Wednesday, 22 July 2015

അനുസ്മരണം



വിടവാങ്ങിയത് നാടിൻെറ സ്പന്ദനമറിഞ്ഞ പത്രപ്രവർത്തകൻ
******************************************************************

നാടിൻെറ സ്പന്ദനമറിയുകയും അക്കാര്യം ലോകത്തോട് വിളിച്ചു പറയുകയും ചെയ്ത പ്രാദേശിക പത്രപ്രവർത്തകനായിരൂന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട 'ചന്ദ്രിക' ലേഖകൻ എം.എ. മുഹമ്മദ് മാസ്റ്റർ. അറബി ഭാഷാദ്ധ്യാപകനായും, പട്ടിത്തറ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടരിയായും, മഹല്ല് ജമാഅത്ത് കമ്മറ്റി ഭാരവാഹിയായും, കുമരനെല്ലൂർ സഹകരണ ബാങ്ക് ഡയറക്ടറായും, ജീവകാരുണ്യ സേവന സംഘടനയായ നുസ്രത്തുൽ മസാഖീൻ ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം മരണം വരെയും കർമനിരതനായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി രോഗബാധിതനായി വീട്ടിൽ വിശ്രമിക്കുമ്പോഴും അദ്ദേഹം 'മാധൃമം' പത്രത്തിലേക്കുള്ള വാർത്തകൾ മുടങ്ങാതെ തപാലിൽ എൻെറ വിലാസത്തിൽ അയച്ചു തരുമായിരുന്നു. മരണം വന്ന് വിളിക്കുന്ന സമയത്തും പാവപ്പെട്ടവരേയും ചികിൽസിക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്ന രോഗികളേയും കുറിച്ച് അദ്ദേഹം ഉദ്കണ്ഠയുള്ളവനായിരുന്നു. ഫോണിൽ വിളിക്കുന്ന സമയത്തെല്ലാം അദ്ദേഹം പങ്കുവെച്ചതും ഇക്കാര്യങ്ങളായിരുന്നു. രാജ്യത്തുടനീളം ശുചിത്വ ഭാരതം എന്ന സന്ദേശം അലയടിക്കുന്നതിനും എത്രയോ മുമ്പ് അത് സ്വയം നടപ്പാക്കി മാതൃക കാണിക്കാൻ അദ്ദേഹം രംഗത്തിറങ്ങിയിരുന്നു. നെല്ലിപ്പടി ബസ് വെയ്റ്റിങ്ങ് ഷെഡ് ദിനേന അടിച്ചുവാരി വൃത്തിയാക്കിയാണ് മാഷ് നാടിൻെറ മനം കവർന്നത്. വനവൽക്കരണ കാഹളം മുഴങ്ങുന്നതിനു മുമ്പ് തന്നെ അദ്ദേഹം പാതയോരങ്ങളിൽ വൃക്ഷതൈകൾ നട്ടു വളർത്തി ഹരിതാഭയുണ്ടാക്കി. സാധാരണക്കാരിൽ സാധാരണക്കാരനായി നാട്ടിലുടനീളം നടന്നു ചെന്ന് വാർത്തകൾ കണ്ടെത്തി റിപ്പോർട് ചെയ്തിരുന്ന പ്രാദേശിക ലേഖകനായിരുന്നു മുഹമ്മദ് മാഷ്. നാട്ടിൽ ആര് മരിച്ചാലും ചരമ കോളത്തിൽ പടവും വാർത്തയും വരുത്താനുള്ള അദ്ദേഹത്തിൻെറ തീവ്രശ്രമം പുതിയ തലമുറക്കാർക്ക് കേട്ടുകേൾവി മാത്രമായിരിക്കും. തൻെറ പത്രത്തെ ജനകീയമാക്കാനുള്ള പരിശ്രമമാണ് മാഷ് അതിലൂടെ നിർവ്വഹിച്ചത്. ടെലിഫോണും ഫാക്സും ഇ-മെയിലും ഒന്നുമില്ലാത്തൊരു കാലത്താണ് മുഹമ്മദ് മാഷ് ജനകീയ പത്ര പ്രവർത്തകനായത് എന്നോർക്കണം. കൂറ്റനാട് പ്രസ് ഫോറം രൂപീകരിക്കുന്ന കാലത്താണ് ഞങ്ങൾക്ക് കൂടുതൽ അടുത്തിടപഴകാൻ അവസരം ലഭിച്ചത്. ഒരു ജേഷ്ട സഹോദരൻെറ സ്നേഹവും സംരക്ഷണവും നൽകിയാണ് അദ്ദേഹം എന്നും ഞങ്ങളുടെ ബന്ധം ദൃഢമാക്കിയത്. ദീനകിടക്കയിൽ കിടക്കുന്ന സമയത്തും ഫോൺ ചെയ്തും കത്തെഴുതിയും ബന്ധത്തിന്
സുഗന്ധം പൂശിയ മുഹമ്മദ് മാഷ് 68 )0 വയസ്സിൽ ദൗത്യം ബാക്കി വെച്ച് വിട പറഞ്ഞപ്പോൾ ആ ശൂന്യത നികത്താനാരുമില്ലല്ലോ എന്ന ദുഃഖം എന്നിൽ നിറയുകയാണ്.

No comments: