Monday, 31 August 2015

ഓണ കവിതകൾ

ഉത്രാടം
-----------

അത്തം വെളുത്തപ്പം
ഓണം കറുത്തല്ലോ,
മുറ്റത്തെ പൂക്കളത്തിൽ
മഴനീർമണി തുള്ളിയല്ലൊ.



തിരുവോണം
-------------------
മാനം തെളിഞ്ഞല്ലൊ
മനമാകെ ഉണർന്നല്ലൊ
തിരുവോണം വന്നപ്പം
തുമ്പികൾ തുള്ളിയല്ലൊ.

കാടാകെ പൂത്തല്ലൊ
പൂവായ് വിരിഞ്ഞല്ലൊ
പൂവായ പൂവെല്ലാം
പൂക്കളം തീർത്തല്ലൊ.

പൊന്നോണം വന്നേ
നല്ലോണം വന്നേ...
പൂവിളി പൂവിളി...
മാവേലി വന്നേയ്.

Thursday, 27 August 2015

കണ്ടെത്തി ഞാൻ എൻെറ ബാല്യം...


സ്വാതന്ത്ര്യ ദിനത്തിൽ
തപാൽ ഓഫീസ് മുറ്റത്ത് പാഴ്ചെടികൾ പറിച്ചു നീക്കുന്നതിനിടയിലാണ് 
ഞാനെൻെറ ബാല്യകാലം കണ്ടെത്തിയത്. 
കുത്തിക്കുറിച്ചും, ചിത്രം വരച്ചും മലിനമാക്കിയ പൊട്ടിയ സ്ലേറ്റിനെ വൃത്തിയാക്കി തന്നത് ഈ വെള്ളത്തണ്ടായിരുന്നു.
(ചിലർ മഷിത്തണ്ടെന്നും വിളിക്കും).
പള്ളിക്കൂടത്തിലേക്ക് പോകുമ്പോഴും വരുമ്പോഴും വേലിയിറമ്പിൽ എന്നെ നോക്കി ചിരിച്ചു നിന്നിരുന്ന ഒട്ടും 'തണ്ടി'ല്ലാത്ത വെള്ളത്തണ്ടിനെ എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമായിരുന്നു. എന്നെ കാണുന്നേരം നിറകുടം പോലെ തുളുമ്പാതെ വിളങ്ങി നിന്നീരുന്ന വെള്ളത്തണ്ടിനെ നോവേല്പിക്കാതെ നുള്ളിയെടുത്ത് നടക്കും. 
തണ്ടിലുള്ള നീരിനെ സ്ലേറ്റിലുരസി കറുപ്പിക്കും. നീരില്ലാത്ത തണ്ടിനെ ഊതി വീർപ്പിച്ച് നെറ്റിയിൽ മുട്ടിച്ച് പൊട്ടിക്കുന്നതും ഗമയായിരുന്നു. അങ്ങിനെയങ്ങിനെ ഒരുപാട് ഓർത്തെടുക്കാനുണ്ട് ഈ കുറിയ ജലമർമരത്തെ. 
വേലികൾ നാടുനീങ്ങുകയും വന്മതിലുകൾ നഗരകാന്തിയാവുകയും ചെയ്തതോടെ കാണാനില്ലായിരുന്നു ഈ സസ്യ ലതാദിയെ. 
ഏറെക്കാലമായി കാണാൻ കൊതിച്ച ഈ തണ്ടിനെ എൻെറ കൺവെട്ടത്ത് തന്നെ എത്തിച്ചതിന് നന്ദി പറയാതെ വയ്യ. 
പുതു തലമുറക്ക് ഓർത്തെടുക്കാൻ ഇതുപോലെ ഏതെങ്കിലുമൊരു സസ്യമുണ്ടാവുമോ?

Friday, 14 August 2015

പുരസ്കാര ജേതാക്കൾക്ക്‌ ജന്മ നാടിന്റെ സ്നേഹാദരം




 വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച് ഗ്രാമത്തിന്റെ മേൽവിലാസം പുറം ലോകത്ത് എത്തിച്ച പ്രതിഭാശാലികളെ ഞാങ്ങാട്ടിരി ജനകീയ വായന ശാല ആദരിച്ചു. അബുദാബി ശക്തി അവാർഡ് നേടിയ നോവലിസ്റ്റ് എം.എസ്. കുമാർ, പള്ളം സ്മാരക പുരസ്കാരം ലഭിച്ച ടി.കെ.നാരായണദാസ്, നെഹ്‌റു അവാർഡിന് അർഹനായ ശാസ്ത്ര പ്രതിഭ വാസുദേവൻ തച്ചോത്ത്, ജൈവ വൈവിധ്യ സംരക്ഷണ ബഹുമതി നേടിയ ക്ഷീര കർഷകൻ എം. ബ്രഹ്മദത്തൻ, അംബേദ്‌കർ നാഷണൽ ഫെല്ലോഷിപ്പ് നേടിയ 'മാധ്യമം' ലേഖകൻ ടി.വി.എം. അലി, ഭഗവാൻ ബുദ്ധ നാഷണൽ ഫെല്ലോഷിപ്പ് ലഭിച്ച കൃഷി ഓഫീസർ രവീന്ദ്രൻ മാട്ടായ, വേൾഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ സ്വർണ്ണ മെഡൽ വാങ്ങിയ ഷെബീർ ബാബു എന്നിവരെയാണ് ജന്മ ഗ്രാമം ആദരിച്ചത്. കവി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. എം.പി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ആര്യൻ കണ്ണനൂർ, തൃത്താല പഞ്ചായത്ത് അംഗം ടി. അരവിന്ദാക്ഷൻ, മുൻ അംഗം അഡ്വ. എച്ച്. നാരായണൻ, കെ. രമണൻ, എൻ.പി. രാമദാസ്, കെ. ജയാനന്ദ് എന്നിവർ സംസാരിച്ചു. വാക്കിന്റെ കൈവഴികൾ എന്ന പേരിൽ വിദ്യാർഥികൾക്ക് വേണ്ടി സാഹിത്യ ശിൽപശാലയും നടത്തി. കെ. മനോഹരൻ മാസ്റ്റർ, ടി. ആര്യൻ എന്നിവർ ക്ലാസ് നയിച്ചു. 

Wednesday, 12 August 2015

കവിത / ജീവിതം








തറയിൽ
തകർന്നു വീണത് 
പളുങ്കു പാത്രമായിരുന്നില്ല,

കാറ്റിൽ
പറന്നു പോയത്,
ശീട്ടു കൊട്ടാരമായിരുന്നില്ല,


കടലിൽ
തിര കവർന്നത്
മണൽ ഗോപുരമായിരുന്നില്ല,


പിന്നെയോ?
ചോരയും നീരും
മജ്ജയും മാംസവും
ചിന്തയും ചന്തവും
കണ്ണീരും കിനാവുമുള്ള
മഹാ സ്വപ്നമായിരുന്നു...