Sunday, 29 April 2018

എം.എസ്.കുമാർ: ഒരു സർഗായനം



മലയാളത്തിന്റെ കുഞ്ഞു മക്കൾക്ക് മധുര നാരങ്ങ പോലെ നുണഞ്ഞിറക്കാൻ കഴിയുന്ന എഴുപതിൽപരം ബാലസാഹിത്യ കൃതികളും അഞ്ച് നോവലുകളും അഞ്ച് ചെറുകഥാ സമാഹാരങ്ങളും സമ്മാനിച്ച എം.എസ്.കുമാർ എഴുത്തിന്റെ അമ്പതാണ്ടു താണ്ടി കഴിഞ്ഞു.
1945ൽ നിളാതീരത്തുള്ള ഞാങ്ങാട്ടിരി ഗ്രാമത്തിൽ മുളക്കൽ വീട്ടിൽ ശങ്കുണ്ണി എഴുത്തച്ഛൻ - ജാനകി അമ്മ ദമ്പതികളുടെ മകനായി പിറന്ന സൂര്യകുമാരനാണ് എഴുത്തിന്റെ ലോകത്ത് എം.എസ്.കുമാറായത്. 1968ൽ ഞാങ്ങാട്ടിരി എ.യു.പി.സ്കൂളിൽ അധ്യാപകനായതോടെ കുട്ടികളുടെ പ്രിയപ്പെട്ട സൂര്യൻ മാഷായി. 2000 ൽ വിരമിച്ച ശേഷവും നാട്ടുകാർക്ക് സൂര്യൻ മാഷായി തുടരുന്നു.
ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ അവതാരികയോടെ പ്രസിദ്ധപ്പെടുത്തിയ മിടുക്കൻ ബാബുവാണ് ആദ്യ കൃതി.
ചന്ദികയിലും ദേശാഭിമാനിയിലും അനേകം കുഞ്ഞു മാസികകളിലും നിരന്തരം കഥകൾ എഴുതിയതോടെ ബാലസാഹിത്യ തറവാട്ടിൽ ശ്രദ്ധേയനായി. കുഞ്ഞൻ പക്ഷി, സുന്ദരിപ്പാമ്പ്, പൂത്താങ്കീരി, സിനിമാ നടൻ കുഞ്ചു, ഉണ്ണിരാമൻ ഉണർന്നു, സ്വർണ്ണ തുമ്പി, മിഠായി മണിയൻ, ശാരി, നിലാവിന്റെ അപ്പൂപ്പൻ, അല്ലിറാണി, കല്യാണക്കുരുവി, പീലിക്കാവടി, കഴുത മന്ത്രി, കുക്കു, നിലാത്തിരി , ഗൂഗ്ലി, പുള്ളിനങ്ങി, മനസ്സറിയും കിളി, വാകമരത്തിലെ പക്ഷികൾ, സ്റ്റോമി, മകുടി, കളിമാമൻ, കുടുകുടു വണ്ടി, കുറുക്കൻ കഥകൾ, കളിവീണ, മഞ്ചാടിമാല, ആമക്കുട്ടൻ ഡോട്ട് കോം, ലോകം കീറിയ കുട്ടി, ചെമ്പൻ കുറുക്കനും വെള്ളി മുയലും, ആനമീശ, ചിത്രശലഭങ്ങളുടെ ഉണ്ണി, സൈബർ മാരേജ് , പാക്കനാർ, പൂവിളിക്കുന്ന്, കുഞ്ഞിക്കുറുക്കൻ,
ഇ-മെയിൽ, മൊബൈൽ മുയലുണ്ണി തുടങ്ങിയ ബാലസാഹിത്യ കൃതികൾ കുട്ടികൾ നെഞ്ചേറ്റിയവയാണ്.
1981ൽ ഉടുക്ക് എന്ന നോവലിന് മാമ്മൻമാപ്പിള അവാർഡ് ലഭിച്ചതോടെയാണ് മുൻനിര എഴുത്തുകാരുടെ പട്ടികയിലേക്ക് പ്രവേശിച്ചത്. 1989 ൽ മന്ദാകിനിയുടെ ഗാനം എന്ന നോവലിന് കേന്ദ്ര സാംസ്ക്കാരിക ഫെല്ലോഷിപ്പും ലഭിച്ചു. സർഗ്ഗ, അത്രമേൽ സ്നേഹിക്കയാൽ, മിഴിയോരം വഴിയോരം തുടങ്ങിയ നോവലുകളും ശ്രദ്ധിക്കപ്പെട്ടു.
1990 ൽ ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് ഇന്ത്യൻ ശിശു വിദ്യാഭ്യാസ കൗൺസിൽ നാഷണൽ അവാർഡും,
1991 ൽ ആരോ മരിച്ചിട്ടുണ്ട് എന്ന കഥാസമാഹാരത്തിന് അധ്യാപക കലാവേദി അവാർഡും, 2002 ൽ ആനമീശ എന്ന കൃതിക്ക് ചെറുകാട് അവാർഡും, 2003 ൽ പുള്ളിനങ്ങി എന്ന പുസ്തകത്തിന് അബൂദാബി ശക്തി അവാർഡും, 2006 ൽ കളിവീണ എന്ന കൃതിക്ക് പി.ടി.ബി. ബാലസാഹിത്യ പുരസ്ക്കാരവും,
2010 ൽ ഉണ്ണിക്കണ്ണന്റെ വരവ് എന്ന ഗ്രന്ഥത്തിന് അറ്റ്ലസ് - കൈരളി അവാർഡും ലഭിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം, ഗ്രന്ഥാലോകം, തളിര്, തത്തമ്മ എന്നിവയുടെ പത്രാധിപ സമിതി അംഗം തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. ഇടതുപക്ഷ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായ എം.എസ്.കുമാർ എഴുത്തിന്റെ ലോകത്ത് ഇന്നും കർമ്മനിരതനാണ്. എഴുത്തുകാരിയും അധ്യാപികയുമായ പി.ആർ.കമലമാണ് സഹധർമിണി. ദീപ (ചെന്നൈ), ദിലീപ് (കൊച്ചി) എന്നിവർ മക്കളാണ്.
(ഫോൺ: 9744 166 615)

എഴുത്തും ചിത്രവും
ടി വി എം അലി
-----------------------

Friday, 27 April 2018

ഓർമ പന്ത്



1960-70 കാലത്തേക്കാണ് ഓർമകളുടെ പന്തുരുളുന്നത്.
അന്ന് പട്ടാമ്പി - ഗുരുവായൂർ റോഡാണ് ഞങ്ങളുടെ കളിക്കളം.
വല്ലപ്പോഴും വരുന്ന വാഹനം മാത്രമാണ് ടീ ബ്രേക്കിന് വിസിലടിക്കുന്നത്.
പൂരപ്പറമ്പിൽ നിന്ന് വാങ്ങുന്ന ചെറിയ പന്തിന്റെ പിന്നാലെയാണ് ഞങ്ങളുടെ ഓട്ടം.
പലപ്പോഴും പന്ത് ചെന്നു വീഴുന്നത് മൊല്ലാക്കാന്റെ വളപ്പിലോ മയമ്മദ്ക്കാന്റെ പൊട്ട കിണറ്റിലോ ആയിരിക്കും. അന്നേരം കളി തീരും. പുതിയൊരു പന്ത് കിട്ടാൻ അടുത്ത പൂരം വരണം. അന്നേരം ഓലമടഞ്ഞ് പന്തുണ്ടാക്കും. രണ്ടു തട്ടിന് അത് പാളീസാവും. പിന്നെ തുന്നൽക്കടയുടെ ഓരത്ത് വെട്ടിയിട്ട തുണി തുണ്ടുകൾ പെറുക്കി കൂട്ടി പന്തുണ്ടയാക്കി കളിക്കും. അതിനും അധികം ആയുസില്ല.
തലമ പന്ത് കളി, ഗോട്ടി കളി, ചൊട്ടേം മണിം കളി തുടങ്ങിയവക്കെല്ലാം വേദിയാവുന്നത് പൊതു നിരത്ത് തന്നെയാണ്.
നട്ടുച്ച നേരത്ത് റോഡിൽ നിന്ന് പൊങ്ങി വരുന്ന ടാർ ഗുളികകൾ ശേഖരിച്ച് വലിയ ടാറുണ്ടയാക്കിയും കളിച്ചിരുന്നു. നിരത്തിലെ കളികൾക്കു പുറമെ തൊടിയിലും കളിയരങ്ങ് പതിവാണ്.
ബാലചലനം എന്ന പേരിൽ കുട്ടികളുടെ ക്ലബ് രൂപീകരിച്ച് മിമിക്രി, കോൽക്കളി, നാടകം, ഡാൻസ് എന്നിവയും അവധിക്കാല നേരമ്പോക്കുകളായിരുന്നു. ആർട്സിനും സ്പോർട്സിനും തുല്യപരിഗണന നൽകിയിരുന്നതുകൊണ്ട് രണ്ട് മേഖലയിലും കുട്ടികൾ സജീവമായിരുന്നു. 1990 കളിൽ ഗ്രാമവിചാര വേദിയുടെ നേതൃത്വത്തിൽ നടത്തിയ പാലക്കാട് ജില്ലാതല വോളീബോൾ ടൂർണമെന്റിന്റെ ആരവം ഇപ്പോഴും കാതിലുണ്ട്. വൻ ജനാവലിയാണ് അന്ന് കളി കാണാൻ മുക്കാരത്തിക്കാവ് മൈതാനത്തിലെത്തിയത്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാൻ യുവകാഹളം നടത്തുന്ന സേവനവും പ്രശംസനീയമാണ്.
ഈ കളിയോർമകളുടെ ചാരത്തിരുന്നു കൊണ്ടാണ് ഫിഫ ലോക കപ്പിനെ വരവേൽക്കുന്നത്. 2018 ജൂണിൽ റഷ്യയിൽ നടക്കുന്നത് ഇരുപത്തി ഒന്നാം പതിപ്പാണ്.
റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകർച്ചക്ക് ശേഷം ഇതാദ്യമായാണ് റഷ്യ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമരുളുന്നത്.  കിഴക്കേ യൂറോപ്പിലും ആദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെയാണ്.(യൂറോപ്പ്, ഏഷ്യ). ലോകത്തെ ഏറ്റവും വലിയ കായിക ഉൽസവങ്ങളിലൊന്നായ ഫിഫ ലോകകപ്പിനു ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ പതിനൊന്നു നഗരങ്ങളിലെ, പന്ത്രണ്ടു വേദികളിലാണ് പന്തുരുളാൻ കളമൊരുങ്ങുന്നത്.22 പേർ ഒരേ സമയം ഒരു പന്തിനെ പങ്കുവച്ചെടുക്കുന്ന കളിയായ ഫുട്ബോളിന്റെ മഹാസമ്മേളനമാണിത്. സമത്വസുന്ദരമായ ഒരു ലോകത്തെക്കുറിച്ചു സ്വപ്നം കാണാൻ പഠിപ്പിച്ച റഷ്യ തന്നെ ലോകകപ്പിന് ആതിഥ്യമരുളിക്കൊണ്ട് ഒരൊറ്റ പന്തിലേക്ക് ഓടിക്കയറാൻ ലോകത്തെ ക്ഷണിക്കുകയാണ്.
പുരോഗതിയുടെ ആകാശം നോക്കി നടന്നപ്പോൾ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതറിയാതെ നിന്നവരാണു റഷ്യക്കാർ. സോവിയറ്റ് യൂണിയൻ എന്ന നീളൻ വാക്കിലെ അക്ഷരങ്ങൾപോലെ, രാജ്യങ്ങളൊന്നായി പിരിഞ്ഞുപോയി റഷ്യ എന്ന രണ്ടക്ഷരമായതിനുശേഷം ലോകത്തിനു മുന്നിൽ അവർക്കു തലയുയർത്തിപ്പിടിച്ചു നിൽക്കാൻ കിട്ടിയ അവസരമാണ് ഈ ലോകകപ്പ്. ജൂൺ 14 മുതൽ ജൂലൈ 15 വരെ ഒരു മാസം പന്തിനു പിന്നാലെ പായുമ്പോൾ ലോകമൊന്നാകെ പാടും:
മധുര മനോഹര റഷ്യ!
കാണാൻ കഴിഞ്ഞെങ്കിൽ എന്തു ഭാഗ്യം!

Tuesday, 24 April 2018

വിഷം തീനികളുടെ നാട്




വിഷം വാങ്ങി തിന്നുന്നവരുടെ നാടായി കേരളം മാറിയിട്ട് കാലമേറെയായി. ഇഷ്ട ഭക്ഷ്യ വിഭവം എന്ന നിലയിലാണ്  എല്ലാവരും വിഷം വാങ്ങുന്നത്. കുപ്പി വെള്ളത്തിലും പാക്കറ്റ് പാലിലും കോളയിലും ഫ്രൂട്ടിയിലും പച്ചക്കറി, പഴ വർഗം, ബേക്കറി,  മത്സ്യ - മാംസാദികളിലും എല്ലാം വിഷം അടങ്ങിയിരിക്കുന്നു.
അമ്മിഞ്ഞ പാലിലും ഇളനീരിലും വരെ വിഷാംശം കലർന്നിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയിക്കാനില്ല .
ദില്ലിയിലെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയൻമെണ്ട് നടത്തിയ
പഠന റിപ്പോർട്ട് വായിച്ചാൽ നാം തിന്നുകയും കുടിക്കുകയും ചെയ്യുന്ന വിഷത്തിന്റെ അളവ് ലഭ്യമാവും. ഏറ്റവും ശുദ്ധമെന്നു കരുതി വാങ്ങുന്ന മിനറൽ വാട്ടറിൽ കീട നാശിനിയുണ്ട്. പാക്കറ്റ് പാലിലും കോളയിലും കീടനാശിനിയുണ്ട് .
എറണാകുളം റീജിയനൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ മുന്തിരിയിലും മാമ്പഴത്തിലും യഥാക്രമം ബെൻസീൻ ഹെക്സോ ക്ളോറയിഡ് , കാത്സ്യം കാർബയിട്‌ എന്നിവ ഉയർന്ന തോതിൽ കണ്ടെത്തി. എല്ലാ കാലത്തും മാമ്പഴവും തണ്ണി മത്തനും ഉണ്ടാവുന്നത് എങ്ങിനെയെന്ന് ചിന്തിച്ചാൽ മതി. അതിന്റെ പിന്നിലെ രാസ പ്രക്രിയ കാണാൻ കഴിയും. ഇപ്പോൾ മീനച്ചൂട് 40 ഡിഗ്രീ സെൽഷ്യസ് കടക്കുമ്പോൾ ശരീരം തണുപ്പിക്കാൻ ഫ്രൂട്സ് ആവശ്യമാണ്‌. എങ്കിലും ഞാൻ ഭയത്തോടെയാണ് പഴ - ഫല വർഗങ്ങളെ വീക്ഷിക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഉള്ള ചെറിയ കടകളിൽ നാടൻ രീതിയിൽ പുകയിട്ട് പഴുപ്പിക്കുന്ന മാങ്ങയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വാങ്ങുകയുള്ളു. നല്ല നൊങ്ക് കണ്ടാൽ യഥേഷ്ടം വാങ്ങാം. നാടൻ ഇളനീര് കുടിക്കാം. നാട് മുഴുവൻ കോളയിൽ മുങ്ങി കുളിച്ചിരുന്ന കാലത്ത് ഞാൻ അത് കൈ കൊണ്ട് തൊട്ടു നോക്കിയിട്ടില്ല. ആ ദ്രാവകം മനുഷ്യന് ആവശ്യമില്ലെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. ഇപ്പോഴും കുപ്പി പാനീയങ്ങൾ വാങ്ങാറില്ല. ആരെങ്കിലും സൽക്കരിച്ചാലും കുടിക്കില്ല. ടാന്ഗ് പോലെയുള്ള പാനീയം സ്നേഹത്തോടെ തന്നാലും കുടിക്കില്ല. അങ്ങിനെ ചില ചിട്ടകളും നിബന്ധനകളും പാലിക്കുകയാണെങ്കിൽ വിഷരഹിതമായി ജീവിക്കാം.
ഇപ്പോൾ നമ്മുടെ നാട്ടിൽ വ്യാപകമായി നടക്കുന്ന ജൈവ പച്ചക്കറി ഉല്പാദനവും വിപണനവും  ഭക്ഷ്യ സാക്ഷരതാ വിപ്ലവമാണ്.

എം.സുകുമാരന്റെ കത്ത്.

2006 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എം.സുകുമാരനെ ആദരിക്കാന്‍ 2007 ഫെബ്രുവരി 20ന് ആഡിറ്റ് & അകൗണ്ട്സ് ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാരുടെ സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
പകരം വായിക്കുവാനായി
എഴുതി നല്‍കിയ കത്തിലെ വരികളാണിത്.....

കത്തിന്റെ പൂർണരൂപം:
........................................

പ്രിയമുള്ളവരെ,
നിങ്ങളോടെപ്പം ഈ യോഗത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അറുപത്തിനാലിലെത്തി നില്‍ക്കുന്ന എന്റെ ഇപ്പോഴത്തെ രോഗപീഡകള്‍ എന്റെ അസാന്നിദ്ധ്യത്തിന് കാരണായി പറയുന്നത് അര്‍ദ്ധസത്യമേ ആകുന്നുള്ളു. ഒട്ടും ഔപചാരികതയില്ലാതെ തന്നെ തുറന്നുപറയട്ടേ. നിങ്ങള്‍ക്കഭിമുഖമായി നിങ്ങളേക്കാള്‍ ഉയരത്തില്‍ ഒരു കസേരയിലിരിക്കാന്‍ എനിക്കു വയ്യ. ആള്‍ക്കൂട്ടത്തില്‍ ആരോരുമറിയാതെയുള്ള ഒരു ഇരിപ്പിടമാണ് എനിക്കിഷ്ടം.             ഒരു അവാര്‍ഡ് ജേതാവിന്റെ മേലങ്കിയണിഞ്ഞ്, അനുമോദനങ്ങളേറ്റുവാങ്ങി വിയര്‍ത്തൊലിച്ചും വിയര്‍പ്പുമുട്ടിയും നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ അശക്തനാണ്.

ഇത്തരം ചടങ്ങുകളില്‍ സ്വാഭാവികമായും ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ആത്മാര്‍ത്ഥമായ പ്രശംസാവചനങ്ങള്‍ കേട്ടിരുന്നാസ്വദിക്കാന്‍ എനിത്ത് കഴിയുമോ എന്ന ആശങ്ക എന്റെ വ്യക്തിത്വ ദൗര്‍ബല്യമായി ഞാന്‍ തിരിച്ചറിയുന്നു. സ്വകാര്യജീവിതത്തിലും സാഹിത്യജീവിതത്തിലും കൈവരുന്ന നേട്ടങ്ങള്‍ ആഘോഷിക്കാന്‍ കഴിയാത്ത ഒരുതരം മാനസ്സികാവസ്ഥ പണ്ടേ എന്നില്‍ നാമ്പെടുത്തിട്ടുള്ളതാണ്. എന്നിലെ ജന്‍മസിദ്ധമായ ഈ അന്തര്‍മുഖത്വം മുറിച്ചുമാറ്റാന്‍ പറ്റാത്ത ശീലമായി വളര്‍ന്നു വലുതായിരിക്കുന്നു. എന്റെ ഹൃദയത്തില്‍ നിന്നും അഗ്നിശുദ്ധി കഴിഞ്ഞ് പുറത്തുവരുന്ന വാക്കുകളാണ് ഇപ്പറഞ്ഞവയെല്ലാം. നിങ്ങളിതേറ്റു വാങ്ങണം. എന്നെ മനസ്സിലാക്കണം. എന്നോട് പൊറുക്കണം.
മൂലധന തത്വങ്ങളോ മാനിഫെസ്റ്റോ വചനങ്ങളോ മനഃപ്പാഠമാക്കിയല്ല 1963ല്‍ ഞാനീ നഗരത്തില്‍ എത്തിച്ചേരുന്നത്. ഏജീസ് ഓഫിസിലെ അന്നത്തെ പ്രക്ഷുബ്ധ സാഹചര്യങ്ങള്‍ ഉയര്‍ത്തിവിട്ട ചിന്താഗതികള്‍,ബാല്യകൗമാരങ്ങളില്‍  ചാരംമൂടിക്കിടക്കുന്ന  അസമത്വങ്ങളുടെ കനല്‍പ്പൊട്ടുകളെ ആളിക്കത്തിച്ചു. വിശന്നുപൊരിയുന്നവരും വിയര്‍പ്പൊഴുക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കൃതരും എന്റെ രചനാ ഭൂമികയില്‍ ഇടംതേടിത്തുടങ്ങിയത് ആ കലുഷിതകാലഘട്ടത്തിലാണ്.
    അവകാശപോരാട്ടങ്ങളില്‍ പൊരുതി വീണവരേയും പരിക്ക് പറ്റിയവരേയും ഒന്നടങ്കം സംരക്ഷിച്ചു നിര്‍ത്തിയ അഭിമാനര്‍ഹമായ ചരിത്രമാണ് ഏജീസ് ഓഫീസിലെ എന്റെ സംഘടനക്കുള്ളത്. അതുവഴി തൊഴിലാളിവര്‍ഗ സമരചരിത്രത്തിന്റെ പ്രഥമഖണ്ഡികയില്‍ തന്നെ നമ്മുടെ സംഘടനയുടെ നാമധേയം തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ആ മൂല്യബോധത്തിന്റെ തുടര്‍ച്ചാണ് ഈ വേദിയും ഈ സദസ്സും ഈ സായാഹ്നവും. സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ട് മൂന്നു പതിറ്റാണ്ടുകള്‍ കടന്നുപോയിട്ടും അതിവിപുലമായ ഒരു സുഹൃദ്‌സംഘം എന്റെ കുടുംബത്തിന് ചുറ്റും സുരക്ഷിതത്വത്തിന്റെ ഉരുക്കുകോട്ട പണിതുയര്‍ത്തിയിരിക്കുന്നു. അതില്‍പ്പെട്ടവരാരും തന്നെ നന്ദിവാക്കുകള്‍ക്കോ കടപ്പാടുകള്‍ക്കോ വേണ്ടി കാത്തുനില്‍ക്കുന്നവരല്ല. സാഹിത്യകാരന്‍മാരായ സുഹൃത്തുക്കള്‍ എന്റെ പട്ടികയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ എന്ന വസ്തുതയും എവര്‍ക്കുമറിയാം.
എന്തുകൊണ്ട് എഴുത്ത് നിര്‍ത്തി എന്ന ചോദ്യം എനിക്ക് ചുറ്റും ഉയരുന്നുണ്ട്. ഈ ജീവിതത്തില്‍ എഴുതാനുള്ളതെല്ലാം എഴുതിത്തീര്‍ന്നുവെന്നും ഇനിയും തുനിഞ്ഞാല്‍ എല്ലാം തനിയാവര്‍ത്തനങ്ങളായിത്തീരുമെന്നും മറ്റും അര്‍ത്ഥം വരുന്ന അതിശക്തവും നിരന്തരവുമായ ഉള്‍വിളിമൂലമാണ് എനിക്ക് എഴുത്തവസാനിപ്പിക്കേണ്ടി വന്നത്. ചക്കുകാളയുടെ ദുര്‍വിധി കലാകാരന്‍ ഏറ്റുവാങ്ങരുതല്ലോ. ഒരെഴുത്തുകാരന്റെ സര്‍ഗജീവിതത്തില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷാത്മകതയുടെ പ്രശ്‌നങ്ങള്‍ മറ്റാര്‍ക്കെങ്കിലും പങ്കുവെയ്ക്കാനോ പരിഹരിക്കാനോ കഴിയുന്നതല്ലതാനും.
ചിന്തയിലാവട്ടേ പ്രവൃത്തിയിലാവട്ടേ ഒന്നിനോടൊപ്പവും ഓടിയെത്താന്‍ ഇന്നെനിക്ക് കഴിയുന്നുല്ല. 'പര്‍വ്വതങ്ങളെ നീക്കം ചെയ്യാ'മെന്നു വ്യാമോഹിച്ച വയോധികന്റെ വൈയക്തികമായ നിസ്സഹായവസ്ഥ കൊണ്ടാവാം അത്.
കത്തുന്ന പ്രായത്തില്‍,കൂട്ടായ്മക്കരുത്തില്‍ ശരിയെന്നു തോന്നിയ പലതും ചെയ്യാന്‍ ശ്രമിച്ചു. അക്കാലത്തെ കാഴ്ചച്ചില്ലുകള്‍ നല്‍കിയ വ്യക്തത ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. അപരാഹ്ന ജീവിതത്തിലെ കണക്കെടുപ്പില്‍ ദൃശ്യങ്ങള്‍ മങ്ങുകയും മാഞ്ഞുപോകുകയും ചെയ്യുന്നു. ഇമകളടച്ചു തുറക്കും മുമ്പെ അപ്രത്യക്ഷമാകുന്ന മൂല്യങ്ങള്‍.  മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ മായോപജീവികള്‍. ധനാധിപത്യത്തിന്റെ വര്‍ണപ്പൊലിമയില്‍ ആടിത്തിമിര്‍ക്കുന്ന സൈദ്ധാന്തിക തെയ്യങ്ങള്‍. ഒരു റൊമാന്റിക് റെവലൂഷണറിയുടെ സ്വപ്‌നജല്‍പനങ്ങളായി ഈ വാക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടേക്കാം. പോര്‍ക്കളത്തില്‍ കീഴടങ്ങുന്ന പോരളികളുണ്ട്,ഒളിച്ചോടുന്നവരുണ്ട്,വീരമൃത്യു പ്രാപിക്കുന്നവരുമുണ്ട്. ഇവരില്‍ എനിക്കിണങ്ങുന്ന വേഷം ആരുടേതാണ്? എനിക്കറിഞ്ഞുകൂടാ.
യൗവ്വാനാരംഭത്തില്‍ത്തന്നെ ദൈവസങ്കല്‍പങ്ങളില്‍ നിന്നും കുതറിയോടിപ്പോയതിനാല്‍,ആത്മീയതയുടെ തണല്‍ തേടിയുള്ള യാത്ര തികച്ചും അചിന്തനീയം. ഏകാന്തത നല്‍കുന്ന സാന്ത്വനം എനിക്കിപ്പോള്‍ അനിര്‍വചനീയമായ ആത്മസുഖം നല്‍കുന്നു. ഈയവസ്ഥയിലും പൊതുതുന്ന ജനതയുടെ പോര്‍വിളികളും ചിതറിത്തെറിക്കുന്ന മൃതശരീരങ്ങളും പട്ടിണിക്കോലങ്ങളുടെ പലായന കാഴ്ചകളും എന്നെ അസ്വസ്ഥനാക്കുന്നു.
പ്രിയപ്പെട്ടവരേ,
 സ്ഥിതിസമത്വ ചിന്തകള്‍ കാലഹരണപ്പെട്ടു എന്നുച്ചരിക്കാന്‍ എനിക്കാവില്ല. സിദ്ധാന്തങ്ങള്‍ എപ്പോഴും വിജയിക്കുന്നു. പ്രയോഗം പലപ്പോഴും പരാജയപ്പെടുന്നു. എന്നിട്ടും സമത്വ സുന്ദരമായ ഒരു നവലോകസങ്കല്‍പം എന്റെ മനസ്സില്‍ രക്തനക്ഷത്രമായി ഇന്നും നിലകൊള്ളുന്നു.

അഭിവാദ്യങ്ങളോടെ,  
    എം സുകുമാരന്‍.

Wednesday, 11 April 2018

ഒരു പെരുന്നാൾ പേക്കിനാവ്

കഥ /   ടി വി എം  അലി
............................................

അല്ലാഹു അക്ബറല്ലാഹ്... അക്ബർ...
പള്ളിയിൽ നിന്ന് തക്ബീർ ധ്വനികൾ മുഴങ്ങാൻ തുടങ്ങി.
നാളെ പെരുന്നാളാണ്.
ഞങ്ങൾ ആഹ്ലാദത്തോടെ ആകാശത്തേക്ക് നോക്കി നിന്നു.
നേർത്ത ചന്ദ്രക്കല മിനുങ്ങുന്നതു കണ്ടു.
ഞങ്ങൾ തുള്ളിച്ചാടി ഗ്രാമത്തിലെങ്ങും ചുറ്റി നടന്നു.
വഴിയിൽ കണ്ടവരോടെല്ലാം പെരുന്നാൾ ആശംസകൾ അറിയിച്ച് കെട്ടിപ്പിടിച്ചു.
അങ്ങിനെ വരുന്ന വഴിക്ക് കുട്ട്യാലിയുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ ഞങ്ങൾ പെട്ടെന്ന് നിന്നു.
കുട്ട്യാലി ഞങ്ങൾക്കെല്ലാം വളരെ വേണ്ടപ്പെട്ടവനാണ്.
അയാൾ ഞങ്ങളുടെ ഗ്രാമത്തിലെ തപാൽ ശിപായിയാണ്.
വേനൽച്ചൂടിലുരുകുന്ന ടാറിട്ട റോഡിലൂടെ,
വിഷ സർപ്പങ്ങൾ ഇണചേരുന്ന ഇടവഴികളിലൂടെ,
വിജനത വേരോടിയ നിരത്തിലൂടെ
ഇവിടെ എവിടെ നോക്കിയാലും കുട്ട്യാലിയെ കാണാൻ കഴിയും.
തൊടുത്തുവിട്ട 'ഇൻസാറ്റിനെ'പ്പോലെ
കുട്ട്യാലി നാട്ടിലൂടെ നെട്ടോട്ടമോടും.
തപാലുരുപ്പടികൾ നൊടിയിടയിൽ വിതരണം നടത്തും.
വളരെ ആത്മാർത്ഥതയോടെയാണ് അയാൾ ജോലി ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയാം.
കുട്ട്യാലി തന്റെ ചെറ്റപ്പുരക്കു മുമ്പിൽ വളരെ ദു:ഖിതനായി നിൽക്കുന്നതു കണ്ടു.
എന്നിട്ടും അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടാനോ വിഷമാവസ്ഥ ആരായാനോ ഞങ്ങൾ ഇഷ്ടപ്പെട്ടില്ല.
ഒരു മരത്തിന്റെ മറവിൽ പതുങ്ങി നിന്ന് ഒളിഞ്ഞു നോക്കാനാണ് ഞങ്ങൾക്ക് തോന്നിയത്.
ഞങ്ങളുടെ പ്രധാന വിനോദവും അതായിരുന്നു.
കുട്ട്യാലിയുടെ പുരക്കകത്തു നിന്ന് കുട്ടികൾ തക്ബീർ ഏറ്റുചൊല്ലുന്നതു കേട്ടു .
ആ ദീനരോദനം ഞങ്ങൾക്കസഹ്യമായിരുന്നു.
എന്നിട്ടും അവിടം വിട്ടു നീങ്ങാൻ തരിമ്പും ഞങ്ങൾ ആഗ്രഹിച്ചില്ല.
പൊടുന്നനെ കുട്ട്യാലി വീട്ടിനുള്ളിലേക്ക് പാഞ്ഞു ചെല്ലുന്നതു കണ്ടു.
ആ പ്രവൃത്തി കണ്ട് ഞങ്ങൾക്ക് ചിരി പൊട്ടി. അകത്തുനിന്ന് കുട്ട്യാലിയുടെ അമറലാണ് പിന്നീട് കേട്ടത്.
 - പഹേരെ മുണ്ടാണ്ടെ ഒറങ്ങിക്കോളിം... അതാ നല്ലത്... ങ്ആ...
കുട്ട്യാലിയുടെ അരിശത്തിൽ കുട്ടികളുടെ മന്ത്രധ്വനികൾ അലിഞ്ഞു.
അയാൾ വിജയ ഭാവത്തിൽ മുറ്റത്തേക്ക് ഇറങ്ങി വരുന്നതു കണ്ടു.
അയാളുടെ പിറകെ അകത്തുനിന്ന് തേങ്ങലുയർന്നു കേട്ടു .
അയാളത് തീരെ വകവെക്കുന്നില്ലെന്ന് മുഖഭാവം കണ്ടാലറിയാം.
കുട്ട്യാലിയുടെ മുഖം വല്ലാതെ വെറുങ്ങലിച്ചതു പോലെയുണ്ട്.
എന്തിനാണ് കുട്ട്യാലി ഇത്രയും ക്രുദ്ധനാവുന്നത്?
ഞങ്ങൾ വീർപ്പടക്കി നോക്കിനിൽക്കെ കുട്ട്യാലി മുറ്റത്ത് മലർന്നു കിടന്നു.
ഈ നനഞ്ഞ മണ്ണിൽ ആരെങ്കിലും ഇങ്ങിനെ കിടക്കാൻ ഒരുമ്പെടുമോ?
ഞങ്ങൾ മൂക്കത്ത് വിരൽ കയറ്റി വെച്ച്
അതിശയം കൂറി!
അകത്തു നിന്ന് വാർന്നു വീഴുന്ന ചിമ്മിനി നാളത്തിൽ കുട്ട്യാലിയുടെ മുഖം വളരെ വ്യക്തമായി കാണാമായിരുന്നു.
അവന്റെ കണ്ണുകളിൽ ചിമ്മിനി
കത്തുന്നുണ്ടായിരുന്നു.
അവന്റെ കവിളുകളിൽ കണ്ണീർ ചാലുകൾ തിളങ്ങുന്നുണ്ടായിരുന്നു.
അവൻ ഗാഢമായി എന്തോ ചിന്തിക്കുന്നതായി തോന്നി.
എന്തായിരിക്കും അവൻ ആലോചിക്കുന്നത്?
ഞങ്ങൾ അവന്റെ ഹൃദയത്തിനുള്ളിലേക്ക്
നുഴഞ്ഞു കയറാൻ ശ്രമിച്ചു.
കുട്ട്യാലിയുടെ ചിന്തയിൽ ചന്തമുള്ള ബീക്കുട്ടിയുടെ മുഖം ചേക്കേറുകയായിരുന്നു.
ബാല്യത്തിന്റെ മണൽപരപ്പിൽ തണലുതേടി കൈപിടിച്ചു നടന്നവരായിരുന്നു അവർ.
കൗമാരത്തിന്റെ കിളിവാതിലിൽ പതിനാലാം രാവിന്റെ തെളിച്ചം.
മനസ്സിനുള്ളിലെ പട്ടുറുമാലിൽ
പ്രണയത്തേനിന്റെ ഗന്ധം!
വിലാസം തെറ്റിയ കത്തിന്റെ കറക്കം പോലെ കുട്ട്യാലിയുടെ ചിന്തകൾ ...
ഒടുക്കം എന്താണുണ്ടായത്?
യഥാർത്ഥ മേൽവിലാസക്കാരന്
ഉരുപ്പടി കിട്ടിയില്ല!
അതെ, ബീക്കുട്ടിയെ ഒരു ദുബായിക്കാരൻ കെട്ടി.
പക്ഷേ പ്രശ്നം അവിടം കൊണ്ടവസാനിച്ചില്ല.
ആ ദുർവിധി നിരന്തരം അവനെ വേട്ടയാടുകയായിരുന്നു.
ബീക്കുട്ടിയുടെ കത്തുകൾ എത്തിക്കുന്നത് കുട്ട്യാലിയാണ്.
അത്തറിൽ മുങ്ങിയ കത്തിന്റെ ഗന്ധം അവനെ വീർപ്പുമുട്ടിച്ചു.
എന്നിട്ടും ബീക്കുട്ടിക്കുള്ള കത്തുകൾ കുട്ട്യാലി കീറിക്കളഞ്ഞില്ല.
മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്ന ചില നല്ല ഗുണങ്ങൾ അവനുണ്ടായിരുന്നു.
അതു കൊണ്ടാണല്ലൊ ഞങ്ങൾക്കെല്ലാം
അവനെ ഇഷ്ടമായത് !
പതിവുപോലെ ഇന്നും ബീക്കുട്ടിക്ക് കത്തുണ്ടായിരുന്നു.
തപാൽബാഗ് വരുന്ന നേരത്ത് ഞങ്ങൾ തപാലാഫീസിൽ ചെല്ലാറുണ്ട്.
ബീക്കുട്ടിക്കുള്ള കത്ത് കണ്ടാൽ ക്ഷണത്തിൽ തിരിച്ചറിയാൻ ഞങ്ങൾക്കാവുമായിരുന്നു.
വിയർത്തു നാറിയ ശരീരത്തോടെ കുട്ട്യാലി ചെല്ലുമ്പോൾ ബീക്കുട്ടി പെട്ടിപ്പാട്ട് കേട്ടു കിടക്കുകയായിരുന്നു.
കുട്ടാലിയെ കണ്ടതും ബീക്കുട്ടി പാട്ടിൽ നിന്നെണീറ്റു വന്നു.
യാതൊരു ഭാവപ്പകർച്ചയും കൂടാതെ അവൾ കത്തു വാങ്ങിയിട്ടു പറഞ്ഞു:
 - ഒന്ന് നിക്കിൻ ...
ബീക്കുട്ടി അകത്തു പോയി പൊടുന്നനെ തിരിച്ചു വന്നു:
 _ ഇത് വെച്ചോളിൻ... നാളെ പെരുന്നാളല്ലെ...
അവൾ അഞ്ചു രൂപ കുട്ട്യാലിയുടെ നേരെ നീട്ടുന്നതു കണ്ടു.
അപ്പോൾ അവന്റെ മുഖഭാവമൊന്ന് കാണേണ്ടതു തന്നെ!
അവന്റെ അടുത്ത പ്രതികരണമറിയാൻ ഞങ്ങൾ പഞ്ചേന്ദ്രിയങ്ങളും തുറന്നു വെച്ചു.
സർക്കാർ ജീവനക്കാരനായ കുട്ട്യാലിക്ക്
വെറും നൂറ്റിൽ ചില്വാനം രൂപയാണത്രെ ശമ്പളം !
ഇക്കാലത്ത് ആരെങ്കിലും അത് വിശ്വസിക്കുമോ?
പക്ഷേ സംഗതി തികച്ചും നേരായിരുന്നു.
ഇത്രയും നിസ്സാരമായ തുക കൊണ്ട് അവൻ എങ്ങിനെയാണ് കുടുംബം പുലർത്തുന്നത്?
ചിലപ്പോൾ ഞങ്ങൾ അതേപ്പറ്റിയെല്ലാം ആലോചിക്കാറുണ്ട്.
പക്ഷേ ഞങ്ങളാരും ഒരു ചീത്ത കീഴ് വഴക്കം സൃഷ്ടിക്കാൻ ഇന്നേവരെ മുതിർന്നിട്ടില്ല കെട്ടൊ.
ഇപ്പോൾ ബീക്കുട്ടി നീട്ടിയ ഭിക്ഷ കുട്ട്യാലി സ്വീകരിക്കുമോ?
ആ തുക ഒരു നേരത്തെ ആഹാരത്തിനു ഉപകരിക്കുമെന്നതിനാൽ അവനത് തള്ളിക്കളയാനാവുമോ?
സിനിമാ നോട്ടീസിൽ കണ്ടു തഴമ്പിച്ച ചോദ്യങ്ങളുടെ രൂപത്തിൽ കുറെ ശിഥില ചിന്തകൾ ഞങ്ങളിൽ പത്തിവിടർത്താൻ തുടങ്ങി.
പക്ഷേ ശേഷം ഭാഗങ്ങൾ കാണാൻ തിരശ്ശീല തേടേണ്ടി വന്നില്ല.
 - ബീക്കുട്ടി, എന്നോടിത് വേണോ?...
മഞ്ഞുകട്ടകൾ വെട്ടിപ്പൊളിക്കുന്നതു പോലെ ഒരു ശബ്ദം അവനിൽ നിന്ന് പുറത്തുചാടി.
എന്നിട്ട് ഒറ്റ നടത്തം.
ആ പോക്ക് ഒന്നു കാണേണ്ടതായിരുന്നു.
ഞങ്ങളിൽപ്പെട്ട ചിലർ ആ കാഴ്ച കണ്ട് വിസ്മയം കൊള്ളുകയും ഊറിയൂറി ചിരിക്കുകയും ചെയ്തു.
കുട്ട്യാലി തേങ്ങലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
ആ ദുർബ്ബലന്റെ മനസ്സ് ഇപ്പോൾ മറ്റൊരു ദുരവസ്ഥയിലേക്ക് നീങ്ങുകയാണ്.
ഞങ്ങൾ അതീവ താൽപ്പര്യത്തോടെ മിഴികളെറിഞ്ഞു നിൽക്കുകയാണ്.

രംഗം - രണ്ട് .
തിരശ്ശീല കറുത്തു നിൽക്കുന്നു.
അന്തരീക്ഷത്തിൽ തക്ബീർ ധ്വനികൾ ഉച്ചസ്ഥായിലാണ്.
മൺശയ്യ വിട്ടെണീറ്റ കുട്ട്യാലി അരവിന്ദന്റെ സിനിമയിലെ നായകനെപ്പോലെ ഉലാത്തുകയാണ്.
വാതിൽ പഴുതിലൂടെ ചിമ്മിനി നാളം വാർന്നു വീഴുന്നു.
തറയിലത് ഒരു നീണ്ട വാളുപോലെ കിടക്കുന്നു.
പൊടുന്നനെ അരങ്ങത്തേക്ക് കുട്ട്യാലിയുടെ ആത്മസുഹൃത്തായ അപ്പുണ്ണി ഓടി എത്തുന്നു:
- കുട്ട്യാലി ന്റെ അമ്മ ആശുപത്രീന്ന് മരിച്ചു...
ഒരു ആർത്തനാദത്തോടെ അപ്പുണ്ണി കുട്ട്യാലിയുടെ നെഞ്ചോട് ചേർന്നു.
ഞെട്ടലിൽ നിന്ന് പിടഞ്ഞെണീറ്റ കുട്ട്യാലി ചോദിച്ചു:
 - എപ്പൊ?
- ഇപ്പൊ കുറച്ചു നേരായി ...
- നടക്ക് ... ഞാനും ണ്ട്..
നടക്കാൻ ഒരുങ്ങിയ കുട്ട്യാലിയെ അപ്പുണ്ണി തടഞ്ഞു നിർത്തുന്നതു കണ്ടു.
പിന്നീട് അപ്പുണ്ണി പുലമ്പാൻ തുടങ്ങി:
 - ശവമടക്കാൻ പത്ത് കാശില്ലാ കുട്ട്യാലി ... നിന്റടുത്തും ഉണ്ടാവില്ലാന്നറിയാം... എന്നാലും നീ വിചാരിച്ചാൽ കിട്ടും...
നിയ്യ് ഒരുപകാരം ചെയ്യടാ...
ഞാനത് എങ്ങനെ പറയും നെന്നോട്?
ഹെന്റിശ്വരാ... അയ്യോ... എന്നോട് പൊറുക്കടാ... ഹെന്റെ വെഷമം നെന്നോടല്ലാതെ ഞാനാരോട് പറയും?
എന്റമ്മക്ക് വന്ന പെൻഷൻ പണം... നീ .... മനസ്സുവെച്ചാൽ... കുട്ട്യാലി എന്നോട് ക്ഷമിക്കെടാ..
 _ അപ്പൂ...
ഒരു വെളിപാടിലെന്നോണം കുട്ട്യാലി അലറുന്നതു കേട്ട് ഞങ്ങൾ ഞെട്ടി.
ഞെട്ടലടങ്ങിയപ്പോൾ വീണ്ടും ഞങ്ങൾ ആകാംക്ഷാഭരിതരായി.
ഞങ്ങളുടെ കാലുകളിൽ ഉറുമ്പരിക്കാൻ തുടങ്ങിയിരുന്നു.
എന്നിട്ടും അനങ്ങാതെ നിന്നു!
അപ്പുണ്ണി പിന്നെയും പുലമ്പാൻ തുടങ്ങി.
ദൂരെ മലമുകളിൽ നിന്ന് മഴ പെയ്തു വരുന്നതു പോലെ അവന്റെ പുലമ്പൽ ഞങ്ങൾ കേട്ടു :
 - നോക്കടാ... എന്റമ്മേടെ പ്രാണനേ പോയിട്ടുള്ളൂ.... വെരല് പോയിട്ടില്ലാ...
കുട്ട്യാലി അസ്ത പ്രജ്ഞനായി നിന്നു.
അവന്റെ കണ്ണുകളിൽ പ്രാണൻ തുടിക്കുന്ന ഒരു പെരുവിരൽ വളർന്നു വലുതാവുന്നതും ഭീമാകാരം പൂണ്ട് ആകാശത്തോളം മുട്ടി നിൽക്കുന്നതും ഞങ്ങൾ സങ്കല്പിച്ചു.
ഉദ്വേഗജനകമായ വളർച്ചയിലേക്ക് ഞങ്ങൾ ഉറ്റുനോക്കി മുഷിഞ്ഞു നിന്നു.
 - അപ്പു... നമുക്ക് ആരോടെങ്കിലും ചോദിക്കാം .. നടക്ക് ...
കുട്ട്യാലി അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പെട്ടെന്ന് അപ്പുണ്ണി അലറുന്നതു കേട്ടു:
- ഈ നാട്ടില് നേരെ ചോദിച്ചാൽ ഒരുത്തനും തരില്ലടാ ... ശവംതീനികള്...
ആ പ്രസ്ഥാവം ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.
കുട്ട്യാലി അത് നിഷേധിച്ചില്ല.
എന്തൊക്കെയായാലും ചത്തു കിടക്കുന്ന ആൾക്ക് എങ്ങിനെ പെൻഷൻ പണം കൊടുക്കും?
അവനതിന് മുതിരുമോ?
അപ്പുണ്ണിക്ക് വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന കുട്ട്യാലി സാഹസത്തിന് തയ്യാറാവുമോ?
തന്റെ ഭാവി അപകടപ്പെടുത്താൻ കുട്ട്യാലി ശ്രമിക്കുമോ?
ഇത്തരം ചിന്തകൾ ഞങ്ങൾക്കുള്ളിൽ അളിഞ്ഞു നാറാൻ തുടങ്ങി.
- നാശം!
ഈ വക ദാരിദ്ര്യവാസികളൊക്കെ ഞങ്ങടെ കൺവെട്ടത്തു തന്നെ പിറന്നല്ലൊ... സ്വൈരം കെടുത്താൻ...
 - അപ്പൂ... നീ എന്റെ കാര്യം ഒന്നോർത്ത് നോക്ക്...
കുട്ട്യാലി ധർമ്മസങ്കടത്തിന്റെ പാരമ്യത്തിലെത്തി.
- നോക്ക്... കുട്ട്യാലി നീ വെഷമിക്കേണ്ട...
പാതി പണം നീ എടുത്തോ...
നാളെ പെരുന്നാളല്ലേ?
ഇതു കൂടി കേട്ടതോടെ കുട്ട്യാലി കിടുകിടെ ഞെട്ടി.
ഞങ്ങളും...!
അപ്പുണ്ണി കൈക്കൂലി വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങളാരും കരുതിയതല്ല. ബീക്കുട്ടിയും അപ്പുണ്ണിയും ഒരേ വേഷം കെട്ടി ആടുകയാണ്.
ഇരുവരും രൗദ്ര നടനമാടി തിമിർക്കുകയാണ്.
കുട്ട്യാലി ഭയപ്പാടോടെ പിറകോട്ടു നീങ്ങുന്നതു കണ്ടു.
അവൻ അലറിക്കരയാൻ തുടങ്ങി.
പൊടുന്നനെ പൂഴിമണൽ മേല്പോട്ട് പുക പോലെ പൊങ്ങി.
കാറ്റ് ഊറ്റം കൊള്ളുന്നതറിഞ്ഞു.
തക്ബീർ നാദം മുറവിളിയായും അട്ടഹാസമായും രൂപാന്തരപ്പെട്ടു.
ഇതിന് നടുവിൽപ്പെട്ട് കുട്ട്യാലി ഒടിഞ്ഞു നുറുങ്ങുന്നതു കണ്ടു.
അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം ഞങ്ങളെ നടുക്കി.
പിന്നെ ചോര വാർന്നു പുഴ ഒഴുകുന്നതു കണ്ടു.
ഒടുവിൽ ഒരു പുഴു ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.
ആഹാ!
അത് കുട്ട്യാലിയാണെന്ന് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ വിസ്മയം കൊണ്ടു.
പിന്നെ അത് സത്യമാണ് എന്നറിഞ്ഞപ്പോൾ ഞങ്ങൾ ആർത്തു ചിരിച്ചു തുള്ളിച്ചാടി.

( 1986 ജനവരി 5-12 ദേശാഭിമാനി വാരികയിൽ പ്രസിദ്ധപ്പെടുത്തിയത്)

Thursday, 5 April 2018

ശുനകരക്ഷകൻ

കഥ/ ടി വി എം അലി
..................................


ചൈത്രമാസത്തിലെ ഒരു വിചിത്രദിനം.
ആകാശം കൂടുതൽ വെളുക്കുകയും നക്ഷത്രമുണരുകയും ചെയ്ത പുലരിയിൽ ഒരു മനുഷ്യൻ സാരമേയങ്ങൾക്ക് നാഥനായി, ശുനകന്നൂർ ഗ്രാമത്തിന്റെ രക്ഷകനായി അവതരിച്ചു.
ഒറ്റ നോട്ടത്തിൽ ചെറുപ്പക്കാരനാണെങ്കിലും ആ പ്രായത്തിന്റെ ദൗർബല്യങ്ങളൊന്നും അയാൾക്കില്ലായിരുന്നു.
അലഞ്ഞു തിരിയുന്ന നായ്ക്കളിൽ ഒരുവൻ എന്ന പോലെയാണ് അയാൾ ബാല്യകാലം താണ്ടിയത്.
ഭൂഗോളം വിഴുങ്ങാനുള്ള ആർത്തിയോടെ, നാവു നീട്ടിപ്പാഞ്ഞ ചാവാളി പട്ടികൾക്ക് വേദ ചഷകം കലക്കിക്കൊടുത്ത്, ആത്മഹത്യയിൽ നിന്ന് അവറ്റകളെ പിന്തിരിപ്പിച്ചത് അയാളായിരുന്നു.
മനുഷ്യർ ദാനമായി നീട്ടുന്ന എച്ചിലുകൾ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും, അവരുടെ നൂലുപോലെ നേർത്തതോ, ലോഹദണ്ഡു പോലെ തടിച്ചതോ ആയ നാറുന്ന മലവിസർജ്യം ഒരിക്കലും ഭക്ഷിക്കരുതെന്നും, നടുറോഡിൽ ഇന്റർലോക്കിടരുതെന്നും അയാൾ ഉപദേശിച്ചു.
മേല്പടി തത്വസംഹിതകളsങ്ങുന്ന വാചാലത വിളമ്പിക്കൊണ്ട് അയാൾ ശുനകന്നൂരിലൂടെ നടന്നു.
കയ്യിൽ ഒരു മെലിഞ്ഞ ശൂലവും കരുതിയിരുന്നു.
വയറൊട്ടി, എല്ലുന്തി, നാവു നീട്ടി അലഞ്ഞിരുന്ന അനേകം ശ്വാന പുത്രർ രക്ഷകന്റെ മാർഗ്ഗം കൈക്കൊള്ളുകയും ശുനകശാലയിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു.
ഒരു പറ്റം നായ്ക്കളുടെ സ്വാതന്ത്ര്യദാഹം പോലെ തൊണ്ട വരണ്ട കാലം ചങ്ങല കിലുക്കി പാഞ്ഞു.
അതിനിടെ ഒരത്യാഹിതം നടന്നു.
ആ സംഭവം നടന്നത് ശുനകശാലക്കപ്പുറത്ത് പട്ടിമേട്ടിലാണ്.
പ്രണയബദ്ധരായ ഒരു ജോടി നായ്ക്കൾ മൃഗീയമായി ആക്രമിക്കപ്പെട്ടു.
വിവരമറിഞ്ഞ് അയാൾ അങ്ങോട്ടു കുതിച്ചു.
ശുനകന്നൂർ ഗ്രാമത്തിലെ ചുറ്റുമതിലക തറവാട്ടിലെ തമ്പ്രാക്കന്മാരുടെ കാവൽ മാലാഖമാരാണ് ആക്രമിക്കപ്പെട്ടത്.
കാരിരുമ്പിന്റെ കൊളുത്തു ചങ്ങല പൊട്ടിച്ച് കമിതാക്കൾ പൊതുനിരത്തിൽ ഇറങ്ങിയതായിരുന്നു.
പരസ്പരം മണം നുണഞ്ഞ കമിതാക്കൾക്ക് സിരകളിൽ നുര പൊന്തി. തങ്കരോമരാജികൾ ഉണർന്നു.
ഒരു യുഗദൈർഘ്യകാലം ബന്ധനത്തിലമർന്ന് പുളകം കൊള്ളാൻ കമിതാക്കൾ കൊതിപൂണ്ടു നിന്നു.
പൊതുവഴിയിൽ സംസ്ക്കാര ശൂന്യരായി പെരുമാറിയ നാൽക്കാലികളുടെ പ്രവൃത്തിയിൽ അരിശം പൂണ്ട ഒരു പറ്റം കന്നാലി പിള്ളേരാണ് കല്ലെറിഞ്ഞ് സദാചാരം കാത്തത്.
ശ്വാന ദമ്പതികളുടെ കൈകാൽ ഒടിഞ്ഞു. വേദന കൊണ്ടവർ വലിയ വായിൽ കരഞ്ഞു.
രക്ഷകൻ കണ്ണീർ വാർത്ത് അനങ്ങാതെ നിന്നു. നരാധമന്മാർക്കെതിരെ രോഷം കൊണ്ടു. ഇണപ്പട്ടികളെ ശുനകശാലയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രക്ഷകൻ പുൽമെത്തയിൽ കിടന്നു.
നായ്ക്കളുടെ കാര്യമോർത്ത് നെടുവീർപ്പിട്ടു. നന്ദിയുള്ള വർഗ്ഗത്തിന്റെ മോചനമായിരുന്നു ലക്ഷ്യം.
സാരമേയ കൂട്ടങ്ങൾ ഉച്ചത്തിൽ ഓരിയിട്ടു .
കരിംഭൂത രാവുകൾ പറന്നു.
കിഴക്ക് ചോരക്കണ്ണ് തുറന്നു.
ശ്വാന പുത്രർ രക്ഷകന്റെ ചുറ്റും നിന്ന് വാലാട്ടി വെഞ്ചാമരം തീർത്തു.
പാദാദികേശം മണത്തു.
ചിലർ സ്നേഹാദരം കൊണ്ടു നക്കിക്കൊണ്ടിരുന്നു.
നായ്ക്കളുടെ തുപ്പൽ പ്രളയത്തിൽ രക്ഷകൻ മുങ്ങിക്കുളിച്ചു.
പിന്നെ സ്തുതിഗീതങ്ങൾ നീട്ടിപ്പാടി നായ്ക്കൾ ഓരിയിട്ടു .
രക്ഷകന്റെ മനം കുളിർത്തു.
അയാൾ ഉറച്ച തീരുമാനമെടുത്തു.
സിരകളിൽ ചോര കുരച്ചു.
അയാൾ തന്റെ ശ്വാന സേനാ ഭടന്മാരെ കൈ ഞൊടിച്ചു വിളിച്ചു.
യുദ്ധ സന്നദ്ധരായ സാരമേയങ്ങൾ ചെവി കൂർപ്പിച്ച് രണ്ടു കാലിൽ കുന്തിച്ചിരുന്നു.
പൊടുന്നനെ അയാൾ സൈനിക മേധാവിയെ പോലെ ചാടിയെണീറ്റ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും നായ്ക്കൾക്കറിയാവുന്ന ഭാഷയിൽ എന്തോ മന്ത്രിക്കുകയും ചെയ്തു.
ഗ്രാമ നാഭിയിൽ നിന്ന് കറുത്ത ചേല ഊർന്നു വീഴും മുമ്പ് ആ സംഭവം നടന്നു.
അരക്കില്ലങ്ങളിൽ അരക്കെട്ടൊട്ടിച്ച് ഗാഢനിദ്രപൂണ്ടവർ ഇതൊന്നുമറിഞ്ഞില്ല.
ഗ്രാമത്തിലെ തമ്പ്രാക്കളുടെ തറവാടുകളിൽ അടിമകളായിക്കഴിഞ്ഞിരുന്ന നായ്ക്കൾ മോചിപ്പിക്കപ്പെട്ടിരിക്കുന്നു.
എന്തൊരത്ഭുതം!
ഒരിറ്റു നിണം വീഴാതെ മണ്ണു ചുവന്നു.
ഗ്രാമം പുളകം കൊണ്ടു.
പക്ഷേ, ചരിത്രം കണ്ണടച്ചു.
അടിമ നായ്ക്കൾ രക്ഷകന്റെ മാർഗ്ഗം കൈക്കൊള്ളുകയും സത്യവാചകം കുരക്കുകയും ചെയ്തതോടെ
പട്ടിപ്പന്തലിൽ ശുനകോത്സവം അരങ്ങേറി.
പുലർന്ന് ഏറെ നേരം കഴിഞ്ഞ ശേഷമാണ് തമ്പ്രാക്കൾ പൊട്ടിയ ചങ്ങല കണി കണ്ടത്. തങ്ങളുടെ ജീവനും സ്വത്തും കാത്തു സൂക്ഷിച്ചിരുന്ന കാവൽ മാലാഖമാരുടെ തിരോധാനത്തിനു പിന്നിൽ പട്ടിക്കോന്തനായ രക്ഷകന്റെ കൈകളുണ്ടെന്ന് അവർക്കുറപ്പുണ്ടായിരുന്നു.
എന്തൊക്കെയായാലും ഇവിടത്തെ തീട്ടം തിന്നു വളർന്ന ചാവാളി പട്ടികൾ ഒന്നു കുരക്കുക പോലും ചെയ്യാതെ ഓടിപ്പോയതിൽ അവർ സങ്കടപ്പെട്ടു.
രക്തരഹിത വിപ്ലവമറിഞ്ഞ് ഓടിയെത്തിയ പത്രക്കാരോട് രക്ഷകൻ പറഞ്ഞു :
നായ്ക്കൾ ആരുടേയും അടിമയല്ല; ഗ്രാമത്തിന്റെ പൊതു സ്വത്താണ്.
കാവൽ മാലാഖമാരാണ്. ഓരോ ഗ്രാമീണനും അവരെ തീറ്റിപ്പോറ്റേണ്ടതുണ്ട്.
ഭോജ്യ സംഭരണിയിലേക്ക് എല്ലാവരും ധാന്യമണികളും മത്സ്യ മാംസാദികളും എത്തിക്കണം.
പത്രങ്ങളിൽ പട്ടിവാലിന്റെ വലുപ്പത്തിൽ പ്രസ്ഥാവന വെളിച്ചം കണ്ടു.
ചുറ്റുമതിലക തമ്പ്രാക്കൾ അരിശം മൂത്ത് പത്രങ്ങൾ ചീന്തിയെറിഞ്ഞു.
പോരിന് വീര്യം കൂട്ടുകയും ചെയ്തു.
പിറ്റേന്ന് തന്നെ തമ്പ്രാക്കൾ വിദേശത്തു നിന്ന് അൽസേഷ്യനേയും പൊമറേനിയനേയും ഇറക്കുമതി ചെയ്തു.
അവറ്റകൾക്ക് ഇറച്ചിയും മീനും പാലും മുട്ടയും കൊടുത്ത് മടിയിലിരുത്തി താലോലിച്ചു.
അതും പോരാഞ്ഞ് സഹശയന കൂട്ടാളിയാക്കുകയും ചെയ്തു.
ഇതോടെ രക്ഷകൻ വിയർത്തു.
ശുനകശാലയിലെ പട്ടികൾ ഇനി എന്തു ചെയ്യും?
ഈ തലതിരിഞ്ഞ ഇറക്കുമതി നയം ഗ്രാമത്തിന്റെ സമതുലിതാവസ്ഥയെ സാരമായി ബാധിക്കില്ലേ?
രക്ഷകൻ ചിന്തയിലാണ്ടു.
പട്ടിപ്പന്തലിലെ ഭോജ്യ സംഭരണിയിൽ ധാന്യമണികൾ വീഴാതായി.
പന്തിയിൽ കുന്തിച്ചിരുന്ന് നായ്ക്കൾക്കുണ്ണാൻ സ്വന്തം വിസർജ്യങ്ങളിൽ തല പൂഴ്ത്തേണ്ടി വന്നു.
വയറു പൊരിഞ്ഞ്, തൊണ്ട വരണ്ട്, നാവു നീട്ടി നായ്ക്കൾ രക്ഷകനെ കടിച്ചുകീറുമോ എന്ന ഭയം കലശലായി.
പൊടുന്നനെ രക്ഷകൻ ചാടിയെണീറ്റു.
ഉടനെ ശ്വാന സേനയെ വിളിച്ചു മുന്നിൽ നിർത്തി ഉഗ്രശാസനം പുറപ്പെടുവിച്ചു:
ഹും ... ഉടനെ തട്ടുവിൻ... അൽസേഷ്യനെ ... പൊമറേനിയനെ...
ഈ ശുനകന്നൂരിൽ നിന്ന് അവറ്റകളെ തുരത്തുവിൻ... വേഗമാവട്ടെ...
എന്നാൽ അരുതാത്തത് നടന്നു.
പരാജയത്തിന്റെ വിസർജ്യം ഭുജിച്ച് ശ്വാന സേന വാലുമടക്കി തിരിച്ചു വന്നു.
രക്ഷകൻ ഞെട്ടിവിറച്ചു.
വിറയലിൽ പനിയും കുളിരുമുണ്ടായി.
സമാധാനത്തിന്റെ സമാധിയിൽ സാരമേയങ്ങൾ അടയിരുന്നു.
ദിന പരിണാമങ്ങൾ കർക്കിടകത്തെ പെറ്റു.
ശുനകശാലക്ക് മീതെ കരിമേഘങ്ങൾ ഉരുണ്ടു കൂടി.
കാറ്റും മഴയും ഇടിയും മിന്നലും തിമിർത്തു.
വിശന്നുവലഞ്ഞ നായ്ക്കൾ പരസ്പരം കെട്ടിപ്പിടിച്ചുറങ്ങി.
ധാന്യ സംഭരണികളിൽ രക്ഷകന്റെ നെടുവീർപ്പുകൾ മാത്രം നിറഞ്ഞു.
തമ്പ്രാക്കളുടെ പിന്നിൽ ഇല്ലാത്ത വാലുകൾ നീണ്ടു.
കർക്കിടകം കഴിഞ്ഞിട്ടും പട്ടിണി അട്ടഹസിച്ചു.
പട്ടിപ്പന്തലിൽ തീ കെട്ടു .
പ്രത്യാശയുടെ വടവൃക്ഷങ്ങൾ കടപുഴകി വീണു.
കാലന്റെ കയറിൽ ഒരു പറ്റം നായ്ക്കളുടെ കഴുത്ത് കുരുങ്ങി .
വാർത്തയറിഞ്ഞ് തമ്പ്രാക്കൾ ആർത്തു ചിരിച്ചു.
അവർ അൽസേഷ്യന്റെ സ്വർണ്ണ രോമങ്ങളിൽ തടവി നിർവൃതി കൊണ്ടു.
ഒരു ദിവസം രക്ഷകൻ പട്ടി മേട്ടിലേക്ക് ശുഷ്കിച്ച ശൂലവും കുത്തി തീർത്ഥാടനത്തിനു പോയി.
ഈ തക്കം നോക്കി രണ്ടു വിദേശ നായ്ക്കൾ ശുനകശാലയിൽ എത്തി.
അവർ ആംഗലത്തിൽ മൃദുവായി മുരണ്ടു.
ചുളിഞ്ഞു മടങ്ങിയ ഉദരത്തിൽ തല പൂഴ്ത്തി കിടന്നിരുന്ന നാടൻനായ്ക്കൾ ഞെട്ടിയുണർന്നു.
അസ്തമയ കതിരുതിർത്തിട്ട മഞ്ഞവെയിലിൽ വിദേശികളുടെ പൊലിമ തിളങ്ങി.
എത്ര മനോഹരം!
നാടന്മാർ നാണിച്ചു തലതാഴ്ത്തി.
അതിഥികളുടെ വില കൂടിയ ഉടുപ്പു കണ്ട് നാടന്മാർ വാലുമടക്കി കൗപീന മുടുത്തു.
പിന്നീട് അവർ പരസ്പരം അഭിവാദ്യം ചെയ്തു കൊണ്ട് മുഖമുരസുകയും ഉടലാകെ മണത്ത് ആലിംഗനം കൊള്ളുകയും ചെയ്തു.
നേരം വളരെ ഇരുട്ടിയ ശേഷമാണ് രക്ഷകൻ വന്നത്.
അദ്ദേഹം ശുനകശാലയിൽ എത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരമറിഞ്ഞ് തളർന്നുവീണു.
ഒരായുഷ്ക്കാലത്തിന്റെ ദൗത്യം പരാജയപ്പെട്ടിരിക്കുന്നു.
പുതിയ പ്രതാപങ്ങളുടെ പഴയ ചങ്ങല തുണ്ടുകൾ തേടി പട്ടികൾ ഓടിപ്പോയിരിക്കുന്നു.
കൈകാൽ ഒടിഞ്ഞതും എല്ലും തോലുമായതുമായ ഏതാനും പട്ടികൾ മാത്രമാണ് ഇനിയുള്ളത്.
നന്ദി കേടെന്ന് പറഞ്ഞ് ആക്ഷേപിക്കാനാവില്ല.
അതിന് പ്രസക്തിയില്ല.
രക്ഷകൻ ആത്മഗതം കൊണ്ടു.
ഈ നായ്ക്കളോട് വേദമോതിയിട്ട് കാര്യമില്ല.
ഇടം വലം നോക്കാതെ അവർ വാലാട്ടിക്കൊണ്ടിരിക്കും.
സൗഭാഗ്യം തേടി ഓടിക്കൊണ്ടിരിക്കും.
അവരെ പിടിച്ചു നിർത്താനുള്ള തത്വശാസ്ത്രം പ്രയോഗത്തിലാക്കണമെങ്കിൽ മറ്റു പലതും ആവിഷ്ക്കരിക്കേണ്ടി വരും.
ഇനി അങ്ങിനെ വിലയിരുത്താം.
മനുഷ്യരോടൊപ്പം ദീർഘകാലം സഹവസിച്ചു ശീലിച്ച നായ്ക്കൾക്ക് അവരുടെ സംസ്ക്കാരം പകർന്നു കിട്ടിയിരിക്കുന്നു.
അത് നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു.
പിഴവ് പറ്റിപ്പോയി.
ഇനി തെറ്റുതിരുത്തണം.
ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നപ്പോഴേക്കും രക്ഷകൻ മൃതപ്രായനായിക്കഴിഞ്ഞിരുന്നു.

(1991 ൽ പുറത്തിറങ്ങിയ 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ നിന്ന്
 - ടി വി എം അലി )