അവതാരിക
മലയാള ചെറുകഥാ സാഹിത്യം സ്ത്രീ ശാക്തീകരണ പാതയിലൂടെ മുന്നേറുന്ന കാലമാണിത്. ആദ്യകാലത്ത് എഴുത്തിൻ്റെ പൂമുഖത്ത് മുഖം കാണിക്കാൻ മടിച്ചു നിന്ന സ്ത്രീകൾ, പിന്നീട് പെണ്ണെഴുത്തിൻ്റെ ഈറ്റില്ലം തന്നെ സൃഷ്ടിച്ചുവെന്നത് സാഹിത്യ ചരിത്രം.
മുത്തശ്ശിക്കഥകളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതുകൊണ്ടാവാം നന്നായി കഥ പറയാൻ കഴിയുന്നവരാണ് നമ്മുടെ വനിതാ എഴുത്തുകാർ. ആദ്യകാലത്ത് കെ.സരസ്വതി അമ്മയും, ലളിതാംബിക അന്തർജ്ജനവും കത്തിച്ചു വെച്ച കഥകളുടെ കൈത്തിരിയാണ് പിന്നീട് മാധവിക്കുട്ടിയും, രാജലക്ഷ്മിയും, പി.വത്സലയും, സാറാ ജോസഫും, സാറാ തോമസും ഉൾപ്പെടെയുള്ളവർ കൂടുതൽ തെളിച്ചത്തോടെ ഉയർത്തി പിടിച്ചത്.
അവരെ പിന്തുടർന്ന് മാനസിയും ഗ്രേസിയും, ചന്ദ്രമതിയും, കെ.ബി ശ്രീദേവിയും, ബി.എം സുഹറയും, ഗീതാ ഹിരണ്യനും, അഷിതയും സിതാര എസും, പ്രിയ എ.എസും (പട്ടിക നീണ്ടതാണ്) ഉൾപ്പെടെയുള്ള വലിയൊരു നാരീ നിര കഥാശാഖയെ കൂടുതൽ ദീപ്തമാക്കാൻ രംഗത്തെത്തി. ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് 'ആണൊഴിഞ്ഞ വീടുകൾ' എന്ന പേരിൽ ശ്രദ്ധേയമായ 14 കഥകളുമായി ദീപാറാണി ദീപ്തി പകരാൻ എത്തിയിരിക്കുന്നു.
ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് തിരസ്ക്കരിക്കപ്പെട്ടവരും, നിസ്സഹായരുമായ ഒട്ടനവധി സ്ത്രീകളാണ് 'ആണൊഴിഞ്ഞ വീടുകളിൽ' ജീവിക്കുന്ന കഥാപാത്രങ്ങളായി കടന്നു വരുന്നത്. എല്ലാം ആളൊഴിയാത്ത വീടുകളാണ്. ആണും പെണ്ണും അച്ഛനും മകനും ഒക്കെ വീടുകളിലുണ്ടെങ്കിലും നിറഞ്ഞു നിൽക്കുന്നത് സ്ത്രീകളാണ്. അതു കൊണ്ടു തന്നെ വർത്തമാന കാലത്തെ സ്ത്രീപക്ഷ രചനയാണിതെന്ന് പറയാം.
പാചകം പങ്കിടാനും മക്കളെ വളർത്താനും വീട് വൃത്തിയാക്കാനുമൊക്കെ പുരുഷൻ തയ്യാറാകുന്ന സമത്വസുന്ദരലോകം സ്വപ്നം കാണുകയും അങ്ങനെയൊരു കാലത്ത് മാത്രമേ കല്യാണം കഴിക്കൂവെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്ന റീത്തയുടെ കഥ ('കാറ്റ് പാറക്കൂട്ടങ്ങളോട് പറഞ്ഞത്') എല്ലുറപ്പുള്ള രചനയാണ്. ആദ്യ കഥയിലെ ചുമ്മാട് മറിയയും, 'നിഴൽപ്പാടുകളി'ലെ സുമയും, 'കടന്നലുകൾ കൂടു തേടുമ്പോളി'ലെ ജീനാ വഹാബും, 'അപൂർണ സമവാക്യങ്ങളി'ലെ ശ്രീകുമാരിയും, 'ആണൊഴിഞ്ഞ വീട്ടി'ലെ വിധവയും മകളും, 'പാമ്പുകളി'ലെ സരോജിനിയും, 'പ്രതിബിംബങ്ങളി'ലെ കൗസുവും സുമയും, 'ചങ്ങല മുറുകുമ്പോളി'ലെ രേവതിയും ജീവനുള്ള കഥാപാത്രങ്ങളാണ്.
സ്ത്രീകളുടെ നോവും വേവും വേവലാതിയും ഒറ്റപ്പെടലും വേട്ടയാടലുമെല്ലാം എത്ര പറഞ്ഞാലും തീരാത്ത കഥകളാണല്ലൊ. അതോടൊപ്പം തന്നെ ഏറ്റവുമധികം ചൂഷണത്തിന് വിധേയമാവുന്ന പ്രകൃതിയും പെണ്ണിനോടൊപ്പം കഥകളിൽ നിറഞ്ഞു നിൽക്കുന്നു. എല്ലാ കാലത്തും മണ്ണും പെണ്ണും തന്നെയാണല്ലൊ കഥകളെ സമ്പന്നമാക്കുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിൽ വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിയും വിധത്തിൽ ഓരോ കഥയും ലളിതമായ ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതോടൊപ്പം തീവ്രമായ ജീവിത മുഹൂർത്തങ്ങളും സാമൂഹ്യ പശ്ചാത്തലവും ഇഴചേർത്ത് വെക്കാൻ എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്. നന്നായി കഥ എഴുതാൻ അറിയാം എന്ന് വിളംബരപ്പെടുത്തുന്നതാണ്ഇതിലെ ഓരോ കഥയും!
(ടി.വി.എം അലി)