Thursday, 27 September 2018

നാടുനീങ്ങുമോ?

മുതുതല കോൽക്കുന്നിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം:  മുഹമ്മദ് മുഹ്സിൻ എം.എൽ.എ. യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.

മുതുതല കാരക്കുത്തങ്ങാടിയിലെ കോൽകുന്നിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ പ്രദേശവാസികൾ ആശങ്കയിൽ. പരാതി ലഭിച്ചതിനെ തുടർന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. യുടെ നേത്യത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. പരിസ്ഥിതി ലോല പ്രദേശമായ കോൽക്കുന്നിൽ കരിങ്കൽ ക്വാറി ക്രഷർ യൂണിറ്റ് തുടങ്ങാൻ അനുമതി നേടിയത് വ്യാജരേഖ ചമച്ചാണെന്ന് നാട്ടുകാരും കോൽക്കുന്ന് സംരക്ഷണ സമിതിയും കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് സംഘം സന്ദർശനം നടത്തിയത്.
വർഷങ്ങളായി പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തിനാകെ കുടിവെള്ളം നൽകുന്ന വാട്ടർ അതോറിറ്റിയുടെ ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കരിങ്കൽ ഖനനം ആരംഭിക്കുന്നതോടെ ടാങ്ക് തകരുമെന്നും  പ്രദേശത്താകെ കടുത്ത കുടിവെള്ള ക്ഷാമവും പ്രകൃതി ചൂഷണവും പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമെന്ന് നാട്ടുകാർ കരുതുന്നു. കരിങ്കൽ ക്വാറി നടത്തിപ്പുകാർ തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി ഉണ്ടാക്കിയ വ്യാജരേഖകൾ കോൽകുന്ന് സംരക്ഷണ സമിതി വിവരാവകാശ നിയമമനുസരിച്ച് നേടിയെടുത്തിട്ടുണ്ട്. രേഖകൾ
എം.എൽ.എ.കാണുകയും വിഷയം ഗൗരവമുള്ളതാണെന്ന്  മുഹമ്മദ്‌ മുഹ്സിൻ പ്രതികരിക്കുകയും ചെയ്തു.
കോടതിയാണ് വിഷയത്തിൽ തിരുമാനമെടുക്കേണ്ടത്. അതിന് മുമ്പ് അടിയന്തിരമായി പ്രദേശത്തെ പ്രശ്നങ്ങൾ മനസിലാക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകുമെന്നും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന പ്രവർത്തനത്തോട് യോജിക്കാൻ കഴിയില്ലെന്നും എത്രയും പെട്ടെന്നു തന്നെ വിഷയത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോൽക്കുന്നിൽ ക്വാറി വരുന്നതിന് എതിരായി പ്രദേശത്തു നിന്നും സംരക്ഷണ സമിതിയുടെയും ജനങ്ങളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.നിലകണ്ഠൻ പറഞ്ഞു. ഒരിക്കൽ ക്വാറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഒരാൾ പഞ്ചായത്തിൽ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജനങ്ങൾക്ക് ദേഷമുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിന്നും പഞ്ചായത്തിൽ നിന്നും സഹായം നൽകില്ലെന്ന് ക്വാറി ഉടമയെ അറിയിച്ചിട്ടുണ്ട്.  ഭരണ സമിതി ക്വാറിക്കെതിരെ പ്രമേയം പാസാക്കി ജില്ലാ കലക്ടർക്ക് സമർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുതുതല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മാലതി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.വരുൺ രഘുനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ രൂപേഷ്, ഉണ്ണികൃഷ്ണൻ, കോൽക്കുന്ന് സംരക്ഷണ സമിതി ഭാരവാഹികളായ കെ.എം. അബ്ദുറഹ്മാൻ, എം.സുധാകരൻ, നാസർ, ഷമീർ, കെ. ഫൈസൽ, ഹനീഫ എന്നിവരടങ്ങിയ സംഘമാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്.

Tuesday, 25 September 2018

പാട്ടില്ലാത്ത ലോകത്തേക്ക്

കൊച്ചിൻ ആന്റോ വിടവാങ്ങി.

അനാഥത്വവും അവശ വാർധക്യവും അനുഭവിച്ചു വന്നിരുന്ന ആദ്യകാല നാടക ഗായകൻ കൊച്ചിൻ ആന്റോ (85) വിടവാങ്ങി. മൂന്നാഴ്ച മുമ്പ് അവശനിലയിൽ തൃത്താല മുടവനൂർ സ്നേഹ നിലയത്തിൽ പ്രവേശിപ്പിക്കപ്പെട്ട ആന്റോവിനെ വൈദ്യ പരിശോധനക്ക് വേണ്ടി മറ്റു അന്തേവാസികളോടൊപ്പം കോഴിക്കോട് മുക്കം കെ.എം.സി.ടി. ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ദേഹാസ്വാസ്ഥ്യം മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നുവെന്ന് സ്നേഹനിലയം പി.ആർ.ഒ. എം.പി.എ. തങ്ങൾ പറഞ്ഞു. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്ക്കരിക്കും. പഴയ കാല നാടകങ്ങളിൽ സ്ത്രീ ശബ്ദ ഗാനങ്ങളിലൂടെയാണ് ആന്റോ ശ്രദ്ധേയനായത്. നാടക ഗാനം പോലെ മധുരമുള്ളതായിരുന്നില്ല ആന്റോയുടെ ജീവിതം. മൂന്നാം  വയസിൽ മാതാവിന്റെ വേർപ്പാടിൽ ഒറ്റപ്പെട്ട ആന്റോ കുട്ടിക്കാലത്ത് കൊച്ചിയിൽ നിന്ന് എങ്ങിനെയോ കൊണ്ടോട്ടിയിൽ എത്തിയതോടെയാണ് നാടക സംഗീത ലോകത്തേക്ക് കടന്നത്. ഗായകനും സംഗീത സംവിധായകനുമായിരുന്ന ബാബുരാജിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. സ്ത്രീ ശബ്ദത്തിൽ മധുരമായി പാടാനുള്ള കഴിവ് തെളിയിച്ച ആന്റോ നാടക ലോകത്ത് സ്ഥിരപ്രതിഷ്ഠനായി. ബാബുരാജിന്റെ നാടക ട്രൂപ്പിലൂടെ
കേരളമൊട്ടുക്കും പാടി നടന്ന ഗായകൻ മലയാളിയുടെ മനസിൽ ചേക്കേറി. 1950 കളിൽ വിവാഹ വേദികളിൽ നടക്കുന്ന ഗാനമേളകളിൽ ആന്റോ താരമൂല്യമുള്ള ഗായകനായിരുന്നു. മദിരാശിയിലെത്തിയ ആന്റോ സിനിമകളിൽ കോറസ് ഗായകനായും ശ്രദ്ധേയനായി. നാടകത്തിന്റെ പ്രതാപം മങ്ങുകയും സിനിമകളിൽ അവസരം കുറയുകയും ചെയ്തതോടെ കാൽ നൂറ്റാണ്ടായി പാട്ടൊഴിഞ്ഞ ജീവിതമാണ് ആന്റോ പിന്നിട്ടത്. പാട്ടും പരിചരണവുമില്ലാത്ത ലോകത്തേക്ക് വ്യഖ്യാത ഗായകൻ വിടവാങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ സംഗീത മാധുര്യമാണ് മാഞ്ഞു പോകുന്നത്.

Monday, 17 September 2018

മഞ്ഞു തുള്ളിയിൽ കാട് കത്തുന്നു.



ബസ് യാത്രയിലാണ് അയാളെ കണ്ടുമുട്ടിയത്. ഉൾഗ്രാമങ്ങളിലൂടെ സർവീസ് നടത്തുന്ന കുറിയ ബസിൽ നല്ല തിരക്കുണ്ടായിരുന്നു. പട്ടാമ്പി ബസ്റ്റാന്റിൽ എത്തിയപ്പോഴാണ് അയാൾ ഒരു ചുമട് തൂക്കി കയറിയത്. പിൻസീറ്റിൽ ഇരിക്കുന്ന ഫ്രീക്കന്മാരുടെ കൂടെയാണ് എനിക്കും ഇത്തിരി പഴുത് കിട്ടിയത്. കോളേജ് കുമാരന്മാരെ വകഞ്ഞു മാറ്റി ഭാണ്ഡം ഓരം ചേർത്തുവെച്ച് ആഗതൻ എന്നെ നോക്കി ഇത് കൊടലൂർ വഴി പോകുന്നതല്ലേ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ പറഞ്ഞു. എന്റെ അടുത്തിരുന്ന ഒരു കുമാരൻ ആഗതന് സീറ്റ് ഒഴിഞ്ഞു കൊടുത്തപ്പോൾ ഞങ്ങൾ സഹ സഞ്ചാരികളായി.
തുണിയിൽ പൊതിഞ്ഞ വലിയ അട്ടപ്പെട്ടി കണ്ടപ്പോൾ, വളയും മാലയുമാണോ എന്ന് ഞാൻ ചോദിച്ചു. ചെണ്ട തോളിൽ തൂക്കി നടക്കാൻ പറ്റുന്നതു പോലെ തോർത്തു മുണ്ടുകൊണ്ട് പെട്ടിക്ക് കൊളുത്തുണ്ടാക്കിയത് കൗതുകം പകർന്നു. നമുക്ക് അയാളെ മുരുകൻ (പേര് സാങ്കല്പികം) എന്ന് വിളിക്കാം. നിറ വയറുമായി ബസ് നീങ്ങി. ഗവ.കോളേജിന്റെ മുന്നിൽ എനിക്ക് ഇറങ്ങണം. തിരക്കു കാരണം ബസ് സാവകാശമാണ് നീങ്ങുന്നത്. നാട്ടിലെമ്പാടും ഫാൻസി കടകളുള്ള ഇക്കാലത്ത് ഈ ചുമടും താങ്ങി നടന്നാൽ വഴി ചിലവിന് വല്ലതും കിട്ടുമോ എന്ന് വെറുതെ ഒരു ചോദ്യമെറിഞ്ഞ് മുരുകന്റെ മുഖത്തേക്ക് ഞാൻ നോക്കി. മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്കൊപ്പം വെട്ടിയൊതുക്കിയ നരച്ച മീശയും കട്ടിക്കണ്ണടയും ഒന്നു വിറകൊണ്ടു. മുരുകൻ എന്നെ ഒന്നു ചൂഴ്ന്നു നോക്കി. മുരുകന്റെ ഹൃദയത്തിലാണ് എന്റെ ചോദ്യം ചെന്നു തറച്ചത് എന്ന് ആ കണ്ണുകൾ പറഞ്ഞു. പിന്നെ അയാൾ പറഞ്ഞതെല്ലാം കാടിന്റെ കത്തലായിരുന്നു. അത് ഇങ്ങിനെ: ചെർപ്ലശ്ശേരിയിലാണ് മുരുകന്റെ വീട്. ഇപ്പോൾ ചങ്ങരംകുളത്താണ് താമസം. രാവിലെ ഏഴിന് വള, മാല, ചീർപ്പ്, കണ്ണാടി തുടങ്ങിയ ഫാൻസി ഭാണ്ഡം തൂക്കി വീട്ടിൽ നിന്നിറങ്ങും. നാല്പത്തി രണ്ട് വർഷമായി തുടരുന്ന ദിനചര്യയാണ്. ഓരോ ദിവസവും ഓരോ സ്ഥലത്തേക്ക് നീങ്ങും. ഉൾഗ്രാമങ്ങളിലാണ് വ്യാപാരം. അഞ്ചു രൂപ, പത്തു രൂപ സാധനങ്ങളായതുകൊണ്ട് വാങ്ങാനാളുണ്ട്. ഫാൻസി കടകളിൽ കൂടിയ വിലക്ക് വിൽക്കുന്ന സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നു എന്നതാണ് ആകർഷകം. അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ വ്യാപാരം നടക്കും. കുന്നംകുളം അങ്ങാടിയിൽ നിന്നാണ് ചരക്കെടുക്കുന്നത്. അവിടെ മൊത്ത കച്ചവടക്കാരിൽ നിന്ന് കടം കിട്ടും. പക്ഷേ വില കൂടുതൽ വരും. അതു കൊണ്ട് കടമായി ചരക്കെടുക്കാറില്ല. റെഡി കാഷ് ഇടപാട് മാത്രമേയുള്ളൂ. നാളിതുവരെ ജീവിച്ചത് ഈ ഭാണ്ഡം കൊണ്ടാണ്. ഇരുപതും മുപ്പതും കിലൊ ഭാരമുള്ള കാർടൂൺ പെട്ടി തോളിൽ തൂക്കിയാണ് യാത്ര. ഓണം, പെരുന്നാൾ സീസണിൽ ഭേദപ്പെട്ട വ്യാപാരം നടക്കും. ഈ നടത്തക്കിടയിൽ ഒരിക്കൽ അറ്റാക്കുണ്ടായി. അതിനിടയിൽ ഭാര്യ പിണങ്ങി പിരിഞ്ഞു. രണ്ടു മക്കൾ അവരുടെ കൂടെയാണ്. അവൾക്ക് സ്നേഹം പണത്തിനോട് മാത്രമായിരുന്നു. അവൾ പിരിഞ്ഞ ശേഷം മറ്റൊരുത്തിയെ കെട്ടി. അവൾ കൂടെയുണ്ട്. പുതിയ ദാമ്പത്യത്തിൽ മക്കളില്ല. കഥ പെയ്തിറങ്ങുന്നതിനിടയിൽ ബസ് കല്പക സ്ട്രീറ്റ് കടന്ന് ചെർപ്ലശ്ശേരി റോഡിലെത്തി. ഹമ്പ് ചാടുന്നതിനിടയിൽ ഭാണ്ഡം ഒന്നിളകി. വളകൾ കിലുങ്ങി. ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രളയം വന്നിട്ടും മനുഷ്യന് പണത്തിനോടുള്ള ആർത്തി തീരാത്തതെന്താ സാറെ? ആ ചോദ്യത്തിന് മറുപടി പറയാൻ കഴിഞ്ഞില്ല. എനിക്ക് ഇറങ്ങേണ്ട സ്ഥലത്താണ് ബസ് നിൽക്കുന്നത്. പിന്നെ കാണാമെന്ന് പറഞ്ഞ് ഞാൻ ചാടിയിറങ്ങി. പത്തു മിനുറ്റ് മാത്രം നീണ്ടു നിന്ന ഒന്നര കി.മീറ്റർ ദൂരത്തെ ബസ് യാത്രക്കിടയിൽ മുരുകൻ ഉരുക്കഴിച്ചിട്ട ജീവിതത്തിന്റെ പിടച്ചിലാണ് എന്റെയുള്ളിലിപ്പോൾ.
മുരുകന്റെ ചോദ്യം തിരയടിക്കുകയാണ്.
ഹിമബിന്ദുവിൽ കാനനം കാണിക്കാം എന്ന് കാവ്യാത്മകമായി പറയുന്നതുപോലെ
അരനൂറ്റാണ്ടിന്റെ ജീവിതമാണ് പത്തു മിനുറ്റിൽ അയാൾ അനാവരണം ചെയ്തത്. ചിലരുടെ ജീവിതം ഇങ്ങിനെയാണ്. ആർക്കോ കോറിയിടാൻ വേണ്ടി മാത്രം ജീവിച്ചു തീർക്കുന്നവർ. മുരുകനെ ഓർക്കുമ്പോഴെല്ലാം ഒരു കാട് കത്തുന്ന ചൂട് ആളിപ്പടരും എന്നുറപ്പാണ്.
(എഴുത്ത്: ടിവിഎം അലി)

Wednesday, 12 September 2018

ശിവശങ്കര ഗീതം...

വിശ്രമ വസന്തത്തിൽ കീർത്തനമെഴുതിയും
സ്വയം മറന്ന് പാടിയും
കൂമുള്ളി ശിവശങ്കരൻ...

നാലു പതിറ്റാണ്ടുകാലം ചായക്കടയിലെ പറ്റുകാർക്ക് 
രുചി വൈവിധ്യങ്ങൾ നൽകി ജീവിതം നയിച്ച ഞാങ്ങാട്ടിരി സ്വദേശി കൂമുള്ളി ശിവശങ്കരൻ വിശ്രമ വസന്ത കാലത്ത് ഭക്ത കവിയും സ്വയം മറന്ന് പാടുന്ന ഗായകനുമായി മാറിയത് വിസ്മയമാവുന്നു. സംഗീതവുമായോ സാഹിത്യവുമായോ പൂർവ്വ ബന്ധങ്ങളില്ലെങ്കിലും കഴിഞ്ഞ പതിനഞ്ച്  വർഷമായി കൂമുള്ളി ശിവശങ്കരൻ (70) ശ്രീകൃഷ്ണ കീർത്തനങ്ങളുടെ രചനയും ആലാപനവുമായി കഴിയുകയാണ്. മുപ്പത് വർഷം മുമ്പ് ഒരു അയ്യപ്പ കീർത്തനം ആദ്യമായി എഴുതിയിരുന്നുവെങ്കിലും തുടരാൻ കഴിഞ്ഞിരുന്നില്ല. ചായക്കടയിൽ വല്ലപ്പോഴും നടക്കുന്ന ചായക്കുറിക്ക് 
(പണപയറ്റ്) ഉച്ചഭാഷിണി ഏർപ്പാടാക്കുകയും ഗ്രാമഫോൺ റിക്കാർഡിൽ നിന്ന് പകൽ നീളെ പാട്ടൊഴുകി വരികയും ചെയ്യാറുണ്ടെങ്കിലും അക്കാലത്ത് നല്ലൊരു ഗാനാസ്വാദകൻ ആവാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഞാങ്ങാട്ടിരി ഗ്രാമവാസികൾ ഒന്നടങ്കം എത്തുന്നതു കൊണ്ട് കടയിലെന്നും നല്ല തിരക്കായിരുന്നു. ഇഡ്ഡലിയും ചട്ണിയും, പുട്ടും കടലയും, പൊറോട്ടയും ഉള്ളിക്കറിയും ഭക്ഷിക്കാൻ എത്തുന്നവരുടെ തിരക്ക് ഒഴിഞ്ഞ നേരമില്ല. ഭർത്താവിനെ സഹായിക്കാൻ സദാസമയവും ഭാര്യ കൂടെ തന്നെ കാണും. സൈക്കിൾ കട നടത്തുന്ന കാദർക്ക, പലചരക്കുകട നടത്തുന്ന ആല്യാമുക്ക, കുഞ്ഞിപ്പുക്ക, ബാർബർ സുലൈമാനിക്ക, ഉണക്കമീനും പച്ചക്കറിയും വിൽക്കുന്ന കുഞ്ഞാപ്പുട്ടിക്ക തുടങ്ങിയവരാണ് കൂമുള്ളിയുടെ ചങ്ങാതിമാർ. ഇവരെല്ലാവരും ഓർമയാവുകയും പഴയ കെട്ടിടം തന്നെ നാടുനീങ്ങുകയും ചെയ്ത ഗ്രാമ ചരിത്രത്തിൽ കൂമുള്ളി ഇടം കണ്ടെത്തിയത്  കൃഷ്ണ സ്തുതികളിലാണ്. വർഷം തോറും ശബരിഗിരീശന്റെ സന്നിധിയിലും നാലമ്പലത്തിലും സന്ദർശനം നടത്താറുണ്ട്. ആ ആത്മീയ യാത്രയിൽ നിന്ന് പ്രചോദനം കിട്ടിയാണ് അയ്യപ്പ സ്തുതിയും മറ്റും രചിച്ചത്. ചായക്കടയിൽ തളച്ചിട്ട ജീവിതത്തിനിടയിൽ രചന തുടരാൻ കഴിഞ്ഞില്ലെങ്കിലും അന്ന് രചിച്ച കീർത്തനം ഇന്നും കാണാപാഠമാണ്. 
55-മത്തെ വയസിൽ സഹധർമിണി വിശാലാക്ഷി സമേതനായി ചായക്കടയിൽ നിന്നിറങ്ങി വിശ്രമ വസന്തത്തിലേക്ക് പലായനം ചെയ്ത ശേഷമാണ് തന്റെ ഉള്ളിലുറഞ്ഞു കിടന്നിരുന്ന ഭക്തി മാധുര്യം സർഗ്ഗധാര പോലെ ഇളകി മറിഞ്ഞത്. പുലരും മുമ്പ് പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലും നിത്യ സന്ദർശകനാണ് ഈ 70 കാരൻ.  രണ്ട് ക്ഷേത്രത്തിലും ആയിരം ദിവസം പുലരിയിൽ എത്താൻ വ്രതമെടുത്ത ശിവശങ്കരൻ ഇതിനകം ആ ലക്ഷ്യം താണ്ടിക്കഴിഞ്ഞു. അതിനു പുറമെ ഞാങ്ങാട്ടിരി ചാക്കുരുത്തികുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിലും ദർശനത്തിന് എത്താറുണ്ട്. അവിടെ സഹസ്രനാമാലാപനം പതിവാണ്. അതു കൂടാതെ മറ്റു ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ കീർത്തനങ്ങൾ ചൊല്ലാറുണ്ട്. 
സ്വയം മറന്ന് ഭക്തി പരവശനായി അമ്പാടി കണ്ണനിൽ മുഴുകിയാണ് കീർത്തനങ്ങൾ ചൊല്ലുന്നത്. ഇത് കണ്ടും കേട്ടും നിൽക്കുന്നവരെ കൂടി ആനന്ദത്തിലാറാടിക്കുന്ന ആലാപന സൗകുമാര്യമാണ് ശിവശങ്കര പുണ്യമായി നിറയുന്നത്.  ആറാം തരത്തിൽ
പള്ളിക്കൂടത്തോട് വിട ചൊല്ലിയ ശേഷം, ജീവിത പാഠശാലയുടെ തിരുമുറ്റത്ത്, പ്രാരാബ്ധങ്ങളുടെ അടുപ്പിൽ, കത്തുന്ന വിറകിന്റെ ചൂടറിഞ്ഞതുകൊണ്ടാവാം അനായസേന കാവ്യരചന നടത്താനും സ്വയം മറന്ന് ആലപിക്കാനും ഇദ്ദേഹത്തിന് കഴിയുന്നത്. ഗോവർധനഗിരി കൈയ്യിലുയർത്തിയ ഗോപാല കൃഷ്ണനായും, വേണു ഗാനപ്രിയ വനമാല ധരിച്ച മായാ മാധവനായും ദേവകി നന്ദന വസുദേവ പുത്രനായ അമ്പാടി കണ്ണനായും  ഭഗവാനെ വാഴ്ത്തി പാടുന്ന ശിവശങ്കരന്റെ ശബ്ദമാധുരി ക്ഷീരസാഗരം പോൽ തിരതല്ലുന്നതു കാണാം. വെളുപ്പിന്  5 മണിക്ക് മോട്ടോർ ബൈക്കിൽ ക്ഷേത്ര ദർശനത്തിന് പുറപ്പെടുന്ന യൗവ്വന യുക്തനായ വയോധികന് തുണയാവുന്നത് ആപൽ ബാന്ധവനും  അനന്ത ശയനനുമായ ഭഗവാൻ തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഈയിടെ  ഒരു വാഹനാപകടത്തിൽ നിന്ന്  അത്ഭുതകരമായി രക്ഷപ്പെട്ടത് ഭഗവാന്റെ കാരുണ്യം കൊണ്ടാണെന്ന് അദ്ദഹം കരുതുന്നു. പാകത്തിന് പാലും പഞ്ചസാരയും ചായപ്പൊടിയും ചേർത്തുണ്ടാക്കുന്ന ശിവശങ്കരന്റെ ചായക്ക് ആരാധകർ ഏറെയുണ്ടായിരുന്നു. ഇപ്പോഴാവട്ടെ ശിവശങ്കരന്റെ കൃഷ്ണ സ്തുതി കേട്ടാലും മനം നിറയും എന്നാണ് ആരാധക പക്ഷം. ചെത്തു തൊഴിലാളിയായിരുന്ന കൃഷ്ണൻകുട്ടി - കാർത്യായനി ദമ്പതികളുടെ മകനായ ശിവശങ്കരന് തുണയായി ഭാര്യ വിശാലാക്ഷി നിഴൽ പോലെ കൂടെയുണ്ട്. കൃഷ്ണദാസ്, പമ്പാവാസൻ, നന്ദകുമാർ, സ്വയം പ്രഭ എന്നിവർ മക്കളും, ഷീജ, അനീഷ, സുജീഷ, ശശിധരൻ എന്നിവർ മരുമക്കളുമാണ്. ഐശ്വര്യദായകരായ എട്ട് പേരകുട്ടികളും ഭക്തപ്രിയനായ
കൂമുള്ളി ശിവശങ്കരന്റെ ഗാനധാരക്ക് മുന്നിൽ കളഭ പുഞ്ചിരിയോടെ തൊഴുതു നിൽക്കുന്നുണ്ട്. ശിവശങ്കരന്റെ കാവ്യ സർഗ്ഗാത്മകതക്ക് മേൽ ആത്മീയതയുടെ മയിൽ പീലിയാണ് തുയിലുണർത്തുന്നത്.

(എഴുത്തും ചിത്രവും: 
ടിവിഎം അലി)