വള്ളുവനാട്ടിൽ ഉള്ളവർക്ക് ആറു മാസം ഉത്സവ കാലമാണ്. തുലാം മുതൽ തീർത്ഥാടന കാലം തുടങ്ങും. പറയി പെറ്റ പന്തിരുകുല പുരാവൃത്തങ്ങളുമായി ബന്ധപ്പെട്ട നിരവധി അനുഷ്ഠാന ഉത്സവങ്ങൾ ഇവിടെയുണ്ട്. പട്ടിത്തറയിൽ പൂലേരി ക്ഷേത്രത്തിലും, നടുവട്ടത്ത് നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യം പേറുന്ന രായിരനെല്ലൂർ മലയിലും ഭ്രാന്തചലം ക്ഷേത്രത്തിലും ആയിരങ്ങൾ തീർത്ഥാടകരായി എത്താറുണ്ട്. വൃശ്ചികത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് ഓരോ ഗ്രാമത്തിലും ഉത്സവമാണ്.
വള്ളുവനാട്ടിലെ ഉത്സവങ്ങളെ, 'പൂ തൊട്ട് മുള' വരെ എന്ന് വിശേഷിപ്പിക്കാറുണ്ട്. പൂലേരി മുതൽ മുളയങ്കാവ് വരെ നീളുന്നതാണ് ഈ ഉത്സവകാലം എന്ന് ചുരുക്കം. മകരത്തിൽ ദേവി ക്ഷേത്രങ്ങളിൽ മകര ചൊവ്വ കൊണ്ടാടുന്നതോടെ ഉത്സവങ്ങൾക്ക് ചടുലതയേറും. കുംഭത്തിൽ താലപ്പൊലി ഉത്സവങ്ങളുടെ പെരുമ്പറക്കാലമാണ്. മീനത്തിലും ഇത് തുടരും. ക്ഷേത്രോത്സവങ്ങൾക്ക് പുറമെ നിരവധി നേർച്ച ആഘോഷങ്ങളും കൂട്ടത്തിലുണ്ട്. വിവിധ മഹല്ല് കമ്മിറ്റികളും പുരോഗമനവാദികളും നേർച്ച അനാചാരമാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നുണ്ടെങ്കിലും വർഷം ചെല്ലുന്തോറും ആഘോഷം വലുതാവുകയാണ്. എന്റെ കുട്ടിക്കാലത്ത് കൂട്ടുകാരുടെ കൂടെ ഞാൻ പൂരത്തിനും, നേർച്ചക്കും പോയിട്ടുണ്ട്. പകലും രാത്രിയും ഉത്സവ സ്ഥലങ്ങളിൽ അലഞ്ഞു നടന്നിട്ടുണ്ട്. ഓങ്ങല്ലൂർ കടപ്പറമ്പത്തു കാവിൽ അമ്മാവന്റെ കൂടെ വെടിക്കെട്ട് കാണാൻ ഉറക്കം കളഞ്ഞിട്ടുണ്ട്. ഊത്രാളി കാവിൽ വെടിക്കെട്ട് നടക്കുമ്പോൾ തീവണ്ടി തട്ടി മരിച്ചവരെ കണ്ട് നടുങ്ങിയിട്ടുണ്ട്. ഞാങ്ങാട്ടിരി മുക്കാരത്തിക്കാവിൽ ആരോ വിരിച്ച ഓല പായയിൽ ഇരുന്നും കിടന്നും പാവ കൂത്ത് കണ്ടിട്ടുണ്ട്. ബാലെ, നാടകം, ഗാനമേള, മാന്ത്രിക വിസ്മയ പ്രദർശനം തുടങ്ങിയ എന്തെങ്കിലും പരിപാടി ഓരോ സ്ഥലത്തും ഉണ്ടാവും. ദൂര ദിക്കുകളിൽ നിന്ന് പോലും ആളുകൾ എത്തുന്നത് ഇവ ആസ്വദിക്കുന്നതിനു വേണ്ടിയാണ്. മുച്ചീട്ട് കളിക്കാരും, പോക്കറ്റടിക്കാരും ആന മയിൽ ഒട്ടകക്കാരും, ബലൂൺ,മാല,വള കച്ചവടക്കാരും ഹലുവ, ആറാം നമ്പർ, പൊരി,മുറുക്ക് വ്യാപാരികളും എല്ലാം ഒത്തു കൂടുന്ന മത നിരപേക്ഷ സംഗമ കേന്ദ്രങ്ങളാണ് ഉത്സവപ്പറമ്പുകൾ. കുട്ടിക്കാലത്ത് കണ്ട ഉത്സവങ്ങളോട് ഇപ്പോൾ ആഭിമുഖ്യം അത്ര ഇല്ലെങ്കിലും ചെറിയ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. പട്ടാമ്പി നേർച്ചയുടെ സംഘാടക സമിതിയിൽ രക്ഷാധികാരികളുടെ പട്ടികയിൽ ഞാൻ ഇടം പിടിക്കാറുണ്ടെങ്കിലും പരോക്ഷ സഹകരണം നൽകാൻ മാത്രമേ കഴിയാറുള്ളു. പണ്ട് പകലും രാവും നീളുന്ന നേർച്ച കഴിഞ്ഞ് പുലർച്ചക്ക് മാത്രമേ വീട്ടിൽ എത്തുമായിരുന്നുള്ളൂ. ഉത്സവം കണ്ടു തിരിച്ചു പോരുമ്പോൾ ഹലുവയും ഈത്തപ്പഴവും, പൊരിയും ആറാം നമ്പറും വാങ്ങിയാണ് വീട്ടിൽ എത്തുക. അതുകൊണ്ട് ശിക്ഷയും, ശാസനയും ഒഴിവായി കിട്ടും. അങ്ങിനെ ഒരുകാലം ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ കിട്ടുന്ന ആനന്ദമുണ്ടല്ലോ അതാണ് എന്നും എന്റെ മനസ്സിന്റെ ഉത്സവം.


