ഓർമകളുടെ പുഴത്തെളിമ
……..സി.രാജഗോപാലൻ
അലി...
ഓർമ്മകളുടെ പുഴത്തെളിമയിൽ അലിഞ്ഞുചേരുന്ന ഒരു മുഖം.മൂന്നര പതിറ്റാണ്ടായി ഈ ഞാങ്ങാട്ടിരിക്കാരനെ അടുത്തറിയാം. ഭാരതപ്പുഴയുടെ നാശവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളുമാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. അന്നുതൊട്ടിന്നോളം കണ്ടുമുട്ടിയപ്പോഴെല്ലാം ഞങ്ങൾക്ക് വിഷയമായത് നിളയുടെ ദുരവസ്ഥയാണ്.
പുഴയുടെ ആത്മാവ് മനുഷ്യാകാരം പൂണ്ടാലെന്നതുപോലെ ജീവിച്ച ഇന്ത്യനൂർ ഗോപി മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭാരതപ്പുഴ സംരക്ഷണ സമിതിയിലെ അംഗങ്ങളായും സഹയാത്രികരായും ആദ്യകാലം മുതൽ ഞങ്ങളൊക്കെ ഉണ്ടായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ വിവേകമെന്നത് പാരിസ്ഥിതിക വിവേകമാണ്. ആ വിവേകം എക്കാലവും അലിയുടെ ജീവിതത്തിലും എഴുത്തിലും നേർമയോടെ വെളിച്ചപ്പെടുന്നത് നമ്മൾ അറിയുന്നു. നാടോടുമ്പോഴും നടുകെ ഓടാതെ അരികു ചേർന്ന് പോകുന്ന ജീവിതത്തിൻ്റെ നന്മകളെ പുൽകുന്ന ഒരാൾ. തൻ്റെ സൗമ്യതയും മൃദുഭാഷണവും അകപ്പച്ചയും കൊണ്ട് പരിചിതർക്കെല്ലാം പ്രിയപ്പെട്ടവനാകുന്നു അലി.
എഴുത്ത് എന്നത് ജീവിതത്തിൽ നിന്നും ഇത്തിരി പൊങ്ങി നിൽക്കും വിധമുള്ള സാഹിത്യപ്രവർത്തനമല്ല ഈ എഴുത്തുകാരന്. മറിച്ച് ജീവിതത്തിൽ നിന്ന് എഴുത്തും എഴുത്തിൽ നിന്ന് ജീവിതവും വാറ്റിയെടുക്കുന്ന ഒരു രസവിദ്യയാണത്. തീക്ഷ്ണമായ ജീവിത വഴികളിൽ പൊടിയുന്ന ഉപ്പും വിയർപ്പും എഴുത്തു പേനയിലെ മഷിയാവുന്നു ഇദ്ദേഹത്തിന്. ഹോട്ടൽ തൊഴിലാളി, ലോട്ടറി വില്പന ശാലയിലെ കണക്കപ്പിള്ള, അച്ചുകൂടത്തിലെ പ്രൂഫ് റീഡർ, ഗ്രാമീണ തപാൽ ജീവനക്കാരൻ, പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്, പരിസ്ഥിതി പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖമായ ജീവിത മണ്ഡലങ്ങളിൽ ആഴത്തിൽ വേരോടിയ അനുഭവ സമ്പന്നൻ. താൻ പരിചയപ്പെട്ട വ്യക്തികൾ, ദേശകാലങ്ങൾ, തൻ്റെ അനുഭവ പരിസരങ്ങൾ, തൊഴിലിടങ്ങൾ എന്നിങ്ങനെ നാനാതരം ഉറവിടങ്ങളിൽ നിന്നും ഉറവ പൊട്ടിയുണ്ടാകുന്ന സ്വാഭാവിക രചനകളാണ് അലിയുടെ സാഹിത്യം. സർഗ്ഗ രചനയുടെ നിശിത വ്യാകരണങ്ങളോടു വിധേയപ്പെടാത്ത ബ്ലോഗെഴുത്ത് സങ്കേതത്തെ അവലംബിച്ച് പലപ്പോഴായി തയ്യാറാക്കപ്പെട്ട കുറിപ്പുകളാണ് 'ഓട്ടപ്പുരയിലെ പ്രജയും ബീഡി കമ്പനിയിലെ ജിന്നും' എന്ന കൗതുകകരമായ ശീർഷകത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളത്.
കാരക്കാടിൻ്റെ പൊക്കിൾക്കൊടി എന്ന പ്രഥമ അദ്ധ്യായം കാരക്കാട് എന്ന തനിമയാർന്ന, ഭാരതപ്പുഴയോര ദേശത്തിൻ്റെ കൗതുകകരമായ ഭൂതകാല ആഖ്യാനമാണ്. നാട്ടു വാങ്മയങ്ങളിൽ ഇത്തിരി നർമ്മം മേമ്പൊടിയാക്കി ഉച്ചരിക്കപ്പെടുന്ന ഒരു ദേശപ്പേരായിരുന്നു അടുത്ത കാലം വരെ ഇത്. ജനിച്ച മണ്ണും അതിൻ്റെ പൂർവ്വകാലങ്ങളുമായി അറ്റുപോകാത്ത പൊക്കിൾക്കൊടി ബന്ധം സൂക്ഷിക്കുന്ന ഒരു ജനസമൂഹത്തിൻ്റെ ശിശുസഹജമായ നിഷ്കളങ്കതയാണ് അകാരണമായി പരിഹസിക്കപ്പെട്ടത്. ചട്ടിയിൽ വെച്ച ചെടിയാകലാണ്, വെട്ടിയൊതുക്കി 'ബോൺസായ്' ആകലാണ് പരിഷ്കാരം എന്ന മൗഢ്യമാണ് ഈ ദേശ പരിഹാസത്തിൽ ഉള്ളടങ്ങിയ ചേതോവികാരം. എന്നാൽ സത്യം മറ്റൊന്നാണ്. പുത്തൻ കരിക്ക് ചെത്തി കുടിക്കുമ്പോൾ കിട്ടുന്ന ആ ഉൾത്തരിപ്പും കുളിരും അനുഭവമാക്കുന്ന നിഷ്കളങ്ക സ്നേഹമാണ്, ആ ദേശം അതിൻ്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നത്.
അഹങ്കാര ലേശമില്ലാത്ത നാട്ടുമനുഷ്യർ പലപ്പോഴും ഇത്തിരി നർമ്മം കലർത്തി സ്വയം ചിത്രീകരിച്ചാണ് തന്നെ ലോകത്തിന് പരിചയപ്പെടുത്താറുള്ളത്. ജീവിതത്തിൻ്റെ ഉള്ളറിഞ്ഞവനു മാത്രമേ സ്വയം നർമ്മപ്പെടുത്താൻ തക്ക ആത്മവിശ്വാസമുണ്ടാവൂ. അസൂയാർഹമായ ആ നന്മയായിരുന്നു സത്യത്തിൽ കാരക്കാട് എന്ന ദേശത്തിൻ്റേയും ദേശക്കാരുടേയും ഉൺമ. അലിയുടെ ആഖ്യാനത്തിൽ നിന്നും നമുക്കത് വായിച്ചെടുക്കാം.
വാക്കിലും നോക്കിലും ഉടുപ്പിലും നടപ്പിലും നാട്യങ്ങളില്ലാത്ത ആ നാട് സൂക്ഷിച്ച തനിമകൾ ആരിലും കൗതുകം വളർത്തും. ''അന്ന് കാരക്കാട്ടെത്താൻ ബസ്സും ഓട്ടോയും ഒന്നുമില്ല. അങ്ങാടിയിലേക്ക് മരച്ചീനിയും പച്ചക്കറിയും പനനൊങ്കും ചുമന്ന് വിയർത്തു കുളിച്ച് ഓടുന്ന തൊഴിലാളികളെ ധാരാളം കാണാം.
ചന്തയിൽ നിന്ന് അരിയും മീനും മൺകലങ്ങളും ചുമന്ന് കാരക്കാട്ടേക്ക് പോകുന്നവരെയും കാണാം. കൃഷിപ്പണിക്കാലത്ത് പാടം മുഴുവൻ കന്നും കലപ്പയും കർഷകരും പണിക്കാരും അവരുടെ ഒച്ചയും ബഹളവും നിറഞ്ഞിരുന്നതും ഓർമ്മ വരുന്നു. കാരക്കാട് ഗ്രാമത്തിൻ്റെ ഇടനെഞ്ചിലൂടെയാണ് റെയിൽപ്പാത കടന്നു പോകുന്നത്. തീവണ്ടിയുടെ ശബ്ദം കേട്ടാൽ മതി, അത് എങ്ങോട്ട് പോകുന്നതാണെന്ന് പറയുമായിരുന്നു അന്നത്തെ കാരക്കാട്ടുകാർ. പണം തീർത്തും ദുർല്ലഭമായിരുന്ന ആ കാലത്ത് വല്ലപ്പോഴും കയ്യിലെത്തുന്ന ഓട്ടമുക്കാൽ അമൂല്യ നിധിയായി മുണ്ടിൻ്റെ കോന്തലക്കൽ മുറുക്കിക്കെട്ടും കാരണവന്മാർ.
അപൂർവ്വമായേ അന്നൊക്കെ ബസ് യാത്രയുള്ളൂ. കണ്ടക്ടർ യാത്രക്കൂലി ചോദിച്ചാൽ അവർ സരസമായി പറയും: "ഞമ്മള് കേറ്യാലും കേറിലെങ്കിലും ഇങ്ങള് കാരക്കാട് പോകൂലെണ്ണീ… അങ്ങനെ പോണ ബസ്സില് എന്തിനാടോ കായ്?" കാരക്കാടിന് ഈ വിധത്തിൽ തൻകാര്യമുള്ള ഒരു നാട്ടുഭാഷ സ്വന്തമായിട്ടുണ്ടായിരുന്നു.ഏറ്റവും സ്നേഹത്തോടെ അവർ വിളിക്കുന്നത് 'മജ്ജത്തേ' എന്നാണ്.'പൊന്നാരണ്ണി' സ്നേഹത്താൽ കുതിരുന്ന സംബോധനയാണ്. 'പണ്ടാറക്കാലാ' എന്നത് ചീത്ത വിളിയുടെ സർവ്വനാമവും!
കടപ്പറമ്പത്ത് കാവിലെ വേലയാണ് അവരുടെ ദേശീയോത്സവം. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും വേല എല്ലാവരുടെയുമാണ്. കൈമെയ് മറന്ന് അവർ സഹായിക്കും. ബലിപെരുന്നാളിന് ഉച്ചഭക്ഷണം കഴിഞ്ഞാൽ വീട്ടുമുറ്റത്ത് 'കുരുകുരു മെച്ചം പെണ്ണുണ്ടോ? കുഞ്ഞാലിക്കൊരു പെണ്ണുണ്ടോ?" എന്ന് പെണ്ണുങ്ങൾ വരിയൊത്ത് പാട്ടു പാടി കളിക്കും. പെരുന്നാൾ ദിവസം വീട്ടിലുള്ളവരും വിരുന്നുകാരും ഒരുമിച്ചിരുന്നാണ് ഊണ്. വലിയ മുറിയിൽ പായ വിരിച്ച്, അതിൽ വാഴയില നിവർത്തിയിടും. മുളകൊണ്ട് ഉണ്ടാക്കിയ വലിയ കുട്ടയിലാണ് ചോറ്. ആവി പൊങ്ങുന്ന ചോറ് ഇലയിൽ പരത്തിയിടും. എല്ലാവരും ചോറു കൂനക്ക് ചുറ്റിലും ചമ്രം പടിഞ്ഞിരിക്കും. കൊതിപ്പിക്കുന്ന പോത്തിറച്ചിക്കറിയും പയർ ഉപ്പേരിയും വലിയ പപ്പടവും ഉണ്ടാവും.
യന്ത്ര വേഗങ്ങൾ ബാധിക്കാത്ത, രാസമാലിന്യങ്ങൾ തീണ്ടാത്ത, പൊങ്ങച്ചമെന്തെന്നറിയാത്ത ഒരു വള്ളുവനാടൻ കർഷക ഗ്രാമത്തിൻ്റെ കലർപ്പറ്റ ഗതകാല ജൈവ ജീവിത ചിത്രങ്ങൾ ഇങ്ങനെ ഇതൾ വിരിയുന്നു അലിയുടെ കാരക്കാടൻ സ്മൃതികളിൽ.
കാലം മാറിയപ്പോൾ കൂറ്റൻ മണി മന്ദിരങ്ങളും, അവക്ക് ചുറ്റിലും എണ്ണമറ്റ ആക്രി കൂമ്പാരങ്ങളുമായി 'പുരോഗമിച്ച' കാരക്കാടിനെ കുറിച്ചും അലി പറഞ്ഞു വയ്ക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നത് മൂലം അന്തരീക്ഷ മലിനീകരണവും
ശ്വാസകോശ രോഗങ്ങളും കാൻസർ ഉൾപ്പെടെയുള്ള മാരക വിപത്തും കാരക്കാടിനെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞവസാനിപ്പിക്കുന്നിടത്ത് കാരക്കാടിൻ്റെ (അല്ല... ആധുനിക ലോകത്തിൻ്റെ) ജാതക ഫലം ഗണിക്കപ്പെടുന്നതായും നമുക്ക് മനസ്സിലാക്കാം.
ഓല ഓടായും, ഓട് കോൺക്രീറ്റ് ആയും പരിണമിക്കുന്ന ഒരു കാലത്ത് അതിനൊപ്പം മുന്നേറുന്നതിൽ പരാജയപ്പെട്ട് കിതക്കുന്ന ജീവിതങ്ങളുടെ ആത്മാംശം കലർന്ന ഓർമ്മയാണ് ഓട്ടപ്പുരകളിലെ പ്രജകൾ. അലിയുടെ പല കുറിപ്പുകൾക്കും മേമ്പൊടിയാവുന്ന നർമ്മം തെരഞ്ഞെടുപ്പു നാളിലെ കാണാക്കാഴ്ചകളിലെത്തുമ്പോൾ മൂർച്ചയുള്ള ആക്ഷേപ ഹാസ്യമായി മുനകൂർക്കുന്നത് കാണാം. നമുക്കൊക്കെ ചിരപരിചിതമാണ് ആ കാഴ്ചകൾ.
തെരഞ്ഞെടുപ്പ് ജ്വരം മൂർച്ഛിക്കുമ്പോൾ അധികാരക്കൊതി മൂത്ത് അങ്ങേയറ്റത്തെ ബാലചാപല്യത്തോടെ 'ചിഹ്നഭയം' പൂണ്ട് കലഹിക്കുന്ന പാർട്ടിക്കാരെ കണ്ടു സ്വയം ഇളിഭ്യരായി തീരുന്നവരാണല്ലോ പ്രബുദ്ധരായ വോട്ടർമാർ. വരി നിന്ന് വരി നിന്ന് വരിയുടഞ്ഞു പോയവരാണവർ.
അവർ കാണേണ്ടിവരുന്ന കാഴ്ചകൾ: "പതിവുപോലെ സ്വീപ്പർ മുറ്റമടിക്കാൻ ചൂലുമായി എത്തിയപ്പോൾ ബൂത്ത് ഏജൻറ് കോപിച്ചു. പോ … പോ … ചിഹ്നം കൊണ്ടുള്ള കളി ഇവിടെ വേണ്ടാ…" ബൂത്തിൻ്റെ മോന്തായത്തിൽ എതിർകക്ഷിയുടെ ചിഹ്നം വിജയ ഭാവത്തിൽ കറങ്ങുമ്പോൾ സഹിക്കുമോ ഒരു ബൂത്തേജൻ്റ്! അത് അഴിച്ചുമാറ്റും വരെ പോളിംഗ് നിർത്തിവെപ്പിച്ചു അയാൾ!
അങ്ങനെ വിയർത്തിരുന്നു പണിയെടുക്കുന്ന തെരഞ്ഞെടുപ്പ് കർമ്മികൾ കപ്പും സോസറും ടംബ്ലറും ചിഹ്നമായതുകൊണ്ട് വെള്ളവും ചായയും വേണ്ടെന്നുവച്ചു. വൈകുന്നേരം ആറുവരെ ഉമിനീർ കുടിച്ച് അവർ പവിത്രമായ ജനാധിപത്യ കർമ്മം അനുഷ്ഠിച്ചു. ഇതൊക്കെ കണ്ട് അസാധു ഊറിച്ചിരിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് കാഴ്ചകൾ അവസാനിക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് കാഴ്ചകളോട് ചേർത്തുവെച്ച് കാണേണ്ടതാണ് അപര പുരാണം @ കുഞ്ഞിരാമൻ്റെ കഥ. നമ്മുടെ മഹത്തായ ജനാധിപത്യ പ്രക്രിയക്ക് കളങ്കം ചാർത്തുന്ന മ്ലേച്ഛമായ രാഷ്ട്രീയക്കളിയാണ് തെരഞ്ഞെടുപ്പിൽ കുത്തിനാട്ടപ്പെടുന്ന അപരന്മാർ. മലനാട്ടിലെ ഒരു ഓണം കേറാമൂലയിൽ കഴിഞ്ഞുവന്ന, ജനായത്തത്തിൻ്റെ എട്ടും പൊട്ടും തിരിയാത്ത, പാവത്താനായ കുഞ്ഞിരാമനു മുമ്പിൽ ഒരു വോട്ടു കാലത്ത് പൊട്ടിവീണ സൗഭാഗ്യമായിരുന്നു സ്ഥാനാർത്ഥിത്വം.
പാർട്ടിക്കാർ കൊണ്ടുവന്ന പേപ്പറുകളിലൊക്കെ ഒപ്പിട്ടു കൊടുത്ത്, അവർ നൽകിയ കൈമടക്കും വാങ്ങി 'എന്തതിശയമേ' എന്ന് അന്തിച്ചിരിക്കുമ്പോഴാണ്, സാക്ഷാൽ കുഞ്ഞിരാമനെതിരെ നിൽക്കാൻ നീയാരാടാ എന്ന് ചോദിച്ചു മറു പാർട്ടിക്കാർ കലിപൂണ്ടുവന്നത്.
ഇരു പാർട്ടിക്കാരും കുഞ്ഞിരാമൻ്റെ വീട്ടുമുറ്റത്ത് ഏറ്റുമുട്ടി. കുഞ്ഞിരാമനിലും തറച്ചു കുറേ അമ്പുകൾ. ഒടുവിൽ വാങ്ങിയ കാശ് തിരിച്ചുനൽകി ഒപ്പിട്ടു നൽകിയ കടലാസ് അവർ കുഞ്ഞിരാമൻ്റെ മുഖത്തേക്കെറിഞ്ഞു പടികടന്നു. അപ്പോഴാണത്രെ തെരഞ്ഞെടുപ്പിനെക്കുറിച്ചും ജനാധിപത്യ പ്രക്രിയയെക്കുറിച്ചും പാവം കുഞ്ഞിരാമന് വെളിപാടുണ്ടായത്. പക്ഷേ അപ്പോഴേക്കും അപരൻ എന്ന മാറാപ്പേര് കുഞ്ഞിരാമനിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
ബീഡി തെറുപ്പ് പണിശാലകളായിരുന്ന ഓലപ്പീടികകൾ രാഷ്ട്രീയ വിദ്യാലയങ്ങളായി അടയാളപ്പെട്ട ഒരു കാലം കേരള ചരിത്രത്തിലുണ്ട്. നാട്ടിലെ ബീഡിക്കമ്പനിയിൽ അക്കാലത്ത് പണിക്കെത്തിയ 'ജിന്ന്' എന്ന് ഇരട്ടപ്പേരുള്ള ക്ഷയരോഗിയായ തൊഴിലാളിയുടെ കഥയാണ് ബീഡിക്കമ്പനിയിലെ ജിന്ന്. ചോര കലർന്ന അയാളുടെ തുപ്പൽ പീടിക മുറ്റത്ത് ഉടഞ്ഞ സൂര്യബിംബം പോലെ ചിതറിക്കിടക്കുന്ന കാഴ്ചയും അതിൻ്റെ ഉടമയായ ജിന്നുമാണ് തൻ്റെ 'സൂര്യശയനം' എന്ന നോവലിന് പ്രചോദനമായത് എന്ന് ഗ്രന്ഥകാരൻ ഓർക്കുന്നു.
പത്രപ്രവർത്തകൻ, ദൃശ്യമാധ്യമ പ്രവർത്തകൻ എന്നീ നിലകളിലുള്ള അലിയുടെ അനുഭവക്കുറിപ്പുകളും നമുക്ക് ഈ പുസ്തകത്തിൽ വായിക്കാം. ആലൂരിൻ്റെ ഓർമ്മകൾ, ലോക്ഡൗൺ എന്ന അവധിക്കാലം, ഒരു പെൺകുട്ടി കരയുന്നു പിന്നെയും, വീണ്ടും ചില കൂടല്ലൂർ കാഴ്ചകൾ, വെള്ളത്തിൻ്റെ വില, നീലഗിരിയുടെ വിലാപം, കത്തിത്തീർന്ന ഓലച്ചൂട്ടുകൾ, കിണറുകൾ കുപ്പത്തൊട്ടികൾ തുടങ്ങിയവ ആ ഗണത്തിൽ പെടുന്നു.
ടെലിഗ്രാം മെസഞ്ചറായി ജോലി ചെയ്ത കാലത്തെ തീവ്രമായ അനുഭവങ്ങളാണ് കത്തിത്തീർന്ന ഓലച്ചൂട്ടുകളിൽ പുകയുന്നത്. ഇടിയും മിന്നലും തുലാമഴയും കാലൻ കുടയും ഓലച്ചൂട്ടും പഞ്ചറായ സൈക്കിളും പിന്നെ നെടുവീർപ്പുകളും നെട്ടോട്ടവും എന്നെന്നും ഓർമ്മകളെ ഉണർത്തുമെന്ന് അലി അടിവരയിട്ട് പറയുന്നു.
ഗ്രന്ഥകാരൻ ഏതു വിഷയത്തെക്കുറിച്ച് എഴുതുമ്പോഴും പ്രകൃതിയോട് ചേർന്നു പോകുന്ന ഒരു സരള ജീവിതത്തിൻ്റെ സ്വപ്ന ചാരുത അതിൽ ദർശിക്കാനാവും. രചനകളിലെല്ലാം പൊതുവായി കാണുന്ന പാരിസ്ഥിതികമായ അന്തർധാരയാണ് ടി.വി.എം അലി എന്ന എഴുത്തുകാരൻ്റെ അക മുദ്ര. പയ്യട ശ്രീധരൻ വൈദ്യർ, വസീറലി കൂടല്ലൂർ, കെ.ആർ.എസ് കുറുപ്പ്, കൂമുള്ളി ശിവശങ്കരൻ എന്നിവരെക്കുറിച്ച് ഈ ഗ്രന്ഥത്തിലുള്ള കുറിപ്പുകളും ഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്നു.
ഗ്രന്ഥകാരൻ്റെ ആത്മകഥാംശമുള്ള കുറിപ്പുകളിൽ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് 'മറക്കാൻ കഴിയുമോ മഴയോർമകൾ' എന്നത്. മഴയെക്കുറിച്ച് വിചാരിക്കുമ്പോഴെല്ലാം ഓർമ്മകളിൽ നിറയുന്നത് കൈതക്കുളവും കണ്ണൻ തോടും കണ്ണന്നൂർ കയവും പട്ടാമ്പിപ്പുഴയുമാണ്. ചെറിയൊരു വീടിൻ്റെ ഇടുങ്ങിയ മുറികളിൽ ഓട്ടപ്പുരയിൽ നിന്ന് അടർന്നു വീണ മഴത്തുള്ളികൾ ചാണകം മെഴുകിയ തറയിൽ ഗോട്ടിക്കുഴികളാവുന്നത് നോക്കിയിരിക്കുമ്പോൾ മഴ കൗതുകമായിരുന്നു. പടിഞ്ഞാറുനിന്ന് കുന്നിറങ്ങി വരുന്ന മഴയുടെ ഉന്മാദനൃത്തം ബാല്യത്തിൻ്റെ ആവേശമായിരുന്നു. ചാഞ്ഞും ചരിഞ്ഞും നോക്കുന്ന കാക്കയെപ്പോലെ കാറ്റിൻ്റെ താളത്തിനൊത്ത് കോലായിലേക്ക് വിരുന്നിനെത്തുന്ന തണുത്ത മഴയെ എങ്ങനെ മറക്കാനാണ്…!
കണ്ണൻ തോട് കലങ്ങി മറിയുമ്പോൾ തോർത്തിൽ പിടയുന്ന പരൽ മീനായിരുന്നു മഴ. ഇങ്ങനെയൊക്കെ എഴുതുന്ന ഒരാളുടെ ഹൃദയം എത്രമേൽ ഈർപ്പമുള്ളതും ഹരിതാഭവുമായിരിക്കണം.
ആ വിധത്തിൽ തൻ്റെ നേർമ കൊണ്ട് ഭൂഭാരം തീരെ കുറഞ്ഞ ചുവടുകളുമായി അല്പം അരികു ചേർന്നു ജീവിതയാത്ര ചെയ്യുന്ന ഒരു എളിയ മനുഷ്യൻ്റെ ഹരിത ഹൃദയമാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പിലും സ്പന്ദിക്കുന്നത്.
സി. രാജഗോപാലൻ പള്ളിപ്പുറം.
26.11.2021