Thursday, 30 July 2015

കലാമിന്റെ ' അഗ്നിച്ചിറകിൽ ' ആൽബി


മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ അഞ്ച് ആഴ്ച കൊണ്ട് വിവർത്തനം ചെയ്തതിന്റെ ' അഗ്നിച്ചിറകിലാണ് ' കൊച്ചി കുമ്പളങ്ങി സ്വദേശി പി.വി. ആൽബി. 1989-92 കാലത്ത് കുസാറ്റിൽ ഫിസിക്സ് വിദ്യാർഥിയായിരുന്നപ്പോൾ തുടങ്ങിയ എഴുത്തു ബന്ധമാണ് ആൽബിയെ കലാമിന്റെ ഉറ്റ ശിഷ്യഗണത്തിലേക്ക് എത്തിച്ചത്. കാൽ നൂറ്റാണ്ടു കാലം നീണ്ടു നിന്ന ആത്മ ശിഷ്യ ബന്ധത്തിന്റെ ബന്ധനത്തിലാണ് 47 കാരനായ ആൽബി. കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം ഡയരക്ടർ ആയിരുന്ന കലാമുമായി എഴുത്ത് കുത്തുകൾ പതിവാക്കിയിരുന്ന ആൽബി, പിന്നീട് കൊച്ചിയിലും തുമ്പയിലും വെച്ച് നേരിൽ കണ്ടു. വിദൂര സംവേദന സാങ്കേതിക വിദ്യ വികസിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ച സമയത്ത് കലാം, ഫിസിക്സ് വിദ്യാർഥിയായ ആൽബിയുമായി ഉള്ളു തുറന്നു സംവദിച്ചിരുന്നു. അന്ന് തുടങ്ങിയ ഗുരു ശിഷ്യ ബന്ധം വളരെ പെട്ടെന്ന് വളർന്ന് രാഷ്ട്രപതി ഭവനിലും മുഗൾ ഗാർഡനിലും എത്തി. ഫിസിക്സിൽ ഗവേഷണം അവസാനിപ്പിച്ച ശേഷം ജേണലിസത്തിലേക്ക് കൂട് മാറിയ ആൽബി, 1994 ൽ 'ധനം' മാസികയിൽ ചേർന്നു. ആൽബിക്ക് 1997 ൽ ഡവലപ്മെന്റൽ ജേണലിസം അവാർഡ് ലഭിച്ച വാർത്ത കലാമിന്റെ ശ്രദ്ധയിൽപ്പെട്ടു. പുതിയ രംഗത്ത് കഴിവ് തെളിയിച്ചതിന് ആൽബിയെ കലാം അഭിനന്ദനം അറിയിച്ചു.1999 ലാണ് 'അഗ്നിചിറകിൽ' വിവർത്തനം ചെയ്ത് ഡി.സി. പുസ്തകം ഇറക്കിയത്. ഇപ്പോൾ 57 എഡിഷൻ ഇറങ്ങി കഴിഞ്ഞു. നാല് മാസം കൊണ്ട് ബെസ്റ്റ് സെല്ലർ ആയി മാറിയ മറ്റൊരു പുസ്തകം അക്കാലത്ത് വേറെ ഇല്ലായിരുന്നു. ഈ പുസ്തകത്തിലെ 'എന്റെ അമ്മ' എന്ന കവിത ഏറെ ഭയത്തോടെയാണ് ആൽബി വിവർത്തനം ചെയ്തത്. എന്നാൽ ആ വരികൾ ഏറെ ഇഷ്ടമായെന്ന് കലാം പറഞ്ഞപ്പോളാണ് ആൽബിക്കു സമാധാനം കൈവന്നത്. തുടർന്ന് 'രാഷ്ട്ര വിഭാവനം' എന്ന പുസ്തകം ഇറങ്ങി. 2020 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ബ്ലൂ പ്രിന്റ്‌ ആണ് ഈ പുസ്തകം. മൂന്നു വർഷം മുമ്പ് കലാമിന്റെ 20 കവിതകൾ 'ജീവിത ഗീതികൾ' ജീവൻ ബുക്സിന് വേണ്ടി വിവർത്തനം ചെയ്തു. അന്ന് ദില്ലിയിൽ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നാണ് കവിതയുമായി സംവദിച്ചത്. പുസ്തകം ഇറങ്ങിയപ്പോൾ കലാം ഏറെ ആഹ്ലാദവാനായിരുന്നു . ഒടുവിൽ അഞ്ചു മാസം മുമ്പ് കലാമിന്റെ രോഗ വിവരം അറിയാൻ ആൽബി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ലളിത ജീവിതം നയിച്ച ഒരു വലിയ മനുഷ്യന്റെ വേർപ്പാട് ഏറെ വേദനിപ്പിക്കുമെന്നാണ് ആൽബിയുടെ അനുഭവം. തിരുമിറ്റക്കോട് പഞ്ചായത്തിലെ നെല്ലിക്കാട്ടിരി വട്ടോള്ളിയിൽ താമസിക്കുന്ന ആൽബി, മെട്രോ മാൻ ഇ. ശ്രീധരന്റെ ജീവിത വിജയത്തിന്റെ പാഠപുസ്തകം എന്ന കൃതി ഉൾപ്പെടെ നിരവധി പുസ്തകം എഴുതിയിട്ടുണ്ട്. 150 ഓളം ഇംഗ്ലീഷ് കൃതികൾ മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുമുണ്ട്. ചാത്തനൂർ ഹൈസ്കൂളിൽ ഹിന്ദി ടീച്ചർ ആയ സിബി മോൾ ഭാര്യയാണ്. വിദ്യാർഥികളായ ആൻ മരിയ, അലൻ എന്നിവർ മക്കളാണ്.

No comments: