വനിതാ ദിനത്തിൽ ഉത്സവഹർഷത്തോടെ പുസ്തക പ്രകാശനം.
കൊപ്പം ഗവ. ഹയർ സെക്കൻററി സ്കൂളിന് അവിസ്മരണീയാനുഭൂതി പകർന്നൊരു സായാഹ്നത്തോടെയാണ് വനിതാ ദിനം കടന്നു പോയത്. ഈ സ്കൂളിലെ വിദ്യാർത്ഥിനിയും കലാകാരിയും മുളയുടെ തോഴിയുമായ നൈന ഫെബിൻ എഴുതിയ "ആടിത്തിമിർത്ത കാൽപ്പാടുകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് വനിതാ ദിന സായാഹ്നത്തിൽ നടന്നത്. സാഹിത്യകാരി ടി.ജി. അജിത പ്രകാശനം നിർവ്വഹിച്ചു. നാടൻ പാട്ടുകലാകാരനും ഗവേഷകനുമായ ജനാർദ്ദനൻ പുതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
എം.വി.രാജൻ പുസ്തകം പരിചയപ്പെടുത്തി.
കൊപ്പം ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് പി.സുമിത, വൈസ് പ്രസിഡണ്ട് കെ.സി. ഗോപാലകൃഷ്ണൻ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ, വനജ കൃഷ്ണകുമാർ, പട്ടാമ്പി എ.ഇ.ഒ. ഡി. ഷാജിമോൻ, പ്രിൻസിപ്പൽ ബെന്നി ഡൊമിനിക്, ഹെഡ്മാസ്റ്റർ സ്രാജുദ്ദീൻ, പി.ടി.എ. പ്രസിഡന്റ് ഷാഹുൽ ഹമീദ്, ശ്രീജ, എം.എ. സമദ്, ഭാസ്കരൻ, രവീന്ദ്രപണിക്കർ എന്നിവർ സംസാരിച്ചു.
തുടർന്ന് 'ഒച്ച' ദി ബാംബൂ സെയ്ന്റ്സ് ന്റെ നാടൻപാട്ട് അവതരണവുമുണ്ടായി. കുറ്റിക്കുന്നിൽ
രാമൻ, നാവുട്ടി കുരിക്കൾ എന്നീ നാടൻ കലാകാരന്മാർ വേദിയെ ധന്യമാക്കി. പുള്ളുവൻപാട്ട് കലാകാരിയായിരുന്ന
പരേതയായ സുലോചനാമ്മയെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവെച്ചു. ഏവരേയും
എഴുത്തുകാരി നൈന ഫെബിൻ ആദരിച്ചു.
ജയകൃഷ്ണൻ സ്വാഗതവും ശശികുമാർ കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.
നൈന ഫെബിൻ എന്ന14 കാരി മുളയുടെ തോഴിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നൂറു കണക്കിന് മുളന്തൈകൾ നട്ടുവളർത്തി പരിപാലിക്കാനും സമയം കണ്ടെത്തുന്നുണ്ട്. പ്രകൃതിയെ ഏറെ സ്നേഹിക്കുന്ന നൈന വിദ്യാലയത്തിലെ ഏവരുടേയും പൊന്നോമനയാണ്. പ്രാദേശിക ദൃശ്യമാധ്യമങ്ങളിലും കിളിക്കൊഞ്ചലുമായി നൈന താരമാണ്. കൊട്ടിയും പാടിയും ഒച്ചയുണ്ടാക്കി ലഭിക്കുന്ന വരുമാനം മുളവൽക്കരണത്തിന് ഉപയോഗപ്പെടുത്തുകയാണ് ഈ കൊച്ചു മിടുക്കി. സമൂഹം കളയായി കണ്ട് നശിപ്പിച്ച് കളയുന്ന മുളകളെയാണ് അവൾ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നെഞ്ചേറ്റുന്നത്.
തൃത്താല കൊപ്പം 'നിനവിൽ' വീട്ടിൽ ഫാർമസിസ്റ്റായ ഹനീഫയുടെയും, കുളമുക്ക് എ.എം.എൽ.പി. സ്കൂൾ അധ്യാപിക സബിതയുടെയും മകളാണ് നൈന. കൊപ്പം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗ്രന്ഥകാരി. തനിക്കും സ്വന്തമായി ഒരു മുളവീട് വേണം. ഏങ്ങും മുളം കൂട്ടങ്ങൾ നിറഞ്ഞ വില്ലേജുകളാണ് തന്റെ സ്വപ്നമെന്ന് നൈന ഫെബിൻ പറയുന്നു.
ഭാരിച്ച ചിലവു വരുന്ന നൈനയുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് നൈനയുടെ നേതൃത്വത്തിൽ തിരുവേഗപ്പുറ കേന്ദ്രമായി പ്രവർത്തിക്കുന്ന മുളവാദ്യ സംഘമായ "ഒച്ച,"ദി ബാംബു സെയിന്റ്സിലൂടെ കലാപരിപാടികൾ അവതരിപ്പിച്ചാണ്. കൂടാതെ കൊണ്ടോട്ടിയിലെ നിലാവ് നാട്ടറിവ് പഠന കേന്ദ്രത്തിലും നൈന സജീവമാണ്.
നൈന ഫെബിൻ മൂന്നാം വയസ്സു മുതൽ നൃത്തവും, ആറാം വയസ്സു മുതൽ സംഗീതവും അഭ്യസിക്കുന്നുണ്ട്. ചേലക്കര ശങ്കരനുണ്ണിയുടെ കീഴിലാണ് നൃത്ത പഠനം. മുളയങ്കാവ് അരവിന്ദാക്ഷന്റെ കീഴിൽ ചെണ്ടയും പഠിക്കുന്നുണ്ട്. 2015ലായിരുന്നു ചെണ്ടയിൽ അരങ്ങേറ്റം.
സ്കൂൾ കലോത്സവ വേദികളിൽ നിരവധി പുരസ്ക്കാരങ്ങൾ ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്. എല്ലാറ്റിനും പിന്തുണ നൽകി മതാപിതാക്കളും അനുജൻ ജിത്തുവും അവൾക്കൊപ്പമുണ്ട്.
നാടൻ കലകളെയും, നാടൻ കലാകാരൻമാരേയും അവരുടെ ജീവിതത്തെയും കുറിച്ചാണ്, 'ആടി തിമർത്ത കാൽപാടുകൾ' എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച 'മുഖ്യമന്ത്രിക്ക് ഒരു കത്ത്' എന്ന പരിപാടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നൈന ഫെബിനായിരുന്നു വിജയി. പിന്നീട് നൈന മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിലെ വരികൾ അദ്ദേഹം തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചിട്ടു:
"എനിക്ക് മുളയുടെ തോഴി എന്ന് അറിയപ്പെടാനാണ് ആഗ്രഹം. മുളയുടെ മുളയാവണം, അങ്ങിനെ പ്രകൃതിക്കൊരു കുഞ്ഞു കൈത്താങ്ങാവണം".
നൈനയുടെ സ്വപ്നങ്ങൾക്ക് സർവ്വ പിന്തുണയുമായി സ്വന്തം വിദ്യാലയവും നാട്ടുകാരും കൂടെയുണ്ട്.
No comments:
Post a Comment