Friday, 31 July 2015

കവിത / പനിനീർ

മഞ്ചാടി മുറ്റത്ത് 
ചെഞ്ചോര തുടിപ്പുമായ്
വെഞ്ചാമരം വീശിയാടും
ചെമ്പനിനീർ പൂക്കളെ,
കണ്ടുവോ നിങ്ങളെൻറ
പ്രണയാർദ്ര ഹൃദയവും
പ്രാണൻെറ പിടച്ചിലും
ചിതയിലമർന്ന വൃന്ദാവനവും.





Thursday, 30 July 2015

കലാമിന്റെ ' അഗ്നിച്ചിറകിൽ ' ആൽബി


മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ അഞ്ച് ആഴ്ച കൊണ്ട് വിവർത്തനം ചെയ്തതിന്റെ ' അഗ്നിച്ചിറകിലാണ് ' കൊച്ചി കുമ്പളങ്ങി സ്വദേശി പി.വി. ആൽബി. 1989-92 കാലത്ത് കുസാറ്റിൽ ഫിസിക്സ് വിദ്യാർഥിയായിരുന്നപ്പോൾ തുടങ്ങിയ എഴുത്തു ബന്ധമാണ് ആൽബിയെ കലാമിന്റെ ഉറ്റ ശിഷ്യഗണത്തിലേക്ക് എത്തിച്ചത്. കാൽ നൂറ്റാണ്ടു കാലം നീണ്ടു നിന്ന ആത്മ ശിഷ്യ ബന്ധത്തിന്റെ ബന്ധനത്തിലാണ് 47 കാരനായ ആൽബി. കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം ഡയരക്ടർ ആയിരുന്ന കലാമുമായി എഴുത്ത് കുത്തുകൾ പതിവാക്കിയിരുന്ന ആൽബി, പിന്നീട് കൊച്ചിയിലും തുമ്പയിലും വെച്ച് നേരിൽ കണ്ടു. വിദൂര സംവേദന സാങ്കേതിക വിദ്യ വികസിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ച സമയത്ത് കലാം, ഫിസിക്സ് വിദ്യാർഥിയായ ആൽബിയുമായി ഉള്ളു തുറന്നു സംവദിച്ചിരുന്നു. അന്ന് തുടങ്ങിയ ഗുരു ശിഷ്യ ബന്ധം വളരെ പെട്ടെന്ന് വളർന്ന് രാഷ്ട്രപതി ഭവനിലും മുഗൾ ഗാർഡനിലും എത്തി. ഫിസിക്സിൽ ഗവേഷണം അവസാനിപ്പിച്ച ശേഷം ജേണലിസത്തിലേക്ക് കൂട് മാറിയ ആൽബി, 1994 ൽ 'ധനം' മാസികയിൽ ചേർന്നു. ആൽബിക്ക് 1997 ൽ ഡവലപ്മെന്റൽ ജേണലിസം അവാർഡ് ലഭിച്ച വാർത്ത കലാമിന്റെ ശ്രദ്ധയിൽപ്പെട്ടു. പുതിയ രംഗത്ത് കഴിവ് തെളിയിച്ചതിന് ആൽബിയെ കലാം അഭിനന്ദനം അറിയിച്ചു.1999 ലാണ് 'അഗ്നിചിറകിൽ' വിവർത്തനം ചെയ്ത് ഡി.സി. പുസ്തകം ഇറക്കിയത്. ഇപ്പോൾ 57 എഡിഷൻ ഇറങ്ങി കഴിഞ്ഞു. നാല് മാസം കൊണ്ട് ബെസ്റ്റ് സെല്ലർ ആയി മാറിയ മറ്റൊരു പുസ്തകം അക്കാലത്ത് വേറെ ഇല്ലായിരുന്നു. ഈ പുസ്തകത്തിലെ 'എന്റെ അമ്മ' എന്ന കവിത ഏറെ ഭയത്തോടെയാണ് ആൽബി വിവർത്തനം ചെയ്തത്. എന്നാൽ ആ വരികൾ ഏറെ ഇഷ്ടമായെന്ന് കലാം പറഞ്ഞപ്പോളാണ് ആൽബിക്കു സമാധാനം കൈവന്നത്. തുടർന്ന് 'രാഷ്ട്ര വിഭാവനം' എന്ന പുസ്തകം ഇറങ്ങി. 2020 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ബ്ലൂ പ്രിന്റ്‌ ആണ് ഈ പുസ്തകം. മൂന്നു വർഷം മുമ്പ് കലാമിന്റെ 20 കവിതകൾ 'ജീവിത ഗീതികൾ' ജീവൻ ബുക്സിന് വേണ്ടി വിവർത്തനം ചെയ്തു. അന്ന് ദില്ലിയിൽ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നാണ് കവിതയുമായി സംവദിച്ചത്. പുസ്തകം ഇറങ്ങിയപ്പോൾ കലാം ഏറെ ആഹ്ലാദവാനായിരുന്നു . ഒടുവിൽ അഞ്ചു മാസം മുമ്പ് കലാമിന്റെ രോഗ വിവരം അറിയാൻ ആൽബി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ലളിത ജീവിതം നയിച്ച ഒരു വലിയ മനുഷ്യന്റെ വേർപ്പാട് ഏറെ വേദനിപ്പിക്കുമെന്നാണ് ആൽബിയുടെ അനുഭവം. തിരുമിറ്റക്കോട് പഞ്ചായത്തിലെ നെല്ലിക്കാട്ടിരി വട്ടോള്ളിയിൽ താമസിക്കുന്ന ആൽബി, മെട്രോ മാൻ ഇ. ശ്രീധരന്റെ ജീവിത വിജയത്തിന്റെ പാഠപുസ്തകം എന്ന കൃതി ഉൾപ്പെടെ നിരവധി പുസ്തകം എഴുതിയിട്ടുണ്ട്. 150 ഓളം ഇംഗ്ലീഷ് കൃതികൾ മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുമുണ്ട്. ചാത്തനൂർ ഹൈസ്കൂളിൽ ഹിന്ദി ടീച്ചർ ആയ സിബി മോൾ ഭാര്യയാണ്. വിദ്യാർഥികളായ ആൻ മരിയ, അലൻ എന്നിവർ മക്കളാണ്.

Friday, 24 July 2015

കവിത / ഹാ കഷ്ടം






തിരുവാതിര തീർന്നില്ല-
തിൻ മുന്നെ തന്നെ നിള
തീരെ മെലിഞ്ഞല്ലൊ കഷ്ടം.
തീരത്തണയാനിനി സ്വപ്ന-
ത്തോണി തുഴയട്ടെ ഞാൻ
തരിമണൽ കാട്ടിലേകനായ്.



Thursday, 23 July 2015

കേരള കാഴ്ചകൾ






കഴിഞ്ഞ ദിവസം  കൊച്ചിയിലേക്ക് പോയത് ഗുരുവായൂർ-പറവൂർ വഴിയായിരുന്നു. പ്രിയ കവി കുഞ്ഞുണ്ണി മാഷേയും ( വലപ്പാട് ),  കേരളത്തിൻെറ എംപ്ലായ്മെൻറ് എക്സ്ചേഞ്ചും ലോക മലയാളികളുടെ അഭിമാനവുമായ എം.എ. യൂസഫലിയുടേയും (നാട്ടിക) നാട്ടിലൂടെയുള്ള യാത്ര എന്നും ആഹ്ലാദകരമായിരുന്നു. എന്നാൽ ഗുരുപവനപുരി പിന്നിട്ടതും വഴി നീളെ കണ്ട കാഴ്ച ഞെട്ടിച്ചു. ഓരോ ജംഗ്ഷനിലും വളഞ്ഞു പുളഞ്ഞ വലിയ മനുഷ്യ മതിൽ. റേഷൻ കടയോ, മാവേലി സ്റ്റോറൊ, സിനിമാ ടാക്കീസോ ഒന്നുമായിരുന്നില്ലാ മനുഷ്യ വരിയ്ക്കാധാരം. വഴി നീളെ തുറന്നുവെച്ച ബീവറേജ് ഒൗട്ട് ലെറ്റുകൾക്ക് മുന്നിൽ ക്ഷമയോടെ 'വീര്യം' വാങ്ങാൻ കാത്തു നിന്നവരായിരുന്നു അവർ. ഭൂരിഭാഗം പേരും കൂലിപ്പണിക്കാരും ദരിദ്രരുമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. കേരളത്തിൽ ഒരു കൂലിപ്പണിക്കാരൻ ദിനേന അഞ്ഞൂറ് മുതൽ ആയിരം രൂപ കൂലി വാങ്ങുന്നവരാണ്. ഇവരുടെ വരുമാനം മുഴുവൻ ചെലവഴിക്കപ്പെടുന്നത് മദ്യത്തിനാണെങ്കിൽ കേരളം ഇനിയും ദരിദ്രമാവും. കേരളത്തിൽ 40 ശതമാനം പേരും കൂലി തൊഴിലാളികളാണെന്ന് പുതിയ സെൻസസിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇവരുടെ നിക്ഷേപം മുഴുവൻ സർക്കാർ ഖജനാവിലാണെന്ന് (മദ്യവും ലോട്ടറിയും) കാണാം. തൊഴിലാളി വർഗം മദ്യപന്മാരായി നശിക്കുന്നതിൽ സർക്കാറിനോ, ട്രേഡ് യൂണിയൻ നേതാക്കൾക്കോ യാതൊരു വേവലാതിയുമില്ല എന്നതും ചിന്തിക്കേണ്ടതുണ്ട്. സർവ്വ രാജ്യ തൊഴിലാളികളെ മദ്യമുക്തരാവൂ എന്ന് ഉദ്ഘോഷിക്കാനും കൊടിയ വിപത്തിനെതിരെ പട നയിക്കാനും ആരെങ്കിലും രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കാനേ നിർവ്വാഹമുള്ളു.

പ്രവാസികൾ കറവ പശുക്കൾ




കേരളത്തിലെ അമ്പത് ലക്ഷം പേരെ തീറ്റിപ്പോറ്റുന്നത് പ്രവാസികളാണ്. 
സാമൂഹ്യ ക്ഷേമ വകുപ്പിൻെറ കണക്കുകൾ പ്രകാരം 16.3 ലക്ഷം പ്രവാസികളുണ്ട്. ഇവരിൽ 88 ശതമാനവും പശ്ചിമേഷ്യയിലാണ് ജോലി ചെയ്യുന്നത്. യു.എ.ഇ. യിൽ 5.73 ലക്ഷവും സൗദിയിൽ 4.50 ലക്ഷവും അമേരിക്കയിൽ 78000 വും, യൂറോപ്പിൽ 53000 വും, കാനഡയിൽ 10,000 വും, ആഫ്രിക്കയിൽ 7000 വും പേർ പണിയെടുക്കുന്നു. ഐ.ടി. രംഗത്തും ആരോഗ്യ മേഖലയിലും മലയാളികൾക്ക് നല്ല ഡിമാൻറുണ്ട്. അതുകൊണ്ട് യൂറോപ്യൻ നാടുകളിലേക്ക് പ്രവാഹം കൂടി വരുന്നുണ്ട്. 
കഴിഞ്ഞ വർഷം പ്രവാസികൾ കേരളത്തിലേക്ക് അയച്ചത് ഒരു ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് തുകയിൽ 17 ശതമാനം വർധനയുണ്ട്. വിദേശ മലയാളി നിക്ഷേപം മൊത്തം 109600 കോടിയാണ്. ഇതിൽ 60 ശതമാനം പൊതുമേഖലാ ബാങ്കുകളിലും, 40 ശതമാനം സ്വകാര്യ ബാങ്കുകളിലുമാണുള്ളത്.
 പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം മുന്നിലാണ്. 2.9 ലക്ഷം. സ്ത്രീകളുടെ എണ്ണത്തിൽ കോട്ടയമാണ് മുന്നിൽ. 58,500 വനിതാ ജീവനക്കാർ വിവിധ വിദേശ നാടുകളിൽ പണിയെടുക്കുന്നു. എന്നാൽ കേരളത്തിൻെറ വളർച്ചക്കും വികസനത്തിനും പ്രവാസികൾ വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന് ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ? 
സർക്കാരും വിമാന കമ്പനികളും കസ്റ്റംസ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർടികളും, പള്ളി, ക്ഷേത്ര കമ്മറ്റികളും അനേകമനേകം പിരിവു സംഘങ്ങളും കറവ പശുക്കളെപ്പോലെയാണല്ലോ പ്രവാസികളെ കാണുന്നത്.

Wednesday, 22 July 2015

അനുസ്മരണം



വിടവാങ്ങിയത് നാടിൻെറ സ്പന്ദനമറിഞ്ഞ പത്രപ്രവർത്തകൻ
******************************************************************

നാടിൻെറ സ്പന്ദനമറിയുകയും അക്കാര്യം ലോകത്തോട് വിളിച്ചു പറയുകയും ചെയ്ത പ്രാദേശിക പത്രപ്രവർത്തകനായിരൂന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട 'ചന്ദ്രിക' ലേഖകൻ എം.എ. മുഹമ്മദ് മാസ്റ്റർ. അറബി ഭാഷാദ്ധ്യാപകനായും, പട്ടിത്തറ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടരിയായും, മഹല്ല് ജമാഅത്ത് കമ്മറ്റി ഭാരവാഹിയായും, കുമരനെല്ലൂർ സഹകരണ ബാങ്ക് ഡയറക്ടറായും, ജീവകാരുണ്യ സേവന സംഘടനയായ നുസ്രത്തുൽ മസാഖീൻ ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം മരണം വരെയും കർമനിരതനായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി രോഗബാധിതനായി വീട്ടിൽ വിശ്രമിക്കുമ്പോഴും അദ്ദേഹം 'മാധൃമം' പത്രത്തിലേക്കുള്ള വാർത്തകൾ മുടങ്ങാതെ തപാലിൽ എൻെറ വിലാസത്തിൽ അയച്ചു തരുമായിരുന്നു. മരണം വന്ന് വിളിക്കുന്ന സമയത്തും പാവപ്പെട്ടവരേയും ചികിൽസിക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്ന രോഗികളേയും കുറിച്ച് അദ്ദേഹം ഉദ്കണ്ഠയുള്ളവനായിരുന്നു. ഫോണിൽ വിളിക്കുന്ന സമയത്തെല്ലാം അദ്ദേഹം പങ്കുവെച്ചതും ഇക്കാര്യങ്ങളായിരുന്നു. രാജ്യത്തുടനീളം ശുചിത്വ ഭാരതം എന്ന സന്ദേശം അലയടിക്കുന്നതിനും എത്രയോ മുമ്പ് അത് സ്വയം നടപ്പാക്കി മാതൃക കാണിക്കാൻ അദ്ദേഹം രംഗത്തിറങ്ങിയിരുന്നു. നെല്ലിപ്പടി ബസ് വെയ്റ്റിങ്ങ് ഷെഡ് ദിനേന അടിച്ചുവാരി വൃത്തിയാക്കിയാണ് മാഷ് നാടിൻെറ മനം കവർന്നത്. വനവൽക്കരണ കാഹളം മുഴങ്ങുന്നതിനു മുമ്പ് തന്നെ അദ്ദേഹം പാതയോരങ്ങളിൽ വൃക്ഷതൈകൾ നട്ടു വളർത്തി ഹരിതാഭയുണ്ടാക്കി. സാധാരണക്കാരിൽ സാധാരണക്കാരനായി നാട്ടിലുടനീളം നടന്നു ചെന്ന് വാർത്തകൾ കണ്ടെത്തി റിപ്പോർട് ചെയ്തിരുന്ന പ്രാദേശിക ലേഖകനായിരുന്നു മുഹമ്മദ് മാഷ്. നാട്ടിൽ ആര് മരിച്ചാലും ചരമ കോളത്തിൽ പടവും വാർത്തയും വരുത്താനുള്ള അദ്ദേഹത്തിൻെറ തീവ്രശ്രമം പുതിയ തലമുറക്കാർക്ക് കേട്ടുകേൾവി മാത്രമായിരിക്കും. തൻെറ പത്രത്തെ ജനകീയമാക്കാനുള്ള പരിശ്രമമാണ് മാഷ് അതിലൂടെ നിർവ്വഹിച്ചത്. ടെലിഫോണും ഫാക്സും ഇ-മെയിലും ഒന്നുമില്ലാത്തൊരു കാലത്താണ് മുഹമ്മദ് മാഷ് ജനകീയ പത്ര പ്രവർത്തകനായത് എന്നോർക്കണം. കൂറ്റനാട് പ്രസ് ഫോറം രൂപീകരിക്കുന്ന കാലത്താണ് ഞങ്ങൾക്ക് കൂടുതൽ അടുത്തിടപഴകാൻ അവസരം ലഭിച്ചത്. ഒരു ജേഷ്ട സഹോദരൻെറ സ്നേഹവും സംരക്ഷണവും നൽകിയാണ് അദ്ദേഹം എന്നും ഞങ്ങളുടെ ബന്ധം ദൃഢമാക്കിയത്. ദീനകിടക്കയിൽ കിടക്കുന്ന സമയത്തും ഫോൺ ചെയ്തും കത്തെഴുതിയും ബന്ധത്തിന്
സുഗന്ധം പൂശിയ മുഹമ്മദ് മാഷ് 68 )0 വയസ്സിൽ ദൗത്യം ബാക്കി വെച്ച് വിട പറഞ്ഞപ്പോൾ ആ ശൂന്യത നികത്താനാരുമില്ലല്ലോ എന്ന ദുഃഖം എന്നിൽ നിറയുകയാണ്.