അതിജീവനത്തിന്റെ ചിറകിൽ
' ഉയരെ '...
പുരുഷാധിപത്യം ഹിമവൽ ശൃംഖത്തോളം ഉയർന്നു നിൽക്കുന്ന മലയാള സിനിമയിൽ, അതിനെ മറികടന്ന് ഉയരെ പറക്കാൻ പാർവതിയെ പോലെ സ്വന്തം നിലപാടുകൾ തുറന്നു പറയുന്ന ഒരു നടിക്ക് കഴിയുമോ?
രണ്ടു വർഷം മുമ്പ് സിനിമ വ്യവസായ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചില തിക്താനുഭവങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെട്ടവരാണ് പാർവതി ഉൾപ്പെടെയുള്ള വിമൻ ഇൻ സിനിമ കലക്ടീവ് പ്രവർത്തകർ. സിനിമയിൽ പുരുഷനെപ്പോലെ അവിഭാജ്യ ഘടകമാണ് സ്ത്രീയും. എന്നാൽ സൂപ്പർ നായക നടന്മാരെ പ്രദക്ഷിണം ചെയ്തുകൊണ്ടാണ് സിനിമ വ്യവസായം കറങ്ങുന്നത്. കരയാനും ചിരിക്കാനും പീഡനപർവ്വം ചുമക്കാനും മാത്രമുള്ള സ്ത്രീകഥാപാത്രങ്ങളെപ്പോലെ, അല്ലെങ്കിൽ അതിനേക്കാൾ താഴെയാണ് മികവുറ്റ നടിമാരുടെ പോലും സ്ഥാനം. ഇത് എല്ലാ കാലത്തും അതേപോലെ തന്നെ നിലനിൽക്കുമെന്നാണ് ആൺമേൽക്കോയ്മ കരുതിയത്. വിമൻ സിനിമ കലക്ടീവ് പ്രവർത്തക കൂട്ടായ്മ രംഗത്തു വന്നതോടെ നിലനിന്നിരുന്ന പലതും തകിടം മറിഞ്ഞു. ചരിത്രത്തിന്റെ ഗതി മാറ്റം കണ്ട് മോഹാലസ്യപ്പെട്ടവർ സൈബർ ആക്രമണങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിൽ കാളപ്പോര് നടത്തിക്കൊണ്ടിരുന്നു. ജീവനു തുല്യം സ്നേഹിച്ച കാമുകനാൽ ആസിഡ് ആക്രമണത്തിന് വിധേയയായ പല്ലവിയെപ്പോലെയായിരുന്നു പാർവതിയും കൂട്ടുകാരും. റിലീസ് ദിവസം ആളൊഴിഞ്ഞ തിയേറ്ററിലിരുന്ന്
'ഉയരെ' കാണേണ്ടി വന്നപ്പോഴാണ് സൈബർ ആക്രമണത്തിന്റെ തീവ്രത ശരിക്കും ബോധ്യപ്പെട്ടത്. ഒരു ദശകത്തിനിടയിൽ മലയാള സിനിമയിൽ ഏറെ അംഗീകാരങ്ങൾ നേടുകയും പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുകയും ചെയ്ത പാർവതിയെ തിരസ്ക്കരിക്കാൻ ആർക്കും സാധിക്കില്ലെന്ന് 'ഉയരെ' കണ്ടിറങ്ങിയപ്പോൾ തോന്നി. കാമുകന്റെ കൊലക്കത്തിക്കും ഗ്യാസ് ലൈറ്ററിനുമിടയിൽ ജീവൻ പൊലിയുന്ന കേരളീയ പെൺ യൗവനങ്ങളുടെ കഥകൾ പത്ര താളുകളിൽ നിറയുന്ന സമയത്താണ് പല്ലവിയുടെ കഥയുമായി 'ഉയരെ' എത്തുന്നത്. ഒരു ശരാശരി സിനിമയാണിതെങ്കിലും തിയേറ്ററിൽ നിന്നിറങ്ങിയാലും അസാധാരണമായ ചില ചിന്തകൾ നമ്മളിൽ അവശേഷിപ്പിക്കാൻ സിനിമക്ക് കഴിയുന്നുണ്ട്. പ്രണയത്തിന്റേയും ഭ്രാന്തിന്റേയും ലോലമായ അതിർവരമ്പുകൾ മുറിയുന്നിടത്താണ് പല്ലവിയുടെ മുഖത്തേക്ക് ഗോവിന്ദ് ആസിഡ് ഒഴിക്കുന്നത്. പിന്നീട് അപാരമായ ആത്മബലം കൊണ്ടാണ് പല്ലവി ജീവിതത്തെ നേരിടുന്നത്. പ്രതിസന്ധികളിൽ തളർന്നു വീഴുന്നവരിൽ പലരും ആത്മഹത്യ അഭയമായി കരുതുമ്പോൾ പല്ലവിയുടെ അതിജീവന കഥ സ്ത്രീ സമൂഹത്തിന് കരുത്ത് പകരുന്നതാണ്.
പാർവതിയുടെ പല്ലവി എന്ന കഥാപാത്രം മലയാള സിനിമയിലെ പെൺമയുടെ പ്രതീകമാകുന്നത് അതുകൊണ്ടാണ്. സേറയെയും കാഞ്ചനമാലയെയും സമീറയെയും ടെസയെയും പോലെ പല്ലവിയും പാർവതിക്ക് മാത്രം ചെയ്യാൻ കഴിയുന്ന വേഷപകർച്ചയാണ്. 'ഉയരെ' എന്ന സിനിമ നാം മറന്നു പോയാലും പല്ലവിയെ നമ്മുടെ മനോമുകുരത്തിൽ നിന്ന് മായ്ച്ചു കളയാനാവില്ല. അത്രയേറെ മുന്നിൽ നിൽക്കുന്ന കഥാപാത്രമാണ് പല്ലവിയെന്ന് പറയാം. കഥാപാത്രമായി ഇഴുകിചേരാനും അതിന് ജൈവ പൂർണത നൽകാനും കൂടെ അഭിനയിക്കുന്ന കഥാപാത്രങ്ങൾക്കു പോലും തിളക്കമേകാനും കഴിയുന്ന അപൂർവ്വം നായികമാരിൽ ഒരാളാണ് പാർവതി. എന്നാൽ ഇത്രയേറെ മികവു കാണിച്ചിട്ടും സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ തേടിയെത്തിയിട്ടും പാർവതിക്ക് വേണ്ടത്ര അവസരങ്ങളില്ലാതെ പോകുന്നത് ചിന്തനീയമാണ്. രണ്ടു വർഷത്തിനിടെ പാർവതിക്കും അവരുടെ സിനിമകൾക്കും എതിരെ ഉണ്ടായിട്ടുള്ള സൈബർ ആക്രമണം തുടരുകയാണ്.
'ഉയരെ' റിലീസായപ്പോഴും അതിൽ മാറ്റമില്ല. സിനിമയിലെ സ്ത്രീ കഥാപാത്രത്തിന് സ്വതന്ത്ര ചിന്തയും തനത് ജീവിതരീതിയും അഭിപ്രായങ്ങളും നിലപാടുകളും എല്ലാം തിരക്കഥയിൽ മതിയെന്നാണ് സിനിമ വ്യവസായത്തിന്റെ ശാഠ്യമെങ്കിൽ കഷ്ടമെന്നേ പറയേണ്ടൂ. കഴിവുറ്റ ഒരു നടിയുടെ പ്രതിഭയെ സിനിമയുടെ ഉന്നമനത്തിന് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതിനു പകരം പുരുഷ താരാധിപത്യത്തിന്റെ പ്രയോക്താക്കളായി മാറാനാണ് പലരും മുതിരുന്നത്. കാലത്തിന്റെ കാഹളം തിരിച്ചറിഞ്ഞ് പരിവർത്തന ചക്രം തിരിക്കുന്നവരായി നവാഗതർ മാറണം. ആത്മവിശ്വാസവും അർപ്പണ ബോധവുമുള്ള ഒരു സംഘം മലയാള സിനിമ വ്യവസായത്തിലേക്ക് കടന്നു വരുന്നുണ്ട്. സ്വന്തം കാഴ്ചപ്പാടും നിലപാടും അവർ തുറന്നു പറയും. കിടപ്പറ പങ്കിടാനുള്ള പെൺശരീരങ്ങളല്ല തങ്ങളെന്ന് അവർ വിളിച്ചു കൂവും. ഏതെല്ലാം തരത്തിൽ ആക്രമണത്തിന് വിധേയമായാലും തങ്ങളുടെ സ്വപ്ന ചിറകിലേറി ഉയരങ്ങൾ അവർ കീഴടക്കും. ബാഹ്യ സൗന്ദര്യം നഷ്ടപ്പെട്ടാലും അവർ ആകാശയാനത്തിൽ മാലാഖമാരായി മാറും. നന്മയുടെ നിലപാടുതറയിൽ നിന്നു കൊണ്ട് തിന്മകളോട് അടരാടുന്നവർക്ക് സാമൂഹ്യ പിന്തുണയാണ് ആവശ്യം. അതിന് സ്ത്രീ സമൂഹം മുൻകൈയെടുക്കണം. സ്വതന്ത്ര നിലപാട് കാത്തു സൂക്ഷിക്കുകയും പ്രതിരോധത്തിന്റെ ഉയരങ്ങളിൽ നിൽക്കുകയും ചെയ്യുന്ന പല്ലവിയെ ഹൃദയത്തോട് ചേർത്തുനിർത്താൻ പ്രേക്ഷക സമൂഹത്തിന് കഴിയണം. ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് തുടക്കം കുറിക്കാൻ ചലച്ചിത്ര കേരളത്തിന് ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
/ ടിവിഎം അലി /