Friday, 5 November 2021

കത്തി തീർന്ന ഓല ചൂട്ടുകൾ

ഒന്നര നൂറ്റാണ്ടു കാലം സന്ദേശങ്ങൾ കൈമാറാൻ നാം ആശ്രയിച്ചിരുന്ന ടെലഗ്രാം സംവിധാനം വിടവാങ്ങിയപ്പോൾ എഴുതിയ കുറിപ്പാണിത്.

ഇനി കമ്പിയില്ലാ കാലം. ടെലി ടൈപ്പ്റൈറ്ററുടെ ടിക് ടിക്ഹൃദയമിടിപ്പ് എൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും മായുമെന്ന് കരുതുന്നില്ല. 

ഒരു ദശകത്തിലേറെ കാലം ഞാൻ ടെലിഗ്രാം മെസഞ്ചർ ആയും സേവനം നടത്തിയിരുന്നു. 1982- 93 കാലത്തിൻ്റെ ഓർമ്മകൾക്ക് നിറം പകരുന്നത് ടെലഗ്രാം സന്ദേശങ്ങളിൽ അടങ്ങിയ പുഞ്ചിരിയും കണ്ണീരും ആയിരുന്നു. 

അന്ന് എൻ്റെ ഗ്രാമത്തിൽ ലാൻഡ് ഫോണുകൾ അപൂർവ്വമായിരുന്നു. ഞാങ്ങാട്ടിരി തപാൽ ഓഫീസിൽ പബ്ലിക് കാൾ സൗകര്യം ഉണ്ടായിരുന്നു. ടെലിഗ്രാഫ് ഓഫീസ് പ്രവർത്തിച്ചിരുന്നത് പട്ടാമ്പി തപാൽ ഓഫീസിലായിരുന്നു 

രാവിലെ തപാൽ ഉരുപ്പടികളുമായി പുറപ്പെടുന്ന ഞാൻ വൈകുന്നേരം ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ വീട്ടിലെത്തി മിച്ചമുള്ള തപാൽ ഉരുപ്പടികൾ ഏൽപ്പിക്കുകയാണ് പതിവ്. അന്നേരം പോസ്റ്റ് മാസ്റ്റർ കുഞ്ഞുണ്ണിമാഷ് ഫോണോഗ്രാമായി എത്തിയ ടെലിഗ്രാം സന്ദേശങ്ങൾ വിതരണത്തിനായി വീണ്ടും എന്നെ ഏൽപ്പിക്കും. മിക്കതും അടിയന്തിര സ്വഭാവമുള്ള സന്ദേശങ്ങളായതിനാൽ രാത്രിയെന്നോ പെരുമഴയെന്നോ നോക്കാതെ ഞാൻ വീണ്ടും ഓടും. 

നാലോ അഞ്ചോ കിലോമീറ്റർ അകലെയുള്ള വിലാസക്കാരൻ്റെ വീട്ടിലേക്കുള്ള യാത്രകൾ പലപ്പോഴും സംഭവബഹുലമാണ്. ചാക്കുരുത്തി കുന്നിലേക്കും, ചെമ്മാൻക്കുന്നിലേക്കും താന്നിക്കുന്നിലേക്കും കുറ്റ്യാനിക്കാട്ടിലേക്കും, കോഴിക്കാട്ടിരി പാലത്തിലേക്കും, പഴയ കടവത്തേക്കും അമ്പലവട്ടത്തേക്കും അരഞ്ഞിപറമ്പിലേക്കും കവളപ്പാറയിലേക്കും മറ്റും നീളുന്ന യാത്രകൾ എങ്ങനെ മറക്കാനാവും. 

കൂരാക്കൂരിരുട്ട് വീണുറങ്ങുന്ന കുണ്ടനിടവഴികളിലൂടെ, വിഷ സർപ്പങ്ങളും പേനായ്ക്കളും വിഹരിക്കുന്ന നാട്ടുപാതയിലൂടെ, ദയാവായ്പോടെ ആരെങ്കിലും നൽകുന്ന ഓലചൂട്ടും മിന്നിച്ച് മരണദൂതനായി ഓടുന്ന മെസഞ്ചറുടെ സേവനം ഒരു ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. 

മധുവിധു തീരും മുമ്പ് അവധി റദ്ദാക്കിയ സന്ദേശം ലഭിച്ച് അതിർത്തിയിലേക്ക് മടങ്ങുന്ന സൈനികനും, ഗൾഫിലുള്ള മകൻ അപകടത്തിൽ മരണപ്പെട്ട വിവരം അറിയിക്കാൻ കഴിയാതെ വിഷമിക്കുന്ന മെസഞ്ചറും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങളാണ്. തിരിഞ്ഞുനോക്കുമ്പോൾ കാതിൽ മുഴങ്ങുന്നതിൽ ഏറെയും നിലവിളികളാണ്. സങ്കടപേമാരിയാണ്.

സന്തോഷ സന്ദേശങ്ങൾ ഏറെയുണ്ടെങ്കിലും അവ ഓർമ്മകളെ ഉണർത്തുന്നില്ല എന്നുകൂടി പറയട്ടെ. ഇടിയും മിന്നലും തുലാമഴയും കാലൻ കുടയും ഓലച്ചൂട്ടും പഞ്ചറായ സൈക്കിളും പിന്നെ നെടുവീർപ്പുകളും നെട്ടോട്ടവും എല്ലാം എന്നും ഓർമ്മകളെ ഉണർത്തുമെന്ന് ഉറപ്പാണ്. പുതിയ തലമുറയ്ക്ക് ഓർത്തുവെയ്ക്കാൻ ഒരിക്കലും ഉണ്ടാവില്ല ഇത്തരം ഓലച്ചൂട്ടുകൾ. ദീപ്തമായ ഓർമ്മകൾ സമ്മാനിച്ച ടെലിഗ്രാഫ് വകുപ്പിനും ടെലഗ്രാം സന്ദേശങ്ങൾക്കും നന്ദി.

Tuesday, 2 November 2021

അവതാരിക

കഥയും കഥയില്ലായ്മയും കുറെ വളപ്പൊട്ടുകളും...


പ്രമുഖ ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറും അതിലുപരി എന്റെ സുഹൃത്തുമായ ഡോ.രാജൻ ചുങ്കത്താണ് സുരയ്യ യൂസഫ് എന്ന വീട്ടമ്മയുടെ 27 ചെറുകഥകൾ വായിക്കുന്നതിനും ഒരവതാരിക എഴുതുന്നതിനും വേണ്ടി എന്നെ ഏല്പിച്ചത്.

സർഗാത്മകമായ ഒരന്തരീക്ഷത്തിലിരുന്നു കൊണ്ടു മാത്രമേ ഇത്തരം പ്രവൃത്തി വൃത്തിയായി ചെയ്യാൻ കഴിയുകയുള്ളുവെന്ന് എനിക്കറിയാം. ഉഷ്ണതരംഗവും സൂര്യാതപവും നിറഞ്ഞു നിൽക്കുന്നതിനു പുറമെ പൊതു തെരഞ്ഞെടുപ്പിന്റെ ആരവം കൂടി വന്നതോടെ മനസിലെ സർഗാത്മകത മുഴുവൻ വറ്റിവരണ്ടു പോയിരുന്നു. 

മനസ്സിരുത്തി വായിക്കാനും കഥയുടെ രസ ചരടിനു പിറകെ ചെന്ന് വിഹായസിൽ പാറി പറക്കുന്ന പട്ടത്തിന്റെ നർത്തനം കാണാനും ദിവസങ്ങളോളം ഞാൻ ശ്രമിച്ചു. 

സുരയ്യ യൂസഫിന്റെ ആദ്യ കഥാ ഗ്രന്ഥമാണിത്. കഥയും കഥയില്ലായ്മയും എന്നാണ് കൃതിയുടെ പേര്. 1970ൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനിക്കുകയും, പന്തിരുകുല പെരുമ ചൂടിയ തൃത്താല നിളാതീരത്ത് മരുമകളായി എത്തുകയും ചെയ്ത സുരയ്യ, കഥ എഴുതി തുടങ്ങിയത് ഭർതൃസമേതം സൗദി അറേബ്യയിൽ പ്രവാസ ജീവിതം തുടങ്ങിയ ശേഷമാണ്. ഭർത്താവിന്റെ ബിസിനസിൽ സഹായിക്കുന്നതോടൊപ്പം നല്ലൊരു വീട്ടമ്മയായി കഴിയുകയും മക്കളെ പ്രസവിക്കുകയും അവരെ വളർത്തി വലുതാക്കുകയും ചെയ്യുക എന്ന മഹത്തായ കർത്തവ്യത്തിനിടയിലാണ് സുരയ്യ കഥയെഴുത്ത് തുടങ്ങുന്നത്. 

കുയിൽ പാടുന്നതു പോലെ, മയിൽ നൃത്തമാടുന്നതു പോലെ, റോസാപ്പൂ വിടരുന്നതുപോലെ, അമ്മ പ്രസവിക്കുന്നതു പോലെ തന്നെയാണ് ഓരോ കഥയും വാർന്നു വീഴുന്നത്. പഴയ മുത്തശ്ശി കഥകളിൽ നിന്നാണല്ലൊ ചെറുകഥയുടെ പിറവി. പത്തൊമ്പൊതാം ശതകത്തിന്റെ ആദ്യദശകങ്ങളിലാണ് പാശ്ചാത്യ ഭാഷകളിൽ ചെറുകഥ വളർച്ച പ്രാപിച്ചത്. അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച ഈ സാഹിത്യരൂപം മുമ്പു നിലനിന്നിരുന്ന കഥാരൂപങ്ങളിൽ നിന്നു വിഭിന്നമായി വായനക്കാരനിൽ ജിജ്ഞാസയുണർത്തി. ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമായി ചെറുകഥ വളർന്നു. 

ഗദ്യത്തിലുള്ള കല്പിതകഥ (Fiction)യുടെ ഒരു ഉപ വിഭാഗമാണ് ചെറുകഥ എന്നു പറയാം. കേസരി ബാലകൃഷ്ണപ്പിള്ള നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് :

"ജീവിതത്തിലെ ഒരു സംഭവത്തിന്റെയോ, രംഗത്തിന്റെയോ, ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ഒരു ചിത്രമാണ് ചെറുകഥ. ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. നോവലിലേതു പോലെ കാര്യങ്ങൾ പരത്തി പറയുന്നതിനു പകരം സംഗ്രഹിച്ചു പറയുന്നതാണ് ചെറുകഥ.   എന്താണ് ചെറുകഥ എന്നും അത് എങ്ങിനെ എഴുതണമെന്നും കൃത്യമായി നിര്‍വചിക്കുവാന്‍ ആരും തയ്യാറായിട്ടില്ല. ഒറ്റയിരുപ്പില്‍ വായിക്കാവുന്നതാവണം എന്നു വേണമെങ്കിൽ നിർവചിക്കാമെന്നു മാത്രം. നിങ്ങൾക്ക് തോന്നും പടി എഴുതുക എന്നും ചിലർ പറഞ്ഞു വെച്ചിട്ടുണ്ട്. ആദ്യകാല മലയാള ചെറുകഥകളെ നിരൂപണം ചെയ്തവരുടെ നിഗമനമനുസരിച്ച് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ വാസനാവികൃതിയും സി.എസ്. ഗോപാലപ്പണിക്കരുടെ ഒരു മുതലനായാട്ടും മറ്റും ചെറുകഥയുടെ പരിധിയിലല്ല ഉൾപ്പെടുത്തിയത്. സംഭവകഥകളുടെ ചേരിയിലാണ് ആ കഥകളെ പ്രതിഷ്ഠിച്ചത്. സംഭാഷണ ബഹുലമായ പദ്യം കഴിഞ്ഞാല്‍ ഭാരതീയ ഭാഷകളില്‍ ഉണ്ടായിരുന്ന സാഹിത്യരൂപം നാടകമായിരുന്നു. 

കുറച്ചു പൊടിപ്പും തൊങ്ങലും ചാർത്തിയ സംഭവ കഥകളും നാടകത്തിനോട് അടുത്തു നില്‍ക്കുന്ന കഥകളും വിളഞ്ഞു നിന്നൊരു കാലം പിന്നിട്ടാണ് ചെറുകഥ എന്ന് നാം ഇന്നു മനസ്സിലാക്കുന്ന കഥാരൂപം തുടങ്ങുന്നത്. മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാടില്‍ നിന്നാണ് അത്തരം കഥകളുടെ തുടക്കമെന്ന് നിരൂപകർ രേഖപ്പെടുത്തിയിട്ടുണ്ട്. ശരിയായ അര്‍ത്ഥത്തിലുള്ള മലയാള ഗദ്യകഥകളുടെ പിതൃസ്ഥാനമാണ് അദ്ദേഹത്തിന് നിരൂപകർ ചാർത്തി കൊടുത്തത്.

ആധുനിക ചെറുകഥയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്റോണ്‍ ചെക്കോവ് റഷ്യയുടെ സാഹിത്യ നഭസിൽ തിളങ്ങി നില്‍ക്കുമ്പോഴാണ് ആദ്യത്തെ മലയാള കഥയെന്ന് കണ്ടെത്തിയ വാസനാവികൃതി (1891) പുറത്തുവരുന്നത്. 

മലയാള കഥയുടെ തുടക്ക കാലത്തുതന്നെയാണ് മോപ്പസാങ്ങിനെപ്പോലെ അമ്പരപ്പിക്കുന്ന പരിണാമ ഗുപ്തിയുള്ള കഥകളെഴുതിയിരുന്ന അമേരിക്കയിലെ ചെറുകഥാകൃത്ത്   ഒ.ഹെന്റിയും ജീവിച്ചിരുന്നത്. അതുപോലെ ചെറുകഥയെ നവീകരിച്ച ജെയിംസ് ജോയ്‌സിന്റെ പ്രസിദ്ധമായ ചെറുകഥാസമാഹാരം ‘ദി ഡബ്ലിനേഴ്സ്’ എന്ന കൃതിയും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നമ്മുടെ ഭാഷയിലെ ചെറുകഥാ പ്രസ്ഥാനത്തിനു ഇന്നും വളരെ ചെറുപ്പമാണ്. മലയാള ചെറുകഥ പ്രായപൂര്‍ത്തിയായത് തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍‘ (1935) എന്ന കഥയ്ക്കു ശേഷമാണെന്ന് പറയപ്പെടുന്നു. 

സുരയ്യയുടെ കഥകളിലൂടെ കടന്നുപോയപ്പോഴാണ്  ഇത്തരത്തിൽ ചില നഖചിത്രങ്ങൾ തെളിഞ്ഞു വന്നത് എന്നു പറയട്ടെ. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും, നേരിട്ടനുഭവിച്ച കഥാസന്ദർഭങ്ങളുമാണ് സുരയ്യയുടെ കഥയില്ലായ്മകൾക്ക് കഥാ ചാരുത നൽകുന്നത്. ഞാനും ഒരെഴുത്തുകാരിയാണ് എന്ന് പറഞ്ഞ് ഒരു പത്രാസിനു വേണ്ടി സുരയ്യ കഥ എഴുതുന്നില്ല. ഉള്ളിൽ നിന്ന് ഉറവയെടുത്ത് പുറത്തുചാടുന്ന കഥാബീജങ്ങളാണ് ഓരോ കഥകളേയും യൗവ്വന യുക്തയാക്കുന്നത്.

1970കളിൽ മലയാളിയുടെ പ്രവാസ വാഴ്വിന് തുടക്കം കുറിച്ചതു മുതൽ, തിരിച്ചുവരവിന്റെ വർത്തമാനകാല തിക്താനുഭവങ്ങൾ വരെയുള്ള കാലഘട്ടത്തിന്റെ സ്പന്ദനം ഈ കഥകളിൽ കാണാം. വളരെ ലളിതമായും സ്വതസിന്ധമായും കഥ പറയാൻ സുരയ്യക്ക് കഴിയുമെന്നതിന് തെളിവാണ് ഈ കൃതി. ഓരോ കഥകളേയും കീറി മുറിച്ച് അപഗ്രഥിക്കുക എന്ന സാഹസത്തിനു മുതിരുന്നില്ല. കാരണം ഓരോ കഥയും വിടരുന്നത് വായനക്കാരുടെ മനസിലാണ്. ആ ഉദ്യമം വായനക്കാർക്ക് വിട്ടുനൽകുന്നു. സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഈ കഥകൾ കൈരളിക്ക് സമർപ്പിക്കുന്നത്. മലയാള കഥാസാഹിത്യ രംഗത്ത് കഥാകാരിക്ക് ഒരിടം ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്, അഭിമാനപൂർവ്വം ഈ പുസ്തകം വായനക്കാർക്ക് സമർപ്പിക്കുന്നു.      

/www.kathalayam.blogspot.com/