ തൊഴിലാളികൾ പണിശാലയിലേക്ക് നടന്നുപോകുന്നു.
പൊടുന്നനെ ആലസ്യം
വിട്ടെണീക്കുന്ന നഗരത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ഒരു കുതിര പടപടാന്ന് പാഞ്ഞുവന്നു. ആളുകൾ വഴിമാറിക്കൊടുത്തു. എന്നിട്ട് ആശ്ചര്യത്തോടെ, പാഞ്ഞുപോകുന്ന കുതിരയെ നോക്കിനിന്നു.
ഈ നഗരത്തിൽ നിരവധി വർഷങ്ങളായി ജീവിച്ചുകൊണ്ടിരിക്കുന്ന ആളുകൾ പോലും അത്തരമൊരു കുതിരയെ ഇന്നേവരെ കണ്ടിട്ടുണ്ടായിരുന്നില്ല.
എന്തൊരു പൊക്കം! എന്തൊരു വേഗത! വിചിത്രം തന്നെ. ഇത് ഏതു ജനുസ്സിൽപ്പെട്ട കുതിരയാണ്? എവിടുന്ന് വരുന്നതാണ്?ആരാണ് കുതിരക്കാരൻ?
പാലാഴി കടഞ്ഞപ്പോൾ പൊങ്ങി വന്ന ഉച്ചൈ:ശ്രവസ്സ് എന്ന പറക്കും കുതിര യാണോ അതെന്ന് ആളുകൾ സംശയിച്ചു. സത്യത്തിൽ കുതിരയുടെ കാലുകൾ നിലത്ത് ഊന്നിയിരുന്നില്ല എന്ന് തോന്നും.
അതെ ആ കുതിര പറക്കുകയായിരുന്നു.
അല്പനേരം കഴിഞ്ഞപ്പോൾ ദൂരെ നിന്ന് കുളമ്പടി നാദം ഇരച്ചു വരുന്നത് അറിഞ്ഞു. അതെ ആ കുതിര തന്നെ.
കുതിരപ്പുറത്ത് കടിഞ്ഞാൺ പിടിച്ചുകൊണ്ട് യൗവ്വനയുക്തനായ ഒരു യുവകോമളൻ. അവൻ്റെ മടിയിൽ ഒരു യുവതി കമിഴ്ന്നു കിടക്കുന്നു. അവളുടെ തലമുടി കാറ്റിൽ ആകാശത്തേക്ക് പൊങ്ങുന്നു. തൂങ്ങിക്കിടക്കുന്ന യുവതിയുടെ പാദങ്ങൾക്ക് നീല വർണ്ണം.
കുതിര പെട്ടെന്ന് നിന്നു.
ആളുകൾ ഭയന്നു പിറകോട്ട് അല്പം മാറിനിന്നു . കുതിരപ്പുറത്ത് ഇരുന്ന ചെറുപ്പക്കാരൻ്റെ മുഖം ശോകത്താൽ ചുവന്നിരുന്നു.
അവൻ്റെ കണ്ണുകളിൽ ഗംഗ നിറയുന്നു. ചുണ്ടുകൾ വിതുമ്പുന്നു.
'ഈ നഗരത്തിൽ പ്രശസ്തനായൊരു ഭിഷഗ്വരൻ ഉണ്ടല്ലോ... അദ്ദേഹം താമസിക്കുന്നത് എവിടെയാണ്? ഒന്നു പറഞ്ഞു തരുമോ?'
ആകാശത്തുനിന്നു അടർന്നുവീണ നേർത്ത ശബ്ദം കേട്ട് ആളുകൾ ഉത്സുകരായി. അവരുടെ ഭയം വിട്ടുമാറി.
'ഇതാ ഇതിലെ പോകൂ... വടക്കോട്ട് തിരിഞ്ഞു ... കിഴക്കോട്ടു മാറി... പടിഞ്ഞാട്ടു തെന്നി ... തെക്കോട്ട് മുഖമുള്ള വലിയൊരു മാളിക കാണാം.'
അവർ ഒന്നിച്ചു വിളിച്ചു കൂവി.
കുതിരക്കാരൻ പ്രജ്ഞയറ്റവനെ പോലെ ഒന്ന് പിടഞ്ഞു.
'ദയവു ചെയ്തു അദ്ദേഹത്തിൻ്റെ പേര് പറയൂ?' അയാൾ കെഞ്ചി.
'പേര് ... എന്തോന്നാടാ പേര് ?
ആ മനസ്സിലായി ഡോക്ടർ ശാന്തനു.
അതെ, അതുതന്നെ ശാന്തനു... സുരഭി വിഹാർ. നേരെ വടക്കോട്ട് തിരിഞ്ഞ്...'
ഒരു വൃദ്ധൻ അത് പറഞ്ഞു തീരും മുമ്പ്
ഉച്ചൈ:ശ്രവസ്സ് പറന്നുപോയി.
വിസ്മയത്താൽ മൂക്കത്ത് വിരൽ തിരുകി അതിശയം കൂറിക്കൊണ്ട് ഓരോരുത്തരും അവനവൻ്റെ ലാവണങ്ങളിലേക്ക് പിരിഞ്ഞു പോയി. എന്നിട്ടും കുളമ്പടി നാദം ദൂരേക്ക് കത്തിപ്പടരുന്നത് അവർ അറിയുന്നുണ്ടായിരുന്നു.
ഡോക്ടർ ശാന്തനുവിൻ്റെ സുരഭി വിഹാറിലേക്ക് ഉച്ചൈ:ശ്രവസ്സ് പഞ്ഞിക്കെട്ടുപോലെ പാറി പറന്നു ചെന്നു. വലിയൊരു ആശുപത്രി പോലെ തോന്നിക്കുന്ന ആ മാളിക മുറ്റത്ത് രോഗികളുടെ നീണ്ട നിരകൾ കാളസർപ്പത്തെ ഓർമിപ്പിച്ചു. അവരുടെ കൂട്ടത്തിൽ നിന്ന് തേങ്ങിക്കരച്ചിലും അടക്കം പറച്ചിലും കേട്ടു. തിരക്ക് ഒഴിയുന്നതു വരെ കാത്തു നിൽക്കാൻ കഴിയാതെ
കുതിരക്കാരൻ ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു.
ഇവിടെ പാലിക്കപ്പെടേണ്ട ചട്ടങ്ങളെ കുറിച്ച് അയാൾക്ക് ഒരു അറിവും ഇല്ലായിരുന്നു.
അയാൾ കരഞ്ഞു. കണ്ണുനീരിൽ കുതിര കുളിച്ചു. കുതിരയുടെ രോമങ്ങളിൽ നിന്നും ജലപ്രവാഹം ഉണ്ടായി.
ഈ കാഴ്ച കണ്ടു രോഗികൾ
ഞരങ്ങാനും കരയാനും മറന്നുപോയി.
അവർ നീണ്ട വരിയുടെ മതിൽക്കെട്ട് പിളർത്തി കുതിരയെ അകത്തേക്ക് കടത്തിവിട്ടു.
കുതിരപ്പുറത്തു നിന്ന് അയത്ന ലളിത പാടവത്തോടെ യുവകോമളൻ ചാടിയിറങ്ങി. എന്നിട്ട് കമിഴ്ന്നു കിടക്കുന്ന തൻ്റെ പ്രാണപ്രേയസിയുടെ പ്രജ്ഞയറ്റ ശരീരം ചുമന്ന് ഡോക്ടർ ശാന്തനുവിൻ്റെ പരിശോധനാ മുറിയിലേക്ക് ഓടി.
'ങും... എന്തുപറ്റി?'
ഡോ.ശാന്തനു ശാന്തസ്വരത്തിൽ ചോദിച്ചു.
'സാബ്, എൻ്റെ പ്രമദ്വരയെ പാമ്പുകടിച്ചു. എൻ്റെ എല്ലാമായ ഇവളെ അവിടുന്ന് രക്ഷപ്പെടുത്തണം.'
യുവാവ് കരഞ്ഞു പറഞ്ഞു.
ഡോക്ടർ ശാന്തനു പ്രമദ്വരയുടെ നാഡി പിടിച്ചു നോക്കി. സ്റ്റെതസ്കോപ്പിൻ്റെ വൃത്തം യുവതിയുടെ ശരീരത്തിലൂടെ അരിച്ചുനടന്നു.
'താങ്കളുടെ പേരെന്താണ്?'
പരിശോധനയ്ക്കിടയിൽ ഡോക്ടർ തിരക്കി.
'രുരു ...' യുവാവ് മന്ത്രിച്ചു.
'മിസ്റ്റർ രുരുവിന് സ്വന്തബന്ധങ്ങൾ ആരൊക്കെയുണ്ട്?'
'സാബ്, എന്നോടൊന്നും ചോദിക്കരുത്. എൻ്റെ സർവ്വസ്വവും പ്രമദ്വരയാണ്. ഞങ്ങളുടെ വിവാഹം നിശ്ചയിച്ചതായിരുന്നു.
മുഹൂർത്തത്തിനു മുമ്പാണ് സർപ്പദംശനം ഉണ്ടായത്. എൻ്റെ പ്രമദ്വരക്കുവേണ്ടി ഞാനെന്തു ത്യാഗത്തിനും തയ്യാറാണ്.
ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാനില്ല സാബ്.'
ഡോക്ടർ ശാന്തനു
ശാന്തമായി മന്ദഹസിച്ചു.
അദ്ദേഹം കഴുത്തിലെ ടൈമുറുക്കി, ഓവർ കോട്ടിൻ്റെ പോക്കറ്റിൽനിന്ന് ചുരുട്ട് എടുത്തു കത്തിച്ചു. ഒരു കവിൾ പുക അകത്തേക്ക് വലിച്ചു കൊണ്ട് അദ്ദേഹം കസേര വിട്ടു എണീറ്റു. എന്നിട്ട് രുരുവിൻ്റെ പുറത്തു തട്ടി കൊണ്ട് ആശ്വസിപ്പിച്ചു.
'മിസ്റ്റർ രുരൂ...
ധൈര്യമായിരിക്കൂ... പ്രമദ്വരയുടെ രക്തത്തിൽ വിഷം കലർന്നിട്ടുണ്ട്. ഡയാലിസിസിന് വിധേയമാക്കണം. ശരീരത്തിലെ രക്തം എല്ലാം മാറ്റി പുതിയ രക്തം നൽകണം. താങ്കളുടെ രക്തഗ്രൂപ്പ്
പ്രമദ്വരക്കു ചേരുമെന്ന് തോന്നുകയാണ്. ദൈവം താങ്കളെ സഹായിക്കട്ടെ. വരൂ... താങ്കളുടെ ഗ്രൂപ്പ് ഒന്ന് നോക്കട്ടെ.'
'ഡോക്ടർ സാബ്, എങ്കിൽ വേഗമാകട്ടെ. ഞാൻ എന്നെത്തന്നെ നൽകാൻ തയ്യാറായി നിൽക്കുകയാണ്. എൻ്റെ ആയുസ്സിൻ്റെ പാതി ഞാൻ അവൾക്ക് നൽകാം സാബ്.'
രുരു കൊച്ചു കുഞ്ഞിനെ പോലെ അലമുറയിട്ടു കരഞ്ഞു.
രക്തം പരിശോധനക്ക് നൽകിയ രുരു ലാബ് വിട്ട് പുറത്തേക്ക് വന്നു.
സുരഭി വിഹാറിൻ്റെ ഉമ്മറത്തെ തിരക്കൊഴിഞ്ഞിരുന്നു.
രുരു സുരഭി വിഹാറിലെ ചുമർചിത്രങ്ങൾ ഓരോന്നായി നോക്കി നടന്നു.
പൊടുന്നനെ രുരുവിൻ്റെ ശ്രദ്ധ
മാർബിൾ ഫലകത്തിൽ കൊത്തിവെച്ച ഒരു ശ്ലോകത്തിൽ കുരുങ്ങി നിന്നു.
അയാൾ ആ ശ്ലോകം പതുക്കെ ഉരുവിട്ടു.
''ശ്രേയാൻ സ്വധർമ്മോ വിഗുണ:
പരധർമാൽ സ്വനുഷ്ഠിതാൽ
സ്വധർമ്മേ നിധനം ശ്രേയ:
പരധർമോ ഭയാവഹ: ''
രുരു പലവുരു അതാവർത്തിച്ചു.
എന്നിട്ട് ഏറെനേരം ചിന്തയിലാണ്ടു.
രുരുവിൻ്റെ ചിന്തയിലേക്ക് പെട്ടെന്ന് ഒരു കൂട്ടനിലവിളി ഇരച്ചെത്തി.
കുറേ സ്ത്രീകളുടെ അലമുറ.
രുരു സുരഭി വിഹാറിലേക്ക് പാഞ്ഞുചെന്നു.
അവിടെ കണ്ട കാഴ്ച രുരുവിനെ ഞെട്ടിച്ചു.
ഒരു ചെറുപ്പക്കാരൻ ചോരയിൽ കിടന്ന് പിടയുകയാണ്.
ഡോക്ടർ ശാന്തനുവിൻ്റെ രണ്ടാം ഭാര്യയിലുള്ള മകൻ ചിത്രനായിരുന്നു അത്. ചിത്രൻ്റെ അമ്മ സത്യവതി ആർത്തലച്ചു കരയുകയാണ്. ശാന്തനുവും ആദ്യഭാര്യ ഗംഗാദേവിയും മകളും സ്തബ്ദരായി നിൽക്കുന്നു.
ഡോ.ശാന്തനു പരിഭ്രാന്തിയിൽ പുകയുകയാണ്. തൻ്റെ മകൻ്റെ
ദാരുണമായ അവസ്ഥ കണ്ട് ആ പിതൃഹൃദയം നുറുങ്ങുകയാണ്.
ശാന്തനുവിൻ്റെ മുഖത്ത് ഇപ്പോൾ വാർദ്ധക്യത്തിൻ്റെ ചെതുമ്പലുകൾ പൊന്തിവന്നു.
'ഡോക്ടർ സാബ്, എന്താണ് ഇങ്ങനെ നോക്കി നിൽക്കുന്നത്? ചിത്രനെ ചികിത്സിയ്ക്കു സാബ്'...
രുരു ശാന്തനുവിനെ തൊട്ടുണർത്തി.
രുരുവും ശാന്തനുവും ചേർന്ന് ചിത്രനെ ചുമന്ന് പരിശോധനാ വിഭാഗത്തിലേക്ക് നടന്നു. മൊസൈക്കിട്ട തറയിൽ വാർന്നു വീണ ചിത്രൻ്റെ രക്തം നിരവധി
ചുവന്ന ചിത്രങ്ങൾ ആയി മാറി.
ചിത്രന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് നഴ്സ് വിളിച്ചു പറയുന്നത് രുരു കേട്ടു.
ഈ തിരക്കിനിടയിൽ രുരു പ്രമദ്വരയുടെ കാര്യം തന്നെ മറന്ന മട്ടായിരുന്നു.
പൊടുന്നനെ ഡോക്ടർ ശാന്തനു രുരുവിൻ്റെ പേര് വിളിച്ചു കൊണ്ട് പാഞ്ഞു വന്നു. ചോരവാർന്ന ശാന്തനുവിൻ്റെ മുഖം രുരുവിൻ്റെ കണ്ണുകളെ ഈറനണിയിച്ചു.
'രുരു എന്നെ രക്ഷിക്കണം... എൻ്റെ മകൻ ഗംഗാദത്തൻ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ ഒന്നും പ്രശ്നമായിരുന്നില്ല...'
'സാബ് പറയൂ ... ഞാനെന്തു വേണം?'
രുരുവിൻ്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ഡോക്ടർ ശാന്തനു വിങ്ങിപ്പൊട്ടി.
രുരു ശാന്തനുവിനെ ചേർത്തു പിടിച്ചു.
'ബ്രഹ്മശാപമാണ് ഞാൻ അനുഭവിക്കുന്നത്. മഹാഭിഷക്കായിരുന്ന എന്നെ
വീണ്ടും മനുഷ്യൻ ആക്കിയല്ലോ ബ്രഹ്മാവ്. അന്ന് തൊട്ട് ഞാൻ അനുഭവിക്കുന്ന ദുഃഖം രുരുവിന് മനസ്സിലാവില്ല.'
രുരു ഇടയിൽ കയറി ചോദിച്ചു:
'എന്ത് ബ്രഹ്മാവ് ശപിച്ചുവെന്നോ?
ഈ പറയുന്ന ബ്രഹ്മാവ് എൻ്റെ മുതുമുത്തച്ഛൻ ആയിരുന്നു.
അങ്ങ് സൂര്യവംശ രാജാവായിരുന്ന മഹാഭിഷക്കാണ് അല്ലേ...
ധാരാളം കേട്ടിട്ടുണ്ട്... ഇപ്പോൾ പറയൂ...
ഞാൻ എന്താണ് ചെയ്യേണ്ടത്?
ബ്രഹ്മശാപം തീർക്കാനൊന്നും എനിക്ക് കഴിയില്ലെങ്കിലും പറയൂ... എന്നെക്കൊണ്ട് ആവുന്നത് ചെയ്യാം...'
ഡോക്ടറുടെ കണ്ണുകൾ വിടർന്നു.
അവയിൽ ആയിരക്കണക്കിന് നക്ഷത്രങ്ങൾ തെളിഞ്ഞു.
'പ്രമതിയുടെ മകനാണ് അല്ലേ?'
'അതെ' രുരു പറഞ്ഞു.
'എൻ്റെ രുരു എന്നെ കൈവെടിയരുതേ ... ഞാനെൻ്റെ സർവ്വസ്വവും തരാം....
ഇത് പ്രലോഭനം ഒന്നുമല്ല... ഒരു ഉപകാരം ചെയ്താൽ മാത്രം മതി....
ഞാൻ അത് എങ്ങനെ നിന്നോട് പറയും...
വേണ്ടാ....'
'ദയവു ചെയ്ത് പറയൂ സാബ്,'
രുരു പ്രോത്സാഹിപ്പിച്ചു.
'എൻ്റെ പൊന്നു മോനെ രുരു ...
നീ നിൻ്റെ പ്രമദ്വര മരിച്ചെന്നു കരുതുമോ?
അവൾക്കുവേണ്ടി നീ ചെയ്യാനൊരുങ്ങിയ ത്യാഗം എൻ്റെ മകൻ ചിത്രനുവേണ്ടി ചെയ്യുമോ? അവനെ രക്ഷപ്പെടുത്താൻ നിനക്കു മാത്രമേ കഴിയൂ... നിൻ്റെയും അവൻ്റെയും രക്തമൊന്നാണ്.'
'ഡോക്ടർ സാബ്...'
രുരു ഞെട്ടിപിടഞ്ഞു.
അവൻ്റെ കരളിൽ അഗ്നി പുളഞ്ഞു.
അവൻ തളർന്നു.
പ്രമദ്വരയുടെ സുന്ദരവദനം അവനിൽ നിറയാൻ തുടങ്ങി. ഗതകാല സ്മരണകൾ അവനിൽ അലയടിച്ചു.
ശാന്തനു രുരുവിൻ്റെ കരം കവർന്നു.
'പൊന്നു മോനെ നിനക്കെന്തു വേണം?
നീ ചോദിക്കുന്നതെന്തും തരാം...
പ്രമദ്വരയുടെ ജീവൻ ഒഴികെ....
പ്രമദ്വര ഇല്ലാത്ത ദുഃഖവും തീർത്തു തരാം...
ലോകൈക സുന്ദരികളായ
നൂറുകണക്കിന് പ്രമദ്വരമാരെ പത്നിമാരായിത്തരാം...
സുരഭി പശുവിൻ്റെ പാലു തരാം...
വിശപ്പും ദാഹവും ആദിയും വ്യാധിയും ഇല്ലാതാക്കുന്ന ഔഷധമാണത്...
രുരു എന്നെ രക്ഷിക്കില്ലേ?'
രുരു എല്ലാം കേട്ടു.
അവൻ്റെ ചിന്തയിൽ
അനേകം കഴുകന്മാർ അന്തമില്ലാതെ
പറന്നുകൊണ്ടിരുന്നു.
പുറത്ത് ഉച്ചൈ:ശ്രവസ്സ് ചിനക്കുന്ന ശബ്ദം കേട്ടു. അവൻ്റെ ഹൃദയത്തിലൂടെ നിരവധി കുതിരകളും അമ്പുകളും പാഞ്ഞു കൊണ്ടിരുന്നു.
ഏറെ നേരത്തെ അസ്വസ്ഥത ഇപ്പോൾ ആർദ്രമായി.
പ്രമദ്വരയും ചിത്രനും
അവൻ്റെ മുന്നിൽ വന്നു നിന്നു.
രണ്ടുപേരും അവനോടു ജീവൻ ചോദിച്ചു. ആയുസ്സ് ചോദിച്ചു.
അപ്പോൾ അവന് വെളിപാടുണ്ടായി.
അന്യധർമ്മത്തേക്കാൾ ശ്രേഷ്ഠമായത് സ്വന്തം ധർമ്മമാണ് എന്നവനറിഞ്ഞു.
അപ്പോൾ ഏതാണ് സ്വധർമ്മം?
പരധർമ്മം എത്ര വലുതാണെങ്കിലും അത് നരകമാകുന്നു. ഏതാണ് പരധർമ്മം?
പ്രമദ്വരയെ സഹായിക്കുന്നത് സ്വധർമ്മമോ പരധർമ്മമോ?
ചിത്രനെ രക്ഷിക്കുന്നത് പരധർമ്മമോ സ്വധർമ്മമോ?
ഏതാണ് ശ്രേഷ്ഠകരമായത്?
ഏതാണ് നരകാഗ്നി ആയിട്ടുള്ളത്?
രുരു അനിശ്ചിതാവസ്ഥയിലായി.
അവൻ്റെ ഹൃദയത്തിൽ മഞ്ഞു മലകളും അഗ്നിപർവ്വതങ്ങളും ഒരേസമയം അതിക്രമിച്ചു.
'രുരു... എന്താണ് തീരുമാനിച്ചത്?' ഡോക്ടർ തൊണ്ട ഇടറിക്കൊണ്ട് ചോദിച്ചു.
രുരു ഒന്നും മിണ്ടിയില്ല.
അവൻ ചിന്തയിലാണ്.
ഇന്നലെകളെപ്പറ്റി, നാളെകളെപ്പറ്റി അവൻ ഓർക്കുകയാണ്.
ചരിത്രത്തിലും പുരാണത്തിലും ഇല്ലാത്ത ഒരു വിഷമസന്ധിയിൽ പെട്ടു മനസ് പിടയുകയാണ്.
പെട്ടെന്ന് ഒരു ഉറച്ച തീരുമാനത്തോടെ അവൻ പ്രമദ്വരയുടെ അരികിലേക്ക് നടന്നു. അവൾ ഉറങ്ങി കിടക്കുകയാണ്. ബോധമില്ലാതെ, നീലിച്ച ശരീരത്തോടെ അവൾ മരണത്തിലേക്ക് നീങ്ങുകയാണ്.
രുരു പതുക്കെ കുനിഞ്ഞ് പ്രമദ്വരയെ ചുംബിച്ചു. നെറ്റിയിലും കണ്ണുകളിലും കവിളിലും അധരത്തിലും തെരുതെരാ മുത്തമിട്ടു. അവൻ്റെ മുഖത്ത് തരിമ്പും ഭാവമാറ്റം ഇല്ലായിരുന്നു. പൊടുന്നനെ അവളുടെ ചേലതലപ്പ് വാരിവലിച്ച് മുഖത്തേക്കിട്ടു.
എന്നിട്ട് ഒന്നും സംഭവിക്കാത്തതു പോലെ സാവകാശം അവൻ ചിത്രൻ്റെ ശയ്യക്കരികിലേക്ക് നടന്നു.
ഡോക്ടർ ശാന്തനു, അത്യാഹ്ലാദത്തോടെ രുരുവിൻ്റെ പിറകെയും!
(1991ൽ പ്രസിദ്ധീകരിച്ച 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ നിന്ന്)
No comments:
Post a Comment