Monday, 19 October 2015

സ്മൃതി സദസ്

സംസ്കൃത പണ്ഡിതനും സാഹിത്യാചാര്യനുമായിരുന്ന കെ.വി.എം. എന്ന കൈപ്പിള്ളി വാസുദേവ മൂസത് ഓർമയായിട്ട് ഇന്നേക്ക് അമ്പതാണ്ട്‌ തികഞ്ഞു. 
ആറ് പതിറ്റാണ്ട് കാലം സാഹിത്യത്തിൽ സജീവ സാന്നിധ്യമായിരുന്ന കെ.വി.എം. 150 ൽപരം ഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. തിരുമിറ്റക്കോട് പഞ്ചായത്തിൽ എഴുമങ്ങാട് ദേശത്ത് 1888 ജൂണ്‍ 28 നാണ് അദ്ദേഹം ജനിച്ചത്‌. കൈപ്പിള്ളി ഇല്ലത്ത് ആര്യയുടേയും നീലകണ്ഠൻ മൂസതിന്റേയും മകനായി പിറന്ന കെ.വി.എം  പഠിച്ചത് വൈദ്യമാണെങ്കിലും കൊണ്ടുനടന്നത് സാഹിത്യമാണ്. മംഗളോദയം, വിജ്ഞാന ചിന്താമണി, സാഹിതി, വസുമതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സഹായിയായും, പത്രാധിപരായും പ്രവർത്തിച്ച കെ.വി.എം. നാല് കാവ്യ സമാഹാരവും, 19 നോവലും, 8 കഥാ സമാഹാരവും, 11 ഉപന്യാസ സമാഹാരവും, നാല് ജീവിത ചരിത്രവും, ഒരു ബാല സാഹിത്യ കൃതിയും, 
34 വ്യാഖ്യാനങ്ങളും, ആത്മ കഥയും ഇതര വിഭാഗങ്ങളിൽ ഏഴു കൃതികളും, ഒമ്പത് പരിഭാഷകളും അദ്ദേഹം കൈരളിക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്. ഇങ്ങിനെയൊക്കെയുള്ള ഒരു മഹാപ്രതിഭയെ ആരാണ് അക്കാലത്ത് തമസ്കരിച്ചത്? എന്തുകൊണ്ടാണ് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയത്?  ഈ ചോദ്യങ്ങളിൽ നിന്നാണ് ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയും, എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയും ചേർന്ന് ഇന്നലെ സ്മൃതി സദസ് സംഘടിപ്പിച്ചത്. ഡോ. ദേശമംഗലം രാമകൃഷ്ണൻ, ഡോ.സി.എം. നീലകണ്ഠൻ, ഡോ. പി.വി. രാമൻകുട്ടി, ഡോ. സി.പി. ചിത്രഭാനു, ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, ടി.ടി. പ്രഭാകരൻ, ഡോ.കെ.ജി. പൗലോസ്, കൊടിക്കുന്ന് അച്യുതപിഷാരടി, എസ്. അഴഗിരി, ഡോ.ടി. ത്രിവിക്രമൻ, എം.ജി. ശശി, സിജോ പുറത്തൂർ, സി. രാജഗോപാൽ, ശ്രീജ, ടി.വി.എം. അലി തുടങ്ങിയ നിരവധി പേർ സ്മൃതി സദസ്സിൽ പങ്കെടുത്തു. കവിയരങ്ങും നടന്നു. കെ.വി.എമ്മിന്റെ സ്മരണ നില നിർത്തുന്നതിന് ആവശ്യമായ കർമ പദ്ധതികൾക്കും സംഘാടകർ രൂപം നൽകി. ഇത്തരമൊരു ഓർമപ്പെടുത്തൽ പരിപാടിക്ക് തുനിഞ്ഞിറങ്ങിയ വിനോദ് വയലി, കെ.കെ. പരമേശ്വരൻ, സി.പി. രാമൻ, വി. ഗിരീഷ്‌, സി. സേതുമാധവൻ, കെ.പി. വേലായുധൻ, 
കെ. വാസുദേവൻ മാസ്റ്റർ, പി. മൊയ്തീൻകുട്ടി മാസ്റ്റർ എന്നിവർ ഒരു നാടിന്റെ അഭിമാനവും 

ആദരവും അർഹിക്കുന്നു. കെ.വി.എമ്മിന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 

തദ്ദേശം



പട്ടാമ്പി നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് 
പയറ്റുന്നത് പുതിയ തന്ത്രം 
************************************
 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇക്കുറി മുസ്ലിം ലീഗ് പയറ്റുന്നത് സ്വതന്ത്ര തന്ത്രം. 
നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കൂടി ആകെ 148 വാർഡുകൾ  ഉണ്ട്. ഇതിൽ 61 വാർഡിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഇവരിൽ 42 പേർ മാത്രമാണ് കോണി ചിന്ഹത്തിൽ ജനവിധി തേടുന്നത്. ബാക്കിയുള്ള 19 പേർ സ്വതന്ത്ര ചിന്ഹത്തിൽ ആണ് മത്സര രംഗത്തുള്ളത്. പട്ടാമ്പി നഗരസഭയിൽ ആകെയുള്ള 28 വാർഡിൽ 
13 വാർഡിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. 
ഇവരിൽ 10 പേർ പാർടി ചിന്ഹത്തിലും 3 പേർ സ്വതന്ത്രരുമാണ്. തിരുവേഗപ്പുറയിൽ 18 ൽ 11 സീറ്റ് ലീഗിനാണ്. ഇവരിൽ രണ്ടു സ്ഥാനാർഥികൾ ലീഗ് സ്വതന്ത്രരാണ്. വിളയൂരിൽ 15 ൽ 6 പേർ ലീഗ് സ്ഥാനാർഥികൾ ആണെങ്കിലും ഒരാൾ മാത്രമാണ് കോണിയിൽ ജനവിധി തേടുന്നത്. മുതുതലയിൽ 5 ൽ 4 പേരും ലീഗ് സ്വതന്ത്രരാണ്. കൊപ്പത്ത് 9 ൽ 3 പേർ സ്വതന്ത്ര ചിന്ഹത്തിലാണ്. ഓങ്ങല്ലൂരിലും, വല്ലപ്പുഴയിലും ഓരോ സ്വതന്ത്രരുണ്ട്. കുലുക്കല്ലൂരിൽ മാത്രമാണ് അഞ്ചിൽ അഞ്ചും പാർടി സ്ഥാനാർഥികളായി രംഗത്തുള്ളത്. തിരുവേഗപ്പുറ, വല്ലപ്പുഴ, ഓങ്ങല്ലൂർ, കൊപ്പം, പട്ടാമ്പി പഞ്ചായത്തുകൾ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ഇവിടെ ഭരണ തുടർച്ചക്കും, വിളയൂർ, മുതുതല, കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിൽ കൂടുതൽ നേട്ടം കൊയ്യുന്നതിനും ലക്ഷ്യമിട്ടാണ് ലീഗ് നേതൃത്വം പുതിയ തന്ത്രം പ്രയോഗിക്കുന്നത്.

Tuesday, 6 October 2015

ആൽബിയുടെ കുറിപ്പ്

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ടി വി എം അലി 
എന്‍റെ അയല്‍വാസിയാണെന്ന കാര്യം മനസ്സിലാക്കാന്‍ ഏറെ വൈകി.
 'ചിരി മറന്ന കോമാളി' എന്ന പുസ്തകത്തെപ്പറ്റി വര്‍ഷങ്ങള്‍ക്കുമുമ്പ്മാതൃഭുമിയില്‍ 
വായിച്ച ഓര്‍മയുണ്ട്. പക്ഷെ അതെഴുതിയ ആള്‍ അര കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നതെന്ന് അറിയാന്‍ ഡോ. കലാമിന്റെ മരണം വേണ്ടിവന്നു.
 'മാധ്യമം' പത്രത്തിന്റെ പട്ടാമ്പി ലേഖകനായ അലി അപ്പോള്‍ എന്നെ തേടിയെത്തി. 
എന്നെക്കുറിച് നന്നായി എഴുതി, രണ്ടു പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു. 
നല്ല ഭാഷ! ചെറുകഥയുടെ ടെക്നിക് അലിക്ക് നല്ലവണ്ണം വശമുണ്ട്. 
ഏതായാലും ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.