നിളാ തീരത്ത് താമസിക്കുന്നവർക്ക് ഓർക്കാൻ ഓർമകൾ ഒത്തിരിയുണ്ട്. സന്തോഷവും സങ്കടവും നിറഞ്ഞ ഓർമകൾ തുഴയുന്നവരാണ് മിക്കവരും. കർക്കടകമെത്തിയാൽ പലരുടേയും മനസ്സിലൂടെ ഒഴുകുന്നത് സങ്കടപ്പുഴയാണ്.
ഇന്ന് കുഞ്ഞുകുട്ടൻ ഓർമ്മ ദിനമാണ്. നിളയുടെ മടിയിൽ കിടന്ന് വളർന്ന് നാടിൻ്റെ പ്രതീക്ഷ പോലെ ഉയർന്ന് അവസാന ശ്വാസവും നിളയിലർപ്പിച്ച യുവാവ്! 1985 ജൂലൈ 21 ഞായറാഴ്ചയാണ് പി.കെ. കുഞ്ഞുക്കുട്ടൻ എന്ന ചെറുപ്പക്കാരനെ നിള കൂട്ടിക്കൊണ്ടു പോയത്. പുഴയോരത്തായിരുന്നു അവന്റെ വീട്. പതിവുപോലെ കൂട്ടുകാരോടൊപ്പം കുളിക്കാൻ കരിമ്പന കടവിൽ പോയതായിരുന്നു. തലേന്നാൾ രാത്രി മുഴുവൻ തട്ടത്താഴത്ത് ആലിക്കുട്ടിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ പങ്കാളിത്തം വഹിച്ചുകൊണ്ട് കുഞ്ഞുക്കുട്ടൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുഞ്ഞുകുട്ടൻ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന വാർത്ത വിശ്വസിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല.
കുഞ്ഞുകുട്ടൻ കുഞ്ഞുന്നാൾ മുതൽ നീന്തി തുടിച്ച നിളയാണിത്. അവൻ്റെ കളികളും കുസൃതികളും നിള ഏറെ കണ്ടതാണ്. പ്രകൃതിയോടും മനുഷ്യരോടും സൗമ്യനായി ഇടപഴകുന്ന നിഷ്കളങ്കനായ ചെറുപ്പക്കാരനോട് പുഴ ക്രൂരത കാണിക്കില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. മൊബൈൽ ഫോണുകൾ വ്യാപകമാവാത്ത ആ കാലത്ത് കാട്ടുതീ കണക്കെ പടർന്ന വാർത്ത കേട്ടറിഞ്ഞ് പുഴയോരത്ത് എത്തിയവർ ആയിരങ്ങളായിരുന്നു. തലേ ദിവസം നടന്ന സി.പി.എം. ബ്രാഞ്ച് സമ്മേളനം കുഞ്ഞുകുട്ടനെ സെക്രട്ടരിയായി തെരഞ്ഞെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായി മികച്ച പ്രവർത്തനം കാഴ്ച വെച്ച ആ ചെറുപ്പക്കാരൻ കക്ഷി രാഷ്ട്രീയത്തിന്നതീതനായി സൗഹൃദം പുലർത്തിയിരുന്നു. ഭാവി വാഗ്ദാനമെന്ന് ഏവരും കരുതിപ്പോന്ന കുഞ്ഞുകുട്ടനോട് നിള കരുണ കാണിക്കുമെന്ന് പുഴയോരത്ത് എത്തിയ ഓരോരുത്തരും പ്രതീക്ഷിച്ചു. രാവിലെ കരിമ്പന കടവു മുതൽ തുടങ്ങിയ തെരച്ചിൽ സൂര്യൻ അസ്തമിച്ചിട്ടും ഫലം കണ്ടില്ല.
പുഴയിൽ തോണികൾ അരിച്ചു പെറുക്കുന്നുണ്ട്. ഓരോ ചുഴിയിലും ജീവൻ്റെ തുടിപ്പ് തേടുന്നുണ്ട്. തോണികൾ നീങ്ങുന്നതിനൊപ്പം പുഴയോരത്തെ പാടങ്ങളും തോടുകളും തോട്ടങ്ങളും ചതുപ്പുകളും താണ്ടി നൂറുക്കണക്കിനാളുകൾ നിലക്കാത്ത തേങ്ങലുകളുമായി ഓടുകയാണ്. തൃത്താല മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിൽ നിന്നും ഓടിയെത്തിയ ആയിരങ്ങളെ നിരാശരാക്കി നിള കരിമ്പടം പുതച്ചപ്പോൾ തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു.
അതിനിടയിൽ ആലിക്കുട്ടിയുടെ വിവാഹം ഉൾപ്പെടെ പലതും ഞങ്ങൾ മറന്നു കഴിഞ്ഞിരുന്നു. പുഴയോരത്ത് കൂരിരുട്ട് കട്ട പിടിച്ച് കിടന്നിട്ടും കുഞ്ഞുകുട്ടനെ കണ്ടു കിട്ടാതെ തിരിച്ചു പോരാൻ ആർക്കുമാവുമായിരുന്നില്ല. മഴ ചാറുന്നുണ്ടായിരുന്നു. ഒരു ഗ്രാമത്തിൻ്റെ ദുഖം ആവാഹിച്ചുകൊണ്ട്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു. ചിവീടുകളുടെ ശബ്ദത്തോടൊപ്പം നിലവിളിയും കാറ്റിൽ ഒഴുകി വരുന്നുണ്ട്. അന്ന് രാത്രി ആരും ഉറങ്ങിയിട്ടില്ല. വിശപ്പും തളർച്ചയും അനുഭവപ്പെട്ടില്ല. കുഞ്ഞുകുട്ടന്റെ വീട്ടിൽ നിന്ന് നിലവിളിയും അലമുറയും ഇരുളിനെ പിളർത്തി നിലയ്ക്കാതെ ഉയരുന്നുണ്ട്. കാലവർഷത്തിൽ കൂലംകുത്തി ഒഴുകുന്ന പുഴ കണക്കെ നാടിൻ്റെ പ്രതീക്ഷയും മദിച്ചൊഴുകുന്നുണ്ടായിരുന്നു.
പിറ്റേന്ന് കിഴക്ക് വെള്ള കീറും മുമ്പ് പുഴ വീണ്ടും ജനനിബിഡമായി. തോണികളോടൊപ്പം മനുഷ്യരും പുഴയിൽ നിറഞ്ഞു. കണ്ണനൂർ കയം അരിച്ചു നോക്കി. കടവുകൾ പലതും ഇളക്കി മറിച്ചു. പുഴയുടെ രഹസ്യ ഗർത്തങ്ങൾ ചൂഴ്ന്നു നോക്കി. എന്നിട്ടും നിളയുടെ മാറിൽ കിടന്ന് ഒഴുകിപ്പോയ കുഞ്ഞുകുട്ടനെ മാത്രം കണ്ടില്ല.
എന്നാൽ ഉച്ചക്കു മുമ്പ് പട്ടിത്തറ കടവിൽ നിന്ന് ആ വാർത്ത ഞങ്ങളെ തേടിയെത്തി. കഞ്ഞുകുട്ടൻ്റെ ചേതനയറ്റ ശരീരം ഒറ്റാൽ കടവിൽ അടിഞ്ഞിരിക്കുന്നു. പിന്നെ ഒരുകൂട്ടമാളുകൾ കൊടുങ്കാറ്റു കണക്കെ അങ്ങോട്ടു കുതിക്കുകയായിരുന്നു.
ഒരു നാടിന്റെ സ്വപ്നം തല്ലിക്കെടുത്തിയ ആ സംഭവം നടന്നിട്ട് 39 വർഷം കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ നടന്നതു പോലെ ഓർമയിൽ തെളിയുകയാണ്. ഓരോ വർഷവും എൻ്റെ ഗ്രാമം കുഞ്ഞുകുട്ടനെ അനുസ്മരിക്കുന്നു. കുഞ്ഞുകുട്ടനെപ്പോലെ ഒരുപാട് സുഹൃത്തുക്കളെ കഴിഞ്ഞ കാലങ്ങളിൽ പുഴയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ മഴക്കാലത്തും നിള നിറയുമ്പോൾ നാട്ടുകാരുടെ മനസ്സിൽ ഇത്തരം ഓർമകൾ മദിച്ചൊഴുകുന്നത് പതിവാണ്.
~~~~ ടി.വി.എം അലി~~~