Tuesday, 31 March 2020

ലോക് ഡൗൺ എന്ന അവധിക്കാലം...
---------------------------------
അസാധാരണമായതൊന്നും സംഭവിച്ചില്ലെങ്കിൽ നാട്ടിലെ പള്ളിക്കൂടങ്ങളെല്ലാം മധ്യ വേനലവധിക്ക് അടക്കുന്ന ദിവസമാണിന്ന്. 

ഹായ്! അവധിക്കാലം എന്ന് ആർത്തു വിളിച്ച് സ്‌കൂളിൽ നിന്ന് പുറത്തു ചാടുന്നതിന്റെ ഓർമകൾ നശിപ്പിക്കാൻ ഒരു വൈറസിനും കഴിയില്ല.

ഇത്തവണ മധ്യ വേനലവധിക്കു മുമ്പു തന്നെ സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടി. പത്താം തരം പരീക്ഷ പാതി വഴിയിൽ ഉപേക്ഷിച്ചു. മറ്റു ചെറിയ ക്ലാസുകളിലെ പരീക്ഷകൾ വേണ്ടെന്നു വെച്ചു.

വന്മതിൽ ചാടി കടന്ന് ലോകമെങ്ങും പറന്നു നടക്കുന്ന കൊറോണ വൈറസാണ് രാജ്യത്ത് അസാധാരണ സാഹചര്യം സൃഷ്ടിച്ചത്.

സ്കൂൾ അടച്ചാൽ കിട്ടുന്ന സ്വാതന്ത്ര്യമൊന്നും ഇത്തവണ കുട്ടികൾക്ക് ലഭിച്ചില്ല. ഇനി ലഭിക്കുമോ എന്നും പറയാൻ വയ്യ!

ലോകമെങ്ങും വാതിലടച്ചിരിപ്പാണ്. വൈറസിനെ നേരിടാൻ ഏക രക്ഷാകവചം ലോക് ഡൗണാണ് എന്ന് ഇതിനകം ബോധ്യപ്പെടുകയും ചെയ്തു. ഇന്നത്തെ നിലക്ക് സമ്പർക്ക വിലക്കും ശാരീരിക അകലം പാലിക്കലും അനുഷ്ഠിച്ചു തീരുമ്പോഴേക്കും ഈസ്റ്ററും വിഷുവും കടന്നുപോകും.

ഈ സമയത്ത് ഓർമകൾ അയവിറക്കുന്നത് നല്ലൊരു വ്യായാമമാണ്. പതിറ്റാണ്ടുകൾ പലതും പിന്നിട്ട മധ്യവേനൽ അവധിയുടെ നാളുകൾ ഓർത്തെടുക്കുകയാണ്.

അന്ന് രണ്ടു മാസം കുട്ടികൾക്ക് ശരിക്കും തകൃതി മേളം തന്നെയായിരുന്നു.
പുതു തലമുറക്ക് ആ കാലം ഉൾക്കൊള്ളാൻ കഴിയുമോ? ഏതോ പ്രാചീന ഗോത്രവർഗ്ഗമെന്നൊക്കെ പറഞ്ഞ് ചിറി കോട്ടുമോ? പണ്ടത്തെ പോലെ മാവിലെറിയാനും കൊത്താം കല്ല്‌ വിളയാടാനും തലമ പന്ത് കളിക്കാനും ഇന്നത്തെ
പിള്ളാർക്ക് അറിയില്ല എന്ന് പറഞ്ഞാൽ സമ്മതിക്കുമോ?

പുതു കാലത്ത് ഡിജിറ്റൽ ഹണ്ടുകളും നവലിബറൽ കളികളുമുണ്ടാവും.
അവരതിൽ മുഴുകുന്നുണ്ട്  എന്നറിയാഞ്ഞിട്ടല്ല. പണ്ടത്തെ കുട്ടിക്കാലം ഇന്നത്തെ പിള്ളാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്രയും വിദൂരത്താണ്.

സത്യം പറഞ്ഞാൽ ഇന്ന് ഒരു  അവധിക്കാലം ഉണ്ടോ? ഓടി ചാടി കളിച്ചു തിമിർക്കാൻ കുട്ടികളെ  രക്ഷിതാക്കൾ അനുവദിക്കുമോ? ഇല്ല! ഇല്ലെന്നു തന്നെ പറയാം. ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിൽ തന്നെ പല അമ്മമാരും പിള്ളാരെക്കൊണ്ട് തോറ്റു തുന്നം പാടിയതിന്റെ വീഡിയോ പോസ്റ്റുകൾ വൈറലായിരുന്നു.

ഞങ്ങളുടെ കുട്ടിക്കാലം സ്വാതന്ത്ര്യത്തിന്റെ ഉർവ്വരതയും ഊഷരതയും  കെട്ടുപിണഞ്ഞ കാലമായിരുന്നു. വേനലിന്റെ മുഴുവൻ കാഠിന്യവും കാലവർഷത്തിന്റെ മൊത്തം കുളിരലയും അനുഭവിക്കാൻ അന്ന് ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.

നട്ടുച്ച നേരത്ത് ടാറുരുകുന്ന റോഡിൽനിന്ന് കുമിളയായി പൊങ്ങുന്ന
കുഞ്ഞു ടാറിൻ മണികൾ ഉരുട്ടിയെടുത്ത് ഗോട്ടിയാക്കി കളിച്ചത്,
നിളയിലെ തെളിനീരിൽ നീന്തി തുടിച്ചത്, കുളത്തിലേക്ക്
തള്ളിയിട്ടു സ്വയം നീന്താൻ പഠിപ്പിച്ചത്, മനക്കലെ മാവിന്റെ ആകാശ കൊമ്പത്ത് സ്വർണം പൂശി നിൽക്കുന്ന
ഗോമാങ്ങ എറിഞ്ഞു വീഴ്ത്തി കടിച്ചു തിന്നു രസിച്ചത്, തെങ്ങോല മെടഞ്ഞു പന്തുണ്ടാക്കി തലമ എറിഞ്ഞു
കളിച്ചത്, വിറകു പുരയിൽ ഉടുതുണി കൊണ്ട് കർട്ടൻ കെട്ടി നാടകം കളിച്ചത്, സൈക്കിൾ ചവിട്ടു പരിശീലിച്ചത് , അങ്ങിനെയങ്ങിനെ എന്തെല്ലാം വിനോദങ്ങളായിരുന്നുവെന്നോ...

ഇന്ന് അങ്ങിനെ വല്ലതും ഓർത്തു വെക്കാൻ പുതിയ തലമുറയിലുള്ളവർക്ക് എന്താണുള്ളത് ?
നവ മാധ്യമങ്ങളിലും കമ്പ്യൂട്ടർ ഗൈമുകളിലും കണ്ണുകൾ പൂഴ്ത്തി വിനോദിക്കുന്നവരെ മാത്രമേ എവിടെയും
കാണാനാവുന്നുള്ളൂ.

രണ്ടു മാസം കുട്ടികളെ വീട്ടിലിരുത്തി മടിയന്മാരാക്കാൻ താൽപ്പര്യമില്ലാത്ത രക്ഷിതാക്കളെ ചൂണ്ടയിടാൻ ചില വിവിധോദ്ദേശ പഠനകേന്ദ്രങ്ങളും നാട്ടിൽ സജീവമാവുന്ന കാലമാണ് വേനൽ കാലം!

കുട്ടികളെ ഇൻറർനാഷണൽ ലവലിൽ ഹൈടെക് വിരാടന്മാരാക്കുമെന്നാണ് അവരുടെ ഓഫർ! ബിരുദ പഠനം കഴിഞ്ഞിട്ടും നേരെ ചൊവ്വെ സ്വന്തം വിലാസമെഴുതാനോ ഒരു ചലാൻ ഫോം പൂരിപ്പിക്കാനോ വിദ്യ നേടാത്തവരുള്ള നാട്ടിലാണ് രാഷ്ട്രീയ പാർടികളുടെ പ്രകടനപത്രിക പോലെയുള്ള കച്ചവട വിദ്യാലയങ്ങളുടെ വാഗ്ദാനം!

ഓരോ വിദ്യാലയവും കാറ്റഗറി തിരിച്ച് സമ്മർ ക്യാമ്പുകൾ നടത്തുന്നതും ഇപ്പോൾ പതിവാണല്ലൊ. വിദ്യാലയങ്ങളുമായി കുട്ടികളെ കെട്ടിയിടാൻ വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ എന്ന് വിമർശനമുണ്ടെങ്കിലും രക്ഷിതാക്കൾക്ക് ഇത് ഇഷ്ടമാണ്.

60 ദിവസം ഈ കുട്ടികളെ എങ്ങിനെ സഹിക്കും എന്ന് ഉറക്കെ ചോദിക്കുന്ന അമ്മമാരും ഇവിടെയുണ്ട്. സ്പോക്കൺ ഇംഗ്ലീഷ്, സ്റ്റുഡൻറ് പോലീസ് കാഡറ്റ് ട്രെയ്നിംഗ്, ഹൃസ്വകാല കമ്പ്യൂട്ടർ കോഴ്സ്, പി.എസ്.സി. സ്പെഷൽ കോച്ചിങ് എന്നിങ്ങനെ എന്തു കേട്ടാലും ഓടിച്ചെന്ന് പ്രവേശനം വാങ്ങാൻ ഓടുന്നവരേയും കണ്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ഭൂചലന സമാനമായ ഒരു തീരുമാനം സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളിലും മധ്യവേനലവധിക്ക് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് തുടങ്ങിയവർക്കെല്ലാം ഉത്തരവ് ബാധകമാക്കിയിരുന്നു.

എന്നാൽ അവിടെയും ചെറിയൊരു പഴുതുണ്ട്. വിദ്യാഭ്യാസ ഓഫീസറുടെ മുൻകൂർ അനുമതി വാങ്ങി കുട്ടികൾക്കു വേണ്ടി ക്യാമ്പുകളും ശിൽപശാലകളും നടത്താം. പരമാവധി പത്തു ദിവസം മാത്രം. പൊതു വിദ്യാഭ്യാസ സെക്രട്ടരിയാണ് ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. സൂചിപ്പഴുതിലൂടെ തൂമ്പ കടത്തുന്നവരുള്ള നാട്ടിൽ  ഏതു ഉത്തരവും ഗൗളി താങ്ങി നിർത്തും. ഇത്തവണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലും സ്പെഷൽ ക്ലാസുകൾ വിലക്കിയിരുന്നു.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ചില നാട്ടിൻ പുറത്തെങ്കിലും ഞങ്ങളുടെ ആ പഴയ കുട്ടിക്കാലം ആവിഷ്ക്കരിക്കാൻ
ആരെങ്കിലുമൊക്കെ ഉത്സാഹിക്കുന്നുണ്ടാവുമോ ആവോ?
മുൻ തലമുറ ചെയ്തതൊക്കെ വള്ളിപുള്ളി തെറ്റാതെ പിൻമുറക്കാർ അനുഷ്ഠിക്കണമെന്ന് ആരും പറയില്ല. ഓരോ തലമുറയുടേയും ജീവിതം വേറിട്ടതാണ്. വൈവിധ്യമുള്ളതാണ്. അപ്പോൾ പഴയ തലമപന്തും ഗോട്ടി കളിയും മറ്റും ഡിജിറ്റൽ തലമുറയും ആവർത്തിക്കണമെന്ന് ശഠിക്കുന്നത് തനി ഫ്യൂഡൽ ചിന്ത തന്നെ അല്ലേ?

/ ടിവിഎം അലി /

Monday, 30 March 2020

കഥ



,,,,,,,,,,,,,,, പ്രമദ്വര ,,,,,,,,,,,
           

- ടി.വി.എം.അലി -

മൂടൽമഞ്ഞിൻ്റെ പുറംതോട് പിളർന്ന് നഗരം പതുക്കെ കൺമിഴിക്കുയാണ്.
കോൺക്രീറ്റ് കാടുകൾക്കിടയിൽ മഞ്ഞുപാളികൾ തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു.

നിരത്ത് ഏറെക്കുറെ വിജനമായിരുന്നു. തണുത്തുവിറച്ച്, വേച്ചുവേച്ച് നടക്കുന്ന കുറെ കഴുതകൾ അങ്ങിങ്ങ് കാണപ്പെട്ടു.

ഉദയസൂര്യൻ്റെ ചെങ്കതിരുകൾ
കെട്ടിടങ്ങൾക്കിടയിലൂടെ ചിതറി വീഴുന്നു. മഞ്ഞിൽ നനഞ്ഞു നിന്നിരുന്നു
മരങ്ങളിൽനിന്ന് ബാഷ്പങ്ങൾ ഉണങ്ങാൻ തുടങ്ങി.

നിരത്തിൻ്റെ  അങ്ങേത്തലക്കൽ
നിന്ന് പാൽക്കാരൻ പയ്യൻ്റെയും, പത്രക്കാരൻ കഴിവൻ്റെയും, പച്ചക്കറി വിൽക്കുന്ന വൃദ്ധയുടെയും വായ്ത്താരി കേട്ടു തുടങ്ങി.

ഇപ്പോഴും നഗരം തണുപ്പിൻ്റെ കൂർത്ത കൊക്കുകൾക്കിടയിൽ കിടന്ന് കൈകാലിട്ടടിക്കുകയാണ്.
വീടുകളിൽനിന്ന് വാതിൽ തുറക്കുന്നതിൻ്റെയും
പാത്രങ്ങൾ കൂട്ടിമുട്ടുന്നതിൻ്റെയും ശബ്ദങ്ങൾ കേൾക്കാം.
റേഡിയോ, ടെലിവിഷൻ തുടങ്ങിയവ ചിലക്കാൻ ആരംഭിച്ചു.

നഗരം തിരക്കിലേക്കും ബഹളത്തിലേക്കും ഉടുത്തൊരുങ്ങുകയാണ്.
റോഡുകളിലൂടെ വണ്ടികൾ ഇരമ്പിപ്പായുന്നുണ്ട്. കുതിര വണ്ടികൾ ശബ്ദമുണ്ടാക്കിക്കൊണ്ട് തലങ്ങും വിലങ്ങും ഓടുന്നുണ്ട്. കമ്പിളിക്കുപ്പായമിട്ടുകൊണ്ട് കുറെ തൊഴിലാളികൾ പണിശാലയിലേക്ക് നടന്നുപോകുന്നു.

പൊടുന്നനെ ആലസ്യം
വിട്ടെണീക്കുന്ന നഗരത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ഒരു കുതിര പടപടാന്ന് പാഞ്ഞുവന്നു. ആളുകൾ വഴിമാറിക്കൊടുത്തു. എന്നിട്ട് ആശ്ചര്യത്തോടെ, പാഞ്ഞുപോകുന്ന കുതിരയെ നോക്കിനിന്നു.
ഈ നഗരത്തിൽ നിരവധി വർഷങ്ങളായി ജീവിച്ചുകൊണ്ടിരിക്കുന്ന ആളുകൾ പോലും അത്തരമൊരു കുതിരയെ ഇന്നേവരെ കണ്ടിട്ടുണ്ടായിരുന്നില്ല.

എന്തൊരു പൊക്കം! എന്തൊരു വേഗത! വിചിത്രം തന്നെ. ഇത് ഏതു ജനുസ്സിൽപ്പെട്ട കുതിരയാണ്? എവിടുന്ന് വരുന്നതാണ്?ആരാണ് കുതിരക്കാരൻ?

പാലാഴി കടഞ്ഞപ്പോൾ പൊങ്ങി വന്ന ഉച്ചൈ:ശ്രവസ്സ് എന്ന പറക്കും കുതിര യാണോ അതെന്ന് ആളുകൾ സംശയിച്ചു. സത്യത്തിൽ കുതിരയുടെ കാലുകൾ നിലത്ത് ഊന്നിയിരുന്നില്ല എന്ന് തോന്നും.
അതെ ആ കുതിര പറക്കുകയായിരുന്നു.

അല്പനേരം കഴിഞ്ഞപ്പോൾ ദൂരെ നിന്ന് കുളമ്പടി നാദം ഇരച്ചു വരുന്നത് അറിഞ്ഞു. അതെ ആ കുതിര തന്നെ.
കുതിരപ്പുറത്ത് കടിഞ്ഞാൺ പിടിച്ചുകൊണ്ട് യൗവ്വനയുക്തനായ ഒരു യുവകോമളൻ. അവൻ്റെ മടിയിൽ ഒരു യുവതി കമിഴ്ന്നു കിടക്കുന്നു. അവളുടെ തലമുടി കാറ്റിൽ ആകാശത്തേക്ക് പൊങ്ങുന്നു. തൂങ്ങിക്കിടക്കുന്ന യുവതിയുടെ പാദങ്ങൾക്ക് നീല വർണ്ണം.

കുതിര പെട്ടെന്ന് നിന്നു.
ആളുകൾ ഭയന്നു പിറകോട്ട് അല്പം മാറിനിന്നു . കുതിരപ്പുറത്ത് ഇരുന്ന ചെറുപ്പക്കാരൻ്റെ മുഖം ശോകത്താൽ ചുവന്നിരുന്നു.
അവൻ്റെ കണ്ണുകളിൽ ഗംഗ നിറയുന്നു. ചുണ്ടുകൾ വിതുമ്പുന്നു.

'ഈ നഗരത്തിൽ പ്രശസ്തനായൊരു ഭിഷഗ്വരൻ ഉണ്ടല്ലോ... അദ്ദേഹം താമസിക്കുന്നത് എവിടെയാണ്? ഒന്നു പറഞ്ഞു തരുമോ?'

ആകാശത്തുനിന്നു അടർന്നുവീണ നേർത്ത ശബ്ദം കേട്ട് ആളുകൾ ഉത്സുകരായി. അവരുടെ ഭയം വിട്ടുമാറി.

'ഇതാ ഇതിലെ പോകൂ... വടക്കോട്ട് തിരിഞ്ഞു ... കിഴക്കോട്ടു മാറി... പടിഞ്ഞാട്ടു തെന്നി ... തെക്കോട്ട് മുഖമുള്ള വലിയൊരു മാളിക കാണാം.'

അവർ ഒന്നിച്ചു വിളിച്ചു കൂവി.
കുതിരക്കാരൻ പ്രജ്ഞയറ്റവനെ പോലെ ഒന്ന് പിടഞ്ഞു.

'ദയവു ചെയ്തു അദ്ദേഹത്തിൻ്റെ പേര് പറയൂ?'  അയാൾ കെഞ്ചി.

'പേര് ... എന്തോന്നാടാ പേര് ?
ആ മനസ്സിലായി ഡോക്ടർ ശാന്തനു.
അതെ, അതുതന്നെ ശാന്തനു... സുരഭി വിഹാർ. നേരെ വടക്കോട്ട് തിരിഞ്ഞ്...'

ഒരു വൃദ്ധൻ അത് പറഞ്ഞു തീരും മുമ്പ്
ഉച്ചൈ:ശ്രവസ്സ് പറന്നുപോയി.
വിസ്മയത്താൽ മൂക്കത്ത് വിരൽ തിരുകി അതിശയം കൂറിക്കൊണ്ട് ഓരോരുത്തരും അവനവൻ്റെ  ലാവണങ്ങളിലേക്ക് പിരിഞ്ഞു പോയി. എന്നിട്ടും കുളമ്പടി നാദം ദൂരേക്ക് കത്തിപ്പടരുന്നത് അവർ അറിയുന്നുണ്ടായിരുന്നു.

ഡോക്ടർ ശാന്തനുവിൻ്റെ സുരഭി വിഹാറിലേക്ക് ഉച്ചൈ:ശ്രവസ്സ് പഞ്ഞിക്കെട്ടുപോലെ പാറി പറന്നു ചെന്നു. വലിയൊരു ആശുപത്രി പോലെ തോന്നിക്കുന്ന ആ മാളിക മുറ്റത്ത് രോഗികളുടെ നീണ്ട നിരകൾ കാളസർപ്പത്തെ ഓർമിപ്പിച്ചു.  അവരുടെ കൂട്ടത്തിൽ നിന്ന് തേങ്ങിക്കരച്ചിലും അടക്കം പറച്ചിലും കേട്ടു. തിരക്ക് ഒഴിയുന്നതു വരെ കാത്തു നിൽക്കാൻ കഴിയാതെ
കുതിരക്കാരൻ ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു.
ഇവിടെ പാലിക്കപ്പെടേണ്ട ചട്ടങ്ങളെ കുറിച്ച് അയാൾക്ക് ഒരു അറിവും ഇല്ലായിരുന്നു.

അയാൾ കരഞ്ഞു. കണ്ണുനീരിൽ കുതിര കുളിച്ചു. കുതിരയുടെ രോമങ്ങളിൽ നിന്നും ജലപ്രവാഹം ഉണ്ടായി.
ഈ കാഴ്ച കണ്ടു രോഗികൾ
ഞരങ്ങാനും കരയാനും മറന്നുപോയി.
അവർ നീണ്ട വരിയുടെ മതിൽക്കെട്ട് പിളർത്തി കുതിരയെ അകത്തേക്ക് കടത്തിവിട്ടു.

കുതിരപ്പുറത്തു നിന്ന് അയത്ന ലളിത പാടവത്തോടെ യുവകോമളൻ ചാടിയിറങ്ങി. എന്നിട്ട് കമിഴ്ന്നു കിടക്കുന്ന തൻ്റെ പ്രാണപ്രേയസിയുടെ പ്രജ്ഞയറ്റ ശരീരം ചുമന്ന് ഡോക്ടർ ശാന്തനുവിൻ്റെ പരിശോധനാ മുറിയിലേക്ക് ഓടി.

'ങും... എന്തുപറ്റി?'
ഡോ.ശാന്തനു ശാന്തസ്വരത്തിൽ ചോദിച്ചു.

'സാബ്, എൻ്റെ പ്രമദ്വരയെ പാമ്പുകടിച്ചു. എൻ്റെ എല്ലാമായ ഇവളെ അവിടുന്ന് രക്ഷപ്പെടുത്തണം.'
യുവാവ് കരഞ്ഞു പറഞ്ഞു.

ഡോക്ടർ ശാന്തനു പ്രമദ്വരയുടെ നാഡി പിടിച്ചു നോക്കി. സ്റ്റെതസ്കോപ്പിൻ്റെ വൃത്തം യുവതിയുടെ ശരീരത്തിലൂടെ അരിച്ചുനടന്നു.

'താങ്കളുടെ പേരെന്താണ്?'
പരിശോധനയ്ക്കിടയിൽ ഡോക്ടർ തിരക്കി.

'രുരു ...' യുവാവ് മന്ത്രിച്ചു.

'മിസ്റ്റർ രുരുവിന് സ്വന്തബന്ധങ്ങൾ ആരൊക്കെയുണ്ട്?'

'സാബ്, എന്നോടൊന്നും ചോദിക്കരുത്. എൻ്റെ സർവ്വസ്വവും പ്രമദ്വരയാണ്. ഞങ്ങളുടെ വിവാഹം നിശ്ചയിച്ചതായിരുന്നു.
മുഹൂർത്തത്തിനു മുമ്പാണ് സർപ്പദംശനം ഉണ്ടായത്. എൻ്റെ പ്രമദ്വരക്കുവേണ്ടി ഞാനെന്തു ത്യാഗത്തിനും തയ്യാറാണ്.
ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാനില്ല സാബ്.'

ഡോക്ടർ ശാന്തനു
ശാന്തമായി മന്ദഹസിച്ചു.
അദ്ദേഹം കഴുത്തിലെ ടൈമുറുക്കി, ഓവർ കോട്ടിൻ്റെ പോക്കറ്റിൽനിന്ന് ചുരുട്ട് എടുത്തു കത്തിച്ചു. ഒരു കവിൾ പുക അകത്തേക്ക് വലിച്ചു കൊണ്ട് അദ്ദേഹം കസേര വിട്ടു എണീറ്റു. എന്നിട്ട് രുരുവിൻ്റെ പുറത്തു തട്ടി കൊണ്ട് ആശ്വസിപ്പിച്ചു.

'മിസ്റ്റർ രുരൂ...
ധൈര്യമായിരിക്കൂ... പ്രമദ്വരയുടെ രക്തത്തിൽ വിഷം കലർന്നിട്ടുണ്ട്. ഡയാലിസിസിന് വിധേയമാക്കണം. ശരീരത്തിലെ രക്തം എല്ലാം മാറ്റി പുതിയ രക്തം നൽകണം. താങ്കളുടെ രക്തഗ്രൂപ്പ്
പ്രമദ്വരക്കു ചേരുമെന്ന് തോന്നുകയാണ്. ദൈവം താങ്കളെ സഹായിക്കട്ടെ. വരൂ... താങ്കളുടെ ഗ്രൂപ്പ് ഒന്ന് നോക്കട്ടെ.'

'ഡോക്ടർ സാബ്, എങ്കിൽ വേഗമാകട്ടെ. ഞാൻ എന്നെത്തന്നെ നൽകാൻ തയ്യാറായി നിൽക്കുകയാണ്. എൻ്റെ ആയുസ്സിൻ്റെ പാതി ഞാൻ അവൾക്ക് നൽകാം സാബ്.'

രുരു കൊച്ചു കുഞ്ഞിനെ പോലെ അലമുറയിട്ടു കരഞ്ഞു.
രക്തം പരിശോധനക്ക് നൽകിയ രുരു ലാബ് വിട്ട് പുറത്തേക്ക് വന്നു.
സുരഭി വിഹാറിൻ്റെ  ഉമ്മറത്തെ തിരക്കൊഴിഞ്ഞിരുന്നു.

രുരു സുരഭി വിഹാറിലെ ചുമർചിത്രങ്ങൾ ഓരോന്നായി നോക്കി നടന്നു.
പൊടുന്നനെ രുരുവിൻ്റെ ശ്രദ്ധ
മാർബിൾ ഫലകത്തിൽ കൊത്തിവെച്ച ഒരു ശ്ലോകത്തിൽ കുരുങ്ങി നിന്നു.
അയാൾ ആ ശ്ലോകം പതുക്കെ ഉരുവിട്ടു.

''ശ്രേയാൻ സ്വധർമ്മോ വിഗുണ:
പരധർമാൽ സ്വനുഷ്ഠിതാൽ
സ്വധർമ്മേ നിധനം ശ്രേയ:
പരധർമോ ഭയാവഹ: ''

രുരു പലവുരു അതാവർത്തിച്ചു.
എന്നിട്ട് ഏറെനേരം ചിന്തയിലാണ്ടു.

രുരുവിൻ്റെ ചിന്തയിലേക്ക് പെട്ടെന്ന് ഒരു കൂട്ടനിലവിളി ഇരച്ചെത്തി.
കുറേ സ്ത്രീകളുടെ അലമുറ.
രുരു സുരഭി വിഹാറിലേക്ക് പാഞ്ഞുചെന്നു.

അവിടെ കണ്ട കാഴ്ച രുരുവിനെ ഞെട്ടിച്ചു.
ഒരു ചെറുപ്പക്കാരൻ ചോരയിൽ കിടന്ന് പിടയുകയാണ്.
ഡോക്ടർ ശാന്തനുവിൻ്റെ രണ്ടാം ഭാര്യയിലുള്ള മകൻ ചിത്രനായിരുന്നു അത്. ചിത്രൻ്റെ അമ്മ സത്യവതി ആർത്തലച്ചു കരയുകയാണ്. ശാന്തനുവും ആദ്യഭാര്യ ഗംഗാദേവിയും മകളും സ്തബ്ദരായി നിൽക്കുന്നു.

ഡോ.ശാന്തനു പരിഭ്രാന്തിയിൽ പുകയുകയാണ്. തൻ്റെ മകൻ്റെ
ദാരുണമായ അവസ്ഥ കണ്ട് ആ പിതൃഹൃദയം നുറുങ്ങുകയാണ്.
ശാന്തനുവിൻ്റെ മുഖത്ത് ഇപ്പോൾ വാർദ്ധക്യത്തിൻ്റെ ചെതുമ്പലുകൾ പൊന്തിവന്നു.

'ഡോക്ടർ സാബ്, എന്താണ് ഇങ്ങനെ നോക്കി നിൽക്കുന്നത്? ചിത്രനെ ചികിത്സിയ്ക്കു സാബ്'...
രുരു ശാന്തനുവിനെ തൊട്ടുണർത്തി.
രുരുവും ശാന്തനുവും ചേർന്ന് ചിത്രനെ ചുമന്ന് പരിശോധനാ വിഭാഗത്തിലേക്ക് നടന്നു. മൊസൈക്കിട്ട തറയിൽ വാർന്നു വീണ ചിത്രൻ്റെ രക്തം നിരവധി
ചുവന്ന ചിത്രങ്ങൾ ആയി മാറി.

ചിത്രന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് നഴ്സ് വിളിച്ചു പറയുന്നത് രുരു കേട്ടു.
ഈ തിരക്കിനിടയിൽ രുരു പ്രമദ്വരയുടെ കാര്യം തന്നെ മറന്ന മട്ടായിരുന്നു.

പൊടുന്നനെ ഡോക്ടർ ശാന്തനു രുരുവിൻ്റെ പേര് വിളിച്ചു കൊണ്ട് പാഞ്ഞു വന്നു. ചോരവാർന്ന ശാന്തനുവിൻ്റെ  മുഖം രുരുവിൻ്റെ  കണ്ണുകളെ ഈറനണിയിച്ചു.

'രുരു എന്നെ രക്ഷിക്കണം... എൻ്റെ മകൻ ഗംഗാദത്തൻ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിൽ ഒന്നും പ്രശ്നമായിരുന്നില്ല...'

'സാബ് പറയൂ ... ഞാനെന്തു വേണം?'

രുരുവിൻ്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ഡോക്ടർ ശാന്തനു വിങ്ങിപ്പൊട്ടി.
രുരു ശാന്തനുവിനെ ചേർത്തു പിടിച്ചു.

'ബ്രഹ്മശാപമാണ് ഞാൻ അനുഭവിക്കുന്നത്. മഹാഭിഷക്കായിരുന്ന എന്നെ
വീണ്ടും മനുഷ്യൻ ആക്കിയല്ലോ ബ്രഹ്മാവ്. അന്ന് തൊട്ട് ഞാൻ അനുഭവിക്കുന്ന ദുഃഖം രുരുവിന് മനസ്സിലാവില്ല.'

രുരു ഇടയിൽ കയറി ചോദിച്ചു:
'എന്ത് ബ്രഹ്മാവ് ശപിച്ചുവെന്നോ?
ഈ പറയുന്ന ബ്രഹ്മാവ് എൻ്റെ മുതുമുത്തച്ഛൻ ആയിരുന്നു.
അങ്ങ് സൂര്യവംശ രാജാവായിരുന്ന മഹാഭിഷക്കാണ് അല്ലേ...
ധാരാളം കേട്ടിട്ടുണ്ട്... ഇപ്പോൾ പറയൂ...
ഞാൻ എന്താണ് ചെയ്യേണ്ടത്?
ബ്രഹ്മശാപം തീർക്കാനൊന്നും എനിക്ക് കഴിയില്ലെങ്കിലും പറയൂ... എന്നെക്കൊണ്ട് ആവുന്നത് ചെയ്യാം...'

ഡോക്ടറുടെ കണ്ണുകൾ വിടർന്നു.
അവയിൽ ആയിരക്കണക്കിന് നക്ഷത്രങ്ങൾ തെളിഞ്ഞു.

'പ്രമതിയുടെ മകനാണ് അല്ലേ?'
'അതെ' രുരു പറഞ്ഞു.

'എൻ്റെ രുരു എന്നെ കൈവെടിയരുതേ ... ഞാനെൻ്റെ സർവ്വസ്വവും തരാം....
ഇത് പ്രലോഭനം ഒന്നുമല്ല... ഒരു ഉപകാരം ചെയ്താൽ മാത്രം മതി....
ഞാൻ അത് എങ്ങനെ നിന്നോട് പറയും...
വേണ്ടാ....'

'ദയവു ചെയ്ത് പറയൂ സാബ്,'
രുരു പ്രോത്സാഹിപ്പിച്ചു.

'എൻ്റെ പൊന്നു മോനെ രുരു ...
നീ നിൻ്റെ പ്രമദ്വര മരിച്ചെന്നു കരുതുമോ?
അവൾക്കുവേണ്ടി നീ ചെയ്യാനൊരുങ്ങിയ ത്യാഗം എൻ്റെ മകൻ ചിത്രനുവേണ്ടി ചെയ്യുമോ? അവനെ രക്ഷപ്പെടുത്താൻ നിനക്കു മാത്രമേ കഴിയൂ... നിൻ്റെയും അവൻ്റെയും രക്തമൊന്നാണ്.'

'ഡോക്ടർ സാബ്...'
രുരു ഞെട്ടിപിടഞ്ഞു.
അവൻ്റെ കരളിൽ അഗ്നി പുളഞ്ഞു.
അവൻ തളർന്നു.
പ്രമദ്വരയുടെ സുന്ദരവദനം അവനിൽ നിറയാൻ തുടങ്ങി. ഗതകാല സ്മരണകൾ അവനിൽ അലയടിച്ചു.

ശാന്തനു രുരുവിൻ്റെ കരം കവർന്നു.
'പൊന്നു മോനെ നിനക്കെന്തു വേണം?
നീ ചോദിക്കുന്നതെന്തും തരാം...
പ്രമദ്വരയുടെ ജീവൻ ഒഴികെ....
പ്രമദ്വര ഇല്ലാത്ത ദുഃഖവും തീർത്തു തരാം...
ലോകൈക സുന്ദരികളായ
നൂറുകണക്കിന് പ്രമദ്വരമാരെ പത്നിമാരായിത്തരാം...
സുരഭി പശുവിൻ്റെ പാലു തരാം...
വിശപ്പും ദാഹവും ആദിയും വ്യാധിയും ഇല്ലാതാക്കുന്ന ഔഷധമാണത്‌...
രുരു എന്നെ രക്ഷിക്കില്ലേ?'

രുരു എല്ലാം കേട്ടു.
അവൻ്റെ  ചിന്തയിൽ
അനേകം കഴുകന്മാർ അന്തമില്ലാതെ
പറന്നുകൊണ്ടിരുന്നു.
പുറത്ത് ഉച്ചൈ:ശ്രവസ്സ് ചിനക്കുന്ന ശബ്ദം കേട്ടു. അവൻ്റെ ഹൃദയത്തിലൂടെ നിരവധി കുതിരകളും അമ്പുകളും പാഞ്ഞു കൊണ്ടിരുന്നു.

ഏറെ നേരത്തെ അസ്വസ്ഥത ഇപ്പോൾ ആർദ്രമായി.
പ്രമദ്വരയും ചിത്രനും
അവൻ്റെ  മുന്നിൽ വന്നു നിന്നു.
രണ്ടുപേരും അവനോടു ജീവൻ ചോദിച്ചു. ആയുസ്സ് ചോദിച്ചു.

അപ്പോൾ അവന് വെളിപാടുണ്ടായി.
അന്യധർമ്മത്തേക്കാൾ ശ്രേഷ്ഠമായത് സ്വന്തം ധർമ്മമാണ് എന്നവനറിഞ്ഞു.
അപ്പോൾ ഏതാണ് സ്വധർമ്മം?
പരധർമ്മം എത്ര വലുതാണെങ്കിലും അത് നരകമാകുന്നു. ഏതാണ് പരധർമ്മം?

പ്രമദ്വരയെ സഹായിക്കുന്നത് സ്വധർമ്മമോ പരധർമ്മമോ?

ചിത്രനെ രക്ഷിക്കുന്നത് പരധർമ്മമോ സ്വധർമ്മമോ?

ഏതാണ് ശ്രേഷ്ഠകരമായത്?
ഏതാണ് നരകാഗ്നി ആയിട്ടുള്ളത്?

രുരു അനിശ്ചിതാവസ്ഥയിലായി.
അവൻ്റെ ഹൃദയത്തിൽ മഞ്ഞു മലകളും അഗ്നിപർവ്വതങ്ങളും ഒരേസമയം അതിക്രമിച്ചു.

'രുരു... എന്താണ് തീരുമാനിച്ചത്?' ഡോക്ടർ തൊണ്ട ഇടറിക്കൊണ്ട് ചോദിച്ചു.

രുരു ഒന്നും മിണ്ടിയില്ല.
അവൻ ചിന്തയിലാണ്.
ഇന്നലെകളെപ്പറ്റി, നാളെകളെപ്പറ്റി അവൻ ഓർക്കുകയാണ്.
ചരിത്രത്തിലും പുരാണത്തിലും ഇല്ലാത്ത ഒരു വിഷമസന്ധിയിൽ പെട്ടു മനസ് പിടയുകയാണ്.

പെട്ടെന്ന് ഒരു ഉറച്ച തീരുമാനത്തോടെ അവൻ പ്രമദ്വരയുടെ അരികിലേക്ക് നടന്നു. അവൾ ഉറങ്ങി കിടക്കുകയാണ്. ബോധമില്ലാതെ, നീലിച്ച ശരീരത്തോടെ അവൾ മരണത്തിലേക്ക് നീങ്ങുകയാണ്.

രുരു പതുക്കെ കുനിഞ്ഞ് പ്രമദ്വരയെ ചുംബിച്ചു. നെറ്റിയിലും കണ്ണുകളിലും കവിളിലും അധരത്തിലും തെരുതെരാ മുത്തമിട്ടു. അവൻ്റെ മുഖത്ത് തരിമ്പും ഭാവമാറ്റം ഇല്ലായിരുന്നു. പൊടുന്നനെ അവളുടെ ചേലതലപ്പ് വാരിവലിച്ച് മുഖത്തേക്കിട്ടു.

എന്നിട്ട് ഒന്നും സംഭവിക്കാത്തതു പോലെ സാവകാശം അവൻ ചിത്രൻ്റെ ശയ്യക്കരികിലേക്ക് നടന്നു.

ഡോക്ടർ ശാന്തനു, അത്യാഹ്ലാദത്തോടെ രുരുവിൻ്റെ പിറകെയും!

(1991ൽ പ്രസിദ്ധീകരിച്ച 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ നിന്ന്)

സ്മാർട് ഫോൺ

ലോക് ഡൗൺ കാലത്ത് സ്മാർട് ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് രണ്ടു ദിവസം കൊണ്ട് മനസിലായി.

2016 നവംബറിൽ പ്രമാദമായ നോട്ടു നിരോധനത്തിൻ്റെ തലേന്ന് 9500 രൂപ വിലവരുന്ന ASUS വാങ്ങിയതാണ്. ഇത്രയും കാലം അവൻ എന്നെ ലോകത്തോടു ചേർത്തുനിർത്തി. നാലു കൊല്ലമായിട്ടും നിൻ്റെ ഫോൺ കേടായില്ലേ എന്ന് അസൂയാലുക്കൾ പലവട്ടം ചോദിച്ചതാണ്.

കഴിഞ്ഞ വർഷം വരെ കുഴപ്പം കൂടാതെ കഴിഞ്ഞു കൂടി. എന്നാൽ കൊറോണയുടെ വരവിനോടൊപ്പം വൈറസിൻ്റെ ബാധ കൈ ഫോണിനേയും പിടികൂടി എന്നാണ് തോന്നുന്നത്. ടച്ച് സ്ക്രീനിലാണ് ആദ്യം വൈറസ് കാണപ്പെട്ടത്. എന്നിട്ടും അനുസരണക്കേട് വകവെക്കാതെ കൊണ്ടു നടന്നു. ജനതാ കർഫ്യൂവിൻ്റെ തലേന്ന് വിദഗ്ദനെ കാണിച്ചു. ടച്ച് സ്ക്രീൻ മാറ്റി നോക്കാം. മൂന്നു ദിവസം അഡ്മിറ്റ് ചെയ്യണം. പ്ലാസ്റ്റിക് സർജറി വിജയിക്കുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല. രണ്ടായിരത്തി അഞ്ഞൂറ് രൂപ വേണ്ടി വരും. നന്നായില്ലെങ്കിൽ പണം പോയെന്ന് സങ്കടപ്പെടരുത്. വിദഗ്ദൻ വിട്ടു പറഞ്ഞു.

ചികിത്സ വേണ്ടെന്നു തന്നെ വെച്ചു.
ടച്ച് സ്ക്രീനിൽ അമർത്തി അമർത്തി
ടച്ച് ചെയ്തു കൊണ്ട് ഉന്തിയും തള്ളിയും അങ്ങിനെ നീങ്ങി. വിരലുകളും പരിഭവം പറഞ്ഞു തുടങ്ങി.

അപ്പോഴാണ് ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. വീടിൻ്റെ വാതിൽ ലക്ഷ്മണരേഖയാവുകയും ASUS ൻ്റെ അസ്കിതകൾ കൂടി വരികയും ബാറ്ററി ലോക് ഡൗണാവുകയും ചെയ്തതോടെ ശരിക്കും വീടകമേ ഉലകം എന്ന സ്ഥിതിയിലായി.

ദിവസം ഒരു പുസ്തകം എന്ന തോതിൽ തീറ്റ തുടങ്ങി. ഡോ.ബി.കെ.കോമളം എഴുതിയ അന്തിമുളയൻ്റെ ഭാഗ്യം, എ.വി.ശശിയുടെ പകർച്ച നീയറിയുന്നോ വായനക്കാരാ..., അമലിൻ്റെ പാതകം വാഴക്കൊല പാതകം എന്നിവ തീർത്തു. ഇടവേളകളിൽ നൂറ്റൊന്നാവർത്തിച്ച് പത്രപാരായണവും.

എന്നിട്ടും എന്തോ ഒരു കുറവ്! അത് ചെറിയ കുറവല്ല എന്ന് ബോധ്യമായി. പട്ടാമ്പി മൊബൈൽ ഗാലറിയുടെ നമ്പറിൽ സന്ദേശമയച്ചു. ഒരു മൊബൈൽ ഹോംഡലിവറി നടത്തുമോ എന്നറിയാൻ. അടഞ്ഞ കടക്കുള്ളിൽ കിടന്ന ആ ഫോണിൽ എൻ്റെ സന്ദേശം ആരും കാണാതെ അനാഥമായി.

മറ്റൊരു നമ്പർ സംഘടിപ്പിച്ച് കെ.പി.ഷഫീഖിനെ വിളിച്ചു. ഇന്നലെ രാത്രി VIV0 ഹോം ഡലിവറി എത്തി. രൂപ 13500.
ലോകവുമായി ചേർത്തുനിർത്താൻ ഇതാ ഇന്നു മുതൽ എന്നോടൊപ്പം വിവൊ ഉണ്ട്. ഈ ലോക് ഡൗൺ നാളുകൾ നാം ശാന്തമായി അതിജീവിക്കും.

ശാരീരികമായി നാം അകലങ്ങളിലാണെങ്കിലും മാനസികമായി നാം ഒരുമിച്ചാണ്. കോവിഡ് 19 നെ നേരിടാൻ നാം ഒറ്റക്കല്ല. ഈ ലോകം മുഴുവൻ ഒറ്റക്കെട്ടാണ്. എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യമുണ്ടാവട്ടെ. നന്ദി.

Friday, 27 March 2020

കമ്യൂണിറ്റി കിച്ചൺ: പഞ്ചായത്തുകളിൽ ഒരുക്കം തകൃതി.

സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ ആണ് കമ്യൂണിറ്റി കിച്ചൺ പ്രവർത്തിപ്പിക്കുന്നത്.

കുടുംബശ്രീക്ക് അനുവദിച്ചിട്ടുള്ള പ്ലാൻ ഫണ്ടിൽ നിന്നാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള തുക ജില്ലാ മിഷൻ കോ-ഓഡിനേറ്റർമാർ അനുവദിക്കുന്നത്.

സമൂഹ അടുക്കള തുടങ്ങാൻ കുടുംബശ്രീക്ക് നിലവിൽ കഫേ കുടുംബശ്രീയോ മറ്റ് കാറ്ററിംഗ് സംവിധാനങ്ങളോ ഉണ്ടെങ്കിൽ അവ ഉപയോഗിക്കാം. ഇല്ലെങ്കിൽ ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ, കാറ്ററിംഗ് ഏജൻസികളുടെ സ്ഥലങ്ങൾ എന്നിവയും തെരഞ്ഞെടുക്കാം.

ഗ്രാമ പഞ്ചായത്തിൽ ആവശ്യത്തിനനുസരിച്ച് ഒന്നോ അതിലധികമോ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാം. നഗരസഭകളിൽ 10 വാർഡിന് ഒന്ന് വീതം നടത്താം.

500 മുതൽ 1000 പേർക്ക് വരെ ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യങ്ങൾ മുൻകൂട്ടി കാണണമെന്ന് നിർദ്ദേശമുണ്ട്. ആവശ്യാനുസരണം 100 മുതൽ 200 പേർക്ക് വരെ ഉച്ചയൂണ് തയ്യാറാക്കാൻ കഴിയുന്ന ഒന്നിലധികം കിച്ചണുകളും ആകാവുന്നതാണ്.

കമ്യൂണിറ്റി കിച്ചൺ നടത്തിപ്പ് കുടുംബശ്രീ സൂക്ഷ്മ സംരംഭക യൂണിറ്റിനെ ഏൽപ്പിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുകയും ചെയ്യാമെന്നും നിർദ്ദേശമുണ്ട്.

20 രൂപ നിരക്കിലാണ് കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഊണു പൊതി നൽകേണ്ടത്. വീടുകളിൽ എത്തിച്ചു കൊടുക്കുന്ന സാഹചര്യത്തിൽ 25 രൂപ ഈടാക്കാം.

ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ വോളൻ്റിയർ സേന രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്.
ഇവരുടെ യാത്രാ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനം വഹിക്കണം.

നിർദ്ധനർ, അഗതികൾ, കിടപ്പു രോഗികൾ, ഭിക്ഷാടകർ തുടങ്ങിയവർക്ക് സൗജന്യ മായി ഭക്ഷണം നൽകണം.
സംഭാവനകൾ വഴിയോ സ്പോൺസർഷിപ്പ് വഴിയോ ഇതിനാവശ്യമായ തുക കണ്ടെത്തേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
അങ്ങനെ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ ചെലവ് ചെയ്യാവുന്നതാണ്. സൗജന്യ ഭക്ഷണത്തിന് അർഹരായവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം.

കമ്യൂണിറ്റി കിച്ചൺ സ്ഥാപിക്കുന്നതിന് അമ്പതിനായിരം രൂപ വരെ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭിക്കും. കൂടാതെ വിതരണം ചെയ്യുന്ന ഓരോ ഊണിനും 10 രൂപ വീതം സബ്സിഡിയും ലഭിക്കും.

കിച്ചൺ യൂണിറ്റ് അംഗങ്ങളും വിതരണക്കാരും യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരും നിർബ്ബന്ധമായും മാസ്കും കൈയുറകളും ധരിക്കേണ്ടതാണ്. എല്ലാവരും ഹെൽത്ത് കാർഡ് ഉള്ളവരാണെന്നും ഉറപ്പാക്കണം. പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കണം.

തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാർ, ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി, കിച്ചൺ പ്രവർത്തിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ, സി.ഡി.എസ് ചെയർ പേഴ്സൺ, തദ്ദേശഭരണ സ്ഥാപനം നിർദ്ദേശിക്കുന്ന സംഘടനാ പ്രതിനിധി, സന്നദ്ധ പ്രവർത്തക(ൻ) എന്നിവർ ചേർന്ന സമിതിയാണ് കമ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യേണ്ടത്.

അരി കിലോ 10 രൂപ 90 പൈസ നിരക്കിൽ തൊട്ടടുത്ത റേഷൻ ഡിപ്പോയിൽ നിന്ന് വാങ്ങാൻ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ പെർമിറ്റ് ലഭ്യമാക്കുന്നതാണ്.
പലവ്യഞ്ജനങ്ങൾ സപ്ലൈകോ സ്റ്റോറുകളിൽ നിന്നും മൊത്ത വിൽപ്പന നിരക്കിൽ ലഭിക്കും. പച്ചക്കറികൾ ഹോർട്ടികോർപ്പ്, സംഘകൃഷി ഗ്രൂപ്പുകൾ, പ്രാദേശിക കർഷകർ തുടങ്ങിയവയിൽ നിന്ന് വാങ്ങാവുന്നതാണ്.

Thursday, 26 March 2020

/ആസ്വാദനം /

കാലത്തോട് സംവദിയ്ക്കുന്ന കഥകളുമായി ടി.വി.എം.അലി.

-കെ.കെ.പരമേശ്വരൻ.

കഥയുടെ ലോകത്ത് ആശയപരമായും ഘടനാപരമായും നിരവധി മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.
അതുകൊണ്ടു തന്നെ ഒരാളുടെ കഥാപ്രപഞ്ചം വിലയിരുത്തുക അസാദ്ധ്യമാണ്.
എന്നാൽ, തൻ്റെ ചുറ്റുപാടും നടക്കുന്ന സംഗതികൾ കാലത്തോട് ഇണക്കിചേർത്ത് കഥ എഴുതുന്നു എന്നിടത്താണ് ടി.വി.എം.അലിയുടെ കഥകളുടെ പ്രസക്തി.

അലിയുടെ പുതിയ കഥാ സമാഹാരമായ 'പൂഴിപ്പുഴ' എന്ന പുസ്തകത്തിലെ പൂഴിപ്പുഴ എന്ന കഥ നോക്കാം.
ഈ കഥ പട്ടാമ്പിയിലും പരിസരത്തുമുള്ളവർക്ക് എളുപ്പം മനസിലാവും. കാരണം, വർഷങ്ങൾക്ക് മുമ്പ് ഭാരതപ്പുഴയുടെ പാലത്തിൻ്റെ തെക്ക് ഭാഗത്ത് നടന്ന ഒരു സംഭവമാണത്.

അന്നിവിടുത്തെ പുഴയിൽ ധാരാളം ഇതര സംസ്ഥാന തൊഴിലാളികൾ പ്ലാസ്റ്റിക് കൊണ്ട് മറച്ച ചെറിയ ചെറിയ ഷെഡ്ഡിൽ താമസിച്ചിരുന്നു.
ഇരുട്ടിൻ്റെ മറവിൽ ഇവരുടെ ഷെഡുകൾ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ കഥ വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. എന്നാൽ, മാസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്നതും ഇത്തരമൊരു തീ വെച്ച് നശിപ്പിക്കൽ തന്നെയാണ്. പട്ടാമ്പിയിൽ ആരും തന്നെ കൊല്ലപ്പെടുന്നില്ല. പക്ഷെ, ഡൽഹിയിൽ ചിത്രം മാറുന്നു. ഒരു കഥ മറ്റൊരു കഥയിലേക്ക് നമ്മേ കാലത്തിലൂടെ കൂട്ടിക്കൊണ്ട് പോവുകയാണ് ഇവിടെ.

പൂഴിപ്പുഴയിലെ മാണിക്കൻ പറയുന്നു."നമ്മ എല്ലാം മണ്ണില്ലാത്ത മക്കൾ ... അരിശി ചീട്ടിലും ഓട്ട് ചീട്ടിലും നമ്മ പേരെ ക്കിടയാത്... പിന്നെപ്പടി ഓട്ട് പോടറത് ?"
ലോകത്ത് റേഷൻ കാർഡും, വോട്ടർ കാർഡും ഇല്ലാതെ അലയുന്ന ഇത്തരം ചില ആളുകളെ ഓർത്തെടുക്കുകയാണ് പൂഴിപ്പുഴ എന്ന കഥ.

മനുഷ്യരിൽ നന്മ വറ്റിയിട്ടില്ല എന്ന് പറയുന്നതാണ് സ്വർണ്ണനൂലിഴകൾ എന്ന കഥ. ഈ കഥയും ഇന്നത്തെ കാലത്തെ മുന്നിൽ നിർത്തുന്നു.
ഈ കഥയിൽ ലോട്ടറി വിൽപ്പനക്കാരനായ ദരിദ്ര ബാലൻ റഫീഖ് ആണ് താരം.
രമേശനെന്ന കഥാപാത്രം റഫീഖിൽ നിന്നും ഒരു ലോട്ടറി വാങ്ങുന്നു. റഫീഖിൻ്റെ ജീവിത ചുറ്റുപാടുകൾ അറിഞ്ഞ രമേശൻ പറയുന്നത് ഇങ്ങനെയാണ്.
ഈ ലോട്ടറി അടിച്ചാൽ ഒരു പങ്ക് നിനക്ക് തരാമെന്ന്. കഥയിൽ ലോട്ടറി ഒന്നാം സ്ഥാനം കിട്ടുന്നതും രമേശനാണ്. എന്നാൽ, അതിൻ്റെ ഒരു വിഹിതം കൊടുക്കാനായി റഫീഖിനെ തിരഞ്ഞ് നടന്ന് ഒടുവിൽ രമേശ് റഫീഖിനെ കണ്ടെത്തുന്നുണ്ട്. എന്നാൽ ലോട്ടറിയുടെ വിഹിതം റഫീഖ് വാങ്ങിക്കാൻ കൂട്ടാക്കുന്നില്ലെന്ന് മാത്രമല്ല റഫീഖ് രമേശിനേട് പറയുന്നത് ഇങ്ങനെയാണ്. "നല്ലോനായതുകൊണ്ടാ സാറിന് ലോട്ടറി അടിച്ചത്. അത് സാറിന് ദൈവം തന്ന സമ്മാനാ. അതേ ടിക്കറ്റ് മറ്റാർക്കെങ്കിലും കിട്ടിയാപ്പോലും ഭാഗ്യം കിട്ടിയെന്ന് വരില്ലാ.. സാറിന് ദൈവം തന്ന മഹാഭാഗ്യം സാറ് തന്നെ അനുഭവിക്കണം. ഒരാള് വിചാരിച്ചതോണ്ട് മറ്റൊരാളുടെ ദാരിദ്ര്യം തീരില്ലാല്ലൊ. ഒക്കെ അള്ളാൻ്റെ കൃപ വേണം''.

ചക്കി എന്നൊരു കഥ ഇങ്ങനെയാണ്.
പ്രായം ഏറെയായ ഒരു കർഷക തൊഴിലാളിയാണ് ചക്കി. ഇവർ കർഷക തൊഴിലാളി പെൻഷന് അപേക്ഷിക്കുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചക്കിക്ക് കിട്ടുന്ന  അറിയിപ്പ് ഇതാണ്.
"കർഷക തൊഴിലാളി പെൻഷൻ ചട്ടം 6 (സി) പ്രകാരമുള്ള അന്വേഷണം സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ അറിയിക്കുന്നത്.
1.അപേക്ഷകൻ യഥാർത്ഥ കർഷക തൊഴിലാളിയല്ല.
2.അപേക്ഷകൻ്റെ വയസ്സ് 60ൽ താഴെയാണ്.
3.അപേക്ഷകൻ്റെ കുടുംബവരുമാനം കൂടുതലാണ്.
മേൽക്കൊടുത്ത കാരണങ്ങളാൽ പെൻഷൻ ലഭിക്കാൻ അർഹതയുള്ളതല്ല."

ഇത്തരത്തിൽ നിത്യജീവിതത്തിൽ കടന്ന് വരുന്ന 13 കഥകളുടെ സമാഹാരമാണ്
പൂഴിപ്പുഴ.

ഡോ. സി.പി.ചിത്ര ഭാനുവാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ലോഗോസ് ബുക്സാണ് പ്രസാധകർ.

ഇതിന് മുമ്പ് "ചിരി മറന്ന കോമാളി " കഥാസമാഹാരം,
"സൂര്യശയനം" നോവൽ, "ഈസൻ മൂസ " ബാലനോവൽ, "മുൾദളങ്ങൾ'' കഥകൾ എന്നീ പുസ്തകങ്ങളും അലിയുടേതായി ഇറങ്ങിയിട്ടുണ്ട്.

മേലെ പട്ടാമ്പി തപാൽ ഓഫീസിലെ ഡാക് സേവക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന അലി വിവിധ പത്രങ്ങളുടെ പ്രാദേശിക ലേഖകനായിരുന്നു. ഇപ്പോൾ പി.സി.വി.ന്യൂസ് എന്ന പ്രാദേശിക ചാനലിൻ്റെ ന്യൂസ് എഡിറ്ററാണ്.

1997ലും 2002ലും മികച്ച പ്രാദേശിക ലേഖകനുള്ള പാലക്കാട്‌ പ്രസ് ക്ലബ്ബിൻ്റെ ഇ.എ.വഹാബ് അവാർഡ്,
ലഭിച്ചിട്ടുണ്ട്.
2009ൽ പട്ടാമ്പി റോട്ടറി ക്ലബ്ബിൻ്റെ എക്സലൻസ് അവാർഡ്, 2014ൽ ഭരതീയ ദളിത് സാഹിത്യ അക്കാദമി (ഡൽഹി)
യുടെ ഡോ.അംബേദ്കർ നാഷണൽ ഫെലോഷിപ്പ് എന്നീ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.
കൂകി പായാത്ത തീവണ്ടിക്കാലം.

ഇതു പോലെ ഒരു കാലം ഓർത്തെടുക്കാൻ കൂടി കഴിയുന്നില്ലെന്നാണ് പഴമക്കാരുടെ പക്ഷം.
സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം യുദ്ധകാലത്തുപോലും കൂകി പാഞ്ഞിരുന്ന  ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊറോണ ഭീതി മൂലം യാത്രാ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്.

1973ലും 1974ലും റെയില്‍വേ പണിമുടക്കിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് ട്രെയിന്‍ ഗതാഗതം നിലച്ചിട്ടുള്ളത്. ഇപ്പോർ കോവിഡ് വൈറസ് വ്യാപനം ഗുരുതരമായതോടെ ഏപ്രിൽ 14 വരെ യാത്രാ ട്രെയിനുകള്‍ ഗതാഗതം നിര്‍ത്തിവെക്കാനാണ് റെയില്‍വേയുടെ തീരുമാനം. ചരക്കു വണ്ടികള്‍ മാത്രമാണ് ഇപ്പോൾ ഓടുന്നത്.

രണ്ടു പതിറ്റാണ്ടു മുമ്പ് കടലുണ്ടിക്ക് സമീപം തീവണ്ടി പുഴയിൽ വീണതിനെ തുടർന്ന് ഷൊർണൂർ - കോഴിക്കോട് റൂട്ടിൽ തീവണ്ടി ഗതാഗതം ഏതാനും ദിവസം നിർത്തിവെച്ചിരുന്നു.

പ്രത്യേക സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ചരക്കുനീക്കം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോൾ റെയില്‍വേ നടത്തുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പാല്‍, പച്ചക്കറി, എണ്ണ, പഴങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, വളം തുടങ്ങിയവ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഗുഡ്‌സ് വണ്ടികളില്‍ കൊണ്ടു പോകുന്നുണ്ട്.

Wednesday, 18 March 2020

ആശങ്ക വേണ്ട; ജാഗ്രത മതി

കൊവിഡ് -19:
അമ്പതിൽ കൂടുതൽ ആളുകൾ കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി;
സുരക്ഷാ പ്രതിരോധ നടപടികള്‍ കർശനമാക്കി ജില്ലാ ഭരണകൂടം.

കൊറോണ വൈറസ് വ്യാപനം ലോക വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍   കൊവിഡ് - 19 നെ അംഗീകൃത ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പാലക്കാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ഡി. ബാലമുരളി അറിയിച്ചു.

ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 26(2), 30(1), 30(2), iv, v, xi, 33, 34(c) (m) പ്രകാരം നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായും ജില്ലാ കലക്ടർ വാർത്താ കുറിപ്പിൽ അറിയിച്ചു.

പാലക്കാട് ജില്ലയുടെ പരിധിയിലുള്ള മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ മുതലായവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 (അന്‍പത്) ആയി നിജപ്പെടുത്തി.

ഈ നിയന്ത്രണം ലംഘിച്ച് 50ല്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടുന്ന പക്ഷം ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെ  ചുമതലപ്പെടുത്തി. കൂടാതെ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെടുന്ന പക്ഷം സ്ഥാപനങ്ങളിലേക്കുളള വൈദ്യുതി കണക്ഷനും ജലവിതരണവും വിച്ഛേദിക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും വാട്ടര്‍ അതോറിറ്റി പി.എച്ച്. സര്‍ക്കിള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും ചുമതലപ്പെടുത്തി.

തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കോ (ആരോഗ്യം) ബോധ്യപ്പെടുന്ന പക്ഷം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

ജില്ലയിലെ വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍ എന്നിവയോടനുബന്ധി
ച്ചുളള വിശ്വാസപരമായ ആചാര ചടങ്ങുകള്‍ ആവശ്യമായ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി നടത്തേണ്ടതാണ്.
ഘോഷയാത്രകള്‍, കൂട്ടപ്രാര്‍ത്ഥനകള്‍, മരണാന്തര ചടങ്ങുകൾ തുടങ്ങിയവയിലും ഇതേ നടപടിക്രമം പാലിക്കേണ്ടതാണ്. മേല്‍പ്പറഞ്ഞവയി
ലേതിലും അത്യാവശ്യത്തിലധികം ആള്‍ക്കാര്‍ പങ്കെടുക്കുന്നതായി തോന്നിയാല്‍ അവരെ പിരിച്ചു വിടാന്‍ പോലീസ്, ആരോഗ്യ വകുപ്പുകള്‍ക്ക് അതത് പ്രദേശത്തെ എക്സിക്യൂട്ടീവ് മജിസ്ട്രറ്റുമാരുടെ നിര്‍ദ്ദേശ പ്രകാരം നടപടിയെടുക്കാം.

ജില്ലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ ബോധവത്കരണ സന്ദേശങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും മറ്റും ഉചിതമായ മാര്‍ഗ്ഗങ്ങളിലും നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി.

ജില്ലയിലെ എല്ലാ കലാ-കായിക മത്സരങ്ങള്‍, വാണിജ്യ മേളകള്‍, കാലിച്ചന്തകള്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്ന ജിംനേഷ്യം, പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിരോധിച്ച് ഉത്തരവായി. ആഴ്ചയിലൊരിക്കല്‍ നടത്തുന്ന പച്ചക്കറി ചന്തകള്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ നടത്തുന്നതിനും, പ്രസ്തുത സ്ഥലങ്ങളിലെ ആളുകള്‍ക്ക് വ്യക്തി ശുചിത്വം, കൊറോണ രോഗബാധയെകുറിച്ചുളള അവബോധം നടത്തുന്നതിനും വേണ്ട നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിക്കണം.

ഏതു സാഹചര്യത്തിലും അത്യാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതായി ബോധ്യപ്പെട്ടാല്‍ അവരെ പിരിച്ചുവിടാന്‍ സബ് ഇന്‍സ്പെക്ടറുടെ പദവിയില്‍ താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥരേയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പദവിയില്‍ താഴെയല്ലാത്ത ആരോഗ്യ വകുപ്പുദ്യോഗസ്ഥരേയും ചുമതലപ്പെടുത്തി.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ മാസ്‌കുകള്‍, ഹാന്‍ഡ് വാഷുകള്‍, സാനിറ്റൈസറുകള്‍ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെക്കുന്നതും പരിശോധിക്കുന്നതിന് പാലക്കാട് ഡ്രഗ് ഇന്‍സ്പെക്ടര്‍ ചുമതലപ്പെടുത്തി.
ഇതു സംബന്ധിച്ച് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി മൂന്നംഗ ടീം പരിശോധനകള്‍ നടത്തും. നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാല്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ജില്ലയില്‍ ടൂറിസ്റ്റുകള്‍, മറ്റു വിദേശ സഞ്ചാരികള്‍ എത്തുന്ന ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ചികിത്സാ സ്ഥാപനങ്ങള്‍, ആശ്രമങ്ങള്‍, മറ്റു മതസ്ഥാപനങ്ങളിലെ അധികൃതര്‍ വിദേശികള്‍ എത്തുന്ന മുറയ്ക്ക് 30 മിനുട്ടിനകം വിവരം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം.

ജില്ലയിലെ റിസോര്‍ട്ടുകളിലും വിനോദ സഞ്ചാര മേഖലകളിലും താമസ സ്ഥലങ്ങളിലും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഏതു സമയത്തും പരിശോധന നടത്താന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെയും തഹസില്‍ദാരില്‍ കുറയാത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും അധികാരപ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും കൊറോണ വൈറസു ബാധയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേരള പോലീസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളിലും, ചെക്ക് പോസ്റ്റുകളിലും കൊറോണ ബാധിതരെ നിരീക്ഷിക്കുന്നതിനും അവബോധം നടത്തുന്നതിനുമായി ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എന്നിവരെ ചുമതലപ്പെടുത്തി.

ഈ ഉത്തരവ് 2020 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വിധേയമായും ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 541, 54, 56 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

Thursday, 12 March 2020

വൈറസ്

ഹേ, മനുഷ്യാ,
നീ തീകൊണ്ട് കളിച്ചാൽ
ഞാൻ പ്രളയമുണ്ടാക്കും.

നീ വെള്ളം കൊണ്ട് കളിച്ചാൽ ഞാൻ വേനലിൽ കനൽക്കാട് തീർക്കും.

നീ മതം കൊണ്ട് ഭിന്നിപ്പിച്ചാൽ,
ഞാൻ മരണം കൊണ്ട് ഒന്നിപ്പിക്കും.

ഹേ, മനുഷ്യ നീ വെറും വൈറസ്.
ഞാൻ മഹാ ഉയിർപ്പിനുള്ള വാക്സിൻ!

(ടിവിഎം.അലി)