Thursday, 27 June 2019

പൊന്നാനിപ്പുഴ....

തൃത്താലയുടെ വടക്കേ അതിരിലൂടെയാണ് പൊന്നാനിപ്പുഴ എന്ന ഭാരതപ്പുഴ ഒഴുകുന്നത്. കിഴക്ക് ഭാഗത്തുള്ള തിരുമിറ്റക്കോട് പഞ്ചായത്ത് മുതൽ തൃത്താല, പട്ടിത്തറ, പടിഞ്ഞാറ് ഭാഗത്തുള്ള ആനക്കര പഞ്ചായത്തുവരെയുള്ള പ്രദേശങ്ങളെ തൊട്ടുരുമ്മിയാണ് നിള ഒഴുകുന്നത്.
പട്ടാമ്പിയുടെ തെക്കേ അതിരിലൂടെ ഒഴുകുന്ന പൊന്നാനി പുഴ ഓങ്ങല്ലൂർ, പട്ടാമ്പി, മുതുതല, പരുതൂർ പഞ്ചായത്തുകളെ തൊട്ടുരുമ്മുന്നു. മലബാർ പ്രദേശത്ത്അറബികടലിൽ ചെന്നു ചേരുന്ന ഏറ്റവും ദൈർഘ്യമേറിയ നദിയാണിത്. പ്രധാന പുഴയുടെ നീളം 156 നാഴികയാണെന്ന് മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. വളപട്ടണം പുഴയോ അല്ലെങ്കിൽ ബേപ്പൂർ പുഴയോ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവുമായി തട്ടിച്ചു നോക്കിയാൽ പൊന്നാനി പുഴയും അതിന്റെ കൈവഴികളും ഒഴുക്കിവിടുന്ന വെള്ളം വളരെ കുറവാണ്. ഒഴുക്കിന്റെ ആക്കവും അത്രക്കില്ല.
പൊന്നാനി പുഴയുടെ മുഖ്യമായ പ്രവാഹധാര വരണ്ടുറഞ്ഞ കോയമ്പത്തൂർ സമതലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ടാണ് ഒഴുക്കിന്റെ വേഗത കുറയാൻ കാരണം. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ സ്വാധീനം ഇതുകൊണ്ട് സാമാന്യേന ദുർബ്ബലവുമാണ്. സമതല പ്രദേശങ്ങളിലൂടെ കൂടെ കീഴോട്ടൊഴുകുന്നു എന്നതും പ്രതികൂല ഘടകമാണ്. പുഴയുടെ കീഴ്ത്തലങ്ങളിൽ അടിത്തട്ടികൾ പൊതുവെ മണലും പൂഴിയുമാണ്. ആഴം നന്നേ കുറവാണ്. മഴക്കാലത്ത് പുഴ നിറയുമ്പോൾ തോണികൾക്ക് വളരെ ദൂരം മേൽപ്പോട്ട് സഞ്ചരിക്കാൻ കഴിയും. മഴക്കാലത്തല്ലാതെ ഒരിക്കലും പൊന്നാനി പുഴയുടെ അഴിമുഖത്ത് വലിയ വഞ്ചികളെ ഉൾക്കൊള്ളാൻ കഴിയില്ല. അത്രമേൽ ദുർബ്ബലമാണ് പുഴയുടെ സാധാരണ ഗതിയിലുള്ള കുത്തിയൊഴുക്ക്. അഴിമുഖത്ത് കുമിഞ്ഞുകൂടിയ ചെളിക്കെട്ടുണ്ട്. കടലിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ഇതുമൂലം തടസ്സപ്പെടുന്നു. ഇക്കാരണത്താൽ കാലവർഷമാസങ്ങളിൽ പുഴയുടെ മേൽത്തലങ്ങൾ എളുപ്പം കവിഞ്ഞൊഴുകും. തീരപ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങും.

 /അവലംബം: മലബാർ മാന്വൽ/

Friday, 21 June 2019


ഇരുട്ടിന്റെ മറവിൽ പുറത്തുചാടുന്ന  പെൺമുറിവുകളുമായി മാർജ്ജാരം.

തുറന്നെഴുത്തിന്റെ വർത്തമാനകാലത്താണ് രചന മഠത്തിൽ എഴുതിയ  മാർജ്ജാരം എന്ന പുസ്തകം വായനക്ക് ലഭിച്ചത്. മഹാകവി പി.കുഞ്ഞിരാമൻ നായരുടെ കവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥാഗ്രന്ഥത്തോട് ചേർന്നു നിൽക്കുന്ന കൃതിയാണ് മാർജ്ജാരം.
വർഷങ്ങൾക്കു മുമ്പ് വായിച്ച 'കവിയുടെ കാൽപ്പാടുകൾ' എന്ന കൃതി ഇന്നുമെന്റെ മനസിൽ മായാനദിയായി ഒഴുകുന്നുണ്ട്. അതിനു ശേഷം വായിക്കാനിടയായ ആത്മകഥാശ്രേണിയിലുള്ള മറ്റൊരു പുസ്തകം രചന മഠത്തിൽ എഴുതിയ മാർജ്ജാരമാണ്.

ഇന്ദുമേനോന്റെ ആമുഖം കടന്നാൽ ഇരുപത്തഞ്ച് തലക്കെട്ടിനു കീഴിൽ ചിതറികിടക്കുന്നത് ഓർമകളുടെ സംഗീതമാണ്. ഹൃദ്യമായ താളമായും വന്യമായ ഡമരുവിന്റെ മുരൾച്ചയായും അത് മാറുന്നു.

ഓരോ പെണ്ണിൻ്റെ ഉള്ളിലും മറ്റൊരാളുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് രചന എഴുത്തിലേക്ക് കടന്നു വരുന്നത്. ആളനക്കങ്ങൾ ഭയന്ന് ഇരുട്ടിൻ്റെ മറവിൽ മാത്രം പുറത്തു ചാടുന്ന ഒരു കറുത്ത പൂച്ചക്കുഞ്ഞ് രചനയുടെ എഴുത്തിലുണ്ട്.
ആ കറുത്ത പൂച്ചക്കുഞ്ഞിനെ  സ്നേഹിക്കുമ്പോഴും കാമിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൾക്കു മാത്രം കേൾക്കാവുന്ന ഭാഷയിൽ മുരണ്ടു കൊണ്ട് മനസ്സിൻ്റെ ഏതോ ഒരു ഇരുൾ മൂലയിൽ അത് പതുങ്ങി കിടക്കും. അപ്പോഴും വിരൽതുമ്പിൽ വായനക്കാരെ മുറിവേൽപ്പിക്കാൻ കൂർത്ത പൂച്ച നഖങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും.

നേദ്യം എന്ന ആദ്യ രചനയിൽ പരിചയപ്പെടുത്തുന്നത് പിതാവിനാൽ ഭോഗിക്കപ്പെട്ട ഒരു പെൺകുട്ടിയെയാണ്. വിയർപ്പ് കാലത്ത് കൺപോളയിൽ പൊടുന്നനെ പൊട്ടി മുളച്ച് വേദനിപ്പിക്കുന്ന ചൂടു കുരുപോലെ, നാറുന്ന ചലം നിറഞ്ഞ് വിങ്ങി വീർത്ത ഒരു മനസ് കൊണ്ട് നടക്കുന്നവൾ.
മാർജ്ജാരം അവൾക്കുള്ള ദക്ഷിണയാണ് എന്ന് ഗ്രന്ഥകാരി പറയുന്നു.
വാക്കുകളിൽ വായനക്കാരനെ പോറലേൽപ്പിക്കാൻ ഉതകുന്ന മുനകൾ ഒളിച്ചിരിപ്പുണ്ടെന്ന സത്യം നാം ഓരോ വരിയിലും  തിരിച്ചറിയുന്നു. 

ദേശം എന്ന രചന തുടങ്ങുന്നത് സ്ഥലനാമത്തിന് പ്രസക്തിയില്ല എന്നു പറഞ്ഞു കൊണ്ടാണ്. കുന്നുകളാൽ ചുറ്റപ്പെട്ട ഒരിടം. ദൂരെ കുമ്പിടി കുന്നിന്റെ പള്ളയിലൂടെ ചേരട്ടയെ പോലെ അരിച്ചു നീങ്ങുന്ന തീവണ്ടി കാണാം. കണ്ണാന്തളികൾ നിറഞ്ഞ താണിയപ്പൻ കുന്നും, പൂതങ്ങളും ഭഗവതികളും ചാത്തന്മാരും നായാടികളും, പറയന്മാരും, ഭ്രാന്തന്മാരും കാവലിരിക്കുന്ന അനേകം കുന്നുകൾക്ക് ഒരൊറ്റ പ്രണയിനിയായി നിള ഒഴുകുന്നു. വർഷക്കാലത്ത് എല്ലാ കുന്നുകളയും വാരിപ്പുണർന്ന് നിള ഒഴുകും. ചിലപ്പോൾ ചിലരെ മാത്രം തൊട്ടുരുമ്മി ചിരിച്ചു കുഴഞ്ഞാടി ഒഴുകി നീങ്ങും. ഇടയ്ക്ക് കരഞ്ഞു തളർന്ന് ഏതെങ്കിലും കുന്നിന്റെ കാൽചുവട്ടിൽ ഉറങ്ങി കിടക്കും.
ജനിച്ചു വളർന്ന നാട് എല്ലാവർക്കും എപ്പോഴും ഗൃഹാതുരത്വം തുളുമ്പി നിൽക്കുന്ന ഒരു സ്വപ്നഭൂമിയാണ്. രചനയുടെ കുറിപ്പുകളിൽ മഞ്ഞവെളിച്ചം പരത്തുന്ന ബൾബുകൾ കത്തിക്കിടക്കുന്ന ഒരു ഗ്രാമം ഇടയ്ക്കിടെ കടന്നു വരുന്നുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വെണ്ടല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമമാണത്.  രചനയുടെ ജന്മഗ്രാമം.

പടിപ്പുരകളും ഉരൽപ്പുരയും മുകളിലെ പത്തായ മുറികളും സമ്പന്നമാക്കിയ ഒരു നാലുകെട്ടും, കാവും കുളവും. പിന്നെ കാലഭേദങ്ങൾക്ക് അനുസരിച്ച് വർണ്ണങ്ങൾ മാറുന്ന കുന്നുകളും നിറഞ്ഞ ഒരു ഗ്രാമം. അവിടെ മഠത്തിൽ തറവാട്ടിൽ കിഴുപ്പള്ളി ശിവരാമൻ, മഠത്തിൽ പങ്കജം ദമ്പതികളുടെ ഒറ്റ മകളായി ജനിച്ച രചനയെ ഈ ചുറ്റുവട്ടങ്ങൾ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്.

എന്റെ മഴകൾ എന്ന കുറിപ്പിൽ തോരാ മഴയുടെ നിറകാഴ്ചകൾ കാണാം. പ്രണയത്തിന്റെ പുതുമണമുള്ള ചാറ്റൽ മഴ, കുസൃതികളുടെ ചിരി മഴ, കന്യാസ്ത്രീ മഴ, നീളൻ മഴ, പ്രണയനഷ്ടത്തിന്റെ കണ്ണീർ മഴ...
യാത്രകളും മഴയും പരസ്പര പൂരകങ്ങൾ ആണ് പലപ്പോഴും. എൻ്റെ മഴകൾ എന്ന കുറിപ്പ് വായിക്കുമ്പോൾ ഒരു വേള നമ്മളും മഴ നനഞ്ഞുവോ എന്ന് തോന്നിപ്പോവും.

സ്റ്റേറ്റ് ബാങ്കിൽ ജോലി ലഭിച്ച ശേഷമാണ് ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച് തൻ്റെ ചിന്തകൾ കുറിച്ചിടാനായി "മാർജ്ജാരം "എന്ന പേരിൽ രചന ബ്ലോഗെഴുത്ത് തുടങ്ങിയത്. ഒത്തിരി ആളുകളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന ആ കുറിപ്പുകൾ വർത്തമാനം ഓൺലൈൻ പത്രത്തിൽ പ്രസിദ്ധീകരിച്ചു.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിമാളു എന്ന് വിളിക്കുന്ന നിവേദ്യ മകളാണ്. മകളാണ് തന്നെക്കൊണ്ട് എഴുതിക്കുന്നത് എന്നും അവളില്ലാതെ ഞാനില്ല എന്നും സ്നേഹം തുളുമ്പുന്ന വാക്കുകളിൽ രചന കൂട്ടിച്ചേർക്കുന്നു.
ഓരോ മലയാളിയും മാർജ്ജാരം വായിക്കണം. നെരൂദയുടെ കവിതയെഴുത്ത് പോലെ ഇത് വായനക്കാരെ ആഹ്ലാദിപ്പിക്കും. വായനയുടെ മധുരവും കയ്പും ലഹരിയും പാദസര കിലുക്കവും ഉന്മാദവും നോവും നൊമ്പരവും എല്ലാം മാർജ്ജാരത്തിലുണ്ട്.  ഇടക്കെങ്കിലും ചോര പൊടിയുന്നുണ്ടെങ്കിൽ ക്ഷമിക്കുക.

...ടിവിഎം അലി...

Thursday, 20 June 2019

ഓർമക്കുറിപ്പുകൾ.
******************
കാരക്കാടിന്റെ പൊക്കിൾകൊടി
-------------------------

കുറെ വർഷങ്ങൾക്കു ശേഷമാണ് കാരക്കാട് ഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നത്.
പട്ടാമ്പിയിൽ നിന്ന് റെയിൽ പാളത്തിലൂടെ കിഴക്കോട്ട് രണ്ടര നാഴിക നടന്നാൽ കാരക്കാട് എത്താം.
പണ്ട് പതിവായി നടന്ന വഴിയാണ്. റെയിൽ പാളത്തിന്റെ ഇരുവശവും വിശാലമായ പാട ശേഖരമാണ്.
പാളത്തിന്റെ ഓരങ്ങളിൽ അലരി മരങ്ങൾ പൂവിട്ടു നിൽക്കുന്ന കാഴ്ച മനോഹരമാണ്. രാവിലെയും വൈകുന്നേരവും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കാൻ നല്ല രസമായിരുന്നു.
അന്ന് കാരക്കാട് എത്താൻ ബസ്സും ഓട്ടോയും ഒന്നുമില്ലായിരുന്നു. എല്ലാവരും
വഴി നടന്നിരുന്നത് ഇതിലൂടെയായിരുന്നു. അങ്ങാടിയിലേക്ക് മരച്ചീനിയും പച്ചക്കറിയും, നൊങ്കും ചുമന്ന് വിയർത്ത് കുളിച്ച് ഓടുന്ന തൊഴിലാളികളെ ധാരാളം കാണാം. മാർക്കറ്റിൽ നിന്ന് അരിയും മീനും, മൺകലങ്ങളും മറ്റും തലയിൽ ചുമന്ന് കാരക്കാട്ടേക്ക് പോകുന്നവരും ഉണ്ടാവും. കൃഷി പണി നടക്കുന്ന സമയമാണെങ്കിൽ പാടം മുഴുവൻ കന്നും കലപ്പയും കർഷകരും സ്ത്രീ തൊഴിലാളികളും ഒച്ചയും ബഹളവും മറ്റും നിറ കാഴ്ചയായിരുന്നു. വെയിൽ ചൂടാവുന്നതിന്റെ മുമ്പ് ഞാങ്ങാട്ടിരിയിൽ നിന്ന് പുറപ്പെടുമ്പോൾ വേഗം എത്താൻ മനസ് തിടുക്കം കൂട്ടും. കാഴ്ചകൾ കണ്ട് നടക്കുമ്പോൾ ഒന്നാം കട്ടിയും, രണ്ടാം കട്ടിയും താണ്ടുന്നത് അറിയില്ല. അതിനിടയിൽ കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലോക്കൽ തീവണ്ടി കടന്നു പോകും. അതിന്റെ ആരവത്തിൽ ഓരം ചേർന്ന് നിന്ന് യാത്രക്കാർക്ക് കൈ വീശി കാണിക്കുന്നതും കുട്ടികൾക്ക് ഹൃദ്യാനുഭവമാണ്. തീവണ്ടിയുടെ ശബ്ദം കേട്ടാൽ മതി അത് എങ്ങോട്ട് പോകുന്നതാണെന്ന് കൃത്യമായി പറയാൻ കാരക്കാട്ടുകാർക്ക് അറിയാമായിരുന്നു. പള്ളികളിൽ ഉച്ചഭാഷിണിയില്ലാത്ത അക്കാലത്ത് നമസ്ക്കാര സമയം നിർണ്ണയിച്ചിരുന്നത് പോലും തീവണ്ടിയുടെ ട്രിപ്പ് നോക്കിയായിരുന്നു.
നിഴൽ അളന്ന് 'ളുഹറും' 'അസറും' നിസ്കരിച്ചിരുന്ന പൂർവ്വീകരുടെ കാലത്തെ കുറിച്ച് പറഞ്ഞാൽ ഹൈ ടെക് യുഗത്തിൽ കഴിയുന്ന ന്യൂജെൻ തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയുമോ?

ഓർമകളുടെ അലരി പൂക്കൾ കൊഴിയുന്നില്ല.
----------------         -----------

ഒരു പകൽ അമ്മാവന്റെ വീട്ടിൽ തങ്ങി ഉമ്മാമാന്റെ സുഖ വിവരങ്ങൾ അറിഞ്ഞ് വൈകുന്നേരം തിരിച്ചു നടന്ന് വീട്ടിലെത്തുമ്പോൾ കിട്ടുന്ന സംതൃപ്തി പിന്നീട് ഒരു യാത്രയിലും ലഭിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  അങ്ങിനെ എത്രയെത്ര കാതങ്ങൾ അന്ന് നടന്നു തീർത്തിരിക്കുന്നുവെന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. എങ്കിലും ഓർമകളിൽ ആ യാത്രകളുടെ സൗരഭ്യം ഇന്നും നിറഞ്ഞു നിൽക്കുന്നു.

ഒരു മഴക്കാലത്ത് മറക്കാനാവാത്ത ഒരു സംഭവം നടന്നു.
പുഴക്കൽ കൗസാടെ മകൻ കുഞ്ഞാപ്പാക്ക് ഒരു വെളിപാടുണ്ടായി.
നാല് പതിറ്റാണ്ട് മുമ്പ് നടന്നതാണ്.
അന്ന് കുഞ്ഞാപ്പ അങ്ങാടിയിൽ ഒരു
ഫ്ലവർ മില്ലിൽ പണിയെടുക്കുകയാണ്. അരി, മുളക്, മഞ്ഞൾ തുടങ്ങിയവ പൊടിച്ചു കൊടുക്കലാണ് പണി. ഈസൂക്കാന്റെ മില്ലിൽ പകലന്തിയോളം പണിയെടുത്താൽ കുശാലായ ഉച്ച ഭക്ഷണവും രണ്ടു നേരം ചായയും മാസം മുന്നൂറുറുപ്പികയും കിട്ടും. അരിപ്പൊടിയിലും, മുളക്, മഞ്ഞൾ പൊടിയിലും മുങ്ങി നിൽക്കുമ്പോൾ ഹോളി ആഘോഷിക്കുന്നവന്റെ രൂപഭാവമായിരുന്നു അവന്.
രാത്രി എട്ടു മണിക്ക് പണി മാറ്റി, ഇരുകര മുട്ടി കൂലംകുത്തി ഒഴുകുന്ന പുഴയിൽ പോയി മുങ്ങി കുളിച്ച് വീട്ടിലേക്ക് നടക്കുകയാണ് പതിവ്. പ്രളയാനുഭവമില്ലാത്ത നിളയിലെ കുളി നൽകുന്ന അനുഭൂതിയുണ്ടല്ലൊ അത് വിവരണാതീതമാണ്.

അന്ന് പട്ടാമ്പിയിൽ നിന്ന് ഗുരുവായൂരിലേക്ക് ഏതാനും ബസ്സുകൾ ഉണ്ടെങ്കിലും രാത്രി ഏഴു മണി കഴിഞ്ഞാൽ ട്രിപ്പ് ഇല്ല. രണ്ടര നാഴിക നടന്ന് വീട്ടിൽ എത്തുമ്പോൾ പത്തു മണിയാവും. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടിൽ ഉണ്ടായിരുന്ന ഉമ്മാമയും കാരക്കാട്ടെക്ക് പോകാനായി പേരമകന്റെ കൂടെ പട്ടാമ്പിക്ക് വന്നു. ലോക്കൽ തീവണ്ടിയിൽ കാരക്കാട്ടെക്ക് യാത്രയാക്കിയാണ് കുഞ്ഞാപ്പ മില്ലിൽ പോയത്. എന്നാൽ അന്ന് പണി മാറ്റി പുഴയിൽ കുളിക്കാൻ പോയപ്പോൾ ഉള്ളിൽ ഒരു ആന്തലുണ്ടായി.
ഒരു മിന്നായം പോലെയാണ് വെളിപാട് പൊട്ടി വീണത്. ഉമ്മാമ വീട്ടിൽ എത്തിയിട്ടില്ല. ആരോ മനസ്സിൽ കയറി പറയുന്നത് പോലെ തോന്നി. ശക്തമായ  ഇടിയും മിന്നലും മഴയും ഉണ്ട്. എന്ത് വേണം എന്ന് ചിന്തിക്കാൻ നിന്നില്ല. നേരെ റെയിൽ പാളം കയറി, കിഴക്കോട്ട് നടന്നു. കൂരാകൂരിരുട്ട്. നടപ്പാതയിൽ വെള്ളക്കെട്ടു നിറഞ്ഞ ചാൽ കാണാം. മിന്നലടിക്കുമ്പോൾ മാത്രം നടവഴി തെളിയും.
ഒന്നാം കട്ടിയും, രണ്ടാം കട്ടിയും പേടിപ്പെടുത്തുന്ന ഭൂതത്താന്മാരായി മാറുന്നതു പോലെ തോന്നി. ചവിട്ടു പാലം താണ്ടാനായിരുന്നു ഏറെ ഭയം. അടി തെറ്റിയാൽ തോട്ടിൽ വീഴും. നേരെ പുഴയിലും പിന്നീട് കടലിലും ഒഴുകി എത്തും. എന്ത് സംഭവിച്ചു എന്ന് പോലും ആർക്കും അറിയാൻ കഴിയില്ല. പേടിപ്പെടുത്തുന്ന ചിന്തകളെ പിന്തള്ളി മുന്നോട്ട് നടന്നു.
അഞ്ചു നാഴിക താണ്ടിയതു പോലെ അവശനായാണ് മാതൃ ഗൃഹത്തിൽ ചെന്നണഞ്ഞത്.
അവിടെ ചെന്നപ്പോൾ ഉമ്മാമ ഇല്ലായിരുന്നു. കുഞ്ഞാപ്പാന്റെ വെളിപാട് ശരിയായിരുന്നു. അമ്മാവനെ കൂട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തി. സമയം അർദ്ധരാത്രിയായിക്കാണും. ഉമ്മാമ കയറാൻ സാധ്യതയുള്ള ഏതാനും വീടുകളിൽ ചെന്ന് ഉറങ്ങുന്നവരെ വിളിച്ചുണർത്തി അന്വേഷിച്ചു. ഒടുവിൽ കണ്ടെത്തി. ഉമ്മാമാന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലാണ് അവർ അന്ന്  രാപ്പാർത്തത്. വെറ്റില മുറുക്കി ലോഗ്യം പറഞ്ഞ് അങ്ങിനെ ഇരുന്ന് നേരം പോയതുകൊണ്ട് അവിടെ തങ്ങിയതാണെന്നു പറഞ്ഞപ്പോഴാണ് ഉള്ളിലെ തീ അണഞ്ഞത്.
ഒരു മിന്നായം പോലെ വന്ന വെളിപാട് കൊണ്ട് ഉണ്ടായ പൊല്ലാപ്പ് ഇന്നും കുഞ്ഞാപ്പാക്ക് മറക്കാനേ കഴിയുന്നില്ല.

എല്ലാം വളരെ പെട്ടെന്നായിരുന്നു.
-------------------------------

ഓങ്ങല്ലൂർ പഞ്ചായത്തിലെ ഒരു പ്രധാന പ്രദേശമാണ് ഇന്ന് കാരക്കാട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ദുരിതവും ദാരിദ്ര്യവും രോഗവും മുടി അഴിച്ചാടിയ ഗ്രാമമായിരുന്നു ഇതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഓല കെട്ടിയ കുടിലുകളും ഓടു മേഞ്ഞ വീടുകളും ഇന്നില്ല. എല്ലാം വാർപ്പ് കെട്ടിടങ്ങളും മനോഹര സൗധങ്ങളുമാണ്. ഓരോ വീട്ടു വളപ്പിലും ഒഴിഞ്ഞ പറമ്പുകളിലും ഷെഡ്‌ കെട്ടി ആക്രി സാമഗ്രികൾ കൂട്ടിയിരിക്കുന്നത് കാണാം. കാലി കുപ്പികളുടെ വൻ ശേഖരവും അങ്ങിങ്ങ് കാണാം. ഒരു വ്യവസായ ഗ്രാമമായി കാരക്കാട് എന്നോ മാറിയെന്ന് കുഞ്ഞാപ്പ തിരിച്ചറിഞ്ഞു. ഇന്ന് കൗസാടെ മകനെ അറിയുന്നവരായി ഇവിടെ ആരുമില്ല. ഒരു പഞ്ചായത്തിൽ രണ്ടു റെയിൽവേ സ്റ്റേഷൻ നില കൊള്ളുന്നതിൽ അഭിമാനിച്ചിരുന്ന ഓങ്ങല്ലൂർ നിവാസികൾക്ക് ഇപ്പോൾ രണ്ടു എമ്മെല്ലേമാരും ഉണ്ട്. അതിന്റെ ആഹ്ലാദത്തിലാണ് കാരക്കാട് നിവാസികൾ. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ യു.ഡി.എഫിന്റെ ബാനറിലും പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ്‌ മുഹ്സിൻ എൽ.ഡി.എഫ് ബാനറിലുമാണ് നിയമസഭയിൽ എത്തിയത്‌. രണ്ടു പേരും കാരക്കാട് നിവാസികളാണ്. പതിറ്റാണ്ട് മുമ്പ് വിദ്യാഭ്യാസത്തിൽ ഏറ്റവും പിറകിലായിരുന്ന ഒരു പ്രദേശത്തിന്റെ ഉയർത്തെണീപ്പാണ് എങ്ങും കാണുന്നത്.
ഇന്ന് മാറ്റങ്ങളുടെ പാതയിലാണ് കാരക്കാട്. ഓങ്ങല്ലൂരിൽ നിന്ന് കാരക്കാട്ടെത്താൻ റബ്ബറൈസ്ഡ് റോഡുണ്ട്. ആധുനിക ചികിത്സാ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രമുണ്ട്. ഗ്രാമീണ ഭംഗിയുള്ള റെയിൽവേ സ്റ്റേഷനുണ്ട്. കർഷകർക്ക് സൗജന്യമായി വിത്തും ഉഴവുകൂലിയും നൽകുന്ന കൃഷിഭവനുണ്ട്. ഓൺലൈനിൽ നികുതി അടക്കാൻ സൗകര്യമുള്ള ഗ്രാമ പഞ്ചായത്തുണ്ട്. ഐ.ടി.സൗകര്യമുള്ള സ്മാർട് സ്കൂളുകളുണ്ട്. കല്യാണമണ്ഡപങ്ങളും ഷോപ്പിങ് മാളുകളുമുണ്ട്. അതെ, കാരക്കാട് ഗ്രാമം നഗരവൽക്കരണത്തിന്റെ ഇടനാഴിയാവുകയാണ്.

കാരക്കാട് എന്ന തസ്രാക്ക്
----------------------------------------

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ അനാവരണം ചെയ്യപ്പെട്ട തസ്രാക്ക് ഗ്രാമം പോലെയുള്ള ഒരു പ്രദേശമായിരുന്നു പഴയ കാരക്കാട്. അവരുടെ ജീവിത രീതി, പാരമ്പര്യ മഹത്വം, സംസ്കാരം, ഭാഷാ വിനിമയം തുടങ്ങിയവ പഠന വിഷയമാക്കേണ്ടത് ആവശ്യമാണ്‌. വള്ളുവനാട്ടിൽ ഏറ്റവും അധികം പരിഹാസം ഏറ്റുവാങ്ങിയ ഒരു ഗ്രാമം കാരക്കാടാണെന്ന് പറയാം. അവിടെയുള്ള നിഷ്കളങ്കരായ മനുഷ്യരുടെ അറിവില്ലായ്മയും മുഖ്യധാരയിൽ പ്രവേശിക്കാനുള്ള കഴിവില്ലായ്മയും മൂലം ഇതര പ്രദേശക്കാരുടെ നേരമ്പോക്കുകളിൽ നിറഞ്ഞു നിന്നത് കാരക്കാട്ടുകാരായിരുന്നു. 'ഓനൊരു കാരക്കാട്ടുകാരൻ' ആണെന്ന് മുദ്ര കുത്തിയാൽ മതി അവന്റെ ജന്മം പാഴാവാൻ എന്നതായിരുന്നു അന്നത്തെ സ്ഥിതി. അതുകൊണ്ട് നാലാൾ കൂടുന്നിടത്ത് സംസാരിക്കുമ്പോൾ കാരക്കാട്ടുകാരൻ ആവാതെ നോക്കേണ്ടത് ഒരോരുത്തരുടേയും ബാധ്യതയായിരുന്നു. വളരെ പണ്ട് നടന്ന ഒരു സംഭവം പറയാം:
മോട്ടോർ ബൈക്ക് ആവിർഭവിച്ച കാലത്ത് ഒരു സായിപ്പ് നാട് കാണാൻ ആ വാഹനത്തിൽ കാരക്കാട്ടെത്തി.
അതിന്റെ ഭീകര ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. 'അള്ളോ മലവണ്ട്‌ വന്നേയ്...' എന്നാർത്തു വിളിച്ച് നാട്ടുകാർ ഓടിക്കൂടി. പലരും ഭയന്ന് വിറച്ചു. ആണുങ്ങൾ ഉലക്കയും തോട്ടിയും കിട്ടാവുന്ന മറ്റു ആയുധങ്ങളും എടുത്ത് പാഞ്ഞടുത്തു. ഇംഗ്ലീഷ് സിനിമകളിൽ പോലും കാണാൻ സാധ്യമായിട്ടില്ലാത്ത ഒരു സീൻ കണ്ട് ബൈക്ക് ഓടിച്ച സായിപ്പ് ഭയന്നു. എന്തു ചെയ്യണം എന്നറിയാതെ സായിപ്പ് കുഴങ്ങി. അതിവേഗം ബൈക്ക് പറപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ ഒരു കുഴിയിൽ ചെന്ന് വീണു. ആളുകൾ ശരം വിട്ട കണക്കെ അപകട സ്ഥലത്ത് ഓടിയെത്തി.
വീണു കിടക്കുന്ന സായിപ്പിനെ തിരിച്ചും മറിച്ചും പരിശോധിച്ചപ്പോൾ ഒരു കാര്യം അവർ മനസ്സിലാക്കി. സായിപ്പിന്റെ തല തിരിഞ്ഞിരിക്കുന്നു. സായിപ്പ് ധരിച്ചിരുന്ന ഓവർ കോട്ടിന്റെ സിപ്പ് പിറകിലായിരുന്നു. മുൻ വശത്ത് മാത്രം കുപ്പായ കുടുക്ക് കണ്ടു ശീലിച്ചവർക്ക് അങ്ങിനെ ഒരു നിഗമനത്തിൽ എത്താനേ കഴിയുമായിരുന്നുള്ളൂ. 'പൊന്നാരെണ്ണി
അത് മജ്ജത്തായി' 
എന്ന് പറഞ്ഞ് എല്ലാവരും ഉടനെ സ്ഥലം വിട്ടു. ഇപ്പോഴും പ്രചാരത്തിലുള്ള മറ്റൊരു കഥ പറയാം.  ഏതാനും വർഷം മുമ്പ് പട്ടാമ്പിയിൽ നിന്ന് കാരക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവീസ് തുടങ്ങി.
അന്ന് ഓങ്ങല്ലൂരിൽ നിന്ന് കാരക്കാട്ടേക്ക് ബസിൽ നിറയെ യാത്രക്കാർ ഉണ്ടാവും. എന്നാൽ ബസിൽ  കയറുന്നവർ പണം കൊടുക്കില്ല. പൈസ ചോദിച്ചാൽ അവർ കണ്ടക്ടറെ ചീത്ത വിളിക്കും. 'ഞമ്മള് കേറ്യാലും കേറീലെങ്കിലും ഇങ്ങള് കാരക്കാട് പോകൂലെ ണ്ണി ... അങ്ങനെ പോണ ബസില് എന്തിനാടോ കായ്?' അവസാനം സർവീസ് വേണ്ടെന്ന് ബസ് ഉടമക്ക് തീരുമാനിക്കേണ്ടി വന്നുവത്രെ. ഇങ്ങിനെ കഥകൾ നിരവധിയുണ്ട്.  കാരക്കാട് പ്രദേശവാസികളെപ്പറ്റി പ്രചരിക്കുന്ന കഥകളിൽ കഴമ്പുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. കാരണം തസ്രാക്ക് പോലെയുള്ള ഒരു ഗ്രാമത്തിന് ഇത്തരം കഥകൾ മാത്രമേ പറയാൻ കഴിയൂ. അവരുടെ സ്നേഹത്തിന്റെ ഭാഷ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും സ്നേഹത്തോടെ അവർ വിളിക്കുന്നത് 'മജ്ജത്തേ' എന്നാണ്. ശവമേ എന്നാണ് അതിനർത്ഥം. 'പൊന്നാര ഇണ്ണി' എന്ന് ആദ്യം കൂട്ടിചേർത്തിട്ടുണ്ടെങ്കിൽ അത് സ്നേഹത്തോടെയുള്ള അഭിവാദ്യമായിരിക്കും. 'പണ്ടാറക്കാലാ..' എന്നാണ് ചേർത്തതെങ്കിൽ അത് ചീത്ത വിളിയാണെന്നും മനസ്സിലാക്കാം. എന്ത് പേരിട്ടു വിളിച്ചാലും പരസ്പര സ്നേഹത്തോടെയാണ് അവരുടെ ജീവിതം. ആണുങ്ങളെ അനുസരിച്ചും ആദരിച്ചുമാണ് സ്ത്രീകളും പെൺകുട്ടികളും ജീവിച്ചിരുന്നത്. സ്കൂളിൽ പോകുന്ന കുട്ടികൾ വിരളമായിരുന്നു. മദ്രസയിലെ ഓത്ത് മാത്രം മതി ദുനിയാവിൽ കഴിഞ്ഞു കൂടാൻ എന്നായിരുന്നു കുടുംബനാഥൻമാരുടെ അന്നത്തെ ധാരണ. ദുരിതവും ദാരിദ്ര്യവും വേണ്ടുവോളം അനുഭവിച്ച ഒരു തലമുറയെ പറ്റി ഇപ്പോഴുള്ളവർക്ക് അറിയാനിടയില്ല. കടപ്പറമ്പത്ത് കാവിലെ പൂരമാണ്‌ അവരുടെ ദേശീയോത്സവം.
മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ പരമ്പരാഗത ഉത്സവത്തിന്‌ കൈ മെയ് മറന്ന് അവർ സഹായിക്കും. പുലരാൻ നേരത്ത് നടക്കുന്ന വെടിക്കെട്ട് കാണാൻ ഏറ്റവും അടുത്ത് ചെന്ന് നിൽക്കാൻ അവർക്ക് ഭയമുണ്ടായിരുന്നില്ല. കൗസാടെ മകൻ കുഞ്ഞാപ്പയും കുട്ടിക്കാലത്ത് വെടിക്കെട്ട് കാണാൻ ഉറക്കമൊഴിഞ്ഞ് കാത്തു നിന്നിട്ടുണ്ട്.

ബലി പെരുന്നാളിന് ഉച്ച ഭക്ഷണം കഴിഞ്ഞാൽ വീട്ടു മുറ്റത്ത് 'കുരുകുരു മെച്ചം പെണ്ണുണ്ടോ / കുഞ്ഞാലിക്കൊരു പെണ്ണുണ്ടോ?' എന്ന പാട്ടു പാടി രണ്ടു വരിയായി നിന്നും നടന്നും പെണ്ണുങ്ങൾ കളിക്കാറുണ്ട്. ആ കളി കാണാൻ കുട്ടികൾ മുതൽ വയോധികർ വരെ തടിച്ചുകൂടും. പെരുന്നാൾ ദിവസം വീട്ടിൽ ഉള്ളവരും വിരുന്നുകാരും ഒരുമിച്ചിരുന്നാണ് ഊണ് കഴിക്കുക. വലിയ മുറിയിൽ പായ വിരിച്ച് അതിൽ വാഴയിലകൾ നിവർത്തിയിടും.
മുള കൊണ്ട് ഉണ്ടാക്കിയ വലിയ കുട്ടയിലാണ് ചോറ്. ആവി പൊങ്ങുന്ന ചോറ് ഇലയിൽ പരത്തിയിടും. എന്നിട്ട് എല്ലാവരും ചോറു കൂനക്ക് ചുറ്റും ചമ്രം പടിഞ്ഞിരിക്കും. കൊതിപ്പിക്കുന്ന പോത്തിറച്ചിക്കറിയും പയറുപ്പേരിയും, വലിയ പപ്പടവും ഉണ്ടാവും.
എല്ലാ വീട്ടിലും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നത് പെരുന്നാളിന് മാത്രമായിരുന്നു.

ഇന്ന് കഥയൊക്കെ പാടെ മാറി. അവികസിത പ്രദേശമായിരുന്ന കാരക്കാട് ജനസാന്ദ്രത കൂടിയ വികസിത മേഖലയാണ്. ഓരോ വളപ്പിലും കൂറ്റൻ മണി മന്ദിരങ്ങൾ. ആക്രി വ്യാപാരത്തിന് പുകഴ് പെറ്റ നാട്. കാലി കുപ്പി കച്ചവടക്കാരുടെ ഷെഡുകൾ. തരം തിരിച്ച പാഴ് വസ്തുക്കൾ ലോഡ് കണക്കിനാണ് ഇവിടെ നിന്ന് പുറം നാടുകളിലേക്ക് കയറ്റി പോകുന്നത്. സാമ്പത്തികമായി പുരോഗതി നേടിയ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്തും ഏറെ മുന്നിലാണ്. എന്നാൽ പുതിയ വാണിജ്യ മേഖലയുടെ വളർച്ചക്കൊപ്പം അതിന്റെ തിക്ത ഫലങ്ങൾ കൂടി അവർ അനുഭവിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നത് മൂലം അന്തരീക്ഷ മലിനീകരണവും ശ്വാസകോശ രോഗവും കാൻസർ ഉൾപ്പെടെയുള്ള മാരക വിപത്തും കാരക്കാടിനെ കാർന്നുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.  ബോധവൽക്കരണ പരിപാടികൾ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഉപജീവനത്തിന് ഇതര വഴികൾ ഇല്ലാത്തതു കൊണ്ട് ശീലിച്ചത്
കൈ വെടിയാൻ അവർക്കാവില്ല. ഇത്തവണ നിയമസഭയിൽ എത്തിയ  ഷാഫി പറമ്പിലും, മുഹമ്മദ്‌ മുഹസിനും, രണ്ടു മുന്നണിയിലാണെങ്കിലും നാട് നേരിടുന്ന ആരോഗ്യ പ്രശ്നത്തിന് പരിഹാരം കാണാൻ ഇരുവർക്കും ബാധ്യതയുണ്ട്. അതോടൊപ്പം കാരാക്കാടിന്റെ പൗരാണികവും പരമ്പരാഗതവുമായ തനത് സംസ്കാരം അടയാളപ്പെടുത്താനും ഇവർ മുൻ കൈ എടുക്കേണ്ടതുണ്ട്‌.
രണ്ടു വർഷത്തിനുള്ളിൽ ഇനിയും മാറ്റങ്ങളുടെ കാറ്റ് വീശുമെന്ന പ്രതീക്ഷയിലാണ് കാരക്കാട് ഗ്രാമം.
-------------------
ടിവിഎം അലി
---------------------

Tuesday, 11 June 2019

എവറസ്റ്റ് കീഴടക്കിയ അയേൺമാൻ അബ്ദുല്‍ നാസറിന് അനുമോദന പ്രവാഹം.

അസാധ്യമായതിനെ സാധ്യമാക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്ന അബ്ദുൽ നാസർ എവറസ്റ്റ് കീഴടക്കി എന്ന വാർത്ത, അടുത്തറിയാവുന്നവർക്ക് അത്ഭുതകരമായിരുന്നില്ല. സാഹസങ്ങളുടെ തോഴനായ 'അയേണ്‍മാന്‍' അബ്ദുല്‍ നാസര്‍ എവറസ്റ്റ് പർവ്വതം കീഴടക്കുക തന്നെ ചെയ്യുമെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ അബ്ദുൽ നാസർ എവറസ്റ്റ് കൊടുമുടി കാൽക്കീഴിലാക്കിയപ്പോൾ
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ ഗ്രാമത്തിന്റെ വിലാസമാണ് വാനിൽ പാറി പറന്നത്.
കൊടുമുടി കീഴടക്കി നാട്ടിൽ തിരിച്ചെത്തിയ സാഹസികനെ അനുമോദനങ്ങൾകൊണ്ട് വാരിപ്പുണരുകയാണ് നാട്ടുകാർ. ദിവസേന ഒന്നും രണ്ടും സ്വീകരണങ്ങൾ, വീട്ടിലെത്തുന്നവരുടെ സ്നേഹാഭിവാദനങ്ങൾ, ആകാംക്ഷയോടെ വിവരങ്ങൾ അറിയാനെത്തുന്നവരുടെ പ്രവാഹങ്ങൾ, മാധ്യമ പ്രവർത്തകരുടെ തിരക്ക് എന്നിങ്ങനെ വിശ്രമിക്കാൻ സമയമില്ലെന്നതാണ് സ്ഥിതി.

അബ്ദുല്‍നാസര്‍ കഴിഞ്ഞ ഏപ്രില്‍
17നാണ്  കാഠ്മണ്ഡുവിൽ നിന്ന് യാത്ര പുറപ്പെട്ടത്. അബ്ദുൽ നാസറിനെ
കൂടാതെ സ്പെയിന്‍, ഇറ്റലി, യു.എസ്.എ, ആസ്ത്രേലിയ, യു.കെ., അയർലൻഡ് എന്നീ രാജ്യങ്ങളില്‍ നിന്നായി 26
പർവതാരോഹകർ സംഘത്തിലുണ്ടായിരുന്നു.

മഞ്ഞ് മലയിലെ
പ്രതികൂല കാലാവസ്ഥയെ  ശാരീരിക ക്ഷമതയും ആത്മവീര്യവും കൊണ്ട് മറികടന്ന് 29,029 അടി ഉയരം മുപ്പത് ദിവസം കൊണ്ട് താണ്ടിയാണ് നാസര്‍ ദൗത്യം പൂര്‍ത്തീകരിച്ച് എവസ്റ്റിന് മുകളില്‍ വിജയക്കൊടി പാറിച്ചത്.
ഈ സംഘത്തിലെ മറ്റൊരു ഇന്ത്യക്കാരനായ രവി താക്കര്‍ ദൗത്യത്തിനിടെ മരണപ്പെടുകയും അയര്‍ലൻഡുകാരനായ   ലോലെസ്സിനെ കാണാതാവുകയും ചെയ്തിരുന്നു.

സഞ്ചാരവും സാഹസികതയും സിരകളിൽ എന്നുമുണ്ടായിരുന്ന അബ്ദുൽ നാസർ  2015ലും 2018ലും  ‍ എവറസ്റ്റിനടുത്തെത്തിയിരുന്നു. എവറസ്റ്റ്  ബൈസ് ക്യാമ്പും പിന്നിട്ട് 18519 അടി ദൂരം താണ്ടിയ ശേഷമാണ് മടങ്ങിയത്.

പിന്നിട്ട വഴിത്താരകൾ സുഗമമായിരുന്നില്ല. കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ദുർബ്ബലമായിരുന്നതിനാൽ ഏറെ ക്ലേശിച്ചാണ് നാളുന്തിയിരുന്നത്.
പട്ടാമ്പി ഗവ.കോളേജിൽ ബി.കോം വിദ്യാർത്ഥിയായിരുന്നു അബ്ദുൽ നാസർ.
ആറാം റാങ്ക് നേടിയാണ് ബി.കോം പാസായത്. പിന്നീട് സി.എ.പാസായത് വഴിത്തിരിവായി. കാമ്പസ് സെലക്ഷനിലൂടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഭോപ്പാലിൽ നിയമനം ലഭിച്ചു. ഇപ്പോൾ ഖത്തർ പെട്രോളിയത്തിൽ ജോലി ചെയ്യുന്നു.

തിരക്കുപിടിച്ച ജോലിക്കിടയിലും നാസർ  സാഹസികത കൈവിട്ടില്ല. 2018ൽ മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ അയേൺമാൻ പട്ടം സ്വന്തമാക്കി. 3.8 കി.മീറ്റർ കടലിലൂടെ നീന്തൽ, 180 കിമീറ്റർ സൈക്കിൾ ചവിട്ടൽ, 42.2 കി.മീറ്റർ ഓട്ടം എന്നിവ 17 മണിക്കൂറിനകം പൂർത്തിയാക്കുന്നവർക്കാണ് അയേൺമാൻ പട്ടം ലഭിക്കുക. അബ്ദുൽ നാസറാവട്ടെ 14 മണിക്കൂറും 57 മിനുറ്റുമെടുത്ത് മത്സരം പൂർത്തിയാക്കിയാണ് റിക്കാർഡ് ഭേദിച്ചത്. ഇതിനു പുറമെ ടോസ്റ്റ് മാസ്റ്റേഴ്സിന്റെ ഫാൽക്കൺ അവാർഡും നാസറിന് ലഭിച്ചിട്ടുണ്ട്‌.

1953 മേയ് 29ന് ന്യൂസിലാൻഡുകാരനായ എഡ്മണ്ട് ഹിലരിയും നേപ്പാൾ സ്വദേശി ടെൻസിങും എവറസ്റ്റ് കീഴടക്കിയതോടെയാണ് ലോകമെങ്ങുമുള്ള സാഹസികർ ഉയരങ്ങൾ പൊരുതിക്കയറാൻ തുടങ്ങിയത്. എഡ്മണ്ട് ഹിലരിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും തോറ്റു പിന്മാറാതെ ഉയർന്ന പർവതത്തെ അദ്ദേഹം കാൽക്കീഴിൽ ചെറുതാക്കുകയായിരുന്നു.
അബ്ദുൽ നാസറും ഹിലരിയെ പിൻപറ്റിയാണ് ഉയരങ്ങൾ കാൽക്കീഴിലാക്കിയത്. രണ്ടുവട്ടം പിൻമാറേണ്ടി വന്നിട്ടും കൂടുതൽ ഗൃഹപാഠം ചെയ്ത് തീവ്രാഭിലാഷം പൂർത്തിയാക്കുകയായിരുന്നു.

മതപണ്ഡിതനും
വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് അറബിക് കോളേജ് പ്രഫസറുമായ പി.കുഞ്ഞഹമ്മദ് മുസ്ലിയാർ (സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്‍റ്)
നഫീസ ദമ്പതികളുടെ മകനായ നാസര്‍
ഖത്തര്‍ പെട്രോളിയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ്.
അന്താരാഷ്ട്ര തലത്തില്‍   മോട്ടിവേഷനല്‍ സ്പീക്കര്‍, ട്രെയ്നര്‍ എന്നീ രംഗത്തും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
'ദി റോഡ് ലെസ് ട്രാവല്‍ഡ്' എന്ന പുസ്തകവും നാസര്‍ പുറത്തിറക്കിയിട്ടുണ്ട്.
അബ്ദുൽ നാസറിന്റെ ജീവിത വിജയഗാഥകൾ വരും തലമുറകൾക്ക് പ്രചോദനമാവുന്നതിനു വേണ്ടി പാഠ പുസ്തകത്തിലുൾപ്പെടുത്തണമെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.

Sunday, 2 June 2019

പുതിയ അധ്യയന വസന്തം വിടരുമ്പോൾ...

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിന്റെ ശംഖൊലിയുമായാണ് ഇത്തവണ അക്ഷര കേരളത്തിൽ പുതിയ അധ്യയന വസന്തം വിടരുന്നത്.
സംസ്ഥാനത്ത് ഖാദർ കമ്മിറ്റി ശുപാർശ പ്രകാരമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനം വന്നു കഴിഞ്ഞു.
ദേശീയ തലത്തിലാവട്ടെ സ്കൂൾ വിദ്യാഭ്യാസത്തിൽ അടിമുടി പൊളിച്ചെഴുത്ത് നിർദ്ദേശിക്കുന്ന കസ്തൂരി രംഗൻ സമിതിയുടെ റിപ്പോർട് കേന്ദ്ര ഗവ.ന്റെ പരിഗണനയിലുമാണ്. ഒരേ സമയം സംസ്ഥാനത്തും ദേശീയ തലത്തിലും വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തിന്റെ മണി മുഴങ്ങി കഴിഞ്ഞു.

കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ മൂന്ന് ഡയറക്ടരേറ്റുകൾ ലയിപ്പിച്ച് ഉത്തരവിറങ്ങി കഴിഞ്ഞു.
ഇതോടെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ ലയനത്തിന്റെ ആദ്യഘട്ടം നിലവിൽ വന്നു.
മൂന്ന് ഡയറക്ടരേറ്റുകളും ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ(ഡി.ജി.ഇ) എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയത്. ഇതിന്റെ മേധാവിയായി കെ.ജീവൻ ബാബുവിനെ കഴിഞ്ഞ ദിവസം സർക്കാർ നിയമിച്ചു. സർക്കാർ സർവീസിലെ ജോയിന്റ് സെക്രട്ടരി റാങ്കിന് തുല്യമാണ് പുതിയ ഡി.ജി.ഇ.മേധാവിയുടെ തസ്തിക.
പൊതു വിദ്യാഭ്യാസ,
ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. എന്നിവക്ക് കീഴിലുണ്ടായിരുന്ന മൂന്ന് പരീക്ഷാ വിഭാഗങ്ങളും ഏകീകരിച്ചു കൊണ്ട് ഡി.ജി.ഇ.യെ തന്നെ പരീക്ഷാ കമീഷണറായും നിയമിച്ചു. 

അതേ സമയം ഏകീകരണത്തിനെതിരെ ചില അധ്യാപകരിലും അധ്യാപക സംഘടനകളിലും  ആശങ്കകളുണ്ട്.
അതിന് അടിസ്ഥാനമില്ലെന്നാണ്  സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.  ഏകീകരണം നടപ്പാക്കിയാല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സ്‌കൂള്‍ ക്ലാസുകളിലും പഠിപ്പിക്കേണ്ടി വരും എന്നതാണ് എതിര്‍പ്പിനു കാരണമായി ഉയര്‍ത്തുന്ന ഏറ്റവും പ്രധാന വാദം.
അങ്ങനെ സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ആവർത്തിച്ചു പറയുന്നുണ്ട്. എന്നിട്ടും
ഈ പ്രചാരണം തുടരുന്നതിന് കാരണം രാഷ്ട്രീയമായ ദുഷ്ടലാക്കാണ് എന്നും സർക്കാർ പറയുന്നു.

നിലവിലുള്ള എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ അതുപോലെ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഉള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലായിരിക്കും സ്‌കൂള്‍ മേധാവി.
ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും. സ്‌കൂളിന്റെ ഭരണചുമതല കൈകാര്യം ചെയ്യുന്ന പ്രിന്‍സിപ്പലിന് അധ്യയനച്ചുമതല കൂടി വഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രിന്‍സിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കാന്‍ ജൂനിയര്‍ എച്ച്.എസ്.ടി.ടി.യെയൊ ഗസ്റ്റ് ലക്ചററെയൊ ഉപയോഗിക്കും.
അതുപോലെ നിലവില്‍ ഹയര്‍ സെക്കന്‍ഡറിയ്ക്ക് ഓഫീസോ ഓഫീസ് ജീവനക്കാരോ ഇല്ല. ഏകീകരണം വരുന്നതോടെ ഓഫീസ് സംവിധാനം സ്‌കൂളിനു മൊത്തത്തില്‍ ലഭിക്കും.
സാധാരണ നിലയില്‍ ഇത് ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്വാഗതം ചെയ്യേണ്ട ഘടനാ മാറ്റമാണെന്നാണ് സർക്കാർ വാദം.
കാരണം, ഹയര്‍ സെക്കന്‍ഡറിയ്ക്ക് ഇതുവരെ ലഭിക്കാതിരുന്ന സൗകര്യങ്ങള്‍ ലഭിക്കുകയും പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകുകയും ചെയ്യുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പ്രിന്‍സിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കപ്പെടും.
ഒരു സ്‌കൂളില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമെല്ലാം പൂര്‍ണമായും അവസാനിക്കും.
പരീക്ഷാ നടത്തിപ്പും മാറും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മൂന്ന് ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിച്ചു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മൂന്ന് വിഭാഗങ്ങള്‍ക്കും പൊതുപരീക്ഷാ കമീഷണറാകും.
കാര്യക്ഷമതയും ഗുണനിലവാരവും ഉയര്‍ത്തുന്ന നിര്‍ദ്ദേശമാണ് ഇതും. അധ്യാപക-അനധ്യാപകരുടെ നിലവിലെ സേവന-വേതന വ്യവസ്ഥകളിലോ ജോലിഭാരത്തിലോ ഒരു മാറ്റവും ഏകീകരണം വഴി സംഭവിക്കുകയില്ല എന്നിരിക്കെയാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഹൈസ്‌കൂളില്‍ പഠിപ്പിക്കേണ്ടി വരുമെന്ന വ്യാജ പ്രചാരണവുമായി ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും സർക്കാർ പറയുന്നു.
നാടിനു ഗുണം ചെയ്യുന്ന നിര്‍ദ്ദേശങ്ങളാണ് ഖാദര്‍ കമ്മിഷന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഏതെങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ തുറന്ന മനസാണ് സര്‍ക്കാരിനെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആ വഴികള്‍ ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറയുന്നു.

കസ്തൂരി രംഗൻ സമിതി റിപ്പോർട് ഊന്നൽ നൽകുന്നത് വിനോദ വിദ്യാഭ്യാസ രീതിയാണ്.
10+2 രീതി മാറ്റി 5+3+3+4 എന്ന ക്രമത്തിൽ 18 വയസ് വരെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുന്നു.
മൂന്നു മുതൽ എട്ടുവരെ പ്രായത്തിലുള്ള കുട്ടികൾ പ്രാഥമിക ഘട്ടത്തിലും എട്ടു മുതൽ പതിനൊന്നുവരെ രണ്ടാം ഘട്ടത്തിലും 11മുതൽ14 വരെയുള്ളവർ മൂന്നാം ഘട്ടത്തിലും 14മുതൽ18 വരെയുള്ളവർ നാലാം ഘട്ടത്തിലുമാണ്.
പ്രീ പ്രൈമറി മൂന്നു വർഷമായി നിജപ്പെടുത്തി. ഒന്ന്, രണ്ട് ക്ലാസുകൾ ഉൾപ്പെടെയുള്ള അഞ്ച് വർഷമാണ് ഒന്നാം ഘട്ടം.
മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ രണ്ടാം ഘട്ടത്തിലും ആറ്, ഏഴ്, എട്ട് ക്ലാസുകൾ മൂന്നാം ഘട്ടത്തിലും ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ നാലാം ഘട്ടത്തിലുമാണ്.
ആദ്യത്തെ അഞ്ചു വർഷങ്ങൾ കളികളിലൂടെ പഠനം സാധ്യമാവുന്ന വിധത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കുക. രണ്ടാം ഘട്ടത്തിൽ ഓരോ വർഷവും സെമസ്റ്ററുകളായി തിരിക്കും.
പാഠ്യപദ്ധതിയും അധ്യയന രീതിയും ഉടച്ചുവാർക്കണമെന്നാണ് കസ്തൂരി രംഗൻ സമിതി നിർദ്ദേശിക്കുന്നത്.
പുതിയ പദ്ധതികൾ നടപ്പാക്കാൻ ദേശീയ ശിക്ഷ ആയോഗ് എന്ന ഉന്നതാധികാര സ്ഥാപനം രൂപീകരിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ഏതായാലും പുതിയ അധ്യയന വർഷത്തിൽ വിദ്യാഭ്യാസ രംഗത്ത്  ഏകീകരണത്തിന്റെയും വികേന്ദ്രീകരണത്തിന്റേയും പേരിൽ വാദ കോലാഹലങ്ങൾ ഉയരുമെന്നുറപ്പാണ്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്ഷര കേരളം വളരെയേറെ മുന്നിലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ ലൈബ്രറിയും, ആധുനിക ശുചിമുറികളും, സ്കൂൾ റേഡിയോയും സ്കൂൾ സിനിമയുമെല്ലാം വന്നതോടെ  പഴയ പള്ളിക്കൂടങ്ങളുടെ മുഖച്ഛായ തന്നെ മാറി.
പണ്ട് പള്ളിക്കൂടങ്ങളിൽ മൂത്രപ്പുരയോ കുടിവെള്ള മോ കാറ്റടിച്ചാൽ വീഴാത്ത കെട്ടിടമോ വിരളമായിരുന്നുവെന്ന് നമുക്കറിയാം.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷാ ഫലങ്ങളിൽ ഓരോ വർഷവും വൻ കുതിപ്പുണ്ടാവുകയും ചെയ്തു. എന്നാൽ വിജയശതമാനം ഉയരുന്നതിന് അനുസൃതമായി കുട്ടികളുടെ പ്രായോഗിക നിലവാരം ഉയരുന്നില്ലെന്ന് കാണേണ്ടതുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർക്ക് പോലും ഇംഗ്ലീഷിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ കഴിയുന്നില്ല. വാണിജ്യ ബാങ്കിലോ തപാൽ ഓഫീസിലോ ചെന്നാൽ ഒരു ചലാൻ ഫോറമോ മണിയോർഡർ ഫോറമോ പൂരിപ്പിക്കാനറിയാതെ കുട്ടികൾ ഇരുട്ടിൽ തപ്പുന്നത് പതിവ് കാഴ്ചയാണ്. മാതൃഭാഷയിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കേണ്ടി വന്നാലും സ്ഥിതി ഇതുതന്നെയാണ്. പതിനഞ്ച് വർഷത്തിലേറെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവിടുന്ന ഒരു വിദ്യാർത്ഥിക്ക് പ്രാഥമിക കാര്യങ്ങളിൽ അറിവില്ലെന്ന് വരുന്നത് നീതീകരിക്കാൻ കഴിയില്ല. ആൾ പ്രമോഷൻ സമ്പ്രദായം വന്നതിനു ശേഷമാണ് ഇത്തരം ദുരവസ്ഥ ഉണ്ടായതെന്ന് ആക്ഷേപമുണ്ട്. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടി പഠിച്ചാലും ഇല്ലേലും ലിഫ്റ്റിൽ കയറിയ പോലെ പത്തിലോ പന്ത്രണ്ടിലോ ചെന്നു വീഴുകയാണ്. ക്ലാസിൽ ഹാജർ പറയുന്നവരെല്ലാം ഉപരി പഠന യോഗ്യത നേടിയവരായി മാറുന്നു. അതു കൊണ്ടു തന്നെ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ചോദ്യാവലിക്ക് മുന്നിൽ അന്തം വിടുന്ന കാഴ്ചയും കാണേണ്ടി വരുന്നു.
പരീക്ഷാ ഫലങ്ങളുടെ വിജയശതമാന കുതിപ്പിനെപ്പറ്റി ഊറ്റം കൊള്ളുമ്പോൾ ബോധന നിലവാര തകർച്ചയെ കുറിച്ച് സഗൗരവം ചിന്തിക്കേണ്ടതുണ്ട്.
ഖാദർ കമ്മിറ്റിയും കസ്തൂരി രംഗനും ചർച്ച ചെയ്യപ്പെടുമ്പോൾ ഇക്കാര്യം കൂടി കൂട്ടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.