സ്വാതന്ത്ര്യ ദിനത്തിൽ
തപാൽ ഓഫീസ് മുറ്റത്ത് പാഴ്ചെടികൾ പറിച്ചു നീക്കുന്നതിനിടയിലാണ് ഞാനെൻെറ ബാല്യകാലം കണ്ടെത്തിയത്.
തപാൽ ഓഫീസ് മുറ്റത്ത് പാഴ്ചെടികൾ പറിച്ചു നീക്കുന്നതിനിടയിലാണ് ഞാനെൻെറ ബാല്യകാലം കണ്ടെത്തിയത്.
കുത്തിക്കുറിച്ചും, ചിത്രം വരച്ചും മലിനമാക്കിയ പൊട്ടിയ സ്ലേറ്റിനെ വൃത്തിയാക്കി തന്നത് ഈ വെള്ളത്തണ്ടായിരുന്നു.
(ചിലർ മഷിത്തണ്ടെന്നും വിളിക്കും).
പള്ളിക്കൂടത്തിലേക്ക് പോകുമ്പോഴും വരുമ്പോഴും വേലിയിറമ്പിൽ എന്നെ നോക്കി ചിരിച്ചു നിന്നിരുന്ന ഒട്ടും 'തണ്ടി'ല്ലാത്ത വെള്ളത്തണ്ടിനെ എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമായിരുന്നു. എന്നെ കാണുന്നേരം നിറകുടം പോലെ തുളുമ്പാതെ വിളങ്ങി നിന്നീരുന്ന വെള്ളത്തണ്ടിനെ നോവേല്പിക്കാതെ നുള്ളിയെടുത്ത് നടക്കും.
തണ്ടിലുള്ള നീരിനെ സ്ലേറ്റിലുരസി കറുപ്പിക്കും. നീരില്ലാത്ത തണ്ടിനെ ഊതി വീർപ്പിച്ച് നെറ്റിയിൽ മുട്ടിച്ച് പൊട്ടിക്കുന്നതും ഗമയായിരുന്നു. അങ്ങിനെയങ്ങിനെ ഒരുപാട് ഓർത്തെടുക്കാനുണ്ട് ഈ കുറിയ ജലമർമരത്തെ.
വേലികൾ നാടുനീങ്ങുകയും വന്മതിലുകൾ നഗരകാന്തിയാവുകയും ചെയ്തതോടെ കാണാനില്ലായിരുന്നു ഈ സസ്യ ലതാദിയെ.
ഏറെക്കാലമായി കാണാൻ കൊതിച്ച ഈ തണ്ടിനെ എൻെറ കൺവെട്ടത്ത് തന്നെ എത്തിച്ചതിന് നന്ദി പറയാതെ വയ്യ.
പുതു തലമുറക്ക് ഓർത്തെടുക്കാൻ ഇതുപോലെ ഏതെങ്കിലുമൊരു സസ്യമുണ്ടാവുമോ?
No comments:
Post a Comment