(അനുഭവക്കുറിപ്പുകൾ)
ഗ്രന്ഥകാരൻ: ഹുസൈൻ തട്ടത്താഴത്ത്.
ഉള്ളുലക്കുന്ന ഓർമ്മകൾക്ക്
നിലാവിൻ്റെ സാന്ത്വനം !
'മാതൃഭൂമി' ബുക്സ് പുറത്തിറക്കിയ ഹുസൈൻ തട്ടത്താഴത്തിൻ്റെ 'നിലാവൊഴുകുന്നു' എന്ന കൃതിയിലൂടെ രണ്ടു തവണ യാത്ര ചെയ്ത ശേഷമാണ് ഞാൻ ഈ കുറിപ്പിടുന്നത്. ഒരേ സമയം വ്യത്യസ്ഥ മേഖലകളിൽ വ്യാപരിക്കുന്നയാളാണ് ഗ്രന്ഥകാരൻ. അതുകൊണ്ടു തന്നെ അനുഭവങ്ങളുടെ പാരാവാരത്തിലൂടെ കൊതുമ്പുവള്ളം തുഴഞ്ഞു പോകുന്ന സാഹസികൻ കൂടിയാണയാൾ. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മന:സാന്നിധ്യമുള്ളതുകൊണ്ട് അനുഭവങ്ങളോട് അടക്കാനാവാത്ത അനുരാഗവുമുണ്ട്. ഓരോ പ്രവാസിയും ഒരേ സമയം ഇരട്ട വ്യക്തിത്വമുള്ള മനുഷ്യരാണ്. നാട്ടിലെ ജീവിതവും പ്രവാസ ജീവിതവും നൂലറ്റ രണ്ടു പട്ടങ്ങളായി വാനിൽ പറന്ന് നടക്കുകയാണ്.
നാട്ടിൽ പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ചിലർക്ക് മിത്രമായും മറ്റുള്ളവർക്ക് 'ശത്രു'വായും മാറുന്ന ഹുസൈൻ തട്ടത്താഴത്ത് മണലാരണ്യത്തിലിരുന്നുകൊണ്ട് എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ 'നിലാവാ'യി തഴുകുന്നത്. ഒരു പച്ചമനുഷ്യൻ്റെ സചേതനമായ അനുഭവമാണ് താളുകളിൽ ഓളം വെട്ടുന്നത്. ഒരു സാഹിത്യകാരനാവണമെന്ന വാശി തീർക്കാൻ ഇറങ്ങിത്തിരിച്ചതല്ല ഈ എഴുത്തുകാരൻ. ഉർവ്വരവും ഊഷരവുമായ അനുഭവങ്ങളുടെ കടൽ നീന്തിക്കയറുന്നവരാരായാലും ഇത്തരമൊരു കൃതി എഴുതിപ്പോകും. താൻ പിന്നിട്ട ബാല്യ കൗമാരങ്ങളിൽ അനുഭവിച്ച ദുരിതകാണ്ഡങ്ങൾ ഒരു വ്യക്തിയുടെ അനുഭവമല്ലാ ഒരു കാലഘട്ടത്തിൻ്റെ ഹൃദയസ്പന്ദനം തന്നെയാണ്. ഉള്ളിൽത്തട്ടിയ അനുഭവങ്ങൾ മണൽക്കാട്ടിലെ ഈന്തപ്പന പോലെ മുളപൊട്ടുമ്പോൾ ഏതൊരാൾക്കും ഉറക്കം നഷ്ടപ്പെടും. അത്തരം രാത്രികളിൽ നിലാവിനെ സാക്ഷിയാക്കി ലളിതമായ ഭാഷയിൽ എഴുതിയ വർത്തമാനമാണ് ഇതിലുള്ളത്. ഒട്ടും കൊട്ടിഗ്ഘോഷിക്കാതെ, നെടുങ്കൻ വാക്കുകൾ തീണ്ടാതെ സാധാരണക്കാരുടെ ഭാഷയാണ്ഈ കുറിപ്പുകളെ സചേതനമാക്കുന്നത്. ജീവിതത്തെ ആദരവോടെ കാണുന്നവരുടെ പക്ഷത്താണ് എന്നും ഗ്രന്ഥകാരൻ.
നാടനായും പരദേശിയായും പകർന്നാട്ടം നടത്തുന്ന മലയാളികളുടെ നാടാണ് കേരളം. ലോകത്തെവിടെയുമുള്ള മനുഷ്യനെ ഒന്നിപ്പിക്കുന്ന വിശ്വ ഭാഷയാണ് ചിരിയും കരച്ചിലും. അത് വിവർത്തനം ചെയ്യേണ്ടതില്ല. പ്രവാസികളുടെ ജീവിതം ആഗോള ഗ്രാമങ്ങളിലാണ് പടർന്ന് പന്തലിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള മനുഷ്യരുമായി സഹവസിക്കുന്നതിനാൽ ഓരോ പ്രവാസിയും വിശ്വപൗരനായി മാറിയിട്ടുണ്ട്. ഉന്നതമായ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം തന്നെ അനുഭവമാണല്ലൊ. കൂടെ താമസിക്കുന്നവൻ്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക് നോക്കുന്ന എഴുത്തുകാരൻ വായിച്ചെടുക്കുന്നത് അപരൻ്റെ ജീവിതമാണ്.
ഒരേ സമയം തന്റെയും സഹജീവികളുടെയും ജീവിതം കാണാൻ കഴിയുന്നതു കൊണ്ടാണ് ഹൃദ്യമായ രീതിയിൽ അത് എഴുതാൻ കഴിയുന്നത്. ഓരോ കുറിപ്പിലും ഓരോ ജീവിതമുണ്ട്. വേറിട്ടതാണ് ഓരോ ജീവിതവും. കുട്ടിക്കാലത്ത് അനുഭവിച്ച പട്ടിണിയും ദാരിദ്ര്യവുമെല്ലാം വർണ്ണപ്പൊലിമയില്ലാതെ തന്നെ ഹുസൈൻ തുറന്നു പറയുന്നുണ്ട്. സാന്ത്വന പ്രവർത്തകനായി മാറുന്ന സന്ദർഭങ്ങളിലും അതിൻ്റെ ക്രഡിറ്റ് സ്വയം ഏറ്റെടുക്കുന്നുമില്ല. അവമതിപ്പും അവഗണനയും ഏറ്റുവാങ്ങുന്നവനായും, നിസ്സഹായനായും, ഇളിഭ്യനായും, വില്ലനായും, സഹജീവി സ്നേഹിയായും ഒക്കെ ഗ്രന്ഥകാരൻ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോ കുറിപ്പുകളേയും ഇഴകീറി പറയുന്നത് വായനാ ഭംഗമുണ്ടാക്കും എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.
അനുഭവങ്ങളുടെ നിലാവിനെക്കുറിച്ചുള്ള ഈ സങ്കീർത്തനം ഓരോ മലയാളിയും വായിക്കണം. പ്രവാസജീവിതത്തിന്റെ വർത്തമാനകാല യാഥാർത്ഥ്യത്തിലും ആ നിലാവ് പരന്ന് ഒഴുകുകയാണ്. ഗൃഹാതുരതയിലും വർത്തമാനകാല യാഥാർത്ഥ്യത്തിലും ഇറങ്ങിനിന്ന് ഒരേ നിലാവുകൊള്ളാൻ വായനക്കാരെ വിളിക്കുകയാണ് ഈ എഴുത്തുകാരനെന്ന് അവതാരികയിൽ പ്രമുഖ കവി പി.രാമനും സാക്ഷ്യപ്പെടുത്തുന്നു.
അക്ഷരജാലകം ബുക്സ് ആൻ്റ് പബ്ലിക്കേഷൻ ചീഫ് എഡിറ്റർ, ഭാരതപ്പുഴ സംരക്ഷണ സമിതി കോ-ഓഡിനേറ്റർ, ലഹരി വിരുദ്ധ സമിതിയുടെ ജില്ല അധ്യക്ഷൻ, അഴിമതി വിരുദ്ധ കൂട്ടായ്മയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഞാങ്ങാട്ടിരി ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി, അഹ്‌ലൻ സ്വെയ്ഹാൻ പ്രസിഡന്റ്, അബുദാബി മലയാളി സമാജം പ്രവർത്തകൻ, ഇമറാത്ത് പട്ടാമ്പി കൂട്ടായ്മ മെമ്പർ, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബു ആദിൽ ഇൻറർനാഷണൽ ഗ്രൂപ്പ് CEO തുടങ്ങിയ രംഗങ്ങളിൽ ഗ്രന്ഥകാരൻ സജീവമാണ്.
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് അവാർഡ്, ലഹരി വിരുദ്ധ പ്രവർത്തന മികവിന് എൻ.പി മന്മഥൻ സ്മാരക സംസ്ഥാന പുരസ്‌കാരം, മദർ തെരേസ പുരസ്കാരം, പ്രകൃതിപക്ഷ നിലപാടുകൾക്ക് കേരള കൗമുദി പുരസ്‌കാരം, സ്പോർട്സ് പ്രമോട്ടർ പുരസ്കാരം തുടങ്ങിയ നിരവധി ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അബൂബക്കർ ഹാജിയും ആമിന ഹജ്ജുമ്മയുമാണ് മാതാപിതാക്കൾ.ഭാര്യ: ഷഹറ ബാനു.
മക്കൾ: ആദിൽ ഹുസൈൻ, ആമിന ഹുസൈൻ, അദ്നാൻ ഹുസൈൻ.
/ ടി.വി.എം അലി /