പാലക്കാട് ജില്ലയിലെ അണക്കെട്ടുകളും നദികളും വറ്റിവരളുന്നു.
ഇതുപോലെ ഒരു വേനൽ അനുഭവിച്ചിട്ടില്ലെന്നാണ് പഴമക്കാർ പറയുന്നത്. ഇത് കൊടുംചൂടല്ല, ചുടല രാക്ഷസൻ തന്നെയാണെന്നാണ് അവരുടെ സാക്ഷ്യം. ഉഷ്ണതരംഗത്തിൽ താളം തെറ്റിയ മനുഷ്യരും മൃഗങ്ങളും മറ്റുജീവജാലങ്ങളും നീർത്തടങ്ങളുടെ വന്ധ്യത കണ്ട് ആശങ്കയിലാണ്. വേനൽ മഴ എത്തി, കാലവർഷം എത്താറായി എന്നെല്ലാം വാർത്തകൾ വരുന്നുണ്ടെങ്കിലും പതിവായി ലഭിക്കാറുള്ള വേനൽ മഴ ഇത്തവണ പെയ്തിട്ടില്ലെന്നാണ് മഴമാപിനിയും രേഖപ്പെടുത്തുന്നത്. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 30 വരെ ലഭിക്കേണ്ട വേനൽ മഴ 85 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷമാവട്ടെ 35 ശതമാനം മഴക്കുറവാണ് അനുഭവപ്പെട്ടത്. ജില്ലയിലെ പുഴകളെല്ലാം വറ്റിവരണ്ടതോടെ വേനൽ മഴയുടെ കനിവ് തേടുകയാണ് നീർച്ചാലായി മാറിയ നീർത്തടങ്ങൾ.
ഓരോ വേനലിലും ഭാരതപ്പുഴയും തൂതപ്പുഴയും വറ്റിവരളുമ്പോഴും അണക്കെട്ട് തുറക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അണക്കെട്ടുകൾ വറ്റിയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇപ്പോൾ തന്നെ കൃഷി ആവശ്യത്തിന് ഡാമിൽ നിന്ന് വെള്ളം കൊടുക്കാനില്ല. മഴ വൈകിയാൽ കുടിവെള്ള വിതരണത്തിനും പ്രയാസമാവും. നദീതീരങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും തൃശൂർ ജില്ലയിലും ജലവിതരണത്തിന് ആശ്രയിക്കുന്നത് പാവർട്ടി വാട്ടർ സ്കീം ആണ്. തൃത്താല വെള്ളിയാങ്കല്ല് തടയണയിലാണ് പദ്ധതിയുടെ പമ്പിങ്ങ് കേന്ദ്രം. ഇവിടെ അവശേഷിക്കുന്നത് കുറഞ്ഞ ദിവസത്തേക്കുള്ള വെള്ളം മാത്രമാണ്. നിലവിൽ 1.15 മീറ്റർ മാത്രമാണ് ഇവിടെ ജലനിരപ്പ്.
ഓരോ ദിവസവും കൂടിയ അളവിലാണ് വെള്ളം താഴുന്നത്. ഏഴ് വർഷം മുമ്പാണ് തൃത്താല വെള്ളിയാങ്കല്ല് തടയണയിൽ അവസാനമായി വെള്ളം പൂർണമായും വറ്റിയത്. തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണി പോലെ ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് ജലസംഭരണിയും വരൾച്ച നേരിടുകയാണ്. മഴക്കാലത്ത് വെള്ളം സംഭരിച്ചു വെച്ചാലും വേനലിൽ വരണ്ടുപോകുന്ന സ്ഥിതിയാണ് കാണുന്നത്. പുഴയിൽ നിര്‍മ്മിച്ച താല്‍ക്കാലിക തടയണകളിലും സ്ഥിതി ഇതു തന്നെയാണ്. ഭാരതപ്പുഴയും തൂതപ്പുഴയും കൈകോർക്കുന്ന പരുതൂർ ഗ്രാമ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ ജലവിതരണമുണ്ടെങ്കിലും പുഴയിലെ വെള്ളം അതിവേഗം വറ്റിയാൽ ജലവിതരണം മുടങ്ങും.
ഭാരതപ്പുഴയുടെ പോഷക നദികളായ ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, തൂതപ്പുഴ, കൽപ്പാത്തിപ്പുഴ എന്നിവയുടെ പലഭാഗങ്ങളും വരണ്ടുണങ്ങി. കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി, പഴയന്നൂർ പ്രദേശങ്ങളിലൂടെ ഒഴുകി ഗായത്രിപ്പുഴ മായന്നൂരിലാണ് ഭാരതപ്പുഴയിൽ ചേരുന്നത്. ഗായത്രിപ്പുഴയുടെ അഞ്ച് പ്രധാന ഉപ നദികളായ മംഗലം പുഴ, അയിലൂർപ്പുഴ, വണ്ടാഴിപ്പുഴ, മീങ്കര, ചുള്ളിയാർ എന്നിവയും വരണ്ടുണങ്ങിയ സ്ഥിതിയിലാണ്. പാലാർ, അലിയാർ, ഉപ്പാർ എന്നീ പ്രധാന അരുവികളിൽ നിന്ന് രൂപം കൊള്ളുന്ന കണ്ണാടിപ്പുഴയും കോരയാർ, വരട്ടാർ, വാളയാർ, മലമ്പുഴ തോടുകൾ ചേർന്ന് രൂപം കൊള്ളുന്ന കൽപ്പാത്തിപ്പുഴയും പലയിടത്തും പേരുകൾ മാത്രമായി.
തൂതപ്പുഴയെ പോറ്റുന്ന ഉപനദികളായ കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പൻകടവ്, തുപ്പനടിപ്പുഴ എന്നിവയും മെലിഞ്ഞു. അട്ടപ്പാടി താഴ്'വരയിലൂടെ ഒഴുകുന്ന ഭവാനിയിലും ജലനിരപ്പ് കുറഞ്ഞു. കാഞ്ഞിരപ്പുഴ, മലമ്പുഴ, വാളയാർ, മീങ്കര, ചുള്ളിയാർ, പോത്തുണ്ടി, മംഗലം അണക്കെട്ടുകളിലും ജലസംഭരണ ശേഷി കുറഞ്ഞു. ഭൂഗർഭ ജല വിതാനം ക്രമാതീതമായി താഴുന്നത് തടയാൻ ഒരു പദ്ധതിക്കും കഴിയുന്നില്ല. എങ്കിലും ഭാരതപ്പുഴയിൽ തടയണകളും റഗുലേറ്ററുകളും ഉയർന്നു കൊണ്ടിരിക്കുകയാണ്. പട്ടാമ്പി കീഴായൂർ തടയണ, കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്റർ, കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങിയ പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.