Tuesday, 20 November 2018

സിനിമാസ്വാദനം



'ഒരു കുപ്രസിദ്ധ പയ്യൻ':
അരികുവൽക്കരിക്കപ്പെട്ടവരുടെ ഉയിർപ്പ്!
   ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

മധുപാലിന്റെ 'തലപ്പാവും' 'ഒഴിമുറി'യും ഞാൻ കണ്ടിട്ടില്ല. മധുപാൽ എന്ന നടനെ കണ്ടിട്ടുണ്ടെങ്കിലും
മനസ്സിൽ ഇതുവരെ ഇടം പിടിച്ചിട്ടുമില്ല. എന്നാൽ 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിൽ മധുപാൽ ഇരുത്തം വന്ന ശക്തനായ സംവിധായകനാണെന്ന് ഞാനറിയുന്നു. ഒരു കുപ്രസിദ്ധ പയ്യനിലൂടെ അത് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. മധുപാലിന് വ്യക്തവും കൃത്യവുമായ ഒരു രാഷ്ട്രീയമുണ്ടെന്ന് ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ഒരു കച്ചവട സിനിമയുടെ ചേരുവകളെല്ലാം ഇതിലുണ്ടെങ്കിലും
അവ എങ്ങിനെ തനതായ രീതിയിൽ വിന്യസിക്കണം എന്ന് മധുപാലിന് കൃത്യമായി അറിയാം.
ഒരു മുസ്ലീം വിവാഹ വീടിന്റെ പശ്ചാത്തലത്തിൽ നിന്ന് തിരശീല നിവരുന്നത് വിരണ്ടോടുന്ന ഒരു പോത്തിന്റെ മരണ പാച്ചിലിലേക്കാണ്.
ഒരു ജെല്ലിക്കെട്ട് സിനിമയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ത്രസിപ്പിക്കുന്ന സീനാണ് പ്രേക്ഷകന്റെ മുന്നിലേക്ക് തുറന്നിടുന്നത്. അജയൻ എന്ന കഥാപാത്രത്തിന്റെ ശക്തിബോധ്യപ്പെടുത്താൻ വേണ്ടി ചേർത്ത ഒരു രംഗമെന്ന് നമുക്ക് തോന്നാം. എന്നാൽ വിരണ്ടോടുന്ന പോത്ത് വർത്തമാന കാലത്ത് ഒരു പ്രതീകമാണ്. കുറെ ആളുകൾ ചേർന്ന് മൂക്കുകയറിട്ട് പിടിച്ച്, കൈകാലുകൾ കൂട്ടിക്കെട്ടി, തറയിൽ തള്ളിയിട്ട്
കൊലക്കത്തിക്കു മുന്നിലേക്ക് കഴുത്ത് നീട്ടിവെക്കുന്ന ആ ഒരൊറ്റ കാഴ്ചയിലൂടെ ഒട്ടനവധി പിന്നാമ്പുറ കാഴ്ചകളിലേക്ക് പ്രേക്ഷകനെ സിനിമ കൊണ്ടു പോകുന്നുണ്ട്.
ഒറ്റവരിയിൽ പറഞ്ഞു നിർത്താവുന്ന കഥയാണ് ഇതെന്ന് തോന്നാമെങ്കിലും ലളിതമായി പറഞ്ഞു തീർക്കാവുന്ന വിഷയമല്ല സിനിമ ചർച്ച ചെയ്യുന്നത്. ആരും എപ്പോൾ വേണമെങ്കിലും പ്രതിയാക്കപ്പെടുന്ന ലോകമാണ് നമുക്ക് ചുറ്റുമുള്ളത്.
ഭരണകൂടങ്ങളും ബ്യൂറോക്രാറ്റുകളും നൈതിക സംവിധാനങ്ങളുമെല്ലാം അതിന് ഒത്താശ ചെയ്യും. ഭയം മനുഷ്യനെ ഭരിക്കുന്ന അതി ഭയാനക സാഹചര്യത്തിൽ  ഏറെ ചർച്ച ചെയ്യപ്പെടേണ്ട സിനിമയാണിത്. പേര് ഒരു ചിഹ്നമാകുന്ന
ആസുര കാലത്ത് ഒരാളെ കള്ളനും കൊലയാളിയുമാക്കി മാറ്റാൻ എളുപ്പമാണ്.  അതിന്റെ ഉദാഹരണമാണ് ടൊവിനോയുടെ അജയൻ എന്ന കഥാപാത്രത്തിന് അജ്മൽ എന്ന പേര് കൂടി പോലീസ് ചാർത്തി കൊടുക്കുന്നത്.
അമേരിക്കയിൽ മാത്രമല്ലാ  മതനിരപേക്ഷ സമൂഹത്തിലും
സ്വത്വം കുറ്റവാളിയാക്കപ്പെടും എന്ന് ഈ ചിത്രം അടിവരയിടുന്നു.  നമ്മുടെയെല്ലാം ഉള്ളിലെ അരക്ഷിതാവസ്ഥയുടെ പ്രതീകമാണ് അജയൻ. ജീവിതത്തിൽ പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങുമ്പോഴും പേരിൽ അയാൾ അജയനാണ്. അതിന്റെ കൂടെയാണ് മറ്റൊരു ഐഡന്റിറ്റിയായി അജ്മൽ ചേർക്കപ്പെടുന്നത്. അമ്മയെപ്പോലെ സ്നേഹം നൽകിയ, തനിച്ചു താമസിക്കുന്ന ചെമ്പകമ്മാളെ ആരോ അതിദാരുണമായി കൊലപ്പെടുത്തിയതോടെ ആരോരുമില്ലാത്ത അജയൻ കുറ്റവാളിയാക്കപ്പെടുന്നു. പ്രതിയെ പിടികൂടാനുള്ള ജനകീയ, ഭരണകൂട സമ്മർദ്ദങ്ങൾ അതിന് വഴിയൊരുക്കുന്നു. ലോക്കൽ പോലീസിന് തെളിയിക്കാൻ കഴിയാത്ത കൊലക്കേസിന് അതിവിദഗ്ദമായി തുമ്പുണ്ടാക്കുന്നത് ക്രൈംബ്രാഞ്ചാണ്. സാക്ഷിപ്പട്ടികയിലുള്ള ഒരു മദ്യപാനിയുടെ ലഹരി ബോധത്തിൽ നിന്ന് ഉതിർന്നു വീണ ഒരു പേരിൽ കയറി പിടിച്ച് അയാളെ പ്രതിയാക്കുകയും സാക്ഷികളെ പരുവപ്പെടുത്തുകയും തിരക്കഥയുണ്ടാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മിടുക്ക് ഒടുവിൽ കോടതി തിരിച്ചറിയുന്നുണ്ട്. നമ്പി നാരായണൻമാരെപ്പോലും അടിയറവ് പറയിപ്പിച്ചത് ഇത്തരം കഥ മെനഞ്ഞ കുറ്റാന്വേഷകരാണെന്ന് നമുക്കറിയാം. സമൂഹത്തിൽ അരികു വൽക്കരിക്കപ്പെടുന്ന ഒരു പാട് മനുഷ്യരുടെ പ്രതിനിധിയാണ് അജയൻ. ആൾകൂട്ടക്കൊല പാതകങ്ങളുടെ കഥകൾ ദിനേന വന്നു വീഴുന്ന പത്ര താളിൽ നിന്ന് ഏറെ ദൂരമില്ലാത്ത ഒരു രംഗമാണ്, നാട്ടുകാർ അജയനെ പിടികൂടി പോലീസിലേല്പിക്കുന്ന കൃത്യത്തിലൂടെ നാം കാണുന്നത്. കുടുംബത്തിന്റേയോ സൗഹൃദത്തിന്റേയോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാമൂഹിക പിൻബലമോ ഇല്ലാതെ ജീവിക്കേണ്ടി വരുന്നവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ഈ ഒരൊറ്റ സീനിലൂടെ ശക്തമായി ആവിഷ്കരിക്കാൻ സംവിധായകനു കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുടെ മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുകൾ നിർണ്ണായകമാവുന്ന ഇക്കാലത്ത് തെറ്റ് ചെയ്തില്ല എന്ന് തെളിയിക്കേണ്ടത് കുറ്റം ചുമത്തപ്പെട്ട ഇരയുടെ മാത്രം ഉത്തരവാദിത്തമായി മാറുമ്പോൾ രക്ഷപ്പെടാൻ കഴിയില്ലെന്നുറപ്പാണ്. പ്രമാദമായ കേസുകൾ പോലും തെളിയിക്കാനാവാതെ സി.ബി.ഐ. കീഴടങ്ങുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുമ്പോൾ, പ്രതികളെ പിടികൂടി തുറുങ്കിലടച്ച സംഭവങ്ങളിലും അജയന്മാർ ഉണ്ടാവില്ലേ എന്ന് സംശയമുയർന്നേക്കും. തൊട്ടടുത്തിരിക്കുന്നവനെ മനുഷ്യത്വത്തിന്റെ കണ്ണിലൂടെ നോക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ദൈനംദിന വാർത്തകൾ അടിവരയിടുന്നുണ്ട്. ഇങ്ങനെയുളള ഒരു കാലത്തിന്റെ ഓരം ചേർന്നിരുന്നാണ് മധുപാൽ അജയൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. ജീവൻ ജോബ് തോമസിന്റെ തിരക്കഥയാണ് സിനിമയുടെ കരുത്തിന് പിന്നിൽ.
കേരളത്തിൽ വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ ചുവടുപിടിച്ചാണ്  ജീവൻ ജോബ് തോമസ് തിരക്കഥ തയ്യാറാക്കിയത്.  അതി സൂക്ഷ്മമായ രചനാ പാടവം തിരക്കഥയിൽ കാണാം. ടൊവിനോ തോമസ് എന്ന നടന്റെ പ്രതിഭയെ പൂർണമായും പുറത്തെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അജയനെ ടൊവിനോ ആവിഷ്കരിക്കുകയായിരുന്നില്ല, ആവാഹിക്കുകയായിരുന്നുവെന്ന് പറയാം. ടൊവിനോ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും മുകളിലാണ് അജയന്റെ സ്ഥാനം.
നിമിഷാ സജയൻ എന്ന നടി ഹന്ന എലിസബത്തിലൂടെ മികച്ച വാഗ്ദാനമാണ്. കോടതിയിലെ വാദ പ്രതിവാദങ്ങളിൽ നിമിഷ കാണിക്കുന്ന സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. നെടുമുടി വേണു എന്ന പ്രതിഭയോട് മത്സരിച്ച്  അഭിനയിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഇതിൽ കാണാം.
ജലജ എന്ന  കഥാപാത്രത്തെയാണ് നായികയായ അനുസിത്താര അവതരിപ്പിക്കുന്നത്. നമ്മുടെ റോഡരികുകളിലും ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലുമെല്ലാം ജലജയെ നാം കാണാറുണ്ട്.  അജയനും ജലജയും തമ്മിലുള്ള പ്രണയം പോലും സാഹചര്യങ്ങളിൽ നിന്ന്  ഉറവയെടുത്തതാണ്. പ്രേക്ഷകർക്കും അത് അനുഭവിക്കാൻ കഴിയുന്നുണ്ട്. വന്നു പോകുന്ന ചെറിയ കഥാപാത്രങ്ങൾക്കു പോലും  സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. അഭിനേതാക്കളെ പരമാവധി പ്രയോജനപ്പെടുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.  നെടുമുടി വേണു, അലൻസിയർ, സുജിത് ശങ്കർ, സിദ്ദിഖ്, സുധീർ കരമന എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നൗഷാദ് ഷെരീഫ് എന്ന ക്യാമറാമാനാണ് ഈ സിനിമയുടെ വലിയൊരു വാഗ്ദാനം.  പ്രേക്ഷകനും സിനിമക്കുമിടയിൽ ക്യാമറ ഉണ്ടെന്ന് പോലും തോന്നില്ല. അതിക്രൂരമായി വെട്ടേറ്റ് ആശുപത്രിയിലെത്തിച്ച ചെമ്പകമ്മാളിന്റെ മരണ വെപ്രാളവും മാറി മാറി വരുന്ന കോടതി രംഗങ്ങളും
പോലീസിന്റെ മൂന്നാം മുറ മുറിയും, ജയിലറയിലെ പീഡന രംഗങ്ങളുമെല്ലാം തന്മയത്വത്തോടെയാണ് ക്യാമറ ഒപ്പിയെടുത്തത്. വി.സാജനാണ് ചിത്രത്തിന്റെ എഡിറ്റർ. സാജന്റെ സംഭാവനയും ഏറെ വലുതാണ്‌.
ശ്രീകുമാരൻ തമ്പി- ഔസേപ്പച്ചൻ ടീമിന്റെ  പാട്ടുകൾ കുറേ കാലം മലയാളികളുടെ ചുണ്ടിലുണ്ടാകും. ആക്ഷനും ത്രില്ലറും റൊമാൻസും എല്ലാം ഈ സിനിമയിലുണ്ട്.  
സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നിറങ്ങി പോകാത്ത ഒരു ഭാരം ചിത്രം ബാക്കി വെക്കുന്നുണ്ട്. അഞ്ചു വർഷത്തെ നിരീക്ഷണങ്ങളിൽ നിന്നാണ് പയ്യനെ വീണ്ടെടുത്തതെന്ന് മധുപാൽ പറഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമ സംസാരിച്ചുകൊണ്ടിരിക്കുമെന്നും മധുപാൽ വിശ്വസിക്കുന്നു. എല്ലാ വഴികളും അടയുമ്പോഴും നീതിപീഠത്തിൽ കൂടുതൽ പ്രതീക്ഷ വെച്ചു പുലർത്താൻ ഈ ചിത്രം നിർദ്ദേശിക്കുകയും ചെയ്യുന്നു. ആൾക്കൂട്ട വിചാരണയിലല്ലാ നീതിപീഠത്തിന് മുന്നിലാണ് നമ്മുടെ ഭാവിയെന്നും കുപ്രസിദ്ധ പയ്യൻ അടയാളപ്പെടുത്തുന്നു.

Tuesday, 13 November 2018

സഞ്ചാരം...

പായ്കപ്പലിൽ ഇന്ത്യൻ സൈനികരുടെ സാഹസികയാത്ര;
സംഘത്തിൽ ഷൊർണൂർ സ്വദേശിയും...

ഇന്ത്യൻ സൈനികർ പായ്കപ്പലിൽ നടത്തുന്ന സാഹസിക യാത്രയിൽ ഷൊർണൂർ സ്വദേശിയും.
ലിംക ബുക്കിൽ കയറിപ്പറ്റാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സേനയുടെ പായ്ക്കപ്പൽ യാത്ര തുടരുന്നത്.  ഉയർന്നു പൊങ്ങുന്ന വൻ തിരമാലകളേയും കൊടുങ്കാറ്റിനേയും വകവയ്ക്കാതെ സേനാംഗങ്ങൾ താണ്ടിയത് കിലോമീറ്ററുകൾ. ബംഗാളിലെ
ഹാൽദിയയിൽ നിന്നും കഴിഞ്ഞ മാസം 21 ന് ആരംഭിച്ച സാഹസിക പര്യടനം ഈ മാസം ഒടുവിൽ പോർബന്തറിൽ അവസാനിക്കുമ്പോൾ, ലിംക ബുക്ക് ഓഫ് റെക്കോഡിൽ കയറിപ്പറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാഹസിക സഞ്ചാരികൾ. സൈനികരിൽ നാല് മലയാളികളും അഞ്ച് വനിതാ ഓഫീസർമാരും അടങ്ങുന്ന 55 അംഗ സംഘമാണ് പായ്ക്കപ്പലിലൂടെ ഇന്ത്യൻ തീരങ്ങൾ ചുറ്റുന്നത്. വിഴിഞ്ഞത്ത് എത്തിയ പായ്കപ്പൽ കൊച്ചി, മാംഗ്ലൂർ, ഗോവ, മുംബൈ തീരങ്ങൾ ചുറ്റിയാണ് യാത്ര പോർബന്തറിൽ അവസാനിപ്പിക്കുന്നത്. സേനയുടെ 19 മദ്രാസ് റെജിമെന്റ് സി.ഒ.കേണൽ ദിനേശ്‌ സിംഗ് കൻവർ ഫ്ലാഗ് ഓഫ് ചെയ്തു. കടൽ, കായിക, സാഹസിക, കടൽ മലിനീകരണം എന്നിവയെക്കുറിച്ച് യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈനികർ ആദ്യമായി ഇത്തരമൊരു സാഹസിക യാത്ര നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രോണിക്സ് മെക്കാനിക്കൽ ആന്റ് എഞ്ചിനീയറിംഗ് കോർപ്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്  സാഹസിക യാത്ര തുടങ്ങിയത്.  കേരളത്തിലെ ഇതര ജില്ലകളിൽ നിന്നുള്ള  സുബേദാർ ദിലീപ് കുമാർ, ക്യാപ്റ്റൻ അരുൺ, ഹവിൽദാർ ഹരീഷ്, ക്യാപ്റ്റൻ ലിജുരാജ് എന്നിവർക്കൊപ്പം ഷൊർണൂർ സ്വദേശിയായ ക്രാഫ്റ്റ്മാൻ
രാംമോഹനും സാഹസിക യാത്രയ്ക്ക് നേതൃത്വം നൽകുന്നുണ്ട്.

Friday, 9 November 2018

നാദിയ മുറാദ്:




പെണ്ണിരകളുടെ പ്രതീകം.

ദീപാവലി അവധിയുടെ ആലസ്യത്തിലിരുന്നു കൊണ്ടാണ് നാദിയ മുറാദിന്റെ ജീവിതകഥ വായിക്കാൻ തുടങ്ങിയത്.
2018ലെ നോബൽ സമ്മാന ജേതാവായ ഇറാഖി യുവതിയാണ് നാദിയ മുറാദ്.
മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റേയും, മെട്രോ മാൻ ഇ.വി.ശ്രീധരന്റേയും, മലാല യൂസഫ് സായുടേയും ജീവിതം പകർത്തിയ എന്റെ സുഹൃത്ത് പി. വി. ആൽബിയാണ് നോബൽ സമ്മാനം നേടിയ നാദിയ മുറാദിന്റെ അതിജീവന കഥ മലയാളികൾക്ക് മുന്നിൽ തുറന്നു വെച്ചിരിക്കുന്നത്.
എഴുത്ത് രംഗത്ത് കാൽ നൂറ്റാണ്ടായി സജീവ സാന്നിദ്ധ്യമുറപ്പിച്ച കൊച്ചി കുമ്പളങ്ങി സ്വദേശിയായ ആൽബിയെ ഞാൻ അടുത്തറിഞ്ഞത് എ.പി.ജെ.അബ്ദുൾ കലാമിന്റെ മരണ ദിവസമാണ്. 'മാധ്യമം' പത്രത്തിനു വേണ്ടി കലാമിനെ കുറിച്ചുള്ള ആൽബിയുടെ ഓർമകൾ പങ്കുവെച്ചു കൊണ്ടാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്. കുറച്ചു വർഷങ്ങളായി
എന്റെ തൊട്ടടുത്ത ഗ്രാമത്തിലാണ് ആൽബിയും കുടുംബവും താമസിക്കുന്നതെങ്കിലും ഞങ്ങൾ കണ്ടുമുട്ടുന്നത് അപൂർവ്വമാണ്. ആൽബിയുടെ  പുതിയ പുസ്തകമായ നാദിയ മുറാദിലേക്ക് വരാം. വടക്കൻ ഇറാഖിൽ താമസിച്ചിരുന്ന ഒരു നാടോടി ഗോത്രത്തിലെ
19 കാരിയായ നാദിയയുടെ പൊള്ളുന്ന ജീവിതമാണ് 144 പുറങ്ങളിൽ ചിതറികിടക്കുന്നത്.
വടക്കൻ ഇറാഖിലെ മൊസൂളിൽ നിന്ന് അമ്പത് കി.മീറ്റർ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിൻജാർ പർവ്വതനിരയുടെ നിഴലിൽ കഴിയുന്ന കൊജോ എന്ന ഗ്രാമത്തിലാണ് നാദിയയുടെ ജനനം. കർഷകരും ആട്ടിടയന്മാരുമായ നാടോടി ഗോത്രവർഗ്ഗം അവിടെ തമ്പടിച്ചത് അറുപത് വർഷം മുമ്പാണ്.  ഇവരെ കൂടാതെ ഏതാനും കുർദ്, അറബ് വംശജരും അവിടെ അന്തേവാസികളാണ്. ചെളിക്കട്ട കൊണ്ട് നിർമിച്ച പെട്ടികൾ പോലെയുള്ള വീടുകളാണ് അധികവും. ഉഷ്ണകാലത്ത് പുരമുകളിലാണ് ഗ്രാമവാസികളുടെ അന്തിയുറക്കം. 2014 ആഗസ്റ്റ് മൂന്നിന്റെ പ്രഭാതം കീറി മുറിച്ചു കൊണ്ട്
ആ ഗ്രാമത്തിലേക്ക് ഏതാനും ട്രക്കുകൾ ഇരമ്പിയെത്തിയതോടെയാണ് നാദിയയുടെ കഥ തുടങ്ങുന്നത്. കറുത്ത പതാകയും കറുത്ത കുപ്പായവുമണിഞ്ഞ് മുഖം മൂടി ധരിച്ചെത്തിയത്, ഐ.എസ്.ഭീകരന്മാരായിരുന്നു.  കുർദുകളുടേയും അറബികളുടേയും ഗ്രാമങ്ങൾ കീഴടക്കിയാണ് ഐ.എസ്.ഭീകരർ കൊജോവിൽ എത്തിയിട്ടുള്ളത്.
വംശീയ ന്യൂനപക്ഷങ്ങളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ പ്രതിജ്ഞയെടുത്താണ് ഐ.എസിന്റെ പടയോട്ടം. യസീദി വംശജരെ വരുതിയിലാക്കാൻ കഴിയാതെ വന്നതോടെ അവരെ തെരഞ്ഞുപിടിച്ച് കശാപ്പു ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യസീദികൾ ഏക ദൈവ വിശ്വാസികളായിരുന്നെങ്കിലും അവർ ദൈവദൂതനായി കണ്ട് ആരാധിച്ചിരുന്നത് മയിലിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന തവൂസി മലേക്കിനെയായിരുന്നു. യസീദികൾക്ക് വ്യക്തമായൊരു മതഗ്രന്ഥമോ വംശനേതൃത്വമോ ഉണ്ടായിരുന്നില്ല. അക്കാരണത്താൽ യസീദികൾ അവിശ്വാസികളാണെന്നും ചെകുത്താന്റെ സന്തതികളാണെന്നും ഇല്ലാതാക്കപ്പെടേണ്ടവരാണെന്നും ഐ.എസ്.തീരുമാനിച്ചു. ഭീകരരിൽ നിന്ന് രക്ഷപ്പെടാൻ യസീദികളിൽ പലരും സിൻജാർ മലനിരകളിൽ കയറി ഒളിവിൽ കഴിഞ്ഞു. എന്നാൽ കൊടുംവേനലിൽ ആവശ്യത്തിന് ആഹാരമോ വെള്ളമോ കിട്ടാതെ അവർ വലഞ്ഞു. ഗത്യന്തരമില്ലാതെ മലയിറങ്ങിയവരെ ഐ.എസ്.ഭീകരർ വേട്ടയാടി കൊന്നു. സിൻജാർ പട്ടണം കീഴടക്കിയതോടെ ഐ.എസുമായി ഏറ്റുമുട്ടാൻ നിൽക്കാതെ കുർദ് സൈന്യം പലായനം ചെയ്തു. കുർദുകൾ യസീദികളെ ഉപേക്ഷിച്ച് നാടുവിട്ടതോടെ അറബ് വംശജർ ഭീകരരോട്
ഐക്യപ്പെട്ടു. ഇതോടെ കൊജോ ഗ്രാമം പൂർണ്ണമായും ഐ.എസിന്റെ കാൽക്കീഴിലായി. ഗ്രാമവാസികളെ ഒന്നടങ്കം ആട്ടിതെളിച്ച് ഒരു സ്കൂൾ കെട്ടിടത്തിൽ അവർ തടങ്കലിലാക്കി. അവിടെ നിന്ന് യുവതികളെ വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടു പോവുകയും തടവിൽ വെച്ച് ലൈംഗിക അടിമയാക്കി ഭീകരർക്കിടയിൽ പങ്ക് വെക്കുകയും വിൽക്കുകയും ചെയ്ത അതിഭയാനകമായ നാളുകളാണ് നാദിയ ലോകത്തോട് പറയുന്നത്. വിവിധ ക്യാമ്പുകളിൽ അനുഭവിച്ച പീഢനങ്ങളുടെ വിവരണം ഹൃദയഭേദകമാണ്.
ഭാഗ്യം കൊണ്ടു മാത്രം തടവിൽ നിന്ന് രക്ഷപ്പെട്ട നാദിയ, തന്നെപ്പോലെ പീഡനം അനുഭവിച്ച പെണ്ണിരകളുടെ കഥയാണ് പങ്കുവെച്ചത്. ഭീകരർ ലൈംഗിക അടിമകളാക്കി ദുരുപയോഗം ചെയ്ത 6700 ഓളം യസീദി വംശജരായ ഇറാഖി യുവതികളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ ലോകത്തിന് മുമ്പാകെ നാദിയ അനാവരണം ചെയ്തു. ലോകമെങ്ങും കാണപ്പെടുന്ന ഭീകരതക്ക് സ്ത്രീവിരുദ്ധമുഖം മാത്രമാണുള്ളതെന്ന് നാദിയയുടെ കഥ അരക്കിട്ടുറപ്പിക്കുന്നു.  ഗ്രന്ഥകാരനായ  ആൽബി നേരിട്ട് നാദിയയെ കണ്ട് ജീവചരിത്രം എഴുതിയതല്ല. യസീദികളുടെ ജീവിതം രേഖപ്പെടുത്തണം എന്ന ആഗ്രഹത്തെ തുടർന്ന് ബൽജിയത്തിൽ അരനൂറ്റാണ്ടുകാലം സേവനം ചെയ്ത സിസ്റ്റർ ബ്രിജിത്ത ക്ലൗഡ്, ജർമനിയിൽ സ്ഥിരതാമസമാക്കിയ ബന്ധു ഡോ.കെ.എക്സ്.ഫ്ലോറി, വാഷിങ്ങ്ടൺ ഡി.സി.യിൽ ഉദ്യോഗസ്ഥനായ സുഹൃത്ത് ജയിംസ് എഴേടത്ത്, യു.എസിലെ മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ നടാലിയ ലിവിംഗ്സ്റ്റൺ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് വിഭവ ശേഖരണവും വിവരവിനിമയവും നടത്തിയത്. നേരിട്ടുള്ള അറിവുകളുടെ പരിമിതി മൂലം ബയോഗ്രാഫിക്കൽ ഫിക്ഷൻ എന്ന രചനാ രീതിയാണ് ആൽബി സ്വീകരിച്ചത്. വള്ളുവനാടൻ ഗ്രാമത്തിൽ താമസിച്ചു കൊണ്ട് തീർത്തും അപരിചിതമായ വടക്കൻ ഇറാഖിലെ അധിനിവേശ ചരിത്രം രചിക്കുക എന്നത് ദുഷ്ക്കരമായ എഴുത്തു പണി തന്നെയാണ്. വളരെ തിടുക്കത്തിൽ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇതിന്റെ രചന പൂർത്തിയാക്കിയിട്ടുള്ളത്. എങ്കിലും ഒരു നാടിന്റേയും അവിടുത്തെ നിസ്സഹായരായ അനേകം മനുഷ്യരുടേയും  സംഭ്രമജനകമായ കഥ മലയാളികൾക്ക് പറഞ്ഞു തന്നതിന് ഓരോ വായനക്കാരും ആൽബിയോട് കടപ്പെട്ടിരിക്കുന്നു. നാദിയയെ നേരിൽ കണ്ട് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഈ രചന മറ്റൊരു തലത്തിലേക്ക് ഉയരുമായിരുന്നു.  നാദിയയുടെ ജീവചരിത്രം വായിച്ചു തീരുമ്പോൾ ലോകമെങ്ങുമുള്ള പെണ്ണിരകളുടെ വിലാപമാണ് കേൾക്കാനാവുന്നത്. ലോകത്തെവിടെയും നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അധിനിവേശ കലാപ ചരിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പെണ്ണിരകൾ തന്നെയാണ്. എഴുതപ്പെടാനിരിക്കുന്ന വർത്തമാനകാല സംഭവങ്ങളിലും
ഇരകൾ പെണ്ണുങ്ങൾ തന്നെയാണല്ലൊ.
പുരുഷ വംശത്തെ പ്രസവിക്കാൻ നിയോഗം ലഭിച്ച പെണ്ണിന്, അതേ പുരുഷ വർഗ്ഗത്തിന്റെ ലൈംഗിക അടിമത്വവും ചൂഷണവും ഗാർഹിക പീഡനവും അനുഭവിക്കേണ്ടി വരികയെന്നത് വല്ലാത്തൊരു ദുരന്തം തന്നെയാണ്. 2018ലെ സമാധാന നോബൽ സമ്മാനത്തിന് നാദിയ മുറാദ് അർഹയായെങ്കിലും ലോകമെങ്ങുമുള്ള നാദിയമാരുടെ ജീവിതത്തിൽ സമാധാനം കൈവരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ആൽബിയുടെ ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവരിലെങ്കിലും ഒരു നവ ചിന്ത ഉണരുകയും ലോക മന:സാക്ഷിയെ ഉത്തേജിപ്പിക്കുകയും ചെയ്താൽ, അല്പമെങ്കിലും സമാധാനം ലഭിക്കുമെങ്കിൽ നന്നായിരിക്കും. ദേശാന്തരങ്ങളിലൂടെയുള്ള  എഴുത്തിൻ്റെ സഞ്ചാര പാതയിൽ ഈ പുസ്തകം ഒരു വഴിവിളക്കായി പ്രകാശിക്കുമെന്ന് പ്രത്യാശിക്കാം.
കുന്നംകുളം റെഡ് റോസ് പബ്ലിഷിങ്ങ് ഹൗസ് ആണ് നാദിയ മുറാദ്  പുറത്തിറക്കിയിട്ടുള്ളത്. വർത്തമാനകാല യാഥാർത്ഥ്യത്തിന്റെ പരിച്ഛേദം പകർത്തിയ ഗ്രന്ഥകാരനും പ്രസാധകർക്കും നന്ദി.

Saturday, 3 November 2018

കലയുടെ ശ്രീകോവിലിൽ

കൊടുമുണ്ടക്കഭിമാനമായി സോദരിമാർ...

മുതുതല പഞ്ചായത്തിലെ കൊടുമുണ്ട ഗ്രാമത്തിന് അഭിമാനമാവുകയാണ് മൂന്ന് സോദരിമാർ.
കുട്ടിക്കാലം മുതൽ കലയുടെ ശ്രീകോവിൽ കയറി മികവു തെളിയിച്ചവരാണ്  വിദ്യാർഥികളായ ആർദ്ര, അനുശ്രീ, ആവണി എന്നിവർ.
വ്യത്യസ്ത കലാമേഖലകളിലാണ് ഇവർ മുന്നേറുന്നതെങ്കിലും മൂവരും ഒരുമിച്ചാണ് വേദി പങ്കിടുന്നത്.
ആവണിയുടെ കീ-ബോർഡ് വായനക്കൊത്തുള്ള , ചേച്ചിമാരായ  ആർദ്രയുടെ പാട്ടും, അനുശ്രീയുടെ നൃത്തച്ചുവടുകളും അപൂർവ്വമായ ദൃശ്യ ശ്രാവ്യ വിരുന്നാണ് ആസ്വാദകർക്കേകുന്നത്.
മൂന്നാം ക്ലാസ്സുമുതൽ ആർദ്ര ശാസ്ത്രീയ സംഗീതം  അഭ്യസിക്കുന്നു. സ്ക്കൂൾ കലോത്സവങ്ങളിൽ ജില്ലാ തലത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠനത്തിലും ഉന്നത നിലവാരം പുലർത്തുന്ന ആർദ്ര, യു.എസ്.എസ്., എൻ.എം.എം.എസ്. സ്കോളർ ഷിപ്പുകൾ, സംസ്ഥാനതലത്തിൽ രണ്ടാം റാങ്കോടെ  മാത് സ് ഇൻസ്പെയർ അവാർഡ് എന്നിവ കരസ്ഥമാക്കി.
ഹൈസ്കൂൾ തലത്തിൽ ജില്ലാ ചെസ്സ് ചാമ്പ്യനായി.
കൊടുമുണ്ട ഹൈസ്ക്കൂളിൽ ഏറ്റവും മികച്ച യു.പി. വിഭാഗം  വിദ്യാർത്ഥിക്കായി
കൊടുമുണ്ട കുഞ്ഞൻ നായർ സ്മാരക വായനശാല ഏർപ്പെടുത്തിയ ടി. പീതാംബരൻ സ്മാരക അവാർഡും, എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണ എ.പ്ലസ്സും നേടി,
ഇപ്പോൾ പഴഞ്ഞി എം.ഡി. കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
നാലാം ക്ലാസ്സുമുതൽ അനുശ്രീ സംഗീതവും നൃത്തവും അഭ്യസിച്ചു വരുന്നു. കലോത്സവങ്ങളിൽ ജില്ലാ തലത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠന കാര്യത്തിൽ ചേച്ചിയുടെ പാത പിന്തുടരുന്ന  അനുശ്രീ എം.എസ്.എസ്., എൻ.എം.എം.എസ്. സ്കോളർഷിപ്പുകൾ നേടി. മാത്ത്സ് ടാലന്റ് പരീക്ഷാ വിജയിയാണ്. യു.പി വിഭാഗത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള  ടി.പീതാംബരൻ സ്മാരക അവാർഡും നേടി.
ചെസ്സ് മത്സരങ്ങളിലും വിജയിയായി. മൂന്നാം ക്ലാസ്സു മുതൽ, കീബോർഡ് പരിശീലനം നടത്തുന്ന ആവണി  കൊടുമുണ്ട ശിവക്ഷേത്രം, മാടായി നരസിംഹമൂർത്തി ക്ഷേത്രം, പട്ടാമ്പി കൈത്തളി ക്ഷേത്രം, മലപ്പുറം താണിക്കൽ ക്ഷേത്രം, കൊടുമുണ്ട മണ്ണിയമ്പത്തൂർ ക്ഷേത്രം, കേരള കലാമണ്ഡലം തുടങ്ങി ഒട്ടേറെ വേദികളിൽ കീബോർഡിൽ പ്രശംസനീയമായ രീതിയിൽ പ്രകടനം നടത്തി.
അനുശ്രീയും ആതിരയും,  കൊടുമുണ്ട ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം തരത്തിലെയും ഏഴാം തരത്തിലെയും വിദ്യാർഥികളാണ്.
ഒറ്റക്കും കൂട്ടായും പരിപാടികൾ അവതരിപ്പിക്കാറുള്ള ഇവർക്ക്
ഫ്ലവേഴ്സ് ചാനലിലെ
കോമഡി ഉത്സവത്തിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്.
കൊടുമുണ്ട വായനശാലാ
കലാ കേന്ദ്രത്തിന്റെ കീഴിൽ  കലാഭ്യസനം ആരംഭിച്ച  ഇവരെ കണയം ഗോപി മാസ്റ്റർ, കലാമണ്ഡലം ഗിരിജ ടീച്ചർ, എടപ്പാൾ സിന്ധു ടീച്ചർ,  എന്നിവരാണ്  വിവിധ കലാമേഖലകളിൽ  പരിശീലിപ്പിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 'നന്മ' പ്രവാസി വാട്ട്സാപ്പ് കൂട്ടായ്മയുടെ പ്രധാന പ്രവർത്തകനും എഴുത്തുകാരനുമായ, കൊടുമുണ്ട കോഴിക്കോട്ടുപറമ്പിൽ  രാമചന്ദ്രന്റെയും പട്ടാമ്പി സെൻറ് പോൾസ് ഹൈസ്കൂൾ അധ്യാപിക ഷിജുമോളുടെയും  മക്കളാണിവർ.