Monday, 26 August 2019

അതിജീവനത്തിന്റെ ചിറകിൽ ചിത്രശലഭങ്ങൾ.

ജോയ് കിഴക്കുംതല എഴുതിയ പ്രഥമ പുസ്തകം മുല്ലമൊട്ടുകൾ വായനക്കെടുത്തപ്പോൾ ഓർത്തെടുത്തത് പഴയൊരു ചങ്ങാത്തത്തിന്റെ മാഞ്ഞു പോകാത്ത സുഗന്ധമാണ്. മറവിയുടെ അടിത്തട്ടിളക്കി പൊടിഞ്ഞു വന്ന ഒരു ആത്മബന്ധത്തിന്റെ ഉറവ ഞങ്ങൾക്കിടയിലുണ്ട്.

2015 ഒക്ടോബറിൽ എന്നെ തേടിയെത്തിയ ഒരു ഇൻലന്റ് ലറ്ററിലാണ് ജോയ് മാത്യു ആദ്യം കടന്നു വരുന്നത്.
രണ്ടര പതിറ്റാണ്ടു മുമ്പ് തൃശൂർ മുല്ലശ്ശേരിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന 'ലൈഫ്' മാസികയിൽ ജീവനക്കാരനായിരുന്നു ജോയ് മാത്യു.
1993 ജനുവരി മുതൽ ഏപ്രിൽ വരെ ഞാനും മാസികയുടെ എഡിറ്റോറിയൽ വിഭാഗത്തിൽ സഹായിയായി ഉണ്ടായിരുന്നു.
പ്രസാധന രംഗത്ത് മാനേജ്മെന്റിന്റെ പരിചയക്കുറവും കെടുകാര്യസ്ഥതയും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനം അടച്ചു പൂട്ടുമെന്ന് ബോധ്യമായപ്പോൾ എന്റെ സേവനം അവസാനിപ്പിച്ച് ഞാൻ തിരിച്ചു പോന്നു. അന്ന് ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്നവരെല്ലാം നിസ്വാർത്ഥരും നിഷ്കളങ്കരുമായിരുന്നു. അതു കൊണ്ടു തന്നെ എന്റെ പിന്മാറ്റം അവരെ പ്രയാസത്തിലാക്കുകയും ചെയ്തിരുന്നു.
എന്റെ പക്കൽ മാന്ത്രിക വടിയൊന്നും ഇല്ലാത്തതിനാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ 'ലൈഫി'നെ കൈ പിടിച്ചുയർത്താൻ സാധിക്കുമായിരുന്നില്ല.

മൂന്നു മാസത്തെ മുല്ലശ്ശേരി വാസത്തിന്റെ വാസന നിറഞ്ഞ കത്തിലൂടെ ജോയ് മാത്യു നിരത്തിവെച്ചത് ജീവിത യാഥാർത്ഥ്യങ്ങളുടെ കണ്ണീർ പൂക്കളായിരുന്നു. 2013ൽ ഒരു സ്ട്രോക്ക് വന്നതും മൂന്ന് മേജർ സർജറിക്ക് വിധേയനായതും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതും ശയ്യാവലംബിയായി കഴിയുന്നതുമെല്ലാം എഴുതിയ കത്തായിരുന്നു അത്. അന്നു തന്നെ കത്തിൽ കാണിച്ച നമ്പരിൽ ഞാൻ ഫോൺ ചെയ്തു. കട്ടിലിൽ കിടന്നു കൊണ്ട് ഒട്ടേറെ നേരം ജോയ് മാത്യു സംസാരിച്ചു. പിന്നീട് ഫോൺ വിളി പതിവായി. നാലു വർഷമായി അത് തുടരുന്നു. ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോന്ന ജോയ് മാത്യുവിനോട് ഞാൻ എഴുതാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എഴുതാൻ ഒട്ടനവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. വിദ്യാർത്ഥികളായ മകൻ അമലും മകൾ അലീനയും ജോയ് മാത്യുവിന് സഹായികളായി കൂടെ നിന്നു. അങ്ങിനെ ജോയ് മാത്യു ക്യാപ്സൂൾ കഥകൾ എഴുതി തുടങ്ങി. എഴുത്തിന്റെ വിശേഷങ്ങൾ, കഥയുടെ ഗുണപാഠങ്ങൾ, അച്ചടിയുടെ പുരോഗതികൾ തുടങ്ങിയ കാര്യങ്ങൾ പലവുരു എന്നെ ഫോണിൽ വിളിച്ചറിയിച്ചു കൊണ്ടിരുന്നു.

ഒടുവിൽ അത് സംഭവിച്ചു. ശയ്യാവലംബിയായ ഒരു എഴുത്തുകാരൻ മുല്ലമൊട്ടുകളുടെ സൗരഭ്യവുമായി വായനക്കാരുടെ മുന്നിൽ എത്തിയിരിക്കുന്നു. പ്രകൃതി സ്നേഹിയായ ജോയ് മാത്യുവിന്റെ പുസ്തകത്തിലെ എഴുത്തിനും ചിത്രത്തിനും നിറം പച്ചയാണ്. ഓരോരുത്തർക്കും ഓരോ നിയോഗമുണ്ടെന്ന് കരുതുന്ന ജോയ് കിഴക്കുംതല, മനോഹരമായ പ്രകൃതിയെ കാത്തു പരിപാലിക്കാനാണ് മനുഷ്യന്റെ നിയോഗമെന്ന് ഊന്നി പറയുന്നു. കാലികൾക്ക് പുൽക്കൊടി അന്നമാവുന്നതുപോലെ, പൂക്കൾ ശലഭങ്ങൾക്ക് മധു നൽകുന്നതു പോലെ, സഹജീവികൾക്ക് സന്തോഷം നൽകാൻ മനുഷ്യന് കഴിയണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.  വായനയുടെ വലിയ ലോകത്തിലേക്ക് ജോയ് മാത്യുവിനെ നയിച്ച ഗുരുനാഥൻ നാരായണൻ മാസ്റ്റരുടെ അവതാരികയോടെയാണ് കുറ്റിച്ചിറ പ്രകൃതി പബ്ലിക്കേഷൻസ് മുല്ലമൊട്ടുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

ഈ പുസ്തകത്തിലെ തിരി എന്ന ക്യാപ്സൂൾ കഥ നോക്കാം:
പ്രാർത്ഥനാ മുറിയിലെ മെഴുകുതിരി ചന്ദന തിരിയോട് പരിഭവിച്ചു. എനിക്കും പൊള്ളുന്നു, നിനക്കും പൊള്ളുന്നു. എന്നിട്ടും നീയെന്താ കരയുന്നത്?
മെഴുകുതിരി കണ്ണീരൊപ്പി പറഞ്ഞു: ഞാൻ കരഞ്ഞില്ലെങ്കിൽ ഈ മുറിയിൽ ഇരുട്ടാകും.

ഇതു പോലെയുള്ള കൊച്ചു കഥകളാണ് നൂറു പേജിലും സുഗന്ധം പൊഴിക്കുന്നത്. മുല്ലമൊട്ടുകൾ പുറത്തിറങ്ങിയതോടെ ജോയ് കിഴക്കുംതല സന്തോഷവാനാണ്.
തന്റെ നിയോഗം നിറവേറ്റാനായതിന്റെ സന്തോഷം.
അടുത്ത പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ജോയ് മാത്യു എന്ന ജോയ് കിഴക്കുംതല. അതിജീവനത്തിന്റെ പാതയിലൂടെ,
എഴുത്തിന്റെ കാണാപ്പുറങ്ങൾ തേടിയുള്ള ജോയ് മാത്യുവിന്റെ യാത്രക്ക് മംഗളം നേരാം.
ഫോൺ: 9744 400 303.

Thursday, 22 August 2019

ഒഴിഞ്ഞ ഇരിപ്പിടങ്ങൾ

സ്വാതന്ത്ര്യത്തിന്റെ 72 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും നമ്മുടെ കുട്ടികൾക്ക് ഭയം കൂടാതെ
പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. പെണ്‍കുട്ടികൾ തനിച്ചു യാത്ര ചെയ്യാൻ ഭയപ്പെടുന്നു.
ബസ്സുകളിൽ വിദ്യാർത്ഥിനികൾക്ക് ഇരിക്കാൻ അനുവാദമില്ല. ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാൻ
സഹയാത്രക്കാർ പറഞ്ഞാലും പെണ്‍ കുട്ടികൾ ഇരിക്കുകയില്ല. കേരളത്തിൽ എവിടെയും
ഇത്തരം കാഴ്ചകൾ കാണപ്പെടുന്നു. അവകാശ പോരാട്ടങ്ങളുടെ വീര ചരിത്രം രചിക്കുന്ന
വിപ്ലവ കേരളത്തിലാണ് പാരതന്ത്ര്യത്തിന്റെ ചങ്ങല കിലുങ്ങുന്നത്.
നിസാര കാര്യങ്ങൾക്ക്
പോലും അനിശ്ചിതകാല സമരം നടത്തുന്ന വിദ്യാർത്ഥി യൂണിയനുകൾ ഈ വക കാര്യങ്ങൾ
ഗൗനിക്കുന്നില്ല.
ബസ്റ്റാന്റുകളിൽ കുട്ടികൾ വെയിലും മഴയും അവഗണിച്ചു ബസിൽ
കയറിപറ്റാൻ ഊഴം കാത്തു നിൽക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും ഒരു പ്രതികരണ
സംഘടനയും കണ്ടതായി ഭാവിക്കുന്നില്ല.
ഒരു പൊലിസുകാരനും പെറ്റി കേസ് പോലും ചാർജ്ജു ചെയ്യുന്നില്ല.
എന്തു കൊണ്ടാണ് ഇങ്ങിനെ എന്ന് ആരും അന്വേഷിക്കുന്നുമില്ല.
സ്വാതന്ത്ര്യ സമര
ചരിത്രത്തിൽ ഉജ്വല മുഹൂർത്തങ്ങൾ രചിച്ച അമ്മു സ്വാമിനാഥനും, എ.വി.കുട്ടിമാളു അമ്മയും
ക്യാപ്റ്റൻ ലക്ഷ്മിയും, സുശീല അമ്മയും അങ്ങിനെ അനേകമനേകം വീരാങ്കനമാരും
പിറന്ന മണ്ണിലാണ് പേടിച്ചരണ്ട മാൻ പേട കണക്കെ ഇപ്പോൾ പെണ്‍ കുട്ടികൾ കഴിയുന്നത്‌.
ആണ്‍കുട്ടികളുടെ കാര്യവും വലിയ വ്യത്യാസമില്ല. ജനാധിപത്യവും പൗരാവകാശവും
തുല്യ നീതിയും ഉറപ്പു നൽകുന്നവർ ഇതൊന്നും അറിയുന്നില്ലേ?
നവകേരള നിർമിതിയെപ്പറ്റി
വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഈ വക കാര്യങ്ങളിലൊന്നും ഉൽക്കണ്ഠയില്ലേ?

Tuesday, 20 August 2019

കഥ/ ഉത്തമൻ


പുറത്തേക്കിറങ്ങുമ്പോള്‍ ഭാര്യയെ വിളിച്ച് ഉത്തമന്‍ പറഞ്ഞു: ഞാന്‍ ടൌണ്‍ വരെ പൂവ്വാണ്. വരാനിത്തിരി വൈകും..
മുറ്റമടിച്ചുകൊണ്ടിരുന്ന മാതു തലയുയര്‍ത്തി അവിശ്വസനീയ ഭാവത്തോടെ  ഭര്‍ത്താവിനെ നോക്കി: ഇത്രനേരത്തെ പോണോ? നല്ല മഞ്ഞ്ണ്ട്.....
അവള്‍ ഓര്‍മിപ്പിച്ചു.
ഓ..അതുസാരംല്ല്യാ....
ഇപ്പൊപ്പോയാ ആദ്യത്തെ  ബസ്സ് കിട്ടും.....ങാ... ഇന്നലെ വന്ന കത്തെടുക്കാന്‍ മറന്നു. അതിലാ വിലാസം.... 

ഉത്തമന്‍ തിരിച്ചുകയറാന്‍ തുടങ്ങും മുമ്പ് മാതു തടഞ്ഞു:
ഒരു വഴിക്കെറങ്ങ്യാ തിരിച്ചുകേറണ്ടാ....
കത്ത് ഞാനെടുക്കാം....

അലമാരയില്‍ കാണും ഒരു നീല കവറ്...
ഉത്തമന്‍ വിളിച്ചറിയിച്ചു.

ഞാറ് നടാന്‍ പണിക്കാര് വരുംന്നല്ലെ പറഞ്ഞത് ... കൂലി കൊടുക്കാന്‍ കാശ് വെച്ചിട്ടുണ്ടോ?
കത്തുമായി പുറത്തുവന്ന മാതു ചോദിച്ചു.

ഓ....അപ്പോഴേക്കും ഞാനിങ്ങെത്തും.
എന്റെ കുടയും മഫ്ളറും  കൂടി എടുത്തോളൂ.... അയാള്‍ ഉണര്‍ത്തിച്ചു.

ഇന്നെന്താ ഉത്തമേട്ടന് പറ്റ്യേത്.? ഭയങ്കര മറവിയാണല്ലോ..... കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ മാതു അഭിപ്രായപ്പെട്ടു.

പ്രായം കൂടി വര്വല്ലെ? ചിലതു ഓര്‍ക്കുമ്പോള്‍ വേറെ ചിലത് മറന്നു പോകും...
ഉത്തമന്റെ വര്‍ത്തമാനം മാതുവിനെ നന്നായി രസിപ്പിച്ചു.

അതു നല്ല കഥ...പ്രായം കൂടുന്തോറും മേക്കപ്പും കൂടുന്നുണ്ടല്ലോ......
പെണ്ണ് കാണാന്‍ പോണ ചെക്കന്റെ  മട്ടിലല്ലേ ഒരുങ്ങി പുറപ്പെട്ടിട്ടുള്ളത്.... ഇങ്ങനെ പോയാല്‍ എന്നേം മക്കളേം കൂടി മറന്നുപോവില്ലേ?

മാതുവിനെ ചൊടിപ്പിക്കാന്‍ നിൽക്കാതെ ഉത്തമന്‍ മഞ്ഞിലേക്കിറങ്ങി നടന്നു. ഇടവഴി വെളിച്ചം വീണിട്ടില്ല. മുളയിലകളില്‍ നിന്നിറ്റിറ്റു വീഴുന്ന മഞ്ഞുകണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഉത്തമന്റെ മനസ്സില്‍ എന്തെന്നില്ലാത്ത ചൂട് അനുഭവപ്പെട്ടു.
റോഡിലെത്തിയതും ബസ് വന്നു. സീറ്റില്‍ ഇടംപിടിച്ചപ്പോഴും ശരീരം വിയര്‍ക്കുകയായിരുന്നു.
മഞ്ഞു പാളികള്‍ വകഞ്ഞ് ബസ് പാഞ്ഞുകൊണ്ടിരുന്നപ്പോള്‍, വെള്ളിനൂലുകള്‍ ഞാത്തിയ ശീതക്കാറ്റ് ഉത്തമനെ പൊതിഞ്ഞു. നല്ല് തണുപ്പ് തോന്നി ഉത്തമന്.
മഫ്ളര്‍ എടുത്ത് ചെവിയടക്കം തലമറച്ചപ്പോഴാണ് കുളിര്‍ വിട്ടകന്നത്.

ഹൃദയത്തിന്റെ ചൂടേറ്റുറങ്ങുന്ന കത്ത് പോക്കറ്റില്‍ നിന്നെടുത്ത് ഉത്തമന്‍ ഒരാവര്‍ത്തികൂടി  വായിച്ചു:
പ്രിയപ്പെട്ട ഉത്തമേട്ടന്....
എന്നെ ഓര്‍മ്മയുണ്ടോ? ഞാന്‍ ഷബാന.
നിങ്ങളുടെ നാട്ടിലെ
ആ പഴയ കൃഷി ഡമോണ്‍സ്ട്രേറ്റര്‍ തന്നെ. എനിക്ക് അത്യാവശ്യമായി  ഉത്തമേട്ടനെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്.
താഴെ കാണുന്ന വിലാസത്തില്‍ ഒഴിവുകിട്ടുമ്പോള്‍ ഒന്നുവരണം. വിശ്വാസത്തോടെ ഷബാനു.

ഷബാനു എന്ന ഷഹര്‍ബാന്‍ മൂടല്‍മഞ്ഞുപോലെ ഉത്തമന്റെ കണ്ണില്‍ നിറഞ്ഞു. കൃഷി ഭവനിലെ മിടുക്കിയായ ഉദ്യോഗസ്ഥ. പ്രകൃതി കൃഷിയുടെ ആരാധിക.
മനസ്സില്‍ കൃഷിയും കവിതയും വിതച്ച്, തേന്‍മൊഴി തൂകി, പൂത്തുമ്പിയെപോലെ പാറിപ്പറക്കുന്ന വെളുത്ത മെലിഞ്ഞ പെണ്‍കുട്ടി: ഷബാനു.
 
രണ്ടോ മൂന്നോ വര്‍ഷം മുമ്പ്, തെളിഞ്ഞൊരു പ്രഭാതത്തിലാണ് ഷബാനു ഉത്തമനെ തേടിയെത്തിയത്. കഴനിപ്പാടത്ത് ഉത്തമന് പത്തുപറ പഴമണ്ണുണ്ടായിരുന്നു. കുറച്ചുകാലമായി അതു തരിശുനിലമാണ്.
സൗദി അറേബ്യയിലെ അല്‍കത്തിഫില്‍, വിശാലമായ ഈന്തപ്പനത്തോട്ടത്തില്‍ രാപ്പകല്‍ പണിയെടുത്ത്  മടുത്ത ഉത്തമന്‍ വിസ റദ്ദാക്കി നാട്ടില്‍ വന്ന സമയമായിരുന്നു. ഇനിയെന്തു ചെയ്യണമെന്ന് ഒരെത്തും പിടിയുമില്ലാതെ  നാളുന്തുകയായിരുന്നു. നാട്ടില്‍ അന്തസ്സുള്ളൊരു ബിസിനസ് തുടങ്ങണമെന്നായിരുന്നു മാതുവിന്റെ നിര്‍ദ്ദേശം. പക്ഷെ അതിനുള്ള ധൈര്യമൊന്നും ഉത്തമനുണ്ടായിരുന്നില്ല.

ഷബാനു സ്വയം പരിചയപ്പെടുത്തിയാണ് കയറിവന്നത്. കഴനിപ്പാടം തരിശിടുന്നതിനെ പറ്റിയാണ് അവള്‍ അന്വേഷിച്ചത്. 
എല്ലാ കൃഷിക്കാരും പറയുന്നതു പോലെ കൃഷി  ലാഭകരമല്ലെന്ന് ഉത്തമന്‍ തട്ടിവിട്ടു.
അതുകേട്ട് ഷഹര്‍ബാന്‍ ചിരിച്ചു. സാരിത്തലപ്പ് ശിരസ്സിലിട്ട് അവള്‍ കസേരയില്‍ ഇരുന്നു. വിദ്യാര്‍ത്ഥിക്ക് ട്യൂഷനെടുക്കുന്ന ലാഘവത്തില്‍ ഷബാനു പറയാന്‍ തുടങ്ങി:
ഉത്തമേട്ടാ.. കൃഷിയെന്നു പറഞ്ഞാല്‍ കാളയും കലപ്പയും വിത്തും കൈക്കോട്ടും മാത്രമല്ല. കൃഷി ഒരു ജീവിത രീതിയാണ്. അതൊരു ദര്‍ശനമാണ്. പ്രകൃതിയെ കാമിക്കുന്നവനാണ് യഥാര്‍ത്ഥ കര്‍ഷകന്‍. രാസവളവും കീടനാശിനിയും ഒന്നുമില്ലാതെ തന്നെ പാരമ്പര്യ കൃഷിരീതി സ്വീകരിക്കാം. അത് തികച്ചും ലാഭകരമാണ്.

ഷഹര്‍ബാന്‍ ചിങ്ങമഴപോലെ പെയ്തിറങ്ങുകയായിരുന്നു. പ്രവാഹം നിലയ്ക്കാത്ത കാട്ടുചോലകണക്കിന് അവളൊഴുകി. പുരയിടത്തില്‍ ഒരേക്ര  തരിശായിക്കിടന്നിരുന്നു. അതും ഷഹര്‍ബാന്റെ കണ്ണില്‍പെട്ടു:
ഇവിടെ ആരണ്യകം  ഉണ്ടാക്കണം.....
അതിലൊരു പര്‍ണ്ണാശ്രമം തീര്‍ക്കണം .....
മനുഷ്യന്‍ പ്രകൃതിയുടെ മടിയില്‍ കിടന്നുറങ്ങണം.

ഷബാനുവിന്റെ നിര്‍ദ്ദേശം കേട്ടപ്പോള്‍ തന്നെ മാതു പുച്ഛിച്ചുതള്ളി. ഷബാനുവിന് അരക്കിറുക്കാണെന്നായിരുന്നു മാതുവിന്റെ കണ്ടെത്തല്‍.
പക്ഷെ ഉത്തമന്റെ  മനസ് ചതുപ്പുനിലമായി മാറുകയായിരുന്നു.
ഈ മണ്ണില്‍ ഒരു പരീക്ഷണമാവാം എന്നുത്തമന്‍ ഉറപ്പിക്കുകയും ചെയ്തു. പിറ്റേന്നു തന്നെ ടൗണില്‍ ചെന്ന് കൈക്കോട്ടും പിക്കാസും അരിവാളും മഴുവും കൊട്ടയും വട്ടിയുമെല്ലാം വാങ്ങിവന്നപ്പോള്‍ അമ്പരന്നത് മാതുവായിരുന്നു. അമ്മയുടെ അമ്പരപ്പ് ഏറ്റു വാങ്ങിക്കൊണ്ട് രണ്ടുമക്കളും  മാതുവിന്റെ കോന്തലയില്‍ തൂങ്ങിനിന്നു.

എടവപ്പാതിയിലെ തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ മഴപെയ്തുകൊണ്ടിരുന്ന പുലരിയില്‍ ഉത്തമന്‍ കൈലിമുണ്ട് അരയില്‍ ഉറപ്പിച്ച്, തലയില്‍ തൊപ്പിക്കുട ചൂടി, കൈക്കോട്ട് തോളിലേറ്റി പറമ്പിലിറങ്ങി.
ഞാറ്റുവേലയുടെ മഹാത്മ്യത്തെപ്പറ്റി ഷബാനു പറഞ്ഞിരുന്നതെല്ലാം ഉത്തമന്‍ മന:പാഠമാക്കിയിരുന്നു.
ഞായര്‍ എന്നാല്‍ സൂര്യനാണെന്നും, വേലയെന്നാല്‍ കാലമാണെന്നും, ഒരിക്കല്‍കൂടി ഉത്തമന്‍ മനസ്സിലുരുവിട്ടു.
തിരുവാതിര ഞാറ്റുവേലയില്‍ ഉലക്ക നട്ടാല്‍ അതിനും വേര് വരും എന്ന് കേട്ടപ്പോള്‍ ഉത്തമന്‍ ശരിക്കും ഉന്മത്തനായി മാറി.
ഒരേക്ര പറമ്പിനെ അയാള്‍ നാല് കണ്ടമാക്കി തിരിച്ചു. ഒരു കണ്ടത്തില്‍ മരുതും, മാവും, പ്ലാവും, ആഞ്ഞിലിയും, വേപ്പും, കാഞ്ഞിരവും വളര്‍ത്താനായിരുന്നു നിശ്ചയിച്ചത്.
ഇവയെല്ലാം ജൈവസമ്പത്ത് പുഷ്ടിപ്പെടുത്തുമെന്ന് ഉത്തമന്‍ ഓര്‍ത്തു. മറ്റൊരു കണ്ടത്തില്‍ നാണ്യവിളകള്‍ നട്ടു. ഔഷധ സസ്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ബാക്കി ഭാഗങ്ങള്‍ നീക്കിവെച്ചു.
മഴവെള്ളം ചാലുകീറി പാഞ്ഞു. മണ്ണില്‍ ഉര്‍വ്വരതയുടെ നീരണിഞ്ഞ് ഞാഞ്ഞൂളുകളും കീടങ്ങളും പുളഞ്ഞു.
പ്രകൃതിയെ ഹിംസിക്കാത്ത തരത്തിലായിരുന്നു ഉത്തമന്റെ കൃഷി. പരിമിതമായ സ്വന്തം  മണ്ണില്‍ നിന്ന് ആഹാരം കണ്ടെത്തണമെന്ന് അയാള്‍ക്ക് വാശിയുണ്ടായിരുന്നു.
 
മണ്ണിളക്കാതെയും, കീടനാശിനിയും രാസവളങ്ങളും ഇടാതെയും, കളപറിക്കാതെയും ഉത്തമന്‍ കൃഷിചെയ്യുന്നതു കണ്ടപ്പോള്‍, പരമ്പരാഗത കര്‍ഷക പ്രമാണിമാരും കൃഷി വകുപ്പുദ്യോഗസ്ഥരും നെറ്റിചുളിച്ചു.
പാടശേഖര കമ്മിറ്റിക്കാരും കൂട്ടുകൃഷിക്കാരുമെല്ലാം ഉത്തമനെ ബഹുദൂരം അകറ്റിനിര്‍ത്തി. അതുകൊണ്ടു തന്നെ പമ്പുസെറ്റ്, കിണര്‍, ട്രാക്റ്റര്‍ സബ്സിഡികളൊന്നും ഉത്തമനെ  തേടിയെത്തിയില്ല. കൃഷിയുമായി പുലബന്ധമില്ലാത്തവര്‍ക്കുപോലും കര്‍ഷകോത്തമന്‍ ബഹുമതി നല്‍കി ആദരിച്ചപ്പോഴും അവര്‍ ഉത്തമനെ കണ്ടില്ലെന്ന് നടിച്ചു.

അതിനിടയില്‍ ചില കരുനീക്കങ്ങളും നടന്നു. ഉത്തമനെ പരീക്ഷണ മൃഗമാക്കി മാറ്റിയത് ഷഹര്‍ബാനാണെന്ന് ആക്ഷേപം ഉയര്‍ന്നു. കൃഷി വികസന ഓഫീസര്‍ക്കു ഇതു സംബന്ധിച്ച് ചിലര്‍ രഹസ്യ റിപ്പോര്‍ട്ട് നല്‍കി. പ്രകൃതികൃഷിയും  ജൈവകൃഷിയും പരിപോഷിപ്പിക്കേണ്ടത് ഷബര്‍ബാന്റെ ജോലിയില്‍പ്പെട്ട കാര്യമല്ലെന്ന് ഓഫീസര്‍ താക്കീത് നല്‍കി. രാസവസ്തു-കീടനാശിനിക്കമ്പനി ക്കാരും മോട്ടോര്‍ കമ്പനിക്കാരും മാസാമാസം നല്‍കുന്ന പാരിതോഷികം നഷ്ടപ്പെടുന്ന കാര്യം സങ്കല്പിക്കാന്‍ തന്നെ ചില കൃഷി വകുപ്പുദ്യോഗസ്ഥര്‍ ഭയപ്പെട്ടു.
കുറ്റകരമായ അനാസ്ഥ ആരോപിച്ച്, അധികൃതര്‍ ഷഹര്‍ബാനെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് പ്രതികാരം തീര്‍ത്തത്.

ട്രാന്‍സ്ഫര്‍ ഓര്‍ഡറുമായി ഷബാനു ഉത്തമന്റെ വീട്ടില്‍ വന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
ഉത്തമേട്ടാ നാളെ ......... ഞാന്‍ സ്ഥലം വിടും. അട്ടപ്പാടി ലോകത്തിന്റെ അങ്ങേയറ്റത്തൊന്നുമല്ലല്ലോ....അവിടെ എനിക്ക് പറ്റിയ മണ്ണ് ഞാനൊരുക്കും.
എന്റെ സ്വപ്നം ഞാനവിടെ മുളപ്പിച്ചെടുക്കും.
അതില്‍ കനകം വിളയുന്നത് കാണാന്‍ ഉത്തമേട്ടന്‍ തീര്‍ച്ചയായും വരണം. കളങ്കമറിയാത്ത കാടിന്റെ മക്കളുണ്ടവിടെ....
അവര്‍ എന്നെ സഹായിക്കും. സമയം കിട്ടുമ്പൊ നിങ്ങളെല്ലാവരും കൂടി എന്റെ ആരണ്യകത്തില്‍ വരണം....
അവളുടെ കണ്ണുകളില്‍ മഞ്ഞുണ്ടായിരുന്നു. നെഞ്ച് ക്രമാതീതമായി കിതക്കുന്നുണ്ടായിരുന്നു.
സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച്, ഷബാനു യാത്ര പറയുമ്പോള്‍ ഉത്തമന്റെ മനസ്സില്‍ കാടിളകിയതുപോലെ തോന്നി.
കാറ്റില്‍ കാടിന് കലിയിളകി.
വളരെ പണിപ്പെട്ടാണ് ഉത്തമന്‍ കാറ്റിനെ തളച്ചത്.
പടി ഇറങ്ങും മുമ്പ് പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ  അവള്‍ തിരിഞ്ഞു നിന്നു. യാചനാഭാവത്തില്‍ ഉത്തമനെ നോക്കി: ആരണ്യകത്തോട് യാത്ര പറയാന്‍ മറന്നു. നോക്കീട്ടുവരാം...
ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ ഉത്തമന്റെ ആരണ്യകത്തിലേക്ക് ഓടിപ്പോയി.

തഴച്ചു വളര്‍ന്ന ഹരിത നിബിഡതയിലേക്ക് ഉത്തമനും പിന്‍തുടര്‍ന്നു. വേലി ഇറമ്പില്‍ തഴവര്‍ഗത്തില്‍പ്പെട്ട ചെടികളും വള്ളികളും പൂക്കളും നിറഞ്ഞ കാനനഭംഗിയില്‍ അവള്‍ സ്വയം മറന്നു നിന്നു.
പൂത്തുമ്പികള്‍ അവളെ തിരിച്ചറിഞ്ഞു. കരിവണ്ടുകള്‍ അവളെ വലം വെച്ചു. അണ്ണാറക്കണ്ണന്‍മാരും ഓലഞ്ഞാലിക്കുരുവികളും അവളോട് സംസാരിക്കാന്‍ വെമ്പല്‍ കൂട്ടി.
ഏറെ നേരം മൗനം പൂണ്ടുനിന്ന അവള്‍ തിരിച്ചുനടന്നു. അപ്പോള്‍ അവളുടെ കണ്ണുകളില്‍ കാട്ടാറൊഴുകുന്നുണ്ടായിരുന്നു.
ഷബാന, എന്തായിത്?
കൊച്ചുകുട്ടിയെപ്പോലെ കരയുന്നോ?
ദൈന്യതയോടെ അവള്‍ ഉത്തമനെ നോക്കി. അയാളുടെ  ഹൃദയത്തില്‍ കടന്നലുകള്‍ ഇളകി.

ഈ കാടിനെ ഞാന്‍ വല്ലാതെ സ്നേഹിച്ചെന്ന് തോന്നുന്നു.....
സ്നേഹിക്കുന്നവര്‍ക്കല്ലെ ദു:ഖമുണ്ടാകൂ...
ഒരു തരത്തില്‍ ഞാന്‍ ഭാഗ്യവതിയാണ് ഉത്തമേട്ടാ.... കുറച്ചു കാലം ഇവിടെ ജോലി ചെയ്യാനും കുറെ നല്ല മനുഷ്യരെ പരിചയപ്പെടാനും സാധിച്ചല്ലോ. അതുമാത്രം മതി എന്നെന്നും ഓര്‍ക്കാന്‍...
അത്രയും പറഞ്ഞ് ആരണ്യകത്തില്‍ നിന്ന് കാലുകള്‍ പറിച്ചെടുത്ത് അവള്‍ നടന്നു.
 
കാലിനടിയില്‍ നിന്ന് വേരുകള്‍ പിഴുതുമാറ്റുമ്പോള്‍, വേദന അവള്‍ കടിച്ചമര്‍ത്തി.
അവള്‍ യാത്ര പറഞ്ഞതും, പെയ്തു തോരാത്ത കണ്ണുകള്‍ തമ്മില്‍ കോര്‍ത്ത് വലിച്ചതും ഉത്തമന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്.

കഴിഞ്ഞ വര്‍ഷം ഷബാനുവിന്റെ വിവാഹമായിരുന്നു ക്ഷണക്കത്തുകിട്ടിയെങ്കിലും ഉത്തമനു പോകാനായില്ല.
പിന്നീട് ഞാറ്റുവേലകള്‍ പലതും കടന്നുപോയി. ഓണവും വിഷുവും തിരുവാതിരയും ബക്രീദും ക്രിസ്തുമസും കടന്നുപോയി.
കത്ത് മടക്കി പോക്കറ്റിലിട്ട് ഉത്തമന്‍ ഓര്‍മ്മവിട്ടിറങ്ങി.
    മണ്ണാത്തിപ്പുഴയോരത്താണ് ഷബാനുവിന്റെ കൃഷിഭവന്‍. ബസ്സിറങ്ങി ജീപ്പില്‍ കയറി. പിന്നെ രണ്ടു നാഴിക നടക്കാനുണ്ടെന്ന് അവള്‍ എഴുതിയത് ഓര്‍മ്മയുണ്ട്.
ഉത്തമന്‍ നടന്നു. അക്കേഷ്യ പൂത്തുനില്‍ക്കുന്ന കാടിനുള്ളിലൂടെ  നടക്കുമ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ ഉത്തമനുതോന്നി.
ദൂരെ അട്ടപ്പാടി ഗിരിനിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ദൂരെയുള്ള മലഞ്ചെരുവില്‍ എത്താന്‍ തിടുക്കപ്പെട്ട് ഉത്തമന്‍ ഓട്ടം പിടിച്ചു.

മലയടിവാരത്തില്‍ തൊട്ടാവാടിപ്പൂക്കളുടെ  കാട്. ആ പൂങ്കാടിനു നടുവില്‍ ഒരൊറ്റയാന്‍ നില്‍ക്കുന്നതുപോലെ  കനത്ത പച്ചപ്പ്. അതിനു മുന്നില്‍ കൃഷിഭവന്റെ ബോര്‍ഡ് കണ്ടപ്പോള്‍ ഉത്തമന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു.
കാട്ടരുവിയുടെ  തെളിനീരില്‍ മുഖവും കാലും കഴുകി നിവര്‍ന്നപ്പോള്‍ ക്ഷീണം വിട്ടകന്നു. അപ്പോള്‍ കാടിന്റെ ആരവം കാതില്‍ മുഴങ്ങി. കാറ്റില്‍ മുല്ലപ്പൂക്കളുടെ മാദക ഗന്ധം. ബോര്‍ഡിനുമുമ്പില്‍ നോക്കുകുത്തി പോലെ ഒരാദിവാസി പയ്യന്‍. ഉത്തമനെ കണ്ടതും അവന്‍ പച്ചപ്പിനുള്ളിലേക്കു ഓടി. അവ്യക്തമായ ഒരു ഈണത്തില്‍ അവന്‍ ആരെയോ വിളിക്കുന്നു. അകത്ത് ഹാഫ് ഡോറിന്റെ തുരുമ്പിച്ച വിജാഗിരി കരയുന്നതു കേട്ടു. പിറകെ കോട്ടണ്‍ സാരിയുടെ  ഞൊറിവുകള്‍ ഉതിര്‍ക്കുന്ന മര്‍മ്മരം.
മുന്നില്‍ നിലാവ് പോലെ ഷബാനു...
കണ്ണില്‍ വിസ്മയവും ചുണ്ടില്‍ അണപൊട്ടിയ പുഞ്ചിരിയും.
വരൂ, ക്വാര്‍ട്ടേഴ്സിലിരിക്കാം.
അവള്‍ മുമ്പേ നടന്നു. അനുസരണയോടെ പിറകെ ഉത്തമനും.
മുല്ലവള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞ് തൊട്ടാവാടികളെ തൊട്ടുരുമ്മി അവര്‍ കെട്ടിടത്തിന്റെ പിന്‍വശത്തെത്തി. ശരിക്കും ഒരു പര്‍ണ്ണാശ്രമം തന്നെ. ചുമരില്‍ ‘ആരണ്യകം‘ എന്ന നെയിംബോര്‍ഡ് തൂങ്ങുന്നു.
ഇരിക്കൂ....
അവള്‍ ചൂരല്‍കസേര ചൂണ്ടി. അയാള്‍ കസേരയില്‍ അമര്‍ന്നു. മുറ്റത്ത് മുല്ലപ്പൂങ്കാട്. വെയിലത്ത് അവയെല്ലാം നക്ഷത്രങ്ങളായി മാറുന്നതായി തോന്നി. മുല്ലപ്പൂക്കളില്‍ നിന്ന് തേന്‍ നുകരുന്ന ശലഭങ്ങള്‍. പുക്കളുടെ ജീവിതം  ഇവിടെ സുരഭിലമാണെന്ന് ഉത്തമന്‍ ഓര്‍ത്തു.
ഉത്തമേട്ടാ.....ചായ.
മുന്നിൽ ഷബാന.
ഇത്ര പെട്ടെന്നോ?
അതിശയം തോന്നി. ഫ്ലാസ്കില്‍ വെച്ചിരുന്നു.
ഫ്ലാസ്ക്കെല്ലാം പ്രകൃതിവിരുദ്ധമല്ലേ? മണ്‍കുടത്തില്‍ വെച്ച മല്ലിക്കാപ്പി തരുമെന്നാ കരുതിയത്.

ഉത്തമന്റെ വിമര്‍ശനത്തിന് ചുട്ട മറുപടിയാണ് അയാള്‍ പ്രതീക്ഷിച്ചത്. പക്ഷെ അവളുടെ ചുണ്ടില്‍ ചതഞ്ഞ ഈന്തപ്പഴത്തിന്റെ ശോണിമയും മൗനവും മാത്രം. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവള്‍ വീട്ടുവിശേഷങ്ങളിലേക്ക് കടന്നു.
ചേച്ച്യേം കുട്ട്യേളേം കൂടി കൊണ്ടുവരാര്‍ന്നു ഉത്തമേട്ടന്.

കഴനിപ്പാടത്ത് പണിക്കാരുണ്ട്. എല്ലാവരും കൂടി പോന്നാല്‍ ശരിയാവൂല്ലാ....ഞാന്‍ ചെന്നിട്ട്  വേണം കൂലികൊടുക്കാന്‍. ഉത്തമന്‍ തന്റെ തിരക്കറിയിച്ചു.
അപ്പോ ഉത്തമേട്ടന് ഇപ്പോ തന്നെ പോണെന്നാണോ പറേണത് ?
അതെ...
ആട്ടെ എവിടെ നിന്റെ കെട്ടിയോന്‍?
പുള്ളിക്കാരന്‍ നാട്ടിലാ... മൂപ്പര്‍ക്ക് ഈ കാടൊന്നും അത്ര പിടിക്കിണില്ല്യാ..... ഇവിടെ നിക്കാനും  പുള്ളിക്ക് താല്പര്യംല്ല്യാ...

ഉത്തമന്‍ അവളെ വായിച്ചു. അവള്‍ പഴയ ഷബാനുവല്ലാ...
മേഘപാളിയില്‍ മറഞ്ഞുപോയ പൂര്‍ണ്ണനിലാവിന്റെ നിഴല്‍ മാത്രമാണവൾ.

ഷബാനു...
ഒന്നും പറഞ്ഞില്ലല്ലോ... എന്തിനാ എന്നോട് വരാന്‍ എഴുത്യേത്.?
ഉത്തമന്‍ ചോദിച്ചു.

ഒരുപാട് പറയാനുണ്ടായിരുന്നു. ഇപ്പൊ ഒന്നും ഓര്‍മ്മ വര്ണില്ലാ.. ഒന്ന് കാണണംന്ന് തോന്നിയതോണ്ടാ എഴുത്യേത്. ഇത്രേം ദൂരം പ്രയാസപ്പെട്ട് യാത്ര ചെയ്ത് ഉത്തമേട്ടന്‍ വന്നല്ലൊ.. അതുമതി.... എനിക്ക് സന്തോഷംണ്ട്. ഇനി കാണാന്‍ സാധിച്ചില്ലെങ്കിലോ എന്നായിരുന്നു എന്റെ പേടി....
മനുഷ്യാവസ്ഥയല്ലെ? ഒന്നും പറയാന്‍ പറ്റില്ലല്ലൊ...
അവളുടെ കണ്ണുകള്‍ കാട്ടാറായി. കവിളിലൂടെ കുതിച്ചുചാടി. അവള്‍ വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു.

എന്താ കുട്ടീ... ഇങ്ങനെയൊക്കെ..... കരഞ്ഞു തീര്‍ക്കാനുള്ളതല്ലല്ലൊ ജീവിതം. ഒരു പാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെയൊക്കെ ഈ ഭൂമിയിലേക്ക് പടച്ചുവിട്ടത്. നമ്മളതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയാണോ? ഷബാനു എനിക്കൊരു വഴി കാട്ടിതന്നു. ഞാനാ വഴിയിലൂടെ  ഏറെ ദൂരം നടന്നു. ഇപ്പഴും അതുതന്നെയാണ് എന്റെ വഴി. കുട്ടിക്കും അതുപോലെ ഒരു വഴിയുണ്ട്. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം, ഉദ്യോഗം ഇതെല്ലാം ചേര്‍ന്നതാണ് മോളെ നിന്റെ വഴി... ഒറ്റശ്വാസത്തിലാണ് ഉത്തമന്‍ പറഞ്ഞുതീര്‍ത്തത്.
ശരീരം വല്ലാതെ തണുക്കുന്നതായി ഉത്തമനറിഞ്ഞു.

എന്റെ ഭര്‍ത്താവ് ഒരു പാവമാണ് ഉത്തമേട്ടാ...
ഞാനദ്ദേഹത്തിന്റെ ഭാവി തുലച്ചൂന്നാ പറയ്ണത്. എനിക്ക് എന്റെ സമ്പ്രദായത്തില്‍ നിന്ന് ഒരിഞ്ച് വിട്ടുമാറാന്‍ കഴിയിണില്ല്യാ...
പിന്നെ ഞാനെന്താ ചെയ്യ്യാ...?

ഷഹര്‍ബാന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ ഉത്തമന്‍ വിഷണ്ണനായി. ഏറെ നേരം അയാള്‍ മൗനിയായി.
ഒടുവില്‍ ഇങ്ങനെ പറഞ്ഞു:
മണ്ണറിഞ്ഞ് വിത്തിടാന്‍ എളുപ്പം സാധിച്ചെന്ന് വരാം. പക്ഷെ മനസ്സറിഞ്ഞ് ജീവിക്കാനാണ് പ്രയാസം. എങ്കിലും അന്യോന്യം ആശയങ്ങള്‍ കൈമാറിയും പൊരുത്തപ്പെട്ടും ജീവിക്കാന്‍ ശീലിക്കണം.
ദാമ്പത്യമെന്നത് കൃഷിയെപ്പോലെ തന്നെ ഒരു ദര്‍ശനമാണ്. അതൊരു ജീവിതരീതിയാണ്.
വിട്ടു വീഴ്ച വേണ്ടിവരും. ഇതൊക്കെ ഞാന്‍ പറയാതെ തന്നെ കുട്ടിക്കറിവുള്ളതല്ലേ...

ഉത്തമന്റെ വാക്കുകള്‍ കേട്ട് ഷബാനു ചിരിച്ചു. പരിഹാസത്തിന്റെ മുള്ളുകള്‍ ചിരിയില്‍ തൂങ്ങിനിന്നിരുന്നു.

രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നത് പോലെയുള്ള വിട്ടുവീഴ്ച ദാമ്പത്യ ജീവിതത്തിന്  പറ്റുമോ ഉത്തമേട്ടാ..?മുഖമടച്ച് അടിയേറ്റതുപോലെ ഉത്തമന്‍ പുളഞ്ഞു. മനസ്സില്‍ ഒരായിരം വിഷക്കൂണുകള്‍ പൊട്ടിവിടര്‍ന്നതുപോലെ അയാള്‍ പിടഞ്ഞു.
എന്ത് പറയണമെന്നറിയാതെ ഉത്തമന്‍ ഉഴറി:
ഷബാനു.... എനിക്ക് തര്‍ക്കിക്കാന്‍ നേരമില്ലാ...
ഇപ്പൊ പുറപ്പെട്ടില്ലെങ്കില്‍ വീട്ടിലെത്താന്‍ വൈകും.....
അവിടെ മാതുവും കുട്ട്യോളും ഒറ്റക്കല്ലേയുള്ളൂ...

അയാള്‍ പര്‍ണാശ്രമത്തിന്റെ പടിയിറങ്ങി. പെട്ടെന്ന് വീട്ടില്‍ എത്താന്‍ അയാള്‍ ആഗ്രഹിച്ചു. അയാള്‍ നടവഴിയിലെത്തി.     

ഉത്തമേട്ടാ...
ഒന്ന് നിക്കണെ...
പിറകില്‍ നിന്നു ഷബാനു വിളിക്കുന്നത് കേട്ടു.
അയാള്‍ കാത്തുനിന്നു. ചിറകൊടിഞ്ഞ പൂത്തുമ്പിയായി അവള്‍ മുന്നിലെത്തി.

എന്തേ?
അയാള്‍ തിരക്കി.
തീക്ഷ്ണമായ ഒരു നോട്ടം അവളുടെ കണ്ണുകളില്‍ നിന്ന് പ്രവഹിച്ചു. പിന്നെ നിര്‍ന്നിമേഷയായി അവള്‍ തലതാഴ്ത്തി.
ഇല്ല്യാ.....ഒന്നുല്ല്യാ... ഉത്തമേട്ടന്‍ പൊയ്ക്കൊളൂ...

സഹതാപത്തിന്റെ ഒരു സമുദ്രം അയാളില്‍ അപ്പോള്‍ തിരയടിച്ചു. ഷബാനുവിനെ ഒന്നാശ്വസിപ്പിക്കാന്‍ പോലും തനിക്കായില്ലല്ലോ എന്ന കുറ്റബോധത്തിന്റെ തിരത്തള്ളലില്‍ അയാളുടെ കാലിടറി. അശാന്തമായ മനസ്സോടെ ഒന്നു തിരിഞ്ഞുനോക്കാന്‍ പോലുമാവാതെ ഉത്തമന്‍ മണ്ണാത്തിപ്പുഴയിലെത്തി.
മണ്ണാത്തിപ്പുഴയുടെ  ഓളങ്ങളില്‍ അയാള്‍ മുഖം പൂഴ്ത്തി. കണ്ണുകളിലെ കാട്ടാറ് തെളിനീരില്‍ കലരുന്നതും  ഉപ്പുരസം സ്രവിക്കുന്നതും ഉത്തമന്‍ അറിഞ്ഞു.

മനസ്സില്‍ പെരുങ്കാടിന്റെ പെരുമ്പറയായിരുന്നു. കാട്ടില്‍ തീക്കാറ്റിന്റെ സീല്‍ക്കാരം.
ബസ്സിലിരിക്കുമ്പോള്‍ ഉത്തമന്റെ മനസ്സ് ചോദിച്ചു:
ഈശ്വരാ ഷഹര്‍ബാന്‍ എനിക്കാരാണ്? അവള്‍ക്ക് ഞാനാരാണ്?

ടി.വി.എം. അലി
'കഥാലയം'
ഞാങ്ങാട്ടിരി (പി.ഒ)
പട്ടാമ്പി 679303

Monday, 19 August 2019

/അനുസ്മരണം/

പഴംപെരുമയുടെ കഥകളുറങ്ങി; കെ.ആർ.എസ്.കുറുപ്പ് ഓർമ്മയായി.

തിരുവിതാംകൂറിലെ തച്ചുടയ കൈമളുടെ പിന്മുറക്കാരിൽ ഒരാൾ കൂടി വിട വാങ്ങിയിരിക്കുന്നു.
പൂർവ്വസ്മൃതിയുടെ സുകൃതവുമായി
പഴംപെരുമയുടെ പടിവാതിലിൽ വാർത്തകൾക്കും വർത്തമാനങ്ങൾക്കും കാതോർത്തു നിന്ന കെ.ആർ.ശ്രീകണ്ഠ കുറുപ്പ് (കെ.ആർ.എസ്.കുറുപ്പ്) വാർധക്യത്തിന്റെ അസ്കിതകൾ ഒന്നും ബാധിക്കാതെയാണ് ആഗസ്റ്റ് 11ന് ഞായറാഴ്ച വിടപറഞ്ഞത്.

തൃശൂരിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന മലയാളം 'എക്സ്പ്രസ്' ദിനപത്രത്തിന്റെ പാലക്കാട് ജില്ലാ ലേഖകനായിരുന്നു കുറുപ്പ്. ഒറ്റപ്പാലം തോട്ടക്കര ഉള്ളാട്ടിൽ ലൈൻ 'ശാശ്വതം' വീട്ടിൽ എൺപത്തിരണ്ടാം വയസിലും ഊർജ്ജസ്വലനായി കഴിഞ്ഞിരുന്ന കുറുപ്പേട്ടനെ കഴിഞ്ഞ മാസം ഞാൻ ചെന്നു കണ്ടിരുന്നു.
ഒറ്റപ്പാലത്തെ പത്രപ്രവർത്തകരുടെയെല്ലാം കാരണവരായ കുറുപ്പേട്ടന്റെ അശീതി ആഘോഷത്തിലും ഞാൻ പങ്കെടുത്തിരുന്നു. 

തിരുവനന്തപുരം ചിറയിൻകീഴ്  സ്വദേശിയാണ് കുറുപ്പേട്ടൻ.
കവലയൂർ കൃഷ്ണ ഭവനത്തിൽ രാമൻപിള്ളയുടേയും ജാനകി അമ്മയുടേയും മകനായി പിറന്ന കുറുപ്പ്, യുവാവായിരിക്കെയാണ് പത്രപ്രവർത്തകനായി ഒറ്റപ്പാലത്തെത്തിയത്.

ചരിത്രമുറങ്ങുന്ന ഒറ്റപ്പാലത്തിന്റെ ഇതിഹാസങ്ങളിലേക്ക് ആണ്ടിറങ്ങിയ കുറുപ്പേട്ടൻ 'എക്സ്പ്രസ്' പത്രത്തിന്റെ പ്രാദേശിക ലേഖകനായി വാർത്തകളുടെ അമരക്കാരനായി. ഒറ്റപ്പാലം താലൂക്ക് പ്രസ് ക്ലബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു കുറുപ്പേട്ടൻ.
ഒറ്റപ്പാലത്ത് പാരലൽ കോളേജ് അധ്യാപികയായിരുന്ന ഉള്ളാട്ടിൽ ശാന്തകുമാരിയെ സഹധർമിണിയായി സ്വീകരിച്ച് പാലപ്പുറത്ത് വീടുവെച്ച് താമസമാരംഭിച്ചതോടെ നാട്ടുകാർക്ക് സുപരിചിതനായിരുന്നു. പിന്നീട് താമസം തോട്ടക്കര ഉള്ളാട്ടിൽ ലൈനിലേക്ക് മാറി. അതിനിടയിൽ ഭാര്യ ശാന്തകുമാരി എൻ.എസ്.എസ്.കോളജ് അധ്യാപികയായി.
ശാശ്വത്, ശരത് എന്നിവരാണ് മക്കൾ. ഷീജ, ജ്യോതിർമയി എന്നിവർ മരുമക്കളും.
രണ്ടു മക്കളുടെ വിവാഹത്തിലും ഞാൻ പങ്കെടുത്തിരുന്നു.

ഞങ്ങൾ തമ്മിൽ മൂന്നര പതിറ്റാണ്ടു ബന്ധമുണ്ട്. കുറുപ്പേട്ടൻ 'എക്സ്പ്രസി'ന്റെ ഒറ്റപ്പാലം ലേഖകനായിരുന്ന സമയത്ത് ഞാൻ പട്ടാമ്പി ലേഖകനായിരുന്നു. പാലക്കാട് ജില്ലയിലെ പ്രഥമ കേബിൾ വാർത്താ ചാനലായ പട്ടാമ്പി 'സാനഡു' ന്യൂസിലും ഞങ്ങൾ പ്രവർത്തിച്ചിരുന്നു.
ഓരോ നിശ്വാസത്തിലും വാർത്തകളറിയാനുള്ള വെമ്പൽ കുറുപ്പേട്ടനിൽ കാണാമായിരുന്നു. അവസാന കാലത്ത് ഓരോ ചാനലും ഓരോ പത്രവും മാറി മാറി കാണുകയും വായിക്കുകയും ചെയ്തു കൊണ്ടാണ് കുറുപ്പേട്ടൻ സമയം ചെലവിട്ടതെന്ന്  ശാന്തകുമാരി ടീച്ചർ പറഞ്ഞു.
പട്ടാമ്പി എ.സി.വി.ന്യൂസ് സെന്റർ ഇൻചാർജ്  എൻ.കെ.റാസിയുമൊത്ത് കഴിഞ്ഞ ദിവസം കുറുപ്പേട്ടന്റെ വീട്ടിൽ ചെന്നപ്പോഴാണ് ടീച്ചർ ഇക്കാര്യം പറഞ്ഞത്.

തച്ചുടയകൈമളുടെ പിന്മുറക്കാരനായിരുന്ന കുറുപ്പേട്ടന് വള്ളുവനാട്ടിൽ ഇരുന്നു കൊണ്ട് അനന്തപത്മനാഭന്റെ ചക്രം കൈപ്പറ്റാൻ ഭാഗ്യം സിദ്ധിച്ച കഥ ഞാൻ രണ്ടു പതിറ്റാണ്ടു മുമ്പ് പത്രത്തിൽ എഴുതിയിട്ടുണ്ട്.
അത് ഇങ്ങിനെയാണ്:

തിരുവിതാംകൂർ മഹാരാജാവിന്റെ തുല്യ പദവി അനുവദിച്ചു കിട്ടിയ തച്ചുടയകൈമൾ കുറുപ്പേട്ടന്റെ കാരണവരായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മണമ്പൂർ കവലയൂരിൽ മേടയിൽ കടത്തൂർ വീട്ടിൽ നീലകണ്ഠകുറുപ്പ് കൊല്ലവർഷം 1058ലാണ് തച്ചുടയ കൈമളായി അവരോധിതനായത്. തുടർന്ന് ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ ഭരണാധികാരിയായി. ആഢ്യത്വമുള്ള ശൂദ്രനായർ കുടുംബങ്ങളിലെ ശ്രേഷ്ഠ ജാതകവും സാത്വികഭാവവും ചേർന്ന പുരുഷന്മാരിൽ നിന്നാണ് വൈദിക ചടങ്ങ് നടത്തി തച്ചുടയകൈമളെ തെരഞ്ഞെടുക്കുന്നത്. ഇപ്രകാരം തെരഞ്ഞെടുക്ക പ്പെടുന്നവർ ആജീവാനന്തം ബ്രഹ്മചാരിയായി ഇരിങ്ങാലക്കുടയിൽ താമസിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഇങ്ങിനെ തച്ചുടയ കൈമളായി പോകുന്ന വ്യക്തിയുടെ കുടുംബത്തെ സംരക്ഷിക്കാൻ തിരുവിതാംകൂർ മഹാരാജാവ് തയ്യാറായിരുന്നു. ഇതനുസരിച്ച് അമ്പലപ്പുഴയിൽ കരമൊഴിവാക്കി കൃഷി ഭൂമി നൽകിയിരുന്നു.
അന്നത്തെ കുടുംബ കാരണവന്മാർ അമ്പലപ്പുഴ ചെന്ന് പ്രസ്തുത വയലിലുണ്ടായ നെല്ല് കൊണ്ടുവന്നാണ് ഉപജീവനം നടത്തിയിരുന്നത്.
ഈ സമ്പ്രദായം വളരെ പ്രയാസകരമായി മാറിയതിനാൽ നെല്ലിന് പകരം അന്നത്തെ നിലവാരമനുസരിച്ച് വില കണക്കാക്കി തുക നൽകുന്ന പതിവുണ്ടായി. അതാതു കാലത്തെ കുടുംബ കാരണവന്മാരാണ് ഈ തുക വാങ്ങി കുടുംബത്തിൽ ചെലവഴിച്ചിരുന്നത്. കുടുംബ കാരണവർ വാങ്ങുന്ന തുക അന്നത്തെ നായർ റഗുലേഷൻ ആക്ടനുസരിച്ച് മരുമക്കൾക്ക് മാത്രമാണ് വീതിച്ച് നൽകിയിരുന്നത്. എന്നാൽ ഈ സ്വത്തിൽ മക്കൾക്കും അവകാശമുണ്ടെന്ന് വാദിച്ച് ചിലർ പരാതി നൽകി. ഇതിനെ തുടർന്ന് 1956 ഏപ്രിൽ മാസത്തിൽ ജീവിച്ചിരിക്കുന്ന അംഗങ്ങൾക്കെല്ലാം തുല്യമായി തുക വീതിച്ചു നൽകാൻ സർക്കാർ ഉത്തരവിറക്കി.
ലഭിച്ചു വന്നിരുന്ന തുക വീതിച്ചപ്പോൾ ഓരോരുത്തർക്കും ഒരു രൂപ മുപ്പത്തെട്ട് പൈസ തോതിലാണ് ട്രഷറി മുഖേന പെൻഷൻ നൽകിയത്.
1956ൽ 42പേരാണ് പെൻഷണർമാരായി ഉണ്ടായിരുന്നത്.
1994 വരെയും പെൻഷൻ തുക 1638 പൈസയായിരുന്നു. 1994നു ശേഷം മിനിമം പെൻഷൻ നൂറ് രൂപയാക്കി.

പഴംപെരുമയുടെ സുകൃതം നുണയാനുള്ള ഭാഗ്യം അങ്ങിനെ കുറുപ്പേട്ടനും ലഭിച്ചിരുന്നു. അനന്തപത്മനാഭന്റെ ചക്രം വാങ്ങാനുള്ള ഭാഗ്യം സിദ്ധിച്ച കുറുപ്പേട്ടന് പത്രപ്രവർത്തക പെൻഷനും ലഭിച്ചിരുന്നു. എക്സ്പ്രസ്' പത്രത്തിന്റെ പാലക്കാട് ജില്ലാ ലേഖകനായി പ്രവർത്തിച്ചതുകൊണ്ടാണ്
അതിനു പരിഗണിക്കപ്പെട്ടത്. പ്രാദേശിക പത്രപ്രവർത്തകർക്കും പെൻഷൻ അനുവദിക്കണമെന്ന് ദീർഘകാലമായി ആവശ്യമുയരുന്നുണ്ടെങ്കിലും സർക്കാർ അംഗീകരിച്ചിട്ടില്ല. കുറുപ്പേട്ടന്റെ നേതൃത്വത്തിൽ ഇക്കാര്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു. 

മരണം വരെയും ലോക വാർത്തകളറിയാൻ കണ്ണും കാതും കൂർപ്പിച്ച ഒരാളായിരുന്നു കുറുപ്പേട്ടൻ. മരണാസന്നനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഡോക്ടരെ 'ഇന്റർവ്യൂ' ചെയ്യാനായിരുന്നു കുറുപ്പേട്ടന്റെ ത്വരയെന്ന് ടീച്ചർ ഞങ്ങളോട് പറഞ്ഞു.  തിരുവിതാംകൂറിൽ നിന്ന് വന്ന് വള്ളുവനാട്ടുകാരുടെ ഹൃദയത്തിലിടം നേടിയ  കുറുപ്പേട്ടനുമൊത്ത് ഏറെക്കാലം സൗഹൃദത്തോടെ കഴിയാൻ സാധിച്ചത് പത്രപ്രവർത്തനം കൊണ്ടു മാത്രമാണ്. ഞങ്ങളെ കൂട്ടിയിണക്കിയ 'എക്സ്പ്രസ്' പത്രം ഇന്നില്ലെങ്കിലും അറ്റുപോകാത്ത ആത്മബന്ധം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞുവെന്നത് പൂർവ്വ സുകൃതം തന്നെയാവാം.

/ ടിവിഎം അലി/