Thursday, 8 March 2018

സ്ത്രീ ശാക്തീകരണ ചിന്തകൾ

സംസ്ഥാനത്ത് വനിതാ  
കൂട്ടായ്മകൾ ചരിത്രം സൃഷ്ടിക്കുമ്പോഴും അവർക്കിടയിൽ ഒറ്റപ്പെടൽ പ്രവണത തുടരുന്നു.
ലോക വനിത ദിനാചരണം നാടെങ്ങും ആഘോഷിക്കപ്പെടുമ്പോൾ സ്ത്രീ കൂട്ടായ്മകൾ നേരിടുന്ന പ്രതിസന്ധികൾ ചർച്ചയാവുന്നില്ല എന്നതും ദുരവസ്ഥയാണ്.   വ്യത്യസ്ത രംഗങ്ങളിൽ വനിതകൾ ചരിത്രം സൃഷ്ടിക്കുമ്പോഴും പല മേഖലകളിലും അവർ


ഇപ്പോഴും  ഒറ്റപ്പെടുന്നുണ്ട് എന്ന് പലരും തുറന്നു പറയുന്നുണ്ട്. ബാഹ്യമായി കാണുന്ന കെട്ടുറപ്പ് അകത്തളങ്ങളിൽ ഇല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.   കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന വിവിധ പദ്ധതികളിൽ സ്ത്രീകൾ സജീവ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പുരുഷന്മാർ കയ്യടക്കി വെച്ചിരുന്ന നിരവധി മേഖലകളിൽ അവർ കടന്നു കയറി നേട്ടം കൊയ്തിട്ടുണ്ട്. പാടത്തും പറമ്പിലും ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾ ക്വാറി ഖനന മേഖലയിലും ക്രഷർ യൂനിറ്റിലും കിണർ, കുളം നിർമാണ രംഗത്തും കർമ്മനിരതരാണിന്ന്. എന്നാൽ സ്വന്തം ജീവിത പ്രാരാബ്ദങ്ങളിൽപ്പെട്ട് പലരും അസ്വസ്ഥരുമാണ്.
വിവിധ പഞ്ചായത്തുകളിൽ കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒരു കാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്നുവെങ്കിൽ
ആ മേഖലയിൽ സ്ത്രീകൾ വളരെയേറെ മുന്നിലാണിപ്പോൾ. തെങ്ങ് കയറ്റം, മോട്ടോർ ഡ്രൈവിങ്ങ്, യുദ്ധവിമാനം പറത്തൽ തുടങ്ങിയ   രംഗങ്ങളിലും സ്ത്രീകൾ വിജയം കൊയ്യുന്നുണ്ട്. ഭക്ഷ്യവിഭവ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലും ഓരോ കുടുംബശ്രീകളും മത്സരിക്കുന്നത് കാണാം.
സ്വന്തം നിലയിൽ പല ഉൽപ്പന്നങ്ങളും ഉണ്ടാക്കി പലരും മുന്നേറുന്നുണ്ട്.
എന്നാൽ പല കൂടുംബശ്രീ കൂട്ടായ്മകളിലും വേണ്ടത്ര മാനസിക ഐക്യം ഇല്ലാത്തതും സ്ത്രീകൾ തമ്മിൽ പടലപിണക്കങ്ങൾ കൊണ്ടു നടക്കുന്നതും മാറ്റാൻ കഴിഞ്ഞിട്ടില്ല. തങ്ങളുടെ കൂടെയുള്ള ഒരംഗത്തിന് ഉണ്ടാവുന്ന മറ്റ് പല വിഷമസന്ധികളിലും താങ്ങാവാൻ കൂടി പല കുടുംബശ്രീ അംഗങ്ങളും വിമുഖത കാണിക്കുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്.
എല്ലാവരും ഒന്നാണെന്ന സമവാക്യത്തിനപ്പുറം ആഴ്ചയിലൊരിക്കൽ ഒരു ഒത്തുചേരൽ എന്ന നിലയിലാണ് കുടുംബശ്രീ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നത്. തങ്ങളുടെ നിക്ഷേപം അടയ്ക്കാനും, ലോണുകൾ പുതുക്കാനുമുള്ള ഒരു വേദി മാത്രമാണ് ഒട്ടുമിക്ക കുടുംബശ്രീകളും. രാഷ്ട്രീയ അതിപ്രസരം ബാധിച്ച ചിലർ സ്ത്രീ കൂട്ടായ്മകളെ ജാഥക്കും യോഗത്തിനും അമിതമായി ഉപയോഗിക്കുന്നതും വിമർശിക്കപ്പെടുന്നുണ്ട്. ഇതിനായി സമയവും പണവും മറ്റും ചിലവഴിക്കുമ്പോൾ നഷടപ്പെടുന്നത് പുതിയ സർഗ്ഗ വ്യാപാരങ്ങളാണ്.
സ്ത്രീ കൂട്ടായ്മകൾ ഒരു കാലത്ത് തങ്ങൾക്കെതിരെ നടക്കുന്ന മറ്റ് പ്രശ്നങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ലോകത്ത് പല രാജ്യങ്ങളിലും ജനാധിപത്യ സംസ്ഥാപന പോരാട്ടങ്ങളിൽ വനിതകൾ തന്നെയാണ് മുന്നണി പോരാളികൾ. ഇവിടെ തനതായ കാഴ്ചപ്പാടും നിലപാടും വെച്ചു പുലർത്തുന്ന സ്ത്രീകളേയും കൂട്ടായ്മകളേയും അപകീർത്തിപ്പെടുത്താൻ പുരുഷ കേന്ദ്രീകൃത പ്രസ്ഥാനങ്ങൾ സദാ രംഗത്തുണ്ട്. അതുകൊണ്ടാവാം
പാർടിക്കും നേതാക്കൾക്കും ഹിതകരമായ കാര്യങ്ങളിൽ മാത്രമാണ് അവർ ഇടപെടുന്നത്.
സ്ത്രീ മുന്നേറ്റത്തിനായി പല പദ്ധതികളും സർക്കാർ തലത്തിൽ നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും ചേരിതിരിവ് ഇവരുടെ മുന്നേറ്റത്തെ തടയുന്നു.
ഇത്തരം സാഹചര്യത്തിലും സ്ത്രീ കൂട്ടായ്മകളുടെ സ്വയം തൊഴിൽ സംരംഭങ്ങളും ഇന്ന് പ്രതീക്ഷ നൽകുന്നവയും നിരവധി പേരുടെ ഉപജീവനവുമാണ്. അതോടൊപ്പം പുതിയ സാങ്കേതിക വിദ്യകളിലും വെന്നിക്കൊടി പാറിക്കുന്നുണ്ട് സ്ത്രീ കൂട്ടായ്മകൾ.
ഒരു ഭാഗത്ത് സ്ത്രീ കൂട്ടായ്മകൾ മാതൃകയാവുമ്പോൾ മറുഭാഗത്ത് പല സ്ത്രീകളും ഒറ്റപ്പെടലിൽ ശ്വാസം മുട്ടുന്നു എന്നതും വിസ്മരിക്കാനാവില്ല. അതു കൊണ്ട് സ്ത്രീ ശാക്തീകരണം തുടങ്ങേണ്ടത് തെരുവിൽ നിന്നല്ല
എന്ന് തിരിച്ചറിയുകയും സ്വന്തം അടുക്കളയിൽ നിന്ന് ഐക്യത്തിന്റെ കനൽ ജ്വലിപ്പിക്കണമെന്ന ബോധത്തിലേക്ക് അവർ നടന്നെത്തുകയും വേണം. 

No comments: