Tuesday, 27 February 2018

ഞാൻ നീലാണ്ടൻ


ഞാൻ നീലാണ്ടൻ .
എനിക്ക് വേണ്ടി ഒരു രാത്രി നിങ്ങൾ മാറ്റി വെച്ചിട്ടുണ്ട് .
എന്നെ ഉറക്കി കിടത്തി നിങ്ങൾ
ഉണർന്നിരിക്കുന്ന ദിവസം.
മഹാ ശിവരാത്രി എന്നാണു നിങ്ങളീ ദിനത്തെ വിശേഷിപ്പിക്കുന്നത് .
അതി പ്രാചീനരുടെ കാലനാണ് ഞാൻ.    ആര്യ സമൂഹം എന്നെ രുദ്രനെന്നു വിളിച്ചു.
സൗന്ദര്യവും
ഭീകരതയും ഒന്നിച്ചു ചേർന്ന
ഒരു ജന്മം. അതുകൊണ്ട് വരദമൂർത്തിയായി.
അഞ്ചു കല്പങ്ങളിലൂടെ
കടന്നു പോന്നു. വ്യത്യസ്ത രൂപവും ഭാവവും കൈകൊണ്ടു .
ഒന്നാം കല്പത്തിൽ ഞാൻ വെള്ളക്കാരനായിരുന്നു.
രണ്ടാം കല്പത്തിൽ ചൊക ചൊകപ്പൻ സുന്ദരനായ വാമദേവൻ. മൂന്നാമൂഴത്തിലാവട്ടെ ബ്രഹ്മം നിറയുന്ന പീതാംബര
തല്പുരുഷൻ. നാലിലാവട്ടെ കറു കറു കറുത്ത കാലഹന്താവ് . അഞ്ചിൽ എത്തിയപ്പോൾ വിശ്വം നിറയുന്ന അഘോര
കല്പം. അങ്ങിനെ പഞ്ചമുഖനായി. പിന്നീട് എത്ര എത്ര പേരുകൾ. എല്ലാം ഒന്നിനൊന്നു കേമം. നടരാജനായും
കാല പുരുഷനായും ബവനായും ശരവനായും പശുപതിയായും കപാലിയായും വൃഷദേവനായും സുഖം നൽകുന്ന
ശംഭുവായും ബ്രാഹ്മണരുടെ ഈശനായും ഉഗ്രനായും ഹരനായും മൃഡനായും ശങ്കരനായും
അഷ്ടമൂർത്തിയായും
ദക്ഷിണാമൂർത്തിയായും അശനിയായും പ്രിയപ്പെട്ട മഹാദേവനായും നിങ്ങളീ നീലാണ്ടനെ ആരാധിച്ചു.
കയ്യിൽ കട്ടാരയും  തലയോടും കഴുത്തിൽ നാഗഹാരവും അരയിൽ പുലിത്തോലും മാറിൽ ആനത്തോലും
അകമ്പടിക്ക്‌ കുറുനരിയും കാട്ടു മൃഗവും കപാലം കൊണ്ട് ഇരന്നും നടന്നും ഹിമ സാനുക്കളിലൂടെ
അലഞ്ഞൊരു ജന്മം. അതിനിടയിൽ എന്തെല്ലാം പ്രശ്നങ്ങൾ. രതിയും മൃതിയും താണ്ടവമാടിയ
കല്പാന്തങ്ങൾ.
കോപവും താപവും വേട്ടയും രൌദ്രവും മാറി മറിഞ്ഞ നാളുകൾ. ദമരുവിൽ നിന്നുണ്ടായ
ഭാഷയും താളവും നിങ്ങൾ സ്വന്തമാക്കി. കുംഭ മാസത്തിലെ കറുത്ത പക്ഷ ചതുർദശി നാളിൽ എന്നെ ഉറക്കി
നിങ്ങൾ പാട്ടും കൂത്തുമായി രസിക്കുന്നു. ഞാനോ പ്രണയത്തിന്റെ കാളകൂട രസം ഭുജിച്ചു നീലാണ്ടനായി
ശക്തിയെ കാത്തിരിക്കുന്നു.

Monday, 19 February 2018

പേരും ദുഷ്പേരും

ഒടിയൻ പടിയും
പ്രാന്തൻപടിയും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു തീരുമാനമാണ് ഈ കുറിപ്പിനാധാരം.
സ്ഥലപ്പേരിലെ ദുഷ്പേര് നീക്കാൻ നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം ആഭ്യന്തര മന്ത്രാലയം അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു എന്നാണ് വാർത്ത.
ഇതനുസരിച്ച് രാജസ്ഥാനിലെ ചോർ ബസായ്
(കള്ളന്മാരുടെ പാർപ്പിടം) എന്ന സ്ഥലം ഇനി മുതൽ ബസായ് എന്നായി മാറും.
ഹരിയാനയിലെ ഗന്ത (അഴുക്ക്) ഗ്രാമം ഇനി മുതൽ
അജിത് നഗറായും അറിയപ്പെടും.
ബിഹാറിലെ നാച്നിയ (നൃത്തം ചെയ്തു ജീവിക്കുന്നവർ) എന്ന ഗ്രാമം കാശിപ്പുർ എന്നാകും. അതാത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിനെ സമീപിക്കേണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിവേദനം നൽകാം. അന്തിമ തീരുമാനം മന്ത്രാലയത്തിന്റേതാണ്.
ഇവിടെ നമ്മുടെ നാട്ടിലും ചില പേരുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. തൃത്താല പഞ്ചായത്തിലെ തോട്ടപ്പായ എന്ന സ്ഥലം ഒടിയൻ പടിയായതും ഞാങ്ങാട്ടിരി അമ്പലം സ്റ്റോപ്പിനെ പ്രാന്തൻ പടിയാക്കിയതും ചില വക്രബുദ്ധിക്കാരാണ്. ഒടിയൻ പടിയെന്നും പ്രാന്തൻ പടിയെന്നും കൂറ്റൻ ഫ്ലക്സിൽ എഴുതി വെക്കുന്നവരെ കാണുമ്പോൾ
തൊലി ഉരിയുന്ന വേദന തോന്നിയിട്ടുണ്ട്.
ഉത്സവകാലത്ത്
ആയിരങ്ങൾ ചെലവിട്ടാണ് ചിലർ ദുഷ്പേര് നെഞ്ചേറ്റാൻ തുനിഞ്ഞിറങ്ങുന്നത്.
സ്വന്തം നാടിന്റെ സൽപ്പേര് മാനക്കേടുണ്ടാക്കുന്ന വിധം മാറ്റിമറിക്കാൻ
കാണിക്കുന്ന ഉത്സാഹം
ലജ്ജാകരമെന്നേ പറയേണ്ടൂ.
ഇനിയും ഇത്തരം മാനക്കേടുകൾ പേറുന്ന ഗ്രാമങ്ങൾ കേരളത്തിലുണ്ട്.
ഗാന്ധിനഗറിനെ ചെഗുവേര നഗർ എന്നാക്കാൻ ചിലർ ഒരുങ്ങിയപ്പോൾ ശിവജി നഗർ എന്നാക്കാൻ വേറെ ചിലർ രംഗത്തെത്തിയതും ക്രമസമാധാന പ്രശ്നമായി മാറിയതും മറ്റും നേരത്തെ
വാർത്തയായതാണല്ലൊ.
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാവാം.
ഒരു പേരിൽ എന്തെല്ലാം ഉണ്ടാവണം എന്നാണ് ചിന്തിക്കേണ്ടത്. കേരളമെന്ന് കേട്ടാൽ എന്ന് കവി പാടിയതോർക്കുക.
ഓരോ ഗ്രാമ നാമവും അന്ത: രംഗത്തെ അഭിമാന
പൂരിതമാക്കട്ടെ.
അപമാനകരമായ ഗ്രാമ നാമങ്ങളിൽ
നിന്നും മാനക്കേടിൽ നിന്നും മോചനമുണ്ടാവട്ടെ.
... ടി വി എം അലി ...

Wednesday, 14 February 2018

മനസ്സിലിടം തേടുന്ന കാവ്യ ചിത്രങ്ങൾ


ചിത്രങ്ങളിൽ നിറയെ കവിതകൾ പൂക്കുന്ന കാൻവാസ് പാടങ്ങളാണ് എന്റെ സ്വപ്നം എന്ന് പ്രഖ്യാപിക്കുന്ന കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂരിനെ പരിചയപ്പെട്ടത് പട്ടാമ്പിയിൽ കഴിഞ്ഞ വർഷം
നടന്ന കവിതയുടെ കാർണിവലിൽ വെച്ചാണ്. വിനോദിന്റെ ഒറ്റവര ചിത്രങ്ങൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും കാർണിവലിൽ നടന്നിരുന്നു. മനസ്സ് മറന്നു വെക്കുന്ന ഇടങ്ങൾ എന്ന കവിതാ സമാഹാരവും വിനോദ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രപ്രദർശനശാലയിൽ വെച്ചാണ് വിനോദിന്റെ രചനകളെ നോക്കിക്കണ്ടത്.
മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ കറുത്ത പാറതോട്ടത്തിൽ ദാമോദരൻ - ശാന്ത ദമ്പതികളുടെ മകനാണ് 37 കാരനായ വിനോദ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും, എം.എ.ഇംഗ്ലീഷ് ലിറ്ററേച്ചറും നേടിയ വിനോദ് ഇപ്പോൾ തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പെക്ടരാണ്.
മനുഷ്യന്റെ സങ്കടങ്ങളാണ് വിനോദിന്റെ ചിത്രങ്ങളും കവിതകളും. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന പോലെ കാവ്യ ചിത്രകാരനായി ഒരേ സമയം വിനോദ് നമ്മുടെ മുന്നിലെത്തുന്നു. ഓരോ വാക്ക് കടലാസിൽ കുറിക്കുമ്പോഴും, ഓരോ നിറം കാൻവാസിൽ ചാലിക്കുമ്പോഴും ഭയം വിട്ടുമാറാത്ത മനസ്സാണ് വിനോദിനെ വേറിട്ടു നിർത്തുന്നത്. വാക്കിനും നിറത്തിനും അർത്ഥ ഭ്രംശ മേൽക്കരുതെന്ന നിബന്ധന വിനോദിന്റെ രചനകളിൽ കാണാം.
എന്നിലെ മുറുക്കത്തിൻ വേദനയാകുന്നു നിന്നിലെ ഈണങ്ങളെല്ലാം എന്ന് വയലിൻ എന്ന കവിതയിൽ കുറിക്കുമ്പോൾ അത് കവിയുടെ നയപ്രഖ്യാപനമായി കരുതാം. മൗനത്തിന്റെ ഈണം അറിയണമെന്നുണ്ടെങ്കിൽ മിണ്ടാതിരിക്കുക തന്നെ വേണമെന്നും കവി രഹസ്യമെന്ന കവിതയിൽ കുറിക്കുന്നു.
ഒരിക്കൽ നിശബ്ദത എന്നോടു ചോദിച്ചു: ഞാനില്ലെങ്കിൽ ചിന്തകളെ നീയെന്തു ചെയ്യും? ഉത്തരമില്ലാത്തതിനാൽ ഞാൻ നിശബ്ദത പാലിച്ചു എന്ന് മറ്റൊരു കവിതയിൽ വിനോദ് പറയുന്നു.
ഒന്നുമോർക്കരുതേ എന്ന് എന്തോർത്താണു നീ പറയുന്നതെൻ പ്രണയമേ, ഇനിയും കാലത്തിലേക്ക് പൊഴിയുവാൻ നനഞ്ഞ ഈ ഓർമ്മ തൂവലേയുള്ളു ബാക്കി എന്ന് മറ്റൊരു കവിതയിലും വിനോദ് ചൂണ്ടിക്കാട്ടുന്നു. വെയിലിനെപ്പേടിച്ച് ആരുടെ മുഖത്തും നോക്കാൻ കഴിയാതെ കുഴൽക്കിണറിലൊളിച്ചു ഈ വേനലിൽ ഇത്തിരി തെളിനീർ, എന്നെഴുതിയ കവി നിറയാൻ പുഴയില്ലെങ്കിൽ നിനക്ക് മഴയെന്തിനെന്ന് ആകാശവും എന്ന് മറ്റൊരു ചോദ്യവും ഉയർത്തുന്നു.
ഒരു പാത്രത്തിൽ കുറച്ച് കടലാസ് തുണ്ടുകളിട്ട് കിലുക്കി അര നിമിഷം കൊണ്ട് അതിൽ നിന്ന് സുന്ദരി പ്രാവിനെ പുറത്തെടുക്കുന്ന വിദ്യയാണ് കവിതയിൽ വിനോദ് കാണിക്കുന്നതെന്ന് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ ഒറ്റവര ചിത്രങ്ങൾ എന്ന പുസ്തകത്തിൽ എഴുതിയ അവതാരികയിൽ പറയുന്നു.
അക്ഷരങ്ങളുടേയും നിറങ്ങളുടേയും ലോകത്ത് സജീവ സാന്നിധ്യമാവാൻ ഒരുങ്ങുന്ന വിനോദ് തന്റെ ചിത്രങ്ങളോടൊപ്പം കാവ്യ കൃതികളും ആസ്വാദകരുടെ മുന്നിൽ വെക്കുന്നു. രണ്ടു പുസ്തകങ്ങളിലായി 86 ചെറുതും വലുതുമായ കവിതകളാണുള്ളത്. വാക്കുകളെ കാച്ചിക്കുറുക്കിയ കവിതകൾ ഏറെ ഹൃദ്യമാണ്.
ചിത്രങ്ങളാവട്ടെ നിറങ്ങളുടെ സുന്ദര
കേദാരവുമാണ് .

എഴുത്തും ചിത്രവും:
ടി വി എം അലി

അനാഥം ഈ ജൈന സംസ്കൃതി





പെരുമ്പിലാവ് - പെരിന്തൽമണ്ണ സംസ്ഥാന ഹൈവെയുടെ ഓരത്ത്, കൂറ്റനാടിനും പട്ടാമ്പിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന കട്ടിൽ മാടം കോട്ട ഇപ്പോഴും അനാഥാവസ്ഥയിലാണ്.

ചതുരാകൃതിയിലുള്ള ഈ കരിങ്കൽ ശില്പം കരവിരുതിന്റേയും നിർമാണ വൈദഗ്ദ്യത്തിന്റേയും സമ്മോഹന സ്മാരകമാണ്.

ദക്ഷിണേന്ത്യ മുഴുവൻ നൂറ്റാണ്ടുകളോളം ബുദ്ധ-ജൈനമതങ്ങളുടെ സ്വാധീനതയിലായിരുന്ന കാലത്ത് നിർമിച്ചതാണിത്. കരിങ്കൽ ശില്പത്തിൽ ജൈനമത തീർത്ഥങ്കരൻമാരുടെ രൂപമാണ് കാണുന്നതെന്ന് ചരിത്ര ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്.

ജൈന - ബുദ്ധമത ആസ്ഥാനങ്ങളോട് ബന്ധപ്പെട്ടാണ് 'കട്ടിൽ '

എന്ന പദം പ്രയോഗിച്ചിരുന്നതെന്ന് ചരിത്ര ഗവേഷകനായിരുന്ന ഡോ.എൻ.എം.നമ്പൂതിരി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാലക്കാട് ചുരം വഴി ഭാരതപ്പുഴയുടെ തീരഗ്രാമങ്ങളിൽ ഒട്ടനവധി കുടിയേറ്റങ്ങൾ അക്കാലത്ത് നടന്നിരുന്നു. അതു കൊണ്ടു തന്നെ ബൗദ്ധരുടെ ഒട്ടനവധി ചരിത്രാവശിഷ്ടങ്ങൾ നിളാതടത്തിലുണ്ട്. അതിലൊന്നാണ് അപൂർവ്വ സ്മാരകമായ കട്ടിൽ മാടം കോട്ട. ഗോപുര സ്തംഭം, വാതായന സ്ഥാനം എന്നീ അർത്ഥങ്ങളാണ് കട്ടിൽ എന്ന വാക്കിന് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. കണ്ണിന് കൗതുകം പകർന്നു നൽകുന്നതും ചരിത്രാന്വേഷി കളെ ആകർഷിക്കുന്നതുമായ ഈ കരിങ്കൽ ശില്പത്തിന്റെ നിർമിതിക്ക് പിന്നിൽ ജൈനരാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. തൃത്താലയുടെ എതിർ കരയിലുള്ള പള്ളിപ്പുറം കുളമുക്ക് ഗ്രാമം നൂറ്റാണ്ടുകൾക്കു മുമ്പ് കുളമുഖം പട്ടണമായിരുന്നുവെന്നും

1233 ലെ ഒരു കന്നഡ ലിഖിതത്തിൽ ഈ പട്ടണത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ടെന്നും ചില ഗവേഷകർ എഴുതിയിട്ടുണ്ട്. അറബിക്കടലിൽ നിന്ന് ഭാരതപ്പുഴയിലൂടെ അക്കാലത്ത് ജലഗതാഗതം സജീവമായിരുന്നതിനാൽ വ്യാപാരത്തിന് വന്ന ജൈനരാണ് ഗോപുര സ്തംഭം നിർമിച്ചത് എന്നാണ് നിഗമനം.

2004 ജനവരിയിൽ ലാൻറ് റവന്യൂ കമീഷണർ കട്ടിൽ മാടം കോട്ടയുടെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിന് കൈമാറിയിരുന്നു. നേരത്തെ ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നു. പൊതുനിരത്തിനോട് തൊട്ടു കിടക്കുന്ന ചരിത്ര സ്മാരകം സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പുകാർ യാതൊരു നടപടിയും എടുത്തിരുന്നില്ല. എന്നാൽ കൈമാറി കിട്ടിയിട്ടും പുരാവസ്തു വകുപ്പുകാരും

സംരക്ഷണ പരിചരണ നടപടികൾ ഇന്നേവരെ സ്വീകരിച്ചിട്ടില്ല. കാലപ്പഴക്കത്താൽ മുഖ കവാടത്തിലെ കൂറ്റൻ കരിങ്കൽ പാളികൾ അടർന്നുവീണെങ്കിലും പിൻഭാഗത്ത് കാര്യമായ പോറൽ ഏറ്റിട്ടില്ല. കോട്ടയുടെ ഉൾവശം ചെറിയൊരു കിണർ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളും ചുമരെഴുത്തുകളും മാത്രമേ കാണാനാവുകയുള്ളൂ.

അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അപൂർവ്വ കരിങ്കൽ ശില്പം കൃത്യമായി പരിചരിക്കാനും, ശാശ്വതമായി സംരക്ഷിക്കാനും പൂർവ്വ ചരിത്ര സ്മൃതി സംബന്ധിച്ച് സഞ്ചാരികൾക്ക് അറിവ് പകർന്നു നൽകാനും
സംവിധാനം ഒരുക്കേണ്ടതാണ്. പൂർവ്വസൂരികളോട് കൃതജ്ഞത രേഖപ്പെടുത്തുന്നതോടൊപ്പം വരും തലമുറയുടെ മുന്നിൽ ഇത് അടയാളപ്പെടുത്താനും നമുക്ക് ബാധ്യതയുണ്ട്.


...... ടി വി എം അലി ....

Monday, 12 February 2018

മണ്ണിന്റെ മക്കൾക്ക് സ്നേഹാദരം



മനസ്സിൽ ആഹ്ലാദം നിറഞ്ഞു കവിഞ്ഞ ഒരു സായാഹ്നത്തെ കുറിച്ചാണ് ഈ കുറിപ്പ്.
ചേറും ചെളിയും നിറഞ്ഞ ഒരായുഷ്ക്കാലം മാത്രം ഓർത്തുവെക്കുന്നവരുടെ മേൽ പൊന്നാട ചാർത്തി ആദരിക്കുന്ന ഒരു ലളിതമായ ചടങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടായി.
മണ്ണിൽ ജീവിതം ഉഴുതുമറിച്ച് നാടിന് അന്നമൂട്ടിയ കർഷക തൊഴിലാളികളെ പൊന്നാട ചാർത്തി ആദരിക്കാൻ മനസ് കാണിച്ചത് ശാസ്ത്ര പ്രതിഭയും സംഘവുമായിരുന്നു. എന്റെ സുഹൃത്ത് വാസുദേവൻ തച്ചോത്താണ് നാടിന്റെ മനം കവർന്ന ചടങ്ങ് സംഘടിപ്പിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാരായണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഡയറക്ടർ വാസുദേവൻ തച്ചോത്തും സംഘവുമാണ് നാട്ടുകാരായ മുപ്പതോളം കർഷക തൊഴിലാളികളെ ആദരിച്ചത്. ഞാങ്ങാട്ടിരി ബദാം ചുവട് പ്രദേശത്ത് സജ്ജമാക്കിയ ചടങ്ങിൽ പ്രവാസിയായ ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു. കഥാകാരൻ രമണൻ ഞാങ്ങാട്ടിരി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിൽ പഠനത്തിനെത്തിയ സ്ലോവാക്യ സ്വദേശി പാട്രിക് മുഖ്യാതിഥിയായി. എന്നെ കൂടാതെ  പ്രദീപ് ഗുരുവായൂർ, സയ്യിദ് ഫസൽ തങ്ങൾ, ഷൗക്കത്തലി പെരിന്തൽമണ്ണ, ടി.ടി. മുസ്തഫ,
ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വാസുദേവൻ തച്ചോത്ത്, വരുൺ വാസുദേവ്, മേഘ, നേഗ, ഉണ്ണികൃഷ്ണൻ, നാരായണൻ, സുകുമാരൻ, രാജൻ എന്നിവർ സ്നേഹാദര ചടങ്ങിന് നേതൃത്വം നൽകി. ഡോക്യുമെന്ററി പ്രദർശനം, ഗാനമേള, നൃത്ത നൃത്യങ്ങൾ തുടങ്ങിയ പരിപാടികളും മിഴിവേകി.
നാടിനെ നശിപ്പിക്കുന്ന
കഞ്ചാവ് കർഷകരും മദ്യമാഫിയക്കാരും കോടികൾ
കൊയ്യുമ്പോൾ നാടിനെ അന്നമൂട്ടാൻ ജീവിതം ഹോമിക്കുന്നവർക്ക് ശരശയ്യ മാത്രം ലഭിക്കുന്ന ഒരു കാലത്ത് അവരെ ആദരിക്കാൻ സന്നദ്ധനായ സുഹൃത്തിനെ പ്രശംസിക്കാതെ വയ്യ.

സ്മാർട് തപാൽ

കേരളത്തിലെ ഗ്രാമീണ പോസ്റ്റോഫിസുകൾ സ്മാർട്ടായി.
ഒറ്റപ്പാലം ഡിവിഷൻ പരിധിയിലുള്ള എല്ലാ തപാൽ ബ്രാഞ്ച് ഓഫീസുകളിലും ജീവനക്കാർക്ക് പരിശീലനം നൽകിയ ശേഷം RICT/MCD മെഷീൻ സ്ഥാപിച്ചു.   നഗരങ്ങളിലുള്ള പ്രധാന തപാൽ ഓഫീസുകളിൽ ലഭിക്കുന്ന മുഴുവൻ സേവനവും ബ്രാഞ്ച് ഓഫീസിലും ഇനി ലഭ്യമാവും. MCD വന്നതോടെ ഗ്രാമീണ മേഖലയിലെ പോസ്റ്റോഫീസുകളിലും ഇപ്പോൾ പണമിടപാടുകൾ  കമ്പ്യൂട്ടർ ഉപയോഗിച്ച് കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. പഴയ എഴുത്ത് രീതിയിൽ നിന്നും
പുതിയ ഡിജിറ്റൽ യുഗത്തിലേക്ക് ഗ്രാമീണ തപാൽ മേഖല മാറുന്നത് കൗതുകത്തോടെയാണ് ജീവനക്കാരും ഇടപാടുകാരും  വീക്ഷിക്കുന്നത്. പുതിയ സംവിധാനമായ ആർ.ഐ.സി.റ്റി. MCD മെഷിൻ ഏറെ സവിശേഷതകൾ ഉള്ളതാണ്. ഉപയോഗിക്കാൻ ഏറെ എളുപ്പമാണ്. വൈവിധ്യങ്ങൾ ഒട്ടനവധിയാണ്.
ബസ്സ് കണ്ടക്ടർമാരുടേയും, ബാങ്ക് ബിൽ കളക്ടർമാരുടേയും കയ്യിലുള്ള മെഷിനെ പോലെയുള്ളവയാണ് പോസ്റ്റോഫീസുകളിൽ എത്തിയ യന്ത്രം.  ഒരു പെട്ടിയിൽ ഒതുങ്ങുന്ന തരത്തിൽ ആർ.ഐ.സി.ടി.
MCD മെഷിൻ, ചാർജർ, സ്കാനർ, ക്യാമറ എന്നിവ ഇതിലുണ്ട്. ഒരു ചെറിയ സൂട്ട് കേസിൽ ഇവ കൊണ്ടു നടക്കാം. വൈദ്യുതി ഇല്ലാത്ത ഓഫീസിൽ സോളാർ പാനൽ ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം. സേവിങ്ങ് ബാങ്ക് ഇടപാടുകൾ പൂർണ്ണമായും കോർ ബാങ്കിങ്ങിലേക്ക് മാറി കഴിഞ്ഞു. ഗ്രാമീണ മേഖലയിലെ തപാൽ ഓഫീസുകളിൽ വലിയ തോതിൽ മാറ്റം ഇതുമൂലം പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ഇടപാടും തൽസമയം തന്നെ മുഖ്യ തപാൽ ഓഫീസിലെ സർവെറിൽ എത്തും. എയർടെൽ കമ്യൂണിക്കേഷനാണ്
ഓൺലൈൻ സാങ്കേതിക വിദ്യ നൽകുന്നത്. ചില സ്ഥലങ്ങളിൽ നെറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അവ വൈകാതെ പരിഹരിക്കും.  ഭാവിയിൽ പോസ്റ്റുമാൻമാർക്കും ഇത്തരം ആർ.ഐ.സി.ടി. മെഷിൻ നൽകാനാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ വീടിന് മുന്നിൽ തന്നെ എ.ടി.യം സൗകര്യവും മറ്റും എത്തിക്കാനാണ് തപാൽ വകുപ്പിൻ്റെ ശ്രമം. പെൻഷൻ വിതരണം, തൊഴിലുറപ്പുകാർക്ക് കൂലി നൽകൽ, സ്പീഡ്, രജിസ്റ്റർ, മണി ഓർഡർ ഉരുപ്പടികളുടെ ബുക്കിങ്ങ് എന്നിവ ഔട്ട് ഡോറിൽ ലഭ്യമാക്കാനാണ് അടുത്ത ശ്രമം.
ഡിജിറ്റൽ യുഗത്തിൽ ആധുനിക സൗകര്യവും ഗുണമേന്മയുള്ള സേവനവും
നൽകാൻ കഴിയുമെന്ന് ജീവനക്കാർ പറയുന്നു. അതേ സമയം ഗ്രാമീണ തപാൽ ഓഫീസുകളിലെ രണ്ടേ മുക്കാൽ ലക്ഷത്തോളം ജീവനക്കാർക്ക് രണ്ടു വർഷമായി ശമ്പള പരിഷ്ക്കരണം നടപ്പാക്കിയിട്ടില്ല. 2016 ജനവരി മുതൽ റഗുലർ തപാൽ ജീവനക്കാർക്ക് ഏഴാം ശമ്പള കമീഷൻ ശുപാർശകൾ നടപ്പാക്കിയിരുന്നു. ഏപ്രിൽ മുതൽ അപാകത പരിഹരിക്കാനും നടപടി തുടങ്ങി. എന്നാൽ ജി.ഡി.എസ്. ജീവനക്കാരുടെ സേവന വേതന പരിഷ്ക്കരണത്തിന് നിയോഗിച്ച കമലേഷ്ചന്ദ്ര കമ്മിറ്റി രണ്ടു വർഷം മുമ്പ് സമർപ്പിച്ച റിപ്പോർട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ജി.ഡി.എസ്. യൂണിയൻ കഴിഞ്ഞ ആഗസ്റ്റിൽ ഏഴുദിവസം സമരം നടത്തിയിരുന്നു. അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്.