Thursday, 16 July 2020

കവാടം അടയുന്നു.

റെയിൽവേയുടെ പക പോക്കൽ വീണ്ടും.

പട്ടാമ്പി ബസ്റ്റാൻ്റിനു സമീപം പടിഞ്ഞാറെ കമാനത്തിൽ നടന്നു കൊണ്ടിരുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണം റെയിൽവേ അധികൃതർ പൊളിച്ചു നീക്കി. ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിലാണ് വാർപ്പ് പൊളിക്കൽ നടക്കുന്നത്. റെയിൽവേയുടെ സ്ഥലത്ത്  അനധികൃത നിർമ്മാണം നടത്തുകയാണെന്ന് കാണിച്ച് ആർ.പി.എഫ് കേസെടുത്തതിനു പിറകെയാണ് പൊളിച്ചുനീക്കൽ.

നിലവിൽ ഓവുചാലായി കിടക്കുന്ന കമാന വഴി സഞ്ചാരയോഗ്യമാക്കാൻ നിരവധി തവണ നിവേദനം നൽകിയിട്ടും റെയിൽവേ അവഗണിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി നാട്ടുകാർ കാൽനടയായും ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമായി ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. പട്ടാമ്പി -ഗുരുവായൂർ റോഡ് ജങ്ഷണിലും പാലക്കാട് റോഡിലും ഗതാഗത കുരുക്ക് മുറുകുമ്പോൾ ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും ഈ വഴിയാണ് മേലെ പട്ടാമ്പി ഭാഗത്തേക്ക് എത്തിപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് പാലക്കാട് റോഡിലെ റെയിൽവെ കമാനം പൊളിച്ചുപണിയുമ്പോൾ പടിഞ്ഞാറെ കമാനം വഴി ചെറുവാഹനങ്ങൾക്ക് റെയിൽവെ യാത്രാ സൗകര്യം ഒരുക്കിയിരുന്നു. രണ്ടര മീറ്റർ വീതിയിൽ മുപ്പത് മീറ്റർ നീളത്തിലുള്ള പാതയിൽ 20 മീറ്റർ കോൺക്രീറ്റ് പണി ഇതിനകം നാട്ടുകാരുടെ ശ്രമദാനത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി ഭാഗത്ത് ഗ്രിൽ വർക്കും കഴിഞ്ഞതാണ്. പണി നടക്കുന്ന വേളയിൽ തന്നെ പണി നിർത്തിവെക്കാനും കോൺക്രീറ്റ് ചെയ്തത് പൊളിച്ചുനീക്കാനും റെയിൽവെ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അത് അനുസരിക്കാതിരുന്നതിനാലാണ്  റെയിൽവേയുടെ നടപടി. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ ക്രമസമാധാന പാലനത്തിന് പട്ടാമ്പി പോലീസും സ്ഥലത്തുണ്ടായിരുന്നു.

ഷൊർണൂർ - മംഗലാപുരം റെയിൽപ്പാത പട്ടാമ്പി ടൗണിനെ രണ്ടാക്കി മുറിച്ചു കൊണ്ട്  കടന്നു പോകുന്നതിനാൽ റെയിൽപ്പാതയുടേയും ഭാരതപ്പുഴയുടേയും ഇടയിൽപ്പെട്ട ടൗണിൻ്റെ പാതിയെ കൂട്ടി ചേർത്തു നിർത്തിയിരുന്ന ചെറുകവാടമാണ് പടിഞ്ഞാറെ കമാനം. പട്ടാമ്പിയിൽ അണ്ടർ ബ്രിഡ്ജ് പണിയുമ്പോൾ പ്രഥമ പരിഗണന നൽകാവുന്ന വഴിയാണിത്. ഇടുങ്ങിയ കമാന പാത വികസിപ്പിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് സ്റ്റാന്റിന് പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ ലൈനിന് അടിയിലൂടെ അടിപാത നിർമിക്കാനുള്ള പദ്ധതികൾ ആലോചിച്ചത്‌. മുൻകാലങ്ങളിലെ എം.എൽ.എമാരും, എം.പി മാരും, തദ്ദേശഭരണസാരഥികളും  അടിപാത നിർമ്മാണമെന്ന ആവശ്യവുമായി റെയിൽവേയെ പലതവണ സമീപിക്കുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് അണ്ടർ ബ്രിഡ്ജ് നിർമിക്കാൻ റെയിൽവേ തീരുമാനിച്ചതായിരുന്നു. ഉന്നത റെയിൽവേ അധികാരികൾ സ്ഥലപരിശോധന നടത്തുകയും മൂന്നര കോടി രൂപ കെട്ടിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു മുമ്പ് ബസ്റ്റാൻ്റിനേയും താലൂക്ക് ആശുപത്രിയേയും ബന്ധിപ്പിക്കാൻ കാൽനട മേൽപ്പാലം പണിയാനുള്ള നിർദ്ദേശവും നാട്ടുകാർ ഉന്നയിച്ചിരുന്നു. അതിന് തുക നൽകാൻ നഗരസഭയും എം.പി, എം.എൽ.എമാരും തയ്യാറായിരുന്നു. എന്നാൽ ഇത്തരം വികസന കാര്യങ്ങളിൽ റയിൽവേയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടാവത്തിനാൽ അടിപാതയെന്ന സ്വപ്നം നീണ്ടുപോകുകയാണ്. പല തവണ ജനപ്രതിനിധികളും റെയിൽവേ ഉന്നത ഉദ്ദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ജനങ്ങൾക്കു വേണ്ടിയാണ് റെയിൽവേ നിലകൊള്ളുന്നത് എന്ന വിശ്വാസം കളഞ്ഞു കുളിക്കുകയാണ് അധികൃതർ ചെയ്തത്. പഴയ ബസ്റ്റാൻ്റിൽ പുതിയ വ്യാപാര സമുച്ചയം പണിയാൻ നഗരസഭക്ക് കഴിയാത്തത് റെയിൽവേയുടെ മർക്കടമുഷ്ടി മൂലമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. താലൂക്ക് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്ന സമയത്തും റെയിൽവേയുടെ അനുമതി നീണ്ടുപോയിരുന്നു. കോവിഡിൻ്റെ പേരിൽ പ്ലാറ്റ്ഫോമിലെ വഴി അടച്ചു കെട്ടിയതിനു പിറകെയാണ് ഇപ്പോൾ പടിഞ്ഞാറെ കമാനത്തിൽ നാട്ടുകാർ നടത്തിയ നവീകരണം പോലും നശിപ്പിച്ചത്.

പട്ടാമ്പി - പാലക്കാട് റോഡിനുമീതെ പുനർനിർമാണം നടത്തിയ പ്രധാന ഓവർ ബ്രിഡ്ജ് രണ്ടായി പകുത്ത് നിർമിച്ചതും റെയിൽപ്പാളത്തിലെ മാലിന്യമെല്ലാം യാത്രക്കാരുടെ ശിരസിൽ തള്ളാനിടയാക്കിയതും പട്ടാമ്പിയോടുള്ള റെയിൽ അധികൃതരുടെ പക പോക്കലാണെന്ന് നാട്ടുകാർ കരുതുന്നുണ്ട്.  ഒരു വ്യക്തിയുടെ പരാതിയുടെ പേരിലാണ് പടിഞ്ഞാറെ കമാന പാത പൊളിക്കുന്ന റെയിൽവേയുടെ നടപടിയെന്നാണ് അറിയുന്നതെന്നും ഇതിനെതിരെ നഗരസഭ കോടതിയെ സമീപിക്കുമെന്നും  ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു.

Tuesday, 7 July 2020

മാന്നനൂരിലെ ഉരുക്ക് തടയണ:



പുഴ വഴി മാറി ഒഴുകുന്നു.

പാലക്കാട് ജില്ലയിലെ മാന്നനൂരിനേയും തൃശൂർ ജില്ലയിലെ പൈങ്കുളത്തേയും ബന്ധിപ്പിച്ചു കൊണ്ട് ഭാരതപ്പുഴയിൽ അഞ്ച് വർഷം മുമ്പ് നിർമിച്ച ഉരുക്ക് തടയണക്ക് ഇനിയും അരിക് ഭിത്തിയായില്ല.

2018ലെ ആദ്യ പ്രളയത്തിൽ തകർന്ന ഉരുക്കുതടയണയുടെ സംരക്ഷണ ഭിത്തിനിർമാണം ഇതുവരെ തുടങ്ങുകപോലും ചെയ്തിട്ടില്ല.
മഴ കനത്തതോടെ തകർന്ന സംരക്ഷണ ഭിത്തിയുടെ വശത്തുകൂടിയാണ് പുഴ വഴി മാറി ഒഴുകുന്നത്.
തീവ്രമഴ പെയ്താൽ ഈ പ്രദേശം വീണ്ടും വെള്ളത്തിലാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

ജലവിഭവ വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് ഉരുക്കു തടയണ കെട്ടിയത്. ഭാരതപ്പുഴയിൽ നിർമിച്ച കേരളത്തിലെ ആദ്യ ഉരുക്കുതടയണയാണിത്. കുടിവെള്ള ലഭ്യതക്കും കാർഷിക ജലസേചനത്തിനും ഏറെ സഹായകരമായ പദ്ധതി എന്ന നിലയിൽ ജനമനസ്സിൽ ഇടം പിടിച്ച തടയണ ഇപ്പോൾ നാടിൻ്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്. പുഴയോരത്തെ നെൽപാടം മുഴുവൻ പ്രളയം കവർന്നെടുത്തതിനു പുറമെ റെയിൽ പാതയ്ക്കും മാന്നനൂർ റെയിൽവേ സ്റ്റേഷനും തടയണ ഭീഷണിയാവുകയാണ്. ഇനിയൊരു പ്രളയ പ്രവാഹമുണ്ടായാൽ പുഴ പൂർണ്ണമായും ഗതി മാറി ഒഴുകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

രണ്ടു വർഷം മുമ്പ് പ്രളയത്തിൽ 200 മീറ്റർ നീളത്തിലും 500 മീറ്ററോളം വീതിയിലും തടയണയുടെ വലതുഭാഗത്ത് ഭിത്തി ഇടിഞ്ഞുപോയിരുന്നു. 2019ലും വെള്ളപ്പൊക്കമുണ്ടായി ഭാരതപ്പുഴ മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ വരെയെത്തിയിരുന്നു.
റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം ഇടിയുന്ന സ്ഥിതിയുമുണ്ടായി. തുടർന്ന് ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് സംരക്ഷണഭിത്തി നിർമാണത്തിനായി പദ്ധതിരേഖയും സമർപ്പിച്ചു. രണ്ടരക്കോടി രൂപയുടെ പദ്ധതിരേഖയാണ് സമർപ്പിച്ചത്.

എന്നാൽ, പിന്നീട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കാതാവുകയായിരുന്നു. തടയണയുടെ പുനർനിർമാണത്തിന്റെ സാങ്കേതിക നടപടികളുടെ ചുമതല ജലസേചനവകുപ്പിലെ ഡിസൈൻ റിസർച്ച് ഇൻവെസ്റ്റിഗേഷൻ വിഭാഗം (ഐ.ഡി.ആർ.ബി) ചീഫ് എൻജിനീയർക്ക്‌ നൽകിയിരുന്നു. ദുരന്തനിവാരണത്തിൻ്റെ പേരിൽ ഭാരതപ്പുഴയുടെ മണൽ കോരി വിൽക്കാൻ കാണിക്കുന്ന തിടുക്കം പുഴയുടെ നിലനിൽപ്പിന് പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കേരള ഇറിഗേഷൻ ആൻ്റ്  ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ബോർഡ് കോർപ്പറേഷൻ മുഖേന നിർമാണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇനിയും വെള്ളപ്പൊക്കമുണ്ടായാൽ റെയിൽ ഗതാഗതത്തിനും ഏക്കറുകണക്കിന്‌ നെൽക്കൃഷിക്കും ഭീഷണിയാവും എന്ന ആശങ്കയിലാണ് കർഷക സമൂഹവും നാട്ടുകാരും.
                       

ആധുനിക ഗുരുക്കന്മാരും കോവിഡ് കാലവും




കോവിഡ് വ്യാപന കാലത്ത് രണ്ടു തവണകളായി നടത്തിയ എസ്.എസ്.എൽ.സി.പരീക്ഷയുടെ റിസൽറ്റ് പുറത്തു വന്നപ്പോൾ വിജയശതമാനത്തിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്.
4,22,902 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ
4,17,101 കുട്ടികൾ തുടർ പഠനയോഗ്യത നേടി. വിജയം 98.82 ശതമാനം.
അടുത്ത വർഷം ഇത് നൂറിൽ എത്തിയേക്കാം.

കോവിഡ് കാലത്തുണ്ടായ ഉയർന്ന വിജയശതമാനവും, എ.പ്ലസിലുണ്ടായ കുതിച്ചു ചാട്ടവും പരിഗണിക്കുമ്പോൾ തുടർപഠനമെന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് രക്ഷിതാക്കളും കുട്ടികളും ഉറക്കെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നത് ഏതൊരു രക്ഷിതാവിന്റെയും സ്വപ്‌നമാണല്ലൊ.
അതിനിടയിലാണ് സംസ്ഥാനത്തെ കോളേജുകളിൽ നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ ആരംഭിക്കാൻ വിദഗ്ദ സമിതി സർക്കാരിന് റിപ്പോർട് നൽകിയത്. മൂന്ന് വിഷയങ്ങൾക്ക് തുല്യപരിഗണനയുള്ള ട്രിപ്ൾ മെയിൻ ബിരുദ കോഴ്സുകൾ തുടങ്ങണമെന്നും റിപ്പോർടിലുണ്ട്. പ്രധാന വിഷയത്തിൽ മേജർ ഡിഗ്രിക്ക് പുറമെ വിദ്യാർത്ഥിക്ക് താൽപര്യമുള്ള വിഷയത്തിൽ മൈനർ ഡിഗ്രി കൂടി സമ്പാദിക്കുന്ന രീതി നടപ്പാക്കണമെന്നും എം.ജി.സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് അധ്യക്ഷനായ വിദഗ്ദ സമിതി നിർദ്ദേശിക്കുന്നു. ഏതായാലും സർക്കാർ റിപ്പോർട് പഠിക്കട്ടെ.

പഠിക്കുന്നത് വിജ്ഞാനമുണ്ടാക്കാനാണ്. അതോടൊപ്പം സമൂഹത്തിൻ്റെ അംഗീകാരവും, മികച്ച ജോലിയും ധന സമ്പാദനവും നേടുകയും വേണം.
ഇവയെല്ലാം നേടിയെടുത്തവരിലും തികഞ്ഞ അരക്ഷിതാവസ്ഥയും,
അശാന്തിയും, സുരക്ഷിത ബോധമില്ലായ്‌മയും തെളിഞ്ഞു കാണുമ്പോൾ ഈ നേട്ടം കൊണ്ട് എന്തു കാര്യം എന്ന് ചോദിക്കേണ്ടി വരും.

പ്രൈമറി വിദ്യാർത്ഥികൾ മുതൽ പലരും ലഹരിയുടെ മായിക വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട് എന്നത് വലിയൊരു ദുരന്ത ചിത്രമാണ്.  ചതിക്കുഴികളിൽ വീഴ്ത്താൻ ചുറ്റിലും നിഗൂഢസംഘങ്ങളും പ്രവർത്തിക്കുന്നുമുണ്ട്. ഒരു തലമുറ തകർന്നു തരിപ്പണമാവുന്നത് കാണാൻ ആരെല്ലാമോ ആഗ്രഹിക്കുന്നുവെന്ന് സാരം.
കെട്ട കൂട്ടുകെട്ടിൽ അകപ്പെട്ടു പോയവർ ഒറ്റപ്പെട്ട നിലയിൽ പൊതു സമൂഹത്തിൽ ബഹിഷ്കൃതരായി മാറുകയാണ് പതിവ്.

കേരളത്തിൽ സ്റ്റേറ്റു സിലബസ്സു പ്രകാരം പത്താം തരം വരെ എല്ലാവരേയും ജയിപ്പിക്കുന്ന ഏർപ്പാട് കാലങ്ങളായി നടന്നു വരുന്നു. ഇപ്പോൾ പത്തിലും പൊത്തോന്ന് വീഴുന്നവരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നുവെന്ന് സാരം. 
ഇങ്ങനെ എല്ലാവരും ജയിക്കുന്ന തരത്തിൽ പരീക്ഷ നടത്തുന്നതെന്തിനാണ് എന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. കോവിഡ് വ്യാപന കാലത്ത് പരീക്ഷ തന്നെ വേണ്ടന്ന് വെക്കേണ്ടി വരുന്ന സ്ഥിതിയും സംജാതമായിരുന്നുവല്ലൊ.

പത്താം തരത്തില്‍ തോറ്റതിൻ്റെ പേരിൽ നടക്കുന്ന ആത്മഹത്യ കുറഞ്ഞിട്ടുണ്ടെന്നത് നേരാണ്. വേണമെങ്കിൽ അതൊരു നേട്ടമായി കരുതാമെന്ന് മാത്രം. പക്ഷേ കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്തതിൻ്റെ പേരിലാണല്ലൊ ഈയിടെ ആത്മഹത്യ നടന്നത്. ഇനി ടിക് ടോക് നിരോധനത്തിൻ്റെ പേരിലും ആത്മഹത്യ നടക്കില്ലെന്നാര് കണ്ടു?

എഴുത്തും വായനയും കണക്കും അറിയാത്തവരും ഇന്നും സുഖ സൗഭാഗ്യങ്ങളോടെ ജീവിക്കുന്നുണ്ട്.
നമ്മുടെ പൂര്‍വ്വീകരിൽ മിക്കവർക്കും പ്രാഥമിക വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നുവെങ്കിലും പല കാര്യങ്ങളിലും അവർ നമ്മേക്കാൾ അഗ്രഗണ്യന്മാരും, അതി ബുദ്ധിമാന്മാരും ആയിരുന്നുവല്ലൊ! 
അതേ സമയം ആംഗലേയ മീഡിയത്തില്‍ പഠിച്ച ഇന്നത്തെ പല കുട്ടികള്‍ക്കും കാര്യ പ്രാപ്‌തിയും തന്റേടവും കുറവായി കാണുന്നുണ്ടെന്ന് പല രക്ഷിതാക്കളും സ്വന്തം ബോധ്യത്തിൽ നിന്ന് സമ്മതിക്കാറുണ്ട്.
ചില വിഷയങ്ങളില്‍ ചിലർക്ക് അറിവുണ്ടാകുമെങ്കിലും പല ഇന്റര്‍വ്യുകളിലും, ജീവിതത്തില്‍ അഭിമുഖികരിക്കേണ്ട പല പ്രധാന പ്രശ്നങ്ങളിലും അവർ പരാജയപ്പെടുന്നുണ്ടെന്നാണ് രക്ഷിതാക്കൾ തിരിച്ചറിയുന്നത്. 

കുട്ടികള്‍ക്ക്‌ പരാജയ ബോധം സൃഷ്ടിക്കാതെ വിജയം കാഴ്‌ച വെയ്‌ക്കുന്ന പാഠ്യപദ്ധതി നല്ലതാണ്‌. എന്നാല്‍ പത്താം തരം വരെ എത്തിക്കാതെ അതിനു മുമ്പു തന്നെ ചിലരെ അഭിരുചിക്കനുസരിച്ച് വഴിതിരിച്ചു വിടാവുന്നതാണ്‌ എന്ന് വിദഗ്ദർ നിർദ്ദേശിക്കുന്നുണ്ട്. ടെക്ക്‌നിക്കലായി അഭിരുചിയുള്ളവരെ നേരത്തെ തന്നെ കണ്ടു പിടിച്ച്‌ ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂളിലേക്കോ, ചിത്രരചനയില്‍ വാസനയുള്ളവരെ ചിത്ര രചന പാഠശാലയിലേക്കോ വിടാമെന്നർത്ഥം.
ജ്ഞാനം, നന്മ, ക്ഷമ, പക്വത, വ്യക്തിത്വ വികസനം, പരസ്‌പര ധാരണ, പരോപകാര ശീലം, മുതിര്‍ന്നവരെയും സഹജീവികളേയും മറ്റും സ്‌നേഹിക്കുക, ബഹുമാനിക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടവയുണ്ട്. 
അവ ഒന്നും തന്നെ മിക്കവരും നേടിയിട്ടില്ല.

പണ്ടത്തെ ഗുരുകുല സമ്പ്രദായത്തില്‍ കൊച്ചു കൊച്ചു കഥകളിലൂടെയായിരുന്നു കുട്ടികള്‍ക്ക്‌ വിദ്യ പകര്‍ന്നു കൊടുത്തിരുന്നത്‌. അതാതു കാലങ്ങളില്‍ അതാതു വിദ്യാര്‍ത്ഥികള്‍ക്ക്‌ അവര്‍ക്ക്‌ ആവശ്യമുള്ള വിദ്യകള്‍ ഗുരുക്കന്മാര്‍ പകര്‍ന്നു നല്‍കുകയായിരുന്നു. അന്നത്തെ ഗുരുക്കന്മാര്‍ക്ക്‌ അനുഭവ സമ്പത്ത്‌ ധാരാളം ഉണ്ടായിരുന്നു. അന്ധകാരം അകറ്റുന്നവനായിരുന്നു ഗുരു. പണ്ടത്തെ ഗുരുക്കന്മാര്‍ അവരവരുടെ പക്കലുള്ള അറിവ്‌ പകര്‍ന്നു കഴിഞ്ഞാല്‍ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന പഠനത്തിനായി മറ്റു ഗുരുക്കന്മാരുടെ അടുക്കലേക്ക്‌ പറഞ്ഞയക്കും. ആയോധന കലകളടക്കം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, ജ്യോതി- ജോതിഷ ശാസ്‌ത്രം തുടങ്ങീ എല്ലാം തന്നെ അങ്ങിനെയായിരുന്നു അഭ്യസിച്ചിരുന്നത്‌.
ശാസ്‌ത്രശാഖയിൽ അറിവ്‌ സായിപ്പിന്റെ മാത്രമല്ല, ഭാരതീയന്റേയും പങ്കുണ്ട്‌.
പൂജ്യം കണ്ടുപിടിച്ച്‌ കോടാനു കോടികളുടെ ക്രിയകള്‍ കമ്പ്യൂട്ടര്‍ സഹായം കൂടാതെ തന്നെ പെട്ടെന്ന്‌ ഗണിച്ച്‌ എടുക്കാവുന്ന വിദ്യകള്‍ വരെ ഭാരതീയര്‍ വളരെ മുമ്പുതന്നെ കണ്ടു പിടിച്ചിട്ടുണ്ട്‌.
പക്ഷേ മൂല്യച്യുതി നിറഞ്ഞ വർത്തമാനകാലത്ത് സ്വന്തം സംസ്കാരവും ചരിത്രവും വിസ്മരിക്കപ്പെടുകയാണ്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്ഷര കേരളം വളരെയേറെ മുന്നിലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ ലൈബ്രറിയും, ആധുനിക ശുചിമുറികളും, സ്കൂൾ റേഡിയോയും സ്കൂൾ സിനിമയുമെല്ലാം വന്നതോടെ  പഴയ പള്ളിക്കൂടങ്ങളുടെ മുഖച്ഛായ തന്നെ മാറി.
പണ്ട് പള്ളിക്കൂടങ്ങളിൽ മൂത്രപ്പുരയോ കുടിവെള്ളമോ കാറ്റടിച്ചാൽ വീഴാത്ത കെട്ടിടമോ വിരളമായിരുന്നുവെന്ന് നമുക്കറിയാം.

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷാ ഫലങ്ങളിൽ ഓരോ വർഷവും വൻ കുതിപ്പുണ്ടാവുന്നുണ്ടെങ്കിലും വിജയശതമാനം ഉയരുന്നതിന് അനുസൃതമായി കുട്ടികളുടെ പ്രായോഗിക നിലവാരം ഉയരുന്നില്ലെന്നത് വസ്തുതയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർക്ക് പോലും ഇംഗ്ലീഷിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ കഴിയുന്നില്ല. വാണിജ്യ ബാങ്കിലോ തപാൽ ഓഫീസിലോ ചെന്നാൽ ഒരു ചലാൻ ഫോറമോ മണിയോർഡർ ഫോറമോ പൂരിപ്പിക്കാനറിയാതെ കുട്ടികൾ ഇരുട്ടിൽ തപ്പുന്നത് പതിവ് കാഴ്ചയാണ്. മാതൃഭാഷയിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കേണ്ടി വന്നാലും സ്ഥിതി ഇതുതന്നെയാണ്. പതിനഞ്ച് വർഷത്തിലേറെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവിടുന്ന ഒരു വിദ്യാർത്ഥിക്ക് പ്രാഥമിക കാര്യങ്ങളിൽ അറിവില്ലെന്ന് വരുന്നത് നീതീകരിക്കാൻ കഴിയില്ല. ആൾ പ്രമോഷൻ സമ്പ്രദായം വന്നതിനു ശേഷമാണ് ഇത്തരം ദുരവസ്ഥ ഉണ്ടായതെന്ന് ആക്ഷേപമുണ്ട്. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടി പഠിച്ചാലും ഇല്ലേലും ലിഫ്റ്റിൽ കയറിയ പോലെ പത്തിലോ പന്ത്രണ്ടിലോ ചെന്നു വീഴുകയാണ്. ക്ലാസിൽ ഹാജർ പറയുന്നവരെല്ലാം ഉപരി പഠന യോഗ്യത നേടിയവരായി മാറുന്നു. അതു കൊണ്ടു തന്നെ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ചോദ്യാവലിക്ക് മുന്നിൽ കുട്ടികൾ അന്തം വിടുന്ന കാഴ്ചയും കാണേണ്ടി വരുന്നു.
പരീക്ഷാ ഫലങ്ങളുടെ വിജയശതമാന കുതിപ്പിനെപ്പറ്റി ഊറ്റം കൊള്ളുമ്പോൾ ബോധന നിലവാര തകർച്ചയെ കുറിച്ച് സഗൗരവം ചിന്തിക്കേണ്ടതുണ്ട്.

കോവിഡ് വ്യാപന ഭീതി മൂലം വിദ്യാലയങ്ങൾ തുറക്കാനാവാത്ത പ്രത്യേക സാഹചര്യത്തിൽ ഇപ്പോൾ ഓൺലൈൻ പഠനത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണല്ലൊ. ഒട്ടനവധി പരിമിതികളും പരാധീനതകളും മാനസിക സംഘർഷങ്ങളും ഓൺലൈൻ പഠനത്തിൻ്റെ സ്വീകാര്യതക്ക് തടസ്സമാവുന്നുണ്ട്.
സാങ്കേതിക പ്രതിസന്ധികൾ പരിഹരിക്കപ്പെടാതെ ഇതിന് മുന്നേറാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പുതിയൊരു ബോധന രീതിയും പരീക്ഷിക്കപ്പെടേണ്ടതുണ്ട്.

വിദൂരങ്ങളിൽ ഇരുന്നു കൊണ്ട് തൻ്റെ മുന്നിലുള്ള കുട്ടികളെ മാത്രമല്ലാ രക്ഷിതാക്കളേയും പൊതു സമൂഹത്തേയും പഠിപ്പിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവുമാണ് ഓൺലൈൻ ഗുരുക്കന്മാർ ഏറ്റെടുക്കേണ്ടി വരുന്നത്. വിശാലമായ സമൂഹ വിദ്യാലയത്തിൽ ഭിന്ന രുചിക്കാരായ വിദ്യാർത്ഥികളോടും വിഭിന്ന ചിന്തകളും പ്രായഭേദങ്ങളുമുള്ള രക്ഷിതാക്കളോടും ഒരേ സമയം സംവദിക്കുന്ന ആധുനിക ഗുരുക്കന്മാരുടെ നല്ല കാലമാണ് കോവിഡ് കാലത്ത് കാണാൻ കഴിയുന്നത്. അതേ സമയം പഴയ ക്ലാസ് മുറിയിലെ വിരസമായ അധ്യാപനം തന്നെ ഓൺലൈനിലും പിന്തുടരാൻ ശ്രമിച്ചാൽ കുട്ടികൾ ഓഫ് ലൈനിലേക്ക് മാറും. കോവിഡ് കാലത്ത് പഴയ ഗുരുകുല സമ്പ്രദായവും ഏകാധ്യാപക വിദ്യാലയവും തിരിച്ചെത്തുകയാണ്. സമൂഹത്തിൻ്റെ ഭിന്ന രുചി മനസിലാക്കുന്നതിനുള്ള അതീന്ദ്രിയ ജ്ഞാനം ആധുനിക ഗുരുക്കന്മാർക്ക് അനിവാര്യമാണ്. അവർക്ക് മാത്രമേ കോവിഡ് കാലത്ത് വഴി കാട്ടാൻ കഴിയൂ.
                           ******