Sunday, 17 August 2014

കഥയും കാര്യവും

ലോക നാണയ നിധിയും വില പോയ നാണയ തുട്ടുകളും
---------------------------------------------------------
രാഷ്ട്രീയ വിഷയങ്ങൾ എക്കാലത്തും എന്നെ സ്വാധീനിച്ചിരുന്നു. എന്റെ മിക്ക കഥകളും ബീജാവാപം കൊണ്ടത്‌ ആനുകാലിക രാഷ്ട്രീയ ബന്ധത്തിൽ നിന്നുൽഭവിച്ചതാണെന്ന് കാണാം. എന്നാൽ എന്റെ കഥകളുടെ
ഉള്ളിൽ വിലയം പ്രാപിച്ചു കിടക്കുന്ന രാഷ്ട്രീയധാര തിരിച്ചറിഞ്ഞവർ ഏറെ പേരുണ്ടാവാൻ സാധ്യത ഇല്ല.
കാരണം കഥയിൽ നിന്ന് രാഷ്ട്രീയം ഊറ്റി കളഞ്ഞാലും അതിന് മൗലികത ഇല്ലാതാവുന്നില്ല. രാഷ്ട്രീയത്തിന്റെ
കണ്ണട വെക്കാതെ തന്നെ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് സാധ്യമാവണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
അതുകൊണ്ട് എന്റെ കഥകളിലെ രാഷ്ട്രീയം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. 1982 ഏപ്രിൽ 18 ന് 'ദേശാഭിമാനി'
വാരികയിൽ വന്ന കഥ നോക്കുക. "വില പോയ നാണയത്തുട്ടും കിലുക്കി"  എന്ന പേരിൽ തന്നെ രാഷ്ട്രീയം ഉണ്ട്. 1980 കളിൽ ലോക നാണയ നിധിയിൽ നിന്ന് ഇന്ത്യ വായ്പ വാങ്ങാൻ തീരുമാനിച്ച പശ്വാത്തലത്തിലാണ്
ഈ കഥ എഴുതിയത്. വായ്പയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ വാദ വിവാദങ്ങൾ നടന്നിരുന്നു. ലോക നാണയ നിധിയുടെ വായ്പാ നിബന്ധനകൾ സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനം ഉയർത്തി യിരുന്നു. ഈ വായ്പ വാങ്ങിയതിനു പിറകെയാണ് ഗാട്ട് കരാറുകളും മറ്റും ഉണ്ടായത്. ആഗോളീകരണത്തിന്റെ കടന്നു വരവിനു മുമ്പ് തന്നെ ഭാരതം സാമ്രാജ്യ ശക്തികളുടെ വിനീത വിധേയ രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു . ഇക്കാര്യം മുൻകൂട്ടി കണ്ടുകൊണ്ടാണ് ' വിലപോയ
നാണയത്തുട്ടും' എന്ന കഥ എഴുതിയത്. രാജ്യത്തിന്റെ സമ്പദ് ഘടനയുമായി ബന്ധപ്പെടുത്തി അധികം
കഥകളൊന്നും വരാത്ത ഒരു കാലത്താണ് ഈ കഥ പ്രസിദ്ധ പ്പെടുത്തിയത്. സാമ്രാജ്യത്വ ചൂഷണ ത്തിനെതിരെയുള്ള ഒരു ചെറുത്തു നിൽപ്പ് എന്ന നിലയിൽ  ഈ കഥയെ സമീപിച്ചവർ എത്ര പേരുണ്ടാവും ?


   

Saturday, 16 August 2014

കഥയുടെ പിറവി


' കോലങ്ങൾ '



------------------
' കോലങ്ങൾ ' എന്ന കഥ അച്ചടിച്ച്‌ വന്നത് "ഗുരുദേവ ദർശനം" എന്ന മാസികയിലാണ്. വർഷങ്ങൾക്കു മുമ്പ്
ഒരു വാർത്തയുടെ നിജ സ്ഥിതി തേടി മയിലാടിപ്പാറയിൽ പോകാനിടയായി. എന്റെ കൂടെ വഴി കാട്ടിയായി
മറ്റൊരാളും ഉണ്ടായിരുന്നു. ഒരു മലയ കുടുംബത്തിന്റെ കുടിയിറക്കുമായി ബന്ധപ്പെട്ടതായിരുന്നു വാർത്ത.
സംഭവം സംബന്ധിച്ച് നേരിട്ട് അന്ന്വേഷിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ വെളിച്ചത്തിൽ ഒരു ബൈ ലൈൻ സ്റ്റോറി
പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ അതുകൊണ്ട് മാത്രം മനസ്സ് തൃപ്തിപ്പെട്ടില്ല. ഞാൻ ഇന്നേവരെ അതുപോലെ ഒരു മലയിൽ പോയിരുന്നില്ല. രാമഗിരിയും രായിരനല്ലൂരും താന്നിക്കുന്നും ഭ്രാന്താചലവും മറ്റും
കയറിയിരുന്നെങ്കിലും മയിലാടിപ്പാറ എന്റെ മനസ്സിൽ മയൂരമായി മാറിയിരുന്നു . മലയുടെ ഞൊറിവുകളും
കാടിന്റെ നിഗൂഡതകളും ഉയരങ്ങളുടെ വശ്യതയും കാട്ടു പൂല്ലിന്റെ മർമ്മരവും കിളികളുടെ കളകൂജനവും
എല്ലാം എന്നെ ഏറെ നാൾ പിന്തുടർന്നു. അത് അസ്വസ്തതയായി വളർന്നു. ഒടുവിൽ അത് 'കോലങ്ങളാ'യി പിറന്നു.
ഗുരു നിത്യ ചൈതന്യ യതി ഈ കഥ വായിച്ച ശേഷം എനിക്കെഴുതിയ കത്ത് ഇന്നും ഞാൻ നിധി പോലെ
സൂക്ഷിക്കുന്നു. ഈ കഥ നിങ്ങൾക്ക് സമർപ്പിക്കുന്നു.

Tuesday, 5 August 2014

പ്രകാശനം


തിരുവനന്തപുരം 'മെലിന്ഡ' ബുക്സ് പ്രസിദ്ധപ്പെടുത്തിയ "മുൾ ദളങ്ങൾ " എന്ന കഥാ സമാഹാരം സി.പി. മുഹമ്മദ്‌ എം.എൽ.എ പ്രകാശനം ചെയ്യുന്നു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സംഗീത ആദ്യ പ്രതി സ്വീകരിച്ചു.
പട്ടാമ്പി രാജ പ്രസ്ഥം ഓഡിറ്റോരിയത്തിൽ 2012 ജനവരി 19 ന് എം.സി.ഒ.എ. സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ
വെച്ചാണ് പ്രകാശനം നടന്നത്. പി.കെ.ബിജു എം.പി. മുഖ്യാതിഥിയായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകരായ
നീലൻ, റോയ് മാത്യു , സി.എൽ. തോമസ്‌, എൻ.പി. ചന്ദ്ര ശേഖരൻ, എം.ബി. ബഷീർ, ഇന്ദുകുമാർ, പ്രമോദ് രാമൻ,
രാജീവ്, ഡോ. ഫാദർ ബിജു ആലപ്പാട്ട്, ആർ.ബി. അനിൽ കുമാർ, എം. സമദ് , എൻ. മുരളീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ( ആൽബം- 2012 )

Sunday, 3 August 2014

സായാഹ്നം



ആനമലയിൽ നിന്നൊഴുകി എത്തിയ വെള്ളമത്രയും  ഉള്ളിലൊളിപ്പിച്ച അറബിക്കടലിനെ കാണാൻ ഞങ്ങളെത്തി.
ചാവക്കാട് ബീച്ചിൽ നൂറു കണക്കിന് ആളുകൾ. കൊച്ചു കുട്ടികളും സ്ത്രീകളും വയോധികരുമെല്ലാം ഇരമ്പി വരുന്ന തിരമാലകളോട് മത്സരിക്കുന്നുണ്ടായിരുന്നു. എത്ര കണ്ടാലും മതി വരാത്ത കടൽ കാഴ്ച...കടലിനും അങ്ങിനെ തന്നെ ..ചുംബന തിര കൊണ്ട് തീരം തഴുകി മടുപ്പില്ലാത്തതുപോലെ, ചിലപ്പോൾ ശാന്തമായി , ചിലപ്പോൾ ഭ്രാന്തിയായി ...ഉള്ളിൽ കടലോളം സങ്കടം ഉള്ളവരെ നിങ്ങളീ കടാപ്പുറത്തേക്ക് വരൂ ...