കുഞ്ഞിരാമനും
കുഞ്ഞരക്കാരുടെ കുടവയറും കുറെ ചിഹ്നങ്ങളും!
നാട്ടിലാകെ വോട്ടങ്കത്തിന്റെ കലാശക്കൊട്ട് മുറുകുമ്പോഴാണ് സംഗതികളുടെ തുടക്കം. കുഞ്ഞരക്കാരുടെ ഓട്ടാണ് നാട്ടിലെ ചർച്ചാ വിഷയം. അതിസാരം ബാധിച്ച വോട്ടറെ ബൂത്തിലെത്തിച്ച് വോട്ട് കുത്തിക്കണം. അതിനെന്താ വഴി എന്നാണ് ഓരോരുത്തരുടേയും ചിന്ത. കുഞ്ഞിരാമന്റെ അയൽക്കാരനാണ് കുഞ്ഞരക്കാര്.
രണ്ടു പേരും ഉറ്റ ചങ്ങാതിമാരാണ്. ഒരു കുടുംബം പോലെയാണ് അവർ കഴിയുന്നത്.
അതു കൊണ്ടാണ് അതിസാരത്തിന്റെ അതിപ്രസരം പാർടിക്കാരറിഞ്ഞത്. കുഞ്ഞരക്കാരുടെ കെട്ട്യോള്
കുഞ്ഞാത്തുവിന്റെ നിലവിളി കേട്ടാണ് കുഞ്ഞിരാമൻ അന്ന് ഓടിച്ചെന്നത്.
-ന്റെ കുഞ്ഞേട്ടാ ങ്ങള് കണ്ടില്ലേ ഈ കായ്ച്ചാ-
കുഞ്ഞാത്തു വിരൽ ചൂണ്ടിയ മൂലയിലേക്ക് കുഞ്ഞിരാമൻ സൂക്ഷിച്ചു നോക്കി:
ഒരു കീറപ്പായയിൽ പഴന്തുണിക്കെട്ടു പോലെ ചുരുണ്ടു കിടക്കുകയാണ് കുഞ്ഞരക്കാര്.
-രണ്ടു ദെവസായി ഒരേ പോക്കാ- ദാ നോക്ക് -
ന്റെ കൊടവയറ് അമുങ്ങിപ്പോയി കുഞ്ഞിരാമാ... കുഞ്ഞരക്കാര് വിശദീകരിക്കുന്നതിന് മുമ്പ് കുഞ്ഞാത്തു ഇടപെട്ടു.
-ന്റെ കുഞ്ഞേട്ടാ- എല്ലാ കുറുംകൗസലോം ഞമ്മള് നോക്കി. കട്ടൻ കാപ്പീല് ചെറുനാരങ്ങ പിയിഞ്ഞത് കൊടുത്തു. മൊല്ല വൈദ്യരെക്കൊണ്ട് വെള്ളം ഊതിക്കൊടുത്തു. കുട്ടൻ വൈദ്യര്ടെ ചൂർണം മോരിൽ കാച്ചിക്കൊടുത്തു.
ഇന്ന്ട്ടും ഇന്നോടൊ എന്ന മട്ടിലാ വാണം വിട്ട പോലെ പോക്ക്. ഇഞ്ഞി ഞമ്മളെന്താ ശെയ്യണ്ട് കുഞ്ഞേട്ടാ- ഇങ്ങള് പറയിൻ. കുഞ്ഞാത്തുവിന്റെ പെയ്ത്ത് നിന്നപ്പൊ കുഞ്ഞിരാമൻ കിതച്ചു.
ഇന്ന് രാവിലെ റേഡിയോല് കേട്ട ചില വർത്തമാനങ്ങൾ ഓർമ വന്നു.
ഉഷ്ണ തരംഗം, സൂര്യാതപം, നിർജലീകരണം, സൂര്യാഘാതം, മരണസംഖ്യ ഉയരുന്നു തുടങ്ങിയ കടുകട്ടി വാക്കുകൾ തികട്ടി വന്നു. പിന്നെ ഒന്നും ഓർക്കാൻ നിന്നില്ല.
വീടിന്റെ കോലായിൽ ചാരി വെച്ചിരുന്ന ചാരുകസേര എടുത്ത് കുഞ്ഞരക്കാരെ
അതിൽ കിടത്തി കുഞ്ഞാത്തുവിനോട് ഒരറ്റം പിടിക്കാൻ കല്പിച്ച് പുറത്തേക്ക് എത്തിച്ചു. കുഞ്ഞരക്കാരുടെ ദീനരോദനം അകമ്പടിയാക്കി കുഞ്ഞിരാമനും കുഞ്ഞാത്തുവും മഞ്ചലോട്ടം തുടർന്നു. പിറകെ മൂക്കൊലിപ്പിച്ച് കുഞ്ഞരക്കാര്ടെ രണ്ട് പൈതങ്ങളും ഓടി.
ധർമാശുപത്രിയിൽ ഡാക്കിട്ടരും മരുന്നും ഉണ്ടാവണേ പടച്ചോനേ എന്ന് മന്ത്രിച്ചു കൊണ്ടാണ് കുഞ്ഞാത്തു കുണ്ടുപാടവരമ്പ് ചാടിക്കടന്നത്. അപ്പോഴും
കുഞ്ഞരക്കാര്ടെ കുടവയറിന്റെ തുളയിലൂടെ
ചോർച്ച തുടർന്നു കൊണ്ടിരുന്നു. അങ്ങനെ കെടക്കണ കുഞ്ഞരക്കാരെയാണ് ബൂത്തിലെത്തിക്കേണ്ടത്. ധർമാശുപത്രീന്ന് ഇബനെ ബൂത്തിലെത്തിക്കാനുള്ള ചുമതല കുഞ്ഞിരാമന്റെ മണ്ടയിലാണ് മണ്ഡരി പോലെ വീണത്. ആദ്യം കുഞ്ഞിരാമനും കെട്ട്യോളും ഓട്ട് ചെയ്യണം. എന്നിട്ട് കെട്ടിച്ചു വിട്ട പെങ്കുട്ട്യേളെ കൂട്ടിക്കൊണ്ടുവന്ന് ഓട്ട് ചെയ്യിക്കണം. അതു കഴിഞ്ഞ് വിരുന്നു പോയ ചെക്കന്മാരുടെ പെണ്ണുങ്ങളെ കൂട്ടിക്കൊണ്ടുവന്ന് വരി നിർത്തണം. ബൂത്ത് ലവൽ ഓഫീസറെ തെരഞ്ഞുപിടിച്ച് വോട്ടർ പട്ടിക നോക്കിയപ്പോഴാണ് അന്തം വിട്ട് കുഞ്ഞിരാമൻ കുന്തം വിഴുങ്ങി നിന്നത്. കുഞ്ഞിരാമന്റെ വോട്ട് 404ൽ. കെട്ട്യോൾടെ വോട്ട് 202ൽ. മക്കളുടേയും മരുമക്കളുടേയും പേരുകളും പലപല ബൂത്തിൽ. ഓരോ ബൂത്തും ഓരോരൊ കൊമ്പത്ത്. ഇവിടെയൊക്കെ പോയി വോട്ട് ചെയ്യിക്കണം. എന്നിട്ട് കുഞ്ഞരക്കാര്ടെ വോട്ടും കുത്തിക്കണം. സർവ്വ അയ്യനയ്യനാദി ദേവന്മാരേയും വിളിച്ച്, വോട്ടർ പട്ടിക തയ്യാറാക്കിയവരെ തെറിയഭിഷേകം നടത്തി കാര്യം സാധിച്ചപ്പോൾ മണി അഞ്ച്. ഒരു മിനുറ്റ് നിക്കാതെ കുഞ്ഞിരാമൻ പാഞ്ഞു. കുഞ്ഞരക്കാര്ടെ തുള വീണ കുടവയറ് പുറത്തു കാണാത്ത വിധം പൊതിഞ്ഞു കെട്ടി മഞ്ചലിൽ കിടത്തി ഒരു വിധം ബൂത്തിലെത്തിച്ചു. മണി ആറാവാറായിട്ടും നീണ്ട വരി. ബൂത്തിനുള്ളിൽ നിന്ന് ജനാധിപത്യത്തിന്റെ അധോവായു പ്രവാഹം പോലെ ബീപ് ശബ്ദം. മാനത്ത് വേനൽ മഴയുടെ ഇടിമുഴക്കം. പൊടുന്നനെ കറന്റ് വിളക്ക് കെട്ടു. വോട്ട് യന്ത്രവും പാറ്റ പെട്ടിയും കണ്ണു ചിമ്മി. മെഴുകുതിരി വെളിച്ചം മാത്രം തുള്ളിക്കളിച്ചു.
വരിനിന്ന് വരിനിന്ന്, വരി ഉടഞ്ഞുപോയവർ ഇരുൾ മുറിച്ച് പുറത്തു കടന്നത് കുഞ്ഞിരാമനറിഞ്ഞില്ല. തുള വീണ കുടവയറിൽ തടവി കുഞ്ഞരക്കാര് ഞെരിപിരി കൊള്ളുമ്പോൾ അവന്റെ കെട്ട്യോളും കുഞ്ഞിരാമനും പിന്നെ കുറെ ചിഹ്നങ്ങളും മാത്രം ബൂത്തിൽ അവശേഷിച്ചു. അപ്പോൾ യഥാർത്ഥ ജനാധിപത്യത്തിന്റെ കാവൽ മാലാഖമാർ അവിടെ മിന്നാമിനുങ്ങായി പാറി പറന്നു.
-ടിവിഎം അലി-

No comments:
Post a Comment