Monday, 28 July 2014

കഥക്കു പിന്നിലെ കഥ

ആദ്യ കഥയുടെ കൈ വഴികൾ /  കഥക്കു പിന്നിലെ കഥ
-----------------------------------------------------
എന്റെ ആദ്യ കഥ പ്രസിദ്ധപ്പെടുത്തിയത് 1981 ഒക്ടോബർ 1 ന് ' യുവധാര ' മാസികയിലാണ്. അന്ന് ഞാൻ കോയമ്പത്തൂരിൽ എസ് .എസ് . മണിയൻ ലോട്ടറി ഏജൻസീസ് എന്ന ഭാഗ്യ വിൽപ്പന ശാലയിൽ അക്കൌണ്ടന്റ്
ആയി ജോലി ചെയ്യുകയായിരുന്നു. അന്ന് ലോട്ടറി വ്യാപാരത്തിന് തമിഴ് നാട്ടിൽ പുകഴ് പെറ്റ സ്ഥാപനമായിരുന്നതിനാൽ എപ്പോഴും നല്ലതിരക്കാണ് . നോട്ടു കെട്ടുകളുടെയും കണക്കു പുസ്തകത്തിന്റെയും
ഇടയിൽപ്പെട്ട് ഞെരിപിരി കൊള്ളുന്ന സമയത്തായിരുന്നു മണിയണ്ണന്റെ ഉച്ചത്തിലുള്ള വിളി. "കലൈഞ്ജർ അലി ഉങ്ക കഥ വര പ്പോവുത് ''. 1981 ആഗസ്റ്റ്‌ 7 നായിരുന്നു മണിയണ്ണന്റെ ആ വ്യഖ്യാത പ്രഖ്യാപനം. അതിനു
തെളിവായി അദ്ദേഹം ഒരു വെള്ള തപാൽ കാർഡ് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി തിരിച്ചും മറിച്ചും നോക്കി പല വട്ടം വായിച്ചു. താങ്കളുടെ കഥ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എഴുതിയതിന്റെ താഴെ പി.എം.താജ് എന്നെഴുതി ഒപ്പ് വെച്ചിട്ടുണ്ട്. ഈ കഥ എഴുതാൻ തുടങ്ങിയതിന്റെ
പിന്നാമ്പുറത്തേക്ക് ഒന്ന് പോയി വരാം. നാട്ടിൽ നിന്ന് ടി.ടി. മുസ്തഫ അയച്ച ഒരു കത്തിൽ ' യുവധാര ' നടത്തുന്ന സാഹിത്യ മത്സരത്തെ കുറിച്ച് എഴുതിയിരുന്നു. നാട്ടിലുള്ളപ്പോൾ പോസ്റ്റർ രചന ഞങ്ങൾ ഒരുമിച്ചായിരുന്നു.
അതോടൊപ്പം അത്യാവശ്യം സാഹിത്യ രചനയും കയ്യെഴുത്ത് മാസികാ പ്രവർത്തനവും ഞങ്ങൾ നടത്തിയിരുന്നു. ഈ പാശ്ചാത്തലത്തിലാണ് കഥ അയച്ചു പരീക്ഷിക്കാൻ മുസ്തഫ ആവശ്യപ്പെട്ടത്. കത്ത് കിട്ടിയത് മുതൽ സർഗ വേദന കലശലായി അനുഭവപ്പെടാൻ തുടങ്ങി.പകൽ സമയം കഥയെ കുറിച്ച് ചിന്തിച്ചിരുന്നാൽ കണക്ക് അവതാളത്തിലാവും . രാത്രി 9 മണിക്കാണ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തു ചാടുക.
പിന്നെ തട്ടു കടയിൽ നിന്ന് ഇഡ്ഡലിയോ ദോശയോ കഴിച്ച് പത്തു മണിയോടെയാണ് മുറിയിലെത്തുക.
മുറി എന്ന് പറഞ്ഞാൽ ഒരു പ്രാകൃത ലോഡ്ജിന്റെ തട്ടിൻ പുറത്താണ് രാ പാർക്കൽ . നിവർന്നു നിന്നാൽ മേൽപ്പുരയിൽ തല മുട്ടും. കുനിയുക ശിരസ്സേ എന്ന് സദാ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ തലയ്ക്കു
കുഴപ്പമൊന്നും സംഭവിച്ചിരുന്നില്ല. മുറിയിലാണെങ്കിൽ കിടക്കാനുള്ള ഒരു വിരി മാത്രമേയുള്ളൂ. എഴുതാനുള്ള
സർഗ വേദന വരുമ്പോൾ ലോഡ്ജിന്റെ പിന്നിലുള്ള വെള്ളത്തൊട്ടിയുടെ മൂടിയ പലക  മേശയാക്കുകയാണ്
പതിവ്. സിമന്റു കൊണ്ട് നിർമിച്ച ജലസംഭരണിയിൽ ചാരി നിന്നു കൊണ്ട് അർദ്ധ രാത്രി വരെ കഥ എഴുതി
യിട്ടുണ്ട്. നിന്നും നടന്നും കിടന്നും കഥ എഴുതിയ ആ നാളുകൾ ഒരിക്കലും മറക്കാനാവില്ല. പക്ഷെ പല
രചനകളും വാർന്നു വീഴുന്നത് എന്നെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു. യാതൊരു മുന്നൊരുക്കവും ഇല്ലാതെ
എഴുത്ത് തുടങ്ങിയാൽ പോലും കഥ എന്നെ ഏതോ ലോകത്തേക്ക് വലിച്ചു കൊണ്ടു പോകും.
എഴുതി കഴിഞ്ഞു വായിച്ചു നോക്കുമ്പോഴാണ് ഇത് ഞാനെഴുതിയതാണോ എന്ന് സന്ദേഹം തോന്നുക.
തികച്ചും അപരിചിതമായ ലോകത്തേക്കും ഇന്നോളം കണ്ടു മുട്ടാത്ത കഥാ പാത്രങ്ങളിലേക്കും
ഞാൻ എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് " ആതിഥേയൻ , പട്ടണം , ഞാൻ ". ഒരു ഡയറി കുറിപ്പ്
പോലെയാണ് കഥയുടെ പ്രതിപാദനം. പേര് സൂചിപ്പിക്കുന്നത് പോലെ രണ്ടു മനുഷ്യരും ഒരു
പട്ടണവുമാണ്  കഥാ പാത്രങ്ങൾ . എന്റെ മനസ്സിൽ ഏറെ കാലമൊന്നും ഈ കഥ ബീജമായി കിടന്നിട്ടില്ല.
എന്നിട്ടും  ഒരു അനായാസ പ്രസവം പോലെ അത് സംഭവിച്ചു എന്നതാണ് വിസ്മയം.
പി.എം. താജ് എന്ന പത്രാധിപർ എഡിറ്റ്‌ ചെയ്തതോടെ കഥ അതീവ ഗൗരവം പൂണ്ടു എന്ന് എനിക്ക് ബോധ്യമായി. അനുഗ്രഹീതനായ പി.എം. താജാണ് എന്നെ കണ്ടെത്തിയത് . കഥയുടെ കേദാരത്തിലേക്ക്
എന്റെ വഴി തിരിച്ചു വിട്ടത് അദ്ധേഹമാണ് . ആ കഥ അച്ചടിച്ച്‌ വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ
ഇത്രമാത്രം ഊർജ്ജം എന്നിലുണ്ടാവണമെന്നില്ല. ഇതിനു ശേഷം തുടർച്ചയായി കഥ എഴുത്ത് തന്നെയായിരുന്നു .
ഒരു പതിറ്റാണ്ടിന്നിടയിൽ നൂറോളം കഥകളും നോവലുകളും മറ്റും രചിക്കാനുള്ള ത്രാണി നൽകിയത് എന്റെ ആദ്യ കഥയുടെ പ്രകാശം തന്നെയായിരുന്നു. എന്നാൽ എന്നെ സങ്കട കടലിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു
പി.എം. താജിന്റെ ആകസ്മിക മരണം. 1990 ജൂലായ്‌ 29 നായിരുന്നു താജിന്റെ വിയോഗം. മധ്യാഹ്ന സൂര്യൻ
പൊടുന്നനെ അണഞ്ഞത് പോലെ ചുറ്റും ഇരുൾ പരന്നു . ഞാൻ താജിനെ നേരിൽ കണ്ടിട്ടില്ല. എങ്കിൽപ്പോലും
താജ് എന്റെ സഹോദരനും സുഹൃത്തും വഴികാട്ടിയുമായിരുന്നു. എന്നെപ്പോലെ പലരും താജിന്റെ
അഭാവത്തിൽ ഇന്നും ദുഖിതരാണ് . 24 വർഷത്തിനു ശേഷവും മലയാളികളുടെ സാംസ്കാരിക പരിസരങ്ങളിലും നാടക കോലായകളിലും താജിന്റെ സാന്നിധ്യമുണ്ട്. ' രാവുണ്ണി', ' മേരി ലോറന്സ് ',
' കനലാട്ടം ', ' പാവത്താൻ നാട് ', ' കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം ', ' നാടുവാഴി ', ' കുടിപ്പക ',
' കണ്‍കെട്ട് ', ' ഇന്നേടത്തു ഇന്നവൻ ', ' സ്വകാര്യം ', ' തലസ്ഥാനത്തു നിന്ന് ഒരു വാർത്തയുമില്ല ',
' കുറുക്കൻ കുഞ്ഞാമന്റെ വാല് ', ' പെരുമ്പറ ' തുടങ്ങിയ താജിന്റെ നാടകങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന്
നിരൂപകർ സാക്ശിയപ്പെടുത്തുന്നു. എന്റെ ആദ്യ കഥ ഓർക്കുന്നത് പോലെ തന്നെ പി.എം. താജിനേയും
ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു...  



    

Sunday, 27 July 2014

' എക്സലൻസ് ' അവാർഡ്

സാഹിത്യ - പത്ര പ്രവർത്തന മേഖലകളിലെ സേവനങ്ങളെ ആസ്പദമാക്കി റോട്ടറി ഇന്റർ നാഷണൽ ക്ലബ് പട്ടാമ്പി ചാപ്ടർ ' എക്സലൻസ് ' അവാർഡ് നൽകി ആദരിച്ചു. ( ആൽബം - 2009 )



Saturday, 26 July 2014

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന തായമ്പക കുലപതി ശ്രീ . മട്ടന്നൂർ ശങ്കരൻ കുട്ടിയേട്ടന് ഹൃദ്യമായ ആശംസകൾ .ആയുരാരോഗ്യ സൗഖ്യം നേരുന്നു. 

Thursday, 17 July 2014

കൂടല്ലൂരിനു വീണ്ടും പുരസ്ക്കാര തിളക്കം




 ജ്ഞാനപീഠം കൊണ്ട് സാഹിത്യ നഭസ്സിൽ ഇടം നേടിയ കൂടല്ലൂർ ഗ്രാമത്തിലേക്ക് , എം.ടി.യുടെ തറവാട്ടിലേക്ക്
വീണ്ടും ഒരു പുരസ്കാരം. മികച്ച വിവർത്തകനുള്ള  ശാന്തകുമാരൻ തമ്പി ഫൌണ്ടേഷൻ പുരസ്കാരത്തിന്
അർഹനായത് എം.ടി. യുടെ ജേഷ്ഠൻ എം.ടി.എൻ. നായർ. 84 കാരനായ ഇദ്ദേഹം നിരവധി ക്ലാസ്സിക് കൃതികൾ
മലയാളത്തിന് കാഴ്ച വെച്ചിട്ടുണ്ട്. വിവർത്തന രംഗത്ത് നല്കിയ നിസ്തുല സംഭാവന പരിഗണിച്ചാണ്
ഫൌണ്ടേഷ ന്റെ ഏഴാമത് പുരസ്കാരം എം.ടി.എൻ. നായർക്കു നല്കുന്നത്. ആഗസ്റ്റ്‌ 2 നു പാലക്കാട് പബ്ലിക്
ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്‌ സമ്മാനിക്കും.
എം.ടി.യുടെ തറവാട്ടിൽ  ചെല്ലുമ്പോഴെല്ലാം വളരെ സ്നേഹ പൂർവ്വം ഇടപഴകുന്ന എം.ടി.എൻ. കുറച്ചു കാലമായി അകത്തേതറയിലാണ് താമസം. അതുകൊണ്ട് തന്നെ നേരിൽ കണ്ടിട്ട് നാളേറെയായി. ഈ അവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു.

Sunday, 13 July 2014

തീ മഴ പെയ്യുമ്പോൾ



തീ  മഴ പെയ്യുമ്പോൾ
മെഴുകുതിരികൾ അണയുന്നു
നിലവറയിൽ ഒളിക്കുമ്പോൾ
നിലവിളികൾ നെഞ്ചു പിളർത്തുന്നു
വണ്ടുകൾ മുരളുമ്പോൾ
വെൻ താരകങ്ങൾ തീപ്പന്തമാവുന്നു
കാരക്ക കടിക്കുമ്പോൾ
ചോര കിനിയുന്നു
ഇത്തിരി വെള്ളത്തിനായി
മണലിൽ കുഴി തോണ്ടുമ്പോൾ
കിട്ടുന്നു പൊട്ടാത്ത മൈനും,
ഞെട്ടറ്റ പൈതലിൻ ശിരസ്സും.
തീ മഴ പെയ്യുമ്പോൾ
തീക്കളി തുടരുമ്പോൾ
ലോകമേ ഗർജ്ജിക്കുക
ഓം ശാന്തി ഓം ശാന്തി .

Tuesday, 8 July 2014

പലിശ രഹിത ഗ്രാമം



ഇത് ഉട്ടോപ്പ്യൻ സ്വപ്നമല്ല. ഒരു കൂട്ടം ചെറുപ്പക്കാർ  അത് യാഥാർത്യമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം "ഇൽഫ" സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തപ്പോൾ എനിക്ക് അക്കാര്യം ബോധ്യപ്പെട്ടു. പട്ടാമ്പി ചിത്ര കമ്മൂണിറ്റി
ഹാളിലായിരുന്നു 'ഇൽഫ' യുടെ പരിപാടി. ഏഴു മാസം മുമ്പ് മേലെ പട്ടാമ്പിയിലുള്ള ഇരുപതോളം യുവാക്കൾ ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യൂത്ത് ലീഗ് ശാഖയുടെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തകരായിരുന്നു അവർ. പലിശ കൊടുത്തു മുടിഞ്ഞവരും വീട് നഷ്ടപ്പെട്ടു വഴിയാധാരമായവരും ആത്മഹത്യ യുടെ മുനമ്പിൽ നിൽക്കുന്നവരും പെരുകുന്ന നാട്ടിൽ ഇരകളെ രക്ഷിക്കാൻ ബാധ്യതയുള്ളവർ  പോലും നിഷ്ക്രിയരായി മാറുന്ന കാലത്താണ് 'ഇല്ഫ' യുടെ പ്രവർത്തകർ ചരിത്രം എഴുതുന്നത്‌. ഇവരുടെ പരിപാടിയെക്കുറിച്ച് ഏതാനും മാസം മുമ്പു തന്നെ കേൾക്കാൻ കഴിഞ്ഞിരുന്നു. അന്ന് തുടങ്ങിയതാണ്‌ അറിയാനുള്ള ആകാംക്ഷ. 2013 ഡിസംബർ 14 നാണ് പദ്ധതി തുടങ്ങിയത്. ആകെ 207 പേർ അംഗങ്ങളായി ചേർന്നു. അവർ തങ്ങളുടെ നിക്ഷേപമായി പത്തര ലക്ഷം രൂപ 'ഇൽഫ'ക്ക് നൽകി. ഒരുമിച്ച് നിക്ഷേപിക്കാൻ കഴിയാത്തവർ ആഴ്ച തോറും തുക നൽകി പങ്കാളികളായി. ലഭിച്ച തുക ആഴ്ച തോറും
അപേക്ഷകരുടെ ആവശ്യകത പരിശോധിച്ച് വിതരണം ചെയ്തു. ഇപ്രകാരം 160 പേർക്ക് ഏഴു മാസത്തിനിടയിൽ 22 ലക്ഷത്തോളം രൂപ വിതരണം ചെയ്തു.  ഇതിന്റെ ഗുണഭോക്താക്കൾ ഏറെയും വീട്ടമ്മ മാരായിരുന്നു.  ജാതിയോ മതമോ കക്ഷി രാഷ്ട്രീയമോ നോക്കാതെയാണ് വായ്പ നൽകിയത് എന്നത്
പ്രത്യേകം പറയേണ്ടതുണ്ട്. ഒന്നാം ഘട്ടത്തിൽ നിക്ഷേപം നൽകിയ അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം തുക തിരിച്ചു നൽകി . തുടർന്ന് രണ്ടാം ഘട്ട നിക്ഷേപ സമാഹരണം ആരംഭിച്ചു. വീഴ്ച വരുത്താതെ പത്ത് ആഴ്ച കൊണ്ട് വായ്പ തിരിച്ചടക്കാൻ  ഗുണഭോക്താക്കൾ തയ്യാറായി എന്നതാണ് പദ്ധതിയുടെ വിജയ ഘടകം.
ഒരു വാണിജ്യ ബാങ്ക്  മാനേജരുടെ വിശ്വാസ വഞ്ചന മൂലം പലിശയുടെ കെണിയിലകപ്പെട്ട് വീട്
വിലക്കേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാനെന്ന കാര്യം "ഇല്ഫ"യുടെ പ്രവർത്തകർക്ക് അറിയില്ല.
എട്ടു വർഷം മുമ്പാണ് ആ സംഭവം. മകളുടെ വിവാഹ ആവശ്യത്തിനു രണ്ടു ലക്ഷം രൂപ ലോണ്‍ നൽകാമെന്ന്
എസ്.ബി.ടി. മാനേജർ ഉറപ്പു പറഞ്ഞതായിരുന്നു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയപ്പോൾ
അദ്ദേഹം വാക്ക് മാറ്റി. തപാൽ വകുപ്പിൽ സ്ഥിരം ജീവനക്കാരൻ അല്ലാത്തത് കൊണ്ട് (ഗ്രാമീണ്‍ ഡാക് സേവക്)
വായ്പ നൽകാനാവില്ലെന്ന് അദ്ദേഹം തീർപ്പ് കൽപ്പിച്ചു. ടൌണിൽ പെട്ടിക്കട നടത്തുന്നവർക്കു പോലും
ലക്ഷങ്ങൾ വായ്പ നൽകുന്ന മാനേജരാണ് ഇത് പറഞ്ഞതെന്ന് ഓർക്കണം . മാനേജരുടെ വിധി അന്തിമ മായതിനാൽ
ഇനി രക്ഷയില്ല എന്ന് മറ്റു ബാങ്ക് ജീവനക്കാരും കയ്യൊഴിഞ്ഞു. വിവാഹത്തിന് തീയതി കുറിച്ച് ക്ഷണം
പൂർത്തിയാക്കിയ നേരത്താണ് ഈ കൊലച്ചതി. രണ്ടും കൽപ്പിച്ചു കൊണ്ട് ഒരു സഹൃദയനായ ബ്ലേഡുകാരനെ
സമീപിച്ച് കാര്യം ബോധിപ്പിച്ചു. അദ്ദേഹം രേഖകൾ വാങ്ങി വെച്ച് ഒരു ലക്ഷം രൂപ തന്നു. മാസം എണ്ണായിരം
മുതൽ പതിനായിരം വരെ പലിശ ഈടാക്കുന്ന കാലമാണ്. അദ്ദേഹം എന്നോട് കനിവ് കാട്ടി. മാസം മൂവായിരം
തന്നാൽ മതിയെന്ന് പറഞ്ഞു. ഒരു വർഷത്തോളം പലിശ കൃത്യമായി അടച്ചു. പക്ഷെ മുതൽ അങ്ങിനെ തന്നെ കിടന്നു. എത്ര കാലം ഈ സ്ഥിതി തുടരും എന്നോർത്ത് ഉറങ്ങാത്ത രാവുകളുണ്ടായി . അതിനിടയിൽ പത്തു
സെന്റ്‌ പുരയിടം വിൽക്കാനുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു. എന്നാൽ റിയൽ എസ്റ്റെറ്റ് ലോബിയുടെ ഗൂഡ നീക്കം മൂലം ഉദ്ദേശിച്ച വില കിട്ടിയില്ല.. ഇപ്പോൾ പത്തു ലക്ഷം വില മതിക്കുന്ന സ്ഥലം 2.40 ലക്ഷത്തിനാണ്
കൊടുത്തത്. അതും സഹൃദയനായ മറ്റൊരു സുഹൃത്തിന്റെ ഔദാര്യം കൊണ്ടും. അങ്ങിനെ ഇരുപതോളം വർഷം ഞങ്ങൾ താമസിച്ച 'കഥാലയം' വിറ്റ് വാടക വീട്ടിലേക്കു മാറേണ്ടി വന്നു.  മൂന്നു വർഷത്തോളം ഞങ്ങൾ താമസിച്ച മേലെ പട്ടാമ്പി പ്രദേശത്താണ് ഇപ്പോൾ "ഇല്ഫ" പുതിയ ചരിത്രം രചിച്ചത്. എട്ടു വർഷം മുമ്പ് "ഇല്ഫ" പോലെയുള്ള പലിശ രഹിത പ്രസ്ഥാനം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് 'കഥാലയം' നഷ്ടമാവുകയോ ഇങ്ങിനെ ഒരു കുറിപ്പെഴുതാൻ ഇട(ര)യാവുകയോ ചെയ്യുമായിരുന്നില്ലല്ലൊ/

Thursday, 3 July 2014

കവിത / തേടുവതാരെ ?


കണ്ടുവോ നിങ്ങൾ ,
അലമാരക്കുള്ളിൽ
അടുക്കി വെച്ച
പിഞ്ഞിപ്പോയ
കുഞ്ഞുടുപ്പും
പൊട്ടിപ്പോയ
പാൽക്കുപ്പിയും ...

കണ്ടുവോ നിങ്ങൾ ,
അലമാരക്കുള്ളിൽ
നിവർത്തി വെച്ച
അക്ഷരക്കടലിന്റെ
അനന്താകാശം ..
മതിമറന്ന പുഴയും
നൂലറ്റ പട്ടവും , പിന്നെ
മയിൽ‌പ്പീലി തുണ്ടും
മഴവില്ലിൻ ചെണ്ടും 

കണ്ടുവോ നിങ്ങൾ ,
കാലിടറി വീണ ബാല്യവും 
കരളുരുകിയ കൗമാരവും 
നോവിന്റെ യൗവ്വനവും 
വെന്തുപോയ വാർദ്ധക്യവും 
കണ്ടുവോ കണ്ടുവോ ?

Tuesday, 1 July 2014

വായനയുടെ വസന്തോത്സവം


വായനാശാലകളിലും വിദ്യാലയങ്ങളിലും ഇത്തവണ വായനാ ദിനാചരണവും വാരാഘോഷവും അതി
ഗംഭീരമായാണ് കൊണ്ടാടിയത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പുതുവായിൽ
നാരായണ പണിക്കരെ  ( പി.എൻ . പണിക്കർ ) അനുസ്മരിച്ചു കൊണ്ട് വൈവിധ്യമാർന്ന പരിപാടികളാണ്
എല്ലായിടത്തും അരങ്ങേറിയത്. പട്ടിണി കിടക്കുന്ന മനുഷ്യരോട് പുസ്തകം കൈയ്യിലെടുക്കൂ എന്നാണ്
ജർമൻ ചിന്തകനായിരുന്ന ബെർതോല്ട് ബ്രെഹ്ത് ആഹ്വാനം ചെയ്തത്. ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലത്ത്
തന്നെ ബ്രെഹ്തിന്റെ വാക്കുകൾ വായിച്ചതായി ഓർക്കുന്നുണ്ട് . അപ്പർ പ്രൈമറിയിൽ പഠിക്കുന്ന സമയത്തു തന്നെ സ്കൂളിന്റെ മുന്നിലുള്ള വായന ശാലയിൽ നിത്യ സന്ദർശകനായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ  (എൽ.എൽ.എ.) കീഴിലുള്ളതായിരുന്നു ആ വായനാശാല. അന്ന് സഹദേവൻ എന്ന് പേരുള്ള
ഒരു ജീവനക്കാരനായിരുന്നു ലൈബ്രേറിയൻ . കാലിനു ശേഷിക്കുറവുള്ള സഹദേവൻ എല്ലാ കുട്ടികളുടെയും
പ്രിയപ്പെട്ടവനായിരുന്നു. റീഡിംഗ് ഹാളിൽ വെച്ചിട്ടുള്ള ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കുക എന്നതായിരുന്നു
ഞങ്ങളുടെ പ്രധാന ഹോബി. ദിന പത്രങ്ങളും വാരികകളും വെട്ടി വിഴുങ്ങി ഞങ്ങളിൽ പലരും അന്ന്
വിശപ്പടക്കി എന്നത് നേരാണ്. കുട്ടികളായതിനാൽ പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എട്ടാം തരത്തിൽ ചേർന്ന കാലത്ത് ഞാനും അച്ചുതനും ഒരു പരിപാടിയിട്ടു. മൂന്നു കിലോമീറ്റർ ദൂരെയുള്ള മുടവന്നൂർ വായന ശാലയിൽ ചെന്ന് അംഗത്വം എടുത്തു. അന്ന് അവിടെ ലോക ക്ലാസിക്
കൃതികളുടെ വൻ ശേഖരം ഉണ്ടായിരുന്നു. എന്നാൽ മുടവന്നൂരിൽ എത്തിപ്പെടുക എന്നത് അതി സാഹസമാണ്.
തൃത്താല മണ്ഡലത്തിലെ വയനാട് എന്നാണ് മുടവന്നൂർ അന്ന് അറിയപ്പെട്ടിരുന്നത്. കമ്മൂണിസ്റ്റ് നേതാക്കൾക്ക്
ഒളിത്താവളം ഒരുക്കിയ പ്രദേശമായിരുന്നു. ചെങ്കുത്തായ കുന്നിലേക്ക് കയറി പോകാൻ കുടുസ്സായതും
ദുർഘടം നിറഞ്ഞതുമായ ഇടവഴി മാത്രം. സ്കൂൾ വിട്ടു വന്നാൽ ഞങ്ങളിരുവരും യാത്ര തുടങ്ങും. ഒരു മണിക്കൂർ
നടന്നാണ് വായന ശാലയിലെത്തുക . അലമാര പരതി ആവശ്യമുള്ള പുസ്തകം തെരഞ്ഞെടുക്കും. ലെഡ്ജെരിൽ
ഒപ്പിട്ടു പുസ്തകം വാങ്ങി കുന്നിറങ്ങും. ആറു കിലോ മീറ്റർ സാഹസിക യാത്രക്ക് ശേഷം വീട്ടിലെത്തു മ്പോഴേക്കും  ഇരുൾ പരന്നു കഴിയും. രാത്രി ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നു ഒറ്റയിരുപ്പിനു
തന്നെ പുസ്തകം വായിച്ചു തീർക്കും . പിറ്റേന്ന് യാത്ര ആവർത്തിക്കും . ഒരു ദിവസം ഒരു പുസ്തകം
വായിച്ചു വിശപ്പടക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. റേഷൻ കടയിലും പല ചരക്കു കടയിലും
അരിക്ക് ക്ഷാമമുള്ള കാലമായിരുന്നു. ഉണക്കിയ മരച്ചീനി ( പൂള വട്ട് ) മാത്രമേ കടകളിൽ കിട്ടുമായിരുന്നുള്ളൂ .
അത് വാങ്ങി കൊണ്ടുവന്നു ഇടിച്ചു പൊടിയാക്കി പുട്ടോ അപ്പമോ ഉണ്ടാക്കി കഴിക്കുകയല്ലാതെ
വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. ആ വിരക്തിക്ക് പരിഹാരമായത് വായന തന്നെ ആയിരുന്നു.
അക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക വിദേശ ക്ലാസിക് കൃതികളും മുടവന്നൂർ ഗ്രാമീണ വായനശാലയിൽ ഉണ്ടായിരുന്നു. മൂന്നു വർഷം കൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ ഞങ്ങൾ വായിച്ചു തീർത്തു . അന്നത്തെ ആ വായനയാണ് ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം.