Monday, 30 June 2014

തൃത്താല ആസ്പയർ കോളേജിന്റെ ആദരം . ശ്രീ .വി.ടി. ബലറാം എം.എൽ.എ. അവാർഡ്‌ സമ്മാനിക്കുന്നു. ശ്രീ .ഇ.ടി. മുഹമ്മദ്‌ ബഷീർ എം. പി. ഉൾപ്പെടെ നിരവധി പ്രമുഖർ  പങ്കെടുത്തു.

Monday, 9 June 2014

വസീറലി ഇല്ലാത്ത വീട്


കൂടല്ലൂരിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന എം.ടി. യുടെ അയല്ക്കാരനാണ് ബാല സാഹിത്യകാരനായ വസീറലി. താന്നിക്കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ പള്ളിമഞ്ഞാലിൽ തറവാട്. 1946- ൽ  ഈ തറവാട്ടിലാണ് വസീറലി ജനിച്ചത്‌. വർഷങ്ങളായി ഞങ്ങൾ പരസ്പരം അറിയുന്നവരാണ് . എം.ടി. യുടെ തറവാട്ടിലും,  ജേഷ്ഠൻ എം.ടി.ബി. നായരുടെ വീട്ടിലും പലവട്ടം ഞാൻ പോയിട്ടുണ്ടെങ്കിലും തൊട്ടപ്പുറത്തുള്ള വസീറലിയുടെ വീട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. കണ്ടു മുട്ടുമ്പോഴെല്ലാം അദ്ദേഹം എന്നെ ക്ഷണിക്കാറുണ്ട്‌. ഞാൻ ക്ഷണം സ്വീകരിക്കാറുമുണ്ട്. ബാല സാഹിത്യകാരനായ വസീറലിയെക്കുറിച്ച് ഒരു ലേഖനം എഴുതണമെന്നും അതിനുവേണ്ടി ഒരു ദിവസം വിസ്തരിച്ചൊരു സന്ദർശനം നടത്തണമെന്നും ഞാൻ മനസ്സിൽ കരുതിയിരുന്നു. അങ്ങിനെയിരിക്കെ ഈ  ജനവരിയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. തനിമ കലാസാഹിത്യ വേദിയുടെ സാംസ്കാരിക സഞ്ചാരം പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം അന്ന് പട്ടാമ്പിയിലെത്തിയത് കലാ സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിലേക്ക് സംഘാടകർ എന്നെയും ക്ഷണിച്ചിരുന്നു.  അന്ന് എന്നെ പൊന്നാട അണിയിച്ച് ഫലകം നല്കി ആശ്ലേഷിച്ചത് വസീറലിയായിരുന്നു.
"വഴിയിൽ നിന്ന് മാറ്റണം മുള്ള് / നാട്ടീന്ന് മാറ്റണം കള്ള് / തെങ്ങീന്നു മാറ്റണം ചെള്ള് / മനസ്സീന്നു മാറ്റണം ഭള്ള് "
എന്നൊരു കുറും കവിതയും അദ്ദേഹം ചൊല്ലി. കവി കുഞ്ഞുണ്ണി മാഷെപ്പോലെ ആറ്റി കുറുക്കി കുട്ടി കവിത 
എഴുതുന്ന ബാല സാഹിത്യകാരനാണ് വസീറലി. പത്തിലേറെ പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . 'വില്ലൻ ചെല്ലൻ ' , മണിതത്ത ' . 'മൃഗലോകം ' , 'ചിങ്കനും കുങ്കനും ' , 'ബഡായി രാമു ' , 'കണ്ണപ്പൻ കാള ' , 'ചൊക്കന്റെ സ്നേഹം ' , 'കുട്ടിക്കവിതകൾ ' , എന്നിവ പ്രധാന കൃതികളാണ്.
മനസ്സിലെന്നും കവിതകളുമായി നടന്ന തനി ഗ്രാമീണനായിരുന്നു വസീറലി. താങ്ങാനും കൊള്ളാനും ആരുമില്ലാത്തത് കൊണ്ട് അർഹിക്കുന്ന അംഗീകാരമൊന്നും അദ്ധേഹത്തെ തേടിയെത്തിയില്ല . ഇക്കാര്യത്തിൽ 
പരിഭവം പറയാനോ പരാതിപ്പെടാനോ അദ്ദേഹം മുതിർന്നിട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്.
അങ്ങിനെയിരിക്കെ ദീർഘ കാലത്തെ ആഗ്രഹ പ്രകാരം ഏപ്രിൽ ആദ്യ വാരത്തിൽ വസീറലിയും ,സഹധർമ്മണി 
സൈനബയും ഉംറ നിർവഹിക്കാൻ മെക്കയിലേക്ക് പോയി. ഏപ്രിൽ 15 ന് അദ്ദേഹം പുണ്യ ഭൂമിയിൽ വെച്ച് 
മരണപ്പെട്ടു. ഇക്കാര്യം പത്ര വാർത്തയിൽ നിന്നാണ് നാടറിഞ്ഞത് . മെക്കയുടെ മണ്ണിൽ തന്നെ അദ്ദേഹം 
അലിഞ്ഞു ചേർന്നു . അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിക്കാനായി സുഹൃത്തുക്കളായ എ.എച്..തൃത്താലയും, കുട്ടി കൂടല്ലൂരും എന്റെ കൂടെ ഉണ്ടായിരുന്നു. ദീർഘ കാലം പ്രവാസിയായിരുന്ന 
കുട്ടി കൂടല്ലൂരും , എഴുത്തുകാരനായ എ.എച്. തൃത്താലയും വസീറലിയുടെ ആത്മ സുഹൃത്തുക്കളാണ് .
ഞങ്ങൾ ചെല്ലുമ്പോൾ വൃക്ഷലതാദികൽ നിറഞ്ഞ വസീറലിയുടെ വീടിനു മുകളിൽ കാല വർഷ മേഘ മാലകൾ 
ഞാന്നു കിടന്നിരുന്നു. മുറ്റത്ത് വേരോളം കായ്ച്ചു നില്ക്കുന്ന പ്ലാവിന്റെ ഇലകളിൽ നിന്ന് കുറും കവിതകൾ 
പോലെ അടർന്നു വീഴുന്ന ജല കണങ്ങളും.  ഉമ്മറത്ത്‌ മൂത്ത മകൻ റോഷൻ അക്തറും സഹോദരിയുടെ 
മകൻ ഫുഅഹദും ഉണ്ടായിരുന്നു. വസീറലി ഇല്ലാത്ത വീട്ടിലിരുന്നുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിന്റെ 
പുസ്തകങ്ങൾ വീണ്ടും മറിച്ചു നോക്കി നെടുവീർപ്പിട്ടു . പേരക്കുട്ടികൾ തയ്യാറാക്കിയ സ്മരണിക കണ്ട് 
ഞങ്ങൾ വിസ്മയിച്ചു. വസീറലി കൂടല്ലൂർ എന്ന ബാല സാഹിത്യകാരന്റെ മിക്ക കഥകളും കവിതകളും 
കുറിപ്പുകളും വാർത്തകളും എല്ലാം സമാഹരിച്ച് ബൈൻഡ് ചെയ്തു വൃത്തിയായി തയ്യാറാക്കിയ 
കൊച്ചു മക്കളെ ഞങ്ങൾ ഹൃദയം കൊണ്ട് ആശ്ലേഷിച്ചു . അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു.
ഫു അഹദ് കൊണ്ടു വന്ന ചായ കുടിച്ച് , ഇലച്ചാർത്തുകളിൽ നിന്ന് ഉതിർന്നു വീഴുന്ന മഴയെ ആവാഹിച്ച് 
ഞങ്ങൾ പുറത്തിറങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മറത്ത്‌ ചാരുകസേരയിൽ ഇരുന്ന് വസീറലി കൈ 
വീശി ഞങ്ങളെ യാത്രയാക്കുന്നതു പോലെ തോന്നി.
   

Saturday, 7 June 2014

കവിത / മധു മൊഴി




മനസ്സിലുണ്ടൊരു മുള്ള് 
മുള്ളിലുണ്ടൊരു പൂവ് 
പൂവിലൊത്തിരി തേന് 
തേനിലുണ്ടൊരു പാട്ട് 
പാട്ടിലുണ്ടൊരു പെണ്ണ് 
പെണ്ണിന്റെ കണ്ണ് നിലാവ് 
നിലാവിലുണ്ടൊരു വണ്ട്‌ 
വണ്ടിന്റെ മൂളല് കാറ്റ് 
കാറ്റത്തിട്ടത് സ്വപ്നം 
സ്വപ്നം തന്നത് വാഴ്വ് .

Tuesday, 3 June 2014

തലയിലുറക്കാത്ത തിറകൾ



ഒരു കൂട്ടം എഴുത്തുകാർ കഥകളുമായി തെരുവിലേക്ക് ഇറങ്ങിക്കയറിയതിന്റെ അനുഭവ സാക്‌ഷ്യം.
---------------------------------------------------------------------------------------------------

1989 ലാണ് സംഭവം. ഞങ്ങൾ പന്ത്രണ്ട് പേരുണ്ടായിരുന്നു. എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങുന്നവരും
ചേർന്ന് ഒരു ബദൽ പ്രസാധന സംരംഭം ആരംഭിച്ചു.  "തിറ സാഹിത്യ വേദി " എന്ന് പേരിട്ടു. കച്ചവട മൂല്യങ്ങൽക്കെതിരെയായിരുന്നു പടപ്പുറപ്പാട്. കുത്തക പ്രസാധകരുടെ ചൂഷണത്തിനെതിരെ പ്രതിരോധം തീർക്കുക എന്നതായിരുന്നു ലക്‌ഷ്യം. എം.എസ് .കുമാർ (തോറ്റം ), ആര്യൻ കണ്ണനൂർ (പ്രജകളുടെ കാര്യം ),
എം.വി. മോഹനൻ (പച്ചപ്പറങ്കൂച്ചി),  അസീസ്‌ പട്ടാമ്പി (ഒരു തിരുമണവും സംഘഗാനവും),  ടി. ഉദയശങ്കർ (കുരുടിന്റെ മറുവശം),  കെ.പി. ശൈലജ (സ്മൃതികൽക്കിടയിലെ ഒരു വരി), ഗഫൂർ പട്ടാമ്പി (ഇമാം),
മുരളീധരൻ ചെമ്പ്ര (കുമ്മിണി നാഗൻ),   ടി.വി.എം. അലി ( ഒരു പെരുന്നാൾ  പേക്കിനാവ് ), ടി.കെ. നാരായണദാസ് (അനങ്ങനടിയിലെ അദ്ഭുതം), ദാസ് ഭാർഗവി നിലയം (തൃക്കടീരിക്കുന്ന്), രവീന്ദ്രൻ എഴുവന്തല
(മുട്ടുകാലിൽ നടക്കാത്ത കുട്ടി)  എന്നിവരായിരുന്നു "തിറക്കൂട്ട"ത്തിലെ കഥഎഴുത്തുകാർ . 110 പേജുള്ള പുസ്തകത്തിന്‌ 10 രൂപയാണ് വില. അബു പട്ടാമ്പിയാണ് കവർ ചിത്രം വരച്ചത്. 1000 കോപ്പി അച്ചടിച്ചത്
ബി.പി. അങ്ങാടിയിലുള്ള പ്രഹേളിക പ്രിന്റിംഗ് പ്രസ്സിലായിരുന്നു. പന്ത്രണ്ടു പേരും പുസ്തകം വീതിച്ചെടുത്തു. ഓരോരുത്തരും സ്വന്തം സുഹൃദ് വലയത്തിൽ പുസ്തകം വിറ്റഴിക്കുക എന്നായിരുന്നു നിശ്ശയിച്ചത് . അപ്രകാരം ഞങ്ങൾ തെരുവിലേക്കും ഗ്രാമങ്ങളിലേക്കും പുസ്തക സഞ്ചിയുമായി ഇറങ്ങി.
നിരവധി വായനക്കാർ തിറക്കൂട്ടവുമായി സഹകരിച്ചു. എന്നാൽ ഈ സംരംഭം തുടർന്നു നടത്താൻ കഴിഞ്ഞില്ല .
വില്പന തന്നെയായിരുന്നു വൈതരണി.  പിന്നീട് " കഥാലയം " എന്ന പേരിൽ സ്വന്തം പ്രസാധന സംരംഭം
തുടങ്ങാൻ എനിക്ക് പ്രചോദനം നൽകിയത് തിറക്കൂട്ടത്തിന്റെ അനുഭവമായിരുന്നു. ആ കഥ പിന്നീട് ...   

Sunday, 1 June 2014

പുതിയ അധ്യയന വസന്തം വിടരുന്നു


വേനലവധിയും കളിചിരിയും കഴിഞ്ഞു. പുതിയ അധ്യയന വസന്തത്തിന്റെ തിങ്കൽക്കല തെളിഞ്ഞു.
മൂന്നു ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ അക്ഷര മധുരം നുണയാൻ വിദ്യാലയങ്ങളിൽ എത്തുന്നത്‌.
പുത്തനുടുപ്പും വർണ്ണ കുടയും പുസ്തക സഞ്ചിയുമായി സ്കൂളുകളിലെത്തുന്ന പൊന്നോമനകളെ വരവേൽക്കാനായി വിപുലമായ പ്രവേശന ഉത്സവമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ ആകെ 12524 സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പാതിയിലേറെയും ( 7278 ) എയിഡഡ്  വിദ്യാലയങ്ങളാണ്.
4493 സർക്കാർ സ്കൂളുകളും , 863 അണ്‍ എയിഡഡ് വിദ്യാലയങ്ങളും ചേർന്നാൽ കേരളത്തിന്റെ അക്ഷര മുറ്റമായി. പുതിയ അധ്യയന വർഷം തുടങ്ങുന്ന സമയത്ത് എന്റെ ഓർമ്മകൾ പിറകോട്ടു പായുകയാണ്.
1965 ലാണ് ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നത്‌. സ്കൂൾ തുറന്ന ദിവസം ചാറ്റൽ മഴ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ അന്ന് വർണ്ണ കുടയും മുതുകിൽ തൂക്കുന്ന ബാഗും ഒന്നും ഇല്ലായിരുന്നു. വീട്ടിൽ നിന്ന് വിളിപ്പാടകലെയാണ് എന്റെ പള്ളിക്കൂടം. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ആലിക്കുട്ടിയുടെ കൈ പിടിച്ചാണ്
എന്റെ സ്കൂൾ യാത്ര. അന്ന് ബാലവാടിയോ പ്രീ പ്രൈമറിയോ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ
നിന്നുള്ള ആദ്യത്തെ പ്രവാസമാണ് ക്ലാസ് മുറികളിൽ അനുഭവിക്കുന്നത്. അകന്നു പോകുന്ന അമ്മമാരെ നോക്കി
വാവിട്ടു കരയുന്ന കുട്ടികളായിരുന്നു ഓരോ ക്ലാസ്സിലും. ടീച്ചർമാർ കുട്ടികളെ ശാന്തരാക്കാൻ കിണഞ്ഞു ശ്രമിച്ചുവെങ്കിലും ആരും വഴങ്ങുന്നില്ല. പുറത്തു പെയ്യുന്ന മഴയെ തോൽപ്പിക്കാനെന്ന വണ്ണം കുട്ടികളുടെ കണ്ണീർ  ഒഴുകുകയാണ്. എന്റെ ക്ലാസ്സിൽ വന്നത് അപ്പുകുട്ടൻ മാഷായിരുന്നു. വളരെ സ്നേഹത്തോടെയാണ് മാഷ്‌ പെരുമാറിയത്. ആദ്യ ദിനത്തിൽ തന്നെ മാഷ്‌ ചോക്കെടുത്ത് ബോഡിൽ ആദ്യാക്ഷരം കുറിച്ചു. പിന്നെ തറ, പറ ,
പന , പത എന്നിങ്ങനെ ഉറക്കെ പറഞ്ഞു. ഇത്തരം പദങ്ങൾ ആദ്യമായാണ് കേൾക്കുന്നത് എന്നതിനാൽ എല്ലാവരും കരച്ചിലിന് ഇടവേള കൊടുത്തു. അപ്പോഴേക്കും ഉച്ച മണി നീട്ടി മുഴങ്ങി. അതോടെ സ്കൂൾ വിട്ടു.
തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ അമ്പരപ്പായിരുന്നു. വീണ്ടും ഇങ്ങോട്ട് തന്നെ വരണമല്ലോ എന്നായിരുന്നു
ഓരോരുത്തരുടെയും ധർമ്മ സങ്കടം . കൂടെ കൂട്ടാൻ എത്താത്ത ആലിക്കുട്ടിയെയും നോക്കി സ്കൂൾ
മുറ്റത്ത്‌ കുടയില്ലാതെ നിൽക്കുമ്പോൾ പിറകെ ഒഴുകി നീങ്ങുന്ന കുട്ടിക്കൂട്ടങ്ങൾ ഉന്തിയും തള്ളിയും തിരക്കിയും
നീങ്ങിയത് ഇന്നും ഓർമയിലുണ്ട് . പുതിയ തലമുറയ്ക്ക് ഓർത്തു വെക്കാൻ ഇത്തരം അനുഭവ ചിത്രങ്ങൾ
ഉണ്ടാവുമോ എന്ന് സംശയമാണ്. കാലവും കഥയും മാറി. സ്കൂളിനും കരിക്കുലത്തിനും മാറ്റം വന്നു.
ജീവിത സാഹചര്യവും ഭൗതിക അന്തരീക്ഷവും ഏറെ മാറി. അതുകൊണ്ടു തന്നെ പതിറ്റാണ്ടുകൾക്കു മുമ്പുള്ളവരുടെ  വിദ്യാലയ അനുഭവം പുതിയ തലമുറയിലുള്ളവർക്ക് കിട്ടാക്കനിയാണ് .