Sunday, 21 April 2019

ഒരു ഉയിർപ്പിന്റെ കഥ

അത്തിമരം കഥ പറയുന്നു.

സെൻട്രൽ ഓർച്ചാഡിലെ വിശാലമായ നഴ്സറി തോട്ടത്തിൽ ഒരു ഗ്രോബാഗിലാണ് ഞാൻ വേരുപിടിച്ചത്. അനേകം സസ്യലതാദികൾക്കൊപ്പം മഴ നനഞ്ഞും വെയിൽ കാഞ്ഞും മുളപൊട്ടി ഞാൻ തലനീട്ടി. അങ്ങിനെയിരിക്കെ ഒരു പ്രഭാതത്തിൽ തൈകൾ വാങ്ങാനെത്തിയ ഒരേട്ടനും ചേച്ചിയും എന്നെ പൊക്കിയെടുത്ത് വില കൊടുത്തു വാങ്ങി എങ്ങോട്ടോ കൊണ്ടുപോയി. സ്കൂട്ടറിൽ ചേച്ചിയുടെ മടിയിലിരുത്തിയാണ് എന്നെ കൊണ്ടുപോയത്. കാറ്റടിച്ചപ്പോൾ ഞാനുറങ്ങിപ്പോയി. പിറ്റേന്ന് പ്രഭാതത്തിൽ കണ്ണു തുറന്നപ്പോൾ ചെറിയൊരു വീട്ടുമുറ്റത്താണെന്ന് മനസിലായി. ഏട്ടൻ കൈക്കോട്ടെടുത്ത് കുഴി എടുക്കുകയാണ്. ചേച്ചി കൂടെ തന്നെയുണ്ട്. ഓടിട്ട വീടിന്റെ പൂമുഖ മുറ്റത്ത് തെക്കേ കോണിലാണ് ഏട്ടൻ എന്നെ ഇറക്കിവെച്ചത്. അതിനു മുമ്പ് സ്ഥലത്തെ ചൊല്ലി ചില തർക്കങ്ങളുണ്ടായി. ഇത് മരമായാൽ പുരപ്പുറത്തു വീണാലോ എന്ന ഭീതി പങ്കുവെച്ചത് അമ്മയായിരുന്നു. അന്ന് മുരിങ്ങമരം പൊട്ടിവീണ് അടുക്കള തകർന്നത് മറന്നോ എന്നും അമ്മ ഉണർത്തി. അപ്പോൾ അച്ഛനാണ് ഏട്ടന് പിന്തുണയുമായി എത്തിയത്. മനുഷ്യര് ചെയ്യുന്നതു പോലെയുള്ള ദ്രോഹമൊന്നും മരം ഇന്നേ വരെ ചെയ്തിട്ടില്ലെന്നാണ് അച്ഛൻ പറഞ്ഞത്. അതു കേട്ടപ്പോൾ എന്റെ കുരുന്നിലകൾ ഒന്നിളകി. എന്റെ കമ്പുടലും കോരിത്തരിച്ചു. അങ്ങിനെ ഞാൻ വീട്ടുമുറ്റത്ത് തെക്കേ കോണിൽ വീടിന്റെ പ്രധാന തൂണിന് സമാന്തരമായി നിന്നു. ദിവസവും എനിക്ക് കുടിക്കാൻ വെള്ളം തന്നു. കാറ്റിൽ ചെരിഞ്ഞപ്പോൾ താങ്ങ് തന്നു. ശിഖരങ്ങൾ പടർന്നപ്പോൾ വീടിനു മീതെ തൊടാതിരിക്കാൻ കയറുകൊണ്ട് മറ്റൊരു മരത്തിലേക്ക് വലിച്ചുകെട്ടി. രണ്ടു വർഷത്തിനകം ഞാൻ വീടിനു മീതെ ഉയർന്നു നിന്നു. അപ്പോഴാണ് അടുത്ത വളപ്പിലെ തെങ്ങും പ്ലാവും മഞ്ചാടിയും അസൂയയോടെ ഇളകിയാടാൻ തുടങ്ങിയത്. കാറ്റടിച്ചാൽ മഞ്ചാടി വിറകൊള്ളും. അന്നേരം എന്റെ കാൽക്കീഴിൽ നിറയെ മഞ്ചാടിക്കുരുവീഴും. അതു പെറുക്കാൻ കുട്ടികൾ പതിവായി എത്തും. അവർ എന്നെ തൊട്ടും തലോടിയും ഇലകളിൽ ഉമ്മ വെച്ചും ഏറെ നേരം നിൽക്കും. അച്ഛനാവട്ടെ രാവിലെ ജോലിക്ക് പോകുമ്പോൾ എന്നെ നോക്കി കൈ വീശും. ശിഖരം താഴ്ത്തി ഞാനും നന്ദി പറയും. രാത്രി വന്നാൽ അല്പനേരം എന്റെ അരികിൽ നിൽക്കും. ഞാനപ്പോൾ ഇളം കാറ്റായി തഴുകും. അവധി ദിവസങ്ങളിൽ എന്റെ കൂടെ നിന്ന് അച്ഛൻ സെൽഫിയെടുക്കും. കൂടാതെ വിവിധ ആംഗിളുകളിൽ എന്റെ ചിത്രം പകർത്തും. എന്റെ ഓരോ വളർച്ചയും അച്ഛന്റെ മെമ്മറിയിലുണ്ടെന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. അതിനിടയിൽ ഒരു മരംമുറിയൻ ഈ വഴി വന്നു. അടുത്ത പറമ്പിലെ മട്ടിമരം മുറിക്കാൻ പോകുമ്പോഴാണ് മൂപ്പര് വന്നത്. എന്നെ ഒന്നു ചുഴിഞ്ഞു നോക്കിയിട്ട് അച്ഛനെ വിളിച്ചു: അതേയ് പൊന്ന് കായ്ക്കണ മരമാണെങ്കിലും പുരക്കു മീതെ വന്നാ വെട്ടണം. ഇവന്റെ നില്പ് അത്ര ശരിയല്ല. പുരയുടെ ഉമ്മറത്ത് തെക്കേ കോണിലെ സ്ഥാനം തന്നെ പന്തിയല്ല. വീട്ടിലുള്ളോരെ തെക്കോട്ടു എടുക്കാൻ ഇവൻ ഒരുത്തൻ മതി.
അതു കേട്ട് അച്ഛൻ ഒന്നു ചിരിച്ചതേയുള്ളൂ. പക്ഷേ അമ്മ ഭയന്നു. പക്ഷേ മരം മുറിക്കുന്ന കാര്യത്തിൽ അമ്മക്കുമുണ്ട് വിഷമം. രണ്ടു കൊല്ലം കൊണ്ട് ഒത്തൊരു മരമായി വളർന്നതിലും വീട്ടുമുറ്റത്ത് നിഴൽ ചിത്രമെഴുത്ത് നടത്തുന്നതിലും അമ്മക്കുമുണ്ട് ആഹ്ലാദം. പക്ഷേ വീട്ടിൽ വരുന്നവരെല്ലാം അത്തി ആപത്ത്, അത്തി നാശം, മുറിച്ചു മാറ്റൂ എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. അങ്ങിനെയിരിക്കെയാണ് പ്രളയമുണ്ടായത്. കാറ്റും പേമാരിയും ഇടിയും മിന്നലും തിമിർത്തു. പുഴയും വയലും വീടുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. അപ്പോഴാണ് വളരെ ഉയരത്തിൽ നിൽക്കുന്ന മഞ്ചാടി മരം എന്നെ ഭയപ്പെടുത്തിയത്. എന്റെ മേൽ നിഴൽ വിരിച്ച് നേരത്തെ എന്നെ നശിപ്പിക്കാൻ ശ്രമിച്ചതായിരുന്നു. അന്ന് എന്റെ ശിഖരങ്ങൾ കൂട്ടിക്കെട്ടി സൂര്യന്റെ നേരെ നിർത്തിയത് അച്ഛനാണ്. മഞ്ചാടിയേക്കാൾ പരിഗണന അത്തിക്ക് കിട്ടുമോ എന്നായിരുന്നു അവന്റെ വേവലാതി. പ്രളയകാലത്ത് പല തവണ എന്റെ മേൽ പതിക്കാൻ മഞ്ചാടി ശ്രമിച്ചുവെങ്കിലും മറ്റു മരങ്ങൾ തടഞ്ഞു. ഒരു വിധം കലി തുള്ളിയ കാലവർഷം കഴിഞ്ഞപ്പോഴാണ് സമാധാനമായത്. സാധാരണ ദിവസങ്ങൾ കടന്നു വന്നതോടെ മഞ്ചാടിയുടെ ഭീഷണിയും നിലച്ചു. വൃശ്ചികമെത്തിയപ്പോൾ മഞ്ചാടി വീണ്ടും വികൃതിക്കാറ്റടിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്ന് പുറപ്പെട്ട് പാലക്കാട് ചുരം കടന്ന് വള്ളുവനാട്ടിൽ ആഞ്ഞുവീശുന്ന കാറ്റിന് ഊക്ക്‌ കൂടും. കാലാവസ്ഥാ നിരീക്ഷകരൊന്നും ഈ കാറ്റ് അത്ര ഗൗനിക്കാറില്ല. അതു കൊണ്ടു തന്നെ അവരുടെ റഡാറിൽ കാറ്റടിക്കാറില്ല. ഇടിയോ മിന്നലോ മഴയോ അകമ്പടിയില്ലാതെയാണ് ചുരം കടന്നെത്തുന്ന കാറ്റ് താണ്ഡവമാടാറുള്ളത്. വൃശ്ചിക വെയിലത്തും ധനുമാസ കുളിരിലും വെണ്ണിലാവിലും കാറ്റ് ഘോര സർപ്പത്തെപ്പോലെ ഊതും.  ചുരക്കാറ്റ് പല ഭാഗത്തും പല മട്ടിലാണ് വീശിയടിക്കുകയെന്ന് മഞ്ചാടി മരം സ്വകാര്യം പറഞ്ഞു. അതൊരു ഭീഷണിയാണെന്ന് കരുതിയില്ല. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയും കഴിഞ്ഞ്, പ്രളയ വർഷം കൊഴിഞ്ഞു വീഴാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെയാണ് അത് സംഭവിച്ചത്. രാത്രി നേർത്ത കാറ്റുണ്ടായിരുന്നു. വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും മാത്രമേയുള്ളു. ഏട്ടനും ഭാര്യയും ജോലി സ്ഥലത്താണ് താമസം. അർധരാത്രി പരന്നൊഴുകുന്ന ധനുമാസ നിലാവായിരുന്നു. പാൽ പ്രഭക്കു മീതെ കുളിർ കാറ്റും മേമ്പൊടി തൂവി. എന്നാൽ പുലരാൻ യാമങ്ങൾ മാത്രം ബാക്കി നിൽക്കെ ചുരം കടന്ന് ചുഴലി പോലെ പറന്നു വന്ന കാറ്റ് മഞ്ചാടിയെ ചുഴറ്റി. പിന്നെ വട്ടമിട്ടു കറക്കി.  പ്രതിരോധിക്കാനുള്ള മഞ്ചാടിയുടെ ശ്രമങ്ങൾ വിഫലമായി. വളരെ ഉയർന്നു നിന്നിരുന്ന പടുകൂറ്റൻ മഞ്ചാടിയുടെ നെഞ്ച് പിളരുന്നത് ഞാൻ കണ്ടു. വളരെ ഉയരെ നിന്ന് നടു ഒടിഞ്ഞ് അവൻ വീടിനു മീതേക്ക് പതിക്കുമെന്നുറപ്പായി. വീടിനുള്ളിൽ മൂന്ന് ജീവനുകൾ ഗാഢനിദ്രയിലാണ്. മഞ്ചാടിയുടെ വീഴ്ചയിൽ വീട് തകരും. വീട്ടിനുള്ളിലുള്ളവരുടെ കഥയും കഴിയും. പടർന്നു പന്തലിച്ച മഞ്ചാടിയുടെ വീഴ്ച തടയാൻ ആരുമില്ല. എന്റെ ഉടലും ശിഖരങ്ങളുമാവട്ടെ ദുർബ്ബലമാണ്. മഞ്ചാടി റോക്കറ്റ് വേഗത്തിലാണ് വരുന്നത്. ചുരക്കാറ്റിന്റെ സീൽക്കാരവുമായി അത് പതിക്കുമ്പോൾ വീടിന്റെ പ്രധാന തൂണും ചുമരും നൊടിയിടയിൽ തകർന്നു തരിപ്പണമാവും. ഒന്നും ആലോചിക്കാൻ സമയമില്ല. സർവ്വ ധൈര്യവും പ്രതിരോധമാക്കി ശിരസ് ഉയർത്തി നിന്നു. മഞ്ചാടി മരം എന്റെ ശിരസ്സിൽ തന്നെ പതിച്ചു. എന്റെ കൈകൾ കൊണ്ട് ഞാനതിന്റെ വേഗത തടയാൻ ശ്രമിച്ചു. അതു കൊണ്ടു മാത്രം മഞ്ചാടിയുടെ ശിഖരം സാവകാശമാണ് വീടിനു മീതെ വീണത്. ഉമ്മറ തൂണിനും ചുമരിനും ഒരു പോറലും പറ്റിയില്ല. ഓടുകൾ മാത്രം അടർന്നുവീണു. ആർക്കും ഒന്നും സംഭവിച്ചില്ല. പക്ഷേ മഞ്ചാടിയുടെ ഭാരിച്ച ഉടലു വീണ് എന്റെ ശിരസ് തകർന്നതിനാൽ മരംമുറിയൻ വന്നാണ് മുറിച്ചുനീക്കിയത്. ആപത്തൊന്നും സംഭവിക്കാത്ത ആശ്വാസത്തോടെയാണ് ഞാൻ മരിച്ചുവീണത്. നേരം വെളുത്തപ്പോഴേക്കും വീടിനു ചുറ്റും ആൾക്കൂട്ടമായിരുന്നു. മഞ്ചാടിയുടെ വാൾ തല പോലെയുള്ള കൊമ്പുകൾ വീടിനുള്ളിൽ ആണ്ടിറങ്ങി നിന്നിരുന്നു. വലിയൊരു ദുരന്ത ചിത്രമാണത് കാഴ്ചവെച്ചത്. വന്നവരൊക്കെ അനുമോദിച്ചത് എന്നെ മാത്രമാണ്. ഈർച്ചവാളിൽ ഉടൽ മുറിച്ചുമാറ്റുമ്പോഴും നാട്ടുകാരുടെ പ്രശംസ എനിക്ക് കേൾക്കാമായിരുന്നു. ഞാനില്ലായിരുന്നെങ്കിൽ ഈ കഥ ഇങ്ങിനെ എഴുതാൻ കഴിയുമായിരുന്നില്ല.
ഒരു കുറ്റിയായി മാറിയെങ്കിലും വീട്ടുകാർ എനിക്ക് വെള്ളം തന്നു. ഒരു മാസം കഴിഞ്ഞപ്പോൾ കുറ്റിയിൽ നിന്ന് മുളകളുണ്ടായി. മുളകൾ വിടർന്ന് ഇലകളായി. ഇലകൾ വളർന്ന് ഇതാ ഞാൻ വീണ്ടും ഉയിർക്കുകയാണ്. മറ്റൊരു കാറ്റിനും മറ്റൊരു മരത്തിനും കീഴടങ്ങേണ്ടി വന്നാലും ഞാൻ ഉയിർത്തെണീക്കുമെന്ന് ഉറപ്പ്. മരങ്ങളെ സ്നേഹിക്കുന്ന മനുഷ്യരെ വിട്ടു പോകാൻ എനിക്ക് കഴിയില്ല. ഈ ഉയിർപ്പു ദിനത്തിൽ എന്റെ കഥ നിങ്ങൾക്ക് പ്രചോദനമാവട്ടെ.

/ടിവിഎം അലി/

No comments: