Thursday, 22 August 2024

ചിങ്ങവെയിൽ

യുഗപുരുഷനായ ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനത്തിൽ ഞാങ്ങാട്ടിരി യു.പി സ്കൂളിലെ പടവുകൾ കയറി ചെല്ലുമ്പോൾ അവിടെ ഏതാനും പേർ പുസ്തക പ്രകാശന വേദിയുടെ ഒരുക്കങ്ങളിലായിരുന്നു. രാവിലെ തുടങ്ങിയ പ്രവൃത്തിയാണ്. ക്ലാസ് മുറികൾ സജ്ജീകരിച്ച്, വേദിയും സദസ്സും തമ്മിലുള്ള ഇഴയടുപ്പം ഉറപ്പിച്ച്, മൊമെൻ്റോകൾ അടുക്കി വെച്ച് നല്ലൊരു പരിപാടി നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

ചിങ്ങത്തിലെ മങ്ങിയ വെയിൽ നാളം ഉച്ച കഴിഞ്ഞിട്ടും ചൂട് പകരുന്നുണ്ട്. അക്ഷരജാലകം സംഘടിപ്പിക്കുന്ന കവിയരങ്ങ് മൂന്ന് മണിക്കാണ് തുടങ്ങേണ്ടത്. കവികൾ ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നുണ്ട്. നിസരി വാസുവിൻ്റെ ഓർക്കസ്ട്ര സ്വരം ചിട്ടപ്പെടുത്തുന്നുണ്ട്. സമയം ഒട്ടും വൈകരുതെന്ന കരുതലോടെ പ്രിയങ്ക കവിയരങ്ങിന് കുരവയിട്ടു. പിറകെ ഊഴമിട്ട് കവികൾ ഓരോരുത്തരായി പാടിയും പറഞ്ഞും നിറഞ്ഞ സദസ്സിനെ കൈയിലെടുത്തു.

ഒരു മണിക്കൂർ പിന്നിട്ടതോടെ കവിയരങ്ങിന് ഇടവേള നൽകി പുസ്തക പ്രകാശന ചടങ്ങിലേക്ക് കടന്നു. ദീർഘകാലം പ്രവാസിയായിരുന്ന സതീഷ് കാക്കരാത്തിൻ്റെ നാലാമത്തെ കൃതിയാണ് ‘ഞാൻ’ എന്ന കവിതാസമാഹാരം. അക്ഷരജാലകം ബുക്സാണ് പ്രസാധകർ.

പ്രകാശന ചടങ്ങിന് മുന്നോടിയായി വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് മൗന പ്രാർത്ഥന നടന്നു. പതിവിന് വിപരിതമായി കവിയെ തന്നെയാണ് സ്വാഗത പ്രസംഗം നടത്താൻ ചുമതലപ്പെടുത്തിയത്. സാധാരണയായി കാര്യപരിപാടികളുടെ പരിസമാപ്തിയിൽ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ നോക്കി നന്ദി ആരോടു പറയേണ്ടൂ എന്ന അവസ്ഥയിലാണ് കൃതജ്ഞതക്കാരൻ്റെ ഊഴമെത്തുക. 

എഴുത്തുകാരന് പറയാനുള്ളത് ആദ്യം തന്നെ ആവട്ടെ എന്ന തീരുമാനപ്രകാരം  സതീഷ് കാക്കരാത്തിൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് കാര്യത്തിലേക്ക് കടന്നത്. കൊമേഴ്സ് പഠന വിഷയമാതും അക്കൗണ്ടൻ്റ് തസ്തികയിൽ ഗണിത ജീവിതം നയിച്ചതും മണലാരണ്യത്തിലിരിക്കുമ്പോഴും മലയാളത്തെ പുൽകിയതും മറ്റും സതീഷ് വിസ്തരിച്ചു തന്നെ പറഞ്ഞു.

അക്ഷരജാലകത്തിൻ്റെ സാരഥി ഹുസൈൻ തട്ടത്താഴത്തിൻ്റെ അധ്യക്ഷ ഭാഷണത്തിനുശേഷം പ്രമുഖ വാദ്യകലാകാരൻ പ്രൊഫസർ കലാമണ്ഡലം ചന്ദ്രൻ, വാഴയിലയിൽ പൊതിഞ്ഞ ‘ഞാൻ’ എന്ന പുസ്തകം തുറന്ന് ജയശ്രീ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ദീർഘകാലം ജാതിവിവേചനം നേരിടുകയും ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്ത വാദ്യകലാകാരനാണ് പെരിങ്ങോട് ചന്ദ്രൻ. ഇന്നദ്ദേഹം കലാമണ്ഡലം വിസിറ്റിങ്ങ് പ്രൊഫസറും, ഫോക്‌ലോർ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിൽ അംഗവുമാണ്. ഞാൻ എന്ന അഹങ്കാരത്തോടെയാണ് പ്രതിസന്ധികളെ നേരിട്ടതെന്ന് കലാമണ്ഡലം ചന്ദ്രൻ പറഞ്ഞു. 

ഞാൻ എന്നത് കലയിലും സാഹിത്യത്തിലുമൊക്കെ സ്വയം അടയാളപ്പെടുത്തുന്ന ഒന്നാണ്. ജീവിതത്തിൻ്റെ കഷ്ടതയിലും തനിക്ക് മുന്നോട്ട് പോവാൻ ഊർജ്ജം തന്നത് വാദ്യകലാ രംഗമാണെന്നും, അവിടെ ഞാൻ  ഞാനായത് കഠിന  പ്രയത്നത്തിലൂടെയാണെന്നും, ഒരു കാലത്ത് തന്നെ അകറ്റി നിർത്തിയ പലരും തന്നെ ചേർത്ത് പിടിച്ചിട്ടുണ്ടെന്നും കലാമണ്ഡലം ചന്ദ്രൻ പറഞ്ഞു. നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെയാണ് കലാമണ്ഡലം ചന്ദ്രൻ്റെ വാക്കുകൾ ശ്രവിച്ചത്.

ടി.വി.എം.അലി പുസ്തക പരിചയം നടത്തി. തുടർന്ന് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 15 പേരെ പൊന്നാടയും മൊമെൻ്റോയും നൽകി ആദരിച്ചു. പിറകെ ആശംസകളും കവിതാലാപനവും തുടർന്നു. ഇന്ദുമാരാത്ത്, വത്സല ഞാങ്ങാട്ടിരി, സുരയ്യ യൂസഫ്, പ്രൊഫസർ സരള, പി.കെ സാജിത, എം.ബ്രഹ്മദത്തൻ, എം.രാമനുണ്ണി, കെ.ചന്ദ്രൻ, എം.പി മുകുന്ദൻ, ഡോ.കെ.സതീഷ് നാഥ്, ജയേന്ദ്രൻ മേലഴിയം, കെ.കെ പരമേശ്വരൻ, ഹരി കെ.പുരക്കൽ, എം.എസ്.ജിതു, താജീഷ് ചേക്കോട്, മോഹനൻ ഒതളൂർ, ബിപിനു ആറങ്ങോട്ടുകര, മനോജ് കറോളി, കെ.പി ഉണ്ണികൃഷ്ണൻ, അച്യുതൻ രംഗസൂര്യ, ഫിറോസ്, സിന്ധു, സതീഷ് കാക്കരാത്ത്  തുടങ്ങിയവർ സംസാരിച്ചു. പുസ്തക പ്രകാശനത്തോടൊപ്പം അനുമോദന സദസ്സും കവിയരങ്ങും നിസരി വാസു ടീമിൻ്റെ ഓർക്കസ്ട്രയും, പുസ്തക പ്രദർശനവും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന പരിപാടിക്കിടയിൽ ചുടുചായയും ഇല അടയും ഇടം പിടിച്ചു. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ആദ്യാവസാനം ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് നാട്ടറിവ് ദിനം

നാട്ടറിവുകളുമായി കണക്കനാര്‍പ്പാട്ട് !

ഇന്ന് ലോക നാട്ടറിവ് ദിനമാണ്. മനുഷ്യന്‍ നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ നേടിയെടുത്ത നാട്ടറിവുകളെ സംരക്ഷിക്കുകയെന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. ഗ്രാമീണ ജനതയുടെ അറിവുകളാണ് നാട്ടറിവുകള്‍. കൃഷി, വിശ്വാസം, ആചാരം, സംസ്കാരം തുടങ്ങിയവയൊക്കെ ഇവയില്‍ ഉള്‍പ്പെടും.

നാട്ടറിവുകളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് കാര്‍ഷിക രംഗത്തെ അറിവുകള്‍. നൂറ്റാണ്ടുകളുടെ അനുഭവ സമ്പത്താണ് കാര്‍ഷിക രംഗത്ത് മനുഷ്യനുളളത്. ആധുനിക കാര്‍ഷിക രീതികള്‍ക്കിടയിലും പാരമ്പര്യ കാര്‍ഷിക രീതികള്‍ പിന്തുടരുന്നവരുണ്ട്. അവരുടെ അടിസ്ഥാനം  നാട്ടറിവുകളാണ്. അത്തരത്തിലുളള നാട്ടറിവുകളുമായി ശ്രദ്ധേയമാവുകയാണ്  കണക്കനാര്‍പ്പാട്ട് എന്ന നാടന്‍പാട്ട്.

പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ കാര്‍ഷിക രംഗത്ത് പണിയെടുത്തിരുന്ന ജനവിഭാഗത്തിന്‍റെ തലവനായിരുന്ന കണക്കനാരെ കുറിച്ചുളള പാട്ടുകളാണ് കണക്കനാര്‍പ്പാട്ടുകള്‍. പഴയകാലത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍  വളരെ ലളിതമായി നാട്ടുവഴക്കങ്ങളിലൂടെ അവതരിപ്പിക്കുന്നവയാണ് കണക്കനാര്‍പ്പാട്ടുകള്‍.

കണക്കനാരെ വാഴ്ത്തുന്ന വാഴ്ത്തുപാട്ട്, വള്ളുവനാടന്‍ കലാരൂപമായ ചുവടുവെച്ചുകളിപ്പാട്ട്, ഉറക്കുപാട്ട്, കെട്ടിപ്പാട്ട് എന്നിങ്ങനെ പലവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കണക്കനാര്‍പ്പാട്ടുകള്‍ ഉണ്ട്. എന്നാല്‍ എല്ലാത്തിലും കൃഷിയും വയലും അനുബന്ധ തൊഴിലുമൊക്കെത്തന്നെയാണ് പ്രധാനമായി ഉളളത്‌.

പഴയ രീതിയില്‍ ചിട്ടപ്പെടുത്തിയവയാണ് കണക്കനാര്‍പ്പാട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കപ്പെട്ട ചില പാട്ടുകള്‍ക്ക്  വലിയ പിന്തുണയാണ്  ലഭിക്കുന്നത്. ഇത് ഇത്തരം പാട്ടുകളെ ഇന്നും ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നതിന്‍റെ തെളിവാണ്. അധ്യാപകനും എഴുത്തുകാരനുമായ താജിഷ് ചേക്കോട് ചിട്ടപ്പെടുത്തിയ കണക്കനാര്‍പ്പാട്ടുകള്‍ ശ്രദ്ധേയമാണ്. വി.കൃഷ്ണന്‍ അരിക്കാട്, ഒതളൂര്‍ മോഹനന്‍, വിജിഷ് കിഴൂര്‍ തുടങ്ങിയവര്‍ ഇത് വേദികളിൽ പാടുന്നുണ്ട്.

Thursday, 15 August 2024

കഥ / ബ്രഹ്മപദം

~~~~~~ ബ്രഹ്മപദം ~~~~~~

------ ടി.വി.എം. അലി ------

കടൽക്കരയിൽ കൊടും വെയിലിൻ്റെ തിരയിളക്കം കൊണ്ടാവാം ടൂറിസ്റ്റുകൾ അധികം പേരില്ല. കാറ്റാടി മരച്ചുവട്ടിൽ കാലപുരുഷന്റെ ആത്മാവ് അടയിരി ക്കുന്നു. തൊട്ടടുത്ത് ഒരു ഭാണ്ഡക്കെട്ട് കിടക്കുന്നുണ്ട്. വെന്തുരുകുന്ന മണൽ കൂനയിൽ എത്രയോ ദിവസമായി അത് കിടക്കുന്നു. വഴിയാത്രക്കാർ ഒട്ടേറെ പേർ ഇതുവഴി കടന്നുപോയിട്ടുണ്ടാവാമെങ്കിലും ആരും ഇത് കണ്ടതായി നടിച്ചില്ല. അത് വെറുമൊരു ഭാണ്ഡക്കെട്ടല്ലെന്ന് കടല വിൽപ്പനക്കാർക്കും ഐസ്ക്രീം പാർലർ ഉടമകൾക്കും അറിയാവുന്ന കാര്യമാണ്. എവിടെ നിന്ന്, എപ്പോൾ, എങ്ങനെ, എന്തിനയാൾ വന്നുവെന്നുമാത്രം ആർക്കും അറിയില്ല. ക്രിയാനാശം ബാധിച്ച മനസ്സും ശരീരവുമുള്ള ഒരു ജീവി എന്നേ എല്ലാവരും കരുതിയിട്ടുള്ളു. 

ശവാസനത്തിൽ നിന്നുണരുന്നതു പോലെ തിരമാലകൾ മന്ത്രജപങ്ങളുടെ ഉരുക്കഴിച്ച്, കരയിൽ വന്ന് ചിതറുന്നത്  അയാൾ അറിയുന്നുണ്ട്. ആ സാന്ത്വന സ്പർശത്തിന് ആഗ്രഹമുണ്ടെങ്കിലും പുതപ്പിൽ നിന്നെണീറ്റാൽ കൊത്തിതിന്നാൻ പറന്നെത്തുന്ന ഈച്ചകളെ ഭയന്ന് ശവാസനത്തിൽ തന്നെ കഴിയുന്നു. അയാൾക്ക് കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല. പ്രപഞ്ചത്തെ കാണാനാവുന്നില്ല. പൂർവ്വ ജന്മങ്ങളുടെ ശൈത്യം കണ്ണുകളെ മൂടിയിരിക്കുന്നു.

പൂർണ്ണ ബലവാനായിരുന്ന സൂര്യൻ്റെ ഭാവം എത്ര പെട്ടെന്നാണ് മാറിയത് എന്നറിയാൻ അയാൾ ശ്രമിച്ചുനോക്കി. ശനിയുടെ ദൃഷടി സൂര്യനെ പൊതിയുന്ന ഒരു ദിവസമുണ്ടെന്ന് ജാതകത്തിലുണ്ടല്ലൊ.

ജടപിടിച്ച തലയുടെ ഭാരം മുതുകിനെ നോവിപ്പിക്കുന്നതുപോലെ അയാൾക്ക് തോന്നി. ആമവാതം കൂടുകെട്ടിയ കാൽമുട്ടുകളിൽ കാരമുള്ളുകൾ തറഞ്ഞു കയറുന്ന വേദനയുള്ളതുകൊണ്ട് നടക്കാൻ വയ്യ. ശരീരത്തിൽ അളിഞ്ഞ മുന്തിരിക്കുല പോലെയുള്ള വ്രണങ്ങളും, വിശപ്പും ദാഹവും വ്യഥയും ദുഷ്ചിന്തകളും പശ്ചാത്താപവുമെല്ലാം ചേർന്ന് അയാളെ വലക്കുന്നത് ആരറിയാനാണ്?

- ഏയ് ബാബുജി… നിങ്ങൾ ഇനിയും എണീറ്റില്ലെ? ഈ പൊരിവെയിലത്ത് എങ്ങനെയുറങ്ങാൻ സാധിക്കുന്നു… ശിവ ശിവ…

ആരോ ഉറക്കെ ചോദിക്കുന്നത് അയാൾ കേട്ടു. ആരാണത്? എവിടെയോ കേട്ടുമറന്ന സ്വരം പോലെ തോന്നി.

-നിങ്ങളാരാ..? സംശയ നിവാരണത്തിനായി ചോദിച്ചു.

മറുപടി പറയാൻ അരികിൽ ആരുമില്ലെന്ന് അറിഞ്ഞപ്പോൾ നിരാശയോടെ അയാൾ തിരിഞ്ഞു കിടന്നു. ചെവി മണലിൽ ചേർത്ത് കിടന്നപ്പോൾ കടലിരമ്പം ഹൃദയത്തിലേക്ക് അലച്ചെത്തി. ഈ സമുദ്രം പ്രപഞ്ചത്തിന്റെ  കണ്ണീരാണെന്ന് പൊടുന്നനെ അയാൾക്ക് വെളിപാടുണ്ടായി. തന്റെ മനസ്സിലും ഒരു സമുദ്രമുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു. 

അയാളുടെ മനസ്സ് പൂർവ്വപക്ഷത്തിലെ ഏഴാം ജന്മത്തിലേക്ക് പറക്കുന്നതു പോലെ തോന്നി. കടിഞ്ഞാണറ്റ കുതിരയാണ് മനസ്സ്. മുജ്ജന്മങ്ങളുടെ ചങ്ങലക്കണ്ണികൾ മാറാലപോലെ ദ്രവിച്ചു കിടക്കുകയാണ്. പൂർവ്വ പക്ഷത്തിൽ ജടപിടിച്ച കാടുണ്ട്. കാടിന്റെ നിറുകയിൽ ബലവാനായ സൂര്യന്റെ ചിങ്ങവെയിൽ ഉലാവുന്നു. 

കാട്ടിൽ മൃഗയാ വിനോദം നടത്തുന്ന യുവകോമളനും പരിവാരങ്ങളും. യുവകോമളന്റെ ശിരസ്സിൽ ദേശാധിപൻ്റെ കിരീടം. നെഞ്ചിൽ പരാക്രമത്തിന്റെ ഞാണൊലികൾ. കൈകളിൽ പായാൻ വെമ്പി നിൽക്കുന്ന അമ്പുകൾ. കൂടെ വന്ന പുരുഷാരത്തിന്റെ ആർപ്പുവിളികൾക്ക് നടുവിൽ ദേശാധിപൻ്റെ അഹങ്കാരം അണപൊട്ടാതിരിക്കുമോ? വിരലുകൾ വിട്ടകന്ന അസ്ത്രം കാടിന്റെ വസ്ത്രം തുളച്ച് എവിടെയോ ചെന്നുവീണു.

ജടപിടിച്ച കാടിന്റെ വന്യതയിൽ നിന്ന് ഒരാർത്തനാദം. പുരുഷാരത്തിൻ്റെ ആർപ്പുവിളികളിൽ അത് മുങ്ങിപ്പോയി. വന്യതയിൽ എന്താണ് സംഭവിച്ചതെന്ന് ആരും തിരക്കിയില്ല. ആരുടെ നെഞ്ചിലാണത് ചെന്നു തറച്ചതെന്നറിയാതെ ഇപ്പോഴും വീർപ്പുമുട്ടുന്നു.

-ഏയ് ബാബുജി... നിങ്ങൾ ഇനിയും എണീറ്റില്ലെ? വല്ലാത്തൊരു മനുഷ്യൻ. ശിവ ശിവ…

വീണ്ടും നേരത്തെ കേട്ട അതെ ശബ്ദം. അരികിൽ ആരുമില്ല; സമുദ്രത്തിന്റെ അലമുറ ഒഴികെ.

സാവകാശം അയാൾ എണീറ്റിരുന്നു. മുഖത്ത് സ്വപ്നഭംഗത്തിന്റെ ചുളിവുകൾ കൂടുതലുണ്ട്. ചുമലിലും മുഖത്തും നരച്ച ജട ഞാന്നുകിടന്നു. ദീർഘ നിശ്വാസമുതിർത്തുകൊണ്ട് അയാൾ തിരിഞ്ഞു കിടന്നു.

-മകനേ.. നിനക്കീ ഗതി വന്നല്ലോ? ഈ കൊടുംപാപിയുടെ വയറ്റിലാണല്ലോ നീ ജനിച്ചത്... വരും ജന്മത്തിലെങ്കിലും... 

പൂർവ്വപക്ഷത്തിൽ നിന്ന് അമ്മയുടെ തേങ്ങൽ കേൾക്കുന്നു. എല്ലാ അമ്മമാരും ഇങ്ങനെയാണല്ലോ. അവരെന്നും മക്കളെ ഓർത്ത് കണ്ണീർ വീഴ്ത്തുന്നു. അത് ഉപ്പായി കടലിൽ കലരുന്നു. പിന്നീടത് കുറുക്കി നമ്മൾ തന്നെ ഉപയോഗിക്കുന്നു. ഉപ്പുതിന്നവർ വെള്ളം കുടിക്കുന്നു. ചാക്രികമായ ഈ പ്രക്രിയക്ക് അവസാനമില്ലല്ലൊ!

ഒരു ജന്മത്തിനും ഒരമ്മയും ഉത്തരവാദിയല്ല; നിമിത്തം മാത്രമാണ്. എന്നിട്ടും ഓരോ അമ്മയും മക്കളെ ഓർത്ത് വിലപിക്കുന്നതെന്തിനാണ്?ഭർതൃവിയോഗത്താൽ മനം നൊന്തു പിടയുന്ന അമ്മയുടെ മുഖം പായൽ പോലെ അയാളുടെ കണ്ണിൽ ഊറിവന്നു.

അധികാരമാണ് അമ്മയെ വഴി പിഴപ്പിച്ചത്. ഞെട്ടലോടെ അയാൾ ഓർത്തു. എല്ലാ ദുഃഖങ്ങളുടേയും ഉറവിടം അധികാരമാണെന്ന് അമ്മ പറഞ്ഞത് ഇന്നും ഓർമ്മയിലുണ്ട്.

ദേശവാഴ്ച അന്യം നിന്നു പോകാതിരിക്കാൻ മുത്തശ്ശി കാണിച്ചു കൊടുത്ത വഴിയിലുടെയാണ് അമ്മ നടന്നത്. എല്ലാ വഴികളും അധികാരത്തിലേക്കുള്ള കുറുക്കുവഴികളായിരുന്നു. ഭർത്താവിന്റെ മുഖം മനസ്സിൽ ഘനീഭവിച്ചു കിടക്കുമ്പോൾ തന്നെ മറ്റൊരു പുരുഷൻ്റെ രേതസ്സ് ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവളായിരുന്നു അമ്മ!

അധികാരം അമ്മയെ വേശ്യയാക്കി. വംശം നിലനിർത്താൻ അവിഹിത ഗർഭം ധരിച്ച് പ്രസവിക്കേണ്ടിവന്നു. വൈധവ്യ ദുഃഖത്തിലും അന്യപുരുഷൻ്റെ കാമ വെറിക്കെറിഞ്ഞുകൊടുക്കാൻ മുത്തശ്ശിക്ക് എങ്ങനെ സാധിച്ചു? അവരും സ്ത്രീയായിരുന്നല്ലോ! അധികാരം സമൂഹത്തെ മൊത്തം ദുഷിപ്പിക്കുന്ന വിഷവൃക്ഷമാണ്. അയാൾ ഓർത്തു.

ജ്യേഷ്ഠൻ്റെ ഔദാര്യം കൊണ്ട് സിംഹാസനവും കിരീടവും നേടിയപ്പോൾ സൂര്യചന്ദ്രന്മാരെ വരുതിയിലാക്കിയ ലഹരിയായിരുന്നുവല്ലൊ തനിക്കും. ജാരസന്തതിയെപ്പോലെ പിറന്ന തനിക്ക് പിഴച്ചുപെറ്റ പെണ്ണിന്റെ ഭർത്താവാകേണ്ടി വന്നു. ജീവിതം ശാപങ്ങളുടെ ഘോഷയാത്രയാവാൻ അധികനേരം വേണ്ടിവന്നില്ല. 

അധികാരം നിലനിർത്താൻ എല്ലാം സഹിച്ചു. ഷണ്ഡനെന്നും വിഡ്ഢിയെന്നും പേരുദോഷവും സമ്പാദിച്ചു. നാണവും മാനവും നഷ്ടപ്പെട്ട ആ പഴയ ദേശാധിപൻ്റെ ആത്മാവ് ഏഴ് ലോകങ്ങൾ സഞ്ചരിച്ച് തന്നിൽ വന്നണഞ്ഞിരിക്കുകയാണെന്ന് ജോത്സ്യർ പറഞ്ഞപ്പോൾ അഹങ്കാരം കൊണ്ട് ആട്ടിയോടിച്ചതാണ്. പക്ഷേ ഇപ്പോൾ ഒരക്ഷരം പിഴക്കാതെ ചരിത്രം ആവർത്തിക്കുകയാണല്ലോ. 

-ഏയ് ബാബുജി... താങ്കളൊന്ന് എണീറ്റു വരൂ… 

അയാൾ ഞെട്ടലോടെ ആ ശബ്ദം കേട്ടു. എന്നീക്കാൻ ശ്രമിച്ചെങ്കിലും കാലുകൾ തൂങ്ങിയാടുന്നതുപോലെ. ഒരു പന്തയക്കുതിരപോലെ ഓടിയ കാലുകളാണല്ലൊ ഇത്...

-അമ്മേ ആരുടെ ആത്മാവാണ് എന്നെ പൊതിഞ്ഞിരിക്കുന്നത്... ഇപ്പോഴെങ്കിലും ഒന്ന് പറയൂ.... അയാൾ കരഞ്ഞു.

സൂര്യൻ കടലിൽ കലങ്ങി. അയാൾ സാവകാശം ഇഴഞ്ഞ്, തിരമാലകൾ പതയുന്നത് തൊട്ടറിയാനായി നീങ്ങി.  അയാൾ കൈകൾ നീട്ടിക്കിടന്നു. കൈകളിൽ ആരോ നിർമ്മാല്യം ചാർത്തി ഓടി മറയുന്നതുപോലെ തോന്നി.

പൊടുന്നനെ പൂർവ്വാശ്രമം മനസ്സിലേക്ക് ഓടിയണഞ്ഞു. ദേശാധിപന്റെ ചാരെ മദാലസ മാദകത്തിടമ്പുകൾ, സുഗന്ധം പൊഴിച്ച് മദമൊഴികൾ തൂവുന്നു. അനുപല്ലവി പോലെ പക്ഷികളുടെ രതിഗീതവും.

മോഹാരവത്തിന്റെ കാട്ടരുവികൾ തലതല്ലിപ്പായുന്നു. ഒരു ദേശത്തിന്റെ പൗരുഷം സമുദ്രമായി ഇരമ്പുന്നുണ്ട്. പ്രാണായാമത്തിന്റെ കെട്ടുകൾ അഴിഞ്ഞ് സിരകളിൽ മഞ്ഞുനിറയുന്നു. അത് ഒരു ശംഖിൽ വന്നുചേരുന്നു. മുതുകെല്ലിനുള്ളിലൂടെ അഗ്നി ഇഴഞ്ഞ് തലയോട്ടിയിലേക്ക് നീളുന്നു. തലച്ചോറിൽ ഏഴാം പത്മത്തിന്റെ ഇതളുകൾ വിടർന്ന് സായൂജ്യത്തിന്റെ നിർവ്യതി നുണയുന്നു. ഇങ്ങനെ എത്രയെത്ര യാമങ്ങൾ... കാലങ്ങൾ... 

ഓർക്കുമ്പോൾ കുളിര്കോരുന്നതു പോലെ അയാൾ പിടഞ്ഞു. ആ പിടച്ചലിൽ ജട പിടിച്ച മുടിക്കെട്ട് അഴിഞ്ഞു വീണു. ശരീരത്തിലെ ചുളിവുകളിൽ തിരയിളകി. ഹരിത ശിഷ്ട‌ങ്ങളിൽ ചെമ്പകത്തിൻ്റെ മദഗന്ധം നിറഞ്ഞു. ആകാശം കോടമഞ്ഞിൽ പൊതിഞ്ഞു. ഇരുൾ തിങ്ങിനിന്ന ശൈത്യരാവിൽ അയാളുടെ സിരാപടലങ്ങളിൽ ഓർമ്മകളുടെ അഗ്നി നിറഞ്ഞു. അതൊരു ഊർജ്ജ പ്രവാഹമായി അയാളെ ഉണർത്തി. 

അയാൾ ചാടിയെണീറ്റു. കടലിന്റെ ഉദരം പിളർത്തി അയാൾ ഓടി. തിരമാലപ്പുറത്തേറി വിഹായസ്സിലേക്കുയർന്നു. ആകാശത്തിൽ ആരോ അമ്മാനമാടുന്ന നക്ഷത്രക്കൂട്ടം അയാൾ കണ്ടു. അപ്പോൾ കണ്ണിന് നല്ല കാഴ്ച ഉണ്ടായിരുന്നു. 

പക്ഷേ പെട്ടെന്ന് തിരമാല പിളർന്ന് അയാൾ താഴേക്ക് വീണു. തിര പിൻവലിഞ്ഞപ്പോൾ അധികാരത്തോടെ ഒരുപറ്റം ഞണ്ടുകൾ ഓടിയെത്തി. അവ കൂട്ടം ചേർന്ന് അയാളുടെ ശരീരത്തിൽ ഇഴഞ്ഞു!

                 ∆∆∆

(ജനയുഗം ഓണപ്പതിപ്പ് 1998)

Saturday, 10 August 2024

സുഖദു:ഖ സ്പർശനങ്ങൾ

" വ്യഥ പോലറിവോതിടുന്ന സദ്ഗുരുവും

മർത്ത്യന് വേറെയില്ല താൻ "

സുഖദുഃഖങ്ങളെ സ്പർശിക്കുമ്പോൾ ഓർമ്മയിൽ തെളിഞ്ഞുവരുന്ന വരികളാണിത്. വർഷങ്ങൾക്കുമുമ്പ് ഏതോ പാഠപുസ്തകത്തിൽ കണ്ട പദ്യശകലം. ഓർമ്മപ്പിശകുകൾക്കിടയിലും അവ തെളിഞ്ഞു നിൽക്കുന്നു. വ്യഥാനുഭങ്ങളിലൂടെ ലഭിക്കുന്നത്ര ജ്ഞാനം മറേറതൊരു ഗുരുവിനും പറഞ്ഞുതരാൻ കഴിയില്ല എന്നാണല്ലൊ കവി പഠിപ്പിക്കുന്നത് !

ദുഃഖം അറിവാകുന്നു; എങ്കിൽ സുഖമോ? സുഖത്തെപ്പററി പലർക്കും പല വിധത്തിൽ പറയാനുണ്ടാകും. എനിക്കു തോന്നുന്നത്, അല്പായുസ്സുള്ള ഒരനുഭൂതി മാത്രമാണ് സുഖം എന്നാണ്. ഇതിന് അപവാദങ്ങളുണ്ടാകാം. മനസ്സിൽ ദുഃഖം ഒരു കൊടുങ്കാറ്റുയർത്തി വിടുമ്പോൾ സുഖം ഒരിളം തെന്നലായി കടന്നുവന്ന് ക്ഷണനേരം ആശ്വസിപ്പിച്ച് കടന്നു പോവുന്നു.

സുഖം പാതി ദുഃഖം പാതി എന്നു ചിലർ പറയാറുണ്ടല്ലൊ. ഇക്കാര്യം സമ്മതിച്ചുകൊടുക്കാൻ സ്വാനുഭവം അനുവദിക്കുന്നില്ല. ഇവ രണ്ടും ഒരിക്കലും സമമായിരിക്കില്ല എന്നാണ് എന്റെ വിശ്വാസം. ദുഃഖം ഒരു കമ്പിവലയുടെ ദൃഢത ഉൾക്കൊള്ളുമ്പോൾ, സുഖം ഒരു ചിലന്തിവലയുടെ ദുർബ്ബലത സ്വീകരിക്കുന്നു. ഇതാണ് സുഖവും ദുഃഖവും തമ്മിലുള്ള സാമ്യവും അന്തരവും!

കാലപ്പഴക്കങ്ങളുടെ തേയ്മാനത്തിൽ തീരാദുഃഖങ്ങൾ അസ്തമിച്ചെന്നു വരാം. എന്നാൽ സുഖമെന്ന പ്രതിഭാസത്തിന് കാലാതീതനായി വാഴാൻ കഴിയുന്നുമില്ല. ഷാജഹാൻ ചക്രവർത്തി തൻ്റെ മനസ്വിനിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച താജ്മഹൽ എന്ന ദുഃഖത്തിന്റെ പളുങ്കു കൊട്ടാരം നമ്മെ എതിരേൽക്കുന്നത് ഒരു സുഖവാസ കേന്ദ്രത്തിൻെറ പൊലിമയോടെയാണ്. ഷാജഹാന്റെ തീരാവ്യഥ കാലം മറന്നു കഴിഞ്ഞു. മുംതാസിന്റെ പ്രേമ സ്മരണകൾക്ക് മങ്ങലേററു. താജ്മഹലിൻെറ നിർമ്മാണ വേളയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ രക്തത്തിന് നിറം നഷ്ടപ്പെട്ടു. 

ശാസ്ത്രം സുഖമുള്ള നേട്ടമാണെങ്കിലും അതിലേറെ ദുഃഖമുളവാക്കുന്നതുമാണ്. സുഖഭോഗത്തിനും മാനവ പുരോഗതിക്കും വേണ്ടി ശാസ്ത്രം കഠിനാദ്ധ്വാനം ചെയ്തു കണ്ടുപിടിക്കുന്ന പലതും പിന്നീട് മനുഷ്യനെ തീരാദുരിതത്തിലാഴ്ത്തിയിട്ടുണ്ടല്ലോ. ലോകനന്മക്കായി ശാസ്ത്രം നൽകിയ സംഭാവനകൾ ഇന്നു മനുഷ്യ വർഗ്ഗത്തെ മാത്രമല്ല, ഭൂഗോളത്തെയും സംഹരിക്കാൻ ദുരുപയോഗപ്പെടുത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ഇന്നും ദുഃഖത്തിന്റെ തേങ്ങൽ

അടങ്ങിയിട്ടില്ല. വർത്തമാനകാല വാർത്തകൾ ലോക ജനതയെ സംഭീതരാക്കുന്നു. നാളെ പുലരും എന്ന വിശ്വാസം തന്നെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരമൊരു ചിന്ത നമ്മുടെ എല്ലാ സുഖങ്ങളെയും സംഹരിക്കുകയാണ്.

സമ്പദ്‌ഘടന ഒരളവുവരെ സുഖ ദുഃഖങ്ങളെ നിയന്ത്രിക്കാൻ പോന്നതാണ്. സമ്പത്തുള്ളവർ സുഖിക്കുകയും അതോടൊപ്പം തങ്ങളുടെ സമ്പത്ത് നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്താൽ ദുഃഖിതരാകുകയും ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ പ്രക്രിയ നിരന്തരം തുടരുന്നു. സമ്പത്തില്ലാത്തവർ അത് നേടാനുള്ള വെപ്രാളത്തിൽ തീവ്രവേദനയിലേക്ക് വലിച്ചെറിയപ്പെടുന്നു.

എന്നെങ്കിലും ഒരിക്കൽ സമ്പന്നനാകും എന്ന പ്രത്യാശ വ്യാമോഹമാണെങ്കിലും ചിലർക്കത് സുഖം പകരുന്നു. ഇത്തരമൊരു ജനത എന്നും ഭാഗ്യപരീക്ഷണങ്ങളുടെ ചൂഷണത്തിലും പ്രലോഭനങ്ങളിലും അടിമപ്പെട്ട് കഴിയുന്നു. സാമ്പത്തിക സമത്വത്തിലൂടെയല്ലാതെ, അത്തരമൊരു സമ്പദ് ഘടന  വാർത്തെടുത്താലല്ലാതെ സുഖദുഃഖങ്ങളുടെ വിടവ് തീർക്കാമെന്ന ധാരണ നിരർത്ഥകമാകുന്നു.

മന:ശാസ്ത്രപരമായ ചില കലാപങ്ങൾ യുവത്വത്തിന്റെ അസ്തിത്വത്തിനു നേരെ 'ഡെമോക്ലസ്സി'ന്റെ വാൾ പോലെ തൂങ്ങി നിൽക്കുന്നുണ്ട്. പടിഞ്ഞാറൻ നാടുകളിൽ അമിത സുഖ വാഴ്ചയിൽ കഴിഞ്ഞിരുന്നവർ ഭൗതിക ലോകത്തെ വെറുത്ത് സന്യാസത്തിലേക്കും ഹിപ്പിയിസത്തിലേക്കും നടന്നു നീങ്ങിയ കാഴ്ച കണ്ടതാണല്ലൊ! മറ്റു ചിലർ ദുഃഖത്തിന്റെ ശവക്കുഴിയിൽ നിന്നും കരകയറാൻ മയക്കു മരുന്നുകൾക്കടിമപ്പെട്ട്സ്വർഗ്ഗം പൂകുന്നു. അവർ ഈ ലോകത്തോടുള്ള ബന്ധം തന്നെ വിച്ഛേദിക്കുന്നു. വേറെ ചില നിരാശരർ രോഷാഗ്നിയുടെ തീപ്പന്തമേന്തി ആക്രമാസക്തരായിത്തീരുന്നു. 

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാഹോദര്യവും അപകടത്തിലാക്കുന്നതിനും ജനമനസ്സുകളിൽ അശാന്തി വിതക്കുന്നതിനും അവർ നിമിത്തമാകുന്നു.  ഇവിടെ ഒരു കാര്യം വ്യക്തമാണ്. നമ്മുടെ സമ്പദ് ഘടനയും മന:ശാസ്ത്ര കലാപങ്ങളും സുഖ ദുഃഖങ്ങളെ എത്രമേൽ സ്വാധീനിച്ചു, എത്രമേൽ തകിടം മറിച്ചു എന്നത് ഒരു ഗവേഷണ വിഷയമാവേണ്ടതുണ്ട്. ഇതുകൂടാതെ നമ്മുടെ പ്രകൃതിയും ഒരു കഥാപാത്രമാണ്. പ്രകൃതിയുടെ വികൃതികൾ എത്രപേരെയാണ് മരണത്തിലേക്കും 

പുനർജ്ജനിയിലേക്കും  എറിഞ്ഞുകൊടുത്തിട്ടുള്ളത്. ആഗോള താപനത്തിൻ്റേയും കാലാവസ്ഥാ വ്യതിയാനത്തിൻ്റേയും ഇരകളായി എത്ര ഭൂപ്രദേശങ്ങളാണ് നാമാവശേഷമായത്!വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂമികുലുക്കം, ഇടിമിന്നൽ, വരൾച്ച തുടങ്ങിയവയെ നാം ഭയപ്പെടുന്നു. തന്മൂലം ഉള്ള സുഖവും സമാധാനവും നഷ്ടപ്പെടുന്നു. അതുകൂടാതെ ആധുനിക യന്ത്രയുഗ സംസ്കാരത്തിന്റെ പൽച്ചക്രങ്ങൾക്കിടയിൽപ്പെട്ട് എത്രയോ പേർ മരിച്ചു ജീവിക്കുന്നു.

ഇത്രയും പ്രതിപാദിച്ചത് പൊതുവായ പ്രശ്‌നങ്ങളാണല്ലൊ. ഇനി വ്യക്തിപരമായി ഒരാളെ എടുത്ത് പരിശോധിക്കാം. എല്ലാ അമ്മമാരും പ്രസവ സമയത്ത് തീവ്രവേദന അനുഭവിക്കുന്നവരാണല്ലൊ. 

ജീവിതത്തിനും മരണത്തിനും നടുവിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ് അമ്മ നടന്നു നീങ്ങുന്നത്. ആ സമയത്ത് ദാമ്പത്യകാല നിനവുകളിൽ അവൾക്ക് പുളകം കൊള്ളാനാവുമോ? എന്തു തന്നെയായാലും പ്രസവ വേദന പോലും അമ്മയ്ക്കു സുഖമുള്ളതായിത്തീരുന്നു എന്നതല്ലേ വാസ്തവം? അങ്ങനെയല്ലായിരുന്നെങ്കിൽ ആ അമ്മ വീണ്ടുമൊരു സാഹസത്തിനും പുറപ്പെടുമായിരുന്നുവോ?

നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്കു സുഖ ദുഃഖങ്ങളെപ്പറ്റി എന്തറിയാനാണ്? വിശക്കുമ്പോൾ കരയുന്നു. വയറു നിറഞ്ഞാൽ ചിരിച്ച് കളിക്കുന്നു. ആ കുഞ്ഞിന്റെ സുഖദുഃഖങ്ങൾ അമ്മ മനസ്സിലാക്കി പ്രവർത്തിക്കുന്നു. ശൈശവത്തിൽ നിന്നും ബാല്യത്തിലേക്കും പിന്നീട് കൗമാരത്തിലേക്കും കാൽ ഊന്നുമ്പോൾ വ്യക്തമായ ഒരു ബോധം വളർന്നു കഴിഞ്ഞിരിക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം, വിവാഹം, ദാരിദ്ര്യം, രോഗം, കുടുംബം, വാർദ്ധക്യം എന്നിങ്ങനെയുള്ള കടമ്പകൾ ചാടിക്കടന്നു അവൻ (ൾ) മൃത്യു വരിക്കുന്നു. 

ആ അന്ത്യനിമിഷങ്ങളിൽ അവരിൽ അവശേഷിക്കുന്നത് ദു:ഖത്തിൻ്റെ നിഴലാട്ടമാണ്. ഒരായുഷ്കാലം കൊണ്ട് ജീവിതത്വര ആർക്കും അടങ്ങുന്നില്ല. വീണ്ടും പുനർജ്ജനിക്കാൻ കഴിയാത്തതിലുള്ള ദുഃഖം എത്ര വലുതാണ്. ''ശാശ്വതമൊന്നേ ദുഃഖം'' എന്നു കവി പാടുന്നത് അതുകൊണ്ടല്ലേ?

എൻെറ ഗതകാല മനോവ്യഥകൾ ഇന്നു സ്മരിക്കപ്പെടുമ്പോൾ, അന്നത്തെ വിങ്ങലും തേങ്ങലും തേഞ്ഞ് കനം കുറഞ്ഞ് ഒരു നേർത്ത സംഗീതമായി മാറിയിരിക്കുന്നു. അന്നത്തെ പൊട്ടിക്കരച്ചിൽ മാനസാന്തരങ്ങളിൽ മഞ്ഞുതുള്ളികളായി ഒലിച്ചിറങ്ങുന്നതു പോലെ തോന്നുന്നു. അവയെല്ലാം ചേർന്ന് ഒരു മാസ്മര ലോകത്തിലേക്ക്, സുഖദുഃഖ സാന്ദ്ര സംഗീത ലോകത്തേക്ക് നയിക്കുന്നു.

ഗതകാലത്തിലെ നാറുന്ന ജീർണതകൾ ഒരോർമ്മയിൽ പൂർണ്ണത നേടി അജീർണത പ്രാപിക്കുന്നു. ഇതുതന്നെ ഒരാശ്വാസമായി കരുതേണ്ടിയിരിക്കുന്നു. സുഖത്തിൻെറ തെന്നൽ ദുഃഖത്തിൻ്റെ കനലുകളെ ഊതിക്കത്തിക്കുന്നില്ല; അണയ്ക്കുന്നതേയുള്ളൂ. സൂര്യതാപ രശ്മികൾ ജീവജാലങ്ങളെ വളർത്തുകയും വാടിക്കുകയും ചെയ്യുമ്പോൾ, പൗർണമി രാവുകൾ ഇരുട്ടിനെ അകററുക മാത്രമല്ല; സഹൃദയൻ്റെ മനസ്സിൽ കവിത ചൊരിയുകയും ചെയ്യുന്നു. വൈരുധ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതി നിയമം പോലും ഇതായിരിക്കെ, ഏതെങ്കിലും ഒന്നിനെ മാത്രം പുണരാൻ ആർക്കാണ് കഴിയുക?

വെള്ളവും വെളിച്ചവും ഇല്ലാത്ത ഒരവസ്ഥ സങ്കല്പിക്കുക! അതുപോലെ തന്നെയായിരിക്കും സുഖദുഃഖങ്ങളില്ലാത്ത ജീവിതവും! 

(NB: 1981ൽ ആകാശവാണി (യുവവാണി) പ്രക്ഷേപണം ചെയ്തതും, പിന്നീട് 1984ൽ തൃശൂരിൽ നിന്ന് പുറത്തിറങ്ങുന്ന സഹൃദയവേദി മാസികയുടെ നവംബർ ലക്കത്തിൽ ഇടം പിടിച്ചതും)

/ടി.വി.എം അലി /