അഡ്വ.ടി.എ പ്രസാദ്: മായാത്ത സർഗപ്രസാദം.
പൊതുപ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി, തദ്ദേശഭരണസാരഥി, അഭിഭാഷകൻ, സഹൃദയവേദിയുടെ അമരക്കാരൻ, കലാഹൃദയൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന അഡ്വ.ടി.എ പ്രസാദിനെ സ്മരിക്കുമ്പോൾ, ഏത് കോണിൽ നിന്ന് വീക്ഷിക്കണം എന്ന ആശയക്കുഴപ്പം ഏറെ നാളായി എന്നിലുണ്ട്.
ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വർഷങ്ങളോളം അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നെങ്കിലും, ആത്മബന്ധം അരക്കിട്ടുറപ്പിച്ചത് ഞങ്ങൾ ഒരുമിച്ച് നടത്തിയ രണ്ട് യാത്രകളിലാണ്.
2014 ഡിസംബറിൽ ദൽഹിയിലേക്കായിരുന്നു ആദ്യയാത്ര. ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.അംബേദ്ക്കർ എൻഡോവ്മെൻ്റ് നാഷണൽ അവാർഡ് സ്വീകരിക്കുന്നതിനായിരുന്നു ഞങ്ങളുടെ യാത്ര.
മികച്ച രാഷ്ട്രീയ പ്രവർത്തകനുള്ള അക്കാദമിയുടെ അംഗീകാരമാണ് അഡ്വ.പ്രസാദിനെ തേടിയെത്തിയത്.
മാധ്യമരംഗത്തും സാഹിത്യ മേഖലയിലും നൽകിയ സംഭാവനകളെ മാനിച്ചു കൊണ്ടുള്ള പുരസ്‌കാരമാണ് എനിക്ക് ലഭിച്ചത്. ഞങ്ങളോടൊപ്പം കൃഷി ഓഫീസറും കവിയുമായ മാട്ടായ രവീന്ദ്രൻ (അദ്ദേഹവും ഇന്നില്ല), ടെലിഫിലിം സംവിധായകൻ ബാലാജി നാഗലശ്ശേരി, ജൈവ കർഷകൻ ബിജു കവളപ്പാറ തുടങ്ങിയവരും എൻ്റെ കുടുംബാംഗങ്ങളുമുണ്ട്.
ഷൊർണൂരിൽ നിന്ന് ട്രെയിൻ കയറിയതു മുതൽ ഒരേ ബോഗിയിൽ ഞങ്ങളെല്ലാവരും ഒരു വീട്ടുകാരായി. മാട്ടായ രവീന്ദ്രൻ്റെ കവിതാലാപനം, ബാലാജിയുടെ രസികൻ സിനിമാക്കഥകൾ, അഡ്വ.പ്രസാദിൻ്റെ രാഷ്ട്രീയ ചർച്ചകൾ എന്നിങ്ങനെ രസകരമായിരുന്നു തീവണ്ടി മുറിയിലെ യാത്രാ ദിനങ്ങൾ.
2014 ഡിസം.13 നായിരുന്നു
അവാർഡ്ദാന മഹാസമ്മേളനം.
ഭരണഘടനാ ശില്പി ഡോ.അംബേദ്ക്കറെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ സമ്മേളനം കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പ്രമുഖരുടെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിയാണ് ഞങ്ങൾ അംബേദ്ക്കർ എൻഡോവ്മെൻ്റ് അവാർഡുകൾ സ്വീകരിച്ചത്.
പിറ്റേന്ന് പ്രത്യേകം ചാർട്ട് ചെയ്ത ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ താജ്മഹൽ സന്ദർശിക്കാൻ പുറപ്പെട്ടു. ദൽഹി - ആഗ്ര ദേശീയ ഹൈവേയിലൂടെയുള്ള യാത്ര കാവ്യാത്മകമായിരുന്നു. രാവിലെ പുറപ്പെട്ട സംഘം ഉച്ചയോടെയാണ് താജ് മഹലിൽ എത്തിയത്. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് നിലനിൽക്കുന്ന താജിൻ്റെ വെണ്ണപ്പാളികൾ മുഴുവൻ കണ്ടശേഷമാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്.
ദെൽഹിയിലെ ദിനരാത്രങ്ങൾ തണുപ്പേറിയതാണെങ്കിലും സൗഹൃദത്തിൻ്റെ ഊഷ്മളത തീവ്രമായിരുന്നു. അഡ്വ.പ്രസാദിന്
ഷുഗർ ഉണ്ടായിരുന്നതിനാൽ ഭക്ഷണ നിയന്ത്രണവും ഇൻസുലിൻ കുത്തിവെപ്പും മുറപോലെ നടന്നു.
നാട്ടിലേക്കുള്ള തിരിച്ചു വരവും മറക്കാനാവാത്ത അനുഭവമായിരുന്നു.
ഞങ്ങളുടെ റിസർവേഷൻ കോച്ചിൽ ഇരച്ചുകയറിയ ഉത്തരേന്ത്യൻ യാത്രക്കാരുമായും തീവണ്ടിയിലെ കച്ചവടക്കാരുമായും ചങ്ങാത്തം സ്ഥാപിച്ച്, ദേശീയോദ്ഗ്രഥനത്തിൻ്റെ സന്ദേശം ഉദ്ഘോഷിച്ചു കൊണ്ടാണ് ഞങ്ങൾ യാത്ര പൂർത്തിയാക്കിയത്. ഇതിന് പ്രേരകമായത് അഡ്വ.പ്രസാദിൻ്റെ ഹൃദയ വിശാലത തന്നെയായിരുന്നു.
2015 ഏപ്രിലിൽ മൂന്നാറിലേക്കായിരുന്നു രണ്ടാമത്തെ യാത്ര. ഡോ.അംബേദ്ക്കർ
അനുസ്മരണ സദസ്സിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ഞങ്ങൾ കുടുംബ സമേതം യാത്രതിരിച്ചത്. അഡ്വ.പ്രസാദിനോടൊപ്പം സഹധർമ്മിണി ഡോ.സുഷമയും മകനും
ഞങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. മഞ്ഞു പെയ്യുന്ന മൂന്നാറിൽ ഞങ്ങൾ എത്തിയപ്പോൾ കനത്ത കാറ്റും മഴയുമാണ് വരവേറ്റത്.
മൂന്നാർ ടൗൺ ഹാളിൽ നടന്ന ഡോ.അംബേദ്ക്കർ അനുസ്മരണ പരിപാടി തീരുന്നതുവരെയും മഴ തുടർന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ നൂറുകണക്കിന് പുരസ്കാര ജേതാക്കൾ പ്രസ്തുത സദസ്സിൽ ഉണ്ടായിരുന്നു.
അനുസ്മരണ സദസ്സിൽ ഞങ്ങൾക്ക് സ്വീകരണവുമൊരുക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് എത്തിയ നേതാക്കളും കേരളത്തിലെ ജനപ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പൊന്നാടയും മൊമെൻ്റോയും ഏറ്റുവാങ്ങിയ ഞങ്ങൾ ഉച്ചഭക്ഷണത്തിന് ശേഷം രാജമല സന്ദർശിച്ചു. ആ യാത്രയും അവിസ്മരണീയനുഭൂതിയാണ് പകർന്നത്. രാജമലയുടെ ചെരിവുകളും മലമടക്കുകളും നടന്നു കയറിയതും വരയാടുകളെ കണ്ടുമുട്ടിയതും അട്ട കടിച്ചതും ഓർമ്മയിൽ നിന്ന് ഇന്നും മറഞ്ഞിട്ടില്ല.
പിന്നീട് 2015 ഡിസംബർ 13ന് ഞങ്ങൾ ചാത്തനൂരിൽ വീണ്ടും ഒത്തുകൂടി. മാട്ടായ രവീന്ദ്രൻ്റെ ഗൃഹാങ്കണത്തിലാണ് 'സർഗ പ്രസാദം' എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ടി.എ പ്രസാദിനെ അനുമോദിക്കുന്നതിനും അംബേദ്‌കർ വിചാരവേദി എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കാനും ലക്ഷ്യമിട്ടാണ് സർഗപ്രസാദം സംഘടിപ്പിച്ചത്.
നാടക നടൻ വിജയൻ ചാത്തന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രന്ഥകാരനും വിവർത്തകനുമായ പി.വി. ആൽബി ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ്, നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ക്രിസ്റ്റിന സാലി ജോസ്, എസ്. വന്ദന എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മാട്ടായ രവീന്ദ്രൻ, കലാമണ്ഡലം ചന്ദ്രൻ, ബിജു കവളപ്പാറ, ബാലാജി നാഗലശ്ശേരി, വാസുദേവൻ തച്ചോത്ത്, വാവനൂർ രാഘവൻ, കലാമണ്ഡലം വാസുദേവൻ, ഗോപിനാഥ് പാലഞ്ചേരി, ടി. ചന്ദ്രൻ തച്ചോത്ത്, കെ. ഉണ്ണികൃഷ്ണൻ, ശിവരാമൻ, സത്യൻ, കെ. വിജയലക്ഷ്മി, രാധാരവീന്ദ്രൻ,
കെ.കെ. പരമേശ്വരൻ, ഡോ. വൈഖരി,
മുഹമ്മദുണ്ണി ഹാജി, കെ. കരുണാകരനുണ്ണി, യൂനസ്, ഷഹീർ എന്നിവരോടൊപ്പം ഞാനും കുടുംബവും സർഗപ്രസാദത്തിൽ പങ്കെടുത്തു. അഡ്വ.ടി.എ. പ്രസാദ് (ചെയർമാൻ),
ടി.ചന്ദ്രൻ (കണ്‍) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. അംബേദ്‌കർ പഠന കേന്ദ്രവും, റഫറൻസ് ലൈബ്രറിയും സ്ഥാപിക്കുക, സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുക, വിവിധ തുറകളിൽ മികച്ച സേവനം നടത്തുന്നവരെ ആദരിക്കുക തുടങ്ങിയ പരിപാടികളാണ് അംബേദ്ക്കർ വിചാര വേദി ലക്ഷ്യമിട്ടതെങ്കിലും, അഡ്വ.പ്രസാദിൻ്റെ ആകസ്മിക വിയോഗം മൂലം അതിന് തുടർച്ച ഉണ്ടായില്ല.
ഒരേ സമയം വ്യത്യസ്ഥ മേഖലകളിൽ നിറഞ്ഞാടിയ ഒരാൾ പൊടുന്നനെ ഇല്ലാതാവുമ്പോൾ ഉണ്ടാവുന്ന ശൂന്യത,
അദ്ദേഹത്തിൻ്റെ കുടുംബത്തിൽ മാത്രമല്ലാ സമൂഹത്തിലാകെയും
പ്രതിഫലിക്കും. അത് മറികടന്ന് മുന്നോട്ട് പോകാൻ അതിജീവന വഴികൾ തേടേണ്ടി വരും. അഡ്വ.പ്രസാദിൻ്റെ പാവന സ്മരണകൾ ജ്വലിക്കുന്ന ഈ സ്മരണിക അതിനൊരു തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം
ദീപ്തസ്മരണകൾക്ക് മുന്നിൽ
പ്രണാമമർപ്പിക്കുകയും ചെയ്യുന്നു.
ടി.വി.എം അലി.