/ലോക പത്ര സ്വാതന്ത്ര്യ
ദിന ചിന്തകൾ /
നവമാധ്യമങ്ങളുടെ കാലത്ത് വാർത്താ മാധ്യമങ്ങളുടെ പ്രസക്തി.
-------ടിവിഎം അലി--------
സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസര കാലത്താണ് വാർത്താ മാധ്യമങ്ങൾ ഇന്ന് പ്രവർത്തിക്കുന്നത്. വിജ്ഞാനം വിരൽ തുമ്പിൽ എത്തിയതോടെ പത്രങ്ങൾ മത്സരിക്കുന്നത് സോഷ്യൽ മീഡിയയോടാണ്.
ഒരു സ്മാർട് ഫോൺ കൈയിൽ ഉണ്ടെങ്കിൽ പത്രപ്രവർത്തനത്തിൽ താൽപ്പര്യമുള്ള ആർക്കും തത്സമയ റിപ്പോർട്ടിങ് നടത്താം. പല പ്രധാന സംഭവങ്ങളും ആദ്യം പുറം ലോകത്ത് എത്തിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയാണ്. ഒരു പത്രം പിറന്നു വീഴുന്നത് പലപ്പോഴും കാലഘട്ടത്തിന്റെ അനിവാര്യതയിൽ നിന്നും തീക്ഷ്ണ മുഹൂർത്തങ്ങളിൽ നിന്നുമാണെന്ന് കാണാം. എന്നാൽ മത്സരാധിഷ്ഠിത കാലത്ത് പ്രമുഖ പത്രങ്ങളും ചാനലുകളും സ്വാർത്ഥ താൽപ്പര്യമനുസരിച്ച് വാർത്തകൾ വളച്ചൊടിക്കുകയോ വികൃതമായി വ്യാഖ്യാനിക്കുകയോ ചെയ്താൽ, ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് സോഷ്യൽ മീഡിയയാണ് എന്ന് കാണാം. കമ്പോളത്തിൽ വാർത്തയും ഒരു ഉല്പന്നമാണ്. മത്സരാധിഷ്ഠിത സമൂഹത്തിൽ നിലനിൽപ്പിനുവേണ്ടി പൊരുതുന്ന ദൃശ്യമാധ്യമങ്ങൾ അതിശയോക്തി നിറഞ്ഞ ബ്രേക്കിങ് ന്യൂസ് തള്ളിയാണ് ഉയർന്ന റേറ്റിങ് യോഗ്യത നേടുന്നത്.
ബി.സി. 53മുതൽ റോമാ സാമ്രാജ്യത്തു നിന്ന് ഉത്ഭവിച്ച പത്രങ്ങളുടെ ചരിത്രത്തിന് അനുബന്ധ മെന്നോണം നമ്മുടെ നാട്ടിൽ ഇന്നും ചുമർ പത്രങ്ങൾ നിലനിൽക്കുന്നുണ്ട്. കവലകളിൽ കൂറ്റൻ ബോർഡുകളിൽ വാർത്ത എഴുതി പ്രദർശിപ്പിച്ചു കൊണ്ടാണ് റോമാ നഗരത്തിൽ പത്രപ്രവർത്തന ചരിത്രത്തിന് നാന്ദി കുറിച്ചത്. വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയുമാണ് പത്ര പ്രവർത്തനത്തിന്റെ
തുടർ ചരിത്രം രേഖപ്പെടുത്തുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്. ദ്വൈവാരികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം. ദി ഡയലി കോറന്റ് എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പത്രമായിരുന്നു അത്. 1690ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. ഈ കാലഘട്ടത്തിൽ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്.
1800 ആയപ്പോഴേക്കും നൂറുക്കണക്കിന് പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു. 1920 മുതൽക്കാണ് ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്. ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച് പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും, തത്വ ചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ നടന്നിട്ടുണ്ട്. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച് വിവിധ തത്വ ചിന്തകൾ ഇന്നും തുടരുന്നു.
ജെയിംസ് അഗസ്റ്റസ് ഹിക്കി എന്ന സായിപ്പാണ് ഇന്ത്യയിലെ ആദ്യത്തെ പത്രം പുറത്തിറക്കിയത്. ബംഗാൾ ഗസറ്റ് (കൽക്കട്ട അഡ്വർടൈസർ) എന്നായിരുന്നു അതിന്റെ നാമം. എല്ലാവർക്കും വായിക്കാവുന്നതും എന്നാൽ ആരാലും
സ്വാധീനിക്കാൻ കഴിയാത്തതും എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ആ വർത്തമാന പത്രം വായനക്കാരുടെ കൈകളിൽ എത്തിയത്. 1780 ജനവരി 29നാണ് ആ പത്രം പിറന്നു വീണത്. എന്നാൽ രണ്ടു വർഷം പിന്നിട്ടപ്പോൾ
പത്രാധിപർ ജയിലിൽ അടക്കപ്പെട്ടു. തുടർന്ന് പത്രം അടച്ചു പൂട്ടി. പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം തന്നെയായിരുന്നു അതിന്റെ അന്ത്യം കുറിച്ചത്.
അങ്ങിനെ ആദ്യത്തെ പത്രം തന്നെ ചരിത്രം കുറിച്ചു.
ലോകത്തിലെ ആദ്യത്തെ പത്രം പുറത്തിറങ്ങിയത് ആയിരം വർഷം മുമ്പാണ്. ''പിങ്ങ് പാവൊ " എന്ന് പേരുള്ള ആ പത്രത്തിന്റെ ജന്മഭൂമി ചൈനയാണ്. തലസ്ഥാന വാർത്തകൾ എന്നാണ് അതിന്റെ അർത്ഥം. എന്നാൽ ആദ്യത്തെ ലക്ഷണമൊത്ത പത്രമായി അറിയപ്പെട്ടത് 1609 ജനവരി 15ന് ജർമനിയിൽ നിന്ന് പുറത്തിറങ്ങിയ
"അവിസൊ" ആണ്. ജൂലിയസ് അഡോൾഫ് മോൻസോഹിനി
എന്ന വ്യക്തിയായിരുന്നു ഉടമ. ഇന്ന് നാം കാണുന്ന പത്രങ്ങളുടെ ആദ്യ രൂപം പിറന്നത് 400 വർഷം മുമ്പ് മാത്രമാണ്. ലോക ചരിത്രത്തിൽ ഇത് ചെറിയൊരു
കാലയളവു മാത്രമായതിനാൽ പത്രങ്ങളുടെ വളർച്ച കൂമ്പടഞ്ഞു എന്ന് പറഞ്ഞ് വിലപിക്കാൻ സമയമായിട്ടില്ല. ആർജവമുള്ളതും പ്രതികരണ ശേഷി നില നിൽക്കുന്നതുമായ ഒരു സമൂഹത്തിൽ മാധ്യമങ്ങളുടെ വളർച്ചയും വികാസവും ഇനിയും പൂർണത പ്രാപിക്കുക തന്നെ ചെയ്യും.
ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പത്രങ്ങൾ വലിയ ചാലകശക്തി തന്നെയായിരുന്നു.
1868ൽ 'അമൃത ബസാർ' പത്രികയും, 1878ൽ
'ദ ഹിന്ദു'വും, പോരാട്ട ഭൂമിയിൽ പതാകാ വാഹകരായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ മറാഠി ഭാഷയിൽ പുറത്തിറങ്ങിയ കേസരി, സുധാരക്, വന്ദേമാതരം, യുഗാന്തർ, ബോംബെ ക്രോണിക്കിൾ തുടങ്ങിയ പത്രങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നിരുന്നു. ബോംബെ ക്രോണിക്കിളിന്റെ മുഖ്യ പത്രാധിപരായിരുന്ന ബെഞ്ചമിൻ ഗൈ ബോർണിമാനെ 1919ൽ ബ്രിട്ടീഷ് സർക്കാർ നാടുകടത്തിയത് ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ വിമർശിച്ചതിനായിരുന്നു. എന്നാൽ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു കൊണ്ട് പുതിയ പത്രങ്ങൾ പിറന്നു കൊണ്ടിരുന്നു.
സി.വൈ.ചിന്താമണിയുടെ ലീഡർ, സുരേന്ദ്രനാഥ് ബാനർജിയുടെ ബംഗാളി, സി.ആർ.ദാസിന്റെ ഫോർവേഡ്, മോത്തിലാൽ നെഹ്റുവിന്റെ ലീഡർ, ഇൻറിപെന്റ്,
ജവഹർലാൽ നെഹ്റുവിന്റെ നാഷണൽ ഹെറാൾഡ്, ആനി ബസന്റിന്റെ ന്യൂ ഇന്ത്യ, ടി.പ്രകാശത്തിന്റെ സ്വരാജ്, രാമനാഥ് ചാറ്റർജിയുടെ മോഡേൺ റിവ്യൂ എന്നീ പത്രങ്ങൾ ശക്തമായ ജിഹ്വകളായിരുന്നു. 1919ൽ യങ് ഇന്ത്യയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു കൊണ്ടാണ് മഹാത്മാഗാന്ധി ദേശീയ പോരാട്ടത്തിന് കരുത്ത് പകർന്നത്. നവജീവൻ, ഹരിജൻ, ഹരിജൻ സേവക്, ഹരിജൻ ബന്ധു തുടങ്ങിയ പത്രങ്ങളും ഗാന്ധിജിയുടെ മേൽനോട്ടത്തിലായിരുന്നു.
ജർമൻ പൗരനും ഭാഷാ പണ്ഡിതനുമായിരുന്ന ഹെർമൻ ഗുണ്ടർട്ടാണ് കേരളത്തിൽ പത്രപ്രവർത്തനത്തിന്റെ വിത്ത് പാകിയത്. 1847ൽ
തലശ്ശേരിയിലെ നെട്ടൂർ ഇല്ലിക്കുന്നിൽ ബാസൽ മിഷൻ പള്ളിയുടെ പൂമുഖത്താണ് ആദ്യത്തെ പത്രമായ രാജ്യസമാചാരം ഉയിർത്തത്. ഗുണ്ടർടിന്റെ ശിഷ്യൻ എഫ്.മുള്ളറാണ് രണ്ടാമത്തെ പത്രമായ പശ്ചിമോദയം പുറത്തിറക്കിയത്.
1866ൽ കൊച്ചിയിൽ നിന്ന് തുടങ്ങിയ വെസ്റ്റേൺ സ്റ്റാർ പത്രമാണ് കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രം.
അത് ഇംഗ്ലീഷിലായിരുന്നു. ഈ പത്രത്തിൽ തിരുവിതാംകൂർ രാജാവിനേയും ദിവാനേയും വിമർശിച്ച് ലേഖനമെഴുതിയതിന് ജി.പരമേശ്വരൻപിള്ള എന്ന വിദ്യാർത്ഥിയെ കോളേജിൽ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു. പിന്നീട് ബാരിസ്റ്റർ ജി.പി.പിള്ള എന്ന തൂലിക നാമത്തിലാണ് അദ്ദേഹം രചന നടത്തിയത്. ആദ്യ മലയാളപത്രം എന്ന പദവി പശ്ചിമതാരകക്കാണ്. കേരള പതാക, സന്ദിഷ്ട വാദി, സത്യനാദ കാഹളം, നസ്രാണി ദീപിക തുടങ്ങിയ പത്രങ്ങളും അക്കാലത്ത് പിറവിയെടുത്തു. 1887ൽ പത്തനംതിട്ടയിൽ നിന്ന് പുറത്തിറക്കിയ നസ്രാണി ദീപികയാണ് ഇന്നത്തെ ദീപിക. 1890ലാണ് കോട്ടയത്തുനിന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തിയത്. 1938ൽ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ മനോരമ പത്രം നിരോധിക്കുകയും ഓഫീസും പ്രസും മുദ്രവെക്കുകയും ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിന്റെ സമരത്തെ പിന്തുണച്ചതിന്റെ പേരിലായിരുന്നു ഈ നടപടി. അന്ന് മാമ്മൻമാപ്പിളയായിരുന്നു മനോരമയുടെ മുഖ്യ പത്രാധിപർ. 1905ൽ വക്കം മുഹമ്മദ്
അബ്ദുൽഖാദർ മൗലവി ആരംഭിച്ച സ്വദേശാഭിമാനി പത്രം ചരിത്രത്തിലെ ചുവന്ന ഏടാണ്. 1906ൽ പത്രാധിപ ചുമതല ഏറ്റെടുത്ത കെ.രാമകൃഷ്ണപിള്ളയെ 1910 സെപ്തംബർ 26ന് നാടുകടത്തി. സ്വദേശാഭിമാനി പത്രത്തിന്റെ ഓഫീസും പ്രസും കണ്ടു കെട്ടി. ദിവാൻ സർ സി.രാജഗോപാലാചാരിയേയും ശ്രീ മൂലം തിരുനാൾ മഹാരാജാവിനേയും വിമർശിച്ചതിനായിരുന്നു നാടുകടത്തൽ. 1935ൽ കേസരി ബാലകൃഷ്ണപിള്ളക്കും വൈതരണികൾ സമാനമായിരുന്നു. തുടർന്ന് കേസരിയും മുദ്രവെച്ചു. സ്വാതന്ത്ര്യ പോരാട്ടത്തിന് കരുത്തു പകർന്ന മാതൃഭൂമിയും 1937ൽ സി.കേശവൻ ആരംഭിച്ച കൗമുദിയും സർ സി.പി.യുടെ കോപത്തിനിരയായി താഴിട്ടു. സി.വി.കുഞ്ഞിരാമൻ നായരുടെ കേരള കൗമുദിയും, 1942ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായിറങ്ങിയ ദേശാഭിമാനിയും ഷൊർണൂരിൽ നിന്ന് ഇറങ്ങിയ ഇ.എം.എസിന്റെ പ്രഭാതവും ഭരണകൂടത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്. ആ കാലഘട്ടത്തിൽ നിന്ന് ഏറെ ദൂരം പിന്നിട്ടെങ്കിലും പത്രങ്ങളോടും മറ്റു മാധ്യമങ്ങളോടുമുള്ള ഭരണകൂട സമീപനം ഇന്നും അസഹിഷ്ണുത നിറഞ്ഞതാണ്. മാധ്യമങ്ങളെ വിലക്കെടുക്കാൻ ഭരണകൂടം എല്ലാ കാലത്തും മുതിർന്നിട്ടുണ്ട്. ഇപ്പോഴാവട്ടെ ഭരണകൂടത്തിനു പുറമെ ബിസിനസ് മാഫിയകളും രാഷ്ട്രീയ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും മാധ്യമങ്ങളെ നക്കിയും ഞെക്കിയും കീഴടക്കാൻ ശ്രമിക്കുന്നു. പരസ്യം നിഷേധിച്ചു കൊണ്ട് സർക്കാരും കോർപ്പറേറ്റുകളും മാധ്യമങ്ങളെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ഗുണ്ടാ രാഷ്ട്രീയ ശക്തികൾ ഗൗരി ലങ്കേഷ്മാരെയാണ് എന്നന്നേക്കുമായി നാടുകടത്തുന്നത്. മത തീവ്രവാദവും ആഗോള ഭീകരതയും ആസുരമാവുന്ന വർത്തമാനകാലത്ത് മാധ്യമ പ്രവർത്തനം കൂടുതൽ അപകടം പിടിച്ച പ്രവൃത്തിയായി മാറിയിട്ടുണ്ട്. ലോകത്തെല്ലായിടത്തും അസ്വസ്ഥത പടർന്നു കയറുമ്പോൾ ആദ്യം ഇരകളാവുന്നത് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തകരാണ്. നിരവധി മാധ്യമ പ്രവർത്തകർ തൊഴിലിടത്തിൽ പിടഞ്ഞു വീണ് ജീവാർപ്പണം ചെയ്തിരിക്കുന്നു. ഈ ദിനത്തിൽ അവരെ നമുക്ക് സ്മരിക്കാം.
കാലത്തിന്റെ മുഖം കാണിക്കുന്ന കണ്ണാടിയാണ് മാധ്യമങ്ങൾ എന്നതിനാൽ കാലമുള്ളിടത്തോളം കണ്ണാടി ഉടയാതിരിക്കേണ്ടത് ആവശ്യമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന മീഡിയയുടെ വിശ്വാസ്യത തകർക്കാൻ സർക്കാരും നിക്ഷിപ്ത താൽപ്പര്യക്കാരും ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കുന്നുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പാരമ്പര്യമുള്ള പത്രങ്ങൾ പോലും ചില സന്ദർഭങ്ങളിൽ കാലിടറി വീഴുന്നതും കാണുന്നുണ്ട്. പ്രതിസന്ധികളോട് സന്ധി ചെയ്യുന്നവരും ശിരസ് കുനിക്കുന്നവരും സ്വതന്ത്ര മാധ്യമ ധർമം വിസ്മരിക്കുന്നവരാണ്. പത്ര, ദൃശ്യ, നവ മാധ്യമങ്ങളില്ലാതാവുന്ന ഒരു സമൂഹത്തിൽ, സൂര്യപ്രകാശമുണ്ടാവില്ലെന്നതാണ് വാസ്തവം.