Thursday, 22 March 2018

ജലം ജീവജലം

ലോക ജലദിന ചിന്തകൾ

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു.
ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ജീവജലം സംരക്ഷിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഈ ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.

Monday, 12 March 2018

ലാൽ സലാം

മഹാരാഷ്ട്രയിലെ കർഷകർ ഇനി
ആത്മഹത്യ ചെയ്യില്ല.
നഷ്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടുന്നതു വരെ അവർ പൊരുതും.
മരണം വരെ മഹാ പോരാട്ടം തുടരും.
കർഷക
ഗ്രാമങ്ങൾ ഒന്നിച്ച് ഒഴുകിയെത്തിയപ്പോൾ
വിറകൊണ്ടത് മഹാനഗരമാണ്. നഷ്ടപ്പെടുവാൻ
ഒന്നുമില്ലാത്തവരുടെ
മഹാശക്തിക്ക് മുന്നിൽ,
ചെങ്കടൽ പോലെ തിരയടിച്ചു വരുന്ന മണ്ണിന്റെ മക്കളുടെ ദൃഢനിശ്ചയത്തിന്റെ മുന്നിൽ,
അധികാര കസേരകൾ
ആടിയുലഞ്ഞു.
കോർപ്പറേറ്റ് താല്പര്യങ്ങൾ
അടർന്നു വീണു.
സ്വതന്ത്ര ഇന്ത്യ ദർശിച്ച
മഹാ യാത്രയാണിത്.
ചരിത്രമായി മാറിയ
ലോങ്ങ് മാർച്ചിന്
അഭിവാദ്യങ്ങൾ.

Thursday, 8 March 2018

സ്ത്രീ ശാക്തീകരണ ചിന്തകൾ

സംസ്ഥാനത്ത് വനിതാ  
കൂട്ടായ്മകൾ ചരിത്രം സൃഷ്ടിക്കുമ്പോഴും അവർക്കിടയിൽ ഒറ്റപ്പെടൽ പ്രവണത തുടരുന്നു.
ലോക വനിത ദിനാചരണം നാടെങ്ങും ആഘോഷിക്കപ്പെടുമ്പോൾ സ്ത്രീ കൂട്ടായ്മകൾ നേരിടുന്ന പ്രതിസന്ധികൾ ചർച്ചയാവുന്നില്ല എന്നതും ദുരവസ്ഥയാണ്.   വ്യത്യസ്ത രംഗങ്ങളിൽ വനിതകൾ ചരിത്രം സൃഷ്ടിക്കുമ്പോഴും പല മേഖലകളിലും അവർ


ഇപ്പോഴും  ഒറ്റപ്പെടുന്നുണ്ട് എന്ന് പലരും തുറന്നു പറയുന്നുണ്ട്. ബാഹ്യമായി കാണുന്ന കെട്ടുറപ്പ് അകത്തളങ്ങളിൽ ഇല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.   കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന വിവിധ പദ്ധതികളിൽ സ്ത്രീകൾ സജീവ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പുരുഷന്മാർ കയ്യടക്കി വെച്ചിരുന്ന നിരവധി മേഖലകളിൽ അവർ കടന്നു കയറി നേട്ടം കൊയ്തിട്ടുണ്ട്. പാടത്തും പറമ്പിലും ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾ ക്വാറി ഖനന മേഖലയിലും ക്രഷർ യൂനിറ്റിലും കിണർ, കുളം നിർമാണ രംഗത്തും കർമ്മനിരതരാണിന്ന്. എന്നാൽ സ്വന്തം ജീവിത പ്രാരാബ്ദങ്ങളിൽപ്പെട്ട് പലരും അസ്വസ്ഥരുമാണ്.
വിവിധ പഞ്ചായത്തുകളിൽ കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒരു കാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്നുവെങ്കിൽ
ആ മേഖലയിൽ സ്ത്രീകൾ വളരെയേറെ മുന്നിലാണിപ്പോൾ. തെങ്ങ് കയറ്റം, മോട്ടോർ ഡ്രൈവിങ്ങ്, യുദ്ധവിമാനം പറത്തൽ തുടങ്ങിയ   രംഗങ്ങളിലും സ്ത്രീകൾ വിജയം കൊയ്യുന്നുണ്ട്. ഭക്ഷ്യവിഭവ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലും ഓരോ കുടുംബശ്രീകളും മത്സരിക്കുന്നത് കാണാം.
സ്വന്തം നിലയിൽ പല ഉൽപ്പന്നങ്ങളും ഉണ്ടാക്കി പലരും മുന്നേറുന്നുണ്ട്.
എന്നാൽ പല കൂടുംബശ്രീ കൂട്ടായ്മകളിലും വേണ്ടത്ര മാനസിക ഐക്യം ഇല്ലാത്തതും സ്ത്രീകൾ തമ്മിൽ പടലപിണക്കങ്ങൾ കൊണ്ടു നടക്കുന്നതും മാറ്റാൻ കഴിഞ്ഞിട്ടില്ല. തങ്ങളുടെ കൂടെയുള്ള ഒരംഗത്തിന് ഉണ്ടാവുന്ന മറ്റ് പല വിഷമസന്ധികളിലും താങ്ങാവാൻ കൂടി പല കുടുംബശ്രീ അംഗങ്ങളും വിമുഖത കാണിക്കുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്.
എല്ലാവരും ഒന്നാണെന്ന സമവാക്യത്തിനപ്പുറം ആഴ്ചയിലൊരിക്കൽ ഒരു ഒത്തുചേരൽ എന്ന നിലയിലാണ് കുടുംബശ്രീ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നത്. തങ്ങളുടെ നിക്ഷേപം അടയ്ക്കാനും, ലോണുകൾ പുതുക്കാനുമുള്ള ഒരു വേദി മാത്രമാണ് ഒട്ടുമിക്ക കുടുംബശ്രീകളും. രാഷ്ട്രീയ അതിപ്രസരം ബാധിച്ച ചിലർ സ്ത്രീ കൂട്ടായ്മകളെ ജാഥക്കും യോഗത്തിനും അമിതമായി ഉപയോഗിക്കുന്നതും വിമർശിക്കപ്പെടുന്നുണ്ട്. ഇതിനായി സമയവും പണവും മറ്റും ചിലവഴിക്കുമ്പോൾ നഷടപ്പെടുന്നത് പുതിയ സർഗ്ഗ വ്യാപാരങ്ങളാണ്.
സ്ത്രീ കൂട്ടായ്മകൾ ഒരു കാലത്ത് തങ്ങൾക്കെതിരെ നടക്കുന്ന മറ്റ് പ്രശ്നങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ലോകത്ത് പല രാജ്യങ്ങളിലും ജനാധിപത്യ സംസ്ഥാപന പോരാട്ടങ്ങളിൽ വനിതകൾ തന്നെയാണ് മുന്നണി പോരാളികൾ. ഇവിടെ തനതായ കാഴ്ചപ്പാടും നിലപാടും വെച്ചു പുലർത്തുന്ന സ്ത്രീകളേയും കൂട്ടായ്മകളേയും അപകീർത്തിപ്പെടുത്താൻ പുരുഷ കേന്ദ്രീകൃത പ്രസ്ഥാനങ്ങൾ സദാ രംഗത്തുണ്ട്. അതുകൊണ്ടാവാം
പാർടിക്കും നേതാക്കൾക്കും ഹിതകരമായ കാര്യങ്ങളിൽ മാത്രമാണ് അവർ ഇടപെടുന്നത്.
സ്ത്രീ മുന്നേറ്റത്തിനായി പല പദ്ധതികളും സർക്കാർ തലത്തിൽ നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും ചേരിതിരിവ് ഇവരുടെ മുന്നേറ്റത്തെ തടയുന്നു.
ഇത്തരം സാഹചര്യത്തിലും സ്ത്രീ കൂട്ടായ്മകളുടെ സ്വയം തൊഴിൽ സംരംഭങ്ങളും ഇന്ന് പ്രതീക്ഷ നൽകുന്നവയും നിരവധി പേരുടെ ഉപജീവനവുമാണ്. അതോടൊപ്പം പുതിയ സാങ്കേതിക വിദ്യകളിലും വെന്നിക്കൊടി പാറിക്കുന്നുണ്ട് സ്ത്രീ കൂട്ടായ്മകൾ.
ഒരു ഭാഗത്ത് സ്ത്രീ കൂട്ടായ്മകൾ മാതൃകയാവുമ്പോൾ മറുഭാഗത്ത് പല സ്ത്രീകളും ഒറ്റപ്പെടലിൽ ശ്വാസം മുട്ടുന്നു എന്നതും വിസ്മരിക്കാനാവില്ല. അതു കൊണ്ട് സ്ത്രീ ശാക്തീകരണം തുടങ്ങേണ്ടത് തെരുവിൽ നിന്നല്ല
എന്ന് തിരിച്ചറിയുകയും സ്വന്തം അടുക്കളയിൽ നിന്ന് ഐക്യത്തിന്റെ കനൽ ജ്വലിപ്പിക്കണമെന്ന ബോധത്തിലേക്ക് അവർ നടന്നെത്തുകയും വേണം. 

Saturday, 3 March 2018

വനിതാ ദിനവും വനിതാ പോലീസും

വനിതാദിനമായ മാര്‍ച്ച് എട്ടിന് കേരളത്തിലെ പരമാവധി സ്റ്റേഷനുകളില്‍ വനിതാ എസ്.ഐ.മാര്‍ക്ക് എസ്.എച്ച്.ഒ.മാരായി ചുമതല നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദേശിച്ചത് സ്വാഗതാർഹമാണ്. വനിത ദിനത്തിൽ സ്റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ ഉദ്യോഗസ്ഥരായിരിക്കും. അതത് ജില്ലകളിലെ വനിതാ ഇന്‍സ്‌പെക്ടര്‍മാരെയും വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരെയും വനിതാ ദിനത്തില്‍ സ്റ്റേഷന്‍ ചുമതലയ്ക്കായി പുനര്‍വിന്യസിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വനിതാ ഇന്‍സ്‌പെക്ടര്‍മാര്‍/സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ലഭ്യമല്ലാത്ത സ്റ്റേഷനുകളില്‍ പരാതികള്‍ സ്വീകരിക്കുകയും പൊതുജനങ്ങളുടെ മറ്റു നിയമപരമായ ആവശ്യങ്ങള്‍ പരിഹാരം കാണുകയും ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ തീരുമാനം ശ്ലാഘനീയമാണ്. എന്നാൽ വർഷത്തിൽ ഒരു വനിതാ ദിനത്തിൽ മാത്രമായാൽ പോരാ. ജനസംഖ്യയിൽ പുരുഷന്റെ മുന്നിലാണ് വനിതകൾ എന്നതിനാൽ അവരുടെ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കൂടുതൽ പരിഗണന ആവശ്യമാണ്. പ്രബുദ്ധതയുടെ പേരിൽ ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടിൽ ഒറ്റക്കൊരു സ്ത്രീക്ക് പോലീസ് സ്റ്റേഷനിൽ കയറി ചെല്ലാനുള്ള സങ്കോചം  മാറിയിട്ടില്ല. പോലീസ് സ്റ്റേഷൻ ജനങ്ങളുടെ കാവൽ നിലയങ്ങളായി മാറണമെങ്കിൽ സേനയിൽ അമ്പത് ശതമാനം വനിതാ സംവരണം ആവശ്യമാണ്. ഓരോ പോലീസ് സ്റ്റേഷനിലും വനിത ഹെൽപ് ഡസ്കും സ്ഥിരമായി പ്രവർത്തിപ്പിക്കണം.

Thursday, 1 March 2018

കുഞ്ഞുങ്ങളുടെ ഷീബ

എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിയാണ് ഷീബ അമീർ. തൃശൂർ സൊലസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി അവർ നടത്തിവരുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മനസ്സിലാക്കാനും ശ്രമിച്ചതിനെ തുടർന്ന് അങ്ങേയറ്റം ആദരവും ബഹുമാനവും ആരാധനയും അവരോട് എനിക്കുണ്ട്. കേരളത്തിനകത്തും പുറത്തും ഓടിനടന്ന് പ്രവർത്തിക്കുന്ന ഷീബ അമീറിനെ ഈയിടെ പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ വെച്ച് കണ്ടു മുട്ടാനും ആശയ വിനിമയം നടത്താനും സാധിച്ചു. ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടിയ സുഹൃത്തിനോടെന്ന പോലെയാണ് അവർ മനസ് തുറന്ന് സംസാരിച്ചത്. ഹ്യൂമനിസ്റ്റായിരുന്ന പി.കെ.എ.റഹീമിന്റെ മകൾ ഏറ്റെടുത്ത ദൗത്യം രാജ്യത്തിന് തന്നെ മാതൃകയാവാതെ തരമില്ല. ഈ നാടിന്നാവശ്യം ഷീബയെപ്പോലെയുള്ള വനിതകളെയാണ്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്ന് വിശാലമായ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചു നടത്താൻ ഷീബ അമീർ നടത്തുന്ന പ്രവർത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങിയെങ്കിൽ എന്നാശിക്കുന്നു. ഷീബ അമീറിനും സൊലസിലെ കുഞ്ഞുങ്ങൾക്കും സ്നേഹാശംസകൾ നേരുന്നു.