Tuesday, 13 April 2021

കൊത്തിവെച്ച ശിലകൾക്കും പറയാനുണ്ട് ഒത്തിരി കവിതകൾ.


കോളേജ് അധ്യാപികയായ പൂജ ഗീതയുടെ 'കൊത്തിവെച്ച ശിലകൾക്കും പറയാനുണ്ട്' എന്ന കവിതാ സമാഹാരത്തിലൂടെ കടന്നുപോയപ്പോൾ മനസിലേക്ക് ഒഴുകിയെത്തിയ ചില രസബിന്ദുക്കളാണ് ഇവിടെ പ്രതിപാദിക്കുന്നത്.


സ്നേഹത്തിൻ്റേയും വിരഹത്തിൻ്റേയും വെറുപ്പിൻ്റേയും വീർപ്പുമുട്ടലുകളിൽ നിന്ന് ഉരുവമെടുത്ത കുറുംകവിതകളാണ് മിക്കതും. പുരുഷ കേന്ദ്രീകൃത സമൂഹത്തിൻ്റെ പീഡനങ്ങൾ അനുഭവിച്ചിട്ടും പ്രതികരിക്കാനാവാതെ പോയവളുടേയും പ്രതികരിച്ചതിനാൽ പ്രാണൻ പോയവളുടേയും ഒക്കെ വിലാപങ്ങൾ വരികൾക്കിടയിൽ മുഴങ്ങുന്നുണ്ട്.


സ്ത്രീ എത്ര ഉന്നത സാമൂഹ്യ പദവിയിൽ എത്തിയാലും അവളെ വെറും പെണ്ണെന്ന് മുദ്രകുത്തുന്ന സമൂഹം അവളുടെ വാക്കുകൾക്ക് വില കല്പിക്കുമോ എന്ന പ്രസക്തമായ സംശയവും കവയത്രിക്കുണ്ട്.

സ്ത്രീ എന്നത് കേവലം ആസ്വാദനത്തിനുള്ള ഒരു ഉപകരണമെന്ന ചിന്തയിൽ നിന്ന് സമൂഹം മാറണമെന്നും അവളുടെ മനോഭാവങ്ങളേയും മനോവികാരങ്ങളേയും മനസ്സിലാക്കാൻ പക്വമായ ഒരു പുതു സമൂഹത്തെ സൃഷ്ടിച്ചെടുക്കണമെന്നും കവയത്രി ആഗ്രഹിക്കുന്നു. 


സ്ത്രീപക്ഷ ചിന്തയിൽ നിന്നാണ് എല്ലാ കവിതയും ഉരുവായതെന്ന് പറയാൻ വയ്യ. സ്ഥിരം ഫെമിനിസ്റ്റ് കെട്ടുകാഴ്ചകളുടെ ഘോഷയാത്രകൾ ഒട്ടുമില്ല. പ്രതികരിക്കാൻ വാളിനേക്കാൾ നല്ലത് എഴുത്താണെന്ന പക്ഷക്കാരിയാണ് പൂജ ഗീത.

ആത്മതൃപ്തമായ ഒരനുഷ്ഠാനം പോലെ പിറന്നു വീണതാണ് ഇതിലെ കവിതകളെന്ന് അവതാരികയിൽ ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാമൂഹ്യ ജീവിതത്തിൽ നിന്ന് ലഭിച്ച തീവ്ര നൊമ്പരങ്ങളുടെ അടരുകളാണ് നുറുങ്ങു കവിതകളായി ഇവിടെ ജീവൻ വെക്കുന്നത്.

അമ്പത് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഇതിനെ കവിതയെന്നോ കലഹമെന്നോ പേരിട്ടു വിളിച്ചാലും കുഴപ്പമില്ല. 


ഉപഭോഗം

കുറയുന്തോറും

മനസിൽ നിന്നടർത്തുന്ന

ഇതളാണ് ഭാര്യയെന്നും, 

മനസിൽ നിന്നടർത്തിയാലും

മായാത്ത

മാസ്മരമാണ് കാമുകിയെന്നും

പൂജ ഗീത ഇതിൽ നിരീക്ഷിക്കുന്നു. 


ഞാൻ മരിച്ചാലും

ഓർമ്മയ്ക്കായ്

എൻ വേരുകൾ

നിന്നോട് ലയിച്ചിരിക്കുമെന്ന് ലയനം എന്ന കവിതയിൽ കാണാം.


അടക്കിപ്പിടിച്ച

വികാരങ്ങൾ

വേദനകൾ

നൊമ്പരങ്ങൾ

പ്രകടിപ്പിക്കാനാണോ

അഗ്നിപർവ്വതം നിലകൊള്ളുന്നത്?

എന്ന ചോദ്യമാണ് ഉള്ളടക്കത്തിലുള്ളത്.


തെളിഞ്ഞാൽ

വറ്റിച്ചും

ഒളിഞ്ഞാൽ

പറ്റിച്ചും

വെള്ളം

വറ്റിക്കുന്ന മോട്ടോറാണ് സൂര്യൻ എന്ന നിരീക്ഷണവും കേമം.


എന്നിലും

നിന്നിലും

മാത്രമായ്

ഒതുങ്ങി തീരുന്നതാണ്

പ്രണയമെന്നും, 

മതേതര അടുക്കളയിൽ

പുരുഷ വ്യഞ്ജനങ്ങൾക്കിടയിൽ

പ്രതികരിക്കുന്ന

ഏക സ്ത്രീയാണ് കടുകെന്നും,

മനോവികാരത്തെ 

ജ്വലിപ്പിക്കാനും

മനസ്സിൻ കാർമേഘത്തെ

ശമിപ്പിക്കാനുള്ള

ഉപാധിയാണ് ഉള്ളിയെന്നും 

പൂജ ഗീത ഇതിൽ പറയുന്നു.


പ്രകടനാത്മകതയോ പ്രകമ്പനങ്ങളോ സൃഷ്ടിക്കാതെ പതിഞ്ഞ താളത്തിൽ ഒഴുകുന്ന അരുവിയാണ് ഇതിലെ കവിതകൾ. ഇടയ്ക്ക് തടയണകളിൽ തട്ടുന്നതിൻ്റെ ജലമർമ്മരം കേൾക്കാമെങ്കിലും അതിന് പെരുമ്പറയുടെ മുഴക്കമില്ല. പുല്ലാങ്കുഴലിൻ്റെ തേങ്ങലാണ് കേൾക്കുന്നത്.  സ്ത്രീ അനുഭവങ്ങളെ കലർപ്പില്ലാതെ അവതരിപ്പിക്കുന്ന കവിതകളാണ് കൊത്തിവെച്ച ശിലകൾക്കും പറയാനുള്ളത്. മധ്യവർഗ മലയാളി ജീവിതത്തെയാണ് ഗീതയുടെ കവിതകൾ അഭിസംബോധന ചെയ്യുന്നതെന്ന് പഠന കുറിപ്പിൽ ഡോ.എസ്.ഗോപു പറയുന്നു.


മലപ്പുറം മേലാറ്റൂരിൽ ഹരിഹരൻ- കമലാവതി ദമ്പതികളുടെ മകളായി ജനിച്ച പൂജ ഗീത, പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ നിന്നാണ് സംസ്കൃത സാഹിത്യത്തിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയത്. മലയാള കവിതകൾ തമിഴിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 

പട്ടാമ്പി ഗവ.സംസ്കൃത കോളേജിലും, മലപ്പുറം ഗവ.കോളേജിലും അധ്യാപികയായിരുന്നു. ഇപ്പോൾ ചിറ്റൂർ ഗവ.കോളേജിൽ അസി.പ്രൊഫസറാണ്. 

കവിതകൾ ആനുകാലികങ്ങളിലും ലേഖനങ്ങൾ റിസർച്ച് ജേർണലുകളിലും പ്രസിദ്ധീകരിക്കാറുണ്ട്. കലിക്കറ്റ് സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള പബ്ലിക് സർവീസ് കമ്മീഷൻ വിഷയ വിദഗ്ദ എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നു. പൂർണ പബ്ലിക്കേഷൻസാണ് പ്രസാധകർ.


~~~ ടി.വി.എം അലി ~~~

No comments: