Thursday, 23 July 2015

കേരള കാഴ്ചകൾ






കഴിഞ്ഞ ദിവസം  കൊച്ചിയിലേക്ക് പോയത് ഗുരുവായൂർ-പറവൂർ വഴിയായിരുന്നു. പ്രിയ കവി കുഞ്ഞുണ്ണി മാഷേയും ( വലപ്പാട് ),  കേരളത്തിൻെറ എംപ്ലായ്മെൻറ് എക്സ്ചേഞ്ചും ലോക മലയാളികളുടെ അഭിമാനവുമായ എം.എ. യൂസഫലിയുടേയും (നാട്ടിക) നാട്ടിലൂടെയുള്ള യാത്ര എന്നും ആഹ്ലാദകരമായിരുന്നു. എന്നാൽ ഗുരുപവനപുരി പിന്നിട്ടതും വഴി നീളെ കണ്ട കാഴ്ച ഞെട്ടിച്ചു. ഓരോ ജംഗ്ഷനിലും വളഞ്ഞു പുളഞ്ഞ വലിയ മനുഷ്യ മതിൽ. റേഷൻ കടയോ, മാവേലി സ്റ്റോറൊ, സിനിമാ ടാക്കീസോ ഒന്നുമായിരുന്നില്ലാ മനുഷ്യ വരിയ്ക്കാധാരം. വഴി നീളെ തുറന്നുവെച്ച ബീവറേജ് ഒൗട്ട് ലെറ്റുകൾക്ക് മുന്നിൽ ക്ഷമയോടെ 'വീര്യം' വാങ്ങാൻ കാത്തു നിന്നവരായിരുന്നു അവർ. ഭൂരിഭാഗം പേരും കൂലിപ്പണിക്കാരും ദരിദ്രരുമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. കേരളത്തിൽ ഒരു കൂലിപ്പണിക്കാരൻ ദിനേന അഞ്ഞൂറ് മുതൽ ആയിരം രൂപ കൂലി വാങ്ങുന്നവരാണ്. ഇവരുടെ വരുമാനം മുഴുവൻ ചെലവഴിക്കപ്പെടുന്നത് മദ്യത്തിനാണെങ്കിൽ കേരളം ഇനിയും ദരിദ്രമാവും. കേരളത്തിൽ 40 ശതമാനം പേരും കൂലി തൊഴിലാളികളാണെന്ന് പുതിയ സെൻസസിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇവരുടെ നിക്ഷേപം മുഴുവൻ സർക്കാർ ഖജനാവിലാണെന്ന് (മദ്യവും ലോട്ടറിയും) കാണാം. തൊഴിലാളി വർഗം മദ്യപന്മാരായി നശിക്കുന്നതിൽ സർക്കാറിനോ, ട്രേഡ് യൂണിയൻ നേതാക്കൾക്കോ യാതൊരു വേവലാതിയുമില്ല എന്നതും ചിന്തിക്കേണ്ടതുണ്ട്. സർവ്വ രാജ്യ തൊഴിലാളികളെ മദ്യമുക്തരാവൂ എന്ന് ഉദ്ഘോഷിക്കാനും കൊടിയ വിപത്തിനെതിരെ പട നയിക്കാനും ആരെങ്കിലും രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കാനേ നിർവ്വാഹമുള്ളു.

No comments: