Friday, 26 June 2020

ദുരന്തനിവാരണമോ മണൽ കൊള്ളയോ?

ഭാരതപ്പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്തു തുടങ്ങിയതിനെതിരെ തൃത്താലയിൽ പ്രതിഷേധം തുടങ്ങി. ദുരന്തനിവാരണത്തിൻ്റെ മറവിൽ മണൽ കൊള്ളയെന്ന് ആക്ഷേപിച്ചാണ് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയത്.

ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് തടയണയിൽ അടിഞ്ഞുകൂടിയ മണൽ കോരി നീക്കുന്ന പ്രവൃത്തിക്കാണ്  സർക്കാർ അനുമതി നൽകിയത്. ഇതിനു വേണ്ടി പുഴയോരത്ത് താൽക്കാലിക ഓഫീസ് കെട്ടിടവും, സുരക്ഷാ ഗേറ്റും, നിരീക്ഷണ ക്യാമറയും നോ എൻട്രി ബോർഡും സ്ഥാപിച്ചു.

പ്രളയാനന്തരം വെള്ളിയാങ്കല്ല് തടയണയിൽ രൂപപ്പെട്ട മണൽത്തിട്ട നീക്കം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിലാണ് ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയായത്.
ഇവിടെ നിന്ന് 15000 എം.ക്യൂബ് മണലാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്.
മണൽ കോരി മാറ്റുന്നതിനുള്ള ജെ.സി.ബി സംവിധാനവും മറ്റും സജീവമാണ്.
മഴ ശക്തമാവുന്നതിനു മുമ്പ് പരമാവധി മണൽ കോരി മാറ്റാനാണ് ശ്രമം. 

ദുരന്ത നിവാരണ നിയമപ്രകാരമാണ് പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യുന്നത്‌. പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയിൽ ഒമ്പത് ഭാഗങ്ങളിൽ 35,380 എം.ക്യൂബ് മണൽ നീക്കാനാണ് പദ്ധതി.
പ്രധാനമായും സർക്കാരിൻ്റെ നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കാനാണ് മണൽ കോരുന്നതെന്നാണ് പറയുന്നത്. വെള്ളിയാങ്കല്ല് മുതൽ തവനൂർ വരെ
5644831.67 എം.ക്യൂബ് മണൽ മൂന്നു വർഷത്തിനകം നീക്കും. വെള്ളിയാങ്കല്ലിന് പുറമെ ഭാരതപ്പുഴയിലെ കൊച്ചിൻ പാലത്തിന് മുൻവശത്തുള്ള തടയണ, ചങ്ങണാംകുന്ന് റഗുലേറ്റർ എന്നിവിടങ്ങളിലേയും അടിഞ്ഞ് കൂടിയ മണൽ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ കോരി മാറ്റും.

അതേ സമയം വെള്ളിയാങ്കല്ല് തടയണയിലെ മണൽ നീക്കുന്നതിനെതിരെ ഭാരതപ്പുഴ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങുകയാണ്. പുഴയിൽ അങ്ങിങ്ങായി കാണുന്ന മണൽ തിട്ടകളാണ് പ്രളയകാരണമാകുന്നത് എന്ന വാദത്തിന്റെ മറവിൽ ഭാരതപ്പുഴയടക്കമുള്ള എട്ടു നദികളിൽ നിന്നും മണൽ വാരലിനുള്ള ശ്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ഭാരതപ്പുഴ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങുന്നത്  .

ഗ്രീൻ ട്രൈബ്യൂണലിന്റ ഉത്തരവു പ്രകാരം നിർത്തിവെക്കപ്പെട്ട മണലെടുപ്പ് ദുരന്ത നിവാരണത്തിന്റെ പേരിലാണ് ഇപ്പോൾ കോരി വിൽകാൻ ഒരുങ്ങുന്നത്.
ദുരന്ത നിവാരണത്തിന്റെ പേരിൽ മണലെടുത്ത് വിൽക്കാൻ അനുവദിക്കില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ശാസ്ത്രീയമായ രീതിയിൽ പാരിസ്ഥിതികാഘാതപഠനം നടത്താതെയും, പുഴയുടെ ഉപരിതല പരിപാലനം സമഗ്രമായി നിർവ്വഹിക്കാതെയുമുള്ള മണലെടുപ്പ് പുഴയുടെ ഭൗതികമായ നിലനില്പിനെ കൂടുതൽ അപകടപ്പെടുത്താനിടയുണ്ട് എന്നാണ് ആശങ്ക.

പ്രളയാനന്തരമുണ്ടായ ചില മണൽ തിട്ടുകളാണ് പ്രളയമുണ്ടാക്കിയത് എന്ന വാദവും വിചിത്രമാണ്. പുഴയിലെ മണൽ ഒരിടത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് ശക്തിയായ ഒഴുക്കിൽ നിക്ഷേപിക്കപ്പെട്ടതാണ് മണൽക്കൂനയായത്. വെള്ളപ്പൊക്കത്തിൽ  മണൽ ശേഖരം വർധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ കോരി എടുക്കുന്ന മണൽ പുഴയുടെ ഗർത്തങ്ങളിലേക്ക് നിക്ഷേപിക്കണമെന്നാണ് വാദം. പ്രളയത്തിൽ കൂമ്പാരമായ മണൽ ശേഖരം വീണ്ടും പ്രളയ ദുരന്തമുണ്ടാക്കുമെന്ന വാദം തനി അസംബന്ധമാണെന്നും ജലദോഷം മാറ്റാൻ മൂക്ക് മുറിക്കലാണിതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ദുരന്തനിവാരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ പുഴയിലെ പുൽക്കാടും മൺതിട്ടും നീക്കണം. രണ്ടു വർഷം മുമ്പ് തകർന്ന റഗുലേറ്ററിൻ്റെ സംരക്ഷണഭിത്തി പുനർനിർമിക്കണം. പറിഞ്ഞു പോയ ഷട്ടർ സ്ഥാപിക്കണം. പാലത്തിൻ്റെ തകർന്ന അടിത്തറ ഭദ്രമാക്കണം. ഇതൊന്നും പരിഗണിക്കാതെ കൂടിക്കിടക്കുന്ന പഞ്ചാര മണൽ കടത്തുന്നതാണ് ദുരന്തനിവാരണമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല.  അതു കൊണ്ടാന്ന് തുടർ പ്രക്ഷോഭ പരിപാടികൾ  നടത്തുന്നതിന്മെ തീരുമാനിച്ചതെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.

മൂന്നു പതിറ്റാണ്ടുകാലത്തെ അനിയന്ത്രിതമായ മണൽക്കൊള്ള മൂലം ഭാരതപ്പുഴയുടെ ഉൾത്തടം ശരാശരി മൂന്നു മീറ്റർ താണിട്ടുണ്ട് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ വസ്തുത പരിഗണിക്കുമ്പോഴാണ് പ്രളയ ശേഷം പുഴയിലങ്ങിങ്ങായി ഒരുക്കൂടിയ നാമമാത്രമായ മണൽതിട്ടകൾ പ്രളയകാരണമായിത്തീരും എന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാവുന്നത്  എന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

തൃത്താല വെള്ളിയാങ്കല്ല് മുതൽ കൂട്ടക്കടവ്
റഗുലേറ്റർ വരെ പുഴ രണ്ടായി പിളർന്ന നിലയിലാണ് കിടക്കുന്നത്. പതിറ്റാണ്ടുകളായി നടത്തിയ മണൽ കൊള്ളയാണ് പുഴയെ രണ്ടായി ഭാഗിച്ചത്. പുഴയുടെ മധ്യഭാഗത്ത് കനത്ത നട്ടെല്ല് പോലെ നാല്കി.മീറ്റർ നീളത്തിൽ ചരലും പുൽക്കാടും ഉയർന്നു നിൽക്കുന്നുണ്ട്. പുഴയുടെ ഇരു തീരങ്ങളിലൂടെയുമുള്ള കുത്തൊഴുക്ക് മൂലം കര ഇടിയുന്ന പ്രവണതയുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പുഴ ഗതി മാറി ഒഴുകിയതും കൂടല്ലൂരും ആനക്കരയും വെള്ളപ്പൊക്കത്തിൽ മുങ്ങിയതും പുഴയുടെ വിഭജനം മൂലം സംഭവിച്ചതാണ്. പ്രളയ ദുരന്തം ഒഴിവാക്കാനാണ് ലക്ഷ്യമെങ്കിൽ ഈ ഭാഗത്ത് മണൽതിട്ട നീക്കുകയാണ് വേണ്ടത്. അതിനു ശ്രമിക്കാതെ പഞ്ചാര മണൽ വിറ്റ് കാശാക്കാനാണ് നീക്കമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.
കഥ/


@@@  ഇര @@@

~~~~~~~~~~~~

ഒരു ദിവസം ഇരുൾ വീഴും മുമ്പ് തന്നെ അയാൾ കയറി വന്നപ്പോൾ അവൾക്ക് അന്ധാളിപ്പുണ്ടായി.
അവളുടെ കരുവാളിച്ച മുഖത്ത് ഒരു ചോദ്യ ചിഹ്നത്തിന്റെ ചുളിവ് അയാൾ കാണാതിരുന്നില്ല. അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വീണു കിടന്നിരുന്നു.
കണ്ണുകളിൽ ഇന്നോളം കാണാത്ത നിസംഗതയും.

അയാൾ മദ്യപിച്ചിട്ടില്ലെന്ന അറിവ് അവളെ വല്ലാതെ അത്ഭുതപ്പെടുത്തി. നെടുനാളത്തെ പ്രാർത്ഥനയുടെ ഫലമാവാം ഈ മാറ്റമെന്ന് അവൾ ആശ്വസിച്ചു.
രാത്രി ഏറെ വൈകി തെറിപ്പാട്ടു പാടി കടന്നു വന്ന് പുലഭ്യം പറഞ്ഞ് പ്രഹരിക്കുന്ന ഭർത്താവായിരുന്നല്ലൊ ഇന്നലെ വരെ അയാൾ!

ഒരു ദിവസം കൊണ്ട് അയാൾക്ക് എങ്ങിനെ മാറാൻ കഴിഞ്ഞുവെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല.
പിറ്റേന്ന് മറ്റൊരത്ഭുതവും കൂടി സംഭവിച്ചു. പുകവലി, പാൻപരാഗ്, ഹാൻസ്, മുറുക്ക് എന്നിവയും അയാൾ ഉപേക്ഷിച്ചു. ഇപ്പോൾ പിറന്നു വീണ കുഞ്ഞിനെ പോലെ അയാൾ ഉറങ്ങുന്നതു കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരാന്തലുണ്ടായി. ദിവസങ്ങൾ നീങ്ങുംതോറും അവൾക്ക് വേവലാതി വർധിച്ചു.

ഈശ്വരാ ഇയാൾ എന്തിനുള്ള പുറപ്പാടാണ്? അവൾ സ്വയം ചോദിച്ചു.
എല്ലാ ദുശീലങ്ങളും ഉപേക്ഷിച്ച ഈ മനുഷ്യൻ ദൈവദൂതനോ പുരോഹിതനോ ആയി മാറുമോ എന്ന് പോലും അവൾ ശങ്കിച്ചു.
അയാൾ തികച്ചും  അപരിചിതനായി മാറിയെന്ന് അവൾ വിലയിരുത്തി. എല്ലാറ്റിനേയും ത്യജിക്കാനുള്ള കഴിവ് ഇയാൾക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
ഇയാളെ ഉപേക്ഷിക്കാൻ മുമ്പ് പലവട്ടം ശ്രമിച്ചിട്ടും താൻ പരാജയപ്പെട്ട കാര്യം അവളിൽ തികട്ടി വന്നു. പക്ഷേ ഇപ്പോൾ പേടി തോന്നുന്നു. ദുശ്ശീലങ്ങൾ ത്യജിക്കാനുള്ള കഴിവ് അയാൾ നേടി കഴിഞ്ഞിരിക്കുന്നു.

ഒരു ദിവസം ഒന്നും പറയാതെ അയാൾ പടി ഇറങ്ങി പോകുമെന്നും തന്നേയും മക്കളേയും ഉപേക്ഷിക്കുമെന്നും അവൾക്ക് വെളിപാടുണ്ടായി.
ഇല്ല. തോറ്റു കൊടുക്കാനാവില്ല. അവൾ ഉറച്ച കാൽ വെപ്പുകളോടെ മേശവലിപ്പിൽ നിന്ന് നോട്ടുബുക്കെടുത്ത് നടുവിലെ താളുകീറി.
തല പെരുത്ത് പൊട്ടുമെന്ന് തോന്നി:
എല്ലാം ഉപേക്ഷിക്കാനുള്ള അങ്ങയുടെ പുറപ്പാട് എന്നെ വല്ലാതെ ആശങ്കയിലാക്കുന്നു. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ കേണപേക്ഷിച്ച കാലത്ത് താങ്കൾ ഒരു ധിക്കാരിയായിരുന്നു. ക്രമേണ ഞാൻ വഴങ്ങി. ഇണങ്ങിചേരാനുള്ള എന്റെ കഴിവിനെ താങ്കൾ പുകഴ്ത്തുകയും ചെയ്തു. ഇപ്പോൾ ആരുടേയും നിർബന്ധമില്ലാതെ ദുശീലങ്ങളെല്ലാം  ഉപേക്ഷിക്കാനുള്ള തീരുമാനം എന്നെ ഭയപ്പെടുത്തുന്നു.
അടുത്ത ഇര ഞാനാവാം എന്നും  ഭയപ്പെടുന്നു.
അങ്ങിനെ സംഭവിക്കുന്നതിനു മുമ്പ് ഞാൻ പോകുകയാണ്.

വാതിലടച്ച് അവൾ പുറത്തിറങ്ങി.
എഴുത്ത് നാലായി മടക്കി വാതിലിന്റെ നെഞ്ചിൽ വെച്ചു.
വൈകുന്നേരം അയാൾ വന്നപ്പോൾ വീട് ഉറക്കത്തിലായിരുന്നു. വെളിച്ചമോ ആളനക്കമോ കണ്ടില്ല.
കാറ്റു വീശിയപ്പോൾ വാതിലിന്റെ നെഞ്ചിൽ നിന്നടർന്നു വീണ കടലാസ് അയാൾ കണ്ടു.
ഇരുട്ടിന് കനം വെച്ചിരുന്നുവെങ്കിലും പുറത്തിറങ്ങിയപ്പോൾ എല്ലാ വഴികളിലും അയാൾ വലിച്ചെറിഞ്ഞതെല്ലാം വാരിപ്പുണരാൻ കാത്തു നിന്നിരുന്നു.

(2002 ൽ 'വെളിച്ചം'
ഗ്രാമ പത്രം പ്രസിദ്ധപ്പെടുത്തിയത്)

Sunday, 21 June 2020

~~~~~~~~~~~~~~~~~~~~~~~
മറക്കാൻ കഴിയുമോ മഴയോർമകൾ.
--------------   ടി.വി.എം.അലി  -------------
~~~~~~~~~~~~~~~~~~~~~~~

മഴയെ കുറിച്ച് വിചാരിക്കുമ്പോൾ എല്ലാം ഓർമകളിൽ നിറയുന്നത് കൈതക്കുളവും, കണ്ണൻ തോടും കണ്ണന്നൂർ കയവും പട്ടാമ്പി പുഴയുമാണ്.
എത്ര മഴ നനഞ്ഞാണ് കാലം കടന്നു പോയത് എന്ന് അളന്നു നോക്കാൻ ആവില്ല.
ഓരോ മഴയും ഓരോന്നായിരുന്നു.

ഒന്നും മറ്റൊന്നിനോട് ലയിക്കാതെ വേറിട്ടു നിൽക്കുന്ന മഴയോർമ്മകൾ. കുഞ്ഞുനാളിൽ മഴ നനയാൻ മോഹിച്ചു മുറ്റത്തിറങ്ങി നിൽക്കുമ്പോൾ അരുതാത്തത് എന്തോ ചെയ്ത അപരാധത്തിന്റെ പേരിൽ ഉടലിൽ ഈർക്കിൽ വീണ ചുവന്ന വരകൾ ഇപ്പോഴും മാഞ്ഞിട്ടില്ല.

ചെറിയൊരു വീടിന്റെ ഇടുങ്ങിയ മുറികളിൽ, ഓട്ടപ്പുരയിൽ നിന്ന് അടർന്നുവീണ മഴത്തുള്ളികൾ ചാണകം മെഴുകിയ തറയിൽ,
ഗോട്ടി കുഴികളാവുന്നത് നോക്കിയിരിക്കുമ്പോൾ മഴ കൗതുകമായിരുന്നു.

പടിഞ്ഞാറുനിന്ന് കുന്നിറങ്ങി വരുന്ന മഴയുടെ ഉന്മാദനൃത്തം ബാല്യത്തിൽ ആവേശമായിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന കാക്കയെപ്പോലെ കാറ്റിന്റെ താളത്തിനൊത്ത് കോലായിലേക്ക് വിരുന്നിനെത്തുന്ന തണുത്ത മഴയെ എങ്ങനെ മറക്കാനാണ്?

കണ്ണൻ തോട് കലങ്ങി മറിയുമ്പോൾ, തോർത്തിൽ പിടയുന്ന പരൽമീൻ ആയിരുന്നു മഴ. കൈതക്കുളത്തിന്റെ ആഴങ്ങളിൽ മുങ്ങാംകുഴി മുങ്ങുമ്പോൾ കാലിൽ ചുറ്റുന്ന നീർക്കോലി ആയിരുന്നു മഴ.

ഋതുഭേദങ്ങളിൽ, പല ഭാവങ്ങളിൽ, പരിഭവം പറഞ്ഞ് പെയ്തിറങ്ങിയത് പ്രണയ മഴയായിരുന്നു.

പതിറ്റാണ്ടുകൾക്കു മുമ്പ് 1970കളുടെ അന്ത്യപാദത്തിൽ കോവൈ നഗരത്തിൽ ജോലിചെയ്തിരുന്ന നാളുകളിൽ,
ഓർക്കാപ്പുറത്ത് പൊട്ടിവീണ പേമാരിയിൽ,
നിരത്ത് പുഴയായതാണ്
ആദ്യത്തെ പ്രളയ സ്മരണ.

പഴയ പുസ്തകങ്ങൾ വിൽക്കുന്ന യുനിവേഴ്സൽ ബുക്ക്സ്റ്റാളിന്റെ  മുന്നിൽ ചാക്ക് വിരിച്ച് അന്തിയുറങ്ങിയ ഒരു കാലമുണ്ടായിരുന്നു.
ഒരു രാത്രി പാതിര പിന്നിട്ടനേരത്ത് കാറ്റിനോടൊപ്പം പെയ്തിറങ്ങിയ ഉഗ്രമഴയെ ചെറുക്കാൻ ടാർപ്പായ വലിച്ചുകെട്ടിയിട്ടും രക്ഷയുണ്ടായില്ല.

കാനകൾ എല്ലാം നിറഞ്ഞ് നഗര മാലിന്യം മുഴുവൻ നിരത്തിലേക്ക് പൊങ്ങിയപ്പോൾ ടൗൺഹാളും, നവാബ് ഹക്കീം റോഡും, എം.എം.മാർക്കറ്റും പുഴയായി മാറിയിരുന്നു.
പുസ്തക കടയിൽ പ്രളയജലം വായന തുടങ്ങിയപ്പോൾ, തൊട്ടടുത്ത ഇരുമ്പു കടയിലേക്ക് മാറിനിന്ന് നേരം വെളുപ്പിച്ചത് എങ്ങനെ മറക്കാനാണ്?

കൗമാരത്തിൽ കാടിറങ്ങിവന്ന മഴക്കെല്ലാം നല്ല തണുപ്പായിരുന്നു.
എത്ര മൂടിപ്പുതച്ചാലും
മനസ്സിലേക്ക് കടന്നു വരുന്ന ശീത മഴ.
മഴയത്ത് കുടചൂടിയും ചൂടാതെയും നടക്കുന്നതായിരുന്നു ഏറെ ഇഷ്ടം.
ചൂരൽ കാലുള്ള
കാലൻ കുടയുമായി ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ നടന്നുനീങ്ങിയ 13 വർഷത്തെ മഴയായിരുന്നു നിറഭേദങ്ങളുടെ സംഗീത പെരുമഴ.

ഒരു കർക്കിടക മഴയിൽ പട്ടാമ്പി പാലത്തിലൂടെ നടന്നു പോയിരുന്ന വയോധികൻ കുടയോടൊപ്പം പുഴയിലേക്ക് പറന്നുപോയത് ഒരിക്കലും മറക്കാൻ കഴിയാത്ത മഴയോർമയാണ്. 
ആ സാധു മനുഷ്യന്റെ നിലവിളി ഇന്നും മഴയുടെ ആരവത്തോടൊപ്പം കേൾക്കാറുണ്ട്.
വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും കർക്കടക മഴ പെയ്യുമ്പോൾ ആ മനുഷ്യന്റെ നിലവിളിയാണ് മഴ. 
മഴയുടെ, കാറ്റിന്റെ സംഗീതം സീൽക്കാരമായി മാറുകയാണ് ഓർമകളിൽ.

പുഴയുടെ സമാന്തര നിരത്തിലൂടെ നടക്കുന്നതിനിടയിൽ ഒരു ഇടവപ്പാതി മഴയോടൊപ്പം കടന്നുവന്ന കാറ്റ് എന്റെ ചൂരൽ കാലുള്ള കുട തട്ടിയെടുക്കാൻ നടത്തിയ നീക്കം ചെറുക്കാൻ പൊരിഞ്ഞ പോരാട്ടം വേണ്ടി വന്നതും ഓർമയുണ്ട്. പാടത്തിന്റെ നടുവിലൂടെയുള്ള ടാറിട്ട റോഡിലൂടെ നടക്കുമ്പോഴാണ് ഇടവപ്പാതി, പുഴ കടന്ന് തിരിമുറിയാതെ ആർത്തലച്ചു വന്നത്.

വിശാലമായ വയലിലോ നിരത്തിലോ ആരും ഉണ്ടായിരുന്നില്ല. കാറ്റിന്റെ മൂളലും മഴയുടെ താളവും കാലൻ കുടയിൽ പതിച്ചു കൊണ്ടിരിക്കെ, കുട പൊങ്ങുന്നതു പോലെ തോന്നി. കുടയുടെ പിടിവിടാത്തതിനാൽ എന്റെ കാലുകളും തറയിൽ നിന്ന് പൊങ്ങുകയാണോ എന്നൊരു സംശയവും ഉണ്ടായി. സംഗതി പന്തിയല്ലെന്ന് ബോധ്യമായപ്പോൾ  നടന്നുകൊണ്ടിരുന്ന ഞാൻ തറയിലിരുന്നു. നിലത്ത് കുത്തി നിർത്തിയ കാലൻ കുടക്കീഴിൽ അങ്ങിനെ അല്പനേരം ഇരുന്നപ്പോൾ  കരിമ്പനകളെ വിറപ്പിച്ച കാറ്റിന്റെ സീൽക്കാരമായിരുന്നു മഴ. 

പിന്നീട് മഴയോർമകൾ പെയ്തിറങ്ങുന്നത്  ഓലമേഞ്ഞ ഷെൽട്ടറിലേക്കാണ്.
അഭയാർത്ഥിയെപ്പോലെ കഴിഞ്ഞിരുന്ന 1980കളിലായിരുന്നു നാട്ടിലെ ഷെൽട്ടർ ജീവിതം. അന്ന് ഓരോ മഴക്കാലവും യുവമിഥുനങ്ങളുടെ കദനമായിരുന്നു മഴ.

വേനലിൽ കെട്ടിമേയാത്തതിന്റെ പരിഭവത്തിൽ ഓട്ട വീണ പനമ്പട്ടകളിൽ നിന്ന് ഊർന്നിറങ്ങിവന്ന മഴനാരുകൾ മുറി നിറയുമ്പോൾ തല നനയാതിരിക്കാൻ
കാൽ ഇളകിയ ബെഞ്ചിന്റെ
താഴെ നേരം വെളുപ്പിച്ച യുവമിഥുനങ്ങളുടെ കണ്ണീർ മഴ തോർന്നതെന്നാണ് ?

വർഷങ്ങൾക്ക് ശേഷം 2018 ഡിസംബർ 30ന് പുലരിയിൽ മുന്നൊരുക്കമോ അലർട്ടുകളോ
അകമ്പടിയില്ലാതെ നേരിയ മഴക്കൊപ്പം നങ്കൂരമിട്ട ചുഴലി കാറ്റിൽ ആകാശത്തോളം പൊങ്ങിയ മഞ്ചാടി മരത്തിന്റെ കൊമ്പ് അടർന്നുവീണതും വീട് ഭാഗികമായി തകർന്നതും അത്ഭുതകരമായി മൂന്ന് ജീവനുകൾ പോറലൊന്നുമേൽക്കാതെ രക്ഷപ്പെട്ടതും പ്രകൃതിയുടെ കാരുണ്യമല്ലാതെ മറ്റെന്താണ് ?

അവിടംകൊണ്ട് അവസാനിക്കുന്നില്ല മഴയോർമ്മകൾ.
2019 മെയ് 17ന് രാത്രി ഓർക്കാപ്പുറത്ത് പെയ്ത വേനൽ  മഴയും അകമ്പടി വന്ന കാറ്റും ഭീകര താണ്ഡവമാടിയത് ഭീതിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
രാത്രി അത്താഴം കഴിക്കുന്ന നേരത്താണ് വേനൽമഴ വിരുന്നു വന്നത്.
കൂടെ വന്ന കാറ്റിന് ആയിരം കൈകളുണ്ടായിരുന്നു. ഓടിട്ട വീടിന്റെ ദ്വാരങ്ങളിലൂടെ തത്തിക്കളിച്ച കാറ്റ് ഓടുകൾ
ഓരോന്നും പുറത്തേക്ക് എറിഞ്ഞ് രസിച്ചു. പരിസരത്ത് നിന്നിരുന്ന തേക്കും തെങ്ങും കവുങ്ങും മുരിങ്ങയും കാറ്റിൽ വിറകൊണ്ടു.

ഓടുകൾ പറന്നു വീഴുന്നതും മഴ വീടകം നിറയുന്നതും ഹുങ്കാര ശബ്ദത്തോടെ കാറ്റ് സീൽക്കരിക്കുന്നതും തീവ്ര മഴ പൊട്ടി വീഴുന്നതും ഭീതിയോടെ നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. നിമിഷങ്ങൾക്കകം വീട് ശിരസ്സിൽ പതിക്കുമെന്നും മൂന്നു മനുഷ്യജീവികൾ സമാധിയടയുമെന്നും മനസ്സിലുറപ്പിച്ച് നിൽക്കെയാണ് വധശിക്ഷ കാത്തു കഴിയുന്നവരെ വെറുതെ വിട്ടതു പോലെ കാറ്റും മഴയും ദയാദാക്ഷിണ്യത്തോടെ പിൻവാങ്ങിയത്.
ഒരു ഓട് പോലും ശിരസ്സിലേക്ക് ഇടാതെ എല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ കാറ്റിന്റെ കൈകളെ പഴിക്കുവതെങ്ങനെയാണ് ?

മഴ നൽകിയ നവരസങ്ങൾ എല്ലാം തകിടം മറിയുന്ന വർത്തമാന കാലത്ത്, 
പ്രളയ മഴയും തീവ്ര മഴയും നമുക്ക് പരിചിതമാവുകയാണല്ലോ. പ്രണയമഴ പ്രളയമഴയായും മരണമഴയായും പരിണമിക്കുമ്പോഴും, മഴയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാനാവില്ലല്ലോ.

ആകാശത്തിന്റെ ഗർഭപാത്രത്തിൽ ഒളിപ്പിച്ചുവെച്ച സമുദ്രങ്ങളെ കുറിച്ച് ചിന്തിച്ച് വിസ്മയിക്കുമ്പോഴും മനസ്സിനെ തണുപ്പിച്ച പവിഴ മഴയേയും, ജീവൻ നൽകിയ കാരുണ്യ മഴയേയും, ജീവ ജലത്തിന്റെ ജൈവ നീതിയേയും നമിക്കാതെ വയ്യ!

                     °°°°°°°°°°°°°°°

സൂര്യഗ്രഹണം

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ദൃശ്യമായി.

ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയ ഗ്രഹണമാണ് ദൃശ്യമായതെങ്കിലും കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ഭാഗിക ഗ്രഹണമാണ് അനുഭവപ്പെട്ടത്. കേരളത്തില്‍ 30 മുതല്‍ 40 ശതമാനം വരെ പരിപൂര്‍ണതയോടെ മാത്രമാണ് ഗ്രഹണം കാണാനായത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലാണ് ഗ്രഹണം ആരംഭിച്ചത്. ഉച്ചയ്ക്ക് 1.30നു മുന്‍പായി ഗ്രഹണം അവസാനിക്കുകയും ചെയ്തു. 

ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമായത്. പരമാവധി സൂര്യബിംബത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ മറയ്ക്കുന്ന ദൃശ്യമാണ് ലഭിച്ചത്. മഴക്കാലമായതിനാല്‍ പലയിടത്തും മേഘങ്ങള്‍ കാഴ്‌ച മറച്ചത് നിരാശക്കിടയാക്കി.

സൂര്യൻ അഗ്നി വലയം പോലെ പ്രത്യക്ഷപ്പെടുന്ന വാർഷിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ഉത്തരേന്ത്യക്കാർക്ക് അവസരമുണ്ടായി. സൂര്യഗ്രഹണം പകൽ വിവിധ ഘട്ടങ്ങളിൽ ദൃശ്യമായിരുന്നു.  സൂര്യഗ്രഹണത്തിന്റെ ആദ്യ ഘട്ടം രാവിലെ 9.16 ന് ആരംഭിച്ചപ്പോൾ ചിലയിടങ്ങളിൽ രാവിലെ 10.19 നാണ് ദൃശ്യമായത്. ഗ്രഹണം ഉച്ചയ്ക്ക് 2.02 ന് അവസാനിച്ചു. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഭാഗിക ഗ്രഹണമാണ് കാണാനായത്. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ഗ്രഹണ ദൃശ്യം മനോഹരമായിരുന്നു.
(Photo Courtesy: India Today)


Tuesday, 16 June 2020

വിസ്മൃതിയിലേക്ക്



പട്ടാമ്പിയിലെ ശാരദാ സമാജം വിസ്മൃതിയിലേക്ക്; ഗവ.താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ പൊളിച്ചുനീക്കും.

പട്ടാമ്പി റെയിൽവേ സ്റ്റേഷൻ്റേയും താലൂക്ക് ആസ്ഥാന മന്ദിരമായ മിനി സിവിൽ സ്റ്റേഷൻ്റേയും തൊട്ടരികിലുള്ള ശാരദാ സമാജം വിസ്മൃതിയിലേക്ക്. നഗരമധ്യത്തിലാണെങ്കിലും വിജനത അനുഭവപ്പെടുന്ന, നിഴലുറങ്ങുന്ന ഒരു തുണ്ട് ഭൂമിയാണിത്. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്കാരിക നായകരും പൊതുരംഗത്തുള്ള പ്രമുഖരും ഒത്തുകൂടിയിരുന്ന സാംസ്കാരിക കേന്ദ്രമായിരുന്നു ശാരദാ സമാജം.

1930-50കളിൽ വിദ്വാൻ സി.എസ്.നായർ, കല്ലന്മാർതൊടി രാവുണ്ണി മേനോൻ, വിദ്വാൻ ചാത്തുക്കുട്ടി എഴുത്തച്ഛൻ, ഉള്ളാട്ടിൽ ഗോവിന്ദൻ കുട്ടി നായർ, കെ.എൻ.എഴുത്തച്ഛൻ തുടങ്ങിയവരുടെ സാഹിത്യ, രാഷ്ട്രീയ ചർച്ചകൾക്ക് ചേർന്നിരിക്കാൻ പറ്റിയ സ്ഥലമായിരുന്നു സമാജം. അന്ന് കവിതയുടെ തലസ്ഥാനമായിരുന്നു പട്ടാമ്പിയെന്ന് മഹാകവി പി.കുഞ്ഞിരാമൻ നായർ വിശേഷിപ്പിച്ചിരുന്നു. കവികളെ കൂടാതെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ഇ.പി.ഗോപാലൻ, അസൈനാർ വൈദ്യർ, വെങ്ങാലിൽ കൃഷ്ണമേനോൻ, മഞ്ഞപ്ര കുഞ്ഞപ്പ മേനോൻ തുടങ്ങിയവരുടെ സാന്നിധ്യവും പതിവായിരുന്നു.

പുതിയ തലമുറകളുടെ കടന്നു വരവോടെ ശാരദാ സമാജത്തിനും മാറ്റങ്ങളുണ്ടായി. പട്ടാമ്പിയിലെ യുവാക്കൾ ചെസ്സും കാരംസും ബാഡ്മിൻറനും കളിക്കാൻ സമാജം ഉപയോഗിച്ചു. 1980കളിൽ കെട്ടിടവും കോമ്പൗണ്ടും ഭാർഗ്ഗവി നിലയമായി മാറി. തുടർന്ന് ഇ.പി.ഗോപാലനും, ഡോ.കെ.പി.മുഹമ്മദുകുട്ടിയും നേതൃത്വം നൽകിയിരുന്ന പട്ടാമ്പി വികസന സമിതി രണ്ടു തവണ പുനരുദ്ധാരണം നടത്തി. എന്നിട്ടും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. സാമൂഹ്യ വിരുദ്ധർ ചീട്ടുകളി കേന്ദ്രമാക്കിയതോടെ ശാരദാ സമാജത്തിൻ്റെ അവസ്ഥ കൂടുതൽ ദയനീയമായി.

ഈ ദു:സ്ഥിതിയിൽ നിന്ന് മോചനം ലഭിച്ചത് 15 വർഷം മുമ്പ് പട്ടാമ്പി പെയ്ൻ ആൻറ് പാലിയേറ്റീവ് ക്ലിനിക് ഇവിടെ പ്രവർത്തനം തുടങ്ങിയ ശേഷമാണ്. ശാരദാ സമാജം മികച്ച സാന്ത്വന കേന്ദ്രമായി മാറുകയും ചെയ്തു. തൊട്ടരികിലുള്ള പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയുടെ വികസനത്തിനു വഴിമാറുക എന്ന നിയോഗമാണ് ഇപ്പോൾ ശാരദാ സമാജത്തിനുള്ളത്.

നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി 99 ലക്ഷം രൂപ ചെലവിട്ട് ഇരുനില കെട്ടിടം പണിയാൻ കരാറായിട്ടുണ്ട്. താലൂക്ക് ആശുപത്രിയുടെ ഒ.പി. കം ഡയാലിസിസ് കെട്ടിടമാണ് ഇവിടെ പണിയുക. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇതിൻ്റെ മുന്നോടിയായി പെയ്ൻ ആൻറ് പാലിയേറ്റീവ് ക്ലിനിക് ബാങ്ക് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ശാരദാ സമാജം പൊളിച്ചുമാറ്റുന്നതോടെ പട്ടാമ്പിയുടെ ദേശ ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന ഒരടയാളമാണ് നാടുനീങ്ങുന്നത്.

Sunday, 7 June 2020

കോവിഡ് ബാലറ്റ്

കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്താൻ ഒരുക്കം തുടങ്ങി. 

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും. 
കോവിഡ് രോഗബാധ തുടരുകയാണെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചും മുൻകരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബർ 12ന് മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതിനാൽ തിരഞ്ഞെടുപ്പ് ഇനി നീട്ടിവെക്കാനാവില്ല.

സെപ്റ്റംബറിൽ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ടർപ്പട്ടിക അടുത്ത ദിവസം തന്നെ പ്രസിദ്ധപ്പെടുത്തും. 
അപേക്ഷകരിൽ ഇരട്ടിപ്പ് ഒഴിവാക്കിയും തെറ്റുകൾ തിരുത്തിയുമാണ് പട്ടിക പ്രസിദ്ധീകരിക്കുക. വീണ്ടും പിഴവുകൾ കണ്ടെത്തിയാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂർണമായും തിരുത്തും. പേരുചേർക്കാൻ ഒരിക്കൽക്കൂടി അവസരം നൽകും.

തെരഞ്ഞെടുപ്പിന് നാലര മാസത്തിലേറെ സമയമുണ്ട്. അപ്പോഴേക്കും കോവിഡ് ഭീതി മാറുമെന്നാണ് കരുതുന്നത്. കോവിഡ് ഒഴിഞ്ഞിട്ട് നടത്താനിരുന്നാൽ സമയത്ത് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകില്ലെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നാട് ഇളക്കിമറിച്ചും വീട് കയറി ഇറങ്ങിയും പ്രചാരണം നടത്താൻ കഴിയില്ല. വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് പ്രചാരണം ഒതുങ്ങും. 

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്. തദ്ദേശ സാരഥികളുടെ സംവരണത്തിലും, വനിത, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിലും ഇത്തവണ മാറ്റമുണ്ടാവും. അതേ സമയം വാർഡ് വിഭജനം ഉണ്ടാവില്ല. ഏഴു ജില്ലകൾ വീതം രണ്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടത്തുക.

14 ജില്ലാപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 941 ഗ്രാമപ്പഞ്ചായത്ത്, 
86 മുനിസിപ്പാലിറ്റി, 6 കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പുതിയ ഭരണസാരഥികളെ കാത്തിരിക്കുന്നത്.