Saturday, 3 March 2018

വനിതാ ദിനവും വനിതാ പോലീസും

വനിതാദിനമായ മാര്‍ച്ച് എട്ടിന് കേരളത്തിലെ പരമാവധി സ്റ്റേഷനുകളില്‍ വനിതാ എസ്.ഐ.മാര്‍ക്ക് എസ്.എച്ച്.ഒ.മാരായി ചുമതല നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദേശിച്ചത് സ്വാഗതാർഹമാണ്. വനിത ദിനത്തിൽ സ്റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ ഉദ്യോഗസ്ഥരായിരിക്കും. അതത് ജില്ലകളിലെ വനിതാ ഇന്‍സ്‌പെക്ടര്‍മാരെയും വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരെയും വനിതാ ദിനത്തില്‍ സ്റ്റേഷന്‍ ചുമതലയ്ക്കായി പുനര്‍വിന്യസിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വനിതാ ഇന്‍സ്‌പെക്ടര്‍മാര്‍/സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ലഭ്യമല്ലാത്ത സ്റ്റേഷനുകളില്‍ പരാതികള്‍ സ്വീകരിക്കുകയും പൊതുജനങ്ങളുടെ മറ്റു നിയമപരമായ ആവശ്യങ്ങള്‍ പരിഹാരം കാണുകയും ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ തീരുമാനം ശ്ലാഘനീയമാണ്. എന്നാൽ വർഷത്തിൽ ഒരു വനിതാ ദിനത്തിൽ മാത്രമായാൽ പോരാ. ജനസംഖ്യയിൽ പുരുഷന്റെ മുന്നിലാണ് വനിതകൾ എന്നതിനാൽ അവരുടെ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കൂടുതൽ പരിഗണന ആവശ്യമാണ്. പ്രബുദ്ധതയുടെ പേരിൽ ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടിൽ ഒറ്റക്കൊരു സ്ത്രീക്ക് പോലീസ് സ്റ്റേഷനിൽ കയറി ചെല്ലാനുള്ള സങ്കോചം  മാറിയിട്ടില്ല. പോലീസ് സ്റ്റേഷൻ ജനങ്ങളുടെ കാവൽ നിലയങ്ങളായി മാറണമെങ്കിൽ സേനയിൽ അമ്പത് ശതമാനം വനിതാ സംവരണം ആവശ്യമാണ്. ഓരോ പോലീസ് സ്റ്റേഷനിലും വനിത ഹെൽപ് ഡസ്കും സ്ഥിരമായി പ്രവർത്തിപ്പിക്കണം.

No comments: