/ദേശാടനം/ ടി വി എം അലി
പട്ടാമ്പി നഗരഹൃദയത്തിലുള്ള ലോകോത്തര സ്ഥാപനമാണ് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. പെരിന്തൽമണ്ണ റോഡിലും പാലക്കാട് റോഡിലും ഇതിന് രണ്ട് കവാടങ്ങളുണ്ട്. പ്രധാന കവാടം പെരിന്തൽമണ്ണ റോഡിലാണ്. പാലക്കാട് റോഡരികിലാണ് സെയിൽസ് കൗണ്ടർ.
ലോക പ്രശസ്ത സ്ഥാപനമാണെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന പഴമൊഴി പട്ടാമ്പിയിലും കേൾക്കാം.
പാലക്കാട് റോഡിലുള്ള കവാടം വഴിയാണ് വിശാലമായ ഗവേഷണ കേന്ദ്രത്തിലേക്ക് കടന്നത്. തണൽ വിരിച്ച നിരത്തിലൂടെ ചെന്നാൽ വിശാലമായ പരീക്ഷണ പാടം കാണാം. വെള്ളമില്ലാത്ത പാടത്ത് ട്രാക്ടർ പൂട്ടുന്നു. ഉഴുതുമറിച്ച മണ്ണിൽ അന്നം തേടി എത്തിയ വെള്ള കൊറ്റികൾ പാറി നടക്കുന്നു. പാടത്ത് മേട ചൂട് പെയ്തിറങ്ങുമ്പോൾ പൂട്ടു കണ്ടത്തിന് സ്വർണ്ണവർണ്ണം. പ്രധാന കെട്ടിടത്തിൻ്റെ മുന്നിൽ ഏകദിന കിസാൻ മേളയുടെ ബാക്കിപത്രമെന്ന നിലയിൽ അഴിച്ചിട്ട പ്രദർശന സ്റ്റാൾ.
ഇനി കാര്യത്തിലേക്ക് കടക്കാം. 1927ൽ മദ്രാസ് സർക്കാരിൻ്റെ കൃഷി വകുപ്പിന് കീഴിൽ സ്ഥാപിതമായ പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന് ഇപ്പോൾ പ്രായം 95 ആയി.
പാഡി ബ്രീഡിങ്ങ് സ്റ്റേഷൻ എന്നാണ് ആദ്യകാലത്ത് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. 1972ൽ ഈ കേന്ദ്രം കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായി. ഒൻപതര ദശകങ്ങൾ പിന്നിടുമ്പോൾ ആഗോള കാർഷിക ഭൂപടത്തിൽ ഇടം പിടിക്കാനും ലോകോത്തര നേട്ടമുണ്ടാക്കാനും ഈ കേന്ദ്രത്തിനായിട്ടുണ്ട്. ആര്യൻ മുതൽ വൈശാഖ് വരെ 60 ഇനം മുന്തിയ നെൽ വിത്തിനങ്ങൾ ഈ കേന്ദ്രത്തിൻ്റെ സംഭാവനയാണ്. കൂടാതെ പയറു വർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നീ വിളകളിലും മികച്ച ഇനങ്ങളും നൂതന കൃഷിരീതികളും ഈ കേന്ദ്രത്തിൽ നിന്ന് ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.
1968ൽ പുറത്തിറക്കിയ പി.ടി.ബി. 35 (അന്നപൂർണ്ണ) എന്ന നെൽവിത്ത് തെക്കു കിഴക്കൻ ഏഷ്യയിൽ തന്നെ ആദ്യത്തെ അത്യുൽപാദന ശേഷിയുള്ള ചുവന്ന അരിയുള്ള ഉയരം കുറഞ്ഞ നെൽ വിത്തിനമാണ്. നെല്ലിലെ ഗവേഷണ പദ്ധതികൾക്ക് പുറമെ ദേശീയ പയറു വർഗ്ഗ ഗവേഷണ പദ്ധതിയും, ദീർഘകാല പോഷക പരിപാലന ഗവേഷണ പദ്ധതിയും, ദേശീയ വിത്ത് ഗവേഷണ പദ്ധതിയും കേന്ദ്രം ഏറ്റെടുത്ത് നടത്തുന്നുണ്ട്.
2011മുതൽ കൃഷി ശാസ്ത്രത്തിലുള്ള ഡിപ്ലോമ കോഴ്സ് ഈ കേന്ദ്രത്തിൽ നടന്ന് വരുന്നുണ്ട്. കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് വിളകൾ സംരക്ഷിക്കുന്നതിനും, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും റൈസ് മൊബൈൽ ക്ലിനിക്, വിത്ത് പരിശോധന ലബോറട്ടറി, മണ്ണ് - ഇല പരിശോധന സംവിധാനം, ടിഷ്യു കൾച്ചർ ലാബ്, ബയോ കൺട്രോൾ ലാബ്, ജനിതക ശേഖരം ദീർഘകാലം സൂക്ഷിക്കുന്നതിനുള്ള സംവിധാനം, മറ്റു ഗവേഷണ സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രവും ഇവിടെയുണ്ട്.
ഗുണമേന്മയുള്ള വിത്ത്, നടീൽ വസ്തുക്കൾ, ജൈവ കീട - രോഗ നിയന്ത്രണോപാധികൾ എന്നിവ ഉത്പാദിപ്പിച്ച് വിപണന കേന്ദ്രം വഴി കർഷകർക്ക് നൽകുന്നുണ്ട്. നെൽ കൃഷിയുടെ പഴമയും പുതുമയും പരിചയപ്പെടുത്തുന്ന ഒരു റൈസ് മ്യൂസിയവും ഇവിടെയുണ്ട്.
സൂക്ഷ്മ മൂലക വളങ്ങൾ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കി നെല്ല്, വാഴ, പച്ചക്കറികൾ എന്നീ വിളകളിൽ, ഇലകളിൽ തളിച്ച് ഉപയോഗിക്കാവുന്ന വളക്കൂട്ടുകൾ സമ്പൂർണ്ണ എന്ന പേരിൽ കേന്ദ്രം നിർമ്മിച്ചിട്ടുണ്ട്. വാഴയിലും, പച്ചക്കറികളിലും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഗുളിക രൂപത്തിലാണ് ഇവ പുറത്തിറക്കുന്നത്.
വേനൽ കാലത്ത് അനുഭവപ്പെടുന്ന വരൾച്ച പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്ക് എന്നും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ജലസേചനത്തിനാവശ്യമായ ജലസംഭരണി വേണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്ന നിലയിൽ രണ്ട് ഏക്കർ വിസ്തൃതിയുള്ള ഒരു കുളം നിർമ്മിക്കാൻ പദ്ധതി തയ്യാറായിട്ടുണ്ട്. ജലസേചന സൗകര്യം ലഭ്യമായാൽ പുഞ്ചകൃഷി ഉൾപ്പെടെയുളള പരീക്ഷണങ്ങളും ഈ കേന്ദ്രത്തിൽ നടപ്പാക്കാനാവും.
പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പുതിയ നെല്ലിനമായ പി.ടി.ബി 6.5 കെ.എ.യു സുപ്രിയ അത്യുൽപാദന ശേഷിയുള്ള താണ്. കെ.എ.യു സുപ്രിയ ദീർഘകാല മൂപ്പുള്ളതും ഹെക്ടറിന് 6.5–7 വരെ ശരാശരി വിളവ് തരുന്നവയുമാണെന്ന് കാർഷിക ഗവേഷണകേന്ദ്രം പറയുന്നു. ഉയരം കൂടിയ ഓലകളും ഇടതൂർന്ന കതിരുകളും ഉള്ള സുപ്രിയ മുണ്ടകൻ കൃഷിക്കാണ് കൂടുതൽ യോജിക്കുക. ചാഞ്ഞു വീഴാത്തതു കൊണ്ട് യന്ത്രം ഉപയോഗിച്ച് കൊയ്യാനും മെതിക്കാനും ബുദ്ധിമുട്ട് ഉണ്ടാവില്ല. കൂടാതെ, രോഗപ്രതിരോധ ശേഷിയും ഉയർന്ന താപനിലയെയും ജലദൗർലഭ്യതയെയും അതിജീവിക്കാനുള്ള ശേഷിയുമുണ്ട്.
സുപ്രിയയോടൊപ്പം വികസിപ്പിച്ച കെ.എ.യു അക്ഷയ എന്ന ഇനവും സമാനമായ പ്രത്യേകതകൾ ഉള്ളവയാണ്. നിലവിലുള്ള കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ഈ ഇനങ്ങൾക്ക് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
വേനല്‍ കാലത്തേക്ക് പറ്റിയ രണ്ട് പയറിനങ്ങളുടെ പരീക്ഷണവും വിജയകരമായിരുന്നു. കെ.ബി.സി 4, പി.ജി.സി.പി 23 എന്നിവയാണ് കർഷകരെ കാത്തിരിക്കുന്ന പയർ ഇനങ്ങൾ. വേനല്‍ക്കാലത്തേക്ക് പറ്റിയ ഇവ 55-60 ദിവസം കൊണ്ട് വിളവെടുക്കാം. ആദ്യ വിളക്ക് ശേഷവും രണ്ടാം വിളക്ക് ശേഷവും ഇവ കൃഷിയോഗ്യമാണ്. പച്ചയായും വിത്തായും ഇവ ഭക്ഷ്യയോഗ്യമാണ്. കുറ്റിപ്പയര്‍ ഇനത്തില്‍പ്പെടുന്നവയാണ് ഇവ. നെല്‍കൃഷിക്കായി വയലില്‍ ഇട്ട ഫോസ്ഫറസ് പൂര്‍ണമായും നെല്ല് വലിച്ചെടുക്കാതെ മണ്ണില്‍ തന്നെ കിടക്കുന്നുണ്ടാവും. ഈ ഫോസ്ഫറസ് വലിച്ചെടുത്ത് പയര്‍ മണിയിലൂടെ തിരിച്ച് ലഭിക്കുന്ന പ്രതിഭാസം ഇതിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. മണ്ണിൻ്റെ ഘടന തിരിച്ചെടുക്കാന്‍ പയര്‍ കൃഷിയിലൂടെ കഴിയും. ഇതിന്റെ തണ്ടും ഇലയുമൊക്കെ ജൈവ വളമായും ഉപയോഗിക്കാം. ഈ ജൈവ വളം മണ്ണിന് ഗുണകരമാണ്. ഇതിലൂടെ ജൈവ അണുക്കളേയും തിരിച്ചെടുക്കാനാവും.
രണ്ട് പ്രളയത്തെ തുടര്‍ന്ന് മണ്ണിന്റെ ഘടനക്ക് മാറ്റം വന്നിട്ടുണ്ട്. ഇത് തിരിച്ച് പിടിക്കാനും പയര്‍ കൃഷിയിലൂടെ കഴിയും. അതുപോലെ തന്നെ ഗുണകരമായ ഒന്നാണ് മുതിര കൃഷി. ഇതിന്റെ വിത്തെടുത്ത ശേഷം ഇവയുടെ തൊണ്ട് പശുക്കള്‍ക്കും മറ്റും നല്‍കാവുന്ന ഉത്തമ ഭക്ഷണമാണ്.
വിപണന കേന്ദ്രത്തിൽ ദിനേന നൂറുകണക്കിന് കർഷകരും മറ്റുള്ളവരും തൈകളും വിത്തുകളും വാങ്ങാൻ എത്തുന്നുണ്ട്. അത്യുൽപ്പാദന ശേഷിയുള്ള തൈകളാണ് വിപണിയിലുള്ളത്.
ലോകോത്തര സ്ഥാപനമാണെങ്കിലും ജനങ്ങളിലേക്ക് ആണ്ടിറങ്ങാൻ ഈ കേന്ദ്രത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന വിമർശനമാണ് പുറത്തുള്ള മിക്കവരും പങ്കുവെച്ചത്. പഴയ പ്രതാപം ഇപ്പോഴില്ലെന്നും അവിടെ നടക്കുന്നതൊന്നും ഭൂരിഭാഗം കർഷകരും അറിയുന്നില്ലെന്നും പരിസരത്തുള്ളവർ പരിതപിച്ചതും കേൾക്കാനിടയായി.
വർഷങ്ങൾക്ക് മുമ്പ് കാണപ്പെട്ടിരുന്ന സജീവത ഇപ്പോഴില്ലെന്ന വിമർശനത്തിൽ കഴമ്പുണ്ട്. ആരോഹണത്തിന് ശേഷം അവരോഹണവും അനിവാര്യമാണല്ലൊ!