Sunday, 26 June 2016

ചതിക്കുഴികൾ




മരുതൂരിലെ റംഷാദിന് ദെൽഹിയിൽ നിന്നൊരു വിളി വന്നു. ഭാഗ്യമെത്തിയ വിളിയായിരുന്നു അത്. പ്ലസ് ടു വിദ്യാർത്ഥിയായ റംഷാദിന് നറുക്കെടുപ്പിൽ 
മഹാഭാഗ്യം ലഭിച്ചിരിക്കുന്നുവെന്നായിരുന്നു കിളിമൊഴി. പതിനായിരം രൂപ വിലവരുന്ന മൊബൈലും, രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള റിസ്റ്റ് വാച്ചുമാണ് സമ്മാനം. പാർസൽ തപാലിൽ വരും. അയക്കാനുള്ള ചെലവും സർവീസ് ടാക്സും ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂറ് രൂപ കൊടുത്ത് കൈപ്പറ്റണം. സന്ദേശം കേട്ട 
റംഷാദിന് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു.നോൽമ്പെടുത്ത ക്ഷീണം കാരണം അതിന് കഴിഞ്ഞില്ല. വിവരം വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞു. അവരും റംഷാദിന്റെ ഭാഗ്യത്തിൽ അഭിമാന പുളകിതരായി. പിറ്റേ ദിവസം കിളിമൊഴി വീണ്ടുമെത്തി. പാർസൽ തപാലിൽ അയച്ചിട്ടുണ്ട്. ഉടനെ പോസ്റ്റ്മേനെ ബന്ധപ്പെടണം. കൂട്ടുകാരനെ 
കൂടെ കൂട്ടി കടം വാങ്ങിയ തുകയുമായി റംഷാദ് തപാൽ ഓഫീസിൽ ചെന്നു. 
സാധനം വന്നിട്ടുണ്ടെന്ന് പോസ്റ്റ്മേൻ പറഞ്ഞു. പണം എണ്ണിക്കൊടുത്ത് സമ്മാനപ്പൊതി വാങ്ങി. ജെ.സി.എൽ.ടെലിഷോപ്പിങ്ങ് , ഋഷി നഗർ, ദെൽഹി 34 എന്ന വിലാസം കണ്ട് ബോധ്യപ്പെട്ടു. കത്രിക വാങ്ങി പാർസൽ പൊതി ഭവ്യതയോടെ മുറിച്ചു'' മേലാട നീക്കിയപ്പോൾ കണ്ടത് നല്ല ലങ്കുള്ള ചുവന്ന പെട്ടി. അത് തുറന്നപ്പോൾ കണ്ടത് ഒരു മഞ്ഞക്കവർ. പതുക്കെ അത് മുറിച്ചപ്പോൾ കണ്ടത് വെളുത്ത കവർ. ഉള്ളിയുടെ 
പോള അടർത്തിമാറ്റുന്നതുപോലെ ഒടുവിൽ സമ്മാനത്തിന്റെ അരികിലെത്തിയ 
റംഷാദ് ഞെട്ടിപ്പോയി. അതിൽ രണ്ടു കഷ്ണം ഓട്. പടച്ചോനെ പറ്റിച്ചല്ലൊ 
എന്നൊരു ആർത്തനാദം അവനിൽ നിന്നുയർന്നു. കുട്ടുകാരന്റെ കൈത്താങ്ങിൽ 
താഴെ വീണില്ലെന്നേയുള്ളു. ഇങ്ങിനെ കബളിപ്പിക്കപ്പെടുമെന്ന് റംഷാദ് നിനച്ചിരുന്നില്ല. കടം വാങ്ങിയ തുക എങ്ങിനെ തിരിച്ചടക്കുമെന്നും വീട്ടിൽ ഇക്കാര്യം പറഞ്ഞാൽ ഉണ്ടാകാവുന്ന പൊല്ലാപ്പ് എന്തായിരിക്കുമെന്നും ഓർത്ത് ആകെ ബേജാറിലാണ് റംഷാദ്. ഇനി ഇങ്ങിനെ ഒരു ചതി ആർക്കും പറ്റരുതെന്ന് റംഷാദ് കൂട്ടുകാരോട് പറഞ്ഞു. ഇപ്പോൾ റംഷാദും കൂട്ടുകാരും ഓൺലൈൻ ചതിക്കുഴികളെപ്പറ്റി ബോധവാന്മാരാണ്. ആ അവബോധം മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുള്ള ശ്രമത്തിലാണ് അവർ.

Wednesday, 8 June 2016

ഈ തീരുമാനം ശ്ലാഘനീയം






മെഡിക്കൽ പ്രവേശന പരീക്ഷയിൽ പതിന്നാലാം റാങ്ക് നേടിയ ഓങ്ങല്ലൂർ വാടാനാംകുറുശിയിലെ ശരത് വിഷ്ണുവിന്റെ വിജയം ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ക്ഷീര കർഷകനായ സുധാകരൻ - ശാരദ ദമ്പതികളുടെ മകന് പഠനത്തിന് ആവശ്യമായ ഒരു ഭൗതിക സാഹചര്യവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു ഓല കുടിലിൽ ദാരിദ്ര്യത്തോടും ദുരിതങ്ങളോടും പൊരുതി മുന്നേറിയ ശരത്തിനെ പഠന മികവിന്റെ പേരിൽ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പാഠപുസ്തകങ്ങൾ സൂക്ഷിച്ചു വെക്കാൻ പോലും സുരക്ഷിതമായ ഒരിടമില്ലാത്ത ഒരു വീട്ടിലാണ് അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം കഴിയുന്നത്. അങ്ങിനെ പ്രതികൂല സാഹചര്യങ്ങൾ മാത്രമുള്ള ഒരു അന്തരീക്ഷത്തിലാണ് ഈ മിടുക്കൻ എൻട്രൻസ്‌ എഴുതി മികച്ച നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നാടിന്റെ സ്വീകരണം ഏറ്റുവാങ്ങിയ ശരത്തിന്റെ വീട്ടിൽ എം.ബി. രാജേഷ് എം.പി യും സി.പി.എം. ഏരിയാ നേതാക്കളും അഭിനന്ദനമറിയിക്കാൻ എത്തിയിരുന്നു. അതിനു മുമ്പ് പട്ടാമ്പി എം.എൽ.എ. മുഹമ്മദ്‌ മുഹസിൻ വീട്ടിൽ ചെന്ന് ഒരു ട്രോഫി സമ്മാനിച്ചിരുന്നു. ശരത്തിന്റെ വീട്ടിൽ പാർലിമെന്റ് അംഗവും പാർട്ടി നേതാക്കളും എത്തുമ്പോൾ മാധ്യമ പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. വീടും പരിസരവും കണ്ടു മടങ്ങും മുമ്പ് ശരത്തിനെ ചേർത്തു പിടിച്ചു കൊണ്ട് എം.പി. നടത്തിയ പ്രഖ്യാപനം അവിടെ കൂടിയ എല്ലാവരേയും ആനന്ദാതിരേകത്തിലാക്കി എന്ന് പറയാതെ വയ്യ. ശരത്തിന് നല്ലൊരു വീട് നിർമിച്ചു നൽകുമെന്നും, തുടർ പഠന ചിലവ് പാർട്ടി വഹിക്കുമെന്നും എം.പി. പറഞ്ഞപ്പോൾ, അയൽക്കാരും നാട്ടുകാരും ഏറെ ആഹ്ലാദത്തോടെയാണ് അത് കേട്ടത്. വീട് നിർമ്മാണം ഉടനെ തുടങ്ങുമെന്നും ഒട്ടേറെ ഉദാരമതികൾ ഈ സംരംഭവുമായി സഹകരിക്കാമെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു. ആധുനിക രീതിയിൽ ആഡംബര മന്ദിരങ്ങൾ പണിത് നേതാക്കളുടെ പേരിൽ പാർട്ടി ഓഫീസുകൾ സ്ഥാപിക്കുന്ന പതിവിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ ഒരു നിലപാടിലേക്ക് പാർട്ടി മാറുകയാണെന്ന് ഇത് തെളിയിക്കുന്നു. മുസ്ലീം ലീഗ് പോലെയുള്ള അപൂർവ്വം സംഘടനകളാണ് പാവങ്ങൾക്ക് വീട് പണിയുന്ന കാര്യത്തിൽ ഇതുവരെ താൽപര്യം എടുത്തിരുന്നത്. ഭവന രഹിതർക്ക് വീട് പണിത് നൽകിയാണ്‌ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച ഇ.എം.എസ്, എ.കെ.ജി, കൃഷ്ണപിള്ള തുടങ്ങിയ നേതാക്കളെ സ്മരിക്കേണ്ടതെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് എന്റെ മനസ്സിൽ തോന്നിയിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴെങ്കിലും ശരിയായ പാതയിലേക്ക് സി.പി.എം. എത്തുമ്പോൾ എല്ലാം ശരിയാവും എന്നൊരു തോന്നലുണ്ടാവുന്നുണ്ട് . ഈ തീരുമാനം ശ്ലാഘനീയമാണ്. എം.ബി. രാജേഷ് എം.പി.ക്കും മറ്റു സഖാക്കൾക്കും അഭിവാദ്യങ്ങൾ.
-----------------------------------
ടി വി എം  അലി 
-----------------------------------

Wednesday, 1 June 2016

കാരക്കാട് എന്ന തസ്രാക്ക്

പാലക്കാട് ജില്ലയിൽ  ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട്  എന്ന ഗ്രാമത്തിൽ നിന്ന് 
ഇത്തവണ നിയമസഭയിൽ എത്തുന്നത് രണ്ടു ജനപ്രതിനിധികൾ. പാലക്കാട് മണ്ഡലത്തിൽ നിന്ന് 
ഷാഫി പറമ്പിലും (യു.ഡി..എഫ്), പട്ടാമ്പിയിൽ നിന്ന് മുഹമ്മദ്‌ മുഹസിനും (എൽഡി.എഫ്). ഭാരതപ്പുഴയുടെ കരയിൽ ഷൊർണ്ണൂർ - മംഗലാപുരം റെയിൽ പാതയോരത്തുള്ള 
കാരക്കാട് ഗ്രാമത്തിൽ ജനിച്ച ലേഖകന്റെ ഓർമക്കുറിപ്പുകൾ.
***************************************************************************************************

കാരക്കാടിന്റെ പൊക്കിൾകൊടി 
--------------------------------------------------------

കുറെ വർഷങ്ങൾക്കു ശേഷമാണ് കാരക്കാട് ഗ്രാമത്തിലേക്ക് യാത്ര തിരിക്കുന്നത്. 
പട്ടാമ്പിയിൽ നിന്ന് റെയിൽ പാളത്തിലൂടെ കിഴക്കോട്ട് രണ്ടര നാഴിക നടന്നാൽ കാരക്കാട് എത്താം. പണ്ട് പതിവായി നടന്ന വഴിയാണ്. റെയിൽ പാളത്തിന്റെ ഇരു വശവും വിശാലമായ പാട ശേഖരമാണ്. പാളത്തിന്റെ ഓരങ്ങളിൽ അലരി മരങ്ങൾ പൂവിട്ടു നിൽക്കുന്ന കാഴ്ച മനോഹരമാണ്. രാവിലെയും വൈകുന്നേരവും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കാൻ നല്ല രസമായിരുന്നു. അന്ന് കാരക്കാട് എത്താൻ ബസ്സും ഓട്ടോയും ഒന്നുമില്ലായിരുന്നു. എല്ലാവരും 
വഴി നടന്നിരുന്നത് ഇതിലൂടെയായിരുന്നു. അങ്ങാടിയിലേക്ക് മരച്ചീനിയും പച്ചക്കറിയും, നൊങ്കും ചുമന്ന് വിയർത്ത് കുളിച്ച് ഓടുന്ന തൊഴിലാളികളെ ധാരാളം കാണാം. മാർക്കറ്റിൽ നിന്ന് അരിയും മീനും, മൺകലങ്ങളും മറ്റും തലയിൽ ചുമന്ന് കാരക്കാട്ടേക്ക് പോകുന്നവരും ഉണ്ടാവും. കൃഷി പണി നടക്കുന്ന സമയമാണെങ്കിൽ പാടം മുഴുവൻ കന്നും കലപ്പയും കർഷകരും സ്ത്രീ തൊഴിലാളികളും ഒച്ചയും ബഹളവും മറ്റും നിറ കാഴ്ചയായിരുന്നു. വെയിൽ ചൂടാവുന്നതിന്റെ മുമ്പ് ഞാങ്ങാട്ടിരിയിൽ നിന്ന് പുറപ്പെടുമ്പോൾ വേഗം എത്താൻ മനസ് തിടുക്കം കൂട്ടും. കാഴ്ചകൾ കണ്ട് നടക്കുമ്പോൾ ഒന്നാം കട്ടിയും, രണ്ടാം കട്ടിയും താണ്ടുന്നത് അറിയില്ല. അതിനിടയിൽ കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലോക്കൽ തീവണ്ടി കടന്നു പോകും. അതിന്റെ ആരവത്തിൽ ഓരം ചേർന്ന് നിന്ന് യാത്രക്കാർക്ക് കൈ വീശി കാണിക്കുന്നതും കുട്ടികൾക്ക് ഹൃദ്യാനുഭവമാണ്. തീവണ്ടിയുടെ ശബ്ദം കേട്ടാൽ മതി അത് എങ്ങോട്ട് പോകുന്നതാണെന്ന് കൃത്യമായി പറയാൻ കാരക്കാട്ടുകാർക്ക് അറിയാമായിരുന്നു. പള്ളികളിൽ ഉച്ചഭാഷിണിയില്ലാത്ത അക്കാലത്ത് നമസക്കാര സമയം നിർണ്ണയിച്ചിരുന്നത് പോലും തീവണ്ടിയുടെ ട്രിപ്പ് നോക്കിയായിരുന്നു. നിഴൽ അളന്ന് 'ളുഹറും' 'അസറും' നിസ്കരിച്ചിരുന്ന പൂർവ്വീകരുടെ കാലത്തെ കുറിച്ച് പറഞ്ഞാൽ ഹൈ ടെക് യുഗത്തിൽ കഴിയുന്ന ന്യൂ ജെൻ തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയുമോ? ഒരു പകൽ അമ്മാവന്റെ വീട്ടിൽ തങ്ങി ഉമ്മാമാന്റെ സുഖ വിവരങ്ങൾ അറിഞ്ഞ് വൈകുന്നേരം തിരിച്ചു നടന്ന് വീട്ടിലെത്തുമ്പോൾ കിട്ടുന്ന സംതൃപ്തി പിന്നീട് ഒരു യാത്രയിലും ലഭിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  അങ്ങിനെ എത്രയെത്ര കാതങ്ങൾ അന്ന് നടന്നു തീർത്തിരിക്കുന്നുവെന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. എങ്കിലും ഓർമകളിൽ ആ യാത്രകളുടെ സൗരഭ്യം ഇന്നും നിറഞ്ഞു നിൽക്കുന്നു.

പുഴയൊഴുകും വഴികൾ 
------------------------------------------

മഴക്കാലത്ത് മറക്കാനാവാത്ത ഒരു സംഭവം നടന്നു. പുഴക്കൽ കൗസാടെ മകൻ കുഞ്ഞാപ്പാക്ക് ഒരു വെളിപാട് ഉണ്ടായി. മൂന്നര പതിറ്റാണ്ട് മുമ്പ് നടന്നതാണ്. അന്ന് കുഞ്ഞാപ്പ അങ്ങാടിയിൽ ഒരു ഫ്ലവർ മില്ലിൽ പണിയെടുക്കുകയാണ്. അരി, മുളക്, മഞ്ഞൾ തുടങ്ങിയവ പൊടിച്ചു കൊടുക്കലാണ് പണി. ഈസൂക്കാന്റെ മില്ലിൽ പകലന്തിയോളം പണിയെടുത്താൽ കുശാലായ ഉച്ച ഭക്ഷണവും രണ്ടു നേരം ചായയും മാസം മുന്നൂറുറുപ്പികയും കിട്ടും. അരിപ്പൊടിയിലും, മുളക്, മഞ്ഞൾ പൊടിയിലും മുങ്ങി നിൽക്കുമ്പോൾ ഹോളി ആഘോഷിക്കുന്നവന്റെ രൂപ ഭാവമായിരുന്നു. രാത്രി എട്ടു മണിക്ക് പണി മാറ്റി കൂലം കുത്തി ഒഴുകുന്ന പുഴയിൽ പോയി മുങ്ങി കുളിച്ച് വീട്ടിലേക്ക് നടക്കുകയാണ് പതിവ്. അന്ന് പട്ടാമ്പിയിൽ നിന്ന് ഗുരുവായൂരിലേക്ക് ഏതാനും ബസ്സുകൾ ഉണ്ടെങ്കിലും രാത്രി ഏഴു കഴിഞ്ഞാൽ ട്രിപ്പ് ഇല്ല. രണ്ടര നാഴിക നടന്ന് വീട്ടിൽ എത്തുമ്പോൾ പത്തു മണിയാവും. അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടിൽ ഉണ്ടായിരുന്ന  ഉമ്മാമയും കാരക്കാട്ടെക്ക് പോകാനായി പേരമകന്റെ കൂടെ പട്ടാമ്പിക്ക് വന്നു. ലോക്കൽ തീവണ്ടിയിൽ കാരക്കാട്ടെക്ക് യാത്രയാക്കിയാണ് കുഞ്ഞാപ്പ മില്ലിൽ പോയത്. എന്നാൽ അന്ന് പണി മാറ്റി പുഴയിൽ കുളിക്കാൻ പോയപ്പോൾ ഉള്ളിൽ ഒരു ആന്തലുണ്ടായി. ഒരു മിന്നായം പോലെയാണ് വെളിപാട് പൊട്ടി വീണത്. ഉമ്മാമ വീട്ടിൽ എത്തിയിട്ടില്ല. ആരോ മനസ്സിൽ കയറി പറയുന്നത് പോലെ തോന്നി. ശക്തമായ  ഇടിയും മിന്നലും മഴയും ഉണ്ട്. എന്ത് വേണം എന്ന് ചിന്തിക്കാൻ നിന്നില്ല. നേരെ റെയിൽ പാളം കയറി, കിഴക്കോട്ട് നടന്നു. കൂരാകൂരിരുട്ട്. നടപ്പാതയിൽ വെള്ളക്കെട്ടുള്ള ചാൽ കാണാം. മിന്നലടിക്കുമ്പോൾ മാത്രം നട വഴി തെളിയും. ഒന്നാം കട്ടിയും, രണ്ടാം കട്ടിയും പേടിപ്പെടുത്തുന്ന ഭൂതത്താന്മാരായി മാറുന്നതു പോലെ തോന്നി. ചവിട്ടു പാലം താണ്ടാനായിരുന്നു ഏറെ ഭയം. അടി തെറ്റിയാൽ തോട്ടിൽ വീഴും. നേരെ പുഴയിലും പിന്നീട് കടലിലും ഒഴുകി എത്തും. എന്ത് സംഭവിച്ചു എന്ന് പോലും ആർക്കും അറിയാൻ കഴിയില്ല. പേടിപ്പെടുത്തുന്ന ചിന്തകളെ പിന്തള്ളി മുന്നോട്ട് നടന്നു. അഞ്ചു നാഴിക താണ്ടിയതു പോലെ അവശനായാണ് മാതൃ ഗൃഹത്തിൽ ചെന്നണഞ്ഞത്. അവിടെ ചെന്നപ്പോൾ ഉമ്മാമ ഇല്ലായിരുന്നു. കുഞ്ഞാപ്പാന്റെ വെളിപാട് ശരിയായിരുന്നു. അമ്മാവനെ കൂട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തി. സമയം അർദ്ധരാത്രിയായിക്കാണും. ഉമ്മാമ കയറാൻ സാധ്യതയുള്ള ഏതാനും വീടുകളിൽ ചെന്ന് ഉറങ്ങുന്നവരെ വിളിച്ചുണർത്തി അന്വേഷിച്ചു. ഒടുവിൽ കണ്ടെത്തി. ഉമ്മാമാന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലാണ് അവർ രാപ്പാർത്തത്. വെറ്റില മുറുക്കി ലോഗ്യം പറഞ്ഞ് അങ്ങിനെ ഇരുന്ന് നേരം പോയതുകൊണ്ട് അവിടെ തങ്ങിയതാണെന്നു പറഞ്ഞപ്പോളാണ് ഉള്ളിലെ തീ അണഞ്ഞത്. ഒരു മിന്നായം പോലെ വന്ന വെളിപാട് കൊണ്ട് ഉണ്ടായ പൊല്ലാപ്പ് ഇന്നും കുഞ്ഞാപ്പാക്ക് മറക്കാനേ കഴിയുന്നില്ല.

എല്ലാം വളരെ പെട്ടെന്നായിരുന്നു.
--------------------------------------------------------

ഓങ്ങല്ലൂർ പഞ്ചായത്തിലെ ഒരു പ്രധാന പ്രദേശമാണ് ഇന്ന് കാരക്കാട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ദുരിതവും ദാരിദ്ര്യവും രോഗവും മുടി അഴിച്ചാടിയ ഗ്രാമമായിരുന്നു ഇതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഓല കുടിലുകളും ഓടു മേഞ്ഞ വീടുകളും ഇന്നില്ല.എല്ലാം വാർപ്പ് കെട്ടിടങ്ങളും മനോഹര സൗധങ്ങളുമാണ്. ഓരോ വീട്ടു വളപ്പിലും ഒഴിഞ്ഞ പറമ്പുകളിലും ഷെഡ്‌ കെട്ടി ആക്രി സാമഗ്രികൾ കൂട്ടിയിരിക്കുന്നത് കാണാം. കാലി കുപ്പികളുടെ വൻ ശേഖരവും അങ്ങിങ്ങ് കാണാം. ഒരു വ്യവസായ ഗ്രാമമായി കാരക്കാട് എന്നോ മാറിയെന്ന് കുഞ്ഞാപ്പ തിരിച്ചറിഞ്ഞു. ഇന്ന് കൗസാടെ മകനെ അറിയുന്നവരായി ഇവിടെ ആരുമില്ല. ഒരു പഞ്ചായത്തിൽ രണ്ടു റെയിൽവേ സ്റ്റേഷൻ നില കൊള്ളുന്നതിൽ അഭിമാനിച്ചിരുന്ന ഓങ്ങല്ലൂർ നിവാസികൾക്ക് ഇപ്പോൾ രണ്ടു എമ്മെല്ലേമാരും ഉണ്ട്. അതിന്റെ ആഹ്ലാദത്തിലാണ് കാരക്കാട് നിവാസികൾ. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ യു.ഡി.എഫ് ന്റെ ബാനറിലും പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ്‌ മുഹ്സിൻ എൽഡി.എഫ് ബാനറിലുമാണ് നിയമസഭയിൽ എത്തുന്നത്‌. രണ്ടു പേരും കാരക്കാട് നിവാസികളാണ്. പതിറ്റാണ്ട് മുമ്പ് വിദ്യാഭ്യാസത്തിൽ ഏറ്റവും പിറകിലായിരുന്ന ഒരു പ്രദേശത്തിന്റെ ഉയർത്തെണീപ്പാണ് എങ്ങും കാണുന്നത്. 

കാരക്കാട് എന്ന തസ്രാക്ക് 
-------------------------------------------

ഒ.വി. വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ അനാവരണം ചെയ്യപ്പെട്ട തസ്രാക്ക് ഗ്രാമം പോലെയുള്ള ഒരു പ്രദേശമാണ് കാരക്കാട്. അവരുടെ ജീവിത രീതി, പാരമ്പര്യ മഹത്വം, സംസ്കാരം, ഭാഷാ വിനിമയം തുടങ്ങിയവ പഠന വിഷയമാക്കേണ്ടത് ആവശ്യമാണ്‌. വള്ളുവനാട്ടിൽ ഏറ്റവും അധികം പരിഹാസം ഏറ്റുവാങ്ങിയ ഒരു ഗ്രാമം കാരക്കാടാണെന്ന് പറയാം. അവിടെയുള്ള നിഷ്കളങ്കരായ മനുഷ്യരുടെ അറിവില്ലായ്മയും മുഖ്യധാരയിൽ പ്രവേശിക്കാനുള്ള കഴിവില്ലായ്മയും മൂലം ഇതര പ്രദേശക്കാരുടെ നേരമ്പോക്കുകളിൽ നിറഞ്ഞു നിന്നത് കാരക്കാട്ടുകാരായിരുന്നു. 'ഓനൊരു കാരക്കാട്ടുകാരൻ' ആണെന്ന് മുദ്ര കുത്തിയാൽ മതി അവന്റെ ജന്മം പാഴാവാൻ എന്നതായിരുന്നു അന്നത്തെ സ്ഥിതി. അതുകൊണ്ട് നാലാൾ കൂടുന്നിടത്ത് സംസാരിക്കുമ്പോൾ കാരക്കാട്ടുകാരൻ ആവാതെ നോക്കേണ്ടത് ഒരോരുത്തരുടേയും ബാധ്യതയായിരുന്നു. വളരെ പണ്ട് നടന്ന ഒരു സംഭവം പറയാം: മോട്ടോർ ബൈക്ക് ആവിർഭവിച്ച കാലത്ത് ഒരു സായിപ്പ് നാട് കാണാൻ ആ വാഹനത്തിൽ കാരക്കാട്ടെത്തി. അതിന്റെ ഭീകര ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. 'അള്ളോ മലവണ്ട്‌ വന്നേയ്...' എന്നാർത്തു വിളിച്ച് നാട്ടുകാർ ഓടിക്കൂടി. പലരും ഭയന്ന് വിറച്ചു. ആണുങ്ങൾ ഉലക്കയും തോട്ടിയും കിട്ടാവുന്ന മറ്റു ആയുധങ്ങളും എടുത്ത് പാഞ്ഞടുത്തു. ഇംഗ്ലീഷ് സിനിമകളിൽ പോലും കാണാൻ സാധ്യമായിട്ടില്ലാത്ത ഒരു സീൻ കണ്ട് ബൈക്ക് ഓടിച്ച സായിപ്പ് ഭയന്നു. എന്തു ചെയ്യണം എന്നറിയാതെ സായിപ്പ് കുഴങ്ങി. അതിവേഗം ബൈക്ക് പറപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ ഒരു കുഴിയിൽ ചെന്ന് വീണു. ആളുകൾ ശരം വിട്ട കണക്കെ അപകട സ്ഥലത്ത് ഓടിയെത്തി. 
വീണു കിടക്കുന്ന സായിപ്പിനെ തിരിച്ചും മറിച്ചും പരിശോധിച്ചപ്പോൾ ഒരു കാര്യം അവർ മനസ്സിലാക്കി. സായിപ്പിന്റെ തല തിരിഞ്ഞിരിക്കുന്നു. സായിപ്പ് ധരിച്ചിരുന്ന ഓവർ കോട്ടിന്റെ സിപ്പ് പിറകിലായിരുന്നു. മുൻ വശത്ത് മാത്രം കുപ്പായ കുടുക്ക് കണ്ടു ശീലിച്ചവർക്ക് അങ്ങിനെ ഒരു നിഗമനത്തിൽ എത്താനേ കഴിയുമായിരുന്നുള്ളൂ. 'പൊന്നാരെണ്ണി 
അത് മജ്ജത്തായി'  എന്ന് പറഞ്ഞ് എല്ലാവരും ഉടനെ സ്ഥലം വിട്ടു. ഇപ്പോഴും പ്രചാരത്തിലുള്ള മറ്റൊരു കഥ പറയാം.  ഏതാനും വർഷം മുമ്പ് പട്ടാമ്പിയിൽ നിന്ന് കാരക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവീസ് തുടങ്ങി. അന്ന് ഓങ്ങല്ലൂരിൽ നിന്ന് കാരക്കാട്ടേക്ക് ബസിൽ നിറയെ യാത്രക്കാർ ഉണ്ടാവും. എന്നാൽ ബസിൽ  കയറുന്നവർ പണം കൊടുക്കില്ല. പൈസ ചോദിച്ചാൽ അവർ കണ്ടക്ടറെ ചീത്ത വിളിക്കും. 'ഞമ്മള് കേറ്യാലും കേറീലെങ്കിലും ഇങ്ങള് കാരക്കാട് പോകൂലെ ണ്ണി ... അങ്ങനെ പോണ ബസില് എന്തിനാടോ കായ്?' അവസാനം സർവീസ് വേണ്ടെന്ന് ബസ് ഉടമക്ക് തീരുമാനിക്കേണ്ടി വന്നുവത്രെ. ഇങ്ങിനെ കഥകൾ നിരവധിയുണ്ട്.  കാരക്കാട് പ്രദേശവാസികളെപ്പറ്റി പ്രചരിക്കുന്ന കഥകളിൽ കഴമ്പുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. കാരണം തസ്രാക്ക് പോലെയുള്ള ഒരു ഗ്രാമത്തിന് ഇത്തരം കഥകൾ മാത്രമേ പറയാൻ കഴിയൂ. അവരുടെ സ്നേഹത്തിന്റെ ഭാഷ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും സ്നേഹത്തോടെ അവർ വിളിക്കുന്നത് 'മജ്ജത്തേ' എന്നാണ്. ശവമേ എന്നാണ് അതിനർത്ഥം. 'പൊന്നാര ഇണ്ണി' എന്ന് ആദ്യം കൂട്ടിചേർത്തിട്ടുണ്ടെങ്കിൽ അത് സ്നേഹത്തോടെയുള്ള അഭിവാദ്യമായിരിക്കും. 'പണ്ടാറക്കാലാ..' എന്നാണ് ചേർത്തതെങ്കിൽ അത് ചീത്ത വിളിയാണെന്നും മനസ്സിലാക്കാം. എന്ത് പേരിട്ടു വിളിച്ചാലും പരസ്പര സ്നേഹത്തോടെയാണ് അവരുടെ ജീവിതം. ആണുങ്ങളെ അനുസരിച്ചും ഭയന്നുമാണ് സ്ത്രീകളും പെൺകുട്ടികളും ജീവിച്ചിരുന്നത്. സ്കൂളിൽ പോകുന്ന കുട്ടികൾ വിരളമായിരുന്നു. മദ്രസയിലെ ഓത്ത് മാത്രം മതി ദുനിയാവിൽ കഴിഞ്ഞു കൂടാൻ എന്നായിരുന്നു കുടുംബനാഥൻമാരുടെ ധാരണ. ദുരിതവും ദാരിദ്ര്യവും വേണ്ടുവോളം അനുഭവിച്ച ഒരു തലമുറയെ പറ്റി ഇപ്പോഴുള്ളവർക്ക് അറിയാനിടയില്ല. കടപ്പറമ്പത്ത് കാവിലെ പൂരമാണ്‌ അവരുടെ ദേശീയോത്സവം. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ പരമ്പരാഗത ഉത്സവത്തിന്‌ കൈ മെയ് മറന്ന് അവർ സഹായിക്കും. പുലരാൻ നേരത്ത് നടക്കുന്ന വെടിക്കെട്ട് കാണാൻ ഏറ്റവും അടുത്ത് ചെന്ന് നിൽക്കാൻ അവർക്ക് ഭയമുണ്ടായിരുന്നില്ല. കൗസാടെ മകൻ കുഞ്ഞാപ്പയും കുട്ടിക്കാലത്ത് വെടിക്കെട്ട് കാണാൻ ഉറക്കമൊഴിഞ്ഞ് കാത്തു നിന്നിട്ടുണ്ട്. ബലി പെരുന്നാളിന് ഉച്ച ഭക്ഷണം കഴിഞ്ഞാൽ വീട്ടു മുറ്റത്ത് 'കുരുകുരു മെച്ചം പെണ്ണുണ്ടോ / കുഞ്ഞാലിക്കൊരു പെണ്ണുണ്ടോ?' എന്ന പാട്ടു പാടി രണ്ടു വരിയായി നിന്നും നടന്നും പെണ്ണുങ്ങൾ കളിക്കാറുണ്ട്. ആ കളി കാണാൻ കുട്ടികൾ മുതൽ വയോധികർ വരെ തടിച്ചുകൂടും. പെരുന്നാൾ ദിവസം വീട്ടിൽ ഉള്ളവരും വിരുന്നുകാരും ഒരുമിച്ചിരുന്നാണ് ഊണ് കഴിക്കുക. വലിയ മുറിയിൽ പായ വിരിച്ച് അതിൽ വാഴയിലകൾ നിവർത്തിയിടും. 
മുള കൊണ്ട് ഉണ്ടാക്കിയ വലിയ കുട്ടയിലാണ് ചോറ്. ആവി പൊങ്ങുന്ന ചോറ് ഇലയിൽ പരത്തിയിടും. എന്നിട്ട് എല്ലാവരും ചോറു കൂനക്ക് ചുറ്റും ചമ്രം പടിഞ്ഞിരിക്കും. കൊതിപ്പിക്കുന്ന പോത്തിറച്ചിക്കറിയും പയറുപ്പേരിയും, വലിയ പപ്പടവും ഉണ്ടാവും. 
എല്ലാ വീട്ടിലും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നത് പെരുന്നാളിന് മാത്രമായിരുന്നു. 
ഇന്ന് കഥയൊക്കെ പാടെ മാറി. അവികസിത പ്രദേശമായിരുന്ന കാരക്കാട് ജനസാന്ദ്രത കൂടിയ വികസിത മേഖലയാണ്. ഓരോ വളപ്പിലും കൂറ്റൻ മണി മന്ദിരങ്ങൾ. ആക്രി വ്യാപാരത്തിന് പുകഴ് പെറ്റ നാട്. കാലി കുപ്പി കച്ചവടക്കാരുടെ ഷെഡുകൾ. തരം തിരിച്ച പാഴ് വസ്തുക്കൾ ലോഡ് കണക്കിനാണ് ഇവിടെ നിന്ന് പുറം നാടുകളിലേക്ക് കയറ്റി പോകുന്നത്. സാമ്പത്തികമായി പുരോഗതി നേടിയ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്തും ഏറെ മുന്നിലാണ്. എന്നാൽ പുതിയ വാണിജ്യ മേഖലയുടെ വളർച്ചക്കൊപ്പം അതിന്റെ തിക്ത ഫലങ്ങൾ കൂടി അവർ അനുഭവിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നത് മൂലം അന്തരീക്ഷ മലിനീകരണവും ശ്വാസകോശ രോഗവും കാൻസർ ഉൾപ്പെടെയുള്ള മാരക വിപത്തും കാരക്കാടിനെ കാർന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യ ബോധവൽക്കരണ പരിപാടികൾ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഉപജീവനത്തിന് ഇതര വഴികൾ ഇല്ലാത്തതു കൊണ്ട് ശീലിച്ചത് 
കൈ വെടിയാൻ അവർക്കാവില്ല. ഇത്തവണ നിയമസഭയിൽ എത്തുന്ന ഷാഫി പറമ്പിലും, മുഹമ്മദ്‌ മുഹസിനും, രണ്ടു മുന്നണിയിലാണെങ്കിലും നാട് നേരിടുന്ന ആരോഗ്യ പ്രശ്നത്തിന് പരിഹാരം കാണാൻ ഇരുവർക്കും ബാധ്യതയുണ്ട്. അതോടൊപ്പം കാരാക്കാടിന്റെ പൗരാണികവും പരമ്പരാഗതവുമായ തനത് സംസ്കാരം അടയാളപ്പെടുത്താനും ഇവർ
 മുൻ കൈ എടുക്കേണ്ടതുണ്ട്‌.