Thursday, 20 July 2023

അഭിമുഖം

തൃത്താല ആസ്പെയർ കോളേജ് മാഗസിനു വേണ്ടി സ്റ്റുഡൻ്റ്സ് എഡിറ്റർമാർ ടി.വി.എം അലിയുമായി നടത്തിയ അഭിമുഖം.

ചോദ്യം :-  ഓട്ടപ്പുര, ജിന്ന് എന്നീ രണ്ട് വാക്കുകൾ തനത് സംസ്കാരത്തിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ തനത് സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കാണ് താങ്കളുടെ കഥ എന്ന് പറഞ്ഞാൽ എത്രത്തോളം ശരിയായിരിക്കും?

ഉത്തരം :-  തനത് സംസ്കാരം വിട്ട് എൻ്റെ രചനകൾ എങ്ങോട്ടും പോയിട്ടില്ല. പൗരസ്ത്യം, പാശ്ചാത്യം എന്നിങ്ങനെയുള്ള സംസ്കാരങ്ങളിലേക്ക് കൂട് മാറി പോയൊരാൾക്ക് മാത്രമേ തിരിച്ചു വരേണ്ട ആവശ്യം ഉള്ളു… ഞാൻ അങ്ങനെ പോയിട്ടില്ല. എന്റെ കഥകൾ എല്ലാം തനത് സംസ്കാരത്തിൻ്റെ അടിത്തറയിൽ നിലകൊള്ളുന്നവയാണ്. അത് കൊണ്ട് തന്നെ ഒരു തിരിച്ചു വരവ് വേണ്ടി വന്നിട്ടില്ല...

ചോദ്യം :-  'പൂഴിപ്പുഴ' എന്ന് പറഞ്ഞാൽ ഒരുപാട് അർത്ഥ തലങ്ങളുള്ള ഒരു വാക്കാണ്. ആ തലങ്ങളിലൂടെ കഥയിലേക്ക് കടന്ന് പോകുമ്പോൾ ആശയത്തേക്കാൾ ഉപരി സംസ്കാരത്തെ കണ്ടെത്തുകയാണെന്ന് വായനക്കാർക്ക് തോന്നുന്നുണ്ടോ? അത് എത്രത്തോളം ശരിയാണ്..?

ഉത്തരം :- ഭാരതപ്പുഴ ഏതൊരു വ്യക്തിയേയും എന്നും പ്രചോദിപ്പിക്കുന്ന ഒരു സാംസ്ക്കാരിക പ്രവാഹമാണ്... നിളാനദി തീരത്ത് താമസിക്കുന്ന എഴുത്തുകാർ, കലാകാരന്മാർ  അല്ലെങ്കിൽ സാധാരണ മനുഷ്യർ അടക്കം ഭാരതപ്പുഴയെ വല്ലാതെ ഇഷ്ടപ്പെടുന്നവരാണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഭാരതപ്പുഴ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ പ്രതാപകാലം കണ്ടു നടന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു… അന്ന് ഏത് വേനലിലും വറ്റാത്ത ഒരു പുഴയായിരുന്നു അത്... ആ പുഴ ഇപ്പോഴതിന്റെ കെട്ട കാലത്തിലൂടെ കടന്നു പോവുകയാണ്... മനുഷ്യന്റെ കൈയേറ്റങ്ങളും, മലിനീകരണവും മൂലം പുഴ നാമാവശേഷമായി. അമിതമായ മണലെടുപ്പും ദുരുപയോഗവുമാണ് പുഴയുടെ നാശത്തിന് കാരണം ... പുഴയിൽ നിന്ന് മണൽ നഷ്ടപ്പെട്ട് പൂഴി മാത്രമായി… അങ്ങനെയാണ്  പൂഴിപ്പുഴ എന്നൊരു വാക്ക് കണ്ടെത്തുന്നതും പുസ്തകത്തിന്  പേരിടുന്നതും. പുഴ നശിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന വിഷമങ്ങൾ ഒരു എഴുത്തുകാരനെ സ്വാഭാവികമായിട്ടും അലോസരപ്പെടുത്തും. നൂറുക്കണക്കിന് വാർത്തകളായും കവിതകളായും ലേഖനങ്ങളായും കഥകളായും ചിത്രങ്ങളായും ഭാരതപ്പുഴ വിഷയമായിട്ടുണ്ട്. നിള എന്നിൽ നിത്യ സാന്നിധ്യമാണ്. നിളയും നിളയുടെ തീരത്തുള്ള മനുഷ്യരെയും കുറിച്ചാണ്, അവരുടെ ജീവിതങ്ങളെ കുറിച്ചാണ്ഇതുവരെ എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതും.

ചോദ്യം :-  മറ്റു കഥകാരന്മാരിൽ നിന്നും വ്യത്യസ്ഥമായി കഥകൾക്ക് പേരുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

ഉത്തരം :- കഥ എഴുതിയതിന് ശേഷമാണ് പേരിടുന്നത്. ആദ്യം തന്നെ ഒരു തലക്കെട്ട് കൊടുത്തിട്ട് കഥ എഴുതിയിട്ടില്ല. ഒരു കഥ നമ്മുടെ മനസ്സിൽ രൂപം കൊണ്ട് അത് നമ്മളെ എഴുതാൻ പ്രചോദിപ്പിക്കണം… മനസിന്റെ ഉള്ളിൽ കിടന്ന് കഥാതന്തു മൂത്ത് പഴുക്കണം... വിളവെടുക്കാൻ സമയമാവുമ്പോൾ അത് പകർത്തി വെക്കണം. അങ്ങനെ മൂത്തു പഴുത്തൊരു കഥക്ക് മാത്രമേ ജീവൻ ഉണ്ടാവുകയുള്ളൂ. ഒരുപാട് കഥാബീജങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കും. പക്ഷെ എല്ലാം എഴുതാൻ പറ്റിയെന്ന് വരില്ല. അല്ലെങ്കിൽ എഴുതാൻ നമ്മളെ പ്രേരിപ്പിക്കണമെന്നില്ല. ചില കഥകൾ നമ്മുടെ മനസ്സിൽ കിടന്ന് നിരന്തരം ശല്യം ചെയ്യും. കഥാബീജം വളർന്ന് വികസിച്ച് പൊട്ടുമെന്ന അവസ്ഥ വരും. എഴുതൂ എഴുതൂ എന്ന് പറഞ്ഞ് ആരോ നമ്മളെക്കൊണ്ട് എഴുതിപ്പിക്കും. അങ്ങനെ എഴുതിപ്പിക്കുന്നതാണ് ജീവത്തായ കഥ. അതിനെയാണ് ജീവൽസാഹിത്യം എന്ന് പറയുന്നത്. അതിന് ജീവൻ ഉണ്ടാകും. അപ്പോൾ അനുയോജ്യമായ പേര് കണ്ടെത്താൻ സാധിക്കും.

ചോദ്യം :-  ജീവിതവും എഴുത്തും കാലത്തിൽ നിന്ന് കണ്ടെത്തുകയാണ് താങ്കളുടെ എഴുത്തിന്റെ ശൈലി. അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ഉത്തരം :-  സാഹിത്യാദി കലകളെല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ജീവിതത്തെ മാറ്റി നിർത്തി ഒരിക്കലും ഒരാൾക്കും കഥ എഴുതാൻ സാധിക്കില്ല.... ജീവിതാനുഭവങ്ങളിൽ നിന്നാണ് ഓരോ കഥയും ഞാൻ എഴുതുന്നത്. ജീവൽ സാഹിത്യകാരനായിരുന്ന ചെറുകാട് മാഷ് പറഞ്ഞതാണ് ഓർമ്മ വരുന്നത്: "എനിക്ക് എന്റെ മുരിങ്ങ മരത്തിന്റെ ചുവട്ടിൽ ഇരുന്നുകൊണ്ടേ നിലാവ് കാണാൻ സാധിക്കൂ''. നമ്മുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എഴുതുമ്പോൾ മാത്രമേ ആ കഥക്ക് ജീവനുണ്ടാകുള്ളൂ.

ചോദ്യം :- വായനാനുഭവവും ജീവിതാനുഭവവും ഒന്ന് വിശദീകരിക്കാമോ?

ഉത്തരം :- വായു രഹിത ലോകത്തെ ഒന്ന് സങ്കല്പിക്കുക. അതുപോലെയാണ് വായന ഇല്ലാത്ത ലോകവും. അധിക ജീവിതാനുഭവങ്ങൾ  ഇല്ലാത്തവർക്കും ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരാൾ എഴുതിയ പുസ്തകം വായിക്കുന്നത് ഗുണം ചെയ്യും. ആ അനുഭവങ്ങൾ ഊർജ്ജം പകർന്നേക്കും. നമ്മൾ നേരിട്ട് അനുഭവിക്കാത്ത കുറെ കാര്യങ്ങൾ നമുക്ക് പുസ്തകങ്ങളിലൂടെ സ്വായത്തമാക്കാൻ സാധിക്കും. എന്റെ വായനയുടെ കാലം എന്ന് പറയുന്നത് ഹൈസ്കൂൾ കാലഘട്ടമാണ്. ഞാങ്ങാട്ടിരി യു.പി. സ്കൂളിൽ പഠിക്കുമ്പോൾ അവിടെ  തൊട്ടടുത്ത് ലൈബ്രറി ഉണ്ടായിരുന്നു. അവിടെ ദിവസേന ചെല്ലും. വിദ്യാർത്ഥി എന്ന നിലയിൽ ആ പബ്ലിക് ലൈബ്രറിയിൽ നിന്ന് പുസ്തകം ഒന്നും എടുക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ അവിടെ ഇരുന്ന് പത്രങ്ങളും മാഗസിനുകളും വായിക്കാം. പിന്നെ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുമ്പോഴാണ് മുടവന്നൂർ ഒരു പൊതുജന വായനശാലയിൽ അംഗത്വമെടുത്തത്. ആ വായനശാലയിലേക്ക് ഒരുപാട് ദൂരം നടക്കണം. സഞ്ചാരയോഗ്യമായ റോഡില്ലാത്ത കാലം. കുന്നും കുഴിയും ഒക്കെയുള്ള ഊടുവഴിയിലൂടെയാണ് അന്ന് ഞങ്ങൾ മുടവനൂരിലേക്ക് പോയിരുന്നത്... അങ്ങനെ ഒരു മൂന്നര കൊല്ലം പോയിട്ടുണ്ട്.... അപ്പോ പറഞ്ഞു വന്നത് ആ മൂന്നര കൊല്ലം സ്കൂളിലെ പാഠപുസ്തകങ്ങളല്ല ഞാൻ പഠിച്ചത്. സ്കൂളിൽ നിന്ന് പഠിച്ചതിലേറെ വ്യത്യസ്ഥമായി ഒരുപാട് കാര്യങ്ങൾ പഠിക്കുകയും അറിയുകയും ചെയ്തത് വായനശാലയിൽ നിന്നാണ്. ആ വായനശാലയിൽ നിന്ന് കിട്ടിയ പുസ്തകങ്ങളാണ് എൻ്റെ എഴുത്തിന്റെ അടിത്തറ. ലോകത്തിന്റെ വിവിധ നാടുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അറിയാൻ വായിക്കുക തന്നെ വേണം. സ്വന്തം ഭാഷയും ശൈലിയും കണ്ടെത്തുന്നത് വായനയിൽ നിന്നാണ്. 

ചോദ്യം :- ജീവിത ചുറ്റുപാടുകൾ കഥയെഴുത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ഉത്തരം :-  നൂറുശതമാനം ജീവിത ചുറ്റുപാടുകൾ തന്നെയാണ് കഥക്ക് ബീജം. സംഭവിച്ച കാര്യങ്ങൾ മുഴുവൻ എഴുതുക എന്നതല്ല; ഇപ്പോ ഇന്ന് നടന്ന ഒരു സംഭവം അല്ലെങ്കിൽ ഒരു സാഹചര്യം ഇന്ന് തന്നെ എഴുതാനാവില്ല. സസ്യലതാദികളും വൃക്ഷങ്ങളും വളർന്ന് വലുതാവാൻ വെള്ളവും വളവും വലിച്ചെടുക്കുന്നതു പോലെയാണ് ജീവിതാനുഭവങ്ങൾ എഴുത്തിന് വളമാവുന്നത്. എഴുതുമ്പോൾ വായനക്കാരൻ മുന്നിലുണ്ടാവില്ല. എന്നാൽ കഥ എഴുതിക്കഴിഞ്ഞാൽ വായനക്കാരൻ ഇതെങ്ങനെ സ്വീകരിക്കും എന്ന് മനസ്സിലാക്കാൻ വായനക്കാരൻ്റെ പക്ഷത്തുനിന്നു കൊണ്ടൊരു വായന ആവശ്യമാണ്.  വായനക്കാരെ ആസ്വദിപ്പിക്കാൻ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ടോ? അവരെ ത്രസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ?അങ്ങനെ ഒക്കെ ചിന്തിച്ച് എഴുത്ത് പൂർണ്ണതയിൽ എത്തിക്കണം. കടന്നു പോയ ജീവിതസാഹചര്യങ്ങൾ വായനക്കാർക്ക് ഇഷ്ടപെടും പോലെ എഴുതാൻ കഴിയണം. ഒരു കഥ എഴുതുക എന്നത് അത്ര എളുപ്പം ചെയ്തു തീർക്കാവുന്ന പ്രക്രിയ അല്ല.... പെട്ടെന്ന് എഴുതി തീർക്കാനും സാധ്യമല്ല. ഒട്ടേറെ രാസ പ്രക്രിയകളിലൂടെ ഒക്കെ കടന്നു പോയിട്ട് വേണം ഒരു കഥ വായനക്കാർക്ക് കൊടുക്കാൻ. അപ്പോഴേ ആ കഥക്ക് ജീവനുണ്ടാകൂ. എന്നെ പിടിച്ചുലച്ച ഓരോ അനുഭവങ്ങളും, ഞാൻ കടന്നു പോയ സാഹചര്യവുമെല്ലാം എന്റെ കഥകളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇനിയും പറയാൻ കഴിയാത്ത ഒട്ടേറെ അനുഭവങ്ങൾ അവശേഷിക്കുന്നുണ്ട്. വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും ആഘാതമേൽപ്പിക്കാൻ സാധ്യതയുള്ളതുകൊണ്ട് എഴുതാൻ കഴിയാത്ത കഥകളും ഉണ്ട്. 

ചോദ്യം :- ആധുനികാനന്തര  കഥാലോകം ഭാവനക്കല്ല പ്രാധാന്യം കൊടുക്കുന്നത്. സംഭവങ്ങൾക്കും കാഴ്ചകൾക്കുമാണ്. ഇതിന്റെ ആഖ്യാനരീതിയാണ് വായനക്കാരെ ആകർഷിക്കുന്നത്. വായനക്കാരെ പിടിച്ചു നിർത്താനുള്ള പുതിയ കഥാതന്ത്രമാണോ ഇത്?

ഉത്തരം:-  കാഴ്ചകളുടെ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. കോടാനുകോടി ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കണ്ണിലൂടെ മിന്നി മറയുന്നത്. ദൃശ്യങ്ങളുടെ പെരുമഴക്കാലത്ത് ഒരു കഥ എഴുതി വായനക്കാരെ ത്രസിപ്പിക്കുക എന്നത് എഴുത്തുകാരൻ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ വെല്ലുവിളി എല്ലാ കാലത്തും എഴുത്തുകാരൻ നേരിടുന്നുണ്ട്. അതുകൊണ്ടാണ് എഴുത്തുകാരൻ വാക്കുകൾ കൊണ്ട് ചിത്രം വരക്കുന്നത്. ഒരു കഥ വായിക്കുമ്പോൾ ആ വായനയിലൂടെ നമ്മുടെ മനസ്സിൽ ചിത്രങ്ങൾ തെളിഞ്ഞു വരുന്നുണ്ട്.

"വരികൾക്കിടയിൽ വായിക്കുക" എന്നൊരു ചൊല്ല് ഉണ്ടല്ലോ. അത് പോലെ വരികൾക്കിടയിൽ ചിത്രങ്ങൾ കാണണം. ഓരോ പുസ്തകവും അതിലെ ഓരോ കഥയും വായിച്ചു പോകുമ്പോൾ തന്നെ എഴുത്തുകാരൻ എന്താണോ എഴുതിവെച്ചിരിക്കുന്നത് അത് നമുക്ക് ദൃശ്യമായിട്ട് മനസിൽ തോന്നണം. എം.ടി വാസുദേവൻ നായരുടെ ഒരു കഥ വായിക്കുകയാണെങ്കിൽ നാലുകെട്ടും പരിസരവും കഥാപാത്രങ്ങളുമെല്ലാം നമ്മുടെ മനസ്സിൽ തെളിഞ്ഞ് വരും. ഒരു കഥ വായിക്കുമ്പോൾ അതിലെ വാക്കുകളും വാചകങ്ങളും ഓരോ ദൃശ്യങ്ങളായി കടന്നു വരുന്നുണ്ട്.  അങ്ങനെ ദൃശ്യങ്ങളായി എഴുത്ത് മാറുന്നുണ്ടെങ്കിൽ ആ കഥ അവരോടൊപ്പം, കാലത്തോടൊപ്പം സഞ്ചരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. വായനക്കാരുടെ ഹൃദയത്തിൽ സ്പർശിച്ചുകൊണ്ട് എഴുതാൻ സാധിച്ചെങ്കിൽ മാത്രമേ ആ എഴുത്ത് വിജയിച്ചു എന്ന് പറയാൻ കഴിയുകയുള്ളൂ.

ചോദ്യം :- വായനക്കാരെ ഏറ്റവും കൂടുതൽ പരിചയപ്പെടുത്തുന്നതാണ് ബ്ലോഗ് എഴുത്തുകൾ. അതിലൂടെയാണ് പുതിയ തലമുറ എഴുത്തിലേക്ക് കടന്നുവരുന്നത്. താങ്കളും ഇങ്ങനെയാണോ ബ്ലോഗ് എഴുത്തിലേക്ക് വന്നിട്ടുള്ളത്?

ഉത്തരം :- ഞാൻ പത്തു കൊല്ലം മുമ്പാണ് ബ്ലോഗ് എഴുത്തിലേക്ക് വന്നത്. ടെക്നോളജി വളരുമ്പോൾ നമ്മളും അതിനോടൊപ്പം സഞ്ചരിക്കണം. ഇന്നത്തെ കാലത്ത് ടെക്നോളജിയെ മാറ്റി നിർത്തിക്കൊണ്ട് നമുക്ക് ഒരിഞ്ച് മുന്നേറാൻ പറ്റില്ല. എനിക്ക് അതൊന്നും ബാധകമല്ല എന്ന് പറഞ്ഞ് ടെക്നോളജിയെ അതിന്റെ വഴിക്ക് വിട്ട് കഴിഞ്ഞാൽ നമ്മൾ ഈ ലോകത്ത് ഒറ്റപ്പെട്ടുപോകും. ഗോള ഗോളാന്തരങ്ങൾ കാൽക്കീഴിലാക്കാൻ വെമ്പൽ കൊള്ളുന്ന മനുഷ്യസമൂഹത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യൻ്റെ വളർച്ചക്കും വികാസത്തിനും ശാസ്ത്ര നേട്ടങ്ങൾ ഉപയോഗിക്കപ്പെടണം. ശാസ്ത്രം ജയിക്കുമ്പോൾ മനുഷ്യൻ തോൽക്കുന്ന അവസ്ഥ ഉണ്ടാവരുത്. അറിവ് നേടാൻ നിരന്തരം പഠിച്ചു കൊണ്ടിരിക്കണം. മികച്ച എഴുത്തുകാരൻ ആരെന്ന് ചോദിച്ചാൽ നിരന്തരം പഠിക്കുന്ന വിദ്യാർത്ഥി എന്നാണ് ഉത്തരം. എന്നും വായിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിക്ക് മാത്രമേ ഭാഷയും ശൈലിയും നവീകരിക്കാൻ കഴിയൂ. ശാസ്ത്ര സാങ്കേതിക വികാസവും അതിന്റെ വളർച്ചയും നമ്മൾ ഫോളോ ചെയ്ത് കൊണ്ടിരിക്കണം. എന്തൊക്കെ ടെക്നോളജി ഡെവലപ്പ് ചെയ്യപ്പെടുന്നുണ്ടോ ആ ടെക്നോളജിയൊക്കെ നമുക്ക് മനസിലാക്കാൻ കഴിയണം. ഇന്നത്തെ കാലത്ത് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്‌, ട്വിറ്റർ എന്നിവയൊക്കെ കുട്ടികൾ മുതൽ വയോധികർ വരെ ഉപയോഗിക്കുന്നുണ്ട്. അതൊന്നും ഉപയോഗിക്കുന്നില്ല എന്നാണെങ്കിൽ അവർക്ക് കാലത്തോടൊപ്പം സഞ്ചരിക്കാൻ കഴിയില്ല എന്നാണർത്ഥം. 

ചോദ്യം :- രാഷ്ട്രീയം കഥയിലേക്ക് കൊണ്ട് വരുമ്പോൾ വിവാദങ്ങൾക്ക് കാരണമാവാറുണ്ടോ? ഉണ്ടെങ്കിൽ ആ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കാമോ?

ഉത്തരം:- എൻ്റെ കഥകളുടെ അന്തർധാര രാഷ്ട്രീയം തന്നെയാണ്. എന്നാൽ രാഷ്ട്രീയ കഥകൾ എന്ന ലേബൽ ചാർത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. തുടക്കത്തിൽ എഴുതിയ ഒട്ടേറെ കഥകൾ പ്രത്യക്ഷ രാഷ്ട്രീയ ഗണത്തിലുള്ള കഥകളാണ്. എങ്കിലും ആ കഥ വായിക്കുമ്പോൾ, വായനക്കാർക്ക് അത് ഒരു രാഷ്ട്രീയ കഥയാണെന്ന് തോന്നുകയില്ല... അല്ലെങ്കിൽ കഥയിലെ രാഷ്ട്രീയം മനസിലാവണം എന്നില്ല. കാരണം ഞാനത് ആ രീതിയിൽ അല്ല എഴുതുന്നത്... പാലിലെ വെണ്ണ പോലെയാണ് എൻ്റെ കഥകളിലെ രാഷ്ട്രീയം. ഒരു കഥയിലും രാഷ്ട്രീയം മുഴച്ചു നിൽക്കുന്നില്ലെന്ന് സാരം. എൻ്റെ കഥകളിൽ രാഷ്ട്രീയം കണ്ടുവോ എന്ന് വായനക്കാരോട് ചോദിക്കേണ്ട കാര്യമില്ല. രാഷ്ട്രീയക്കണ്ണട വെക്കാതെയും ആ കഥകൾ വായിക്കാം. അത് കൊണ്ടാവാംവലിയ വിവാദങ്ങളിലേക്കൊന്നും വലിച്ചിഴക്കപ്പെട്ടിട്ടില്ല.

ചോദ്യം :- താങ്കളുടെ പുതിയ കൃതികളെ കുറിച്ച് വിശദീകരിക്കാമോ?

ഉത്തരം :- എന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം ബ്ലോഗെഴുത്തുകളുടെ സമാഹാരമാണ്. 'ഓട്ടപ്പുരയിലെ പ്രജയും ബീഡിക്കമ്പനിയിലെ ജിന്നും' എന്ന പേരിൽ അക്ഷരജാലകം ബുക്സാണ് പുറത്തിറക്കിയത്. തെരഞ്ഞെടുക്കപ്പെട്ട ഓർമ്മക്കുറിപ്പുകളാണ് അതിലുള്ളത്. രണ്ടു ബാലനോവലുകൾ ഈ വർഷം പുറത്തിറങ്ങാനുണ്ട്.

Monday, 17 July 2023

കൈപ്പുറം അബ്ബാസ്

പഴയ തുന്നൽക്കാരൻ; ഇപ്പോൾ നാടറിയുന്ന സർപ്പസ്നേഹി!

പതിനേഴ് വർഷം തുന്നൽക്കാരനായിരുന്ന യുവാവ്ഇപ്പോൾ നാടറിയുന്ന സർപ്പസ്നേഹി.പത്തി വിടർത്തി ചീറ്റുന്ന ഏത് ഉഗ്രവിഷ സർപ്പവും കൈപ്പുറം അബ്ബാസിൻ്റെ ഇരുമ്പു കൊളുത്തിൽ മയങ്ങി കിടക്കും. നിത്യേനയെന്നോണം അബ്ബാസിൻ്റെ സേവനം തേടി നിരവധി ഫോൺ കോൾ എത്തും. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നാണ്വിളി വരുന്നത്. ഉടൻ ഹീറോ ഗ്ലാമർ ബൈക്കിൽ അബ്ബാസ് പുറപ്പെടും. മായാജാലക്കാരൻ കൂടിയായ ഈ പാമ്പുപിടിത്തക്കാരൻ മൂന്ന് പതിറ്റാണ്ടായി സർപ്പ രക്ഷകനാണ്. 

ഉഗ്ര സർപ്പങ്ങളെ തല്ലിക്കൊല്ലുന്ന പതിവ് പഴംകഥയായത് അബ്ബാസിൻ്റെ വരവോടെയാണ്. വീട്ടിലോ, വഴിയിലോ, തൊഴുത്തിലോ, കിണറ്റിലോ എവിടെ പാമ്പിനെ കണ്ടാലും ഒന്ന് വിളിച്ചാൽ കൈപ്പുറം അബ്ബാസ്‌ പാഞ്ഞെത്തും. ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അബ്ബാസ് കുലുങ്ങില്ല. ഏത് പൊത്തിൽ നിന്നും പാമ്പിനെ തഞ്ചത്തിൽ പുറത്ത് ചാടിക്കും. വാത്സല്യത്തോടെ തൊട്ടുതലോടിയും വാലിൽ തൂക്കിപ്പിടിച്ചും നാട്ടുകാരുടെ സർപ്പ ഭീതി അകറ്റും. ചെറിയ പാമ്പിനെ സ്വന്തം പോക്കറ്റിലിട്ട് നടക്കും. വലിയ സർപ്പങ്ങളെ കുപ്പിയിലോ ചാക്കിലോ കയറ്റും. പിന്നീട്‌ ബൈക്കിൽ വെച്ച് കാട്ടിൽ കൊണ്ടുവിടും. 

മൂന്ന് പതിറ്റാണ്ട് മുമ്പ് അയൽക്കാരി ബീവിതാത്തയുടെ കിണറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ പച്ച ഈർക്കിലിൽ കുരുക്കിട്ട്‌ പിടിച്ച് കരക്കെത്തിച്ചു കൊണ്ട് തുടങ്ങിയതാണ് ഈ സേവനം.  അന്ന്‌ നാട്ടുകാർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചപ്പോഴാണ്‌ പാമ്പുപിടിത്തത്തെക്കുറിച്ച്‌ ഗൗരവമായി ആലോചിച്ചത്‌. പിന്നീടൊരിക്കൽ കുന്നംകുളത്ത്‌ നാടോടി സ്‌ത്രീ പാമ്പിനെ കളിപ്പിക്കുന്നതുകണ്ട്‌ പിന്നാലെ കൂടി. പാമ്പുകളെപ്പറ്റി ചോദിച്ചറിഞ്ഞു. സർപ്പശാസ്ത്ര പഠനത്തിൽ അന്ന്ഭാര്യ ജമീലയ്‌ക്കും മകൾ നസ്റീനയ്‌ക്കും എതിർപ്പുണ്ടായിരുന്നെങ്കിലും ഇന്ന്‌ അവരെല്ലാം  കൂടെനിൽക്കുന്നുണ്ട്. 

മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, മലമ്പാമ്പ് ഉൾപ്പെടെ ആയിരക്കണക്കിന്‌ പാമ്പുകളെ ഇതിനകം പിടിച്ചിട്ടുണ്ട്‌. 2013ൽ വനം വകുപ്പിന്റെ  മികച്ച പാമ്പുപിടിത്തക്കാരനുള്ള പുരസ്കാരം നേടി. അപകടഭീഷണി ഉയർത്തുന്ന കടന്നൽ, തേനീച്ച എന്നിവയുടെ കൂടുകൾ നീക്കംചെയ്യുന്നതിലും അബ്ബാസ് മിടുക്കനാണ്‌. മാജിക് പഠിച്ച അബ്ബാസ് 2010ൽ തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസ് മുതൽ തൃത്താല കൊപ്പംവരെ കണ്ണുകെട്ടി മോട്ടോർ സൈക്കിൾ ഓടിച്ച്‌ ശ്രദ്ധ നേടിയിരുന്നു.