Friday, 11 October 2013

മൃഗബലി പോലെ നരബലി

                                               മനുഷ്യൻ എത്ര സുന്ദര പദം.       എന്നാൽ അവൻ ചെയ്യുന്ന
പ്രവർത്തി അത്ര സുന്ദരമാണോ?  ഈയിടെ ഉണ്ടായ രണ്ടു ക്രൂര കൃത്യങ്ങൾ പരിശോധിക്കുമ്പോൾ മനുഷ്യൻ തനി പ്രാകൃതൻ ആവുകയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതപ്പുഴയിൽ ആണ് രണ്ടു കൊലപാതകങ്ങൾ നടന്നത്.  കഴിഞ്ഞ വർഷം ഒടീഷ സംസ്ഥാനക്കാരനായ വിക്രം നായിക് ( 24 ) ആണ് ഭാരതപ്പുഴയിൽ അതി നിഷ്റ്റൂരമായി കൊലചെയ്യപ്പെട്ടത്. കഴുത്ത് അറുത്തും വയർ കുത്തിക്കീറിയും ജനനേന്ദ്രിയം മുറിച്ചു മാറ്റിയും കൊലപ്പെടുത്തിയത് കൂട്ടുകാർ തന്നെയായിരുന്നു. നാൽപ്പതിനായിരം രൂപക്ക് വേണ്ടിയാണ് അവർ വിക്രം നായിക്കിനെ കൊന്നു പുഴയിൽ തള്ളിയത്.
                         ആ സംഭവത്തിന്റെ അലകൾ അടങ്ങും മുമ്പാണ് രണ്ടാമത്ത
കൊല നടന്നത്. ബംഗാൾ സംസ്ഥാനക്കാരനായ ഇബ്രാഹിം കൊക്കൻ ( 34 ) കഴിഞ്ഞ രണ്ടു നാൾ മുമ്പാണ് ഭാരതപ്പുഴയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പട്ടാമ്പി പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് പുഴ മധ്യത്തിൽ അരും കൊല നടന്നത്.   കഴുത്തിൽ കത്തികൊണ്ട് വെട്ടിയും ബലം പ്രയോഗിച്ച് വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചും കൊന്ന ശേഷം ശിരസ്സ് അറുത്തു മാറ്റിയ സംഭവമായിരുന്നു അത്.    ഈ കേസിൽ നാല് പ്രതികളാണ് അറസ്റ്റിലായത്. നാട്ടുകാരും സഹപ്രവർത്തകരുമാണ്  നാല് പേരും.      പ്രധാന പ്രതി കാൽ ലക്ഷം രൂപാ വീതം കൂലി വാഗ്ദാനം നൽകിയാണ്‌ കൂടെ കൂട്ടിയത്.
                                          ഇബ്രാഹിമിന്റെ കഴുത്തു അറുത്തു മാറ്റിയ രീതി കണ്ട് പോലീസും പോലിസ് സർജ്ജനും അത്ഭുതപ്പെട്ടു എന്നാണു പറയുന്നത്.
 ഇത്ര വിദഗ്ദമായി മനുഷ്യന്റെ കഴുത്ത് മുറിച്ചത് അവരെ ഞെട്ടിച്ചു എന്നാണ് പറയുന്നത്.
 ദിനം പ്രതി കുറ്റകൃത്യങ്ങൾ പെരുകുകയാണ്. അതോടൊപ്പം
ക്രൂരതയുടെ പുതു രീതിശാസ്ത്രങ്ങളും മാറിക്കൊണ്ടിരിക്കുന്നു.
                       പിഞ്ചു ബാലിക മുതൽ പടുകിഴവികൾ വരെ പീഡനത്തിനു
ഇരകളാവുന്ന കലികാലത്തിൽ മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരതകളാണ്
മനുഷ്യൻ ഇപ്പോൾ പരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റവാളികളായ
ഇരുകാലികളെയെങ്കിലും മനുഷ്യൻ എന്ന് വിളിക്കാതിരിക്കാം.

Monday, 7 October 2013

ഒരു സിനിമയും ഞാനും പിന്നെ മദിരാശിയും

                         16 വയതിനിലെ   
                         വീണ്ടും  വെള്ളിത്തിരയിൽ
...

     1976 ൽ റിലീസ് ചെയ്ത 16 വയതിനിലെ എന്ന തമിൾ സിനിമ വീണ്ടും തിയ്യേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് ഈ കുറിപ്പിന് പ്രേരണയായത്. 37 വർഷം മുമ്പുള്ള ഒരു കാലം ഫ്ലാഷ് ബാക്ക് എന്ന പോലെ എന്റെ മനസ്സിലേക്ക് ഓടി എത്തുകയാണ്. അന്നത്തെ ന്യൂ  ജനറേഷൻ സിനിമയായിരുന്നു 16 വയതിനിലെ.     കമലഹാസനും രജനികാന്തും ശ്രീദേവിയും ജന മനസ്സിൽ ഇടം പിടിച്ചത് ഈ ഒരു സിനിമയിലൂടെയായിരുന്നു എന്ന് തറപ്പിച്ചു പറയാം. ഭാരതി രാജ സംവിധാനവും ഇളയ രാജ സംഗീതവും നിർവ്വഹിച്ച സൂപ്പർ ഹിറ്റ്‌ ചിത്രം
റിലീസ് ചെയ്യുമ്പോൾ ഞാൻ ചെന്നെയിൽ ജോലി ചെയ്യുകയായിരുന്നു. ഗ്രാമീണ  പശ്ശ്വാതലത്തിൽ ചിത്രീകരിച്ച ഈ സിനിമ ഇരുന്നൂറോളം ദിവസമാണ് ഓരോ തിയ്യേറ്ററിലും ഹൗസ് ഫുള്ളായി ഓടിയത്.
     രാജ്യം അടിയന്തിരാവസ്ഥയുടെ കാൽക്കീഴിലായിരുന്നുവെങ്കിലും  ചെന്നെയിൽ അതിന്റെ മേഘ പാളികളൊന്നും അന്ന് കാണപ്പെട്ടിരുന്നില്ല.
ഞാൻ അക്കാലത്ത് ഉപ ജീവനത്തിനു വഴി തേടിയാണ് മദിരാശി നഗരത്തിൽ എത്തിയത്.      ആരു വന്നാലും മദിരാശി നഗരം അന്നം തരും.
ആദ്യം കാണുന്ന ഹോട്ടലിൽ കയറി ഊണ് കഴിച്ചാൽ ബിൽ കൊടുക്കാൻ
പണമില്ലെന്ന് പറഞ്ഞാൽ ജോലി ഉറപ്പായി എന്നർത്ഥം. ഇന്നത്തെ
പല സൂപ്പർ താരങ്ങളും അങ്ങിനെയൊക്കെയുള്ള അനുഭവങ്ങൾ ഉള്ളവരാണ്.
പത്താം തരത്തിൽ പരീക്ഷ എഴുതി റിസൾട്ടിനു കാത്തു നിൽക്കാതെ
നാട് വിട്ട ഞാനും ചെന്നു വീണത്‌ മൗണ്ട് റോഡിനു സമീപത്തുള്ള ഒരു
ഹോട്ടലിൽ ആയിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ഞാൻ ജീവിതം എന്തെന്ന് പഠിച്ചു. 16 വയസ്സിൽ 16 മണിക്കൂർ ജോലി. രാവിലെ മുതൽ രാത്രി
വരെ യന്ത്രം കണക്കെ പണി. പാതാളത്തിൽ നിന്ന് ഹാൻഡ്‌ പമ്പിലൂടെയുള്ള
വെള്ളം കോരി നിറക്കലായിരുന്നു ആദ്യത്തെ ജോലി. അതുകഴിഞ്ഞാൽ മേശ തുടക്കൽ, വെള്ളം കൊടുക്കൽ, പാത്രം കഴുകൽ, മാലിന്യ ക്കുഴിയിൽ നിറഞ്ഞ അഴുക്കു ജലം കോരി മറ്റൊരു ടാങ്കിലേക്ക് മാറ്റൽ എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നൊന്നായി ചെയ്തു തീർക്കണം.                         16 വയസ്സുള്ള പയ്യൻ ആണെന്ന പരിഗണനയൊന്നും തൊഴിൽ ദാതാവിൽ
നിന്ന് ലഭിക്കില്ലെന്നു ബോധ്യമായപ്പോൾ പിറ്റേന്ന് നഗരത്തിൽ നിന്ന് കുറച്ചകലെയുള്ള പല്ലാവരം എന്ന സ്ഥലത്തേക്ക് മാറി. അവിടെ ഗ്രാമന്തരീക്ഷം ആയിരുന്നുവെങ്കിലും  ജോലി ഹോട്ടൽ പണി തന്നെ. ഇംഗ്ലീഷ് ഇലക്ട്രിക്കൽ കമ്പനിയുടെ മുമ്പിൽ സാമാന്യം ഭേദപ്പെട്ട ഒരു തട്ടുകടയായിരുന്നു അത്. ആയിരത്തോളം ജീവനക്കാർ പണിയെടുക്കുന്ന കമ്പനിയെ ആശ്രയിച്ചാണ് തട്ടുകട പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് പണി
കുറവാണെന്ന് പറയാൻ വയ്യെങ്കിലും ശുദ്ധ വായു ലഭിക്കുന്നത് വളരെ ആശ്വാസം ഉളവാക്കുന്ന കാര്യമായിരുന്നു. അങ്ങിനെയുള്ള ജീവിത സാഹചര്യത്തിലാണ് സിനിമ ഒരു സാന്ത്വനം ആയി എന്നെ ഉന്മാദിപ്പിച്ചത്.
സെക്കന്റ് ഷോ കാണാൻ വേണ്ടിയുള്ള അന്നത്തെ ആവേശമായിരുന്നു ജീവൻ നിലനിർത്താൻ ഇന്ധനം ആയത്   .അക്കാലത്ത് കണ്ട സിനിമകൾ
എത്രയെന്നു എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. എങ്കിലും അന്ന് കണ്ട സിനിമകളും പാട്ടുകളും ഇന്നും ഓർമയിൽ ഉണ്ട്. ആ ഓർമകൾക്ക് ഇന്നും
പ്രായം 16 ആണ്. അതുകൊണ്ടാവാം 16 വയതിനിലെ എന്ന സിനിമ വീണ്ടും
റിലീസ് ചെയ്യുന്നു എന്ന വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നത്.
 
 

Sunday, 6 October 2013

ഹിന്ദി ദേശീയ സെമിനാർ സമാപിച്ചു

  ഹിന്ദി ദേശീയ സെമിനാർ സമാപിച്ചു 

                       ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഹിന്ദി കവിതയെക്കുറിച്ച് പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ നടന്ന ദിദിന ദേശീയ സെമിനാർ സമാപിച്ചു. സമകാലിക ജീവിത യാഥാർത്യങ്ങളുടെ നേർകാഴ്ചയാണ് ഇന്നത്തെ ഹിന്ദി കവിതയെന്ന്   പ്രമുഖ നിരൂപകൻ ഡോ. പങ്കജ് പരാശർ പറഞ്ഞു.. പുതിയ കാലത്തോടും പുതിയ പ്രശ്നങ്ങളോടും സമ കാലിക കവിത ശക്തമായി പ്രതികരിക്കുന്നുണ്ട് എന്നും അദ്ദേഹം ഉദാഹരിച്ചു. സ്ത്രീ പ്രതിരോധതിന്റെ പുതു രൂപങ്ങൾ സമകാലീന ഹിന്ദി കവിതയിൽ കാണാൻ കഴിയുമെന്ന് പോണ്ടിച്ചേരി സർവ്വകലാശാലയിലെ പ്രൊഫ. ഡോ. പദ്മപ്രിയ ചൂണ്ടിക്കാട്ടി. പാരമ്പര്യങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുക്കി സ്ത്രീയെ ചൂഷണ വസ്തുവാക്കുന്നതിനു എതിരെ ചെറുത്തുനിൽപ്പ്  വളർന്നു വരികയാണെന്നും അവർ പറഞ്ഞു..
                  വികൽപ്പ് തൃശ്ശൂരിന്റെ സഹകരണത്തോടെ നടന്ന സെമിനാറിൽ പ്രിൻസിപ്പൽ പ്രേമലത അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി.ടി. രമ, യൂണിയൻ ചെയർമാൻ വൈശാഖ്, ഡോ. വിജി ഗോപാലകൃഷ്ണൻ, ഡോ. പി.കെ. പ്രതിഭ, ദേവസേന എന്നിവർ സംസാരിച്ചു.

                ഡോ. കെ.ജി. പ്രഭാകരൻ, ഡോ. ബി. വിജയകുമാർ, ഡോ. വി.കെ. സുബ്രമണ്യൻ, ഡോ. സിന്ധു, ഡോ. കെ.കെ. വേലായുധൻ, ഡോ. ശാന്തി നായർ, ഡോ. സി. ബാല സുബ്രമണ്യൻ, ഡോ. പി.ജെ. ഹെർമൻ, ഡോ. സജിത്,  ഡോ . കെ.എം. ജയകൃഷ്ണൻ, പി.എൻ. ജയരാമൻ, ഡോ. ആശ എസ് നായർ, സോഫിയ മാത്യു, ഡോ. എം. മൂസ, ഒ.പി. രജുല, പി.എസ്. മഞ്ജുള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Monday, 23 September 2013

ലേഖനം /അവയവ ദാനം : ലിബുവിനു മരണമില്ല !

            ഒരുപാട് വാർത്തകൾ വായിച്ചു തള്ളുന്നതിനിടയിൽ എവിടയോ ലിബുവിനെ കണ്ടു മുട്ടുകയായിരുന്നു. തിരുവോണം ദിനത്തിലാണ് ലിബു ഗോവണിയിൽ നിന്ന് വീണത്‌.
വീഴ്ച്ചയിൽ തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റി.  തൃശ്ശൂർ വടൂക്കരയിൽ കേബിൾ നെറ്റു വർക്ക്
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലിബു മൂന്നാം ദിനത്തിൽ മരണത്തിനു കീഴടങ്ങി. മസ്തിഷ്ക്ക
മരണം സംഭവിച്ചു എന്ന് ബോധ്യമായതോടെ ലിബുവിന്റെ ഭാര്യ  ലിജി അവയവ ദാനത്തിനു
സമ്മതം നൽകുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം. കൈപ്പരമ്പിൽ റപ്പായിയുടെ മകൻ ലിബു
ഇനി ജീവിക്കുന്നത് അഞ്ചു മനുഷ്യരിലാണ്. കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ
വെച്ചാണ് 39 കാരനായ ലിബു  അഞ്ചു പേരുടെ ജീവനിൽ പടർന്നു കയറുന്നതിനു ചലനമറ്റു കിടന്നത്.  എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനോയ്‌ തോമസിന് ഹൃദയം നൽകിയ ലിബു കണ്ണുകൾ ജുബിലി മിഷൻ ആശുപത്രിയിലെ നേത്ര ബാങ്കിനു നല്കി. രണ്ടു വൃക്കകൾ രണ്ടു സ്ഥലത്തെ ആശുപത്രികൾ ഏറ്റുവാങ്ങി. ട്രാഫിക് സിനിമയിൽ കണ്ട ഒരു സീൻ ഇവിടെയും ആവർത്തിച്ചു. ലിബുവിന്റെ മിടിക്കുന്ന ഹൃദയവുമായി കൂർക്കഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് ആംബുലൻസ് ഓടിക്കാൻ പോലീസ് ഗതാഗത സംവിധാനം ഒരുക്കി.   75 കിലോ മീറ്റർ ഓടാൻ എടുത്തത് അമ്പത് മിനുറ്റുമാത്രം. ഒരു മണിക്കൂർ നേരത്തിനകം ഹൃദയം മാറ്റി വെക്കാനായിരുന്നു തീരുമാനം. എല്ലാം കിറു കൃത്യമായി നടന്നു. അങ്ങിനെ ലിബു  പുനർജ്ജനിക്കുകയാണ്. ലിബുവിനു പിൻഗാമികൾ ഉണ്ടാവണം. മരണത്തിനു ശേഷവും
ജീവിക്കാൻ കഴിയുമെന്നു തെളിയിക്കുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുമെന്നു ആശിക്കാം.

Friday, 20 September 2013

ലേഖനം / സൗരയൂഥ പക്ഷി പറന്നു പറന്നു പോകുന്നു

സൗരയൂഥ പക്ഷി പറന്നു പറന്നു പോകുകയാണ് .
1977 ൽ  നാസ വിക്ഷേപിച്ച വൊയെജെർ പേടകം 36 വർഷത്തെ ദൗത്യം പൂർത്തിയാക്കി
ഇപ്പോൾ സൗരയൂഥം വിട്ട് .പുറത്തു പോയിരിക്കുന്നു .                                                    സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ച് പഠനം നടത്താൻ അഞ്ചു വർഷത്തെ കാലാവധി നിശ്ചയിച്ചു  വിക്ഷേപിച്ചതാണ് . .എന്നാൽ നാസ നിശ്ചയിച്ച ആയുസ്സിന്റെ ഏഴാം ഊഴവും താണ്ടി വൊയെജെർ ഇപ്പോൾ നക്ഷത്രാന്തര ലോകത്തേക്ക് കടന്നു കഴിഞ്ഞു .   സൗരയൂഥം പിന്നിട്ട ആദ്യത്തെ മനുഷ്യ നിർമിത പേടകം ആണിത്.   ഈ സൗരയൂഥ പക്ഷി ഒരു വർഷമായി  ശാസ്ത്ര നേത്ര പരിധിയിൽ ഉണ്ടായിരുന്നില്ല . സൂര്യനിൽ നിന്ന് 1900 കോടി കിലോ മീറ്റർ അകലെ എവിടയോ ഇപ്പോൾ വോയെജർ ഉണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞു .
മനുഷ്യൻ ചന്ദ്രനെ കീഴടക്കിയതുപോലെ ഇതും ഒരു നാഴികക്കല്ലാണ് . നക്ഷത്രാന്തര  ലോകത്തേക്ക് ഒരു പേടകത്തെ അയക്കുക എന്നത് ശാസ്ത്ര മേധാവികളുടെ ഒരു സ്വപ്നം ആയിരുന്നു.  അപ്രതീക്ഷിതമായി ആ സ്വപ്നം താനേ സാധ്യമായിരിക്കുന്നു.  മണിക്കൂറിൽ
59000 കിലൊമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പേടകം 1877 കോടി കിലോ മീറ്റർ താണ്ടിയാണ് സൗരയൂഥത്തിന്റെ  അതിർത്തി കടന്നത്‌. ഈ യാത്രക്കിടയിൽ വോയെജർ
വ്യാഴം, ശനി എന്നിവയുടെ വ്യക്തമായ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചിരുന്നു .
യുറാനസ് , നെപ്റ്റ്യുൻ  എന്നീ ഗ്രഹങ്ങളെ കുറിച്ചും പഠനം നടത്തിയാണ് വോയെജർ
സൗരയൂഥത്തിന്റെ  ബാഹ്യാതിർത്തിയിലേക്ക് പ്രയാണം ആരംഭിച്ചത്.  സൂര്യന്റെ
സ്വാധീന പരിധിയിൽ ഇപ്പോൾ ഈ പക്ഷി ഇല്ലെന്നു നാസ ഉറപ്പിച്ചു കഴിഞ്ഞു.
സൗരയൂഥത്തിലെ  നാല് ഗ്രഹങ്ങൾ സന്ദർശിച്ച പേടകം എന്ന ബഹുമതിയും
നക്ഷത്രാന്തര ലോകത്തേക്ക് പറന്നു പോയ യന്ത്ര പക്ഷി എന്ന നിലയിലും
വോയെജർ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

Thursday, 22 August 2013

മൂന്നു മിനി കവിതകൾ


ഒഴിഞ്ഞ ഇരിപ്പിടങ്ങൾ

ഒഴിഞ്ഞ ഇരിപ്പിടങ്ങൾ 

സ്വാതന്ത്രത്തിന്റെ  66  വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും നമ്മുടെ കുട്ടികൾക്ക് ഭയം കൂടാതെ
പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. പെണ്‍കുട്ടികൾക്ക് തനിച്ചു യാത്ര ചെയ്യാൻ സാധ്യമല്ല.
ബസ്സുകളിൽ വിദ്യാർത്ഥിനികൾക്ക് ഇരിക്കാൻ അനുവാദമില്ല. ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാൻ
സഹ യാത്രക്കാർ പറഞ്ഞാലും പെണ്‍ കുട്ടികൾ ഇരിക്കുകയില്ല. കേരളത്തിൽ എവിടെയും
ഇത്തരം കാഴ്ച്ചകൾ കാണപ്പെടുന്നു. അവകാശ പോരാട്ടങ്ങളുടെ വീര ചരിത്രം രചിക്കുന്ന
വിപ്ലവ കേരളത്തിലാണ് പാരതന്ത്രത്തിന്റെ ചങ്ങല കിലുങ്ങുന്നത്. നിസ്സാര കാര്യങ്ങൾക്ക്
പോലും അനിശിത കാല സമരം നടത്തുന്ന വിദ്യാർഥി യൂണിയനുകൾ ഈ വക കാര്യങ്ങൾ
ഗൗനിക്കുന്നില്ല. ബസ്‌ സ്റ്റാന്റുകളിൽ കുട്ടികൾ വെയിലും മഴയും അവഗണിച്ചു  ബസ്സിൽ
കയറിപറ്റാൻ  ഊഴം കാത്തു നിൽക്കുന്നത് പതിവ് കാഴ്ച ആണെങ്കിലും ഒരു പ്രതികരണ
സംഘടനയും രംഗത്ത് വരാറില്ല. ഒരു പൊലിസ്സുകാരനും പെറ്റി കേസ്സുപോലും ചാർജു .ചെയ്യാറില്ല.
എന്തു  കൊണ്ടാണ് ഇങ്ങിനെ എന്ന് ആരും അന്വേഷിക്കുന്നുമില്ല.സ്വാതന്ത്ര സമര
ചരിത്രത്തിൽ ഉജ്വല മുഹൂർത്തങ്ങൾ രചിച്ച അമ്മു സ്വാമിനാഥനും, എ.വി.കുട്ടിമാളു അമ്മയും
ക്യാപ്റ്റൻ ലക്ഷ്മിയും, സുശീല അമ്മയും അങ്ങിനെ അനേകമനേകം വീരാങ്കനമാരും
പിറന്ന മണ്ണിലാണ് പേടിച്ചരണ്ട മാൻ പേട കണക്കെ ഇപ്പോൾ പെണ്‍ കുട്ടികൾ കഴിയുന്നത്‌.
ആണ്‍ കുട്ടികളുടെ കാര്യവും വലിയ വ്യത്യാസമില്ല. ജനാധിപത്യവും പൌരാവകാശവും
തുല്യ നീതിയും ഉറപ്പു നൽകുന്നവർ ഈ അടിമത്വം അറിയുന്നില്ലേ ?




Tuesday, 13 August 2013

എല്ലാം പെട്ടെന്നായിരുന്നു

എല്ലാം പെട്ടെന്നായിരുന്നു
നിളയുടെ നിറ വയറൊഴിഞ്ഞു
രണ്ടു മാസം ജൈവ ജല ഭീമനെ
ഗർഭം ധരിച്ച  പെണ്ണിന്റെ
കണ്ണീർ മാത്രമായി നിള.
വയറ്റാട്ടി വന്നില്ല
ഹോം നഴ്സുമെത്തിയില്ല
മഴ രണ്ടു നാൾ വിട്ടു നിന്നതും
കടലമ്മ ഊറ്റിയെടുത്തു
നിളയുടെ നിറ വയറൊഴിഞ്ഞു
എല്ലാം പെട്ടെന്നായിരുന്നു
വളരെ വേഗത്തിലായിരുന്നു !


Friday, 9 August 2013

കാരുണ്യത്തിന്റെ കെടാ വിളക്കുകൾ

കാരുണ്യത്തിന്റെ  കെടാ വിളക്കുകൾ

     തിന്മകൾ അരങ്ങ്  വാഴുന്ന കാലത്ത്  നന്മകളുടെ തിരിനാളം തെളിഞ്ഞു  കാണുകയില്ല .
വാർത്തകളിൽ നിറയുന്നത് ക്രൈം സ്റ്റോറികൾ മാത്രമാണ്. ഈയിടെ പട്ടാമ്പി സർക്കാർ
ആശുപത്രിയിൽ ഒരു വൈകുന്നേരത്ത് പോകാൻ ഇടവന്നു. അപ്പോഴാണ്‌ കാരുണ്യത്തിന്റെ
കെടാ വിളക്കുകൾ തെളിഞ്ഞു കത്തുന്നത് കാണാൻ കഴിഞ്ഞത്. രോഗികൾക്ക് കൂട്ടിരിക്കുന്നവർക്ക്
നോമ്പ് തുറക്കുള്ള വിഭവങ്ങളുമായി ഒരുകൂട്ടം യുവാക്കൾ വാർഡുകൾ തോറും ഓടി നടക്കുന്നത് കണ്ടു. നാല് വർഷമായി സി .എച് .റിലീഫ്  സെന്റർ വളന്റിയർമാർ ഈ പ്രവർത്തനം
നടത്തുന്നതായി അറിയാൻ കഴിഞ്ഞു.. ദിനവും രണ്ടു നേരം നോമ്പ്  കാലം മുഴുവൻ  ഇവർ
ഭക്ഷണം വിതരണം നടത്തുന്നുണ്ട്. അതുപോലെ സംരക്ഷിക എന്ന സന്നദ്ധ സംഘടനയും കഴിഞ്ഞ ഏഴു വർഷമായി മുടങ്ങാതെ രോഗികൾക്ക് കഞ്ഞി വിളമ്പുന്നു. എല്ലാ ദിവസവും
വൈകുന്നേരം ഏതാനും യുവാക്കൾ ആശുപത്രിയിൽ എത്തി കഞ്ഞി വെച്ച്  രോഗികൾക്ക്
നല്കുന്നു എന്നത് ചെറിയ കാര്യമല്ല. സന്മാനസ്സുകൾ നല്കുന്ന പിന്തുണയാണ് നിസ്വാർത്ഥ
പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ  ഇവർക്ക് പ്രചോദനം നല്കുന്നത്. പെരുന്നാളിനും
ഓണത്തിനും വിവിധ സംഘടനകൾ രോഗികൾക്ക് അന്നദാനം നടത്തുന്നതും പതിവാണ്.
ഇത്തരം സേവനം പലയിടത്തും നടക്കുന്നുണ്ടെങ്കിലും അവയൊന്നും വാർത്തകളിൽ
ഇടം പിടിക്കുന്നില്ല എന്നത്  നല്ല  കാര്യമല്ല .നന്മകളുടെ വാർത്തകൾക്ക് മാധ്യമങ്ങൾ
പ്രാധാന്യം നൽകുന്നില്ലെങ്കിൽ ഈ നാട്ടിൽ തിന്മകൾ പെരുകുക തന്നെ ചെയ്യും.

Sunday, 4 August 2013

സക്കാത്ത് ഒരു ആരാധനയാണ്

അന്നത്ത പ്പോലെതന്നെയാണ്  ഇന്നും .
കാര്യമായ മാറ്റം കാണുന്നില്ല. കുട്ടികളും സ്ത്രീകളും വീടുകൾ തോറും സക്കാത്തിനുവേണ്ടിഅലയുന്നത് ഇന്നും ഞാൻ കണ്ടു .ഈ ഭിക്ഷാടനം നിർത്തലാക്കാൻ ആരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ല . കുട്ടിക്കാലത്തു ഞാനും രമലാനിൽ വീടുകൾതോറും ചില്ലറ നാണയങ്ങൾക്ക് വേണ്ടി അലഞ്ഞിട്ടുണ്ട്. കിട്ടുന്ന ചില്ലറ തുട്ടുകൾ കൂട്ടിവെച്ചാണ്
പെര്ന്നാളിനു  പുത്തൻ ഉടുപ്പുകൾ  എടുത്തിരുന്നത്. കുറെ കാലം കഴിഞ്ഞപ്പോളാണ്സക്കാത്ത്  തെണ്ടി വാങ്ങേണ്ട ധനം അല്ലെന്നു അറിഞ്ഞത്. ഇസ്‌ലാമിന്റെ മൂന്നാമത്തെകാര്യം സക്കാതാണ്. അത് ഒരു ആരാധന കർമം ആണ്. പാവങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു സാമ്പത്തിക നടപടി ആണ്. അത് ഒരു ഔതാര്യം അല്ല. ധനികരുടെസമ്പത്തിൽ പാവങ്ങൾക്കുള്ള അവകാശം ആണ്. വെള്ളി,സ്വർണ്ണം , തുടങ്ങിയനാണയങ്ങളിലും  നെല്ല് ,ഗോതമ്പ് ,ചോളം തുടങ്ങിയ ധാന്നിയങ്ങളിലും കാരക്ക,മുന്തിരി,തുടങ്ങിയ  പഴ വർഗങ്ങളിലും , ആട് ,പശു,ഒട്ടകം തുടങ്ങിയ മൃഗങ്ങളിലും സക്കാത്ത്നിര്ഭാന്തമാണ്. ഒരു മിസ്കാൽ  അഥവാ 85 ഗ്രാം .84 മില്ലിഗ്രാം സ്വർണ്ണം ,ഒരു വർഷം
കൈ വശം ഉണ്ടെങ്കിൽ 2 ഗ്രാം 127.1 മില്ലിഗ്രാം സ്വർണ്ണം  സക്കാത്ത് കൊടുക്കണം
എന്ന് നിർഭന്തിക്കുന്നു . എന്നാൽ ഇങ്ങിനെ ഒരു ആരാധന ഇന്ന് നടക്കുന്നുണ്ടോ?

വിട പറയാത്ത ഓർമ്മകൾ

Tuesday, 23 July 2013

പ്രതീക്ഷ

ഒരു  നാൾ  നീ വരും എന്ന്
കരുതുകയാണ് ഞാൻ
എത്ര കാലമായി നിന്റെ
കാലൊച്ച കാത്തിരിക്കുന്നു
വേനലും വർഷവും
നോവും കിനാവും
മഴയും പുഴയും
മധുര നൊമ്പരങ്ങളും
മതിമറന്ന ദിനരാത്രങ്ങളും
എന്നെ ഓർമിപ്പിക്കുന്നു
നീ വീണ്ടും വരുമെന്ന്...                   
വരികില്ലേ എന്നാന്മ മിത്രമേ?