സംസ്ഥാന വനിത - ശിശുവികസന വകുപ്പിന്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹയായ പട്ടാമ്പി കൊടുമുണ്ട സ്വദേശി ജെ. അനംഗ കിളിക്ക് അഭിനന്ദന പ്രവാഹം. 10 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ ഭരതനാട്യം പൊതുവിഭാഗത്തിലാണ് അനംഗ കിളിക്ക് പുരസ്കാരം ലഭിച്ചത്. കേരളത്തിലെ ആറു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വ്യത്യസ്ത മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിത-ശിശുവികസന വകുപ്പ് നൽകി വരുന്ന പുരസ്‌കാരമാണിത്.
പട്ടാമ്പിയിൽ കഴിഞ്ഞ പത്തു വർഷമായി കലാർപ്പണ നൃത്തവിദ്യാലയം എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന്റെ ഉടമകളും കൊടുമുണ്ടയിൽ താമസിച്ചു വരുന്ന നൃത്ത അധ്യാപകരുമായ പരുതൂർ നിരപറമ്പിൽ ജിതേഷ് - ഷൈനി ദമ്പതികളുടെ എകമകളാണ് അനംഗ കിളി. കൊടുമുണ്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അനംഗ കിളി കഴിഞ്ഞ ഏഴു വർഷമായി നൃത്തം അഭ്യസിച്ചു വരുന്നുണ്ട്. അച്ഛനും അമ്മയും തന്നെയാണ് അധ്യാപകർ. നൃത്തത്തോടൊപ്പം മികച്ച ഗായിക കൂടിയാണ് ഈ കൊച്ചു മിടുക്കി.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ചു വരുന്ന കേരളീയം 2023ന്റെ ഭാഗമായി നവംബർ 3ന് മലയാളം മിഷൻ അവതരിപ്പിച്ച "മ ഷോ" കാവ്യം 23 കാവ്യ സഞ്ചാരം മെഗാ ഷോയിൽ അനംഗ കിളിയും പങ്കെടുത്തിരുന്നു. കലാർപ്പണ നൃത്ത വിദ്യാലയത്തിലെ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്ത സ്റ്റേജ് ഷോ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ നങ്ങേലിയുടെ മകളെ ആണ് അനംഗ കിളി അവതരിപ്പിച്ചത്. ആവിഷ്കാരത്തിൽ നങ്ങേലിയായി അമ്മ ഷൈനിയും, വെളിച്ചപ്പാടായി അച്ഛൻ ജിതേഷും വേഷമിട്ടു. മറ്റു കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയത് കലാർപ്പണയിലെ കലാകാരികളാണ്. അവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കിളി പറഞ്ഞു. ആൾ ഇന്ത്യ ഡാൻസ് അസോസിയേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് അനംഗ കിളി.
കേരളത്തിനകത്തും, പുറത്തുമായി ഇതിനകം നിരവധി വേദികളിൽ നൃത്തമവതരിപ്പിക്കാൻ അനംഗ കിളിക്ക് കഴിഞ്ഞു. അവതരണത്തിലെ മികവിന്ന് നിരവധി പുരസ്കാരങ്ങളാണ് ഈ കൊച്ചു മിടുക്കിയെ തേടി എത്തിയത്. നാട്യനക്ഷത്ര ടൈറ്റിൽ അവാർഡ് 2019 (തമിഴ്നാട് മധുരൈ മാർഗ്ഗഴി ഫെസ്റ്റ് ), നാട്യ ബാലമണി പുരസ്‌കാരം 2020 (അനന്തപുരി ഫെസ്റ്റിൽ തിരുവനന്തപുരം), നടന കലാശ്രീ 2021 (കരൂർ നാട്യഞ്ജലി നാമക്കൽ തമിഴ്നാട്), കലാനിപുൺ പുരസ്‌കാരം 2022 (ബാലാസരസ്വതി ഡാൻസ് ഫെസ്റ്റിൽ വൈലോപ്പിലി ഭവൻ തിരുവനന്തപുരം), ശാസ്ത്രീയ നൃത്തകലാ സമ്മാൻ പുരസ്‌കാരം 2022, ആൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ (AlDA) ഫെസ്റ്റിവൽ കോഴിക്കോട്, കലാഞ്‌ജലി ബാലശ്രീ പുരസ്‌കാരം, സാഹിത്യ അക്കാദമി തൃശ്ശൂർ, സംസ്ഥാന ടൂറിസം ആന്റ് കലാഞ്ജലി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാന തല ബാല പ്രതിഭാ പുരസ്ക്കാരം 2021, ജസ്റ്റിസ് ശ്രീദേവി മദ്യവർജ്ജന സമിതി സംസ്ഥാന തല ബാല പ്രതിഭാ പുരസ്ക്കാരം 2021, ഒളിംപ്യാഡ് ആൾ ഇന്ത്യ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റ്സബ് ജൂനിയർ 2021, ഫസ്റ്റ് അവാർഡ് വിത്ത് ഗോൾഡ് മെഡൽ, 2022 ഫസ്റ്റ് അവാർഡ് വിത്ത് ഗോൾഡ് മെഡൽസംസ്ഥാന സ്ക്കൂൾ കലോൽസവം 2023, ജില്ലാ തലം ഒന്നാംസ്ഥാനം (മോഹിനിയാട്ടം), ഭരതനാട്യം രണ്ടാം സ്ഥാനം, കുച്ചുപ്പുടിമൂന്നാം സ്ഥാനം, കലാഞ്ജലി ഡാൻസ്ഫെസ്റ്റ് കോഴിക്കോട് 2023 നാട്യമയൂരി പുരസ്ക്കാരം എന്നിവയാണ് ഇതു വരെ ലഭിച്ച അംഗീകാരങ്ങൾ. ഇപ്പോൾ ലഭിച്ച ഉജ്ജ്വല ബാല്യം അവാർഡിന്റെ ത്രില്ലിലാണ് അനംഗ കിളിയും കുടുംബവും. നവം. 11ന് രാവിലെ 10 മണിക്ക് മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ അക്ഷര ജാലകം സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ അനംഗ കിളിയെ അനുമോദിക്കും.